Friday, April 26, 2024

ad

Homeരാജ്യങ്ങളിലൂടെയൂറോപ്പിൽ മെയ്ദിനം

യൂറോപ്പിൽ മെയ്ദിനം

ആയിഷ

യൂറോപ്പിലാകമാനം വലിയ രീതിയിലുള്ള തരംഗമാണ് 2023ന്റെ മെയ്ദിനം രേഖപ്പെടുത്തിയത്. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ഓസ്ട്രിയ, സ്പെയിൻ തുടങ്ങി വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ തൊഴിലാളികളും കർഷകരും യുവജനങ്ങളും അടങ്ങുന്ന വലിയൊരു നിരതന്നെ മെയ്ദിനത്തിൽ സമത്വ സുന്ദരമായൊരു പുത്തൻ പുലരിക്കായി ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ തെരുവിലിറങ്ങി. ട്രേഡ് യൂണിയനുകളും കമ്മ്യൂണിസ്റ്റ് പാർട്ടികളും മറ്റ് ഇടതുപക്ഷ പാർട്ടികളും ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ട് മുതലാളിത്ത ചൂഷണത്തിനും അടിച്ചമർത്തലിനും എതിരായി മെയ്ദിനറാലികൾ നടത്തി. സാമ്രാജത്വ യുദ്ധംമൂലം ജീവിതചലവ് വർദ്ധിക്കുകയും ബഹുരാഷ്ട്ര കുത്തകകൾ അതിനെ മുതലെടുക്കുകയും ചെയ്യുന്നു എന്ന് അവർ ഉയർത്തി കാണിച്ചു. ഫ്രാൻസിലും ബ്രിട്ടനിലും ഇറ്റലിയിലുമടക്കം അടിച്ചമർത്തലിനും തൊഴിലാളിവിരുദ്ധ നയങ്ങൾക്കും എതിരായി തൊഴിലാളി വർഗ്ഗം നടത്തുന്ന നിരന്തര പോരാട്ടങ്ങൾക്ക് അഭിവാദ്യമർപ്പിക്കുകയും തൊഴിലാളി വർഗ്ഗത്തിന്മേൽ അതത് രാജ്യങ്ങളിലെ ഗവൺമെന്റുകൾ നടത്തുന്ന അക്രമം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മുതലാളിത്തം കൊടികുത്തിവാഴുന്ന യൂറോപ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി, ജീവിതം ദുസഹമായി മാറിയ സാധാരണ ജനങ്ങൾ മുൻപെങ്ങുമില്ലാത്ത ഐക്യത്തോടെ ഒന്നിച്ച് പോരാട്ടത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ വേണം ഈ കൊല്ലത്തെ യൂറോപ്പിലെ മെയ്ദിനാചാരണത്തെ കാണാൻ.

കൺസർവേറ്റീവ് ഗവൺമെന്റിന്റെ നയങ്ങളും സാമ്രാജ്യത്ത സംഘർഷവും മൂലം യഥാർത്ഥ കൂലിയിൽ തുടർച്ചയായി ഇടിവുണ്ടാവുകയും നാണയപ്പരുപ്പം അതിവേഗതയിൽ വർദ്ധിക്കുകയും ചെയ്യുന്ന ബ്രിട്ടനിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിലുള്ളത്. അനുദിനം ജീവിതച്ചിലവ് വർദ്ധിക്കുകയും എന്നാൽ കൂലി കുറയുകയും അതേസമയം തൊഴിൽ ഭാരം ഇരട്ടിക്കുകയും ചെയ്ത സാഹചര്യത്തിൽ ബ്രിട്ടനിലെ വിവിധ വിഭാഗങ്ങൾ ഏതാണ്ട് ഒരു വർഷത്തോളമായി സമരമുഖത്താണ്. നഴ്സുമാർ, ഡോക്ടർമാർ, റെയിൽവേ തൊഴിലാളികൾ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ പണിയെടുക്കുന്ന അധ്വാനിക്കുന്ന ജനങ്ങൾ രാജ്യത്തെ വലതുപക്ഷ യാഥാസ്ഥിതിക ഗവൺമെന്റിനെതിരെ, തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി രംഗത്തിറങ്ങുന്ന കാഴ്ചയാണ് കുറച്ചുനാളുകളായി ബ്രിട്ടനിൽ കണ്ടുവരുന്നത്. ഇടതുപക്ഷ യൂണിയൻ ആയ യുണൈറ്റഡ് യൂണിയനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റാശുപത്രികളിലെ ആരോഗ്യ പ്രവർത്തകർ പണിമുടക്ക് നടത്തി. നാണയപെരുപ്പത്തേക്കാൾ കുറഞ്ഞ ശമ്പളം നൽകുന്ന ഗവൺമെന്റിതിരായി മെയ് രണ്ടിന് തങ്ങളുടെ പോരാട്ടം അവർ തുടർന്നു. റോയൽ കോളേജ് ഓഫ് നേഴ്സിങുമായി അഫിലിയേറ്റ് ചെയ്ത നഴ്സുമാരും കൂടുതൽ മെച്ചപ്പെട്ട ശമ്പളവും മറ്റു സൗകര്യങ്ങളും ആവശ്യപ്പെട്ടുകൊണ്ട് മെയ് ഒന്നിന് പണിമുടക്ക് നടത്തി.അതുപോലെതന്നെ, അധ്യാപകരും ,പ്രത്യേകിച്ച് ദേശീയ വിദ്യാഭ്യാസ യൂണിയനിലെ അധ്യാപകർ, മൊത്ത ശമ്പളം അതും നാണയപ്പത്തിനൊത്തുള്ള ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെയ് രണ്ടിന് പണിമുടക്ക് നടത്തി. ഏപ്രിൽ 27ന് ഇതേ ആവശ്യം ഉയർത്തികൊണ്ട് അധ്യാപകർ പണിമുടക്കിയിരുന്നു.


