What horror the face of fascism creates! They carry out their plans with knife -– Like precision Nothing matters to them. To them, blood equals medals, Slaughter is an act of heroism… How hard it is to sing when I must sing of horror. Horror which I am living, Horror which I am dying. (ഫാസിസത്തിന്റെ മുഖം എത്ര ഭീതിജനകം! കത്തികൊണ്ട് കൃത്യമായ് അവർ പരിപാടി നടത്തുന്നു കാര്യമല്ലവർക്കൊന്നും രക്തമെന്നാൽ അവർക്കു മെഡലുകൾ കശാപ്പു വീരകൃത്യം പാടാനെത്ര കഠിനം മഹാഭയത്തിന്റെ ഗാനം ഞാൻ ജീവിക്കുന്ന മഹാഭയം |
ചിലിയൻ ജനത ഏറെ സ്നേഹിച്ചിരുന്ന കവിയും സംഗീതജ്ഞനും ഗായകനുമായ വിപ്ലവകാരി വിക്ടർ ഹാറ സെപ്റ്റംബർ 11 ലെ അട്ടിമറിയെത്തുടർന്ന് ജയിലിലടയ്ക്കപ്പെട്ട വേളയിൽ എഴുതിയ കവിതയിലെ ചില വരികളാണിത്.
2001 സെപ്തബർ 11 ന് ന്യൂയോർക്കിലെ ലോക വ്യാപാര കേന്ദ്രത്തിന്റെ ഇരട്ട മന്ദിരങ്ങൾ ഭീകരർ തകർത്തപ്പോൾ 28 വർഷം മുൻപുനടന്ന മറ്റൊരു സെപ്തംബർ 11 ന്റെ ഓർമപ്പെടുത്തലായിരുന്നു അത്. അമേരിക്കക്കാർ ഭീകരാക്രമണത്തെത്തുടർന്ന് കാണാതായ തങ്ങളുടെ മക്കളെ, മാതാപിതാക്കളെ, സഹോദരങ്ങളെ, ഉറ്റ സുഹൃത്തുക്കളെ തേടി നിലവിളികളോടെ അലഞ്ഞപ്പോൾ തൊട്ടപ്പുറത്ത് തെക്കേ അമേരിക്കയിലെ ചിലിയിലെ ജനത 28 വർഷം മുമ്പ് തങ്ങൾ നേരിട്ട മഹാവിപത്തിനെക്കുറിച്ച് വിതുമ്പലോടെ ഓർക്കുകയായിരുന്നു. ജനക്ഷേമത്തിന്റെ പുത്തൻ വഴിത്താരതുറന്ന അലന്ദെയുടെ ഭരണത്തെ, സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പരിവർത്തനം സാധ്യമാക്കാനുള്ള ആ പരീക്ഷണത്തെ തകർക്കുന്നതിനുവേണ്ടി സാമ്രാജ്യത്വം പിന്നിൽനിന്നു നടത്തിയ നീചമായ സൈനിക അട്ടിമറി; തുടർന്ന് ആയിരക്കണക്കിന് മനുഷ്യരെ കൊലപ്പെടുത്തിയ 1973 സെപ്തംബർ 11 – അതൊക്കെയാണ് ചിലിയൻ ജനത അന്ന് ഓർത്തത്.
ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് ഏതെങ്കിലുമൊരു സൈനിക മേധാവിയുടെ തലയിൽ ഉദിച്ച ആശയം നടപ്പിലാക്കിയതിനെത്തുടർന്ന് സംഭവിച്ചതല്ല, ആ സെപ്തംബർ 11. ലാറ്റിനമേരിക്കൻ ഭൂപ്രദേശത്ത് കമ്യൂണിസത്തിന്റെയും സോഷ്യലിസത്തിന്റെയും നാമ്പുകൾ മുളപൊട്ടാതിരിക്കാൻ രണ്ടാം ലോക യുദ്ധാനന്തര കാലത്താകെ അമേരിക്കൻ സാമ്രാജ്യത്വം കണ്ണിലെണ്ണയൊഴിച്ചിരിക്കുകയായിരുന്നു.എന്നിട്ടും അതേ അമേരിക്കയുടെ മൂക്കിനുതാഴെ കൊച്ചു ക്യൂബയിൽ ഫിദലിന്റെയും ചെയുടെയും വിപ്ലവ നേതൃത്വത്തിൽ അമേരിക്കയുടെ ചാവേറായ ഫുൾ ജാൻസേ–്യാ ബാത്തിസ്തയുടെ ഏകാധിപത്യപരമായ ഭരണം അട്ടിമറിക്കുകയും സോഷ്യലിസം ലക്ഷ്യമാണെന്ന് പ്രഖ്യാപിച്ച ഒരു ഭരണം നിലവിൽ വരികയും ചെയ്തു. അതിനെ ശൈശവാവസ്ഥയിൽ തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിച്ച അമേരിക്ക ഇപ്പോൾ 64 വർഷം പിന്നിടുമ്പോഴും ആ നീക്കം തുടരുകയാണ്. കൂടാതെ ജനാധിപത്യപരമായ തിരഞ്ഞെടുപ്പുകളിലൂടെ കമ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഭരണനേതൃത്വത്തിൽ എത്തുന്നത് തടയാനും സാധ്യമായ എല്ലാ നടപടികളും അമേരിക്കൻ നേതൃത്വത്തിൽ സാമ്രാജ്യത്വം കൈക്കൊള്ളുന്നുണ്ട്.
