Thursday, October 31, 2024

ad

Homeവിശകലനംഅമിത് ഷായ്ക്കെതിരെ 
സുപ്രീംകോടതി

അമിത് ഷായ്ക്കെതിരെ 
സുപ്രീംകോടതി

സി പി നാരായണൻ

മുസ്ലീങ്ങൾക്ക് ജോലിയിൽ സംവരണം കുറേക്കാലമായി നിലവിലുള്ളതാണ്. എല്ലാ സംസ്ഥാനങ്ങളിലും ഒരേ സമയത്തല്ല ഇത് ഏർപ്പെടുത്തിയത്; ഒരുപോലെയല്ല വ്യവസ്ഥകളും. കേരളം രൂപീകരിച്ച കാലം മുതൽക്കു തന്നെ മുസ്ലീം സംവരണമുണ്ട്. കർണാടകത്തിൽ അത് മൂന്നു പതിറ്റാണ്ടായി നിലവിലിരിക്കുന്നതാണ്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന മുസ്ലീങ്ങളെ മറ്റുള്ളവർക്കൊപ്പം ഉയർത്തുന്നതിനാണ്, ഹിന്ദുക്കൾക്കിടയിലെ പിന്നോക്ക വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സംവരണം പോലെ മുസ്ലീങ്ങൾക്കും സംവരണം (4 ശതമാനം‍) ഏർപ്പെടുത്തിയത്.

കർണാടകത്തിലെ ബിജെപി സർക്കാർ ഈ സംവരണം റദ്ദാക്കുന്നതിനു നടപടിയെടുത്തത് വോട്ടുബാങ്ക് ലക്ഷ്യം വച്ചാണ്. തിരഞ്ഞെടുപ്പിൽ പ്രധാനമായി ഹിന്ദു വോട്ടർമാരെ സ്വാധീനിക്കുന്നതിനുവേണ്ടിയാണ് ഈ നടപടി കെെക്കൊണ്ടിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. ഇതിനെതിരായി നൽകപ്പെട്ട പരാതി സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. ആ സന്ദർഭത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പദം വഹിക്കുന്ന അമിത്ഷാ കർണാടകത്തിൽ പോയി ഹിന്ദു വോട്ടർമാരെ സ്വാധീനിക്കുന്നതിനായി ഈ സംവരണാനുകൂല്യം റദ്ദാക്കിയതായി ആവർത്തിച്ചു പ്രസ്താവന ചെയ്തുകൊണ്ടിരുന്നത്. മുതിർന്ന അഭിഭാഷകനായ ദുഷ്യന്ത് ദവെ ഇത് സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. അത് പരിഗണിക്കവെയാണ് സുപ്രീംകോടതി ബെഞ്ചിന്റെ അധ്യക്ഷനായ ജസ്റ്റിസ് കെ എം ജോസഫ് ചോദിച്ചത് സബ്ജുഡീസ് (കോടതി പരിഗണിച്ചുകൊണ്ടിരിക്കവെ) ആയ ഈ പ്രശ്നം എന്തിനാണ് ഇത്തരത്തിൽ പരസ്യമായി ഉന്നയിച്ചുകൊണ്ടിരിക്കുന്നത് എന്ന്.

ഇതു സംബന്ധിച്ച് കോടതി മുമ്പാകെ പരാതി ഉന്നയിച്ചവരുടെ അഭിഭാഷകനായ ദുഷ്യന്ത് ദവെ പ്രസ്താവിച്ചത്, ഈ പ്രചരണം നടത്തുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി ആണെന്നും ഈ സംവരണാനുകൂല്യം തങ്ങൾ പിൻവലിച്ചു എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത് എന്നുമാണ്. കോടതി മുമ്പാകെ ഇതിന്റെ ഉള്ളടക്കമോ അത് സമർപ്പിക്കാൻ ഇടയാക്കിയ സാഹചര്യമോ ഒന്നും അവതരിപ്പിച്ചിട്ടില്ല.

