Saturday, April 27, 2024

ad

Homeചിത്രകല‘വസ്തുവിന്റെ' കാലസഞ്ചാരം

‘വസ്തുവിന്റെ’ കാലസഞ്ചാരം

എ എസ് സജിത്ത്

രു വ്യക്തി സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുക്കൾ അയാളുടെ തന്നെ ഭാഗമായാണ് അനുഭവപ്പെടുന്നത്. ആ അവസ്ഥയെ അയാളും ചുറ്റുമുള്ളവരും അംഗീകരിക്കുന്നു. അച്ഛൻ ധരിച്ചിരുന്ന ഷർട്ടോ അമ്മയുടെ കണ്ണടയോ സൂക്ഷിക്കുന്നത് അവരുടെ ഭൗതിക ശരീരത്തിന്റെ തുടർച്ചയായിട്ടാണ്. ഇവിടെ വസ്തു, ഇല്ലാത്ത ശരീരത്തിന്റെ തുടർച്ചയായി മാറുന്നതിനാൽ അതിന്റെ അസ്തിത്വം പകുതി ഓർമയിലും പകുതി വസ്തുവിലും ആയിട്ടാണ് നിലകൊള്ളുന്നത്.

വസ്തുവിന്റെ പഴക്കവും അഴുക്കും ചേർന്ന് അർത്ഥം നിർണയിക്കുന്ന ഈ പ്രക്രിയയ്ക്ക് അബ്ജക്ഷൻ (abjection ) എന്നാണ് ഇംഗ്ലീഷ് വാക്ക്. മലയാളത്തിൽ തത്തുല്യമായ വാക്ക് ലഭ്യമല്ല. സ്മരണിക എന്ന പദം മറ്റൊരു അർഥത്തിൽ ആണ് ഉപയോഗിക്കുന്നത്. ഈ “ഉടലാണ്ട വസ്തു’, വളരെ സാമാന്യവൽക്കരിക്കപ്പെട്ട ഒന്നായതിനാൽ അതിനെ അസാമാന്യവൽക്കരിക്കേണ്ടത് ഉടമയുടെ ആവശ്യമാണ്. അത് ഭൂതകാലത്തിൽ സമർപ്പിതമായ പൂജാശരീരമായി മാറുന്നു. (fetish object). വ്യക്തിയുടെ അധികാരശക്തി കൂടുംതോറും വസ്തുവിന്റെ മേൽ ആരോപിതമായ മൂല്യവും വർദ്ധിക്കുന്നു.

വ്യക്തിജീവിതത്തിൽ മാത്രമല്ല സാമൂഹ്യ ചരിത്രത്തിലും ഈ പ്രക്രിയ കാണാം. ചരിത്ര മ്യൂസിയങ്ങൾ ഇത്തരം വസ്തുക്കൾ കൊണ്ട് നിറഞ്ഞവയാണ്. ഈ വസ്തുക്കളുമായി ബന്ധപ്പെട്ട ചരിത്രം പലപ്പോഴും വൈരുദ്ധ്യപൂർണമാണ്. ഉദാഹരണമായി നാസി തടവറയായ ഓസ്വിറ്റ്സ് (Auschwitz) ഇപ്പോൾ ഒരു മ്യൂസിയം ആണ്. ഈ മ്യൂസിയത്തിൽ ഗ്യാസ് ചേമ്പറിൽ കൊല്ലപ്പെട്ട മനുഷ്യരുടെ വസ്ത്രങ്ങളും മറ്റും കൂട്ടിയിട്ടിരിക്കുന്നു. ആയിരക്കണക്കിന് ആളുകൾ തങ്ങളുടെ അവധിക്കാല യാത്ര നടത്തുന്നത് ഇവിടെയ്ക്കാണ്. ഈ ഉടൽ ആണ്ട വസ്തുക്കളുടെ ആസ്വാദനം പ്രശ്നഭരിതമാണ്. ഉന്നതമായ നീതിബോധം ചരിത്ര വീക്ഷണത്തിൽ പുലർത്തുന്ന ഒരു സമൂഹത്തിൽ മാത്രമേ ഈ വസ്തുക്കൾ ഇത്തരത്തിൽ പ്രദർശനീയം ആകൂ. ജർമ്മനി ഇത് തങ്ങളുടെ പൂർവചരിത്രം എന്ന് എപ്പോൾ അത്യഭിമാനപൂർവം ആഘോഷമാക്കുന്നുവോ അന്ന് ഈ മ്യൂസിയത്തിൽ അന്തർലീനമായിരിക്കുന്ന സൗന്ദര്യഭാവം ഇല്ലാതാകുന്നു. “ഉടൽ ആണ്ട വസ്തുക്കൾ ” അവയുടെ ഭീകരമായ ഭൂതകാല യാഥാർഥ്യത്തിലേയ്ക്ക് മടങ്ങിയെത്തുന്നു.

