അവസാനത്തെ നായകർ (The last heroes) എന്ന പി സായ്നാഥിന്റെ പുസ്തകത്തിൽ അദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിൽ ആവേശകരമായ സംഭാവനകൾ നൽകിയ പോരാളികളുടെ ജീവിതത്തിലൂടെ കടന്നുപോകുകയാണ്. അതിലെ എട്ടാമത്തെ അധ്യായം ഗാന്ധിയനായ ബാജി മുഹമ്മദിനെക്കുറിച്ചാണ്. അംഹിംസാത്മകതയുടെ ഒൻപതുപതിറ്റാണ്ട് എന്നാണതിന്റെ തലക്കെട്ട്. എന്നാൽ അംഹിംസയെ ജീവിതവ്രതമാക്കി മാറ്റിയ ഇന്ത്യൻ സ്വാതന്ത്ര്യ സമര ഭടന് അടിയേൽക്കേണ്ടിവന്ന സന്ദർഭങ്ങൾ അതിൽ വിവരിക്കുന്നുണ്ട്. ബ്രിട്ടീഷ് ആധിപത്യകാലത്ത് ജയിലിലെ കുടുസ്സുമുറിയിൽ എട്ടുപേർക്കൊപ്പം കഴിയേണ്ടിവന്നതും ഒരേ മൺപാത്രത്തിൽ ഒരാൾക്കു പിറകെ മറ്റൊരാളെന്ന നിലയിൽ മലമൂത്രവിസർജനം നടത്തേണ്ടിവന്നതുമെല്ലാം അതിൽ വിവരിച്ചിട്ടുണ്ട്. കൊളോണിയൽ അധികാരികളുടെ നിരവധി മർദന മുറകളേയും അതിക്രമങ്ങളേയുമാണ് ബാജി മുഹമ്മദിനും സഹപ്രവർത്തകർക്കും അതിജീവിക്കേണ്ടിവന്നത്. 1942ൽ നബരങ്പൂരിലെ പാപദഹന്തിയിൽ സ്വാതന്ത്ര്യ സമരപോരാളികൾക്കുനേരെ നടത്തിയ അതിക്രമത്തിൽ 19 പേരാണ് കൊല്ലപ്പെട്ടിരുന്നത്. അങ്ങനെയെത്രയോ അതിക്രമങ്ങളുടെ കാലഘട്ടങ്ങളിലൂടെ യാത്രചെയ്തൊരാൾ. അദ്ദേഹത്തിന്റെ കാലിന്റെ എല്ലുകൾ ബ്രിട്ടീഷ് പൊലീസ് അടിച്ചുടച്ചിരുന്നു. സായ്നാഥ് എഴുതി, അദ്ദേഹത്തിന്റെ എല്ലുകൾ അടിച്ചുതകർത്തെങ്കിലും പോരാട്ടവീറിനെ തകർക്കാനായിട്ടില്ല. സ്വാതന്ത്ര്യാനന്തരം തന്റെ പതിനാലേക്കർ ഭൂമി അദ്ദേഹം ദാനം ചെയ്തു. ഗാന്ധിയൻ ജീവിതമാതൃകയെ മുറുകെപ്പിടിക്കാൻ ശ്രമിച്ചു. സാമാധാന സന്ദേശം ജീവിതവ്രതമാക്കി മാറ്റിയ ബാജി മുഹമ്മദിന് സ്വതന്ത്ര ഇന്ത്യയിൽ അടിയേറ്റ് തലപൊട്ടി ചോരയൊഴുകി ആശുപത്രിയിൽ കിടക്കേണ്ടിവരികയുണ്ടായി. അത് 1992ലായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിന്റെ ഭീകരാക്രമണം നേരിട്ടതിന്റെ അമ്പതാം വാർഷികത്തിൽ. ബാബറി മസ്ജിദ് തകർക്കാൻ ആർഎസ്എസ് കർസേവകരായിരുന്നു അദ്ദേഹത്തെ അടിച്ചുവീഴ്ത്തിയത്. ദിവസങ്ങളോളം അദ്ദേഹം ആശുപത്രിയിലായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനികളെ അടിച്ചുവീഴ്ത്തിയവർ ദേശചരിത്രത്തെ പിച്ചിച്ചീന്തുന്നതും നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭാഗമാണ് എൻസിഇആർടി പാഠപുസ്തകങ്ങളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നത്. ആർഎസ്എസ് വിഷം വിതറാനുള്ള ഉപായംമാത്രമായി പാഠപുസ്തക രചനാസമിതികളെ മാറ്റിയിരിക്കുന്നു. സാമ്രാജ്യത്വത്തിന്റെ ഉപോൽപന്നമാണ് വർഗീയത. ജനതയുടെ ഐക്യത്തെ തകർത്താൽ മാത്രമാണ് സാമ്രാജ്യത്വശക്തികൾക്ക് നിലനിൽക്കാനാകുക. അതുകൊണ്ട് വർഗീയതയുടെ പ്രചാരകരെയും പ്രയോക്താക്കളേയും നിർലോഭം പിന്തുണയ്ക്കാൻ അവർ മടിക്കാറില്ല. ബൂർഷ്വാ രാഷ്ട്രീയപാർടികൾ അധികാരത്തിലേറാൻ വർഗീയതയെ ഉപയോഗിക്കുകയും അതുപോലെ വർഗീയതയെ എതിർക്കുന്നതായി നടിക്കുകയും ചെയ്യും. ഇന്ത്യയിൽ കോൺഗ്രസിന്റെയും ബിജെപിയുടേയും സമീപനങ്ങൾ പരിശോധിക്കുന്നത് അതുമനസിലാക്കാൻ നമ്മെസഹായിക്കും. ബാജി മുഹമ്മദ് അടിയേറ്റു വീണ ഉത്തർപ്രദേശിലെ അയോദ്ധ്യയും കന്ദമഹറുമെല്ലാം അതിന്റെ ശരിയായ അടയാളപ്പെടുത്തലാണ്.
പാഠപുസ്തകങ്ങളും പൗരരും
പാഠപുസ്തകങ്ങൾ ഒരുരാജ്യത്തെ പൗരരെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്കാണ് വഹിക്കുക. പൗരത്വവും പൗരബോധവുമെല്ലാം ആധുനിക സാമൂഹ്യ ക്രമത്തിന്റെ ഭാഗവുമാണ്. ഒരു രാജ്യത്തെ പൗരരെങ്ങനെയായിരിക്കണമെന്ന വീക്ഷണം പാഠപുസ്തകങ്ങളിൽ കാണാനാകും. ഇന്ത്യയിൽ പാഠപുസ്തകങ്ങൾ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ മഹത്തായ സന്ദേശം മുന്നോട്ടുവയ്ക്കുന്നതിനാണ് ശ്രമിച്ചിട്ടുള്ളത്. ഭരണഘടനാ മൂല്യങ്ങൾ അതിന്റെ മൂലക്കല്ലായി പ്രവർത്തിക്കുകയും ചെയ്യുകയുണ്ടായി. ശാസ്ത്രീയ ചിന്ത, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസം തുടങ്ങിയ മാനവികകാഴ്ചപ്പാടുകളുടെ പ്രചാരണം ഇന്ത്യയുടെ അടിസ്ഥാന സമീപനമായിരുന്നു. എന്നാൽ മാനവികവീക്ഷണങ്ങളെയെല്ലാം നശിപ്പിച്ച് മനുഷ്യവിരുദ്ധചിന്തയുടെ പ്രചാരണകേന്ദ്രമാക്കി വിദ്യാലയങ്ങളെ മാറ്റിത്തീർക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. അതിനായി പാഠപുസ്തകങ്ങളെ ഉപയോഗിക്കുകയാണ്. വിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള പാഠ്യക്രമം. പൗരബോധം വിദ്വേഷാത്മകമാക്കുക, ന്യൂനപക്ഷങ്ങളേയും ദളിതരേയും വേട്ടയാടുന്നത് തെറ്റല്ലെന്ന മൂല്യബോധമുണ്ടാക്കുക, ദരിദ്ര്യം ദൈവഹിതമാണെന്നും അവരെ ചൂഷണംചെയ്യുന്നത് തെറ്റല്ലെന്നും പഠിപ്പിക്കുക. അങ്ങനെ ജനതയെ സ്വത്വ രാഷ്ട്രീയത്തിലൂടെ ഭിന്നിപ്പിക്കുകയും അതിലൂടെ ആർഎസ്എസിന് അധികാരം പിടിക്കാനരങ്ങൊരുക്കുകയും ചെയ്യുക എന്നതാണ് അവരുടെ ലക്ഷ്യം. അതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നു മാത്രമാണ് എൻസിഇആർടി പാഠപുസ്തകത്തിലെ വെട്ടിത്തിരുത്തലുകൾ. ഇതേസമയം ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംസ്ഥാന സർക്കാരുകളും സർവ്വകലാശാലകളും സ്വയംഭരണ സ്ഥാപനങ്ങളുമെല്ലാം അവരുടേതായ നിലയിൽ പാഠപുസ്തകങ്ങൾ ആർഎസ്എസിനായി തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്.
