Sunday, July 14, 2024

ad

Homeനിരീക്ഷണംമണിപ്പൂർ: ബിജെപി സർക്കാരുകൾ ക്ഷണിച്ചു വരുത്തിയ കലാപം

മണിപ്പൂർ: ബിജെപി സർക്കാരുകൾ ക്ഷണിച്ചു വരുത്തിയ കലാപം

വി ബി പരമേശ്വരൻ

ണിപ്പൂർ ഇന്ന്‌ ഒരു മരണക്കുന്നായി മാറിയിരിക്കുന്നു. ബംഗളൂരുവിന്റെ തെരുവിൽ പ്രധാനമന്ത്രി മോദി ബിജെപി പ്രവർത്തകരുടെ പുഷ്‌പവൃഷ്ടി സ്വീകരിക്കുന്പോൾ മണിപ്പൂർ കുന്നുകളിലും താഴ്‌വരയിലും സാധാരണജനങ്ങൾ പിടഞ്ഞുവീണു മരിക്കുകയായിരുന്നു, അഭയാർഥികളാക്കപ്പെടുകയായിരുന്നു. 60 പേർ കൊല്ലപ്പെട്ടുവെന്നാണ്‌ ഔദ്യോഗിക കണക്ക്‌. 35,000 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്‌. ബിജെപി എംഎൽഎയായ പവോലിൻലാൽ ഹാവോകിപ്‌ ‘ദി വയറിന്‌’ നൽകിയ അഭിമുഖത്തിൽ പറയുന്നത്‌, സംസ്ഥാനത്ത്‌ നടന്നത്‌ വംശശുദ്ധീകരണമാണെന്നാണ്‌. സ്ഥിതിഗതി നിയന്ത്രിക്കാൻ അരലക്ഷം സൈനികരെയാണ്‌ സംസ്ഥാനത്ത്‌ വിന്യസിച്ചിട്ടുള്ളത്‌. വുൻസാഗിൻ വാൾട്ടെ എന്ന ബിജെപി എംഎൽഎ പോലും ആക്രമിക്കപ്പെട്ടു. ഒളിമ്പിക്-സിൽ മെഡൽ ജേതാവായ ഗുസ്‌തിതാരം മേരി കോം ലോകത്തോട്‌ വിളിച്ചു പറഞ്ഞത്‌ ‘‘എന്റെ സംസ്ഥാനം കത്തുകയാണ് സഹായിക്കണം’’ എന്നായിരുന്നു. മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിളയും ഇതേ സ്വരത്തിലുള്ള അഭ്യർഥന നടത്തുകയുണ്ടായി.

