Friday, April 19, 2024

ad

Homeകായികരംഗംകായികരംഗത്തെയും മലീമസമാക്കുന്ന കാവിവൽക്കരണം

കായികരംഗത്തെയും മലീമസമാക്കുന്ന കാവിവൽക്കരണം

ഡോ. പി ടി അജീഷ്

തീവ്രമായ വർഗീയത, കപട മതേതരത്വം, കാവിവൽക്കരണം തുടങ്ങിയ തന്ത്രങ്ങൾ രാജ്യത്ത് നടപ്പിലാക്കുകയെന്നത് ആർ.എസ്.എസും സംഘപരിവാറും ഏറെക്കാലമായി ആസൂത്രണം ചെയ്യുന്ന ഹിഡൻ അജണ്ടകളാണ്.വിദ്യാഭ്യാസ മേഖലയിൽ ആകമാനം ഇതിനുള്ള തീവ്രമായ ശ്രമങ്ങൾ നടന്നുവരികയാണ്. സമൂഹത്തിൽ വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും സാധ്യതകളെയെല്ലാം പരിപോഷിപ്പിക്കുവാനുള്ള പരമാവധി അവസരങ്ങൾ സംഘപരിവാർ രൂപപ്പെടുത്തി കൊണ്ടിരിക്കുകയാണ്.രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളിൽ ഉൾപ്പെടെ ആർഎസ്എസിന്റെ അനുഭാവികളെയും തീവ്രഹൈന്ദവ നിലപാടുകൾ സ്വീകരിക്കുന്നവരെയും തലവന്മാരായിരിക്കുന്നതിന് പിന്നിൽ ഗൂഢലക്ഷ്യങ്ങളാണുള്ളത്.ആരോഗ്യപരിപാലനത്തിന്റെ ഭാഗമായി അന്തർദേശീയ യോഗ ദിനം ആചരിക്കുന്ന ദിവസമായ ജൂൺ 21 ആർ.എസ്.എസ് ആചാര്യൻ ഗോൾവാൾക്കറുടെ ചരമ ദിനവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികൾ നടത്തുവാനുള്ള ശ്രമവും മുൻപ് നടന്നിട്ടുള്ളതാണ്. ഇന്ത്യയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രസത്യങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതിയിലെ ഭാഗങ്ങളെ വെട്ടിനിരത്തുന്ന ഗൂഢമായ ശ്രമവും നിരന്തരം നടത്തിപ്പോരുകയാണ്.കുട്ടികൾക്ക് പാഠപുസ്തകങ്ങളിലൂടെ ഇത്തരം തെറ്റായ സന്ദേശങ്ങൾ പകർത്തുന്നതിലൂടെ കുരുന്നു മനസ്സുകളിൽ വർഗീയതയുടെ വിഷം കുത്തിവച്ച് ദീർഘകാലത്തിൽ നടപ്പിലാക്കേണ്ട അജണ്ടയുടെ ലക്ഷ്യപ്രാപ്തിയിലേക്കാണ് വിരൽചൂണ്ടുന്നത്. സമാനമായ സ്ഥിതി കായികമേഖലയിലേക്കും അടിച്ചേൽപ്പിക്കുവാനുള്ള ഗൂഢ ശ്രമങ്ങൾ സംഘപരിവാറിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.ഇന്ത്യയിലെ കായികതാരങ്ങളിൽ പലരുടെയും നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന തരത്തിലുള്ള പ്രവണതകൾ രാജ്യത്തിന്ന് കൂടിവരികയാണ്. ഒരു കായികതാരത്തിന്റെ പ്രകടനം ഏറ്റവും മികച്ച രീതിയിൽ ആകുന്നതിന് ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ എല്ലാ തലങ്ങളിലുമുള്ള വികാസവും ആരോഗ്യനിലയും ഉണ്ടായിരിക്കേണ്ടതുണ്ട്.ഇതിലേതെങ്കിലും ഒരു ഘടകത്തെ പ്രതികൂലമായി ബാധിക്കത്തക്ക രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അത് കായിക പ്രകടനത്തെ വളരെയധികം പ്രതികൂലമായി ബാധിക്കുകയും കായിക നിലവാരം പിന്നോട്ട് പോകുന്നതിനിടയാക്കുകയും ചെയ്യുന്നു.ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും കായിക പരിശീലനവും മത്സരഅവസരവും കാഴ്ചവയ്ക്കുവാൻ ഇടവരുത്തുന്ന രീതിയിലുള്ള അന്തരീക്ഷം രാജ്യത്ത് രൂപപ്പെടുത്തിയെടുക്കേണ്ടത് കായിക മേഖലയുടെ വളർച്ചയ്ക്ക് മുതൽക്കൂട്ടാകും.