എന്നാൽ അമേരിക്കൻ ഭരണകൂടത്തിന്റെയും മൂലധന ശക്തികളുടെയാകെയും നീക്കങ്ങളെ പൊളിച്ചു കൊണ്ടാണ് ചിലിയിൽ അലന്ദെ 1970ൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയത്. അന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻട്രി കിസിങ്ങർ അതു സംബന്ധിച്ച അവരുടെ അഭിപ്രായം യാതൊരു മറയുമില്ലാതെ ഇങ്ങനെ വ്യക്തമാക്കിയിട്ടുണ്ട്; ‘‘ചിലിയിലെ ജനങ്ങൾ മുൻകരുതലോ ദീർഘവീക്ഷണമോ കൂടാതെ കമ്യൂണിസ്റ്റുകാരെ തിരഞ്ഞെടുത്താൽ ഞങ്ങൾക്ക് അത് കയ്യുംകെട്ടി നോക്കിനിൽക്കാനാവില്ലല്ലോ’’. പ്രസിഡന്റ് നിക്സന്റെ നിലപാടിനെക്കുറിച്ച് സെനറ്റർ ഫ്രാങ്ക് ചർച്ച് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു – ‘‘വിയറ്റ്നാമിന്റെ പശ്ചാത്തലത്തിൽ ഇനിയും എനിക്ക് മറ്റൊരിടത്തേക്കുകൂടി സൈന്യത്തെ അയക്കാൻ കഴിയില്ല; അതുകൊണ്ട് ഞാൻ ചിലിയിലേക്ക് സിഐഎയെ അയക്കും’’. അതെ, അങ്ങനെയാണ് 1973 സെപ്തംബർ 11 സംഭവിച്ചത്. ചിലിയിൽ നടന്ന കൂട്ടക്കൊലകൾക്ക് ഉത്തരവാദികൾ റിച്ചാർഡ് നിക്സനും കിസിങ്ങറും ഉൾപ്പെടുന്ന അമേരിക്കൻ ഭരണകൂടമാണെന്നർഥം. മഹാഗായകൻ വിക്ടർ ഹാറയെയും കമ്യൂണിസ്റ്റുകാരനായ വിശ്വ മഹാകവി പാബ്ലോ നെരൂദയെയുമെല്ലാം പീഡിപ്പിച്ചും വിഷപദാർഥം ഉപയോഗിച്ചും വധിച്ചത് അമേരിക്കൻ ഭരണകൂടം അണിയറയിൽ നിന്നു നടത്തിയ കരുനീക്കങ്ങളിലൂടെയാണ്.
സെെനിക അട്ടിമറിയിലേക്ക്
1920 കൾ മുതൽ ചിലിയിലെ സൈന്യം പൊതുവിൽ രാഷ്ട്രീയത്തിൽനിന്ന് വിട്ടുനിൽക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. എന്നാൽ സൈനികോദ്യോഗസ്ഥരിൽ ചിലർ ഗവൺമെന്റ് പദവികൾ (മന്ത്രിമാരായും മറ്റും) സ്വീകരിക്കുകയും ചെയ്തിരുന്നു. ഓഫീസർമാരുൾപ്പെടെ ചിലിയൻ സേന അഭിമുഖീകരിച്ചിരുന്ന ഒരു പ്രശ്നം കഷ്ടിച്ച് ജീവിച്ചുപോകാൻ വേണ്ടുന്ന കുറഞ്ഞ ശമ്പളമാണ് ലഭിച്ചിരുന്നത് എന്നതാണ്. അവരുടെ വിശ്രമ – വിനോദ വേളകൾ അവർ ക്ലബ്ബുകളിലും മറ്റുമായി ചെലവഴിച്ചിരുന്നു. അവിടെയവർക്ക് മറ്റു സൈനികോദ്യോഗസ്ഥരുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. മാത്രമല്ല, ചിലിയൻ സേനയിലെ പല ഉദ്യോഗസ്ഥരും തങ്ങളുടെ സഹപ്രവർത്തകരുടെ സഹോദരിമാരുമായോ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ പെൺമക്കളുമായോ വിവാഹബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിലൂടെ സൈനികോദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദത്തിനപ്പുറം വിപുലമായ ഒരു ബന്ധുവലയം സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇത് ചിലിയൻ സെെന്യത്തിനുള്ളിൽ അസാധാരണമായ ഒരു സാഹചര്യം സൃഷ്ടിച്ചു. ഏറെക്കുറെ നാല്പത് വർഷത്തിനുശേഷം 1969ൽ ആദ്യമായി ചിലിയൻ സൈന്യത്തിൽ ഒരു കലാപമുണ്ടായി. അത് പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്തു. പക്ഷേ, അതൊരു അട്ടിമറി നീക്കമായിരുന്നില്ല. ഭരണത്തിലുണ്ടായിരുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ സെെനികരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കാൻ ഒന്നും ചെയ്യുന്നില്ലെന്ന അസംതൃപ്തിയിൽ നിന്നുടലെടുത്ത പ്രതിഷേധം മാത്രമായിരുന്നു.
