കഴിഞ്ഞ എട്ടു വർഷങ്ങളായി ആഗോള സൈനിക ചെലവ് തുടർച്ചയായി കുതിച്ചുയർന്നുകൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ സൈനിക ചെലവാണ് ഏറെ മുന്നിൽ നിൽക്കുന്നത്; ലോകത്തെ എല്ലാ രാജ്യങ്ങളുടെയും കൂടിയുള്ള മൊത്തം സൈനിക ചെലവിന്റെ 39 ശതമാനം. അമേരിക്കയുടെ നയം തന്നെയാണ് മറ്റു രാജ്യങ്ങളെയും സൈനിക ചെലവ് വർദ്ധിപ്പിക്കാൻ നിർബന്ധിതരാക്കുന്നത്. 2.24 ലക്ഷം കോടി ഡോളറാണ് ആയുധങ്ങൾ കുന്നുകൂട്ടുന്നതിനായി ലോകമാകെ 2022ൽ ചെലവഴിച്ചത്. ഇത് പൂർവ്വകാല റെക്കോർഡാണ്. ഇതിൽ 13% യൂറോപ്പിന്റെ സൈനിക ചെലവാണ്. പടിഞ്ഞാറൻ യൂറോപ്പ്യൻ രാജ്യങ്ങളുടെയും മധ്യ യൂറോപ്പിലെ രാജ്യങ്ങളുടെയുമാകെ സൈനിക ചെലവ് 34500 കോടി ഡോളറാണ്. ഊ ചെലവ് 2013ൽ ഇതിനേക്കാൾ 30% അധികമായിരുന്നു.
ലോകത്തെ മൊത്തം സൈനിക ചെലവിന്റെ സിംഹഭാഗവും അമേരിക്കയുടേതാണ് – 2022ൽ 87700 കോടി ഡോളർ. ഇത് ലോകത്തെ മൊത്തം സൈനിക ചെലവിന്റെ പത്തിൽ നാല് ഭാഗം വരും. സ്റ്റോക്ക്ഹോം കേന്ദ്രമായുള്ള ഇന്റർനാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഗവേഷകനായ ഡോ. നാൻ ടിയാൻ പറയുന്നത്, 2022ലെ അമേരിക്കയുടെ സൈനിക ചെലവിൽ ഗണ്യമായ ഭാഗം ഉക്രൈന് നൽകിയ സൈനിക സഹായമാണ് എന്നാണ്. 2022ൽ അമേരിക്ക 1990 കോടി ഡോളറിന്റെ സൈനിക സഹായമാണ് (പ്രധാനമായും ആയുധങ്ങൾ) നൽകിയത്. ഏതെങ്കിലും ഒരു രാജ്യ ഇത്ര വലിയ തുക ഇതിനുമുമ്പ് മറ്റൊരു രാജ്യത്തിനായി മാത്രം സൈനിക സഹായമായി നൽകിയിട്ടില്ല. അമേരിക്കയുടെ സൈനിക ചെലവിന്റെ 2.3% ആണിത്.
അമേരിക്കൻ ഭരണകൂടത്തിന്റെ ഈ സൈനിക ചെലവുകൊണ്ട് നേട്ടം ഉണ്ടാക്കുന്നത് അമേരിക്കയിലെ സ്വകാര്യ ആയുധ നിർമ്മാതാക്കളാണ്. 2022ൽ അമേരിക്ക 29500 കോടി ഡോളർ സൈനിക പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചപ്പോൾ ആയുധങ്ങൾ വാങ്ങാനും ആയുധ ഗവേഷണത്തിനുമായി ചെലവഴിച്ചത് 26400 കോടി ഡോളറാണ്. 16750 കോടി ഡോളർ സൈനികർക്കായുള്ള ചെലവുകളും! ലോകത്ത് വിവിധ രാജ്യങ്ങളിലായി ഏകദേശം 750 സൈനിക താവളങ്ങളാണ് അമേരിക്കയ്ക്ക് ഉള്ളത്. 313 എണ്ണവും കിഴക്കൻ ഏഷ്യയിൽ മാത്രമാണ്.
അതേസമയം ദക്ഷിണ ചൈനയ്ക്ക് കടലിൽ മാത്രമാണ് ഏതാനും സൈനികത്താവളങ്ങൾ ഉള്ളത്. അതാകട്ടെ, അമേരിക്കൻ സൈനിക ആക്രമണ ഭീഷണിയെ നേരിടാൻ വേണ്ടിയുള്ളതാണ്. ചൈനയ്ക്ക് സ്വന്തം അധികാരാതിർത്തിക്ക് പുറത്ത് ആഫ്രിക്കയിലെ ജിബൂദിയിൽ മാത്രമാണ് ഒരു സൈനികത്താവളം ഉള്ളത്. ആ രാജ്യം അവരുടെ ആഭ്യന്തര സുരക്ഷയ്ക്കായി ആവശ്യപ്പെട്ടതനുസരിച്ച് സ്ഥാപിച്ചതുമാണത്.
മറ്റൊരു കാര്യം 2022ൽ അമേരിക്കയുടെ സൈനിക ചെലവ് അവർക്ക് തൊട്ടു താഴെ ചെലവുള്ള പത്ത് രാജ്യങ്ങളുടെ മൊത്തം സൈനിക ചെലവിനെക്കാൾ അധികമാണ്. അതായത്, ചൈന, റഷ്യ ഇന്ത്യ, സൗദി അറേബ്യ, ബ്രിട്ടൻ, ജർമ്മനി, ഫ്രാൻസ്, ദക്ഷിണകൊറിയ, ജപ്പാൻ, ഉക്രൈൻ എന്നീ രാജ്യങ്ങളുടേതിനേക്കാൾ അധികമാണ്. റഷ്യൻ സൈനിക ചെലവിന്റെ 10 ഇരട്ടിയും ചൈനയുടെ സൈനിക ചെലവിന്റെ 3 ഇരട്ടിയുമാണ്. അമേരിക്കയുടെ സൈനിക ചെലവ് അമേരിക്ക വിദ്യാഭ്യാസത്തിനായി ചെലവിടുന്ന തുകയുടെ 10 ഇരട്ടിയിൽ അധികമാണ് അവരുടെ സൈനിക ചെലവ്. ലോകജനതയുടെ പട്ടിണി മാറ്റാൻ വേണ്ടതിലധികം തുകയാണ് അമേരിക്ക മാത്രം ആയുധങ്ങൾക്കായി ചെലവഴിക്കുന്നത്. ഇതിൽനിന്ന് അമേരിക്ക പിന്മാറിയാൽ ലോകത്താകെയുള്ള യുദ്ധ ചെലവ് ഗണ്യമായി കുറയും. ♦