ലോകത്തെല്ലായിടത്തും തീവ്രവലതുപക്ഷം സിലബസ് പരിഷ്-കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. വർത്തമാനകാല അമേരിക്കൻ സംഭവങ്ങളുൾപ്പെടെ അതിന്റെ ഭാഗമായി പരിശോധിക്കാവുന്നതാണ്. ഫാസിസ്റ്റ് ശക്തികൾ എക്കാലത്തും വിദ്യാഭ്യാസത്തെ വരുതിയിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഹിറ്റ്ലർ ജർമ്മനിയിൽ വിദ്യാഭ്യാസത്തെ വംശീയവിദ്വേഷം പ്രചരിപ്പിക്കാനുള്ള ഉപാധിയാക്കി മാറ്റുകയായിരുന്നു. വർത്തമാനകാലലോകത്തും അത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഭരണപക്ഷത്തുനിന്നും അല്ലാതെയും ജനാധിപത്യ വിരുദ്ധശക്തികൾ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഇന്ത്യയിൽ ആർഎസ്എസ് നിയന്ത്രണത്തിലല്ലാത്ത ഭരണം ഉണ്ടായിരുന്നപ്പോഴും ആർഎസ്എസ് വിദ്യാഭ്യാസ മേഖലയിൽ തങ്ങളുടെ വിദ്വേഷാത്മക രാഷ്ട്രീയം അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമം തീവ്രമായിത്തന്നെ നടത്തുകയായിരുന്നു.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സർക്കാരുകൾ അധികാരത്തിൽ വന്നവേളകളിലെല്ലാം പാഠപുസ്തകങ്ങൾ അവരുടെ വിദ്വേഷപ്രചരണത്തിനുള്ള മുഖ്യ ആയുധങ്ങളായിരുന്നു. 1990കളുടെ ആദ്യം ഉത്തർപ്രദേശിൽ അധികാരത്തിലുണ്ടായിരുന്ന കല്യാൺസിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭാഗങ്ങൾ നമ്മെയാകെ ഞെട്ടിപ്പിച്ചതാണ്. ഗണിതശാസ്ത്ര പാഠപുസ്തകത്തിൽ ബാബറി മസ്ജിദ് തകർക്കുന്നതിനാവശ്യമായി വരാനിടയുള്ള സമയം എത്രയായിരിക്കുമെന്ന ചോദ്യം ഉൾപ്പെടുത്തപ്പെട്ടപ്പോൾ എങ്ങോട്ടാണ് നയിക്കാൻ ശ്രമിക്കുന്നതെന്നത് വ്യക്തമാക്കപ്പെട്ടതാണ്. എന്നിട്ടും മനസിലാകാത്ത മട്ടിലിരിക്കുന്ന ഒരുകൂട്ടർ ഈ രാജ്യത്തുണ്ട്. ദേശാഭിമാനികൾ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ അവരെ അടിച്ചുവീഴ്ത്താനായി ബ്രിട്ടീഷുകാരുടെ കോൽക്കാരായി വന്നവരായിരുന്നു എണ്ണത്തിൽ കൂടുതലുണ്ടായത്. എന്നാൽ കൂലിപ്പട്ടാളക്കാർക്കായിരുന്നില്ല സ്വാതന്ത്ര്യത്തിനായി പോരാടിയ പോരാളികൾക്കാണ് അന്തിമ വിജയം സാധ്യമായത്. അതുകൊണ്ട് പാഠപുസ്തകങ്ങളിലൂടെ പൗരബോധത്തെയും വിജ്ഞാനശാഖകളെയുമെല്ലാം കീഴ്പ്പെടുത്താനാകുമെന്നത് മൗഢ്യധാരണയാണ്.
