Friday, November 22, 2024

ad

Homeലേഖനങ്ങൾഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ

ഇന്ത്യൻ തൊഴിലാളിവർഗ്ഗത്തിന്റെ അവസ്ഥ

ഡോ. വിജയ് പ്രഷാദ് പരിഭാഷ: പി.എസ്. പൂഴനാട്

ണ്ട് വസ്തുതകൾ സമകാലിക ഇന്ത്യയിലെ സ്വച്ഛതയുടെ പ്രകടിതരൂപങ്ങളെ തകർത്തുകളഞ്ഞു.ഒന്നാമതായി, കൊവിഡ്-19 മഹാമാരി , ഇന്ത്യയുടെ ആരോഗ്യ സംവിധാനത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന കാര്യക്ഷമതാരാഹിത്യത്തെയും ശേഷി ക്കുറവിനെയും സമാനതകളില്ലാത്തവിധം തുറന്നുകാട്ടി. അതോടൊപ്പം, ശാസ്ത്രീയാധിഷ്ഠിതമായ പ്രതിവിധികൾ നിർദ്ദേശിക്കുന്നതിനുപകരം ജനങ്ങളോട് പാട്ടകൊട്ടാൻ പറഞ്ഞ ഒരു കേന്ദ്ര സർക്കാരിന്റെ സമ്പൂർണ്ണമായ പരാജയവും തികഞ്ഞ കഴിവില്ലായ്മയും കോവിഡ് – 19-ലൂടെ പുറത്തുവരികയും ചെയ്തു.ഇന്ത്യയിലെ കാർഷികമേഖയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്നവിധത്തിൽ കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച മൂന്ന് ബില്ലുകൾക്കെതിരെ , ഇന്ത്യൻ കർഷകരും കർഷകത്തൊഴിലാളികളും കോവിഡ് മഹാമാരിയുടെ സമയത്ത് നടത്തിയ ഒരു വർഷം നീണ്ടുനിന്ന ഐതിഹാസിക പ്രതിഷേധസമരമാണ് രണ്ടാമത്തെ വസ്തുത. ഈ സമര പോരാട്ടത്തിന് തൊഴിലാളിവർഗത്തിൽ നിന്നും മധ്യവർഗത്തിലെ വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്. ഒന്നിൽ നിന്നും ഞങ്ങൾ പിൻവാങ്ങില്ലെന്ന് പ്രഖാപിച്ച് മാത്രം ശീലമുള്ള ഒരു കേന്ദ്രസർക്കാരിനെ ഈ സമരപോരാട്ടത്തിന് മുട്ടുകുത്തിക്കാൻ കഴിഞ്ഞു.

സർക്കാരിൽ നിന്നും അവരുടെ ബുദ്ധിജീവികളിൽ നിന്നും വഴിഞ്ഞൊഴുകിയ സിദ്ധാന്തങ്ങൾക്കാന്നും കോവിഡ് മഹാമാരിയുടെ ആഘാതത്തെക്കുറിച്ചോ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും രാഷ്ട്രീയ പ്രതിരോധശേഷിയെക്കുറിച്ചോ വിശദീകരിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. അവരുടെ നഗ്നമായ പണക്കൊതിയുടെ ചരിത്രം തുറന്നുകാട്ടുന്ന വിധത്തിൽ അവരുടെ ഉഗ്രൻ സിദ്ധാന്തങ്ങളുടെ മുഖംമൂടികളാകമാനം പൊട്ടിച്ചിതറുകയാണുണ്ടായത്. ‘തൊഴിൽ കമ്പോള ഉദാരവൽക്കരണം’,‘’വ്യാപാര ഉദാരവൽക്കരണം’ തുടങ്ങിയുള്ള അവരുടെ മോഹനസുന്ദര പദാവലികൾക്കൊന്നും കാര്യക്ഷമതയുള്ള ഒരു ആധുനിക സമൂഹത്തെ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. അതിനുപകരം നമ്മൾ കണ്ടത് പൊതുജനാരോഗ്യ സംവിധാനത്തെ പതിറ്റാണ്ടുകളായി വെട്ടിച്ചുരുക്കിക്കൊണ്ടിരിക്കുന്ന കാഴ്ച്ചയാണ്. കോവിഡ് മഹാമാരിയുടെ സമയത്തുപോലും രോഗബാധിതരെ പരിചരിക്കുന്നതിന് ‘വൊളന്റിയർ’മാരെയാണ് നിയമിച്ചത്. ഇവർക്കാകട്ടെ മതിയായ വേതനംപോലും നൽകിയുമില്ല. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ നിന്നും നിരന്തരം പുറത്തുവന്നുകൊണ്ടിരുന്നതാകട്ടെ ആധുനികശാസ്ത്രത്തിന് ഒരിക്കലും നിരക്കാത്ത അശാസ്ത്രീയതകളെ പ്രോത്സാഹിപ്പിക്കുന്ന പ്രസ്താവനകളായിരുന്നു. ഇതിന്റെയെല്ലാം ഫലമായി കോവിഡ് – 19 മരണസംഖ്യ കുതിച്ചുയർന്നു. ഇതിനിടയിലാണ് ഇന്ത്യയിലെ കാർഷിക ചരക്ക് വിപണികളുടെ സമ്പൂർണ്ണ നിയന്ത്രണം വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നതിനുള്ള തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളുന്നത്. ഈ വൻകിട കോർപ്പറേറ്റുകൾക്ക് ഭരണവർഗ്ഗ പാർട്ടിയുമായി അടുത്ത ബന്ധമാണുള്ളതും . കർഷക വിരുദ്ധമായ ഈ തീരുമാനങ്ങൾക്ക് ബൗദ്ധികകവചം നൽകുന്നതിനുവേണ്ടിയായിരുന്നു നിയോലിബറൽ സിദ്ധാന്തങ്ങളുടെ പാഠപുസ്തകങ്ങളിൽ നിന്നും ചില പദാവലികൾ അവർ സുന്ദരമായി ഉദ്ധരിച്ചുകൊണ്ടിരുന്നത്.

ഈ രണ്ട് സംഭവങ്ങളും , 1991 – മുതൽ ഇന്ത്യയിലാരംഭിച്ച നവലിബറൽ യുഗത്തിന്റെ സാമൂഹ്യ- വിരുദ്ധ ആഘാത തലങ്ങളിലേയ്ക്കായിരുന്നു വെളിച്ചം വീശിയത്. ഗവൺമെന്റിനെ പുകഴ്ത്തിയ വിശുദ്ധന്മാർക്കും മാധ്യമ മേലാളന്മാർക്കും ഒരിക്കലും തല്ലിക്കെടുത്താനാവാത്തവിധത്തിൽ ആ വെളിച്ചം തിളങ്ങുകയാണുണ്ടായത്. ആ വെളിച്ചത്തിന് ജനമനസുകളിൽ പുതിയൊരവബോധം സൃഷ്ടിക്കാനായിട്ടുണ്ട്. ഇത് ഒരുപക്ഷേ പെട്ടെന്നൊന്നും പ്രതിപക്ഷ പാർട്ടികൾക്കനുകൂലമായ തെരഞ്ഞെടുപ്പ് വിജയത്തിലേയ്ക്കൊന്നും നയിച്ചെന്നുവരില്ല. എങ്കിലും ജനമനസുകളിൽ ആ വെളിച്ചത്തിന്റെ സ്വാധീനം നിലനിൽക്കുന്നുണ്ട്.

