Monday, September 9, 2024

ad

Homeസാര്‍വദേശീയംസമാധാനത്തിന്റെ നയതന്ത്രം

സമാധാനത്തിന്റെ നയതന്ത്രം

ജി വിജയകുമാർ

റാനും സൗദി അറേബ്യയും തമ്മിലുള്ള ശത്രുതയ്ക്ക് ദശകങ്ങളുടെ പഴക്കമാണുള്ളത്; പ്രത്യേകിച്ചും ഇറാനിൽ ഷാ ഭരണം അവസാനിക്കുകയും ഇസ്ലാമിക് റിപ്പബ്ലിക് നിലവിൽ വരികയും ചെയ്തശേഷം. രാഷ്ട്രീയവും സാമ്പത്തികവുമായ മാനങ്ങൾക്കൊപ്പം ഇതിന് മതവുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രഭിന്നതകളും കാരണമായിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള പേർഷ്യക്കാരും അറബികളും തമ്മിലുള്ള വംശീയശത്രുതയുടെ തുടർച്ചയാണ് ഇറാൻ –സൗദി സംഘർഷത്തിൽ നിലനിൽക്കുന്നത്. ഇസ്ലാമിലെ രണ്ട് ആചാരസംഹിതകൾ തമ്മിലുള്ള തർക്കമായും അത് നിലനിൽക്കുന്നു– ഷിയ വിഭാഗത്തിന് പ്രാമുഖ്യമുള്ള ഇറാനും സുന്നി വിഭാഗത്തിന്റെ നെടുനായകത്വം വഹിക്കുന്ന സൗദി അറേബ്യയും. മിഡിൽ ഈസ്റ്റ് മേഖലയിൽ (പശ്ചിമേഷ്യ–ഉത്തരാഫ്രിക്ക മേഖലയിൽ) സംഘർഷാവസ്ഥ നിലനിർത്തി, കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള സാമ്രാജ്യത്വശക്തികളുടെ, പ്രത്യേകിച്ചും അമേരിക്കയുടെ, ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വെെരം രൂക്ഷമാക്കുകയും ചെയ്തു.

ചെെനയുടെ മധ്യസ്ഥതയിൽ ഇറാനും സൗദി അറേബ്യയും തമ്മിൽ നടന്ന അഞ്ചു ദിവസം നീണ്ട അനുരഞ്ജന ചർച്ച 2023 മാർച്ച് 10ന് സമാപിച്ചതോടെ ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ മാത്രമല്ല, ആ മേഖലയിലാകെത്തന്നെ സംഘർഷ ലഘൂകരണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. 2021 മുതൽ അണിയറയിൽ തുടർന്നിരുന്ന ചർച്ചകൾ പരിസമാപ്തിയിൽ വിജയകരമായി എത്തിച്ചേരുകയായിരുന്നു, 2023 മാർച്ച് 10ന്. 1987 മുതൽ ഏറെക്കുറെ ശിഥിലമായി കഴിഞ്ഞിരുന്ന നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുമെന്നതാണ് ഈ ചർച്ചകളിലൂടെ ഉണ്ടായ നേട്ടം. തർക്ക പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്നല്ല, മറിച്ച് അത്തരം പ്രശ്നങ്ങൾക്ക് അനുരഞ്ജനത്തിലൂടെ പരിഹാരം കാണുകയെന്ന നയതന്ത്രത്തിന്റെ വിശാലമായ വഴിയൊരുക്കിയിരിക്കുകയാണ് ചെെന.

രണ്ടാം ലോകയുദ്ധാനന്തരകാലത്ത്, അതായത് ശീതയുദ്ധക്കാലത്ത്, 1950 മുതൽ 1980കൾ വരെ ഇരുരാജ്യങ്ങളും അമേരിക്കൻ കുടക്കീഴിൽ മതത്തിനുള്ളിലെ തർക്കപ്രശ്നങ്ങൾ മാറ്റിവച്ച് ഒന്നിച്ച് നിൽക്കുകയായിരുന്നു. 1932ൽ സൗദി അറേബ്യയിൽ ബ്രിട്ടീഷ്– അമേരിക്കൻ സാമ്രാജ്യത്വശക്തികളുടെ അനുഗ്രഹാശിസ്സുകളോടെ രാജവാഴ്ച ഉറപ്പിക്കുകയും 1953ൽ ഇറാനിലെ ജനാധിപത്യഭരണത്തെ അമേരിക്കയും ബ്രിട്ടനും ചേർന്ന് അട്ടിമറിച്ച് ഷാ പഹൽവിയുടെ സേ-്വച്ഛാധിപത്യവാഴ്ച സ്ഥാപിക്കുകയും ചെയ്തതോടെയാണ്. സാമ്രാജ്യത്വത്തിന്റെ ശക്തരായ രണ്ട് ശിങ്കിടികളായി ഇരുരാജ്യങ്ങളും മാറിയത്.