പാഠഭാഗവും പരിണാമ സിദ്ധാന്തവും
പാരമ്പര്യവും പരിണാമവും (Heredity and Evolution) എൻസിഇആർടി സിലബസിലെ ഒരു പാഠഭാഗമായിരുന്നു. എന്നാലതിന്റെ തലക്കെട്ടിൽ നിന്നും പാരിണാമം എന്നതൊഴിവാക്കി പാരമ്പര്യം എന്ന് മാത്രമാക്കിമാറ്റി. തലക്കെട്ടുമാത്രമല്ല ഉള്ളടക്കവും വെട്ടിത്തിരുത്തി. ലോക ചരിത്രത്തിലെ അതിമഹത്തായ ചുവടുവെപ്പുകളിലൊന്നായിരുന്നു ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം. അന്നേവരെയുണ്ടായിരുന്ന പരമ്പരാഗത പല അബദ്ധധാരണകളേയും അത് വെല്ലുവിളിക്കുകയായിരുന്നു. യാഥാസ്ഥിതികരും ശാസ്ത്രവിരുദ്ധരും അതിനെതിരായി കൈകോർക്കുകയുണ്ടായി. എന്നാലിന്ന് ലോകത്തെല്ലാ പൊതുവിദ്യാലയങ്ങളും ഡാർവിന്റെ പരിണാമ സിദ്ധാന്തം ചർച്ചചെയ്യുന്നു. ലോകചരിത്രത്തിലെ മുന്നേറ്റത്തിന്റെ അടയാളപ്പെടുത്തലായിരുന്നു പരിണാമ സിദ്ധാന്തം പാഠപുസ്തകത്തിന്റെ ഭാഗമായിമാറിയത്. അതിന്റെ ഒഴിവാക്കൽ പിന്തിരിപ്പൻ ആശയങ്ങളുടെ കടന്നുകയറ്റമാണ്. ശാസ്ത്രവിരുദ്ധതയുമായി സഞ്ചരിക്കുന്നവർക്ക് മാത്രമാണത് ചെയ്യാനാകുക. മോദി സർക്കാരിന്റെ പൊതുസമീപനം ശാസ്ത്രവിരുദ്ധതതന്നെയാണ്. ഗണപതിയായിരുന്നു ഇന്ത്യയിലാദ്യമായി മുഖത്ത് പ്ലാസ്റ്റിക് സർജറി നടത്തിയതെന്നും ഗാന്ധാരിയുടെ പ്രസവത്തെ ആദ്യത്തെ ടെസ്റ്റ്യൂബ് പ്രസവമായും അവർക്ക് പറയാനാകുന്നത് അവർക്ക് ശാസ്ത്ര സത്യങ്ങളേക്കാൾ എപ്പോഴും മിത്തുകൾ പ്രീയപ്പെട്ടതായിരിക്കും എന്നതുകൊണ്ടാണ്.
ഡാർവിന്റെ പരിണാമ സിദ്ധാന്തത്തിൽ ഉൾച്ചേർന്നിരിക്കുന്ന ആശയം ആർഎസ്എസ് ശക്തികളെ സംബന്ധിച്ചിടത്തോളം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. കാരണം അതിലെ ശാസ്ത്രീയയുക്തിയോടുള്ള വിയോജിപ്പുകൾ മാത്രമല്ല. ഡാർവിന്റെ സിദ്ധാന്തം മനുഷ്യർക്കെല്ലാം ഒരു പൊതു പൂർവീകനാണെന്ന കാഴ്ചപ്പാടാണ് മുന്നോട്ടുവയ്ക്കുന്നുത്. അത് ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വേർതിരിവുകളെ ചോദ്യംചെയ്യുന്നതാണ്. ഏതെങ്കിലും പ്രത്യേക വംശം– ദേശം എന്നിങ്ങനെയേതെങ്കിലും കൂട്ടർക്ക് പ്രത്യേകമായൊരു മേന്മയും അതുപ്രകാരം അവകാശപ്പെടാനാകില്ല. വംശീയ വിദ്വേഷംമാത്രം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സംഘടനയ്ക്കും അതുകൊണ്ടുതന്നെ ഡാർവിന്റെ വീക്ഷണത്തിനൊപ്പം നിൽക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ പരിണാമ സിദ്ധാന്തത്തെക്കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്ന് ആർഎസ്എസ് നിർദേശിച്ചിരിക്കുന്നത്. ലോകത്ത് വംശീയവിദ്വേഷത്തിന്റെ പ്രചാരകരാരും പരിണാമസിദ്ധാന്തത്തെ ഒരിക്കലും അനുകൂലിക്കാൻ തയ്യാറായിട്ടില്ല. കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ പത്താം ക്ലാസിലെ പാഠഭാഗത്തുനിന്നും താൽക്കാലികമെന്നു പറഞ്ഞുകൊണ്ടാണ് പരിണാമസിദ്ധാന്തം എടുത്തുകളയുന്നത്. എന്നാൽ പിന്നീട് സിലബസ് യുക്തിസഹമാക്കുന്നതിനെന്ന പേരിൽ പരിപൂർണമായും ഒഴിവാക്കാനാണവർ തീരുമാനിച്ചത്. യുക്തിയുടെ പേരിൽ അയുക്തികത അടിച്ചേൽപ്പിക്കലായി അതു മാറി.
ഡാർവിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ചും പഠിക്കുകയെന്നത് വിമർശനരഹിതമായ രീതിയിലായിരിക്കണമെന്നൊന്നും പുരോഗമനകാരികളായ മനുഷ്യർ പറയില്ല. എന്നാൽ അത് പാഠഭാഗത്തിന്റെ ഭാഗംപോലുമാകരുതെന്നത് അപകടകരമായ സമീപനമാണ്. ചാൾസ് ഡാർവിനെ കാറൽ മാർക്സ് വിലയിരുത്തിയത് അക്കാലഘട്ടത്തിലെ ഏറ്റവും പ്രതിഭാധനനായ വ്യക്തികളിലൊരാളായാണ്. എന്നാൽ ഡാർവിന്റെ സിദ്ധാന്തമായ അർഹതയുള്ളവരുടെ അതിജീവനം (survival of the fittest) ലോകത്ത് മാർക്സിസ്റ്റുകാർക്ക് അംഗീകരിക്കാനാകുന്നതല്ല. അതുകൊണ്ട് ലോകമാകെയുള്ള മാർക്സിസ്റ്റുകാർ ഡാർവിനെ വെറുക്കപ്പെട്ടവനായി കാണുന്നുമില്ല. പാഠപുസ്തകങ്ങൾ സങ്കീർണമായ പ്രശ്നനിർധാരണങ്ങളിലൂടെയാണ് സഞ്ചരിക്കുക. കേവലകാലികമായ ലളിതയുക്തികൾകൊണ്ടതിനെ ഒരിക്കലും അളക്കാൻ പാടില്ല. ചാൾസ് ഡാർവിനെക്കുറിച്ചും പരിണാമ സിദ്ധാന്തത്തെക്കുറിച്ചുമുള്ള പഠനം സമൂഹത്തിൽ അന്നേവരെയുണ്ടായ പലവിധ അബദ്ധധാരണകളേയും വിമർശനാത്മകമായിപരിശോധിക്കാൻ കരുത്തുനൽകിയിരുന്നു. വിമർശനാത്മകമായ പരിശോധനകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുകയെന്നത് പാഠപുസ്തകങ്ങൾക്കുണ്ടാകേണ്ടുന്ന അടിസ്ഥാന ഗുണങ്ങളിലൊന്നാണ്. അതുകൊണ്ടുതന്നെ സിലബസുകൾ ശാസ്ത്രിയ യുക്തിയുടെ പിൻബലത്തിലായിരിക്കണം തയ്യാറാക്കപ്പെടേണ്ടത്.