കായിക പാരമ്പര്യത്താൽ സമ്പന്നമായ ഇന്ത്യ
മനുഷ്യ വിഭവ ശേഷിയാൽ അതിസമ്പന്നമായ രാജ്യമാണ് നമ്മുടെ ഇന്ത്യ.അടുത്തകാലത്തായി അയൽ രാജ്യമായ ചൈനയെ മറികടന്നുകൊണ്ട് ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചേർന്നു.ഇത്രയും അധികം ആളുകൾ നമ്മുടെ രാജ്യത്ത് വസിക്കുന്നുണ്ടെങ്കിലും അന്തർദേശീയ നിലവാരമുള്ള കായിക നേട്ടങ്ങൾ കരസ്ഥമാക്കുന്നവരുടെ കണ്ടെത്തുന്നതിലും ദീർഘകാല കായിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിലും നാം വളരെ പിന്നിലാണ് .ഇന്ത്യയെക്കാൾ ജനസംഖ്യയിലും സാമ്പത്തികശേഷിയിലും വളരെ പിന്നിലുള്ള രാജ്യങ്ങൾ പോലും അന്തർദേശീയ തലത്തിൽ മികച്ച കായികനേട്ടങ്ങൾ കൈവരിക്കുന്നുണ്ട്.ക്രിക്കറ്റ് എന്ന കായിക വിനോദത്തിന്റെ അതിപ്രസരം രാജ്യത്ത് കൂടുതലാണ്. മറ്റു കായിക ഇനങ്ങളും ക്രിക്കറ്റിന് സമാധാനമായ പ്രൊഫഷണൽ സമീപനം സ്വീകരിച്ചുകൊണ്ട് വളർച്ചയുടെ പാതയിൽ ക്രമേണ മുന്നേറണം .ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ജനങ്ങളുടെ വൈവിധ്യത്തിനും ശാരീരികശേഷികൾക്കും അനുയോജ്യമായ കായിക ഇനങ്ങൾ കണ്ടെത്തി പരിശീലനം നൽകിയാൽ അന്തർദേശീയ തലത്തിൽ കൂടുതൽ നേട്ടങ്ങൾ കരസ്ഥമാക്കുവാൻ സാധിക്കും.കഴിഞ്ഞ കുറേ നാളുകളായി ബോക്സിങ്, അമ്പെയ്ത്ത്,ഷൂട്ടിംഗ്, ബാഡ്മിന്റൺ, ഗുസ്തി തുടങ്ങിയ കായികയിനങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള പല താരങ്ങളും അന്തർദേശീയ തലത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കുന്നത് പ്രത്യേകം പരിഗണിക്കേണ്ട സംഗതിയാണ്.