2021 ജൂണിൽ, ട്രൈകോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് കർഷക പ്രതിഷേധത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിലയിരുത്തൽ ഡോസിയർ ( രേഖാ സമാഹാരം) നമ്പർ 41-ൽ പ്രസിദ്ധീകരിച്ചിരുന്നു. “ഇന്ത്യയിലെ കർഷക കലാപം” എന്നായിരുന്നു അതിന്റെ തലക്കെട്ട്. എങ്ങനെയാണ് നവലിബറൽ നയം ഇന്ത്യൻ കർഷകരെയും ഭൂരഹിതരായ കർഷകത്തൊഴിലാളികളെയും തുരങ്കം വെച്ചതെന്നും ഗ്രാമപ്രദേശങ്ങളിൽ അസമത്വവും ദുരിതവും വർധിപ്പിച്ചതെന്നും ആ ഡോസിയർ വിശദീകരിച്ചു. “ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ അവസ്ഥ ” എന്ന ഈ ഡോസ്സിയറാകട്ടെ , ഇന്ത്യയിലെ വലുതും വൈവിധ്യപൂർണ്ണവുമായ തൊഴിലാളിവർഗത്തിന്റെ ജീവിത- തൊഴിൽ സാഹചര്യങ്ങളുടെ വിശാലമായ വിശകലനമാണ് ലക്ഷ്യമിടുന്നത്.

ലോക്ക്ഡൗൺ
2020 മാർച്ച് 24ന്, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒരു മുന്നറിയിപ്പുമില്ലാതെ,രാജ്യത്തെ 1.4 ബില്യൺ ജനതയെ ഒരു സമ്പൂർണ്ണ ലോക്ക്ഡൗണിലേക്ക് വലിച്ചെറിഞ്ഞു. ഇന്ത്യയിലെ ഭൂരിഭാഗം തൊഴിലാളികളും ചെറുകിട, ഇടത്തരം കച്ചവടസ്ഥാപനങ്ങളിലാണ് പണിയെടുക്കുന്നത്. അവിടെ ഷട്ടറുകൾ വലിച്ചടയ്ക്കപ്പെട്ടു. ലോക്ക്ഡൗൺ കാരണം, കുറഞ്ഞത് 1.20 കോടി തൊഴിലാളികൾക്ക്, അതായത് ഇന്ത്യയിലെ കാർഷികേതര തൊഴിലാളികളുടെ 45 ശതമാനം പേർക്ക് ജോലി നഷ്ടപ്പെട്ടു. തൊഴിലുടമകൾക്ക് അവരുടെ തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ധാർമ്മികമോ നിയമപരമോ ആയ ഒരു ബാധ്യത ഇല്ലത്രേ! ഈ തൊഴിലാളികളിൽ പലർക്കും പണിയെടുത്ത ദിനങ്ങളിലെ വേതനം പോലും ലഭിച്ചിരുന്നില്ല. ചില തൊഴിലാളികളുടെ കൈകളിൽ കുറച്ച് ദിവസത്തേക്കുള്ള ഭക്ഷണമേ അവശേഷിച്ചിരുന്നുള്ളൂ. മറ്റുള്ളവരുടെ കൈകളിൽ പണമോ ഭക്ഷണമോ അവശേഷിച്ചിരുന്നില്ല. മിക്കവരും അവർ താമസിച്ചിരുന്ന കുടിലിടങ്ങളിൽ നിന്നും പുറത്താക്കപ്പെട്ടു. ഈയൊരു സാഹചര്യത്തിൽ, പൊതുജന സമ്മർദത്തിന്റെയും അതുപോലെ ആസൂത്രണമില്ലാതെ ലോക്ക്ഡൗൺ അടിച്ചേൽപ്പിച്ചതു കാരണം ദശലക്ഷക്കണക്കിന് മനുഷ്യർ പട്ടിണികൊണ്ട് മരിക്കാനുള്ള സാധ്യതയെയും കണക്കിലെടുത്ത് , മാർച്ച് 26ന് കേന്ദ്രസർക്കാർ തുച്ഛമായ ഒരു പിന്തുണ പാക്കേജ് പ്രഖ്യാപിക്കാൻ നിർബദ്ധിതമായിത്തീർന്നു. ആ പാക്കേജാകട്ടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തിന്റെ ഒരു ശതമാനത്തിനും താഴെയായിരുന്നു.

