Thursday, October 31, 2024

ad

Homeജൻഡർ76 ശതമാനത്തിന്റെ അവകാശികൾ

76 ശതമാനത്തിന്റെ അവകാശികൾ

ജി വിജയകുമാർ

1951ലാണ്‌ ഐഎൽഒയുടെ തുല്യവേതന കൺവെൻഷൻ നിലവിൽവന്നത്‌‐ അതുപ്രകാരം തുല്യജോലിക്ക്‌ തുല്യകൂലി സ്‌ത്രീപുരുഷ ഭേദമെന്യേ നൽകേണ്ടതാണ്‌. ഈ കൺവെൻഷൻ അംഗീകരിക്കപ്പെട്ടിട്ട്‌ ഇപ്പോൾ എഴുപത്‌ വർഷം പിന്നിട്ടിരിക്കുന്നു. വഞ്ചി ഇപ്പോഴും തിരുനക്കര തന്നെയെന്നാണ്‌ വിവിധ പഠനങ്ങളും സർവെകളും വെളിപ്പെടുത്തുന്നത്‌. ഏറ്റവും ഒടുവിലത്തെ പഠനങ്ങൾ വ്യക്തമാക്കുന്നത്‌ പുരുഷന്‌ ലഭിക്കുന്നതിലും 20 ശതമാനത്തോളം കുറവാണ്‌ അതേ ജോലിചെയ്യുന്നു സ്‌ത്രീക്ക്‌ ലഭിക്കുന്ന വേതനം എന്നാണ്‌. ഐഎൽഒ എല്ലാവർഷവും തുല്യജോലിക്ക്‌ തുല്യവേതനം സംബന്ധിച്ച ക്യാമ്പയിനുവേണ്ടി സെപ്‌തംബർ 18 അന്താരാഷ്‌ട്ര തുല്യവേതനദിനമായി ആചരിക്കന്നുണ്ട്‌; പുറമെ ഗവൺമെന്റുകളെയും കോർപറേഷനുകളെയും ഇത്‌ പ്രേരിപ്പിക്കുന്നതിനായി വേതനത്തിൽ ലിംഗപരമായ തുല്യത സാർവത്രികമായി നടപ്പാക്കാനായി ലോബിയിങ്ങ്‌ നടത്തുന്നുമുണ്ട്‌. എന്നിട്ടും അത്‌ ചെവിക്കൊള്ളാൻ ഗവൺമെന്റുകളോ സ്വകാര്യ കോർപറേഷനുകളോ അധികമൊന്നും മുന്നോട്ടു വന്നിട്ടില്ല എന്നതാണ്‌ വസ്‌തുത.
സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങൾ, പ്രത്യേകിച്ചും വീടകങ്ങളിൽ, ഏറ്റവുമധികം വർധിച്ച കാലമായിരുന്നു കോവിഡ്‌‐19 മഹാമാരിയുടെ കാലം. മറ്റൊരു കാര്യം ആരോഗ്യ പരിചരണമേഖലയ്‌ക്ക്‌ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും പ്രാധാന്യം കൈവന്നതുമായ കാലം കൂടിയാണിത്‌ എന്നതാണ്‌. ആരോഗ്യ പരിചരണമേഖലയിലെ മഹാഭൂരിപക്ഷംപേരും സ്‌തീകളാണെന്ന സവിശേഷതയുമുണ്ട്‌.

മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു മുന്പായി 2018ൽ ഐഎൽഒ ശ്രദ്ധേയമായ ഒരു പഠന റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കുകയുണ്ടായി. Care work and care jobs for the future of decent work (ഭാവിയിൽ മാന്യമായ ജോലിക്ക്‌ പരിചരണ ജോലിയും പരിചരണ തൊഴിലവസരങ്ങളും) അതുപ്രകാരം കൂലിയില്ലാ വേലയും വീട്ടുജോലികളും ചേർന്നാൽ ആഗോള ജിഡിപിയുടെ 9 ശതമാനം വരുമെന്നാണ്‌; അതായത്‌ 11 ലക്ഷം കോടി ഡോളർ. ചില രാജ്യങ്ങളിൽ പൊതുസ്ഥിതിയിൽ നിന്നും വളരെ ഉയർന്നതാണ്‌ ഈ കണക്ക്‌.