കായിക മേഖലയിൽ വർദ്ധിച്ചു വരുന്ന സംഘപരിവാർ അതിപ്രസരം
കേന്ദ്ര കായിക യുവജന കാര്യമന്ത്രാലയം അംഗീകരിച്ചിട്ടുള്ള 62 കായിക അസോസിയേഷനുകളുടെയും ഫെഡറേഷനുകളുടെയും പൊതുവായ ചിത്രം പരിശോധിക്കുമ്പോൾ സംഘപരിവാർ ബന്ധമുള്ള രാഷ്ട്രീയക്കാരും ബിസിനസുകാരും അതിന്റെ തലപ്പത്ത് നിലനിൽക്കുന്ന സ്ഥിതിയാണ് ഉള്ളത്.ഇത്തരക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ മേഖലയിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ ഒരു മാധ്യമം ആയിട്ടാണ് അവർ കായിക മേഖലയെ കരുതുന്നത്.വ്യക്തിഗതമായ ലക്ഷ്യങ്ങളോടുകൂടി ചില താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുവാനുള്ള ഉപാധിയായി മാത്രമാണ് കായിക ഭരണത്തെ ഇത്തരക്കാർക്ക് കാണുന്നത്.ഉയർന്ന സാമ്പത്തിക വരുമാനം ഉള്ള ക്രിക്കറ്റ് ഉൾപ്പെടെയുള്ള നിരവധി കായിക ഇനങ്ങളുടെ തലപ്പത്ത് ബിജെപി നേതാക്കളോ അവരുടെ മക്കളോ,ബന്ധുക്കളോ ആയിരിക്കും അതിനെ നിയന്ത്രിക്കുവാൻ ഉണ്ടാവുക.കായിക സെലക്ടർമാർക്കോ കായിക പരിശീലകർക്കോ ടീം സെലക്ഷനിൽ ഇടപെടുവാനോ അഭിപ്രായം പറയുവാനോ കഴിയുന്നില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.സാമ്പത്തികമോ ഉന്നത ബന്ധം ഉള്ളവരോ ആയ കായികതാരങ്ങൾക്ക് മാത്രം ദേശീയ ടീമുകളിൽ എത്തിച്ചേരുവാനുള്ള ഒരു സ്ഥിതിയാണ് ഇപ്പോൾ ഉണ്ടാക്കിയെടുത്തിട്ടുള്ളത്. കായിക ഭരണ സംവിധാനത്തിൽ ഒരു സെമി പ്രഫഷണൽ രീതി സ്വീകരിക്കുന്നതായിരിക്കും നല്ലത്.പ്രഗൽഭരായ കായിക താരങ്ങളോടൊപ്പം തന്നെ മികച്ച കായിക വിദഗ്ധരെയും സംയുക്തമായി യോജിപ്പിച്ചുകൊണ്ടുള്ള ഒരു ഭരണസംവിധാനം എല്ലായിടങ്ങളിലും കൊണ്ടുവരുമ്പോൾ അത് കായിക പുരോഗതിയുടെ നട്ടെല്ലായി മാറുന്നു .ഇത് പൂർണ്ണമായ രീതിയിൽ ജനാധിപത്യപരമാകുമ്പോൾ ടീമുകളുടെ സെലക്ഷനും സുതാര്യമായ രീതിയിലേക്ക് നടക്കും.അർഹതയുള്ള താരങ്ങൾക്കു മാത്രം സെലക്ഷൻ ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്ന സ്ഥിതി ഒടുവിൽ ഉണ്ടാകേണ്ടതുണ്ട്.ലോകത്തെ കായിക മേഖലയിൽ മികവുപുലർത്തുന്ന പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള സെമി പ്രൊഫഷണൽ രീതി വിജയകരമായി നടപ്പിലാക്കിയതിലൂടെയുണ്ടായ മാറ്റങ്ങൾ പ്രകടമാണ്.

വനിതാ താരങ്ങളോടുള്ള സമീപനത്തിൽ ഉണ്ടാകേണ്ട മാറ്റം
ഒളിമ്പിക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള വനിതാ കായിക താരങ്ങളുടെ സമീപകാല പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നവയാണ് .ഇത്തരം നേട്ടങ്ങൾ കരസ്ഥമാക്കുമ്പോഴും കഷ്ടപ്പാടിന്റെയും പ്രയാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും നിരവധി സന്ദർഭങ്ങൾ ഓരോ താരങ്ങൾക്കും പറയുവാൻ ഉണ്ടാകും.മുമ്പ് ശാരീരികശേഷിയുടെ അടിസ്ഥാനത്തിൽ കായിക ഇനങ്ങൾ പുരുഷന്മാർക്കും വനിതകൾക്കും പ്രത്യേകം എന്നുള്ള രീതിയിൽ രൂപകല്പന ചെയ്തിരുന്നു.എന്നാൽ ഇപ്പോൾ പുരുഷനു സമാനമായ രീതിയിൽ എല്ലാ തരത്തിലുമുള്ള കായിക ഇനങ്ങളിലും വനിതകളുടെ പങ്കാളിത്തവും മത്സര ഇടപെടലും വളരെ സജീവമായി കണ്ടുവരികയാണ്.നമ്മുടെ വിദ്യാലയങ്ങളിൽ പെൺകുട്ടികൾ ഊർജ്ജസ്വലത ഇല്ലാത്തവരായും കായിക ക്ഷമത കുറഞ്ഞവരായും കണ്ടിരുന്ന അവസ്ഥയിൽ നിന്ന് ധാരാളം വനിതാ കായികതാരങ്ങൾ വിവിധ കായിക ഇനങ്ങളെ പ്രതികരിച്ച് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട് . ഇത്തരത്തിൽ മുന്നോട്ടുവരുന്ന താരങ്ങൾക്ക് പൂർണ്ണമായ രീതിയിലുള്ള സംരക്ഷണവും കരുതലും പരിഗണനയും കായിക പരിശീലന രംഗത്തും മത്സര വേദികളിലും ഉണ്ടാകേണ്ടത് വളരെയധികം അത്യന്താപേക്ഷിതമായ സംഗതിയാണ്. പ്രൊഫഷണൽ കായിക രംഗത്ത് ജെൻഡർ ഇൻക്ലൂഷന്റെ ഭാഗമായി പുരുഷ താരങ്ങൾക്കും വനിതാ താരങ്ങൾക്കും ഒരേ രീതിയിലുള്ള പരിഗണനയും പ്രതിഫലവും നൽകുന്ന സ്ഥിതിയും ഇപ്പോൾ പിന്തുടരുന്നുണ്ട്.