ലോക്ക്ഡൗൺ ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ദുർബലത പ്രകടമാക്കിയ ഒന്നാണ്. ഇന്ത്യൻ തൊഴിലാളികളുടെ വലിയൊരു വിഭാഗത്തെ ഭവനരാഹിത്യത്തിലേയ്ക്കും പട്ടിണിയിലേക്കും വലിച്ചെറിയാൻ ഒരു ചെറിയ തള്ളൽ മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ. നഗരങ്ങളിലെ തൊഴിലാളികളിൽ മിക്കവാറും എല്ലാവരും ദൂരത്തുള്ള ടൗണുകളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും കുടിയേറിയവരാണ്. അവർക്ക് ഗവൺമെന്റിൽ നിന്നുള്ള കാര്യമായ പിന്തുണയോ കമ്മ്യൂണിറ്റി -ഫാമിലി നെറ്റ്‌വർക്കുകളുടെ സുരക്ഷയോ ഉണ്ടായിരുന്നില്ല.

നിരാശരായ ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കർഫ്യൂ ഉൾപെടെയുള്ള നിയന്ത്രണങ്ങളെയെല്ലാം ലംഘിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകൾതാണ്ടി അവരുടെ സ്വന്തം ഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു. അവരെ സംബന്ധിച്ചിടത്തോളം പാർപ്പിടത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഏതെങ്കിലും തരത്തിലുള്ള അന്തസ്സിന്റെയും പ്രതീകങ്ങളായി വർത്തിച്ചിരുന്നത് അവരുടെ ഗ്രാമങ്ങളായിരുന്നു.

ചിലർ യാത്രാസൗകര്യം തേടി റെയിൽവേ പാളങ്ങളിലേക്കും ബസ്‌ സ്‌റ്റേഷനുകളിലേക്കും ഒഴുകിയെത്തി. മറ്റുചിലരാകട്ടെ കാൽനടയായി ദേശീയ പാതകളിൽ എത്തി. ദശലക്ഷക്കണക്കിനായ മറ്റ് തൊഴിലാളികളാകട്ടെ അതിവിദൂരമായ തങ്ങളുടെ ഗ്രാമങ്ങളിൽ എത്തിച്ചേരാനുള്ള ഒരു മാഗ്ഗവുമില്ലാതെ നഗരങ്ങളിൽ തന്നെ തുടരുകയും അപരിചിതരായ ആൾക്കാരുടെ ദയകൾക്കായി കാത്തിരിക്കുകയും ചെയ്തു. ട്രേഡ് യൂണിയനുകൾ, ഇടത് രാഷ്ട്രീയ പാർട്ടികൾ, ശമ്പളം വാങ്ങുന്ന ജീവനക്കാർ (പ്രധാനമായും ബാങ്ക് ജീവനക്കാർ, ഇന്റർനെറ്റ് ടെക്നോളജി തൊഴിലാളികൾ), അലിവുതോന്നിയ ചില വ്യക്തികൾ എന്നിവർ തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും നൽകാനും അവരുടെ ഗ്രാമങ്ങളിലേക്ക് അവരെ മടക്കിയെത്തിക്കാനും അവരെ സഹായിക്കാനും വേണ്ടി വളരെ തിടുക്കത്തിൽ ചില ഗ്രൂപ്പുകൾക്ക് രൂപം നൽകി. ഭരണകൂടത്തിന്റെ പ്രതികരണം പഴയതുപോലെതന്നെയായിരുന്നു.സംസ്ഥാന അതിർത്തികളിൽ പോലീസ് സേന തൊഴിലാളികളെ തടഞ്ഞു. തൊഴിലാളികളെ അണുവിമുക്തമാക്കാൻ വേണ്ടി ജലപീരങ്കികൾ വഴി അവരുടെ ദേഹമാസകലം ബ്ലീച്ചിങ് പൗഡർ കലക്കിയൊഴിച്ചു.അവരുടെ സൈക്കിളുകൾ കണ്ടുകെട്ടി. കർഫ്യൂ ലംഘിച്ചതിന്റെ പേരിൽ അവരെ മർദിക്കുകയും ചെയ്തു. തൊഴിലാളികളുടെ ക്ഷേമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഒരു കോർപ്പറേഷനും മുന്നോട്ടുവന്നില്ല. കോർപറേഷനുകളുടെ മനോഭാവവും സർക്കാരിന്റേതുപോലെതന്നെ അതിക്രൂരവും വഞ്ചനാപരവുമായിരുന്നു.