അക്രമവും ക്രൂരതയും കലാപങ്ങളും പലായനങ്ങളും നിറഞ്ഞ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തലായി അത് സമകാലികമായി നില നിൽക്കുമ്പോൾ മാത്രമേ അഴുക്കുനിറഞ്ഞ ഈ വസ്തുക്കൾ ദാർശനികമായ (sublimated) സൗന്ദര്യാനുഭൂതി നൽകുകയുള്ളൂ. അല്ലെങ്കിൽ അവ ഉൽപാദിപ്പിക്കുന്നത് പല തലത്തിലുള്ള വെറുപ്പ് /അറപ്പ് മാത്രം ആയിരിക്കും. മനുഷ്യന്റെ ആന്തരിക സത്ത ഹിംസാത്മകമായ ചരിത്രസന്ദർഭങ്ങളുടെ മുന്നിൽ വെറുപ്പ് ഉപേക്ഷിച്ചു ഉദാത്തീകരണം (sublimation) സാധ്യമാക്കാൻ സ്വയം സജ്ജമാക്കുന്നതാണ് കല . ചരിത്ര സാക്ഷരമായ രീതിയിൽ സമൂഹത്തിന്റെ കാഴ്ച്പ്പാട് വളർത്താനുള്ള ഉത്തരവാദിത്വം ആണ് മ്യൂസിയങ്ങളിലും സമകാലിക കലാകാരന്മാരിലും നിക്ഷിപ് തമായിട്ടുള്ളത്.

നമ്മുടെ രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തിലും അബ്ജക്ഷൻ പ്രക്രിയയിലൂടെ കടന്നുവന്ന ധാരാളം വസ്തുക്കൾ ഉണ്ട്. ഹാരപ്പൻ സംസ്കാരം അവശേഷിപ്പിച്ച സീലുകളും, കുട്ടികളുടെ കളിപ്പാട്ടങ്ങളും അവയിൽ ഏറ്റവും പഴക്കം ചെന്നവയാണ്. ഉപഭോഗത്തിനായി നിർമ്മിക്കപ്പെട്ട ചെറിയ വസ്തുക്കളായ ഇവ നമ്മുടെ ചരിത്രബോധത്തിന് ഏറ്റവും ആസ്വാദ്യകരമായ കലാ വസ്തുക്കൾ ആയിരുന്നു അടുത്ത കാലം വരെ.

അടുത്ത കാലത്ത് കാണുന്ന അമിതമായ ദേശാഭിമാനബോധവും, നാഷണൽ മ്യൂസിയം പുനർക്രമീകരണവും, പുതു ചരിത്ര നിർമിതിയും ഈ വസ്തുക്കളുടെ ആസ്വാദനമൂല്യം കുറയ്‌ക്കുകയാണ് ചെയ്യുന്നത് . കച്ചവടക്കാരുടെ സീലുകളും, കളിമണ്ണിൽ നിർമ്മിക്കപ്പെട്ട, കുഞ്ഞുങ്ങളുടെ കളിപ്പാട്ടവും അങ്ങനെത്തന്നെ ആയി തിരികെ അർത്ഥം മാറാം. അതോടൊപ്പം പ്രാചീനമായ, ഉന്മൂലനങ്ങളുടെ ചരിത്രത്തോടു ചേർത്ത്, നമ്മുടെ കാലഘട്ടവും ഭാവി ചരിത്രത്തിൽ ഇങ്ങിനെ ആരോപിതം ആകാം. ഇത് ഏതു രീതിയിൽ ഒരു മ്യൂസിയത്തിൽ നിലനിൽക്കണം എന്ന് തീരുമാനിക്കേണ്ട ജനത, മുൻപ് ജർമനിയുടെ കാര്യത്തിൽ സൂചിപ്പിച്ച രീതിയിൽ അതിന്റെ കലാപരത ഇല്ലാതാക്കി, അഴുക്കിന്റെ ഓർമയിലേയ്ക്കുള്ള സൂചകമായി മാത്രം വസ്തുക്കളെ മാറ്റുന്നുവെങ്കിൽ അത് അതീവ ദുഃഖകരം ആണ്. കല അഭിമാനമാകുന്നത് അതിന്റെ തുറന്ന ഭാവത്തിലാണ്. 3500 വർഷം മുൻപ് ഒരു കുഞ്ഞ്‌ കറക്കിക്കളിച്ച ഒരു മൺ ചക്രം, നൂറ്റാണ്ടുകളുടെ നിശ്ശബ്ദതയിലൂടെ കടന്നുവന്നു എന്നതാണ് അത് ധ്വനിപ്പിക്കുന്ന ഒരു സൗന്ദര്യാനുഭവം.