1960 കളിൽ ലാറ്റിനമേരിക്കയിൽ അമേരിക്കൻ പിന്തുണയോടെ സൈനിക അട്ടിമറികളുടെ ഒരു വേലിയേറ്റം തന്നെ നടന്നിരുന്നു; ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയുംകുറിച്ച് വാതോരാതെ പറയാറുള്ള അമേരിക്ക തന്നെയാണ് ഈ അട്ടിമറികൾക്കു പിന്നിലെന്ന് ഓർക്കണം – 1964ൽ ബ്രസീലിലും 1966ൽ അർജന്റീനയിലും 1968ൽ പെറുവിലും 1969ൽ ബൊളീവിയയിലും സിവിലിയൻ ഗവൺമെന്റുകൾ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു; ഒടുവിൽ 1973 ജൂണിൽ ഉറുഗേ–്വയിലും. ചിലിയിലെ സൈനികരുടെ സാമ്പത്തികാവസ്ഥയ്ക്കൊപ്പം അയൽരാജ്യങ്ങളിൽ സൈന്യം നേരിട്ട് ഭരണം നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടായതും ചിലിയിലെ സൈനികരിൽ അട്ടിമറിക്കനുകൂലമായ മാനസികാവസ്ഥ സൃഷ്ടിച്ചു. മാത്രമല്ല, ഉന്നത സൈനികോദ്യോഗസ്ഥരിൽ ഗണ്യമായൊരു വിഭാഗം അമേരിക്കയിലെ ലാറ്റിനമേരിക്കയ്ക്കായുള്ള സൈനിക സ്കൂളിൽ വിദ്യാഭ്യാസം നേടിയവരും വിവിധ സൈനിക സഹകരണ – പരിപാടികളിലൂടെ അമേരിക്ക പ്രചരിപ്പിക്കുന്ന കമ്യൂണിസ്റ്റുവിരുദ്ധ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽപെട്ടവരുമായിരുന്നു. ഇപ്പോഴും പല ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ഈ സ്ഥിതി നിലനിൽക്കുന്നുണ്ട്.
1973 സെപ്തംബർ 11നു മുൻപ്, അതിന്റെ ഡ്രസ് റിഹേഴ്സൽ പോലെ ഒരട്ടിമറി ശ്രമം നടന്നിരുന്നു, 1973 ജൂൺ 29ന്. കേണൽ റോബർട്ടൊ സൂപ്പർ അയാളുടെ ടാങ്ക് റെജിമെന്റുമായി പ്രസിഡന്റിന്റെ ആസ്ഥാനമായ മൊണേഡ കൊട്ടാരം വളഞ്ഞു; എന്നാൽ ടാങ്കെ–്വറ്റാസൊ (ടാങ്ക് കലാപം) എന്നറിയപ്പെടുന്ന ആ നീക്കത്തിലൂടെ അലന്ദെ ഗവൺമെന്റിനെ അട്ടിമറിക്കാൻ കഴിഞ്ഞില്ല. 1973 ആഗസ്തിൽ ചേംബർ ഓഫ് ഡെപ്യൂട്ടിസിൽ ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ നാഷണൽ പാർട്ടിക്കൊപ്പം കൈകോർത്ത് പാസാക്കിയ പ്രമേയത്തിൽ പ്രസിഡന്റ് അലന്ദെയോട് രാജിവച്ചൊഴിയാനാവശ്യപ്പെട്ടു. അലന്ദെ അതിനു തയ്യാറായില്ലെങ്കിൽ ഭരണഘടനാ വ്യവസ്ഥകൾ പാലിക്കാനായി സൈന്യം ഇടപെടണമെന്നും പ്രമേയം വ്യക്തമാക്കി. അതിലൂടെ സൈനിക അട്ടിമറിക്ക് കച്ചമുറുക്കുന്നവർക്ക് പാർലമെന്ററി ഭൂരിപക്ഷത്തിന്റെ പിന്തുണ ഉറപ്പാക്കുകയായിരുന്നു.
ആഗസ്ത് 9ന് സൈനിക മേധാവിയായിരുന്ന ജനറൽ കാർലോസ് പ്രാറ്റ്സിനെ പ്രതിരോധ മന്ത്രിയായി അലന്ദെ നിയമിച്ചു. ഭരണം സൈന്യം പിടിച്ചെടുക്കുന്നതിനെ ശക്തമായി എതിർത്തിരുന്ന സൈന്യാധിപനായിരുന്നു ജനറൽ പ്രാറ്റ്സ്. എന്നാൽ ആഗസ്ത് 24ന് അദ്ദേഹത്തിന് പ്രതിരോധമന്ത്രി സ്ഥാനത്തിനൊപ്പം സൈനിക മേധാവി എന്ന സ്ഥാനംകൂടി രാജിവെക്കേണ്ടതായി വന്നു. അദ്ദേഹത്തിന്റെ ജനറൽമാരുടെ ഭാര്യമാർ ഒത്തുകൂടി അദ്ദേഹത്തിന്റെ വസതിയിൽ എത്തി പരസ്യമായി പ്രതിഷേധം സംഘടിപ്പിച്ചതിനെത്തുടർന്നായിരുന്നു രാജി. അന്നുതന്നെ സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫായി ജനറൽ അഗസ്റ്റൊ പിനോഷെ നിയോഗിക്കപ്പെട്ടു. ജനറൽ പ്രാറ്റ്സിനെക്കൊണ്ട് നിർബന്ധിച്ച് രാജിവെയ്പിച്ചത് ഈ നിയമനത്തിനു വേണ്ടിയുള്ള വഴിയൊരുക്കാനായിരുന്നുവെന്ന് പിൽക്കാല സംഭവങ്ങൾ തെളിയിക്കുന്നു. 1970 ഒക്ടോബറിൽ ചിലിയിൽ അന്ന് സെെനിക മേധാവിയായിരുന്ന ജനറൽ റെനെ ഷെെൻഡിയർ ദാരുണമായി വധിക്കപ്പെട്ടതുമുതൽ തുടങ്ങിയതാണ് ഒരു സിഐഎ അനുകൂലിയെ സെെന്യത്തിന്റെ തലപ്പത്തു കൊണ്ടുവരുന്ന പദ്ധതികൾ.