ഗാന്ധിജിയുടെ ജീവിത സന്ദേശം
ഒരു രാജ്യത്തിലെ ജനതയുടെ ജനാധിപത്യ വീക്ഷണം രൂപപ്പെടുന്നതിൽ അവരുടെ ഭൂതകാലത്തെക്കുറിച്ചുള്ള സത്യസന്ധമായ പഠനത്തിന് സുപ്രധാനമായ പങ്കുണ്ട്. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രത്തെയും അത് പ്രതിനിധീകരിക്കുന്ന ആശയത്തെയും വികലപ്പെടുത്തുകയും വക്രീകരിക്കുകയുമാണ് പാഠപുസ്തകത്തിൽ ചെയ്യുന്നത്. ഗാന്ധിജിയെക്കുറിച്ച് പരാമർശിക്കുന്ന ഭാഗങ്ങളിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ അതുതന്നെയാണ് കാണുന്നത്. ഗാന്ധിജിയെക്കുറിച്ച് പന്ത്രണ്ടാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ പലഭാഗത്തും വെട്ടിത്തിരുത്തലുകൾ വരുത്തിയതായി കാണാം. അതിൽ ഒരു ഭാഗം നോക്കുക, “പാകിസ്ഥാൻ എങ്ങനെയാണോ ഒരു മുസ്ലീം രാഷ്ട്രമായിരിക്കുന്നത് അതുപോലെ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കി മാറ്റുന്നതിനെ ഗാന്ധി ഇഷ്ടപ്പെട്ടിരുന്നില്ല.” എന്തിനായിരിക്കും അവരിത് എടുത്തുകളഞ്ഞിട്ടുണ്ടാകുകയെന്നത് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പരിചയമുള്ള ആർക്കും ഒരു സംശയവുമുണ്ടാകാനിടയില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് ആർഎസ്എസ്. മതരാഷ്ട്ര വാദത്തിനെതിരായ പ്രവർത്തനം ഗാന്ധിജിയുടെ ജീവിതത്തിന്റെ മൂല്യവത്തായ സന്ദേശമാണ്. എന്റെ ജീവിതമാണെന്റെ സന്ദേശമെന്ന വരികൾ അതിനൊപ്പം ചേർത്താൽ മുറിച്ചുമാറ്റിയത് കേവലം പാഠഭാഗത്തിലെ വരിയല്ലെന്നും അത് ഗാന്ധിജിയുടെ ഹൃദയമാണെന്നും കാണാനാകും.
ആർഎസ്എസ് ഹിന്ദു തീവ്രവാദികൾക്ക് അസഹ്യമായ നിരവധി വാക്കുകളും വാക്യങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. അതിലൊന്നാണ് “അവർ ഗാന്ധിജിയെ മുസ്ലീങ്ങളേയും പാക്കിസ്ഥാനെയും അനുകൂലിക്കുന്നയാളായി നിരന്തരം കുറ്റപ്പെടുത്തുകയായിരുന്നു” എന്ന ഭാഗം. ആ കുറ്റപ്പെടുത്തൽ ഇന്ത്യാചാരിത്രത്തിന്റെ അഭേദ്യഭാഗമാണ്. അത് ഗാന്ധി വധത്തിനുൾപ്പെടെ പ്രേരണയായിമാറിയ അടിസ്ഥാന ആശയങ്ങളിലൊന്നുമായിരുന്നു. ഗാന്ധിജിയേയും ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെയും കുറിച്ച് പഠിക്കുമ്പോൾ തീർച്ചയായും അത് മനസിലാക്കേണ്ടതുമാണ്. അവിടെയാണ്, ആ പാഠഭാഗത്താണ്, ആർഎസ്എസ് കത്തിയുടെ വെട്ടേറ്റിരിക്കുന്നത്. അവിടെയും അവസാനിക്കുന്നില്ല. “ഗാന്ധിജിയുടെ ഹിന്ദു മുസ്ലീം ഐക്യത്തിനായുള്ള സത്യഗ്രഹസമരം ഹിന്ദു തീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഗാന്ധിജിയെ കൊല്ലാനവർ നിരവധി തവണ ശ്രമിച്ചിരുന്നു.” ശരിയായ ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ എഴുതപ്പെട്ട വരികളാണിത്. അത് ആർഎസ്എസ് രാഷ്ട്രീയത്തിന്റെ പ്രചാരകർക്ക് ഹിതകരമല്ലാത്തതിനാൽ മാത്രമാണ് വെട്ടിമാറ്റപ്പെടുന്നത്.