മൺചക്രത്തിന്റെ കാലംകഴിഞ്ഞ്, സമകാലികമാകുമ്പോൾ ഒരു യുദ്ധവിമാനം കുട്ടികൾക്കു കളിക്കാൻ കൊടുക്കാമോ എന്നതാണ് ഉയരുന്ന ഒരു ചോദ്യം. കേരള തലസ്ഥാനത്ത് തന്നെ കുട്ടികളുടെ ഒരു കലാപഠന കേന്ദ്രത്തിനു മുന്നിൽ ( ജവഹർ ബാലഭവൻ ) ഒരു യുദ്ധ വിമാനം സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ ഇതിന്റെ ചിറകുകളിൽ കയറിയിറങ്ങുന്നതും കളിക്കുന്നതും മുൻകാലങ്ങളിൽ കണ്ടിട്ടുണ്ട്. ഇപ്പോൾ മഴയും വെയിലും കൊള്ളാതെ ഒരു ഇരുമ്പ് ഷെഡ് കെട്ടി സംരക്ഷിച്ചിരിക്കുന്നു. പല യുദ്ധങ്ങളിലും ആക്രമണങ്ങളിലും പങ്കെടുത്ത ഒന്നാണ് ഈ വിമാനമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ചിറ്റഗോങ് തുറമുഖം 1971 ൽ ഈ വിമാനം ആക്രമിച്ചിട്ടുണ്ട് എന്ന് ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് വഹിച്ചിരുന്ന മാരകമായ ബോംബുകളുടെ അളവ് ഭയാനകമാണ്.

ഈ ആയുധം ഏതോ സേനാനായകന്റെ ഉടവാൾ പോലെ അതിന്റെ അക്രമോൽസുകമായ പൂർവചരിത്രം വിമലീകരിച്ച് ഒരു കളിപ്പാട്ടമായി നിലകൊള്ളുന്നതാണ് അതിന് ഇപ്പോൾ കലാപരത നൽകുന്നത്. യുദ്ധം എപ്പോഴാണോ, സംരക്ഷണം എന്നല്ലാതെ ഒരാഘോഷക്കാഴ്ചയായോ, ഉന്മൂലന ത്വര ആയോ സമൂഹത്തിന്റെ പ്രതികരണം ആയി മാറുന്നത്, അന്ന് ഈ വിമാനം ഒരു കളിപ്പാട്ടം അല്ലാതാകുന്നു. സമകാലിക ഇന്ത്യൻ ജനതയുടെ ഒരു വലിയ വിഭാഗം ഇത്തരം പരിണാമത്തിനു വിധേയരായിരിക്കുന്നു എന്നത് ദുഃഖകരമായ വസ്തുതയാണ്. അത്തരം ഒരു സമൂഹത്തിൽ ജീവിക്കുന്ന ഒരു കുട്ടിയുടെ പാകപ്പെടാത്ത മനസ്സിൽ, അക്രമത്തിനു വീരഭാവം അബോധ പ്രേരണയായി നൽകുന്ന, ഒരു സൈനിക ഉപകരണം ആയിത്തന്നെയായിരിക്കും അപ്പോൾ ഈ വിമാനത്തിന്റെ നിലനിൽപ് . അത്തരം സന്ദർഭത്തിൽ ഒരു യുദ്ധോപകരണം എന്ന രീതിയിൽ അത് നടത്തിയിട്ടുള്ള കുരുതികളുടെ ചരിത്രം ഓർമ്മപ്പെടുത്തേണ്ട ബാധ്യത കലാകാരനിലും നിക്ഷിപ്തമാണ്.

