Thursday, November 21, 2024

ad

Homeസാമ്പത്തിക കുറിപ്പുകള്‍ബാങ്ക് തകർച്ചയുടെ 
തുടർ ചലനങ്ങൾ

ബാങ്ക് തകർച്ചയുടെ 
തുടർ ചലനങ്ങൾ

ഡോ. ടി.എം. തോമസ് ഐസക്

ബിഎസ് ന്യൂസ് അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിവിഷൻ ന്യൂസ് നെറ്റ്–വർക്കുകളിൽ ഒന്നാണ്. മെയ് 5-ന്റെ മണി വാച്ച് എന്ന പരിപാടി ബാങ്കിലെ ഡെപ്പോസിറ്റുകൾക്കു സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്തൊക്കെ ചെയ്യണം എന്നതു സംബന്ധിച്ചായിരുന്നു.

• 2.5 ലക്ഷം ഡോളർ വരെയുള്ള ഡെപ്പോസിറ്റുകൾക്കേ ഇൻഷ്വറൻസുള്ളൂ. ഡെപ്പോസിറ്റ് അതിൽ കൂടുതൽ ഉണ്ടെങ്കിൽ ഭാര്യയുടെയോ മറ്റോ ജോയിന്റ് അക്കൗണ്ടിൽ ആക്കുക. അപ്പോൾ 5 ലക്ഷം ഡോളറിന് വരെ ഇൻഷ്വറൻസ് ആനുകൂല്യം ലഭിക്കും.

• നിങ്ങളുടെ ബാങ്ക്, സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ ദിവസവും അതിന്റെ ഓഹരി വില നോക്കുക. ഓഹരി വില ഇടിയുകയാണെങ്കിൽ ഡെപ്പോസിറ്റ് പിൻവലിക്കുക.

• ബാങ്കിന്റെ വാർഷിക റിപ്പോർട്ടും ക്വാർട്ടർലി റിപ്പോർട്ടും പരിശോധിക്കുക. ബാങ്ക് നല്ല ലാഭത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

• നിങ്ങളുടെ ബാങ്കിനെക്കുറിച്ചുള്ള വാർത്തകൾക്ക് ഗൂഗിൾ അലർട്ട് ഏർപ്പെടുത്തുക. ബാങ്കുകൾ പുതിയ ഓഹരികൾ വഴി മൂലധനം സമാഹരിക്കുകയോ വലിയ തോതിൽ ബോണ്ടുകൾ വിൽക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് പ്രശ്നങ്ങൾ ഉണ്ടോയെന്നു പരിശോധിക്കുക.

നിങ്ങളുടെയും എന്റെയും ബാങ്കിന്റെ മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ സ്ഥിരം അന്വേഷിക്കേണ്ട ബാധ്യത നമുക്കുണ്ടെങ്കിൽ ജീവിതം എത്ര ദുസ്സഹമായി തീരുമെന്ന് ആലോചിച്ചിട്ടുണ്ടോ? പക്ഷേ, അത്തരമൊരു അരക്ഷിതാവസ്ഥയിലാണ് അമേരിക്കൻ ബാങ്കുകളിലെ ഡെപ്പോസിറ്റുകാർ. തങ്ങളുടെ ബാങ്ക് തകരുമോ, തങ്ങളുടെ ഡെപ്പോസിറ്റുകൾ സുരക്ഷിതമാണോ എന്നു തുടങ്ങിയ വേവലാതികളിലാണു പലരും. അല്ലെങ്കിൽ സിബിഎസ് ഇത്തരമൊരു പ്രക്ഷേപണം നടത്തില്ലല്ലോ.