കരുത്തിന്റെ പ്രതീകങ്ങളായ വനിതാ ഗുസ്തി താരങ്ങൾ

പ്രാചീനകാലം മുതൽ മല്ലയുദ്ധം എന്ന പേരിൽ അറിയപ്പെടുന്ന ഗുസ്തി ഇന്ത്യയിലെ ആളുകൾക്കിടയിൽ വളരെ പ്രചാരം നേടിയിട്ടുള്ള ഒരു കായിക ഇനമാണ്. ഇന്ത്യ ആദ്യമായി ഒളിമ്പിക്സിൽ വ്യക്തിഗത മെഡൽ നേടിയതും കെ.ഡി. ജാദവ് എന്ന ഗുസ്തിക്കാരന്റെ വെങ്കലമെഡൽ നേട്ടത്തിലൂടെയായിരുന്നു. ഫ്രീ സ്റ്റൈൽ,ഗ്രീക്കോ- റോമൻ എന്നിങ്ങനെ വിവിധ ശൈലികളിൽ ആണ് ഗുസ്തി മത്സരങ്ങൾ നടത്തുന്നത്. വളരെയധികം ആരോഗ്യവും കായിക ക്ഷമതയും മെയ് വഴക്കവും ഉള്ളവർക്ക് മാത്രമെ ഈ കായിക ഇനത്തിൽ ഇനത്തിൽ ശോഭിക്കുവാൻ കഴിയുക. അതിനാൽ ആദ്യകാലങ്ങളിൽ വനിതകൾ ഈ കായിക ഇനത്തിൽ പങ്കെടുക്കുന്നത് വളരെ കുറവായിരുന്നു. ആദ്യ ഒളിമ്പിക് മെഡൽ നേട്ടത്തിന് 56 വർഷങ്ങൾക്ക് ശേഷം 2008 ബെയിജിംഗ് ഒളിമ്പിക്സിൽ സുശീൽകുമാർ നേടിയ വെങ്കല മെഡൽ നേട്ടത്തോടെ തുടർച്ചയായി നടന്നിട്ടുള്ള എല്ലാ ഒളിമ്പിക്സുകളിലും ഇന്ത്യയുടെ മെഡൽ പട്ടികയിൽ നേട്ടം കരസ്ഥമാക്കിതരുവാൻ ഗുസ്തി എന്ന കായിക ഇനത്തിനായിട്ടുണ്ട്. എതിരാളിയുമായി നിശ്ചിതനേരം കഠിനമായ ബലപരീക്ഷണം നടത്തിയ ശേഷം മലർത്തിയടിക്കുന്ന അത്യന്തം കാഠിന്യമേറിയ ഒരു കായിക ഇനം കൂടിയാണിത്. അതിനാൽ തന്നെ വനിതകളുടെ കടന്നുവരവ് ഈ കായിക ഇനം കൂടുതൽ ജനകീയമാക്കാൻ ഇടയാക്കിയിട്ടുണ്ട്. രാജ്യത്തിന് അഭിമാന നേട്ടങ്ങൾ കരസ്ഥമാക്കുന്ന ഈ വനിതാ കായികതാരങ്ങളെ നിരന്തരം ചൂഷണം ചെയ്യുവാനാണ് ദേശീയ ഗുസ്തി ഫെഡറേഷന്റെ തലപ്പത്തുള്ളവരും ചില പരിശീലകരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുറ്റക്കാർക്കെതിരെ യാതൊരു തരത്തിലുള്ള നടപടിയും എടുക്കുവാൻ കേന്ദ്രസർക്കാർ ഇതുവരെയും തയ്യാറായിട്ടില്ല. സുപ്രീംകോടതിയുടെ കടുത്ത നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ആരെയൊക്കെയോ ബോധിപ്പിക്കുവാനായി ഒരു കേസ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലോകത്ത് ഒരിടത്തും കാണാത്തവിധം കായികതാരങ്ങളുടെ പ്രക്ഷോഭത്തിനാണ്‌ ഡൽഹിയിലും ജന്തർമന്ദർ സാക്ഷ്യം വഹിച്ചത്‌. കേന്ദ്രസർക്കാരിനെ ഭയന്നുകൊണ്ട് ദേശീയ വനിതാ കമ്മീഷനും ദേശീയ മനുഷ്യാവകാശ കമ്മീഷനും ഈ വിഷയത്തിൽ മൗനം പാലിച്ചിരിക്കുന്നത് ജനാധിപത്യത്തെ കശാപ്പു ചെയ്തിരിക്കുന്നതിന് ഉത്തമ ഉദാഹരണമാണ്.

ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുന്ന കേന്ദ്രം
ക്രിമിനൽ പശ്ചാത്തലം ഉള്ള ബിജെപി നേതാവ് കായിക മേഖലയിലേക്കുള്ള കടന്നുകയറിയതുതന്നെ വൃക്തിഗതമായ ചില താൽപര്യങ്ങളും ഇഷ്ടങ്ങളും നടത്തിയെടുക്കുവാനാണെന്ന് ഇപ്പോൾ രാജ്യത്തെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പരിശീലന ക്യാമ്പുകളിലോ മത്സര ഇടങ്ങളിലോ വനിതാതാരങ്ങൾക്കുമേൽ ആധിപധ്യം സ്ഥാപിച്ചുകൊണ്ട് താല്പര്യങ്ങൾ നടപ്പിലാക്കുവാനാണ് ഇത്തരം രാഷ്ട്രദ്രോഹികളുടെ ശ്രമം. വനിതാ താരങ്ങൾക്ക് നേരെ ലൈംഗിക പീഡനകേസിൽ പ്രതിയായ ബി.ജെ.പി എം.പിയും ഗുസ്തി ഫെഡറേഷൻ അധ്യക്ഷനുമായിരുന്ന ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ കേന്ദ്രസർക്കാർ മൗനം പാലിക്കുന്നത് അപലപനീയമാണ്. ഇന്ത്യ മഹാരാജ്യത്തിന്റെ പ്രശസ്തിയും യശസ്സും ലോകരാജ്യങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിക്കുന്ന താരങ്ങളെ അപമാനിക്കുന്ന രീതിയിലുള്ള പ്രവണതകൾക്കെതിരെ കടുത്ത ശിക്ഷ നടപടികളാണ് സ്വീകരിക്കേണ്ടത്.എന്നാൽ സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കുവാൻ വിധേയനാക്കപ്പെട്ട ബ്രിജ് ഭൂഷൻ സിംഗിനെതിരെ ചെറുവിരലനകുവാൻ പോലും കേന്ദ്രസർക്കാറിനു കഴിയുന്നില്ല .പണത്തിന്റെയും അധികാരത്തിന്റെയും ബലത്തിലാണ് ബ്രിജ് ഭൂഷൻ എന്ന വ്യക്തി ഇത്തരത്തിൽ കായികതാരങ്ങളോട് മൃഗീയമായ രീതിയിലുള്ള പെരുമാറ്റം നടത്തിയിട്ടുള്ളത്.തങ്ങൾക്ക് അർഹമായ നീതി ലഭിക്കും വരെ രാപ്പകൽ സമരം തുടരുമെന്ന് തീരുമാന തീരുമാനമെടുത്ത ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ രാഷ്ട്രീയ സാമൂഹിക,സാംസ്കാരിക,കായിക രംഗത്തെ പ്രമുഖർ രംഗത്തെത്തിയത് വിഷയം ലോകവ്യാപകമായി അറിയുവാൻ ഇടയാക്കിയിട്ടുണ്ട്. വനിതാ കായിക താരങ്ങൾക്ക് സംരക്ഷണവും കരുതലും ലഭ്യമാക്കുവാൻ കഴിയാത്ത ഈ നാട്ടിൽ വരും ഭാവിയിൽ പെൺകുട്ടികൾ കായിക മേഖലയിലേക്ക് മുന്നോട്ടുകൊണ്ടു വരുന്നതിൽനിന്നും രക്ഷിതാക്കൾ പിന്നോക്കം പോകുമെന്നതിൽ തർക്കമില്ല. രാജ്യത്ത് കായികരംഗവുമായി ബന്ധപ്പെട്ട് ഏറ്റവും മികച്ച മാതൃകകളാണ് ഉയർന്നുവരേണ്ടത്.രാജ്യത്തിന്റെ റോൾ മോഡലുകൾ ആയി പ്രവർത്തിച്ചവർക്ക് ഇത്തരത്തിലുള്ള ദയനീയാവസ്ഥ ഉണ്ടാക്കിയെടുത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാനുള്ള നിയമനിർമ്മാണം രൂപപ്പെടുത്തുവാൻ രാജ്യത്ത് ശക്തമായ ജനകീയ കാമ്പയിൻ ഉണ്ടാകേണ്ടതുണ്ട്.