ഒരു ചരിത്ര സന്ധിയിൽ സൂക്ഷ്മ സന്ദർഭങ്ങളുടെ വിശകലനം ( micro analysis of zeitgeist ) പ്രധാനമാകുന്നു. വിരുദ്ധ ശക്തികൾ എങ്ങനെ ചരിത്ര നിർമിതിയിൽ പങ്കുവഹിക്കുന്നു എന്നത് ഇത്തരം വിശകലനം കൂടുതൽ വ്യക്തമാക്കും. അങ്ങനെ ഉള്ള ഒരു രീതിശാസ്ത്രം നമ്മുടെ കാലഘട്ടം കൂടുതൽ ആവശ്യപ്പെടുന്നുണ്ട്. സമകാലിക കേരളത്തിൽ അടുത്ത കാലത്ത് നടന്ന ഒരു സംഭവം എടുത്തു പരിശോധിക്കാം.

കടൽത്തീരത്ത് കാഴ്ച വസ്തുവായി സ്ഥാപിച്ച ഒരു യുദ്ധഹെലികോപ്റ്ററിനെ സംബന്ധിച്ച് ആയിരുന്നു വിവാദം . ശംഖുമുഖം ഉല്ലാസ പാർക്കിൽ സ്ഥാപിച്ച ഹെലികോപ്റ്ററിന്റെ സ്ഥാനം ആണ് വിവാദം ആയത്. സാഗര കന്യക എന്ന സ്ത്രീ രൂപ ശില്പത്തിന്റെ സമീപത്താണ്, കുട്ടികളുടെ പാർക്കിൽ, ഹെലികോപ്റ്റർ സ്ഥാപിച്ചത്. തന്റെ ശിൽപ്പത്തിന്റെ കാഴ്ച മറയ്ക്കുന്നു, അതിനാൽ ഇത് മാറ്റി സ്ഥാപിക്കണം എന്ന ആവശ്യമാണ് ശില്പി ഉന്നയിച്ചത്. ഈ ആവശ്യം ക്രമേണ തലസ്ഥാനത്തെ രാഷ്ട്രീയക്കാരും കലാകാരുടെ സംഘവും ഏറ്റെടുത്തു. വിവാദം ഗവണ്മെന്റിനെതിരെയുള്ള രാഷ്ട്രീയ ആയുധമായി മാറുന്നതാണ് പിന്നെ കാണുന്നത്. പ്രതിപക്ഷവും തീവ്ര വലതു മതവാദികളും, ഇടത് അനുഭാവികൾ ആയ കലാകാരന്മാരും ഒരുമിച്ച് തെരുവ് പ്രകടനം നടത്തുന്ന സാഹചര്യം ഉണ്ടായി. ഗവണ്മെന്റ് ഇക്കാര്യം പരിശോധിക്കുകയും ഹെലികോപ്റ്ററിന്റെ സ്ഥാനം ശില്പത്തിനെ ബാധിക്കുന്നില്ല എന്ന നിഗമനത്തിലേയ്ക്ക് എത്തുകയും ചെയ്തു. എതിർപ്പ് ക്രമേണ കെട്ടടങ്ങി. ഒരു ഭാവി ചരിത്രകാരൻ ഈ ചരിത്ര സന്ദർഭം വിശകലനം ചെയ്യുന്നു എന്ന് കരുതുക. അയാൾ കാണുന്ന വസ്തുത(data) എന്തായിരിക്കും?

1. ഒരു യുദ്ധോപകരണം ആയിരുന്നു വിവാദ വസ്തു എങ്കിലും, ഈ കാലഘട്ടത്തിലെ ഒരു ഇരുണ്ട സാമൂഹ്യ പ്രശ്നമായ ഹിംസാത്മകമായ വെറുപ്പിന്റെ രാഷ്ട്രീയമോ, അതിന്റെ യുദ്ധോൽസുകതയോ എവിടെയും ചർച്ചയിൽ വന്നതേയില്ല.

2. എല്ലാത്തരത്തിലുമുള്ള മത തീവ്ര രാഷ്ട്രീയവാദികൾ ഗവണ്മെന്റിനെതിരെ ഒരു രാഷ്ട്രീയ വിവാദം ആയി ഈ വിഷയം വളർത്താൻ ശ്രമിച്ചു.

3. മുതിർന്ന പല കലാകാരും പ്രത്യക്ഷമായും വർഗീയ രാഷ്ട്രീയ സാംസ്കാരിക പ്രസ്ഥാനങ്ങളോട് ചേർന്നുനിൽക്കുന്ന നിലപാട് സ്വീകരിച്ച ഒരു കാലഘട്ടം ആയിരുന്നു ഇത്. ഇതിന് സഹായകമായ നിലപാട് കലാകാര സംഘം അറിഞ്ഞോ അറിയാതെയോ സ്വീകരിച്ചു.