ബാങ്ക് തകർച്ച – തുടർക്കഥ
മാർച്ച് – – മെയ് മാസങ്ങൾക്കിടയിൽ അമേരിക്കയിൽ നാല് ബാങ്കുകളാണ് പൂട്ടിയത്. ആദ്യം തകർന്നത് മാർച്ച് 8-ന് സിൽവർഗേറ്റ് കോർപ്പറേഷൻ എന്ന ബാങ്കായിരുന്നു. മാർച്ച് 10-ന് സിലിക്കൺവാലി ബാങ്ക് കൂടി തകർന്നതോടെ എല്ലാവരും ആശങ്കയിലായി. മാർച്ച് 12-ന് സിഗ്നേച്ചർ ബാങ്ക് പൊളിഞ്ഞു. മാർച്ച് 18-ന് ക്രഡിറ്റ് സ്വീയിസിന്റെ ഊഴമായിരുന്നു. പക്ഷേ അത് യൂറോപ്പിലെ ബാങ്കായിരുന്നു. അമേരിക്കയിലെ മാലപ്പടക്കം അവസാനിച്ചു എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, മെയ് 1-ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കയിലെ 4-–ാമത്തെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക് പൂട്ടി. ആദ്യത്തെ 4 ബാങ്ക് തകർച്ചകളെക്കുറിച്ച് ചിന്ത 2023 ഏപ്രിൽ 7ന്റെ ലക്കത്തിൽ എഴുതിയത് താല്പര്യമുള്ളവർക്കു വായിക്കാം.

എന്തുകൊണ്ടാണ് ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക് തകർന്നപ്പോൾ എല്ലാവരും ഞെട്ടിയത്? കാരണം അത്രയ്ക്ക് ശക്തമായ നടപടികളാണ് ഫെഡറൽ റിസർവ് തകർച്ച തടയാൻ സ്വീകരിച്ചിരുന്നത്. സാധാരണനിലയിൽ രണ്ടര ലക്ഷം ഡോളർവരെയുള്ള ഡെപ്പോസിറ്റുകൾക്കേ സർക്കാർ ഗ്യാരന്റിയുള്ളൂ. തകർന്ന ബാങ്കുകളുടെ മുഴുവൻ ഡെപ്പോസിറ്റുകളും സർക്കാർ ഏറ്റെടുത്തു. പ്രതിസന്ധിയിലുള്ള ഏത് ബാങ്കിന്റെയും ബോണ്ടുകൾ ഹാജരാക്കിയാൽ മുഖവിലയ്ക്കുള്ള തുകയ്ക്ക് വായ്പ നൽകുമെന്നും പ്രഖ്യാപനമുണ്ടായി. അതുകൊണ്ട് ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ല; ജനങ്ങളുടെ സമ്പാദ്യം സുരക്ഷിതമാണ് എന്ന ഉറപ്പുനൽകാനാണ് സർക്കാർ ശ്രമിച്ചത്. എന്നാൽ ഇതാണ് പൊളിഞ്ഞത്. ബാങ്ക് തകർച്ചയുടെ നാൾവഴി നമുക്കു പരിശോധിക്കാം.

വിലക്കയറ്റവും പലിശ നിരക്കും
ബാങ്ക് പ്രതിസന്ധിയുടെ മൂലകാരണം അമേരിക്കയിലെ പലിശ നിരക്ക് തവണകളായി കുത്തനെ ഉയർത്തിയതാണ്. കോവിഡ് കാലത്ത് അമേരിക്കയിൽ പലിശനിരക്ക് 0.25 ശതമാനം ആയിരുന്നത് ഇപ്പോൾ 5.25 ശതമാനമാണ്.

വിലക്കയറ്റം തടയാനാണ് ഈ നടപടി കൈക്കൊണ്ടിട്ടുള്ളത്. ഉക്രെയിൻ യുദ്ധംമൂലം എണ്ണവില ഉയർന്നു. അതുപോലെ ഗോതമ്പിന്റെയും ഭക്ഷ്യ എണ്ണയുടെയും വില ഉയർന്നു. ഇതുമൂലമാണ് ലോകമെമ്പാടും വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. ഇതിനുള്ള പരിഹാരം ഉക്രെയിൻ യുദ്ധം ഡിപ്ലോമാറ്റിക് ചർച്ചകളിലൂടെ എത്രയും പെട്ടെന്ന് അവസാനിപ്പിക്കലാണ്. എന്നാൽ അമേരിക്ക അതിനു തയ്യാറല്ല. റഷ്യയെ തോൽപ്പിച്ചേ പറ്റൂവെന്ന വാശിയിലാണ്. അതുകൊണ്ട് അവർ കണ്ടെത്തിയിരിക്കുന്ന മാർഗമാണ് പലിശ നിരക്ക് ഉയർത്തൽ.