മണിപ്പൂരിലെ താഴ്‌വരയിലും മലമ്പ്രദേശങ്ങളിലും വസിക്കുന്ന ജനങ്ങൾ ഇത്ര രൂക്ഷമായി ഏറ്റുമുട്ടാൻ കാരണമെന്താണ്‌? അതിലേക്ക്‌ വഴിവെട്ടിയത്‌ ആരാണ്‌? 2012 ലെ തിരഞ്ഞെടുപ്പുവരെ ബിജെപിക്ക്‌ മണിപ്പൂരിൽ ഒരു സീറ്റുപോലും ലഭിച്ചിരുന്നില്ല. എന്നാൽ കോൺഗ്രസ്‌ നേതാവായ ബിരേൻസിങ്ങ്‌ ബിജെപി പക്ഷത്തേക്ക്‌ ചാഞ്ഞതിനു ശേഷം 2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 21 സീറ്റ്‌ ലഭിച്ചു. ഇതിൽ 16 സീറ്റും താഴ്‌വരയിൽ നിന്നായിരുന്നു. 2022 ൽ ബിജെപിക്ക്‌ സീറ്റ്‌ 33 ആയി ഉയർന്നു. താഴ്‌വരയിൽ മെയ്‌തേയ്‌ വംശജരാണ്‌ ഭൂരിപക്ഷം. ഈ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിച്ചാൽ ബിജെപിക്ക്‌ വളരാൻ കഴിയുമെന്ന്‌ ഇതോടെ സംഘപരിവാർ മനസ്സിലാക്കി. അതോടെയാണ്‌ ജനസമൂഹത്തെ ഭിന്നിപ്പിച്ചും ‘അവർ’/ ‘നമ്മൾ’ എന്ന ദ്വന്ദ്വം സൃഷ്ടിച്ചും മണിപ്പൂരിൽ കാലുറപ്പിക്കാനുള്ള നീക്കം ആർഎസ്‌എസ്‌ നടത്തിയത്‌. മറ്റൊരർഥത്തിൽ പറഞ്ഞാൽ ഭിന്നിപ്പിച്ച്‌ ഭരിക്കാനുള്ള കരുനീക്കങ്ങളാണ്‌ പിന്നീട്‌ ആർഎസ്‌എസും ബിജെപിയും നടത്തിയത്‌. അതിന്റെ പരിണതഫലമാണ്‌ മണിപ്പൂരിൽ ഇന്ന്‌ കാണുന്നത്‌.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മ്യാന്മറുമായി അതിർത്തി തീർക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്‌ മണിപ്പൂർ. ഭൂമിശാസ്‌ത്രപരമായി രണ്ട്‌ മേഖലകളാണ്‌ ഇവിടെ ഉള്ളത്‌ – ഇംഫാൽ താഴ്‌വരയും മലയോരമേഖലയും. 36 ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 60 ശതമാനവും ജീവിക്കുന്നത്‌ 10 ശതമാനം മാത്രം വരുന്ന താഴ്‌വരയിലാണ്‌. ആകെയുള്ള 16 ജില്ലകളിൽ 5 എണ്ണം മാത്രമാണ്‌ ഇംഫാൽ താഴ്‌വരയിലുള്ളത്‌. എന്നാൽ നിയമസഭയിലെ 60 സീറ്റിൽ 40 ഉം താഴ്‌വരയിലാണ്‌. 90 ശതമാനം ഭൂവിസ്‌തൃതിയും 11 ജില്ലകളും ഉണ്ടെങ്കിലും മലയോരമേഖലയിൽ മൊത്തം ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ്‌ ജീവിക്കുന്നത്‌. താഴ്‌വരയിൽ മെയ്‌തേയ്‌കൾക്കാണ്‌ ഭൂരിപക്ഷം. ഇവരിൽ ഭൂരിപക്ഷവും ഹിന്ദുക്കളാണ്‌. ചെറിയ ശതമാനം മുസ്ലീങ്ങളുമുണ്ട്‌. മലയോര മേഖലയിൽ കുക്കികളും നാഗകളും സോമികളും അടക്കമുള്ള 35 ഗോത്ര വിഭാഗങ്ങളാണ്‌ പാർക്കുന്നത്‌. ഇവർ ഭൂരിപക്ഷവും ക്രിസ്‌ത്യാനികളാണ്‌. എന്നാൽ മതപരമായി നോക്കിയാൽ 41 ശതമാനം ഹിന്ദുക്കളും അത്രയുംതന്നെ ക്രിസ്‌ത്യാനികളും 8 ശതമാനത്തിലധികം മുസ്ലീങ്ങളുമാണ്‌ സംസ്ഥാനത്തുള്ളത്‌. മൊത്തം ജനസംഖ്യയിൽ 53 ശതമാനം മെയ്‌തേയ്‌കളാണ്‌. 40 ശതമാനത്തോളം ഗോത്രവിഭാഗവും. വൈവിധ്യങ്ങളുടെ നേർമാതൃക തന്നെയാണ്‌ മണിപ്പൂരുമെന്നർഥം.