അലന്ദെ രാജിവെക്കുകയോ പട്ടാളം ഇടപെടുകയോ ചെയ്യണമെന്ന പാർലമെന്ററി പ്രമേയത്തിനുള്ള മറുപടിയായി ആഗസ്ത് 24ന് അലന്ദെ ചെയ്ത പ്രസ്താവന ശ്രദ്ധേയമായിരുന്നു: ‘‘ചിലിയിലെ മൊത്തം ജനങ്ങളുടെയും മഹാനേട്ടമാണ് ചിലിയൻ ജനാധിപത്യം …… ഞാൻ നേതൃത്വം നൽകുന്ന ഈ ഗവൺമെന്റിന്റെ ഭരണകാലത്തല്ലാതെ ചരിത്രത്തിൽ ഇതിനു മുൻപൊരിക്കലും ഇതിനേക്കാൾ ജനാധിപത്യപരമായ ഒരു ഗവൺമെന്റ് ചിലിയിൽ ഉണ്ടായിട്ടില്ല; ഇത്രയേറെ നിയമവാഴ്ച നിലനിൽക്കുന്ന ഒരു കാലവും ഇതിനു മുൻപുണ്ടായിട്ടില്ല ….’’ രാജ്യം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാമ്പത്തികവും രാഷ്ട്രീയവുമായ നടപടികൾ ഇനിയുമേറെ ചെയ്യേണ്ടതുണ്ടെന്നും അതിനെല്ലാം തടസ്സം നിൽക്കുകയാണ് പാർലമെന്റെന്നും അലന്ദെ കൂട്ടിച്ചേർത്തു.
ചിലിയിൽ ജനാധിപത്യം കൂടുതൽ അഗാധമാക്കുന്നതിനെ, ജനപ്രിയമാക്കുന്നതിനെ, രാഷ്ട്രീയവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിനെയാണ് മൂലധന ശക്തികൾ ഭയന്നത്. അത് തടയുന്നതിനാണ് നിക്സൺ ഗവൺമെന്റ് സിഐഎയെ ചിലിയിൽ ചുമതലപ്പെടുത്തിയത്. 1976ൽ പുറത്തുവന്ന സെനറ്റർ ഫ്രാങ്ക് ചർച്ചിന്റെ അധ്യക്ഷതയിലുള്ള അമേരിക്കൻ പാർലമെന്ററി സമിതിയുടെ റിപ്പോർട്ടിൽ സിഐഎയുടെ നേതൃത്വത്തിൽ ചിലിയിൽ നടന്ന നിയമവിരുദ്ധ നടപടികളെക്കുറിച്ച് അക്കമിട്ട് നിരത്തിയിട്ടുണ്ട്. നേരിട്ട സൈനിക നടപടിക്ക് സമാനമായ കൊടുംക്രൂരതകളാണ് സിഐഎ ചരടുവലിച്ച് ചിലിയൻ വലതുപക്ഷത്തെയും സൈന്യത്തെയും കൊണ്ട് നടപ്പാക്കിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ചർച്ച് കമ്മിറ്റിയുടെ റിപ്പോർട്ട്.
ക്ലിന്റൺ ഭരണകാലത്ത് ഡി ക്ലാസിഫൈ ചെയ്ത് പ്രസിദ്ധീകരിച്ച അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ രഹസ്യരേഖകളും 1970ലെ തിരഞ്ഞെടുപ്പിൽ അലന്ദെ വിജയിക്കാതിരിക്കാൻ, തിരഞ്ഞെടുപ്പിനുശേഷം അലന്ദെയുടെ നേതൃത്വത്തിൽ ഗവൺമെന്റുണ്ടാകുന്നത് തടയാൻ നടപ്പാക്കിയ കാര്യങ്ങൾ കൃത്യമായി വെളിപ്പെടുത്തുന്നതാണ്. ഭരണഘടനാപരമായ അട്ടിമറിയിലൂടെ, അതായത് പാർലമെന്ററി അട്ടിമറിയിലൂടെ പുറത്താക്കാനും അതിനനുകൂലമായ പൊതുജനാഭിപ്രായവും അന്തരീക്ഷവും സൃഷ്ടിക്കാനും നടത്തിയ പ്രവർത്തനങ്ങൾ ട്രാക്ക് – I എന്ന പേരിലാണ് സിഐഎ രേഖകൾ അടയാളപ്പെടുത്തുന്നത്. പാർലമെന്റംഗങ്ങളെയും പാർട്ടികളെയും വിലയ്ക്കെടുത്ത് പിൻവലിപ്പിക്കാൻ നടത്തിയ നീക്കങ്ങൾക്കൊപ്പം പണിമുടക്കുകളും മറ്റു സമരമാർഗ്ഗങ്ങളും സംഘടിപ്പിച്ച് രാജ്യത്ത് അരാജകാവസ്ഥ സൃഷ്ടിച്ച് ഭരണമൊഴിയാൻ അലന്ദെയെ നിർബന്ധിതനാക്കാനും സിഐഎയും ഐടിടി ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര കോർപ്പറേഷനുകളും എല്ലാ ഹീന മാർഗ്ഗങ്ങളും ഉപദേശിച്ചതായും ഈ രേഖകൾ വെളിപ്പെടുത്തുന്നു.