ഈ പ്രശ്നം സുപ്രീംകോടതി പരിഗണിച്ചുകൊണ്ടിരിക്കെ അതേക്കുറിച്ച് പരസ്യമായ അഭിപ്രായ പ്രകടനം നടത്തുന്നത് കോടതി അച്ചടക്കത്തിനു എതിരാണ് എന്നു കേസ് കേൾക്കുന്ന ജഡ്ജിമാരിൽ ഒരാളായ നാഗരത്ന പറഞ്ഞു. കോടതിയിൽ തർക്ക വിഷയം സംബന്ധിച്ച് അഭിഭാഷകൻ അഭിപ്രായ പ്രകടനം നടത്തുന്നതും അതേ വേളയിൽ ഈ വിഷയത്തിൽ പരസ്യ പ്രസ്താവന നടത്തുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട് എന്നു ജഡ്ജി ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സർക്കാർ ഉന്നയിച്ചത് (മന്ത്രിയുടെ‍) അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ പ്രശ്നമാണ്. എന്നാൽ, കോടതി പരിഗണിച്ചുകൊണ്ടിരിക്കുന്ന സംവരണ പ്രശ്നത്തെ രാഷ്ട്രീയവൽക്കരിക്കാൻ പാടില്ല എന്നാണ് കോടതിയുടെ നിലപാട്. അതുകൊണ്ടാണ് സുപ്രീംകോടതി ജഡ്ജിമാർ അമിത് ഷായുടെ പ്രസംഗത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

സംഗതി വളരെ ലളിതമാണ്. ബിജെപിയുടെ തനതു ശെെലിയിലാണ് ആഭ്യന്തരമന്ത്രി അമിത് ഷാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടയിൽ മുസ്ലീം സംവരണാനുകൂല്യം തങ്ങളുടെ സർക്കാർ റദ്ദാക്കിയതിനെ ന്യായീകരിച്ചത്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ അതിനു അദ്ദേഹത്തിനു അവകാശമുണ്ട്. പക്ഷെ, നിലവിലിരുന്ന സംവരണാനുകൂല്യത്തെ സംസ്ഥാന സർക്കാർ റദ്ദാക്കുമ്പോൾ ജനാധിപത്യപരമായി ചെയ്യേണ്ട ചില രീതികളുണ്ട്, നടപടിക്രമങ്ങളുണ്ട്. ആ നടപടി ദോഷകരമായി ബാധിക്കുന്ന വിഭാഗം ഉൾപ്പെടെ ബന്ധപ്പെട്ടവരോടെല്ലാം തങ്ങൾ അങ്ങനെ ചെയ്യുന്നതിന്റെ യുക്തി അല്ലെങ്കിൽ ന്യായീകരണം വിശദീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്. അതാണ് ജനാധിപത്യപരമായ നടപടിക്രമം. പ്രത്യേകിച്ച് ആ നടപടി രാജ്യത്തെ വലിയൊരു ന്യൂനപക്ഷത്തെ ബാധിക്കുന്നതാകുമ്പോൾ.

അങ്ങനെ ചെയ്യാതെ ഏകപക്ഷീയമായി ഒരു കാര്യം നടപ്പാക്കുകയും അതേക്കുറിച്ച് കോടതിയിൽ കേസുണ്ടാകുമ്പോൾ സർക്കാർ നടപടിക്രമമനുസരിച്ച് കെെകാര്യം ചെയ്യുന്നതിലപ്പുറം മന്ത്രിതന്നെ തിരഞ്ഞെടുപ്പു പ്രചരണവേളയിൽ പരസ്യമായി അഭിപ്രായ പ്രകടനം നടത്തുന്നത് കേട്ടുകേൾവിയില്ലാത്തതാണ്. അതാണ് ഇപ്പോൾ ബിജെപി നേതാക്കളും അവരുടെ സക്കാരും അവലംബിക്കുന്ന രീതി.

സ്വാതന്ത്ര്യലബ്ധിയെതുടർന്ന് സമൂഹത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹ്യ– സാമ്പത്തിക–വിദ്യാഭ്യാസപരമായുള്ള ഉച്ചനീചത്വങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിക്കുന്നതിനു നടപ്പാക്കിയ ഒരു പരിഹാര നടപടിയാണ് സംവരണം. അങ്ങനെയാണ് പിന്നോക്കവിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നടപ്പാക്കിയത്. ന്യൂനപക്ഷമായ മുസ്ലീങ്ങളും വിവേചനം നേരിടുന്നത് പരിഹരിക്കുക ലക്ഷ്യമാക്കിയാണ് അവർക്ക് പ്രത്യേകമായി സംവരണം ഏർപ്പെടുത്തിയത്. അതിന്റെ ലക്ഷ്യം കെെവരിച്ചുവോ എന്നു വിലയിരുത്തിവേണം ഏർപ്പെടുത്തിയ ആനുകൂല്യം റദ്ദാക്കാൻ. ഭരണഘടന നിലവിൽ വന്നശേഷം ഹിന്ദുക്കൾക്കിടയിൽ 10 വർഷത്തേക്കാണ് ആദ്യം സംവരണം ഏർപ്പെടുത്തിയത്. ആ കാലാവധി കഴിഞ്ഞിട്ടും ലക്ഷ്യം കണ്ടില്ല എന്നതുകൊണ്ട് വീണ്ടും 10 വർഷത്തേക്കുനീട്ടി. ഓരോ തവണയും ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഹിന്ദുക്കൾക്കിടയിലെ പിന്നോക്ക സംവരണത്തിന്റെ കാലാവധി നീട്ടുന്നത്.

