Thursday, April 25, 2024

ad

Homeരാജ്യങ്ങളിലൂടെസുഡാനിൽ ജനങ്ങൾക്കെതിരായ യുദ്ധം

സുഡാനിൽ ജനങ്ങൾക്കെതിരായ യുദ്ധം

ആര്യ ജിനദേവൻ

സൈനികശക്തികൾ തമ്മിൽ സുഡാനിൽ നടക്കുന്ന ആഭ്യന്തര യുദ്ധം യഥാർത്ഥത്തിൽ, സുഡാനിലെ സാധാരണക്കാരായ ജനങ്ങൾക്കെതിരായ നിഴൽ യുദ്ധം ആണ്. ഈ യുദ്ധത്തിന് പിന്തുണ നൽകുന്നതും ഇരുവിഭാഗങ്ങൾക്കും പണവും ആയുധങ്ങളും എത്തിച്ചു നൽകുന്നതും അന്താരാഷ്ട്ര ശക്തികളും പ്രാദേശിക ശക്തികളും ചേർന്നാണ്. രാജ്യത്തെ പാരാമിലിറ്ററി സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്‌എഫ്‌) സുഡാനീസ് ആമ്ഡ് ഫോഴ്സും (എസ്‌എഎഫ്‌) തമ്മിൽ ഇപ്പോഴും തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടൽ വലിയ രീതിയിലുള്ള പ്രതിസന്ധി സൃഷ്ടിക്കുകയും സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയും ചെയ്തിരിക്കുകയാണ്. ഇരു കക്ഷികളെയും പിന്തുണയ്ക്കുന്നത് ഒരുകൂട്ടം വിദേശ ശക്തികളാണ്. സുഡാനിസ് ജനതയോട് നടത്തിയ ഒരു പ്രസംഗത്തിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിന്റെ തലവൻ ബുർഹാൻ പറഞ്ഞത് തങ്ങളുടെ കൈവശം ഏറ്റവും മികച്ച ആയുധങ്ങൾ ഉണ്ട് എന്നും അത് നിലവിലെ ആധുനികമായ ആയുധശേഖരം ആണെന്നുമാണ്.

ഒമര്‍ അൽ ബഷീർ എന്ന ഏകാധിപതിയെ അധികാരത്തിൽനിന്ന് ഇറക്കുന്നതിനുവേണ്ടി 2018ൽ നടന്ന ഡിസംബർ വിപ്ലവത്തെതുടർന്ന് 2019 ഏപ്രിൽ മാസത്തിൽ നടന്ന ബഹുജനമുന്നറ്റത്തിനൊടുവിൽ 30 വർഷത്തോളമായി സുഡാനിൽ സ്വേച്ഛാധിപത്യ വാഴ്ച്ച നടത്തിയിരുന്ന ബഷീറിന് അധികാരത്തിൽനിന്ന് പടിയിറങ്ങേണ്ടിവന്നു. എന്നാൽ, ബഷീറിന്റെ വിശ്വസ്തരായ പട്ടാള ജനറൽമാർ ചേർന്ന് രാജ്യത്ത് സൈനിക അട്ടിമറി നടത്തുകയായിരുന്നു. സമത്വാധിഷ്ഠിതമായ ഒരു ജനാധിപത്യ സമൂഹം സ്വപ്നം കണ്ട ജനമുന്നേറ്റത്തിന് ബഷീറിനെ അധികാരത്തിൽനിന്ന് ഇറക്കാൻ സാധിച്ചു എങ്കിലും ആത്യന്തികമായി ഫലം വിപരീതമായി മാറി. ജനങ്ങളുടെ വിപ്ലവ സ്വപ്നങ്ങൾക്ക് തടയിട്ടുകൊണ്ട് രാജ്യത്ത് സൈനിക ഭരണം നിലവിൽ വരികയായിരുന്നു. എന്നാൽ അതുകൊണ്ടും സുഡാന്റെ രാഷ്ട്രീയ സാമൂഹിക വ്യവസ്ഥ സുസ്ഥിരമായില്ല. ഈ രണ്ട് സൈനികശക്തികളും – അതായത് സുഡാനിസ് ആമ്ഡ് ഫോഴ്സിന്റെ തലവൻ ബുർഹാന്റെയും റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ തലവൻ ഹെമെതിയുടെയും നേതൃത്വത്തിൽ – വലിയ രീതിയിലുള്ള സംഘർഷത്തിലേക്ക് രാജ്യം നീങ്ങി. അധികാരത്തിനുവേണ്ടിയും പണത്തിനുവേണ്ടിയും ഇരുശക്തികളും തമ്മിൽ നടക്കുന്ന ഈ ആഭ്യന്തരയുദ്ധത്തിൽ അന്താരാഷ്ട്ര സമൂഹം വളരെ നിസംഗതയോടെയും ഒരുപക്ഷേ, ഈ രണ്ടു വിഭാഗങ്ങൾക്കും അനുകൂലമായും ആണ് നിലപാട് എടുത്തിട്ടുള്ളത്. ആയുധ കച്ചവടത്തിലൂടെയും സമ്പന്നമായ ആ രാജ്യത്തെ സ്വത്ത് ഊറ്റി കുടിക്കുന്നതിലൂടെയും സുഡാനിലെ ആഭ്യന്തര സാഹചര്യത്തെ പരമാവധി ഉപയോഗപ്പെടുത്താനാണ് പ്രബലമായ വിദേശ സഖ്യങ്ങൾ നോക്കുന്നത്.