ഇറാനിൽ ഷായുടെ ഭരണത്തിന് ജനകീയ മുന്നേറ്റത്തിലൂടെ, 1979ൽ അന്ത്യം കുറിക്കുകയും ഇസ്ലാമിക റിപ്പബ്ലിക് നിലവിൽ വരികയും ചെയ്തതോടെ സ്ഥിതി മാറി. അമേരിക്ക ഇറാനിലെ ഇസ്ലാമിക ഭരണത്തോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കാൻ തുടങ്ങിയശേഷം നടന്ന ഈ മേഖലയിലെ സംഘർഷങ്ങൾക്കെല്ലാം പിന്നിൽ പഴയ അറബ്– പേർഷ്യൻ വംശീയ വെെരത്തിന്റെ അംശം, സുന്നി–ഷിയ തർക്കങ്ങളുടെ അംശം കാണാം; എന്നാൽ അതെല്ലാം ഉൗതിവീർപ്പിച്ച് സംഘർഷത്തിലേക്കും ഏറ്റുമുട്ടലിലേക്കും എത്തിച്ചത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഇടപെടലുകൾ മൂലമാണ്. ശീതയുദ്ധകാലത്ത് ഈ രാജ്യങ്ങളെ തങ്ങൾക്കൊപ്പം ഒരുമിച്ച് ഉറപ്പിച്ചു നിർത്താൻ ശ്രമിച്ചിരുന്ന അമേരിക്ക ശീതയുദ്ധാനന്തരം ഇവയെ തമ്മിലടിപ്പിച്ച് മുതലെടുക്കാനുള്ള നീക്കമാണ് നടത്തിയത്. അതാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ പല രാജ്യങ്ങളിലും ആഭ്യന്തരയുദ്ധങ്ങൾക്കിടയാക്കിയത്; സോവിയറ്റ് യൂണിയന്റെ തകർച്ചയെ തുടർന്ന് മധേ-്യഷ്യൻ രാജ്യങ്ങളിലേക്കും ശിഥിലീകരണത്തിന്റെ വിഷവിത്തുകൾ വിവിധ സാമ്രാജ്യത്വ ഏജൻസികളുടെ ഒത്താശയോടെ വിതയ്ക്കപ്പെട്ടു.

ഇറാഖും ഇറാനും തമ്മിൽ നടന്ന യുദ്ധങ്ങൾക്കു പിന്നിലും ലബനനിലും സിറിയയിലും ഇറാഖിനുള്ളിലും ഗൾഫ് രാജ്യങ്ങളിലും യെമനിലുമെല്ലാം നിലനിൽക്കുന്ന സംഘർഷങ്ങൾക്കും പിന്നിൽ നിഴലിക്കുന്നത് സൗദി അറേബ്യയും ഇറാനും തമ്മിലുള്ള ഈ സംഘർഷമാണ്. ഈ മേഖലയാകെ പുകയുന്ന അഗ്നിപർവതംപോലെ സംഘർഷഭരിതമായി തുടരേണ്ടത് അമേരിക്കയുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ആവശ്യമാണ്. അതിനേറ്റ ഒരു തിരിച്ചടിയാണ് ഇപ്പോൾ ഇറാനും സൗദി അറേബ്യയും തമ്മിൽ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ കെെക്കൊണ്ട തീരുമാനം.