പലിശനിരക്ക് ഉയരുമ്പോൾ ഉപഭോക്താക്കൾ വായ്പ എടുത്തോ ഹയർ പർച്ചേസ് ആയോ സാധനങ്ങൾ വാങ്ങുന്നതു കുറയ്ക്കും. അതുപോലെ വ്യവസായികളും മറ്റും പുതിയ നിക്ഷേപങ്ങൾ നടത്തുന്നതിനു മടിക്കും. ഇത് രണ്ടുംകൂടി ചേരുമ്പോൾ സമ്പദ്ഘടനയിൽ ഡിമാൻഡ് കുറയും. ചെറിയൊരു മാന്ദ്യമുണ്ടാകും. ഇത് വിലയെ പിടിച്ചുകെട്ടും. ഇതാണ് യുക്തി.

പലിശനിരക്കും 
ബോണ്ടുകളുടെ വിലയും
പലിശനിരക്ക് ഉയരുമ്പോൾ ബോണ്ടുകളുടെ വിലയിടിയും. ബോണ്ട് എന്നാൽ നിശ്ചിത പലിശയ്ക്ക് നിശ്ചിതകാലയളവിലേക്ക് ഇറക്കുന്ന കടപ്പത്രങ്ങളാണ്. ബോണ്ടിൽ പറഞ്ഞ നിരക്ക് അനുസരിച്ച് വർഷംതോറും നിങ്ങൾക്ക് പലിശ ലഭിക്കും. കാലാവധി കഴിയുമ്പോൾ മുടക്കിയ മുതലും.

നിങ്ങൾക്ക് പണം ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടാലും പലിശ കിട്ടും. പക്ഷേ, ഫിക്സഡ് ഡെപ്പോസിറ്റിനെ അപേക്ഷിച്ച് ബോണ്ടിനൊരു മെച്ചമുണ്ട്. പെട്ടെന്നു പണത്തിന് ആവശ്യം വന്നൂവെന്നിരിക്കട്ടെ. ഫിക്സഡ് ഡെപ്പോസിറ്റിനാണെങ്കിൽ കാലാവധി തീരുംമുമ്പ് പണം പിൻവലിക്കേണ്ടി വരും. അതിനു ഫൈൻ കൊടുക്കേണ്ടി വരും. എന്നാൽ ബോണ്ടിന് ഈ പ്രശ്നം ഇല്ല. ബോണ്ട് മറിച്ചുവിൽക്കാം. അങ്ങനെ ബോണ്ട് വാങ്ങാനും വിൽക്കാനും പ്രത്യേക കമ്പോളവും ബ്രോക്കർമാരും ഉണ്ട്. ബോണ്ടിൽ പണം മുടക്കുന്ന ആൾക്ക് അത്യാവശ്യം വന്നാൽ കാലാവധിക്കുമുമ്പ് കടപ്പത്രം വിറ്റ് കാശ് വാങ്ങാം. ഇതാണ് കടപ്പത്രത്തിന്റെ മേന്മ.

ഇനി പലിശനിരക്ക് ഉയരുമ്പോൾ എന്തു സംഭവിക്കുമെന്നു നോക്കാം. നിങ്ങൾ പണം ബാങ്കിൽ ഡെപ്പോസിറ്റ് ചെയ്താൽ ഉയർന്ന പലിശ ലഭിക്കും. പക്ഷേ, ബോണ്ടിന്റെ പലിശ നിരക്ക് അഥവാ കൂപ്പൺ റേറ്റിൽ ബോണ്ടിന്റെ കാലാവധി തീരുംവരെ മാറ്റമുണ്ടാകില്ല. അതുകൊണ്ട് നിങ്ങളുടെ ബോണ്ട് വിൽക്കാൻ പോയാൽ വാങ്ങുന്നതിന് ആളുകൾക്കു താല്പര്യമുണ്ടാകില്ല. ബോണ്ടിന്റെ ഡിമാന്റ് കുറയും. അഥവാ ബോണ്ടിന്റെ വില കുറയും.