ഏറ്റവും മികച്ച ആധുനിക ആയുധങ്ങളാണ് തങ്ങൾക്ക് ലഭിക്കുന്നത് എന്ന് പരസ്യമായി പ്രഖ്യാപിച്ച അതേ ആർഎസ്എഫ് തന്നെയാണ് 2019 ജൂൺ 3ന് കാർത്തോമിലെ സൈനിക ആസ്ഥാനത്തിനു മുന്നിൽ വലിയ രീതിയിലുള്ള അക്രമങ്ങൾ നടത്തിയത്. കാർത്തോമിൽ നടത്തിയ ഈ അക്രമങ്ങളുടെ സമയത്ത് ആർഎസ്എഫിന് ആദ്യ സഹായം ലഭിച്ചത് യൂറോപ്യൻ യൂണിയനിൽ നിന്നായിരുന്നു; യൂറോപ്പ്യൻ രാജ്യങ്ങളും ആഫ്രിക്കൻ രാഷ്ട്രങ്ങളും ആഫ്രിക്കൻ യൂണിയനും ചേർന്ന് 2014 അവസാന കാലത്ത് രൂപംകൊടുത്ത EU-Horn of Africa Migration Route Initiative എന്ന പേരിൽ അറിയപ്പെടുന്ന ഈ കൂട്ടായ്മ ഹെമെതിക്ക് സൈനിക സഹായവും അധികാരവും പണവും നൽകിയത് ലിബിയയിൽനിന്നും മെഡിറ്ററേനിയനിലേക്കും യൂറോപ്പിലേക്കും കുടിയേറ്റക്കാർ ചെല്ലുന്നത് തടയുന്നതിനുള്ള പ്രതിഫലം ആയിട്ടായിരുന്നു. എന്നാൽ, ആർഎസ്എഫിനെപോലെ രാജ്യത്താകെ ആക്രമണവും അട്ടിമറിയും നടത്തുന്ന ഒരു ഗ്രൂപ്പ് ഈ പണം നല്ല രീതിയിൽ ഉപയോഗിച്ചു എന്ന് പറയേണ്ടതില്ലല്ലോ. അത് ഈ പണം ഉപയോഗിച്ച് തങ്ങളുടെ എതിരാളിയായ എസ്എഎഫിനും രാജ്യത്തെ ജനങ്ങൾക്കും എതിരായി വലിയ രീതിയിലുള്ള അക്രമങ്ങളും അടിച്ചമർത്തലുകളും നടത്തുകയുണ്ടായി. ഇക്കഴിഞ്ഞ ഏപ്രിൽ 15ന് ഇരുസേനകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 180 പേരാണ് മൃഗീയമായി കൊല്ലപ്പെട്ടത്. 1800 പേർക്ക് പരിക്കേൽക്കുകയും ചെയ്തു അന്താരാഷ്ട്ര സമൂഹം ഇപ്പോഴും പൂർണമായും ഈ വിഷയത്തിൽ നിശബ്ദത പാലിക്കുകയാണ്. രാജ്യത്തെ വിവിധ ശക്തി കേന്ദ്രങ്ങൾ പിടിച്ചെടുക്കുന്നതിനുവേണ്ടി ആർഎസ്എഫ് നടത്തുന്ന ശക്തമായ കയ്യേറ്റത്തിനു പിന്നിൽ വിദേശരാജ്യങ്ങൾ അന്യായമായി നൽകുന്ന ഈ പണത്തിന്റെയും പിന്തുണയുടെയും പിൻബലമുണ്ട്.