2022 ജൂലൈ മാസത്തിൽ ലോകാരോഗ്യ സംഘടനയും ഐഎൽഒയും സംയുക്തമായി ആരോഗ്യപരിചരണമേഖലയ്‌ക്ക്‌ ഊന്നൽ നൽകിക്കൊണ്ട്‌ വേതനത്തിലെ അന്തരത്തെക്കുറിച്ച്‌ ഒരു പഠന റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചു. അതുപ്രകാരം ആരോഗ്യമേഖലയിലായാലും പരിചരണമേഖലയിലായാലും പുരുഷന്മാർക്ക്‌ ലഭിക്കുന്നതിലും 24 ശതമാനം കുറച്ചു മാത്രമേ സ്‌ത്രീകൾക്ക്‌ കൂലി ലഭിക്കുന്നുള്ളൂ. ഇതിനർഥം 2018ലെ സ്ഥിതിയേക്കാൾ മോശമാണ്‌ 2022ൽ എത്തിയപ്പോൾ എന്നാണ്‌. ഈ മേഖലകളിൽ മൊത്തം തൊഴിൽ ചെയ്യുന്നവരിൽ 67 ശതമാനവും സ്‌ത്രീകളാണെന്നും റിപ്പോർട്ട്‌ വെളിപ്പെടുത്തുന്നു. ആശുപത്രികളിലെ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗങ്ങളിലുള്ളവരുടെ ശന്പളവും നേഴ്‌സുമാരുടെ ശന്പളവും തമ്മിലുള്ള അന്തരം പ്രതിവർഷം വർധിച്ചുവരുന്നതായും ഈ റിപ്പോർട്ടിൽനിന്ന്‌ നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്‌.

2023ൽ ട്രൈ കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ സോഷ്യൽ റിസർച്ച്‌ 64 രാജ്യങ്ങളിൽ നടത്തിയ സർവെയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രകാരം പ്രതിദിനം ഈ രാജ്യങ്ങളിലാകെ 1640 മണിക്കൂറാണ്‌ കൂലിയില്ലാവേല ചെയ്യുന്നത്‌. ഇങ്ങനെ കൂലിയില്ലാവേല ചെയ്യുന്ന മൊത്തം സമയത്തിന്റെ 76.2 ശതമാനവും സ്‌ത്രീകൾ ചെയ്യുന്ന ജോലികളാണ്‌. അതായത്‌ ലോകമാസകലമുള്ള സ്‌ത്രീകൾ പ്രതിദിനം കൂലിയില്ലാതെ പരിചരണ ജോലി ചെയ്യുന്നുവെന്നാൽ 150 കോടിയിലധികം സ്‌ത്രീകൾ 8 മണിക്കൂർനേരം കൂലിയില്ലാതെ ജോലിചെയ്യുന്നുവെന്നാണ്‌.

ട്രൈ കോണ്ടിനെന്റൽ നടത്തിയ പഠനത്തിൽ വെളിച്ചത്തുവന്ന മറ്റൊരു വസ്‌തുത പ്രധാനമായും സ്‌ത്രീകൾ പണിയെടുക്കുന്ന മേഖലകളിലും തൊഴിലുകളിലും താരതമ്യേന കുറഞ്ഞ കൂലിയാണ്‌ ലഭിക്കുന്നതെന്നാണ്‌. നേഴ്‌സിങ്‌ പോലെയുള്ള ആരോഗ്യപരിചരണ രംഗങ്ങളിൽ ശന്പളം കുറവാണ്‌. ഇത്‌ വൈദഗ്‌ധ്യം ആവശ്യമില്ലാത്ത ജോലിയോ അവിടെ പണിയെടുക്കുന്നവർ വൈദഗ്‌ധ്യം കുറഞ്ഞ ആളുകളായതുമൂലമോ അല്ല എന്നും മറിച്ച്‌ അത്‌ സ്‌ത്രീകളായുതുകൊണ്ട്‌ കുറച്ച്‌ കൊടുത്താൽ മതിയെന്ന സ്ഥിതി നിലവിലുള്ളതുകൊണ്ടുമാണ്‌. സേവനമേഖലയിലെ ജോലികൾക്ക്‌ നൽകുന്ന കുറഞ്ഞ കൂലിയും പുറമേ കുടുംബത്തിനുള്ളിലെ ‘പരിചരണ’ ജോലികൾ, അതായത്‌ കൂലിയില്ലാത്ത വേലകൾ’ സ്‌ത്രീകൾ മാത്രം ചെയ്യാൻ നിർബന്ധിതമാകുന്നതും കൂടി ചേരുമ്പോഴാണ്‌ ഇത്ര ഭീമമായ അന്തരം നിലവിൽവരുന്നത്‌.