നഗരങ്ങളിൽ കുടുങ്ങിപ്പോയ ദശലക്ഷക്കണക്കിന് തൊഴിലാളികൾക്ക് ഏറ്റവും മോശമായ അവസ്ഥയിലായിരുന്നു കോവിഡ് മഹാമാരിയെ അഭിമുഖീകരിക്കേണ്ടി വന്നത്. ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ പകുതിയോളംപേരും നഗരത്തിലെ തൊഴിലാളിവർഗത്തിന്റെ ഭൂരിഭാഗവും താമസിക്കുന്നത് ചേരികളിലാണ്. അവിടെ വായു മലിനവും ചുറ്റുപാടുകൾ വൃത്തിഹീനവുമാണ്. ഇഷ്ടിക കൊണ്ടുട്ടാക്കിയ ഇടുങ്ങിതിങ്ങിയ അറകളിലേക്കും ഷെഡുകളിലേക്കും വെളിച്ചം പതിക്കുകയേയില്ല. ഇടുങ്ങി തിങ്ങിയ ആ അറകൾക്കും ഷെഡുകൾക്കുമിടയിൽ അല്പംപോലും സ്ഥലം ബാക്കിയുണ്ടാകില്ല. സ്വകാര്യതയും ശ്വസിക്കാനുള്ള ഇടവും അന്യമായ ഇത്തരം ഇടുങ്ങിയ അറകൾക്കും മുറികൾക്കുമുള്ളിലാണ് കുടുംബങ്ങൾ ഇറുകിക്കഴിയുന്നത്. കുടിയേറ്റ തൊഴിലാളികൾ അവരുടെ തുച്ഛമായ സാധനസാമഗ്രികളുമായി ഇത്തരം ഒറ്റമുറികളിൽ പരസ്പരം കുന്നുകൂടിക്കിടക്കും. ശരിയായ ഡ്രെയിനേജ് സംവിധാനമില്ലാത്ത ഈ ചേരികളിൽ മിക്കയിടത്തും പരിസരംതന്നെയാണ് കക്കൂസുകളായി ഉപയോഗിക്കപ്പെടുന്നത്. ഇതു മൂലമുണ്ടാകുന്ന സാമൂഹിക വിപത്ത് വിവരിക്കാൻ പ്രയാസമാണ്. തൊഴിലാളികൾ തകർന്നടിഞ്ഞ സെപ്റ്റിക് ടാങ്കുകൾക്കുള്ളിൽ വീഴുന്നു. മാലിന്യക്കൂമ്പാരത്തിനുള്ളിൽ മുങ്ങിമരിക്കുന്നു.പാചക ഊർജ്ജത്തിന്റെ പ്രധാന രൂപമായ ഗ്യാസ് സിലിണ്ടറുകൾ നിരന്തരം പൊട്ടിത്തെറിക്കുന്നു, കാരണം നിയന്ത്രണങ്ങളൊന്നും പാലിക്കാതെയായിരിക്കും മിക്കപ്പോഴും അതിന്റെ ഉപഭോഗം. മഴക്കാലത്താകട്ടെ പ്രദേശങ്ങൾ മുഴുവൻ ചതുപ്പുനിലങ്ങളായി രൂപാന്തരപ്പെടും.