ഈ ജനവിഭാഗങ്ങളെ ഭിന്നിപ്പിച്ച്‌ എങ്ങനെ അധികാരം നേടാൻ കഴിയുമെന്ന ആർഎസ്‌എസ്‌-ബിജെപി പരീക്ഷണത്തിന്റെ പരിണത ഫലമാണ്‌ ഇപ്പോൾ മണിപ്പൂരിൽ നടക്കുന്ന കലാപം. ജനസംഖ്യയിൽ ഭൂരിപക്ഷമായ മെയ്‌തേയ്‌കളെ കൂടെനിർത്തിയും പ്രീണിപ്പിച്ചും ക്രിസ്‌ത്യാനികളായ കുക്കികൾക്കും ആദിമ ഗോത്രജനവിഭാഗത്തിനുമെതിരെ വെറുപ്പ്‌ സൃഷ്ടിച്ചുമാണ്‌ ബിജെപി മണിപ്പൂരിൽ നിലയുറപ്പിച്ചത്‌. ഈ ഭിന്നത രൂക്ഷമാക്കാൻ എസ്‌ടി പദവി വേണമെന്ന മെയ്‌തേയ്‌കളുടെ ആവശ്യം കാരണമാവുകയും ചെയ്‌തു. 10 വർഷം മുമ്പാണ്‌ ഈ ആവശ്യവുമായി മെയ്‌തേയ്‌ ട്രൈബ്‌ യൂണിയൻ ഹൈക്കോടതിയെ സമീപിക്കുന്നത്‌. ഈ ആവശ്യത്തോടുള്ള സമീപനം അറിയിക്കാൻ കേന്ദ്ര–-സംസ്ഥാന സർക്കാരുകളോട്‌ ആവശ്യപ്പെട്ടെങ്കിലും 2014 ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന മോദി സർക്കാരോ 2017 ൽ മണിപ്പൂരിൽ അധികാരത്തിൽ വന്ന ബിരേൻസിങ് സർക്കാരോ വ്യക്തമായ മറുപടി നൽകിയില്ല. എന്നാൽ രഹസ്യമായി മെയ്‌തേയ്‌കൾക്കൊപ്പമാണെന്ന സന്ദേശം നൽകുകയും ചെയ്‌തു. ഇതിന്റെ ഫലമായാണ്‌ പത്താമത്തെ വർഷം ഏപ്രിൽ മൂന്നാം വാരത്തിൽ മെയ്‌തേയ്‌കൾക്ക്‌ എസ്‌ടി പദവി നൽകാൻ കേന്ദ്ര ട്രൈബൽ മന്ത്രാലയത്തെ സമീപിക്കാൻ ബിരേൻസിങ് സർക്കാരിനോട്‌ കോടതി ആവശ്യപ്പെട്ടത്‌. കോടതിയുടെ ഈ ഉത്തരവാണ്‌ മണിപ്പൂരിനെ കലാപകലുഷിതമാക്കിയത്‌. എന്നാൽ അതു മാത്രമാണ്‌ കാരണം എന്ന്‌ പറയാനാവില്ല. മെയ്–തേയ്‌കളെ കൂടെനിർത്താനായി കുക്കികളെയും ഗോത്ര വിഭാഗത്തെയും അവരുടെ വാസസ്ഥലങ്ങളിൽ നിന്നും ഒഴിപ്പിക്കാൻ നടത്തിയ നീക്കവും ഇതിന്‌ ഒരുപോലെ കാരണമാണ്‌.

ബംഗ്ലാദേശിൽനിന്നും മ്യാന്മറിൽ നിന്നും വർധിച്ച തോതിൽ കുക്കികൾ മണിപ്പൂരിലെത്തി താമസിക്കുകയാണെന്നും ഇത്‌ മെയ്‌തേയ്‌കളുടെ അംഗസംഖ്യ കുറയ്ക്കുമെന്നുമുള്ള പ്രചാരണമാണ്‌ ആർഎസ്‌എസ്‌ ഉപശാലകളിൽ നിന്നുയർന്നത്‌. മാത്രമല്ല പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുക്കികൾക്ക്‌ താഴ്‌വരയിലും സ്വത്ത്‌ വാങ്ങാനും വീടുവെക്കാനും അവകാശമുണ്ടെങ്കിലും മലയോര മേഖലയിൽ സ്ഥലം വാങ്ങാനോ ബിസിനസ്സ്‌ ചെയ്യാനോ അധികാരം മെയ്‌തേയ്‌കൾക്കില്ല. പട്ടിക വർഗ പദവി ലഭിച്ചാൽ മെയ്‌തേയ്‌കൾക്കും മലയോരമേഖലയിലേക്ക്‌ ചേക്കേറാൻ കഴിയും. ഇതിനാലാണ്‌ എസ്‌ടി യിലേക്ക്‌ മാറണമെന്ന ആവശ്യം മെയ്‌തേയ്‌കൾ ശക്തമാക്കിയത്‌.