എംഗൽസ്‌ ‘‘കുടുംബം, സ്വകാര്യസ്വത്ത്‌, ഭരണകൂടം’’ എന്ന പ്രശസ്‌ത കൃതിയിൽ വ്യക്തമാക്കുന്നതുപോലെ, സ്വകാര്യ സ്വത്തുടമ സമ്പ്രദായം നിലവിൽ വന്ന കാലംമുതൽ ഈ ലിംഗാധിഷ്‌ഠിത വിവേചനവും നിലവിൽ വന്നതായി കാണാം. അത്‌ മുതലാളിത്തത്തിന്റെ വരവോടെ കൂടുതൽ രൂക്ഷമായതും നമുക്ക്‌ കാണാം. മുതലാളിത്ത ചൂഷണത്തിന്റെ തീവ്രത വർധിച്ചുവരുന്ന നവ ലിബറൽ കാലത്ത്‌ സ്‌ത്രീകൾ ഏറ്റവുമധികം ചൂഷണത്തിനും ദുരിതങ്ങൾക്കും വിധേയമാകുന്നതും പകൽപോലെ വ്യക്തമായി വരുന്ന വസ്‌തുതയാണ്‌.

കൂലിയിലെ വിവേചനം സേവനമേഖലയിൽ മാത്രമല്ലാ കാർഷികരംഗത്തെ കൂലിവ്യവസ്ഥയിലും നിർമാണത്തൊഴിൽ മേഖലയിലെ കൂലിയിലുമെല്ലാം കാണാവുന്നതാണ്‌. ഇന്ത്യയുൾപ്പെടെ ദക്ഷിണേഷ്യയിലും ലാറ്റിനമേരിക്കയിലും കർഷകത്തൊഴിലാളികളിൽ നാലിൽ മൂന്നുഭാഗവും സ്‌ത്രീകളാണ്‌. കർഷകർ എന്ന സംവർഗത്തിൽ സ്‌ത്രീകൾ പരിഗണിക്കപ്പെടുന്നത്‌ പോയിട്ട്‌ സങ്കൽപ്പിക്കുന്നതുപോലും ‘‘സമൂഹ’’ത്തിന്‌ സാധ്യമല്ല. അതിൽതന്നെ കുടുംബത്തിനുവേണ്ടി ചെയ്യുന്ന കൃഷിപ്പണി പൂർണമായും കൂലിയില്ലാവേലയാണ്‌. വ്യവസായരംഗത്തുതന്നെ പൊതുവിൽ വൈദഗ്‌ധ്യം കുറച്ചുമാത്രം ആവശ്യമായ വസ്‌ത്രനിർമാണം ഉൾപ്പെടെ ടെക്‌സ്‌റ്റൈൽ വ്യവസായം, തീപ്പെട്ടി കന്പനികൾ, വാച്ച്‌ നിർമാണം, കൺസ്‌ട്രക്‌ഷൻ എന്നീ മേഖലകളിലെല്ലാം സ്‌ത്രീകളാണ്‌ മഹാഭൂരിപക്ഷവും പണിയെടുക്കുന്നത്‌. വികസിതവും ‘സാംസ്‌കാരികമായി ഉയർന്നത്‌’ എന്ന്‌ കരുതപ്പെടുന്ന യൂറോപ്പിലും അമേരിക്കയിലുമെല്ലാം ഇതാണവസ്ഥ. നവലിബറലിസത്തിന്റെ വരവോടെ, പ്രത്യേകിച്ചും 1990കളുടെ ആരംഭംമുതൽ ഇത്തരം ജോലികൾ ഏഷ്യയിലെയും ആഫ്രിക്കയിലെയും ലാറ്റിനമേരിക്കയിലെയും അവികസിത‐വികസ്വരരാജ്യങ്ങളിലേക്ക്‌ മാറ്റപ്പെട്ടതോടെ ചൂഷണത്തിന്റെ ഭാരം ഏറ്റവുമധികം പേറേണ്ടതായി വന്നതും സ്‌ത്രീകളാണ്‌.