ഇതുകൊണ്ടൊന്നും ഫലം കാണാതെ വരികയും ഗവൺമെന്റിന്റെ ജനപിന്തുണ വർദ്ധിച്ചു വരികയും ചെയ്തപ്പോഴാണ് അമേരിക്കൻ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം സിഐഎ ട്രാക്ക് II എന്ന പേരിൽ രേഖപ്പെടുത്തിയിട്ടുള്ള സൈനിക അട്ടിമറിക്ക‍് തയ്യാറായത്. എന്നാൽ ഇതും 1973ല്‍ പൊടുന്നനെ ചെയ്തതല്ല. ഇതിനുവേണ്ട കരുനീക്കങ്ങൾ 1970 മുതൽ തന്നെ ആരംഭിച്ചിരുന്നു. 1970 ഒക്ടോബർ 16ന് സിഐഎ ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് ചിലിയിലെ സിഐഎയുടെ സ്റ്റേഷനിലേക്ക് അയച്ച ടെലഗ്രാം സന്ദേശത്തിൽ പറയുന്നത്, അലന്ദെയെ പുറത്താക്കണമെന്നത് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കേണ്ട നയമാണ്; കഴിയുന്നതും അത് ഒക്ടോബർ 24 നകം നടപ്പാക്കണം; അതിനു പറ്റിയില്ലെങ്കിൽ അതിനുള്ള പ്രവർത്തനം കൂടുതൽ തീവ്രമാക്കണം; കിട്ടുന്ന എല്ലാ അവസരവും അതിനായി ഉപയോഗിക്കണം എന്നെല്ലാമാണ്. ഉന്നത സൈനികോദ്യോഗസ്ഥരെ സമീപിച്ച് അമേരിക്കൻ ഗവൺമെന്റിന്റെ പിന്തുണ വാഗ്ദാനം ചെയ്യണമെന്നും ഈ രേഖയിൽ നിർദ്ദേശിക്കുന്നുണ്ട്. ഇത്തരത്തിൽ വിപുലമായ ആസൂത്രണത്തിലൂടെ സാമ്രാജ്യത്വശക്തികൾ നടപ്പാക്കിയതാണ് 1973 സെപ്തംബർ 11. ബ്രിട്ടനും ആസ്ട്രേലിയയും ഈ അട്ടിമറിക്ക് അമേരിക്കയ്ക്കൊപ്പമുണ്ടായിരുന്നതായും വെളിവാക്കപ്പെട്ടിട്ടുണ്ട്.
സെപ്തംബർ 11
സെപ്തംബർ 11 എന്ന തീയതി സൈനിക അട്ടിമറിക്കായി തീരുമാനിക്കപ്പെട്ടതുതന്നെ 1924ൽ നടന്ന പ്രസിദ്ധമായ സൈനിക അട്ടിമറിയുടെ തീയതിയാണത് എന്നതിനാലാണ്. 1973 സെപ്തംബർ 11ന് രാവിലെ 7 മണിയോടെയാണ് സൈനിക കലാപം ആരംഭിച്ചത് . തുടക്കം വാൽപറൈസോവിലെ നാവിക താവളത്തിൽ നിന്നായിരുന്നു. വാൽപറൈസോവിലെ പ്രവിശ്യാ ഭരണാധികാരി പ്രസിഡന്റിനെ ഉടൻതന്നെ വിവരം അറിയിച്ചു. രാവിലെ 8 മണിക്ക് മുൻപുതന്നെ വിശ്വസ്തരായ അംഗരക്ഷകർക്കൊപ്പം അലന്ദെ ഓഫീസിലെത്തി. നാവികസേനയിലെ ഒരു വിഭാഗമായിരിക്കും കലാപത്തിനുപിന്നിലെന്നായിരുന്നു ലഭ്യമായ വിവരം. കാരണം നാവികസേനയുടെ മേധാവി അഡ്മിറൽ മൊണ്ടേറൊ, പ്രസിഡന്റിന്റെ വിശ്വസ്തരിൽ ഒരാളായിരുന്നു. അലന്ദെയും ഒപ്പമെത്തിയ പ്രതിരോധമന്ത്രി ഒർറ്റാൻഡൊ ലെറ്റേലിയയും ആദ്യം നാവികസേനാ മേധാവിയെയാണ് ബന്ധപ്പെടാൻ ശ്രമിച്ചത്. എന്നാൽ അട്ടിമറി ആരംഭിക്കുന്നതിനു മുൻപുതന്നെ അദ്ദേഹത്തിന്റെ ടെലഫോൺ ബന്ധം വിച്ഛേദിച്ചിരുന്നു. അദ്ദേഹത്തിന്റെ കാറുകളെല്ലാം തകർക്കപ്പെട്ടിരുന്നു. അദ്ദേഹത്തെ ഒരുവിധത്തിൽ വീട്ടുതടങ്കലിലാക്കിയ ശേഷമാണ് കലാപമാരംഭിച്ചത്.