ഹിന്ദുക്കൾക്കിടയിൽ സംവരണം നീട്ടുന്നതു സംബന്ധിച്ച് കെെക്കൊള്ളുന്ന അതേ സമീപനം മുസ്ലീങ്ങൾക്കു ബാധകമാക്കേണ്ടതാണ്. ഭരിക്കുന്നത് ബിജെപി സർക്കാരായതുകൊണ്ട് മുസ്ലീം സംവരണം തുടരേണ്ടതില്ല എന്ന ഏകപക്ഷീയവും പക്ഷപാതപരവുമായ നിലപാടാണ് അമിത്ഷാ പ്രഭൃതികൾ കെെക്കൊണ്ടിരിക്കുന്നത്. ഈ നടപടി വെളിവാക്കുന്നത് അവരുടെ നഗ്നമായ മതവിവേചനമാണ്; മുസ്ലീം വിരുദ്ധതയാണ്.

കേരളം പോലെയുള്ള ചില തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രമാണ് വിദ്യാഭ്യാസപരമായും മറ്റു കാര്യങ്ങളിലും നീതി ചെയ്യാനുള്ള മൂർത്തമായ നടപടികൾ കെെക്കൊണ്ടിട്ടുള്ളത്. മധേ-്യന്ത്യമുതൽ വടക്കോട്ടുള്ള സംസ്ഥാനങ്ങൾ വിദ്യാഭ്യാസപരമായും സാമൂഹ്യമായും മറ്റും പിന്നാക്കാവസ്ഥയിലാണ്. ഈ പിന്നാക്കാവസ്ഥ ഹിന്ദുക്കളിലെ പിന്നാക്കവിഭാഗങ്ങൾക്കെന്ന പോലെ മുസ്ലീങ്ങൾക്കും പൊതുവിൽ ബാധകമാണ്. ഏത് അളവുകോൽ വച്ച് നോക്കിയാലും ഇക്കാര്യം ബോധ്യമാകും. ഈയൊരു സ്ഥിതി എല്ലാവർക്കും ബോധ്യമുള്ളതുകൊണ്ടാണ് ഹിന്ദുക്കൾക്കിടയിലെ പിന്നാക്കക്കാർക്കുള്ള സംവരണം ഒാരോ പത്തുവർഷം കഴിയുമ്പോഴും നീട്ടിക്കൊണ്ടിരിക്കുന്നത്.

ആ പിന്നാക്കക്കാരെപ്പോലെ തന്നെ പിന്നാക്കമാണ് മുസ്ലീങ്ങളിൽ മഹാഭൂരിപക്ഷവും. അതിനാൽ അവർക്ക് ഏർപ്പെടുത്തപ്പെട്ട 4 ശതമാനം സംവരണം തുടരേണ്ടത് സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോൾ അത്യാവശ്യമാണ്. യഥാർഥ്യം ഇതായിരിക്കെ അമിത് ഷായും കൂട്ടരും മുസ്ലീങ്ങൾക്കെതിരെ തിരഞ്ഞെടുപ്പിൽ നടത്തുന്ന പ്രചരണം അവരുടെ മുസ്ലീം മതവിരോധത്തിന്റെ നഗ്നമായ തെളിവാണ്. ഇത്തരക്കാർ അധികാരം കയ്യാളിയിരിക്കുമ്പോൾ എങ്ങനെയാണ് ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷത സർക്കാരിന്റെ നടപടികളിലും സമീപനത്തിലും നിലനിൽക്കുക? ബഹുജനഐക്യത്തെയും മതനിരപേക്ഷതയെയും കാത്തുരക്ഷിക്കുന്നതിനു മോദി സർക്കാരിന്റെ വർഗീയ സമീപനത്തെ തുറന്നുകാട്ടി എതിർക്കേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + seventeen =

Most Popular