ഒരു ഉദാഹരണം പറയാം. തുടക്കത്തിൽ ഡെപ്പോസിറ്റിന്റെ പലിശ നിരക്കും ബോണ്ടിന്റെ കൂപ്പൺ റേറ്റും 5 ശതമാനം ആണെന്നിരിക്കട്ടെ. ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 10 ശതമാനമായി ഉയരുന്നു. അതേസമയം, ബോണ്ടിന്റെ കൂപ്പൺ നിരക്ക് 5 ശതമാനമായി തുടരും.

നിങ്ങളുടെ കൈയിലുള്ള 10 ലക്ഷം രൂപയുടെ ബോണ്ടിൽ നിന്ന് 50000 രൂപയേ പലിശയായി വർഷത്തിൽ കിട്ടുകയുള്ളൂ. അതേസമയം, 10 ലക്ഷം രൂപ ഫിക്സഡ് ഡെപ്പോസിറ്റിൽ ഇട്ടാൽ 1 ലക്ഷം രൂപ കിട്ടും. 1 ലക്ഷം രൂപ ബോണ്ടിൽനിന്നും കിട്ടണമെങ്കിൽ 20 ലക്ഷം രൂപ മുടക്കണം. അതിന് ആരെങ്കിലും തയ്യാറാകുമോ? ബോണ്ടിന്റെ വില പകുതിയായി കുറഞ്ഞാൽ മാത്രമേ 5 ശതമാനം കൂപ്പൺ നിരക്കിൽ ബോണ്ട് വിറ്റഴിക്കാൻ കഴിയൂ. അതുകൊണ്ട് പലിശ നിരക്ക് ഉയർന്നാൽ ബോണ്ടിന്റെ വില താഴും.

ബോണ്ടിന്റെ വില താഴ്ന്നാൽ 
ബാങ്കിന് എന്ത്?
ബാങ്കുകൾ നാട്ടിൽനിന്നും ഡെപ്പോസിറ്റുകൾ സമാഹരിക്കുന്നു. ഇത് കുറച്ചു കൂടുതൽ ഉയർന്ന നിരക്കിൽ ആവശ്യക്കാർക്കു വായ്പയായി കൊടുക്കുന്നു. എന്നാൽ മുഴുവൻ ഡെപ്പോസിറ്റുകളും വായ്പയായി കൊടുക്കില്ല. ഡെപ്പോസിറ്റ് ചെയ്ത ഇടപാടുകാർ പണം ചോദിച്ചു വന്നാൽ കൊടുക്കാൻ കൈയിൽ കാശ് ഉണ്ടാകണം. അതിനായി ഒരുഭാഗം കാശായിതന്നെ സൂക്ഷിക്കും.

എന്നാൽ കാശായി സൂക്ഷിച്ചാൽ അതിൽ നിന്നും വരുമാനം ഉണ്ടാവില്ല. അതുകൊണ്ട് പെട്ടെന്ന് കാശാക്കി മാറ്റാൻ പറ്റുന്ന കടപ്പത്രങ്ങളിലും ഒരു ഭാഗം സൂക്ഷിക്കും. കടപ്പത്രങ്ങൾ ബാങ്കുകളുടെ ഒരു പ്രധാന നിക്ഷേപമാർഗമാണ്. കോവിഡ് കാലത്ത് വായ്പയുടെ ആവശ്യക്കാർ കുറവായതിനാൽ ബോണ്ടുകളിൽ വലിയതോതിൽ ബാങ്കുകൾ നിക്ഷേപം നടത്തിയിരുന്നു.

