Thursday, April 25, 2024

ad

Homeഇവർ നയിച്ചവർഎം ചന്ദ്രൻ: സമർത്ഥനായ സംഘാടകൻ

എം ചന്ദ്രൻ: സമർത്ഥനായ സംഘാടകൻ

ഗിരീഷ്‌ ചേനപ്പാടി

സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയറ്റംഗം, മുൻ പാലക്കാട്‌ ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന സെക്രട്ടറി, മുൻ എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ച മുതിർന്ന സിപിഐ എം നേതാവായിരുന്നു ഇക്കഴിഞ്ഞ മെയ്‌ ഒന്നിന്‌ അന്തരിച്ച എം ചന്ദ്രൻ. കെഎസ്‌വൈഎഫിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ അദ്ദേഹം സിപിഐ എം അവിഭക്ത പട്ടാന്പി താലൂക്ക്‌ കമ്മിറ്റി അംഗം, ചെത്തുതൊഴിലാളി യൂണിയൻ പട്ടാന്പി താലൂക്ക്‌ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

മികച്ച സംഘാടകനായ അദ്ദേഹം പാലക്കാട്‌ ജില്ലയിൽ സിപിഐ എമ്മിനും ബഹുജനസംഘടനകൾക്കും വേരോട്ടമുണ്ടാക്കാൻ നിർണായക പങ്കാണ്‌ വഹിച്ചത്‌. പാർട്ടിക്ക്‌ പ്രതിസന്ധി നേരിടേണ്ടിവന്ന ഘട്ടങ്ങളിലെല്ലാം അസാധാരണമായ കാര്യശേഷിയോടെയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഇടപെടലുകളും വളരെയേറെ സഹായകമായാതയി സഹപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ആനക്കര ചേലക്കോട്‌ മേലേപ്പുറത്ത്‌ എം കൃഷ്‌ണന്റെയും കെ പി വള്ളിയുടെയും മകനായി 1946 ജൂലൈ 15നാണ്‌ എം ചന്ദ്രന്റെ ജനനം. സിപിഐ എം കപ്പൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, തൃത്താല ഏരിയകമ്മിറ്റി രൂപീകരിക്കപ്പെട്ടപ്പോൾ അതിന്റെ ആദ്യ സെക്രട്ടറി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ ശ്രദ്ധേയനായി.

1979 മുതൽ 1987 വരെ കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റായിരുന്നു അദ്ദേഹം. 2006ൽ ആലത്തൂരിൽനിന്ന്‌ 47,671 വോട്ടിന്റെ തകർപ്പൻ ഭൂരിപക്ഷത്തിലാണ്‌ അദ്ദേഹം വിജയിച്ചത്‌. അന്ന്‌ സംസ്ഥാനത്തെ ഏറ്റവും കൂടിയ ഭൂരിപക്ഷമായിരുന്നു അത്‌. 2011ലും അദ്ദേഹം ആലത്തൂരിൽനിന്ന്‌ മികച്ച വിജയം നേടി.

1985ൽ ജില്ലാ സെക്രട്ടറിയറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട എം ചന്ദ്രൻ 1987ൽ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 11 വർഷക്കാലം പാർട്ടിയുടെ ജില്ലയിലെ അമരക്കാരനായി അദ്ദേഹം പ്രവർത്തിച്ചു. 1998ൽ അദ്ദേഹം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്‌ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. 2006 വരെ സംസ്ഥാന സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ചു. 2022ലെ എറണാകുളം സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിൽനിന്ന്‌ അദ്ദേഹം ഒഴിവായി. തുടർന്ന്‌ പാലക്കാട്‌ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു.
കർഷകസംഘത്തിന്റെ ജില്ലയിലെ മികച്ച സംഘാടകനായിരുന്നു അദ്ദേഹം. കർഷകസംഘം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. കൃഷിക്കാരുടെ ഉൽപന്നങ്ങൾക്ക്‌ ന്യായമായ വില ലഭ്യമാക്കുന്നതിന്‌ നടന്ന പ്രക്ഷോഭങ്ങളിൽ ചന്ദ്രൻ എന്നും മുൻനിരയിൽ ഉണ്ടായിരുന്നു. നവലിബറൽ സാന്പത്തികനയങ്ങളും ആസിയാൻ കരാറും കർഷകരുടെ സാന്പത്തിക അടിത്തറ തകർക്കുമെന്ന്‌ ബോധ്യമുണ്ടായിരുന്ന അദ്ദേഹം കർഷകരെ ബോധവൽക്കരിക്കുന്നതിൽ നിരന്തരം ശ്രദ്ധിച്ചു.

ചെത്തുതൊഴിലാളി യൂണിയൻ, ചുമട്ടുതൊഴിലാളി യൂണിയൻ എന്നിവയ്‌ക്ക്‌ ജില്ലയിൽ മികച്ച നേതൃത്വം കൊടുത്ത അദ്ദേഹം ട്രേഡ്‌ യൂണിയനുകൾ സംഘടിപ്പിക്കുന്നതിൽ പ്രത്യേക വൈഭവംതന്നെ പ്രകടിപ്പിച്ചു. ചുമട്ടുതൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ മാത്രമല്ല. അവരിൽ രാഷ്‌ട്രീയമായി അവബോധം ഉണ്ടാക്കുന്നതിനും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പൊതുമേഖലാസ്ഥാപനമായ മലബാർ സിമന്റ്‌സ്‌ പ്രവർത്തനമാരംഭിച്ചപ്പോൾ മലബാർ സിമന്റ്‌സ്‌ എംപ്ലോയീസ്‌ യൂണിയന്റെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട്‌ ഇൻസ്‌ട്രുമെന്റേഷൻ വർക്കേഴ്‌സ്‌ യൂണിയന്റെ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