സേവനമേഖലയിൽനിന്ന്‌ സർക്കാരുകളുടെ പിന്മാറ്റം നവലിബറൽ കാലത്തെ സവിഷേതയായതോടെ, തന്മൂലമുള്ള തൊഴിൽ നഷ്ടത്തിന്റെ കെടുതി ഏറ്റവുമധികം അനുഭവിക്കേണ്ടിവരുന്നതും സ്‌ത്രീകളാണ്‌. ഈ തൊഴിൽനഷ്ടം അവരെ വീടകങ്ങളിലേക്കും തന്മൂലമുള്ള കൂലിയില്ലാത്ത ‘കുടുംബപരിചരണ’ ജോലികളിലേക്കോ ജീവിക്കാൻ വേണ്ട കൂലിയോ തൊഴിൽസ്ഥിരതയോ ഇല്ലാത്ത തൊഴിൽമേഖലകളിലേക്കോ തള്ളിനീക്കപ്പെടുന്നു. ഇതും ആഗോളാടിസ്ഥാനത്തിലുള്ള കണക്കെടുപ്പുകളിൽ കൂലിയിലെ ലിംഗാധിഷ്‌ഠിത അന്തരം വർധിക്കുന്നതിന്‌ ഇടയാക്കുന്നു. സേവനമേഖലകളിൽനിന്നുള്ള സർക്കാർ പിന്മാറ്റം അവയിൽ സ്വകാര്യമൂലധനത്തിന്റെ കടന്നുവരവുണ്ടാക്കുകയും അത്‌ അസ്ഥിരമായ തൊഴിലും കുറഞ്ഞ കൂലിയും നിലവിൽ വരുന്നതിന്‌ ഇടവരുത്തുകയും ചെയ്യുന്നു. ഇതും കൂലിവ്യവസ്ഥയിലെ ലിംഗപരമായ അസമത്വത്തിന്‌ വഴിയൊരുക്കുന്നു.

ട്രൈ കോണ്ടിനന്റൽ റിപ്പോർട്ടിലൂടെ വെളിവാക്കപ്പെടുന്ന മറ്റൊരു വസ്‌തുത കൂലിയിലുണ്ടാകുന്ന ‘‘മാതൃത്വപരമായ അന്തര’’മാണ്‌. സ്‌ത്രീകൾ, പ്രത്യേകിച്ചും 20കളിിലും 30കളിലും മാതൃത്വവുമായി ബന്ധപ്പെട്ട്‌ നിർവഹിക്കേണ്ടതായി വരുന്ന ഉത്തരവാദിത്വങ്ങൾക്കായി ജോലിയിൽനിന്ന്‌ വിട്ടുനിൽക്കേണ്ടതായി വരുന്നു. സ്വകാര്യമേഖലയിൽ ലോകത്ത്‌ പലേടത്തും സ്‌ത്രീകൾക്ക്‌ പ്രസവത്തോടനുബന്ധിച്ച്‌ ജോലി ഉപേക്ഷിക്കേണ്ടതായും വരുന്നുണ്ട്‌. പിന്നീടവർ അതേ തൊഴിലിൽ തിരിച്ചെത്തിയാലും സീനിയോറിറ്റിയിൽ പിന്തള്ളപ്പെടുന്നതോടെ ശന്പളവർധന, പ്രമോഷൻ എന്നീ കാര്യങ്ങളിൽ തങ്ങൾക്കൊപ്പം മുന്പ്‌ ജോലിചെയ്‌തിരുന്ന പുരുഷന്മാരെക്കാൾ പിന്നോട്ടടിക്കപ്പെടുന്നു. മുതലാളിത്തം, മൂലധനം, സ്‌ത്രീയെ കാണുന്നത്‌ ഭാവിയിലേക്കു വേണ്ട തൊഴിലാളികളെ നിരന്തരം ഉൽപാദിപ്പിക്കുന്ന, അതിനായി കൂലികൊടുക്കേണ്ടതില്ലാത്ത ഒരു ഉറവിടമായി മാത്രമാണ്‌. മാനുഷികമൂല്യങ്ങളോ വൈകാരികതയോ ഒന്നും മുതലാളിത്തത്തിന്റെ പരിഗണനാ വിഷയംപോലുമാകുന്നില്ല. അതാണ്‌ പ്രസവകാല അവധി, ശിശുപരിപചരത്തിനായുള്ള ക്രെഷെകളും മറ്റും തൊഴിലിടങ്ങളോടനുബന്ധിച്ച്‌ സ്ഥാപിക്കൽ എന്നിവയ്‌ക്കായി ട്രേഡ്‌ യൂണിയനുകൾക്ക്‌ പൊരുതേണ്ടതായി വന്നത്‌; ഇപ്പോഴും പൊരുതേണ്ടിവരുന്നതും. ട്രേഡ്‌ യൂണിയനുവളും ഇടതുപക്ഷ രാഷ്‌ട്രീയവും ദുർബലവും മൂലധനത്തിന്റെ അധീശാധിപത്യം നടമാടുകയും ചെയ്യുമ്പോൾ ഇത്തരം അവകാശങ്ങൾ നിഷേധിക്കപ്പെടുന്നതും കാണാം.