ഹിന്ദു തീവ്രവാദികളായ ആർഎസ്എസ് ഉൽപാദിപ്പിക്കുന്ന ബോധം ഗാന്ധിജിക്കുള്ള നിരന്തര വധഭീഷണികളായി മാറുകയുണ്ടായി. എന്നാൽ ഭീഷണി പ്രളയങ്ങളുണ്ടായിട്ടും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ പോരാട്ടം ഗാന്ധിജി തുടരുകയാണ്. തന്റെ ജീവനേക്കാൾ ജനതയുടെ സാഹോദര്യത്തിന് വിലകൽപ്പിച്ച മഹാപ്രഭാവനായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് ആർഎസ്എസ് രാഷ്ട്രീയത്തിനെതിരായി അദ്ദേഹം പോരാടിയത്. അത് വർത്തമാനകാല ഇന്ത്യയിൽ എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് ആർഎസ്എസ് ശക്തികൾക്കെതിരായി പോരാടുന്ന മനുഷ്യർക്കൊക്കെയും ആവേശകരവുമാണ്. വർഗീയതക്കെതിരായി മുദ്രാവാക്യം വിളിക്കുന്നവർക്കൊക്കെയും കരുത്തുമാണ്. അതുകൊണ്ടാണവർ “ഇങ്ങനെയൊക്കെയാണെങ്കിലും, (ഭീഷണികളുണ്ടായിട്ടും) അദ്ദേഹം സംരക്ഷണം സ്വീകരിക്കുകയെന്നത് നിരസിക്കുകയും പ്രാർത്ഥനാസമയത്ത് എല്ലാവരെയും കാണുന്നത് തുടരുകയും ചെയ്യുകയുണ്ടായത്.” ആർഎസ്എസ് രാഷ്ട്രീയത്തിനെതിരെ നിർഭയം പോരാടുന്നവരെ നിരായുധരാക്കാനുള്ള ആഗ്രഹത്താലാണവർ അതുചെയ്തിരിക്കുന്നത്.
ഗാന്ധി വധം ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും തീവ്രമായ വേദനയുടേയും അമ്പരപ്പിന്റെയും ദിനങ്ങളായിരുന്നു സൃഷ്ടിച്ചത്. അത് അന്നേവരെ ചേരിതിരിഞ്ഞ് വെട്ടിമരിക്കാൻ വടിവാളുകളുമായി നിന്ന മതഭ്രാന്തരിലൊരുകൂട്ടരെയുൾപ്പെടെ പുനർചിന്തനത്തിന് പ്രേരിപ്പിക്കുകയുണ്ടായ; അവരുടെയൊക്കെ മനസ്സിനെ സംഘർഷഭരിതമാക്കുകയുണ്ടായി. അവരിൽ പലരും നെറികെട്ട വർഗീയവാദത്തിന്റെ പിടിയിൽ നിന്നും മോചിതരാകാൻ ശ്രമിക്കുകയുണ്ടായി. അതുകൊണ്ടുകൂടിയാണ് ഗാന്ധിവധത്തിന്റെ തുടർച്ചയിൽ കലാപങ്ങൾക്ക് ശമനമുണ്ടായത്. ജീവിതത്തിലൂടെ മാത്രമല്ല മരണം കൊണ്ടുപോലും ഗന്ധിജി മതഭ്രാന്തരെ, മതരാഷ്ട്രവാദികളെ, വർഗീയതയെ വെല്ലുവിളിക്കുകയായിരുന്നു. ഗാന്ധി വധം രാജ്യത്തുണ്ടാക്കിയ ചലനങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ നിശബ്ദത പാലിക്കാനാണ് ആർഎസ്എസ് ഉൾപ്പെടെയുള്ള തീവ്രവാദികളായ മതരാഷ്ട്രവാദികൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഗാന്ധിവധത്തിന്റെ തുടർച്ചയിലുണ്ടായ സംഭവവികാസങ്ങൾ പരാമർശിച്ച ഭാഗങ്ങൾ സിലബസിൽ നിന്നും ഒഴിവാക്കിയത്.