4. ഇതിൽ ഇടതു പക്ഷ രാഷ്ട്രീയം പിൻപറ്റുന്ന കലാകാരൻമാരും നേതൃപരമായ പങ്കുവഹിച്ചു. ഇത് രാഷ്ട്രീയ പക്വത ഇല്ലായ്മ കൊണ്ടാണോ, അതോ ദർശന വ്യക്തത ഇല്ലാത്തതിനാൽ ആണോ എന്ന് പഠിക്കേണ്ടതുണ്ട്.

കലാസംബന്ധിയായ ഓരോ തീരുമാനവും വളരെ സൂക്ഷ്മതലത്തിൽ സമൂഹത്തിൽ ചലനം ഉണ്ടാക്കുന്നുണ്ട്. ഒരു പൊതു ഇടത്തിൽ വയ്ക്കുന്ന ഒരു വസ്തു, അല്ലെങ്കിൽ ഇൻസ്റ്റലേഷൻ, പൊതു മാധ്യമം (mass media) എന്ന നിലയിലാണ് നിലനിൽക്കുന്നത്. സാമൂഹ്യ ബോധ്യത്തെ സ്വാധീനിക്കാൻ പൊതു മാധ്യമങ്ങൾക്കുള്ള ശക്തി വളരെ വലുതാണ്. ഇത് കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്വവും വളരെ വലുതാണ്. മാനവികവും ഉന്നതവും ആയ മൂല്യ ബോധം പുലർത്തേണ്ടവരാണ് ഏതുതരം മാധ്യമവും കൈകാര്യം ചെയ്യുന്നവർ. മൂല്യ സങ്കൽപം വ്യക്തിപരമായ നേട്ടങ്ങൾക്കുവേണ്ടി ഉപേക്ഷിച്ചു പോകേണ്ടതല്ല. അതിനാൽത്തന്നെ ചരിത്രത്തെ ലഘുകരിക്കുന്ന നിലപാട് വിശകലന വിധേയമാക്കേണ്ടത് കലാകാരന്റെ കടമയാണ്.

നാം ജീവിക്കുന്ന കാലത്തെ പൊതു വസ്തുക്കൾ ഭാവിയിൽ എങ്ങനെ വിശകലനം ചെയ്യപ്പെടും എന്നത് അവയുമായി ബന്ധപ്പെട്ട്, പല ഘട്ടങ്ങളിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഭവങ്ങൾ ആണ് ചരിത്ര സന്ധികൾ സൃഷ്ടിക്കുന്നത്. അത് പ്രതിബിംബിക്കുന്ന ദർശനം മാറ്റിയെടുക്കാൻ പുനഃ പ്രതിഷ്ഠാപനത്തിന് കഴിയും.

ഒരു കലാവസ്തുവും അതിന്റെ ചുറ്റുവട്ടവും, അത് നിലനിൽക്കുന്ന സമൂഹവും ചേർന്ന് നിർമിക്കുന്ന പ്രതീകരൂപം ( symbolic form ) കലാ ചരിത്രപഠനത്തിൽ വളരെ പ്രധാനമാണ്. ഒരു കാലത്തിൽ അന്തർലീനമായ സാമൂഹ്യശക്തിസത്ത ( zeit geist ) അറിഞ്ഞോ അറിയാതെയോ ഇത്തരം പ്രതീകരൂപങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മേൽപ്പറഞ്ഞ കന്യകാ ശില്പം ഒരു ഉർവരതാ രൂപം ആയി വിശകലന വിധേയമാക്കാൻ കഴിയും.
ആദ്യകാല ഉർവരതാ രൂപങ്ങൾ ആയുധപാണികളായ ദേവതകൾ ആയി പരിണാമം പ്രാപിക്കുന്നത് പിൽക്കാലത്ത് കാണാം. ആഹാരവും സംരക്ഷണവും അമ്മരൂപത്തിൽ ആരോപിതമാക്കുന്നത് ഒരു അശക്ത ശിശു ഭാവം സ്വീകരിക്കുന്ന മാർഗ്ഗമാണ്.അതിപ്രാചീനമായ അമ്മരൂപങ്ങളിൽ തൊട്ട് സമകാലിക സൃഷ്ടികളിൽ വരെ വൈരുദ്ധ്യാത്മകമായ ഈ സങ്കലനം കാണാം. കൃഷി ദേവതകൾ കാലക്രമേണ യുദ്ധദേവതകൾ ആയി പരിണമിക്കുന്നുണ്ട്. പല കരങ്ങളിൽ പല തരം ആയുധങ്ങൾ പേറുന്ന ദേവീ രൂപങ്ങൾ സംരക്ഷണം എന്ന ആശയം സൃഷ്ടി ശക്തി (Eros) യിൽ നിന്നും ഉന്മൂലന ശക്തിയിലേയ്ക്ക് (tanatos) പ്രതീകവൽക്കരിക്കുന്നു. ഇവ പലപ്പോഴും രാജഭരണവർഗ്ഗത്തിന്റെ അരക്ഷിതബോധത്തിന്റെ സൃഷ്ടി കൂടിയാണ്. യുദ്ധത്തിനു പോകുന്നതിനു മുൻപ് നടത്തുന്ന പൂജാദി കർമങ്ങൾ അരക്ഷിതമായ ശിശുഭാവം, അമ്മയോട് ആശ്രയം തേടുന്ന മട്ടിലാണ്.