സ്‌ത്രീക്ക്‌ കൂലിയിൽ തുല്യതയും മറ്റ്‌ തുല്യാവകാശങ്ങളും‐ രാഷ്‌ട്രീയവും പൗരത്വപരവുമായ അവകാശങ്ങൾ ഉൾപ്പെടെ‐ ലിഖിത ചരിത്രത്തിലാദ്യമായി നിലവിൽ നന്നത്‌ സോഷ്യലിസ്റ്റ്‌ ഭരണവ്യവസ്ഥയ്‌ക്ക്‌ കീഴിലാണെന്ന്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഫ്രഞ്ച്‌ വിപ്ലവത്തിൽ സ്‌ത്രീകൾ വലിയതോതിൽ പങ്കാളികളായിട്ടും, മുന്നണിപ്പോരാളികൾ പോലുമുണ്ടായിരുന്നിട്ടും വിപ്ലവാനന്തരം നിലവിൽവന്നത്‌ മൂലധനാധിഷ്‌ഠിത വ്യവസ്ഥയും ഭരണകൂടവുമായിരിക്കെ, ആ ഭരണകൂടം ആദ്യംചെയ്‌തത്‌ വിപ്ലവത്തിൽ സജീവ പങ്കുവഹിച്ച സ്‌ത്രീസംഘടനകളെ നിരോധിക്കുകയും സ്‌ത്രീകൾ രണ്ടാംതരം പൗരരായി പരിഗണിക്കപ്പെടുന്ന അവസ്ഥ തുടരുകയും ചെയ്‌തു. ഇതിനെ ചോദ്യംചെയ്യുകയും ഇതിനെതിരെ നിവേദനങ്ങൾ നൽകിയവരെപോലും കൽതുറുങ്കിൽ അടയ്‌ക്കുകയോ ഗില്ലറ്റിന്‌ ഇരയാക്കുകയോ ഉണ്ടായി എന്നതും ചരിത്രമാണ്‌.