പലിശനിരക്ക് ഉയർന്നപ്പോൾ ബോണ്ടുകളുടെ വിലയിടിയുമെന്ന് കണ്ടുവല്ലോ. അമേരിക്കയിൽ പലിശനിരക്ക് ഉയർന്നു. ബോണ്ടുകളുടെ വില താഴ്ന്നു. എന്നാൽ പെട്ടെന്ന് ആർക്കും ഇത് മനസിലാകില്ല. ബോണ്ടുകൾ വിൽക്കേണ്ട സാഹചര്യം വരുമ്പോഴേ നഷ്ടം കണക്കു പുസ്തകത്തിൽ വരൂ. അങ്ങനെ നഷ്ടമുണ്ടാകുമ്പോൾ ബാങ്കുകളുടെ മൂലധനത്തിൽ നിന്ന് തുല്യമായ തുക പരിഹാരമായി മാറ്റിവയ്ക്കേണ്ടി വരും. ഇതിന്റെ ഫലമായി ബാങ്കുകളുടെ മൂലധനം ശോഷിക്കും. അപ്പോൾ ഇത് ബാങ്കിൽ പ്രതിസന്ധിയുണ്ടാക്കും.

ബാങ്ക് പൊളിയുന്നത് എങ്ങനെ?
ബാങ്കിന്റെ പ്രതിസന്ധി മനസ്സിലാക്കുന്ന ഡെപ്പോസിറ്റുകാർ അവരുടെ തടിരക്ഷിക്കാൻ ഡെപ്പോസിറ്റുകൾ പിൻവലിച്ചുതുടങ്ങും. കാരണം രണ്ടര ലക്ഷം ഡോളർവരെ മാത്രമേ ബാങ്ക് പൊളിഞ്ഞാൽ സംരക്ഷണം കിട്ടൂ. ഈ വേവലാതിമൂലം തങ്ങളുടെ ഡെപ്പോസിറ്റ് പിൻവലിക്കാൻ ഇടപാടുകാർ ഒത്തുകൂടിയാൽ ഒരു ബാങ്കിനും കൊടുക്കാനാവശ്യമായ പണം ഉണ്ടാവില്ല. കാരണം ഡെപ്പോസിറ്റിൽ നല്ലൊരു പങ്ക് വായ്പകൊടുത്തിരിക്കുകയാണല്ലോ. ബാക്കി ബോണ്ടിലെ നിക്ഷേപങ്ങളും. ഇടപാടുകാർക്ക് ഡെപ്പോസിറ്റ് പണം നൽകുന്നതിന് ബോണ്ടുകൾ വിറ്റാൽ അവയുടെ താഴ്ന്ന വിലമൂലം ബാങ്കിന് വലിയ നഷ്ടമുണ്ടാകും.

ബാങ്കിന് നഷ്ടമുണ്ടാകുമ്പോൾ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസികൾ ബാങ്കിന്റെ റേറ്റിംഗ് താഴ്ത്തും. അതോടെ കമ്പോളത്തിൽ പരിഭ്രാന്തി പരക്കും. ഇടപാടുകാർ തടിച്ചുകൂടും. ബാങ്കിന്റെ ഓഹരിമൂല്യം ഇടിയും. പിന്നെ ബാങ്ക് തകരാതെ നിർവ്വാഹമില്ല.

ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്ക്
സിലിക്കൺവാലി ബാങ്ക് തകർന്നതോടെയാണ് ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിന്റെ ഭാഗ്യദോഷം ആരംഭിച്ചത്. രണ്ടു ബാങ്കുകളും സമാനസ്വഭാവത്തിലുള്ളതാണ്. അതുകൊണ്ട് ഡെപ്പോസിറ്റുകാർ പണം പിൻവലിക്കാൻ തുടങ്ങി. ഒരു മാസംകൊണ്ട് ഏതാണ്ട് 10,000 കോടി ഡോളറിന്റെ ഡെപ്പോസിറ്റാണ് പിന്‍വലിക്കപ്പെട്ടത്. തകർച്ച ഒഴിവാക്കാൻ ഫെഡറൽ റിസർവ്വ് 3000 കോടി ഡോളർ മറ്റ് ബാങ്കുകളെകൊണ്ട് ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു. ഫസ്റ്റ് ഫെഡറലിന്റെ ബോണ്ടുകൾ മുഖവിലയ്ക്കു വാങ്ങി മറ്റ് 7000 കോടി ഡോളർ ഫെഡറൽ റിസർവ്വ് നൽകി. അങ്ങനെ പിടിച്ചുനിൽക്കുകയായിരുന്നു.