പരമ്പരാഗതമായി മണിപ്പൂരിൽ ജീവിക്കുകയും സ്വന്തം ഭാഷ സംസാരിക്കുകയും വൈഷ്‌ണവപാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന മെയ്‌തേയ്‌കൾ ഗോത്രസമൂഹത്തേക്കാൾ ഉന്നതരാണെന്ന്‌ അവകാശപ്പെടുന്ന സമുദായമായിരുന്നു. അവരെങ്ങനെയാണ്‌ ഗോത്രവിഭാഗത്തിലേക്ക്‌ പരിവർത്തനം ചെയ്യാൻ ആവശ്യമുയർത്തിയത്‌? സ്വത്വരാഷ്ട്രീയത്തെ മതവൽക്കരണവുമായി കൂട്ടിക്കുഴയ്ക്കുന്നതിന്‌ സംഘപരിവാർ നടത്തിയ ശ്രമത്തിന്റെ ഭാഗമായല്ലേ ഈ നീക്കം തുടങ്ങിയ സംശയങ്ങളാണ്‌ ഉയരുന്നത്‌. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ മെയ്‌തേയ്‌ വംശജൻ കൂടിയായ ബിരേൻ സിങ്‌ സ്വന്തം സമുദായനേതാക്കളോട്‌ സ്വന്തം ഭൂമി ഒരുകാരണവശാലും മുസ്ലീങ്ങൾക്കോ ക്രിസ്‌ത്യാനികൾക്കോ പുറത്തുനിന്നും എത്തുന്നവർക്കോ കൈമാറരുതെന്ന്‌ ആവശ്യപ്പെട്ടിരുന്നുവത്രെ.

മെയ്‌തേയ്‌കളെ മലയോരമേഖലയിലേക്ക്‌ കുടിയേറിപാർപ്പിച്ച്‌ ക്രിസ്‌ത്യാനികളായ കുക്കികളെ അവിടെനിന്നും ആട്ടിപ്പായിക്കാനുള്ള തന്ത്രമാണ്‌ ബിരേൻ സർക്കാർ കൈക്കൊള്ളുന്നത്‌ എന്ന സംശയം ഗോത്രസമൂഹങ്ങൾക്ക്‌ ഉണ്ടായിരുന്നു. ഈ സംശയം ബലപ്പെടുത്തുന്ന പല നീക്കങ്ങളും സമീപകാലത്തായി ബിരേൻ സിങ്‌ സർക്കാരിൽ നിന്നുണ്ടായി. അതിലൊന്നാണ്‌ അനധികൃത കുടിയേറ്റക്കാർ എന്നു പറഞ്ഞ്‌ ഗോത്രവിഭാഗങ്ങളെ ഒഴിപ്പിക്കുന്നത്. പട്ടാള ഭരണം നിലനിൽക്കുന്ന മ്യാന്മറിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക്‌ അഭയാർഥി പ്രവാഹം ഉണ്ടാകുന്നുവെന്നത്‌ ശരിയാണ്‌. അതിന്റെ ഭാഗമായി ആയിരക്കണക്കിന്‌ കുക്കികൾ മണിപ്പൂരിൽ എത്തിയിട്ടുമുണ്ട്‌. ഇവരെ അഭയാർഥികളായി പ്രഖ്യാപിച്ച്‌ യുഎൻ സഹായത്തോടെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനുപകരം ഇവരെ ചൂണ്ടിക്കാട്ടി മലയോരമേഖലയിൽ താമസിക്കുന്ന കുക്കികളെ വേട്ടയാടുകയാണ്‌ സർക്കാർ ചെയ്‌തത്‌. മിസോറാമിലാകട്ടെ ഇവരെ അഭയാർഥികളായിക്കണ്ട്‌ കുടിയേറിപ്പാർപ്പിക്കുന്നുമുണ്ട്‌.