എം ചന്ദ്രൻ ജില്ലാ സെക്രട്ടറിയായിരിക്കെ സംഘടനാപരമായ ദൗർബല്യങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സംഘടനാപരമായ ദൗർബല്യങ്ങൾ ഉണ്ടായിരുന്ന ഏരിയ കമ്മിറ്റികളെ പ്രത്യേകം ശ്രദ്ധിച്ച്‌ അവിടങ്ങളിലെ ദൗർബല്യങ്ങൾ പരിഹരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ രീതിയെന്ന്‌ സമകാലികർ രേഖപ്പെടുത്തിയിട്ടുണ്ട്‌. സാധാരണ പ്രവർത്തകരുമായി നേരിട്ട്‌ ബന്ധം സ്ഥാപിക്കുന്നതിൽ സമർത്ഥനായിരുന്നു അദ്ദേഹമെന്ന്‌ പാലക്കാട്ടെ പല പാർട്ടി പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. അസുഖബാധിതരായ പാർട്ടിപ്രവർത്തകരുടെ ആരോഗ്യകാര്യങ്ങളും കുടുംബകാര്യങ്ങളും അന്വേഷിക്കുന്നതിലും അദ്ദേഹം പ്രത്യേക ശ്രദ്ധ ചെലുത്തി.

ബഹുജനങ്ങളുമായി സവിശേഷമായ ആത്മബന്ധമാണ്‌ അദ്ദേഹം പുലർത്തിയത്‌. കപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്ന നിലയിലും ആലത്തൂർ എംഎൽഎ എന്ന നിലയിലും വികസനപ്രവത്തനങ്ങൾക്ക്‌ അദ്ദേഹം മികച്ച നേതൃത്വമാണ്‌ നൽകിയത്‌.

സാധാരണക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും പ്രശ്‌നങ്ങൾ പഠിച്ച്‌ നിയമസഭയിൽ അവതരിപ്പിച്ച എം ചന്ദ്രൻ സമർത്ഥനായ സാമാജികൻ എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു.

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ കെ ബാലൻ അദ്ദേഹത്തെ അനുസ്‌മരിക്കുന്നത്‌ ഇങ്ങനെയാണ്‌: ‘‘1980ൽ ആണ്‌ എം ചന്ദ്രൻ തൃത്താല ഏരിയ സെക്രട്ടറിയാകുന്നത്‌. അന്ന്‌ തൃത്താല സംഘടനാപരമായി അത്ര മെച്ചപ്പെട്ടതായിരുന്നില്ല.

തൃത്താലയിൽ പാർട്ടി കെട്ടിപ്പടുക്കുന്നതിന്‌ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു. തൃത്താലയിൽ അതിമനോഹരമായ ഏരിയ കമ്മിറ്റി ഓഫീസ്‌ പണിയുന്നതിന്‌ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറിയായതിനുശേഷം അന്ന്‌ സംസ്ഥാനത്ത്‌ ഏറെ ശ്രദ്ധിക്കപ്പെടുന്ന ജില്ലാ കമ്മിറ്റി ഓഫീസ്‌ 13 ലക്ഷം രൂപ ചെലവിട്ട്‌ നിർമിച്ചു. അതിനുമുമ്പ്‌ അസൗകര്യങ്ങൾ നിറഞ്ഞതും സ്ഥലപരിമിതിയുള്ളതുമായിരുന്നു. അവിടെ ഏറെക്കാലം ഞങ്ങൾ ഒുമിച്ച്‌ കഞ്ഞിയും കുടിച്ച്‌ താമസിച്ചു. പ്രവർത്തിക്കുന്ന മേഖലകളിൽ മൗലികത നിലനിർത്തി കൃത്യനിഷ്‌ഠയോടെ പാർട്ടിയെ ചലിപ്പിക്കുന്നതിലും തീരുമാനങ്ങൾ നടപ്പാക്കുന്നതിലും കർശന സമീപനമാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. അതുവഴി പാർട്ടിയെയും ബഹുജന സംഘടനകളെയും ശക്തിപ്പെടുത്തുന്നതിന്‌ എം ചന്ദ്രൻ വഹിച്ച പങ്ക്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിൽ നിർണായകമാണ്‌. എൽഡിഎഫ്‌ മുന്നണിയെ ഒറ്റക്കെട്ടായി കൊണ്ടുപോകുന്നതിനും ട്രേഡ്‌ യൂണിയൻ നേതാവ്‌ എന്ന നിലയിൽ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌ പരിഹരിക്കുന്നതിലും അദ്ദേഹം കാർക്കശ്യം കാണിച്ചു.’’

പാലക്കാട്‌ ജില്ലാ കൗൺസിൽ മുൻ അംഗം കെ കോമളവല്ലിയാണ്‌ എം ചന്ദ്രന്റെ ജീവിതപങ്കാളി. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ്‌ പ്ലീഡർ എം ആഷി, ചാർട്ടേഡ്‌ അക്കൗണന്റായ എം സി ഷാബി എന്നിവരാണ്‌ മക്കൾ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

5 + 3 =

Most Popular