രക്ഷിക്കേണ്ട പി.ടി.ഉഷ ശിക്ഷിക്കുവാൻ തയാറാകുമ്പോൾ

ബി.ജെ.പി ദാനമായി നൽകിയ നൽകിയ രാജ്യസഭാ അംഗത്വ പദവി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്‌ സ്ഥാനം എന്നിവയ്ക്കുള്ള കൂറു കാണിക്കുവാൻ പി.ടി ഉഷ എന്ന ലോകോത്തര കായിക താരം സ്വീകരിച്ച സമീപനം വളർന്നുവരുന്ന വനിതാ കായികതാരങ്ങളെയെല്ലാം ഇകഴ്ത്തുന്നതിനു സമാനമായിപ്പോയി.ഒരു മുൻ വനിതാ കായികതാരം ആയിരുന്നതുകൊണ്ടുമാത്രമാണ് തനിക്ക് ഇത്തരത്തിലുള്ള പദവികൾ ലഭിച്ചതെന്ന് പോലും ഓർക്കാതെ കേവലം രാഷ്ട്രീയക്കാരിയുടെ നിലയിലേക്ക് മാറിയിട്ടുള്ള പരാമർശങ്ങളാണ് വനിതാ ഗുസ്തി താരങ്ങൾക്കെതിരെ അവർ നടത്തിയത്.”എനിക്ക് ശേഷം പ്രളയം’ എന്ന പ്രസ്താവന നടത്തി കുപ്രസിദ്ധി നേടിയ ഫ്രാൻസിലെ രാജാവായിരുന്ന ലൂയി പതിനഞ്ചാമൻ സ്വീകരിച്ചിരുന്ന സമാനരീതിയിലുള്ള പ്രവർത്തനങ്ങളാണ് പി.ടി.ഉഷ കായിക മേഖലയിൽ നടത്തിക്കൊണ്ടിരിക്കുന്നത്.ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അർഹതയുണ്ടായിരുന്ന മലയാളി കായികതാരമായ പി.യു ചിത്രയുടെ അവസരം നിഷേധിക്കുന്നതിനു പിന്നിൽ പി.ടി.ഉഷയുടെ ഇടപെടൽ ഉണ്ടായിരുന്നിട്ടുള്ളതായി ആരോപണമുണ്ട്. ആത്മാഭിമാനം സംരക്ഷിക്കുവാൻ വേണ്ടി സമരം നയിക്കുന്ന താരങ്ങൾക്ക് പിന്തുണ നൽകേണ്ടതിനു പകരം അപമാനിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന നിലയിലേക്ക് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ടായ ഒളിമ്പ്യൻ പി.ടി ഉഷ തരംതാണിരിക്കുന്നു. രാജ്യത്തിന്റെ യശസ്സ് ഉയർത്തുവാൻ ദീർഘനാളുകളായി കഠിനാധ്വാനം ചെയ്തുവന്ന കായികതാരങ്ങൾ നീതിക്കുവേണ്ടി തെരുവിലിറങ്ങേണ്ടിവരുന്ന സാഹചര്യത്തെ വിലകുറച്ചു കാണുന്ന ഇത്തരം കായിക ഭരണാധികാരികളാണ് രാജ്യത്തെ കായിക വളർച്ചയുടെ മെല്ലെപ്പോക്കിന് യഥാർത്ഥ കാരണക്കാർ.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 3 =

Most Popular