ഛർദ്ദി, വയറിളക്കം, ഡെങ്കിപ്പനി, മലേറിയ, ടൈഫോയ്ഡ് എന്നിവ ഈ ഘട്ടങ്ങളിൽ തൊഴിലാളികൾക്കിടയിൽ ആനന്ദനൃത്തമാടും. കോവിഡ് മഹാമാരിയാകട്ടെ ഇതോടൊപ്പം പുതിയൊരു ഭാരംകൂടി തൊഴിലാളികളുടെ തലയിൽ കയറ്റി വയ്ക്കുകയായിരുന്നു. സാമൂഹിക അകലം ഒരിക്കലും സാധ്യമല്ലാത്ത ഇത്തരം തിങ്ങിമൂടിയ ചേരികളിൽ വൈറസ് അതിന്റെ താണ്ഡവ നടനം നടത്തി. ഇതൊന്നും കണ്ടതുമില്ല കേട്ടതുമില്ല: അതായിരുന്നു ഇന്ത്യൻ സർക്കാരിന്റെയും ഉന്നതരുടെയും മനോഭാവം.

കോവിഡ് – 19 സൃഷ്ടിച്ച ഭീകരതയുടെ വ്യാപ്തി മറച്ചുവെക്കാൻ കഴിയില്ല. തൊഴിലാളിവർഗത്തിന്റെയും പാവപ്പെട്ട മനുഷ്യരുടെയും ശവശരീരങ്ങൾ ഗംഗാ നദിയിലൂടെ ഒഴുകിനടന്നതും രാജ്യത്തുടനീളമുള്ള ശ്മശാനങ്ങളിൽ കുമിഞ്ഞുകൂടിയതും കണ്ടു. ഉയർന്ന തോതിലുള്ള രോഗവ്യാപനവും മരണവും നടന്നിട്ടും അതിന്റെയെല്ലാം കണക്കുകൾ മറച്ചുവയ്ക്കുന്നതിനാണ് സർക്കാർ ശ്രമിച്ചത്. തൊഴിലാളി വർഗ്ഗ മേഖലകളിൽ സംഭവിച്ച ഉയർന്ന നിരക്കിലുള്ള രോഗവ്യാപനത്തെയും മരണ നിരക്കിനെയും സംബന്ധിച്ച് നേരിട്ടുള്ള വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നിട്ടും സർക്കാർ ഇതാണ് ചെയ്തത്.പൊതുജനാരോഗ്യ സംവിധാനത്തെ അവഗണിക്കുകയും ഔഷധ വ്യവസായത്തെ സ്വകാര്യമേഖലയ്‌ക്ക് തീറെഴുതുകയും ചെയ്ത ഒരു സർക്കാർ തീർച്ചയായും തൊഴിലാളികളുടെ ആരോഗ്യത്തേക്കാൾ ‘വിപണി’യുടെയും ശതകോടീശ്വരന്മാരുടെയും ആരോഗ്യ വളർച്ചയ്ക്ക് കൂടുതൽ നിക്ഷേപമിറക്കുകയാണുണ്ടായത്.!