ഇതിനിടയിൽ ബാങ്ക് മേധാവികൾ ഒരു സൂത്രമൊപ്പിച്ചു. ആരുമറിയാതെ അവരുടെ കയ്യിലെ ഓഹരികൾ പതുക്കെ വിൽക്കാൻ തുടങ്ങി. ഈ കഥ പുറത്തുവന്നതോടെ ഓഹരിവിലകൾ 97 ശതമാനം ഇടിഞ്ഞു. അതോടെ ബാങ്ക് അടച്ചുപൂട്ടാതെ നിർവാഹമില്ലാതായി. ഇപ്പോൾ ജെ.പി. മോർഗൻ എന്ന ഭീമൻ ബാങ്ക് ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിനെ ഏറ്റെടുത്തിരിക്കുകയാണ്.

കൂട്ടത്തകർച്ചയിലേക്ക്
ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കിന്റെ പ്രതിസന്ധി ഒറ്റപ്പെട്ട ഒന്നായിരുന്നില്ല. അമേരിക്കയിൽ ഇന്ന് ഏതാണ്ട് 4500 ബാങ്കുകളുണ്ട്. ഭൂരിപക്ഷവും റീജിയണൽ ബാങ്കുകളെന്നു വിളിക്കുന്നു. അമേരിക്കയിൽ പ്രതിസന്ധിയിലായിട്ടുള്ള എല്ലാ ബാങ്കുകളും റീജിയണൽ ബാങ്കുകളാണ്. അവയിൽ താരതമ്യേന വലിയ ബാങ്കുകളാണ് സിലിക്കൺവാലി ബാങ്കും ഫസ്റ്റ് റിപ്പബ്ലിക്കൻ ബാങ്കും. അവയ്ക്ക് 20,000 കോടി ഡോളറിന്റെ ആസ്തികൾ വീതം ഉണ്ടായിരുന്നു. ബാക്കി മഹാഭൂരിപക്ഷത്തിനും -4000 – 6,500 കോടി ഡോളർ ആസ്തിവീതമേ ഉള്ളൂ. ഇവിടെയാണ് ഏറ്റവും കൂടുതൽ അരക്ഷിതാവസ്ഥ പടർന്നുകൊണ്ടിരിക്കുന്നത്. ഡെപ്പോസിറ്റുകാർ പണം പിൻവലിച്ച് കൂടുതൽ സുരക്ഷിതമെന്ന് അവർ കരുതുന്ന വലിയ ബാങ്കുകളിലേക്കു മാറിക്കൊണ്ടിരിക്കുകയാണ്. ഇതും ചെറിയ ബാങ്കുകളെ വലയ്ക്കുന്നുണ്ട്.