ഫെബ്രുവരി 15 ന്‌ മലയോരമേഖലയിലെ ജില്ലയായ ചുർചന്ദ്‌പൂരിലെ ഡെപ്യൂട്ടി കമ്മീഷണർ(കലക്ടർ) അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനായി ഒരു തിരിച്ചറിയൽ പരിശോധന നടത്തുന്നതാണെന്ന്‌ പ്രഖ്യാപിച്ചു. ഫെബ്രുവരി 27 മുതൽ മാർച്ച്‌ 17 വരെയാണ്‌ ഈ പരിശോധന നടക്കുകയെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമമുഖ്യന്മാരോട്‌ അവിടുത്തെ നിവാസികളുമായി ഈ ബയോമെട്രിക് പരിശോധനയ്ക്ക്‌ ഹാജരാകാനായിരുന്നു ഉത്തരവ്‌. ഇത്‌ വ്യാപകമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി. ഇതോടൊപ്പം തന്നെ സംരക്ഷിത വനമേഖല, വന്യജീവി സങ്കേതം എന്നീ പേരുകളിൽ വൻതോതിലുള്ള കുടിയൊഴിപ്പിക്കൽ നടപടിയും ആരംഭിച്ചപ്പോൾ പ്രതിഷേധം അണപൊട്ടി. അനധികൃതമായാണ്‌ നിർമിച്ചതെന്ന്‌ ആരോപിച്ച്‌ മൂന്ന്‌ ക്രിസ്‌ത്യൻ പള്ളികൾ നശിപ്പിക്കുകയും ചെയ്‌തു. മാർച്ചിൽ കാങ്പോക്‌പി ജില്ലയിൽ വൻസംഘർഷം റിപ്പോർട്ടുചെയ്‌തു. മലയോരമേഖലയിലെ ജനങ്ങൾ നടത്തിയ റാലിയിലുണ്ടായ സംഘർഷത്തിൽ അഞ്ച്‌ പേർക്ക്‌ പരിക്കേറ്റു. ഇപ്പോഴത്തെ കലാപത്തിന്‌ പ്രധാന കാരണം ഈ ഒഴിപ്പിക്കലാണെന്ന്‌ മുതിർന്ന മാധ്യമപ്രവർത്തകനും ‘ഇംഫാൽ റിവ്യു ഓഫ്‌ ആർട്‌സ്‌ ആന്റ്‌ പൊളിറ്റിക്സി’ന്റെ എഡിറ്ററുമായ പ്രദീപ്‌ ഫാങ്ജൗബാം അണയിടുന്നു. സ്വന്തം പുരയിടവും കൃഷിസ്ഥലവും നഷ്ടപ്പെടുമെന്ന ഭയം ഗോത്രജനതയെ ക്ഷുഭിതരാക്കി.

ഇതോടൊപ്പം തന്നെയാണ്‌ മലയോരമേഖലയിൽ മയക്കുമരുന്ന്‌ ഉപയോഗവും വ്യാപാരവും വ്യാപകമാണെന്നും അതിന്‌ പ്രധാന കാരണം കുക്കികളാണെന്നുമുള്ള പ്രചാരണം. ഇതിന്റെ പേരിൽ കറുപ്പ്‌ കൃഷി വ്യാപകമായി നശിപ്പിക്കാൻ ആരംഭിച്ചു. ബിജെപി ഭരിക്കുന്ന യുപിയിലും മധ്യപ്രദേശിലും കറുപ്പ്‌ കൃഷി തുടരുമ്പോഴാണ്‌ മണിപ്പൂരിൽ അത്‌ നശിപ്പിക്കാൻ ആരംഭിച്ചത്‌. തങ്ങളുടെ ജീവനോപാധിയും ഭൂമിയും തട്ടിയെടുക്കാനുള്ള ബിജെപി സർക്കാരിന്റെ നടപടിയായി കുക്കികൾ ഇതിനെ വിലയിരുത്തി. മെയ്‌തേയ്‌കൾക്ക്‌ എസ്‌ടി പദവി നൽകാൻ ഉത്തരവിട്ട കോടതി വിധിയെ വിമർശിച്ചൂവെന്നു പറഞ്ഞ്‌ ആൾട്രൈബൽ സ്‌റ്റുഡന്റ്‌സ്‌ യൂണിയന്റെയും ഹിൽ ഏരിയാ കമ്മിറ്റിയുടെയും നേതാക്കൾക്ക്‌ ഹൈക്കോടതി നോട്ടീസ്‌ അയച്ചതും ഗോത്രവിഭാഗത്തെ പ്രകോപിപ്പിച്ചു. സർക്കാരും കോടതിയും കേന്ദ്രവും എല്ലാം ചേർന്ന്‌ തങ്ങളെ വേട്ടയാടുകയാണെന്ന വികാരം അവരെ ഗ്രസിച്ചു.