ബ്രിട്ടീഷ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിബി) പ്രഖ്യാപിച്ച മെയ്ദിന സന്ദേശത്തിൽ ഉക്രൈനിലെയും സുഡാനിലെയും യുദ്ധം അവസാനിപ്പിക്കണമെന്നും രണ്ടു രാജ്യങ്ങളിലെയും ജനസമൂഹങ്ങളെ ബാധിക്കുകയും മനുഷ്യാവകാശങ്ങളെ ചൂഷണം ചെയ്യുകയും ചെയ്യുന്ന ഈ സാമ്രാജ്യത്വ സംഘർഷത്തിന് അന്ത്യം കുറിക്കണമെന്നും ആവശ്യപ്പെട്ടു. “സാമ്രാജ്യത്വത്തെ എതിർക്കുക, സമാധാനത്തിനും പുരോഗതിക്കും തടയിടുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ള സാമ്രാജ്യത്വത്തിന്റെ യുദ്ധോപകരണമായ നാറ്റോയെ എതിർക്കുക. എല്ലാ പാർലമെന്റുകളിലും യുദ്ധത്തിനായുള്ള ബജറ്റിന് വോട്ട് ചെയ്യാതിരിക്കുക, വിദേശത്ത് ഇനിയൊരു സൈനികനോ നാവികനോ നിയമിക്കപ്പെടരുത്, ഉടനടിതന്നെ വെടിനിർത്തൽ നടപ്പാക്കണം എന്നാണ് ബ്രിട്ടൻ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രസ്താവന ഇറക്കിയത്.

ഇമ്മാനുവൽ മക്രോൺ എന്ന തീവ്രവാദ വലതുപക്ഷവാദി നയിക്കുന്ന ഗവൺമെന്റിന്റെ കീഴിൽ ജനവിരുദ്ധമായ പെൻഷൻ പരിഷ്കരണങ്ങളടക്കം ഫ്രാൻസിൽ നടപ്പാക്കികൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ 2023 മെയ്ദിനം ഫ്രാൻസിൽ ആഘോഷിക്കപ്പെട്ടത് മക്രോണിന്റെ വിവാദ പെൻഷൻ പരിഷ്കരണം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ്. പെൻഷൻ പരിഷ്കരണം ഐകകണ്ഠേന നിരാകരിക്കുന്നതിനുള്ള പ്രഖ്യാപനം ഒരിക്കൽകൂടി നടത്തുന്നതിനുള്ള അവസരമായാണ് ഫ്രാൻസിലെ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (സിജിടി) മെയ് ദിനത്തെ കണ്ടത്. ലക്ഷക്കണക്കിന് പേരാണ് ഫ്രാൻസിലെ മെയ്ദിന പരേഡിൽ പങ്കെടുത്തത്. മിനിമം കൂലി വർദ്ധനവ്, അതുപോലെതന്നെ പൊതു സ്വകാര്യമേഖലകളിൽ കൂലി വർദ്ധനവ് തുടങ്ങി ഒട്ടനവധി ആവശ്യങ്ങളും ഫ്രാൻസിലെ തൊഴിലാളി വർഗ്ഗം ഉയർത്തി.