സംഘർഷലഘൂകരണത്തിന് എന്തെല്ലാം നടപടികൾ കെെക്കൊള്ളണമെന്ന് കൃത്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ലയെന്ന് ചില പാശ്ചാത്യമാധ്യമങ്ങൾ വിമർശിക്കുന്നുണ്ടെങ്കിലും തുടർന്ന് കൂടിയാലോചനകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള വഴി തുറന്നുവെന്നതുതന്നെ വലിയൊരു ചുവടുവയ്പാണ്. കൃത്യമായ പരിഹാരം കാണേണ്ട ഒരു വിഷയമാണ് യെമനിലെ ഹൗത്തിപ്രശ്നം. ഐക്യരാഷ്ട്ര സഭയിലെ ഇറാൻ പ്രതിനിധികൾ നടത്തിയ ഒരു പ്രസ്താവനയിൽ യെമനിൽ വെടിനിർത്തൽ വേഗതയിലാക്കുമെന്നും ദേശീയ സമവായമുണ്ടാക്കാൻ സഹായിക്കുമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ദേശീയ ഗവൺമെന്റ് രൂപീകരിക്കാൻ സഹായിക്കുമെന്നും വ്യക്തമാക്കിയതുതന്നെ ഒരു ദശകക്കാലമായി തുടരുന്ന യെമനിലെ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷ നൽകുന്നതാണ്. ഇറാനും സൗദിയും തമ്മിൽ എത്തിച്ചേർന്ന ധാരണ തങ്ങളുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും തങ്ങൾ ഇറാന്റെ ആശ്രിതരല്ലെന്നും പ്രതികരിച്ചെങ്കിലും ആ പ്രശ്നത്തിലും ചർച്ചകൾക്ക് വഴി തുറന്നുവെന്നു തന്നെയാണ് കാണേണ്ടത്. ഹൗത്തികളുടെ പ്രതികരണത്തിനു പിന്നാലെ മാർച്ച് 16ന് ഇറാനിയൻ വിദേശമന്ത്രാലയം യെമൻ പ്രശ്നത്തിന് ഇറാനും സൗദിയും തമ്മിലുള്ള ധാരണ ബാധകമല്ലെന്നും അതിന് ബന്ധപ്പെട്ട കക്ഷികളെല്ലാം കൂടി ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നും പ്രസ്താവിച്ചു. ചെെനയുടെ മധ്യസ്ഥതയിൽ യെമനിൽ ഇപ്പോൾ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തൽ സമാധാനം സ്ഥാപിക്കുന്നതിന് വഴിയൊരുക്കുമെന്നുതന്നെയാണ് പൊതുവിൽ നയതന്ത്ര രംഗത്തെ നിരീക്ഷകർ കാണുന്നത്. യെമനിലെ സംഘർഷത്തിനു മാത്രമല്ല, ഇറാഖ് ലബനൻ സിറിയ, ഗർഫ് രാഷ്ട്രങ്ങൾ എന്നിവയിലെല്ലാം നിലവിലുള്ള സിയ–സുന്നി സംഘർഷങ്ങളും ഇതോടെ ലഘൂകരിക്കപ്പെടും.

മീഡിൽ ഈസ്റ്റ് മേഖലയിൽ ചെെന ചുവടുറപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിലും അമേരിക്കൻ വിദേശകാര്യ വകുപ്പിനുപോലും ഇപ്പോഴുണ്ടായ ധാരണയെ പരസ്യമായി സ്വാഗതം ചെയ്യാതിരിക്കാനായില്ല. കാരണം സൗദി അറേബ്യയെ പിണക്കാൻ അമേരിക്കയ്ക്കു കഴിയില്ലയെന്നതുതന്നെ.മാത്രമല്ല, ലോകത്താകെയുള്ള, അമേരിക്കയിൽ ഉൾപ്പെടെ, പൊതുജനാഭിപ്രായം ഈ മേഖലയിൽ സമാധാനം ഉറപ്പാക്കണമെന്നതാണ്. അതിനു പുറംതിരിഞ്ഞുനിൽക്കാൻ ബെെഡൻ ഭരണത്തിന് രാഷ്ട്രീയ കാരണങ്ങളാൽ ഇന്ന് കഴിയുകയുമില്ല. ചെെനയുടെ മധ്യസ്ഥതയിൽ ഇറാനുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിലൂടെ അമേരിക്കയോട് അകന്നുവെന്ന് അർഥമില്ലെന്ന് സൗദി വിദേശകാര്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ, മിഡിൽ ഈസ്റ്റിൽ പൊതുവെയും സൗദി അറേബ്യയിൽ പ്രത്യേകിച്ചും വ്യാപാര ബന്ധങ്ങളിൽ ചെെനയുടെ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് നയതന്ത്ര രംഗത്തെ ഈ നീക്കത്തെ കാണേണ്ടത്. ചെെന ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 50 ശതമാനത്തോളവും പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നാണ്; 2021ലെ കണക്കനുസരിച്ച് ഇതിന്റെ സിംഹഭാഗവും സൗദി അറേബ്യയിൽനിന്നുമാണ്. ചെെനയ്ക്കാവശ്യമായ എൽഎൻജി (ലിക്യുഡ് നാച്ചുറൽ ഗ്യാസ്)യുടെ ഏഴ് ശതമാനവും ഇറക്കുമതി ചെയ്യുന്നത് ഖത്തറിൽ നിന്നാണ്. ഇക്കാരണങ്ങളാൽതന്നെ പേർഷ്യൻ ഗൾഫ് മേഖലയിൽ സുസ്ഥിരതയും സമാധാനവും ഉറപ്പാക്കേണ്ടത് ചെെനയുടെയും ആവശ്യമാണ്.

പേർഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്കയുടെ ശക്തമായ സെെനിക സാന്നിധ്യം നിലവിലുണ്ട്. പക്ഷേ കഴിഞ്ഞ ഏതാനും വർഷങ്ങളായി അമേരിക്കയുടെ ഈ മേഖലയിലെ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധത്തിൽ ഇടിവുണ്ടായിക്കൊണ്ടിരിക്കുകയാണ്. അതേസമയം ചെെനയുടെ ഈ മേഖലയിലെ രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അതിവേഗം വർധിച്ചുവരികയാണ്, പ്രത്യേകിച്ചും സൗദി അറേബ്യയുമായി. 21–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം പിന്നിട്ടതോടുകൂടി ചെെനയ്ക്ക് മിഡിൽ ഈസ്റ്റുമായുള്ള വ്യാപാരബന്ധം കുതിച്ചുയരാൻ തുടങ്ങി. 2019ൽ 18,000 കോടി ഡോളറായിരുന്നത് 2021 ആയപ്പോൾ 25,900 കോടി ഡോളറായി കുതിച്ചുയർന്നു. എന്നാൽ അമേരിക്കയുടെ ഈ മേഖലയുമായുള്ള വ്യാപാരബന്ധം 2019ൽ 12,000 കോടി ഡോളറായിരുന്നത് 2021ൽ 8,200 കോടി ഡോളറായി കുത്തനെ ഇടിയുകയാണുണ്ടായത്. അമേരിക്കയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമായ പിന്നോട്ടുപോക്കിന്റെ പ്രതിഫലനമാകണം ഇത്. സൗദി അറേബ്യയെയും മറ്റു പേർഷ്യൻ –ഗൾഫ് രാജ്യങ്ങളെയും ചെെനയുമായി കൂടുതൽ അടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്ന് ഇതാണ്. മാത്രമല്ല, അമേരിക്കയുമായുള്ള ബന്ധം ഈ രാജ്യങ്ങൾ നിലനിർത്തുന്നതിനോട് ചെെനയ്ക്ക് വിയോജിപ്പുമില്ല.

ചെെന പൊതുവിൽ മറ്റു രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലോ സംഘട്ടനങ്ങളിലോ കക്ഷി ചേരുകയോ ഇടപെടുകയോ ചെയ്യുന്ന പതിവില്ല. ആ നിലയിൽ ചെെനയുടെ നയതന്ത്രരംഗത്തേക്കുള്ള ഇപ്പോഴത്തെ ചുവടുവയ്പ് ഒരു മാറ്റത്തിന്റെ തുടക്കമാണ്. ചെെനയുടെ നിലപാടിൽ വന്ന മാറ്റത്തെ പേർഷ്യൻ ഗൾഫ് രാജ്യങ്ങളാകെ സ്വാഗതം ചെയ്യുകയാണ്. ചെെനയുടെ ഈ ഇടപെടൽമൂലമാണ് ദശകങ്ങളായി പോരടിച്ച് നിന്നിരുന്ന രണ്ട് രാജ്യങ്ങളുടെ പ്രശ്നങ്ങൾ ഒരു മേശക്കു ചുറ്റുമിരുന്ന് ചർച്ചചെയ്യാൻ കളമാെരുങ്ങിയത്.