ദേശത്തിന് അമ്മഭാവം നൽകുമ്പോഴും അരക്ഷിതനായ ശിശുവിന്റെ ഭയവും, സംരക്ഷിക്കപ്പെടാനുള്ള ത്വരയുമാണ് പ്രതീകവൽക്കരിക്കുന്നത്. ക്രമേണ അക്രമവാസനയും, വെറുപ്പും ഇതിൽ കൂട്ടുചേരുന്നു. സാമാന്യ ജനത ഈ വൈരുദ്ധ്യത്തെപ്പറ്റി ഉൾക്കാഴ്ച ഉള്ളവരാണ്. ഈ ഉൾക്കാഴ്ച തനിയെ ഉൽഭൂതമാകുന്നതല്ല. ചരിത്ര സന്ധികളെ രാഷ്ട്രീയ വിശകലനത്തിനു (political discourse )വിധേയരാക്കിയ സാമൂഹ്യ പ്രവർത്തകരും എഴുത്തുകാരും മറ്റും ദീർഘ കാല പരിശ്രമം കൊണ്ട് സൃഷ്ടിച്ചെടുത്തതാണ്. ഈ ശ്രമത്തിന്റെ അമൂല്യതയെ സാമാന്യജനതയുടെ ഓർമയിൽ നിലനിർത്താനുള്ള ഉത്തരവാദിത്വം ഓരോ കലാകാരനും ഉണ്ട്.

ഒരു ചരിത്ര വസ്തു ഒരു പൊതുഇടത്തിൽ കലാ വസ്തുവായി പ്രദർശിപ്പിക്കപെടുമ്പോൾ ആ വസ്തു, സമാന്യമായി, ക്രൗര്യം നിറഞ്ഞ ഒരു ഓർമ്മയിൽ നിന്ന് വിമലീകരിക്കപ്പെട്ട സാന്നിധ്യമായി മാറുന്നുണ്ട്, അതിന്റെ പൂർവ സ്മരണയുടെ ഒരു സൂചകമായി നിലനിൽ ക്കുമ്പോഴും . എന്നാൽ ഈ പ്രക്രിയ ഏതുനിമിഷവും തിരിച്ചുമാകാം എന്ന സാധ്യത ആ വസ്തുവും അത് കാണുന്ന വ്യക്തിയും, ചുറ്റുവട്ടവും ചേർന്ന ഘടനയിൽ അന്തർലീനമാണ്. കാലത്തിലൂടെ കടന്നുവന്ന വിമലീകരണം ധ്വനിപ്പിക്കേണ്ടത് കരുണമോ ശാന്തമോ മാണ്. പകരം ആ വസ്തുവിന്റെ ആദ്യ ഉദ്ദേശ്യത്തിലേക്കു തന്നെ അതിന്റെ സാന്നിദ്ധ്യത്തെ രാഷ്ട്രീയ ലക്ഷ്യത്തോടെ ആനയിക്കുമ്പോൾ അത് കലാരൂപമെന്ന അസ്തിത്വത്തെ വെടിയുകയും വീണ്ടും അതിന്റെ അപചയ രൂപം ആർജ്ജിക്കുകയും ചെയ്യും. അത്തരത്തിലുള്ള അപമാനകരമോ ഹിംസാത്മകമോ ആയ ചരിത്രത്തിന്റെ ആഘോഷ കാഴ്ചയുടെ ഭാഗമായി മാറാതിരിക്കാനുള്ള ജാഗ്രതയാണ് സമകാലിക കലാകാരന്മാർ പുലർത്തേണ്ടത്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

20 − two =

Most Popular