ഗ്രീസിൽ സാർവദേശീയ തൊഴിലാളി ദിനത്തിൽ ഏതൻസിലെ സിന്താഗ്മ സ്ക്വയറിൽ ആൾ വർക്കേഴ്സ് മിലിട്ടന്റ് ഫ്രണ്ട് (PAME) ആഹ്വാനംചെയ്ത വിപുലമായ റാലി നടക്കുകയുണ്ടായി. വൻതോതിൽ ജനങ്ങൾ അണിനിരന്ന ഈ റാലിയിൽ ഗ്രീസിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും (കെകെഇ) കമ്മ്യൂണിസ്റ്റ് യൂത്ത് ഓഫ് ഗ്രീസിന്റെയും (KNE) കേഡർമാരും മറ്റു ഇടതുപക്ഷ ഗ്രൂപ്പുകളും പങ്കെടുക്കുകയുണ്ടായി. “ചിക്കാഗോയിൽനിന്ന് കൈസറാനിയിലേക്ക്, മെയ്ദിനം നീണാൾ വാഴട്ടെ, വർഗ്ഗസമരം നീണാൾ വാഴട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടാണ് തൊഴിലാളികൾ പ്രകടനത്തിൽ അണിനിരന്നത്. പെൻഷൻ പരിഷ്കരണത്തിനെതിരായി നിരന്തരമായ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന ഫ്രാൻസിലെ തൊഴിലാളിവർഗ്ഗത്തിന് ഗ്രീസിലെ തൊഴിലാളികൾ ഐക്യദാർഢ്യം രേഖപ്പെടുത്തി.

ആസ്ട്രിയയയിൽ ഏറെ പ്രസിദ്ധമായ സൽസ്ബർഗ് നഗരത്തിൽ ആസ്ട്രിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നൂറുകണക്കിനാളുകൾ മെയ് ദിനത്തിന് മാർച്ച് ചെയ്തു. താങ്ങാൻ സാധിക്കുന്ന നിലയിലുള്ള ജീവിത ചെലവും ആരോഗ്യ ചെലവും, അതുപോലെതന്നെ കാലാവസ്ഥ നീതി തുടങ്ങിയ വിവിധ വിഷയങ്ങൾ ആസ്ട്രിയയിൽ തൊഴിലാളികൾ ഉയർത്തി.

മുസോളിനിയുടെ ഫാസിസ്റ്റാശയങ്ങൾ പിന്തുടരുന്ന ജോർജിയ മെലോണി എന്ന തീവ്ര വലതുപക്ഷവാദി നയിക്കുന്ന ഗവൺമെന്റിന്റെ തൊഴിലാളിവിരുദ്ധ, കുടിയേറ്റവിരുദ്ധ നയങ്ങൾക്കെതിരെ പൊരുതുവാൻ മെയ്ദിനത്തിൽ ഇറ്റലിയിലെ ഇടതുപക്ഷ പാർട്ടികളും മറ്റു തൊഴിലാളിവർഗ്ഗ വിഭാഗങ്ങളും രാജ്യത്തെ തൊഴിലാളികളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ, ഈ മെയ് ദിനം യൂറോപ്പിലെ പ്രധാന രാജ്യങ്ങളിലെല്ലാം വലിയ രീതിയിലുള്ള തരംഗം സൃഷ്ടിച്ചു.
വലിയ രീതിയിൽ സാമ്പത്തികവും ഭരണപരവുമായ പ്രതിസന്ധി നേരിടുകയും മുതലാളിത്ത ചൂഷണം കൂടുതൽ രൂക്ഷമാവുകയും ചെയ്തിട്ടുള്ള യൂറോപ്പിൽ അതിനെതിരായ സമരങ്ങൾ വർധിച്ചുവെന്ന് വരുന്നതും രാജ്യത്തെ വിവിധ തൊഴിലാളി വിഭാഗങ്ങൾ തമ്മിൽ വലിയ യോജിപ്പുണ്ടാകുന്നതും രാജ്യങ്ങളിലെ തൊഴിലാളികൾ തമ്മിൽ ഐകമത്യം ഉണ്ടാകുന്നതും ഈ മെയ് ദിനത്തിലെ പ്രത്യേകതയാണ്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nine + 11 =

Most Popular