ഹെമേത്തിയുമായി ഈ അടുത്ത് സഖ്യത്തിൽ ഏർപ്പെട്ട മറ്റൊരു രാജ്യമാണ് റഷ്യ. മോസ്കോ സന്ദർശിക്കാനും പ്രസിഡന്റ് വ്ലാദ്മിർ പുടിനെ കാണുവാനും ഹെമേതിക്ക് ക്ഷണം ലഭിച്ചിരുന്നു. അധികം വൈകാതെതന്നെ റഷ്യൻ പാരാമിലിറ്ററി സംഘടനയായ വാഗ്ണർ ഗ്രൂപ്പിനെ, ഹെമെതിക്ക് പിന്തുണ നൽകുന്നതിനും അദ്ദേഹത്തിൻറെ സൈന്യത്തിന് ആവശ്യമായ ട്രെയിനിങ് നൽകുന്നതിനുംവേണ്ടി സുഡാനിലേക്ക് അയക്കുകയും ചെയ്തു. സുഡാന്റെ മുൻപ്രസിഡന്റായിരുന്ന ബഷീർ തന്റെ ഭരണകാലത്ത് യമനിലെ സാധാരണ ജനങ്ങൾക്ക്മേൽ നടത്തുന്ന സൗദി യുദ്ധത്തിന് പിന്തുണ നൽകിക്കൊണ്ട് ഈ പറയുന്ന ആർഎസ്എഫിനെ യമനിലേക്ക് അയക്കുകയുണ്ടായി. അന്ന് യമനിലേക്ക് അയക്കപ്പെട്ട ഈ ആർഎസ്എഫ് സംഘം ലിബിയയിൽ അക്രമങ്ങൾ നടത്തുകയും എറിത്രിയയിൽനിന്നും എത്തിയോപ്പിയയിൽനിന്നും വന്ന അഭയാർത്ഥികൾക്കെതിരായി പ്രവർത്തിക്കുകയും ചെയ്തു. അന്ന് യമനിൽ നടത്തിയ അതേ ആക്രമമാണ് ഇന്ന് സ്വന്തം രാജ്യത്ത് ആർഎസ്എഫ് നടത്തുന്നത്. രാജ്യത്തെ പൗരന്മാരെ കൊള്ളയടിക്കുകയും അവർക്കുവേണ്ടി ഭീകരാക്രമണം നടത്തുകയുമാണ് ആർഎസ്എഫ്‌ സുഡാനിൽ ചെയ്തു കൊണ്ടിരിക്കുന്നത്. വലിയ രീതിയിൽ ജീവിക്കുവാനുള്ള അവകാശം അടക്കമുള്ള മനുഷ്യാവകാശങ്ങൾ നിഷ്ക്കരുണം ലംഘിക്കപ്പെടുകയും ഒരു രാജ്യത്തെ മുഴുവൻ ജനതയുടെയും ജീവിതം പ്രതിസന്ധിയിൽ ആക്കുകയും ചെയ്യുന്ന ഈ അതിക്രമത്തോട്, പക്ഷേ വിദേശരാജ്യങ്ങൾ കാണിക്കുന്ന ഭീകരമായ നിശബ്ദത പല ചോദ്യങ്ങൾക്കുമുള്ള ഉത്തരമാണ്.


എതിർവിഭാഗമായ സുഡാനിസ് ആമ്ഡ് ഫോഴ്സ് തലവൻ ബുർഹാൻ ഈജിപ്തിലെയും യുഎഇയിലെയും സൗദി അറേബ്യയിലെയും സ്ഥിരം സന്ദർശകനാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകളാണ് അദ്ദേഹം നടപ്പാക്കികൊണ്ടിരിക്കുന്നത്. സുഡാനിലെ വിഭവങ്ങൾ കൊള്ളയടിക്കുകയും സ്വർണവും കാർഷികോത്പന്നങ്ങളും കള്ളക്കടത്തു നടത്തുകയും ചെയ്യുന്നവരാണ്. 2018 അവസാനം തുടങ്ങിയ ഡിസംബർ വിപ്ലവത്തെ തുടർന്ന് 2019 ഏപ്രിൽ മാസം നടന്ന ബഹുജന മുന്നേറ്റത്തിന്റെ ഭാഗമായി ഏകാധിപതിയായ ബഷീറിന് അധികാരത്തിൽ നിന്നിറങ്ങേണ്ടി വന്നപ്പോൾ രാജ്യത്തിന്റെ ഭരണനിയന്ത്രണം കൈക്കലാക്കിയ ബുർഹാന്റെ നേതൃത്വത്തിലുള്ള സൈന്യം അന്ന് ജനാധിപത്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളെയും അതിനുവേണ്ടി തെരുവിൽ ഇറങ്ങുന്നവരെയും അടിച്ചമർത്തുന്നതിന് വേണ്ടി ഇസ്ലാമിസ്റ്റ് ആർമി ഗ്രൂപ്പ് എന്ന സംഘടനയോടൊപ്പം ഉപയോഗിച്ച മറ്റൊരു സേനയായിരുന്നു ആർഎസ്എഫ്. അൽ ബഷീറിനെതിരായ ജനകീയ മുന്നേറ്റത്തെ തുടർന്ന് രാജ്യത്ത് നടന്ന സംഭവ വികാസങ്ങളുടെ ഭാഗമായി ഒരു ആഭ്യന്തര പരിവർത്തനത്തിന് നായകത്വം വഹിക്കുന്നു എന്ന സ്വഭാവമാകെ 2021 ഒക്ടോബറിൽ ബുർഹാൻ കൈവെടിഞ്ഞു; ഇടക്കാല ഗവൺമെന്റിനെ അയാൾ പിരിച്ചുവിട്ടു: ജനകീയ നേതാക്കളെ അറസ്റ്റ് ചെയ്തു :തന്റെ വലംകൈയായ ഹെമേത്തിയോടൊപ്പം ചേർന്ന് രാജ്യത്ത് തന്റേത് മാത്രമായ അധികാരം സ്ഥാപിച്ചു; എന്നാൽ അധികം വൈകാതെ ബുർഹാനും ഹെമെത്തിയും തമ്മിലായി പിന്നീടങ്ങോട്ടുള്ള യുദ്ധം.