ഇതോടൊപ്പം 2008 ൽ ഒപ്പുവെച്ച സസ്‌പെൻഷൻ ഓഫ്‌ ഓപ്പറേഷൻ (എസ്‌ഒഒ) ത്രികക്ഷികരാറിൽ നിന്നും ബിരേൻ സർക്കാർ മാർച്ച്‌ 10 ന്‌ ഏകപക്ഷീയമായി പിന്മാറി. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കുക്കികളും ഒപ്പിട്ട കരാറായിരുന്നു ഇത്‌. മേഖലയിൽ സമാധാനം പുന:സ്ഥാപിക്കാൻ ഈ കരാർ സഹായിച്ചിരുന്നു. സംസ്ഥാന സർക്കാർ മാത്രം കരാറിൽനിന്നും പിന്മാറിയത്‌ തീർത്തും അപക്വമായ നടപടിയായിരുന്നു. മെയ്‌തേയ്‌ സമുദായത്തെ സർക്കാരുതന്നെ ആയുധ വൽക്കരിക്കുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പൊലീസുകാർ തന്നെയാണ്‌ മെയ്‌തേയ്‌ വിഭാഗത്തിന്‌ ആയുധങ്ങൾ നൽകുന്നതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി ക്ഷേത്രിമായും സാന്റു ആരോപിക്കുകയുണ്ടായി. ഇത്‌ വിവാദമായപ്പോൾ സംസ്ഥാന ഡിജിപി പറയുന്നത്‌ ഇതേക്കുറിച്ച്‌ എൻഐഎ അന്വേഷണത്തിന്‌ തയ്യാറാണെന്നാണ്‌.

ഈ പശ്‌ചാത്തലത്തിലാണ്‌ സംസ്ഥാന ബിജെപിയിൽ ബിരേൻ സിങ്ങിനെതിരെ കലാപം പൊട്ടിപ്പുറപ്പെട്ടത്‌. മെയ്തേയ്‌ സമുദായത്തിന്റെ വക്താവായി ബിരേൻ സിങ് പെരുമാറുകയാണെന്ന്‌ ഗോത്രവിഭാഗത്തിൽപെട്ട എംഎൽഎമാർ പരാതിപ്പെട്ടു. കുക്കി ഗോത്രത്തിൽപെട്ട നാല്‌ ബിജെപി എംഎൽഎമാർ സർക്കാർ നൽകിയ വിവിധ പദവികൾ രാജിവെച്ച്‌ ഡൽഹിയിലേക്ക്‌ കുതിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തെ ഗോത്രജനതയുടെ അസംതൃപ്‌തി അറിയിച്ചു. ബിരേൻ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റണമെന്ന്‌ അവർ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്ര നേതൃത്വം ഈ മുന്നറിയിപ്പുകൾ അവഗണിച്ചു. (ഏറ്റവും അവസാനമായി ഒരു ബിജെപി എംഎൽഎതന്നെ മെയ്‌തേയികൾക്ക്‌ എസ്‌ടി പദവി നൽകാനുള്ള കോടതി വിധി ചോദ്യം ചെയ്‌ത്‌ ഹർജി സമർപ്പിച്ചിരിക്കുകയാണ്‌.)