1917ലെ മഹത്തായ ഒക്‌ടോബർ സോഷ്യലിസ്റ്റ്‌ വിപ്ലവമാണ്‌ ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കിയത്‌. ഒക്‌ടോബർ വിപ്ലവത്തിനു മുന്നോടിയായ ഫെബ്രുവരി വിപ്ലവത്തിനു തുടക്കംകുറിച്ചത്‌, ഫാക്ടറി തൊഴിലാളികളായ സ്‌ത്രീകൾ പണിമുടക്കി പെട്രൊഗ്രാഡിലെ തെരുവുകളിൽ ഇറങ്ങിയതോടെയാണെന്നതും ചരിത്രമാണ്‌. ഒക്ടോബർ വിപ്ലവാനന്തരം രൂപംകൊണ്ട തൊഴിലാളിവർഗ നേതൃത്വത്തിലുള്ള ഭരണസംവിധാനമാണ്‌ സ്‌ത്രീകൾക്ക്‌ ചരിത്രത്തിലാദ്യമായി തുല്യ പൗരാവകാശവും തുല്യ കൂലിവ്യവസ്ഥയും തുല്യനിതിയും ഉറപ്പാക്കിയത്‌ എന്ന വസ്‌തുതയും നമുക്ക്‌ വിസ്‌മരിക്കാനാവില്ല. ആ സോഷ്യലിസ്റ്റ്‌ ഭരണസംവിധാനത്തിന്‌ തിരിച്ചടി നേരിട്ടതോടെയാണ്‌ ലോകത്ത്‌ നവലിബറലിസം എന്ന സ്‌ത്രീകൾ ഉൾപ്പെടെയുള്ള അധ്വാനിക്കുന്നവരുടെ കഴുത്തറുത്ത്‌ ചോരകുടിക്കുന്ന സംവിധാനം നിലവിൽവന്നത്‌. അതോടെ കൂലിയിൽ നിലവിലുണ്ടാിരുന്ന സ്‌ത്രീപുരുഷ അന്തരം കുതിച്ചുയർന്നുവെന്നതാണ്‌ വസ്‌തുത. മുതലാളിത്ത സന്പദ്‌ഘടനയെ തകർത്ത്‌ സോഷ്യലിസത്തിലേക്ക്‌ നീങ്ങിയാൽ മാത്രമേ കഴിയൂവെന്ന്‌ വേൾഡ്‌ മാർച്ച്‌ ഓഫ്‌ വിമെൻ പോലെയുള്ള ചില സംഘടനകൾ തന്നെ അംഗീകരിക്കുന്നു. ‘സ്‌ത്രൈണ സവിഷേതകളോടു കൂടിയ സോഷ്യലിസ്റ്റ്‌ സന്പദ്‌ഘടന’’ എന്നിങ്ങനെയുള്ള ചില ആശയങ്ങളും മൂന്നാട്ടു വയ്‌ക്കപ്പെടുന്നുണ്ട്‌.

ലാറ്റിനമേരിക്കയിൽ പിങ്ക്‌ ടൈഡിന്റെ ഭാഗമായി ഉയർന്നുവന്ന ഗവൺമെന്റുകൾ പൊതുവിൽ ഇത്തരം സ്‌ത്രീപക്ഷ ആശയങ്ങൾ പിൻപറ്റുന്നുണ്ട്‌; സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിൽ പൊതുവെ സ്‌ത്രീകൾക്ക്‌ അനുകൂലമായ നിലപാട്‌ സ്വീകരിക്കുന്നുണ്ടെന്നതിൽ സംശയത്തിനവകാശമില്ല. കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങളിലും നടപടികളിലും ഇത്തരം ലിംഗതുല്യതയുടേതായ കാഴ്‌ചപ്പാട്‌ കാണാം. ഇതെല്ലാം വ്യക്തമാക്കുന്നത്‌ നവലിബറലിസത്തിൽനിന്ന്‌, മുതലാളിത്തത്തിൽനിന്നു തന്നെ, മോചനം നേടിക്കൊണ്ടു മാത്രമേ ലിംഗതുല്യത നടപ്പാക്കാനാവൂ എന്നാണ്‌. തൊഴിലാളിവർഗത്തിന്റെ മോചനത്തിലൂടെ മാത്രമേ മാനവരാശിയുടെ മോചനം സാധ്യമാകൂ എന്നാണ്‌ മാർക്‌സ്‌ വ്യക്തമാക്കിയിട്ടുള്ളത്‌. തൊഴിലാളികളുടെ മോചനത്തിനുള്ള പോരാട്ടം വിജയിക്കണമെങ്കിൽ പകുതി ആകാശത്തിന്റെ ഉടമകളായ സ്‌ത്രീകൾ മോചിപ്പിക്കപ്പെടണം. അതിനുള്ള കൂട്ടായ പോരാട്ടത്തിൽ സ്‌ത്രീകൾ അണിനിരക്കുകയും വേണം.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty + sixteen =

Most Popular