ഗ്രാഫ് 1-ൽ ഈ തകർച്ചയുടെ കാലക്രമം നൽകിയിട്ടുണ്ട്. ജനുവരി 1-നെ അപേക്ഷിച്ച് ഫസ്റ്റ് റിപ്പബ്ലിക്, പസഫിക് വെസ്റ്റേൺ, വെസ്റ്റേൺ അലയൻസ്, സിയോൺ എന്നീ ബാങ്കുകളുടെ ഓഹരി വിലകളിലുണ്ടായ മാറ്റങ്ങളാണ് രേഖകളിൽ സൂചിപ്പിക്കുന്നത്. ഫെബ്രുവരി വരെ ബാങ്കുകളുടെ ഓഹരി വിലകൾ ഉയർന്നുകൊണ്ടിരുന്നു. എന്നാൽ അതിനുശേഷം ഫസ്റ്റ് റിപ്പബ്ലിക്കിന്റെയും സിയോണിന്റെയും വിലകൾ കുറഞ്ഞു തുടങ്ങി. എന്നാൽ മാർച്ച് 8-ന് എല്ലാ ബാങ്കുകളുടെയും ഓഹരിവില കുത്തനെ ഇടിഞ്ഞു. ഫസ്റ്റ് റിപ്പബ്ലിക്കിന്റെ വിലയാണ് നേരത്തേയുണ്ടായതിന്റെ 95 ശതമാനമായി കുറഞ്ഞത്. ഏപ്രിൽ അവസാനിക്കുംമുമ്പ് ഫസ്റ്റ് റിപ്പബ്ലിന്റെ ഓഹരിക്ക് കടലാസിന്റെ വിലപോലും ഇല്ലാതായി.

എന്നാൽ മാർച്ച് 8-ന് കുത്തനെ ഇടിഞ്ഞെങ്കിലും ബാക്കി ബാങ്കുകളുടെ ഓഹരി വിലകൾ തുടർന്നുള്ള ദിവസങ്ങളിൽ അതേനിലയിൽ പിടിച്ചുനിന്നു. എന്നാൽ മെയ് 1 ആയപ്പോൾ അവയെല്ലാം ഇടിഞ്ഞു. പസഫിക് വെസ്റ്റേണിന്റെ വില മാർച്ച് മാസത്തെ അപേക്ഷിച്ച് 90 ശതമാനമായി താഴ്ന്നു. ബാങ്കുകളുടെ ഒരു കൂട്ടപ്പൊരിച്ചിലാണ് എല്ലാവരും പ്രതീക്ഷിച്ചത്.

ഷോർട്ട് സെല്ലേഴ്സിന്റെ തിരിമറി
ഈ തകർച്ചയ്ക്കു കാരണം ഓഹരികളുടെ ഊഹക്കച്ചവടമാണെന്നാണ് കരുതുന്നത്. സാധാരണ ഓഹരികളിൽ പണം നിക്ഷേപിക്കുന്നത് ഓഹരി വിലകൾ ഉയരുമ്പോൾ അവ വിറ്റ് ലാഭം നേടാനാണ്. എന്നാൽ ഓഹരി വിലകൾ താഴുമ്പോൾ ലാഭമുണ്ടാക്കുന്നതിനുവേണ്ടി പണം നിക്ഷേപിക്കുന്നവരുണ്ട്. അവരെയാണ് ഷോർട്ട് സെല്ലേഴ്സ് (short sellers) എന്നു വിളിക്കുന്നത്. ആദ്യം പറഞ്ഞവരെ ലോങ് സെല്ലേഴ്സ് (long sellers) എന്നും.

ഷോർട്ട് സെല്ലേഴ്സിന്റെ താല്പര്യം ഓഹരി വിലകൾ ഇടിയണമെന്നുള്ളതാണ്. ഏതെങ്കിലും ഓഹരിയെ ഷോർട്ട് സെല്ലേഴ്സ് ലക്ഷ്യമിട്ടിരിക്കുന്നുവെന്ന് അറിഞ്ഞാൽ മറ്റുള്ളവർ ആ ഓഹരികൾ കൈയൊഴിയാൻ ശ്രമിക്കും. അതും തകർച്ചയ്ക്ക് ആക്കംകൂട്ടും.