സൈനിക മേധാവിയായിരുന്ന അഗസ്തൊ പിനോഷെയെയും വ്യോമസേനാ മേധാവിയായിരുന്ന ഗുസ്താവൊ ലെയ്ഘിനെയും അലന്ദെ ടെലഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോൺ അറ്റൻഡ് ചെയ്യാൻപോലും അവർ തയ്യാറായില്ല. ഇതിനകംതന്നെ സാന്തിയാഗൊ നഗരത്തിലെ റേഡിയോ സ്റ്റേഷനുകളും ടെലിവിഷൻ സ്റ്റേഷനുകളുമെല്ലാം സൈന്യം പിടിച്ചെടുത്തുകഴിഞ്ഞിരുന്നു. നഗരത്തിലെ റോഡുകളെല്ലാം അടച്ചു. ഒൻപതു മണിയോടെ കരസേന പ്രസിഡന്റിന്റെ ആസ്ഥാനം വളയുകയും വ്യോമസേന ബോംബാക്രമണം ആരംഭിക്കുകയും ചെയ്തു. പ്രസിഡന്റിന്റെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്ന വിശ്വസ്ത പോരാളികൾ ഉൾപ്പെടുന്ന സേനാവിഭാഗം ശക്തമായി ചെറുത്തുനിന്നു. ഉച്ചയ്ക്കുശേഷം 2.30 മണിവരെ അവർ പൊരുതി നിന്നു എന്നതിൽ നിന്നുതന്നെ ആ ചെറുത്തുനിൽപ്പിന്റെ കരുത്ത് മനസ്സിലാക്കാവുന്നതാണ്. പ്രസിഡന്റിന്റെ ആസ്ഥാനമന്ദിരംതന്നെ അതിനകം തകർക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഒടുവിൽ പ്രസിഡന്റ് അലന്ദെ തന്നെ, അദ്ദേഹത്തിന് ക്യൂബൻ സന്ദർശന വേളയിൽ ഫിദൽ കാസ്ട്രോ സമ്മാനമായി നൽകിയ തോക്കുകൊണ്ട് അട്ടിമറിക്കാരുമായി ഏറ്റുമുട്ടി. അങ്ങനെ 65 കാരനായ ആ മനുഷ്യൻ, ആ വിപ്ലവകാരി പൊരുതി മരിച്ചു. എന്നാൽ അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന കള്ളക്കഥ മെനഞ്ഞ് അന്നുമുതൽ ഇന്നുവരെ സാമ്രാജ്യത്വത്തിന്റെ പിണിയാളുകൾ ആ ധീര വിപ്ലവകാരിയെ അപഹസിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഭീകരതയുടെ ദിനങ്ങൾ
കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകളും ഉൾപ്പെടെ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവർത്തകരെയും നേതാക്കളെയുമാണ് ആ സൈനിക തേർവാഴ്ചയിൽ കൊലപ്പെടുത്തിയത്. പ്രസിദ്ധമായ ചിലിയൻ നാഷണൽ സ്റ്റേഡിയത്തിൽ (ഇപ്പോൾ അതിന്റെ പേര് വിക്ടർ ഹാറ നാഷണൽ സ്റ്റേഡിയം എന്നാണ്) 1,30,000 ത്തിലധികം ആളുകളെയാണ് ഏതാനും മാസങ്ങൾക്കുള്ളിൽ പിടികൂടി സ്റ്റേഡിയത്തിൽ കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്തത്; ഇങ്ങനെ ആ സ്റ്റേഡിയത്തിൽ അട്ടിമറിസംഘം തടവിലിട്ട് പീഡിപ്പിച്ചവരിൽ ബ്രിട്ടീഷുകാരിയായ ഡോക്ടർ ഷീല കാസിഡിയും ഉണ്ടായിരുന്നു. അവർക്ക് എങ്ങനെയോ ഈ കൊടും പീഡനങ്ങളെ അതിജീവിച്ച് ജീവൻ നിലനിർത്താനായതുകൊണ്ട് ലണ്ടനിലെത്തി ചിലിയിൽ നടക്കുന്ന കൊടും പീഡനങ്ങളെയും മനുഷ്യാവകാശ ലംഘനങ്ങളെയുംകുറിച്ച് പറയാനായി. ചാൾസ് ഫോർമാൻ, ഫ്രാങ്ക് പെറൂഗി എന്നീ രണ്ട് അമേരിക്കൻ പൗരന്മാരും നാഷണൽ സ്റ്റേഡിയത്തിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആയിരക്കണക്കിനാളുകൾ ആദ്യ മാസത്തിൽ തന്നെ കൊല്ലപ്പെടുകയോ അപ്രത്യക്ഷരാക്കപ്പെടുകയോ ചെയ്തു. പിൽക്കാലത്ത് ചിലിയുടെ പ്രസിഡന്റായ മിഷേൽ ബാഷ്ലെയുടെ പിതാവും വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന ആൽബെർട്ടോ ബാഷ്ലെയും ആ തടങ്കൽ പാളയത്തിൽ കൊല്ലപ്പെടുകയുണ്ടായി. എന്നാൽ അട്ടിമറിക്ക് ഒത്താശ ചെയ്തിരുന്ന വലതുപക്ഷ പത്രമായ ‘എൽ മെർക്കുറിയൊ’ റിപ്പോർട്ട് ചെയ്തത് ഹൃദയത്തിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്ന ആൽബർട്ടൊ ബാഷ്ലെ ബാസ്കറ്റ്ബോൾ കളിക്കിടെ മരണപ്പെട്ടുവെന്നാണ് (മനോരമ മോഡൽ മാധ്യമപ്രവർത്തനം) ! മിഷേൽ ബാഷ്ലെയും അവരുടെ മാതാവും വില്ലാഗ്രിമാൽഡി തടങ്കൽ പാളയത്തിൽ അടയ്ക്കപ്പെട്ട് കൊടിയ മർദനങ്ങൾക്കിരയായിരുന്നു.