അമേരിക്കയുടേതിൽനിന്നു വ്യത്യസ്തമായി ചെെനയുടെ സമീപനം യുദ്ധത്തിന്റേതല്ല; സംഘർഷരഹിതമായ (zero confict) ലോകം എന്ന ആശയമാണ് ചെെന മുന്നോട്ടുവയ്ക്കുന്നത‍്. ആ ദിശയിലുള്ള ചെെനയുടെ ആദ്യത്തെ നയതന്ത്ര നീക്കമാണ് ഇറാൻ–സൗദി ചർച്ച. ആ ചുവടുവയ്പുതന്നെ വിജയകരമായി. അമേരിക്ക ദശകങ്ങളായി ചേരിതിരിച്ച് തമ്മിലടിപ്പിച്ചുകൊണ്ടിരുന്ന മേഖലയിലാണ് ചെെന സമാധാനത്തിന്റെ സന്ദേശവുമായി എത്തിയത്.

ഉക്രൈനിൽ സമാധാനം സ്ഥാപിക്കുന്നതിന് ഷി ജിൻപിങ് നടത്തിയ ഇടപെടലുകളും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. ഉക്രൈൻ പ്രസിഡന്റ് സെലൻസ്കിയുമായും റഷ്യൻ പ്രസിഡന്റ് പുടിനുമായും ഷി നടത്തിയ ചർച്ചയെത്തുടർന്ന് ചെെന മുന്നോട്ടു വച്ച സമാധാന നിർദേശങ്ങൾ ഇരുരാഷ്ട്രങ്ങൾക്കും സ്വീകാര്യമായിരുന്നിട്ടും അമേരിക്കയും അവർക്കൊപ്പമുള്ള കുത്തിത്തിരിപ്പ് സംഘങ്ങളും നടത്തിയ പിൻവാതിൽ നീക്കങ്ങളാണ് ഉക്രൈൻ പ്രസിഡന്റിനെ സമാധാന ചർച്ചയിൽനിന്ന് പിന്തിരിപ്പിച്ചത്.

ലോകത്ത് സമാധാനം സ്ഥാപിച്ചുകൊണ്ട് ലോകജനതയുടെ സാമ്പത്തികമായ അഭിവൃദ്ധിയും ക്ഷേമവും ഉറപ്പാക്കുകയെന്ന ചെെനീസ് കമ്യൂണിസ്റ്റു പാർട്ടിയുടെ നയമാണ് ഉക്രൈൻ കാര്യത്തിലായാലും മിഡിൽ ഈസ്റ്റിലായാലും ചെെന മുന്നോട്ടുവയ്ക്കുന്നത്.

മധേ-്യഷ്യൻ രാജ്യങ്ങളിൽ ചെെനീസ് വിദേശകാര്യമന്ത്രി ഖിങ് ഗാങ് നടത്തിയ ചർച്ചകളും ഇതേ ലക്ഷ്യത്തോടെ നടത്തപ്പെട്ടതാണ്. ലോകത്താകെ പശ്ചാത്തലസൗകര്യ വികസനം ലക്ഷ്യമിട്ട് ചെെന മുന്നോട്ടുവയ്ക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനിഷേ-്യറ്റീവ് സാമ്പത്തിക വികസനപരമായ ചെെനയുടെ ഇടപെടലാണ്. ഇതിലൂടെ നയതന്ത്രരംഗത്ത് വലിയൊരു ഇടപെടൽ സാധ്യതയാണ് ചെെനയ്ക്ക് ലഭ്യമായത്. ഈ പദ്ധതിപ്രകാരം ചെെന മറ്റു രാജ്യങ്ങൾക്ക് വികസനാവശ്യങ്ങൾക്കായി ഉപാധികളില്ലാതെ ഉദാരമായ സഹായമാണ് നൽകുന്നത്. അങ്ങനെ നൽകുന്ന സഹായങ്ങൾ ഫ-ലപ്രാപ്തിയിലെത്തണമെങ്കിൽ സംഘർഷരഹിതമായ അന്തരീക്ഷം നിലനിൽക്കണം. അതാണ് ചെെനയുടെ നിലപാടിന്റെ പ്രാധാന്യം. തർക്കപ്രശ്നങ്ങൾക്ക് സംഘട്ടനങ്ങളിലൂടെയല്ല, സമാധാനപരമായി ചർച്ചകളിലൂടെയാണ് പരിഹാരം കാണേണ്ടതെന്ന ചെെനയുടെ നിലപാടിന് മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 14 =

Most Popular