ഈ പശ്‌ചാത്തലത്തിലാണ്‌ മെയ്‌ മൂന്നിന്‌ ആൾ ട്രൈബൽ സ്‌റ്റുഡൻസ്‌ യൂണിയൻ ചർചന്ദ്‌ പൂർ ജില്ലയിലെ ടൊർബുങ്ങിൽ മഹാറാലി നടത്തിയത്‌. അരലക്ഷത്തിലധികം പേർ പങ്കെടുത്ത റാലി ഗോത്രജനതയുടെ ശക്തി പ്രകടനമായിരുന്നു. ഈ റാലിക്കിടെയാണ്‌ സംഘർഷം ആരംഭിച്ചത്‌. ഇരു വിഭാഗവും പൊലീസ്‌ സ്‌റ്റേഷനുകൾ കയ്യേറി തോക്കുകളും ആയുധങ്ങളും കൈവശമാക്കുകയും അവ വ്യാപകമായി ഉപയോഗിക്കുകയും ചെയ്‌തു.വീടുകളും സ്ഥാപനങ്ങളും പള്ളികളും അമ്പലങ്ങളും അഗ്‌നിക്കിരയാക്കപ്പെട്ടു. ടൊർബുങ് റാലിക്ക്‌ മുമ്പുതന്നെ അന്തരീക്ഷം മോശമായിരുന്നു. എപ്രിൽ 27 ന്‌ ചുർചന്ദ്‌ പൂരിൽ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യാനിരുന്ന ജിം കുക്കികൾ അഗ്‌നിക്കിരയാക്കിയിരുന്നു. ഈ സംഭവത്തിൽ നിന്നും പാഠം ഉൾക്കൊണ്ടിരുന്നുവെങ്കിൽ മെയ്‌ നാലിന്‌ ആരംഭിച്ച സംഘർഷം ഒഴിവാക്കാമായിരുന്നു. എന്നാൽ കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ ഇത്‌ ഗൗരവത്തിലെടുത്തില്ല. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും കർണാടകയിൽ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. അദാനിയെക്കുറിച്ചെന്നപോലെ മണിപ്പൂരിനെക്കുറിച്ചും പ്രധാനമന്ത്രി ഇതെഴുതുന്നതുവരെയും ഒരക്ഷരം ഉരിയാടിയിട്ടില്ല. ഏതുവിധേനയും അധികാരം നേടുക മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മോദിക്കും അമിത് ഷായ്ക്കും രാജ്യസുരക്ഷയെക്കുറിച്ച്‌ ചിന്തിക്കാനൊ ന്നും സമയം ഉണ്ടായിരുന്നില്ല. വോട്ട്‌ പെട്ടിയിലാകുന്നതുവരെ മാത്രമേ അവർക്ക്‌ രാജ്യസുരക്ഷ മുദ്രാവാക്യമാകുന്നുള്ളൂ. അതിന്റെ ഫലം കൂടിയാണ്‌ മണിപ്പൂരിലെ സംഘർഷങ്ങളും ജമ്മുവിലെ ആവർത്തിക്കുന്ന ഭീകരാക്രമണങ്ങളും.

സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയ്ക്കുള്ള മറ്റൊരു തെളിവാണ്‌ ഭരണഘടനയിലെ 355 –ാം വകുപ്പ്‌ ഉപയോഗിച്ച രീതി. 356 –ാം വകുപ്പ്‌ ഉപയോഗിക്കുന്നതിന്റെ മുന്നോടിയായാണ്‌ 355 ഉപയോഗിക്കപ്പെടേണ്ടത്‌. സ്വന്തം പാർട്ടി സർക്കാരായതുകൊണ്ടായിരിക്കണം 356 ഉപയോഗിക്കാതെ 355 ഉപയോഗിച്ചത്. എന്നാൽ ഇതു സംബന്ധിച്ച ഒരുത്തരവ്‌ കേന്ദ്രം ഇതുവരെയും ഇറക്കിയിട്ടില്ല. എന്നാൽ ബിജെപി എംഎൽഎ രാജകുമാർ ഇമോം സിങ് ട്വിറ്ററിലൂടെയും സംസ്ഥാന പൊലീസ്‌ മേധാവി പത്രസമ്മേളനത്തിലൂടെയുമാണ്‌ മണിപ്പൂരിൽ 355 –ാം വകുപ്പ്‌ ചുമത്തിയതായി അറിയിച്ചത്‌. ഏതായാലും ഡബിൾ എഞ്ചിൻ ഗവൺമെന്റിന്റെ ഗുണങ്ങളിലൊന്നായി മണിപ്പൂരിലെ 355–ാം വകുപ്പ്‌ ചുമത്തിയത്‌ എണ്ണപ്പെടും. കേന്ദ്രം ഭരിക്കുന്ന കക്ഷി സ്വന്തം പാർട്ടി ഭരണം നടത്തുന്ന സംസ്ഥാന സർക്കാരിനെതിരെ ആദ്യമായിട്ടാണ്‌ 355 –ാം വകുപ്പ്‌ ചുമത്തുന്നത്‌. ഡബിൾ എഞ്ചിൻ ഗവൺമെന്റിന്റെ പരിമിതി രാജ്യത്തെ ബോധ്യപ്പെടുത്തുന്നതു കുടിയാണ്‌ മണിപ്പൂരിലെ സംഘർഷങ്ങൾ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 10 =

Most Popular