ഈ യുദ്ധത്തിന്റെ ദുരിതം നേരിടേണ്ടിവരുന്നത് സുഡാനിലെ ജനങ്ങളാണ്. രണ്ട് കുൽസിത സംഘങ്ങളും ചേർന്ന് നടത്തുന്ന ഈ അക്രമങ്ങളുടെയും നിഷ്ഠൂരതയുടെയും പീഡനങ്ങളുടെയുമെല്ലാം ഇരകൾ സുഡാനിസ് ജനതയാണ്. ഇത് അവരുടെ ജീവിതം ദുസ്സഹമാക്കുകയും കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് അവരെ എത്തിക്കുകയും ചെയ്യുന്നു. കുടിവെള്ളം പോലും ലഭിക്കാതെ ആളുകൾ ഫ്ലാറ്റുകളിലും വീടുകളിലും ജീവൻ നഷ്ടപ്പെടുമോ എന്ന ഭീതിയോടെ നരകയാതന അനുഭവിക്കുകയാണ്.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലുതും തന്ത്രപ്രധാന സ്ഥാനമുള്ളതുമായ രാജ്യമാണ് സുഡാൻ. നമുക്ക് ഊഹിക്കാൻ കഴിയാവുന്നതിനേക്കാൾ ഒക്കെ സമ്പന്നമായ ഈ രാജ്യം സ്വർണത്തിന്റെയും ധാതുക്കളുടെയും വിപുലമായ കാർഷിക ശേഷിയുടെയും ഒക്കെ വലിയൊരു കലവറ തന്നെയാണ്. പരസ്പരം ഏറ്റുമുട്ടുന്ന ഈ രണ്ട് വിഭാഗീയ ശക്തികൾ കണ്ണുനട്ടിരിക്കുന്നതും ഈ സമ്പന്നമായ കലവറയിലേക്കാണ്. രാജ്യത്തെ സാധാരണ ജനങ്ങൾക്കുവേണ്ടി സമൃദ്ധിയും വികസനവും കെട്ടിപ്പടുക്കുന്നതിന് സുഡാനിലെ ഈ സമ്പന്നമായ കലവറ തന്നെ പര്യാപ്തമാണ്. എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ, അതിപ്പോഴും കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. റഷ്യയിലെ വാഗ്ണർ ഗ്രൂപ്പ് സ്വർണ്ണവും മറ്റും കള്ളക്കടത്തു നടത്തുന്നതിന്റെ വീഡിയോകളും മറ്റു രേഖകളും സുഡാനിസ് പ്രതിരോധ സമിതിയുടെ കൈവശമുണ്ട്. ഇത്തരത്തിൽ നിക്ഷിപ്ത താല്പര്യക്കാരായ രാജ്യത്തെ രണ്ടു വിഭാഗങ്ങൾ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയും സാമ്രാജ്യത്വ രാജ്യങ്ങൾക്കുവേണ്ടിയും സുഡാനിൽ നടത്തുന്ന ആഭ്യന്തര കലാപം തീർച്ചയായും ജനങ്ങൾക്ക് നേരെയുള്ള നിഴൽ യുദ്ധം തന്നെയാണ്. ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭ പുലർത്തുന്ന നിസ്സംഗതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

five × two =

Most Popular