അദാനിയുടെ ഷെയർ വിലയുടെ തകർച്ചയ്ക്കു കാരണം ഹിൻഡൻബർഗ് റിപ്പോർട്ടാണെന്നു നമുക്ക് അറിയാം. ഹിൻഡൻബർഗ് ഒരു ഷോർട്ട് സെല്ലറാണ്. തങ്ങളുടെ റിപ്പോർട്ട് പുറത്തുവരുമ്പോൾ അദാനിയുടെ ഓഹരികൾക്കു വിലയിടിയുമെന്ന് അറിയാവുന്നതുകൊണ്ട് അവർ ഒന്നോ രണ്ടോ മാസത്തിനുശേഷമുള്ള ദിവസം കണക്കാക്കി അദാനിയുടെ ഓഹരികൾ വിൽക്കുന്നതിനു കരാർ ഉണ്ടാക്കിയിട്ടുണ്ട്. അവ നിലവിലുണ്ടായിരുന്ന ഉയർന്ന വില നിലവാരത്തിൽ ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. കരാർ പ്രകാരമുള്ള ദിവസം താഴ്ന്ന വിലയ്ക്ക് ഓഹരികൾ വാങ്ങി ഉയർന്ന വിലയ്ക്കു കരാറുകാർക്കു നൽകും. കരാർ ഒപ്പിട്ട ബ്രോക്കർമാർക്കും നിക്ഷേപകർക്കും വലിയ നഷ്ടം ഉണ്ടാകും. ഹിൻഡൻബർഗിനു ലാഭവും. പക്ഷേ, അദാനി പൊളിയും (ഇവിടെ അദാനി പൊളിഞ്ഞില്ലെങ്കിലും വലിയ പ്രതിസന്ധിയിലായി).

ഇപ്പോൾ ഫെഡറൽ റിസർവ് പറയുന്നത് ബാങ്കുകളുടെ ഓഹരികൾ വിൽക്കുന്നതിന് ഷോർട്ട് സെല്ലേഴ്സ് വലിയ തോതിൽ കരാർ വച്ചിട്ടുണ്ടെന്നാണ്. അതുകൊണ്ട് ബാങ്കിംഗ് മേഖലയിൽ താല്ക്കാലികമായിട്ടെങ്കിലും ഷോർട്ട് സെല്ലിംഗ് നിരോധിക്കണമെന്നു വാദിക്കുന്നവരുണ്ട്.

താല്ക്കാലിക തിരിച്ചുകയറ്റം
പസഫിക് വെസ്റ്റേൺ ബാങ്ക് അടക്കം ചെറുകിട ബാങ്കുകളെല്ലാം തുടർന്നുള്ള ദിവസങ്ങളിൽ സമ്പൂർണ്ണ തകർച്ചയിൽനിന്നും കരകയറിയിട്ടുണ്ട്. ഷോർട്ട് സെല്ലേഴ്സിന്റെ പങ്ക് പുറത്തുവന്നത് അവരെ പിൻവാങ്ങാൻ നിർബന്ധിതരാക്കിയിട്ടുണ്ട്. പിന്നെ പ്രതിസന്ധിയിലാകുന്ന ബാങ്കുകളുടെ കടപ്പത്രങ്ങൾ മുഖവിലയ്ക്ക് ഈടുവച്ച് വായ്പകൊടുക്കാൻ ഫെഡറൽ റിസർവ് തയ്യാറായതും ഒരു അനുകൂല ഘടകമാണ്. പക്ഷേ, ഭാവിയെക്കുറിച്ചൊന്നും പ്രവചിക്കാനാവില്ല. എപ്പോൾ വേണമെങ്കിലും ഈ ചീട്ടുകൊട്ടാരം പൊളിയാം.

അങ്ങനെയുണ്ടായാൽ അമേരിക്കയിൽ രൂക്ഷമായ മാന്ദ്യമായിരിക്കും ഫലം. 2023 ആദ്യ മൂന്നു മാസത്തെ സാമ്പത്തിക വളർച്ചയുടെ കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. അതുപ്രകാരം അമേരിക്കയിലെ സാമ്പത്തിക വളർച്ച 1.1 ശതമാനം മാത്രമാണ്. സമ്പദ്ഘടന മാന്ദ്യത്തിന്റെ പടിവാതിൽക്കലാണ്. ബാങ്ക് പ്രതിസന്ധി മൂർച്ഛിച്ചാൽ രൂക്ഷമായ മാന്ദ്യം ഉറപ്പ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

8 + ten =

Most Popular