നാഷണൽ സ്റ്റേഡിയത്തിൽ അടയ്ക്കപ്പെട്ട് കൊല്ലപ്പെട്ടവരിൽ പ്രശസ്ത ചിലിയൻ കവിയും സംഗീതജ്ഞനും ഗായകനുമായ വിക്ടർ ഹാറയും ഉണ്ടായിരുന്നു. അട്ടിമറി നടന്ന് മണിക്കൂറുകൾക്കുള്ളിൽ വിക്ടർ ഹാറ ജോലി ചെയ്തിരുന്ന സാങ്കേതിക സർവ്വകലാശാലയിൽ നിന്നും പിടികൂടിയ അദ്ദേഹത്തെ 1973 ഒക്ടോബർ ആദ്യവാരമാണ് അതിഭീകരമായവിധം കൊലപ്പെടുത്തിയത്. കാരവൻ ഓഫ് ഡത്ത് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഫാസിസ്റ്റ് കൊലയാളി സംഘമാണ് അദ്ദേഹത്തെയും മറ്റ് എഴുപതുപേരെയും അന്നു കൊലപ്പെടുത്തിയത്.
അട്ടിമറിക്കാർ റോഡുകൾ ഉപരോധിക്കാൻ തുടങ്ങുകയും പട്ടാളക്കാർ റോന്തുചുറ്റാൻ ആരംഭിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് വിക്ടർ ഹാറ തന്റെ ജീവിതപങ്കാളിയോട് വേഗം മടങ്ങിവരാമെന്ന് പറഞ്ഞ് ജോലിസ്ഥലത്തേക്ക് പോയത്. അദ്ദേഹം അന്നും പിറ്റേന്നും മടങ്ങി വരാതായതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് അറിയുന്നത് അദ്ദേഹത്തെ അറസ്റ്റുചെയ്തെന്ന് ! അദ്ദേഹത്തെ മോചിപ്പിക്കാനായി ഹാറയുടെ ജീവിതപങ്കാളിയും ബ്രിട്ടീഷ് പൗരയുമായ ജോ ആൻ ഹാറയുടെ ചില സുഹൃത്തുക്കൾ ചിലിയിലെ കത്തോലിക്കാ സഭയിലെ പ്രമുഖനായ ഒരു ബിഷപ്പിന്റെ സഹായം തേടി. അതിലും ഫലം ഉണ്ടാകാതെ വന്നപ്പോൾ ജോ ആൻ നേരിട്ട് ബ്രിട്ടീഷ് എംബസിയുടെ സഹായം തേടി. അവിടെയും ഒരു ഫലവുമുണ്ടായില്ല.