ശ്രദ്ധേയമായത്, ആർഎസ്എസ് നിരോധിക്കപ്പെട്ടെന്ന പരാമർശം വെട്ടിമാറ്റിയതാണ്. പാഠപുസ്തകത്തിൽ നിന്നും അത് വെട്ടിമാറ്റിയാൽ ചരിത്രത്തെ സമ്പൂർണമായി പിടിയിലൊതുക്കാമെന്നാണ് അവർ കരുതുന്നത്. അതിനായി ആർഎസ്എസ് നിലവിൽ തീവ്രശ്രമം നടത്തുന്നുണ്ട്. എന്നാൽ അവരുടെ ആ ശ്രമംകൂടി ചരിത്രത്തിന്റെ ഭാഗമായിമാറുമെന്നുമാത്രം. ഗാന്ധിജിയെ കൊന്നവരുടെ രാഷ്ട്രീയവും അവർ ഏത് സംഘടനയുടെ പ്രവർത്തകരായിരുന്നുവെന്നതും ഇന്ത്യൻ ജനതയുടെ മുന്നിലുള്ള നിസ്തർക്കമായ യാഥാർത്ഥ്യമാണ്. ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസ് നിയന്ത്രിക്കുന്ന സമിതിയാണ് നിലവിൽ പാഠപുസ്തകത്തിന്റെ രചിയിതാക്കളെന്നത് വിസ്മരിക്കരുത്. ഗാന്ധി വധത്തെത്തുടർന്ന് ആർഎസ്എസ് നിരോധിക്കപ്പെട്ടുവെന്നത് വെട്ടിമാറ്റപ്പെടുമ്പോൾ ആ സത്യം ആവർത്തിച്ച് ജനാധിപത്യവാദികൾ കൈകൾ കോർക്കും.
ഗാന്ധിജിയെ കൊന്ന കൊലയാളിയെക്കുറിച്ചുള്ള വിശേഷണത്തിലും വെട്ടിമാറ്റൽ വരുത്തിയിരിക്കുന്നു. നാഥുറാം വിനായക് ഗോഡ്സെ ആരായിരുന്നുവെന്നത് വിശദീകരിക്കേണ്ടത് ചരിത്രത്തോടുള്ള നീതിബോധത്തിന്റെ ഭാഗമാണ്. ഗാന്ധിജി പാകിസ്ഥാൻ വാദിയായ മുസ്ലീം മതവിശ്വാസിയാൽ കൊല്ലപ്പെട്ടിരിക്കുന്നുവെന്ന് പ്രചരണം നടത്തി വർഗീയ കലാപത്തിനായി ആസൂത്രണം നടത്തിയവരായിരുന്നു ഹിന്ദു രാഷ്ട്രവാദികൾ. ഗാന്ധിജിയുടെ കൊലയാളിയെങ്ങാനും പിടിക്കപ്പെടാതെപോയിരുന്നുവെങ്കിൽ ഒരുപക്ഷേ കത്തിക്കാളുന്ന മറ്റൊരു കലാപത്തിനുള്ള അവസരമായവരതിനെ അവർ മാറ്റിത്തീർക്കുമായിരുന്നു. എന്നാൽ ഗാന്ധി ഘാതകൻ പൂനെയിൽ നിന്നുള്ള ബ്രാഹ്മണനായ നാഥുറാം ഗോഡ്സെയായിരുന്നുവെന്ന പ്രഖ്യാപനം ഹിന്ദുരാഷ്ട്ര വാദികളുടെ കലാപാസൂത്രണത്തെകൂടി തകർക്കുകയായിരുന്നു. ഗോഡ്സെ ഹിന്ദുതീവ്രവാദ പ്രസിദ്ധീകരണത്തിന്റെ പത്രധിപരും കൂടിയായിരുന്നു. അതൊന്നും പറയാൻ പാടില്ലാത്തവയായാണ് ആർഎസ്എസ് കാണുന്നത്. അതിനൊപ്പം ഹിന്ദുമതവിശ്വാസിയായ ഗാന്ധിജിയെ എന്തുകൊണ്ടാണൊരു ഹിന്ദു മതഭീകരൻ കൊലപ്പെടുത്തിയതെന്ന സാമൂഹ്യശാസ്ത്രത്തിലെ സുപ്രധാനമായൊരു ചോദ്യവും അവിടെയുയരുന്നുണ്ട്. ആ ചോദ്യത്തിനുള്ള ഉത്തരം എല്ലാം മതരാഷ്ട്രവാദികൾക്കും എതിരായ ഉത്തരമായിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് ആർഎസ്എസ് നാഥുറാം ഗോഡ്സെയുടെ രാഷ്ട്രീയ സാമൂഹ്യ പശ്ചാത്തലം സിലബസിൽ നിന്നും പുറന്തള്ളുന്നത്.
(അവസാനിക്കുന്നില്ല.) ♦