ഒടുവിൽ ദിവസങ്ങൾക്കുശേഷം ഒക്ടോബർ ആദ്യവാരമാണ് അദ്ദേഹം കൊല്ലപ്പെട്ടുവെന്നും മൃതദേഹം തിരിച്ചറിയാൻ കഴിഞ്ഞാൽ വിട്ടുകൊടുക്കുമെന്നുമുള്ള ഒരു വിവരം ജോ ആനിന് ലഭിക്കുന്നത്. ഇതറിയിച്ച സുഹൃത്തിനൊപ്പം സ്ഥലത്തെത്തിയ ജോ ആൻ ഹാറ അവിടെ കണ്ട കാര്യങ്ങൾ ഇങ്ങനെ എഴുതുന്നു:
‘‘ഞങ്ങൾ ഇരുണ്ട ഇടനാഴിയിലൂടെ നടന്ന് വലിയൊരു ഹാളിലെത്തുന്നു… നിലത്തു നിരയായി കിടക്കുന്നവയും മൂലകളിൽ കൂനകൂട്ടി വച്ചിരിക്കുന്നവയുമായ നഗ്നമൃതദേഹങ്ങളെ ഞാൻ നോക്കുന്നു. മിക്കവർക്കും പിളർന്ന മുറിവുകളുണ്ട്. ചിലതിൽ കൈകളിപ്പോഴും പിന്നിൽ കെട്ടിയിട്ടിരിക്കുന്നു. യുവാക്കളും വൃദ്ധന്മാരും….. നൂറുകണക്കിനു മൃതദേഹങ്ങൾ…. ഇവയെ തരംതിരിച്ച ശേഷം കാലിൽ വലിച്ച് ഏതെങ്കിലും കൂനയിലിടുന്ന ജോലിക്കാർ….. നിലത്തു നീളെ മൃതദേഹങ്ങൾ.. ഇവയ്ക്ക് വസ്ത്രമുണ്ട്. ചിലർ വിദ്യാർത്ഥികളാണെന്ന് തോന്നുന്നു…. അവിടെ ആ നിരയുടെ മധ്യത്തിൽ ഞാൻ വിക്ടറിനെ കണ്ടെത്തുന്നു. അത് വിക്ടറായിരുന്നു. അവൻ മെലിഞ്ഞുണങ്ങിയിരുന്നു; ഒരാഴ്ചകൊണ്ട് നീയിങ്ങനെ വറ്റിപ്പോകാൻ അവർ നിന്നെ എന്തു ചെയ്തു? അവന്റെ തുറന്ന കണ്ണുകൾ അപ്പോഴും തീക്ഷ്ണതയോടും ധിക്കാരത്തോടുംകൂടി മുന്നോട്ടു നോക്കുന്നതായി തോന്നി. തലയിലൊരു മുറിവും കവിളുകളിൽ ഭയങ്കരമായ ചതവുകളും ഉണ്ടായിരുന്നു. വസ്ത്രങ്ങൾ കീറിയിരുന്നു…. നെഞ്ചുനിറയെ മുറിവുകൾ. അടിവയർ പിളർന്നിരിക്കുന്നു. കണങ്കെെ ഒടിഞ്ഞതുപോലെ കൈപ്പത്തികൾ വല്ലാതെ തൂങ്ങിക്കിടക്കുന്നു….. എങ്കിലും അത് വിക്ടറായിരുന്നു. എന്റെ ഭർത്താവ്, എന്റെ കാമുകൻ’’.
ഭീകരമായ ആ തടവറയിലും ആ ഫാസിസ്റ്റുകൾക്ക് അദ്ദേഹത്തെ നിശബ്ദനാക്കാനായില്ല. കൊടിയ മർദ്ദനമേൽക്കുമ്പോഴും ആ വിപ്ലവകാരി ഉറക്കെ, ഉറക്കെ പാടിക്കൊണ്ടിരുന്നു. അദ്ദേഹം എഴുതുന്നത് തടയാനും ഭീകരർക്ക് കഴിഞ്ഞില്ല; ഒടുവിൽ അവർ അദ്ദേഹത്തിന്റെ കൈകൾ തല്ലിയൊടിച്ചു; അതുവരെ അദ്ദേഹം എഴുതി; അവസാനശ്വാസംവരെ അദ്ദേഹം പാടി; ആ വിപ്ലവകാരി, ആ കമ്യൂണിസ്റ്റുകാരൻ തടവറയിൽ കിടന്ന്, ഭീകര മർദ്ദനങ്ങൾ സഹിച്ച് എഴുതിയ, അപൂർണമായ കവിതയിലെ ഏതാനും വരികളാണ് തുടക്കത്തിൽ നൽകിയത്. അപൂർണമായ ആ കവിതയുടെ അവസാനത്തെ വരികൾ ഇങ്ങനെ:
The blood of our President, our companero,
will strike with more strength than bombs and machine guns!
So will our fist strike again!
How hard it is to sing
when I must sing of horror.
Horror which I am living,
horror which I am dying.
To see myself among so much
and so many moments of infinity
in which silence and screams
are the end of my song.
What I see, I have never seen
What I have felt and What I feel
Will give birth to be momentA….
(പ്രസിഡന്റിന്റെ, ഞങ്ങളുടെ സഖാവിന്റെ രക്തം ബോംബിനെയും യന്ത്രത്തോക്കിനെയും വെന്ന് ആഞ്ഞടിക്കും.
അങ്ങനെ ഞങ്ങളുടെ മുഷ്ടി വീണ്ടുമുയരും.
പാടാനെത്ര കഠിനം, മഹാഭയത്തിന്റെ ഗാനം
ഞാൻ ജീവിക്കുന്ന മഹാഭയം
ഞാൻ മരിക്കുന്ന മഹാഭയം…..
ഇവിടെ നിശബ്ദതയും നിലവിളിയും
എന്റെ പാട്ടിന്റെ അന്ത്യം
ഇതുവരെ കാണാത്തതു ഞാൻ കാണുന്നു.
ഞാൻ അറിഞ്ഞതിൽനിന്ന്, അറിയുന്നതിൽനിന്ന്
പിറവിയെടുക്കുന്ന നിമിഷം.)
(ചിന്ത പബ്ലിഷേഴ‍്സ് പ്രസിദ്ധീകരിച്ച ‘ചിലി: മറ്റൊരു സെപ്തംബർ 11’ എന്ന കൃതിയിൽ നിന്നുമാണ് വിക്ടർ ഹാറയുടെ കവിതാ ഭാഗങ്ങൾ ചേർക്കുന്നത്.
പരിഭാഷ: ഡോ. രോഹിണി നായർ) ♦