രണ്ട് ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് രാജ്യത്തെ കോവിഡ്-19 വാക്സിനുകളിൽ ഡ്യൂപ്പോളി (ആധിപത്യം ) ഉണ്ടായിരുന്നു. കോവിഡ് മഹാമാരി നിയന്ത്രണാതീതമായപ്പോൾ പോലും, വാക്സിനുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് കഴിവുള്ള പൊതുമേഖലാകമ്പനികളെ മുന്നോട്ടുകൊണ്ടുവരുന്നതിൽ നിന്നും സർക്കാർ പിന്നോട്ടുപോകുകയാണുണ്ടായത്. വാക്സിനുകളിലൊന്ന് സർക്കാർ ഗവേഷണസ്ഥാപനങ്ങൾ വികസിപ്പിച്ചെടുത്തതിനാൽ, വാക്സിനുകളുടെ ഉൽപാദനവും വിതരണവും വർദ്ധിപ്പിക്കുന്നതിന് പൊതുമേഖലയെ എളുപ്പത്തിൽ ചുമതലപ്പെടുത്താമായിരുന്നു. എന്നാൽ പൊതുജനതാൽപ്പര്യത്തിന് ഏറ്റവും ഹിതകരമായത് മൂലധനത്തിന്റെ താൽപ്പര്യത്തിന് ഹിതകരമായിരിക്കില്ലല്ലോ.രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ പൊതുജനാരോഗ്യപ്രതിസന്ധിയിൽ ഇടപെടുന്നതിനുപകരം, ഇന്ത്യൻ സർക്കാരാകട്ടെ സ്വകാര്യകമ്പനികളുടെ ഭിമമായ ലാഭതാല്പ്പര്യങ്ങൾക്കുവേണ്ടിയായിരുന്നു നിലകൊണ്ടത്.

അങ്ങനെ ഇന്ത്യയിലെ തൊഴിലാളിവർഗത്തെ കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിൽ നിന്നും അവഗണിക്കുകയും ചെയ്തു. സ്വകാര്യ ഫാർമസ്യൂട്ടിക്കൽ കമ്പനികളിലൊന്ന് ഒരു ഡോസിന് 2,000 ശതമാനം വരെ ലാഭം നേടി.മറ്റൊന്ന് 4,000 ശതമാനം വരെയാണ് ലാഭം കൊയ്തത്. 2020 മാർച്ച് മുതൽ 2022 മാർച്ച് വരെ, ഇന്ത്യയിലെ വൻകിട ബിസിനസുകാരുടെ ലാഭം ഇരട്ടിയിലധികമായി.രാജ്യത്തെ കോടീശ്വരന്മാരുടെ ലാഭവും കുതിച്ചുയർന്നു.

ഉദാരവൽക്കരണകാലഘട്ടത്തിന് മുമ്പുള്ള തൊഴിലാളികൾ.
1944ൽ, ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ഇന്ത്യയിൽ നിന്ന് പുറത്താക്കുന്നതിന് നാല് വർഷം മുമ്പ്, ഒരു കൂട്ടം ഇന്ത്യൻ മുതലാളിമാർ ബോംബെ പ്ലാൻ എന്ന പേരിൽ ഒരു രേഖ തയ്യാറാക്കി. സ്വതന്ത്ര ഇന്ത്യയിൽ വ്യാവസായിക മേഖലയെ അന്താരാഷ്ട്ര മത്സരത്തിൽ നിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്നും, വ്യാവസായിക അഭിവൃദ്ധി പ്രാപിക്കാൻ വിഭവസമാഹരണം നടത്തേണ്ടതുണ്ടെന്നും ഈ മുതലാളിമാർ സമ്മതിക്കുന്നുണ്ട്. ഈ സംരക്ഷണ സിദ്ധാന്തത്തെയാണ് ഇൻഫന്റ് ഇൻഡസ്ട്രിയൽ തീസിസ് എന്ന് വിളിക്കുന്നത്. ഈ ബോംബെ പ്ലാനിൽ നിന്നും ആവേശം ഉൾക്കൊണ്ടു കൊണ്ടായിരുന്നു, പുതിയ ഇന്ത്യൻ ഭരണകൂടം, ഒരു വ്യാവസായിക നയം വികസിപ്പിച്ചെടുത്തതും (1948), ഒരു ആസൂത്രണ കമ്മീഷനെ രൂപീകരിച്ചതും (1950), ആദ്യത്തെ പഞ്ചവത്സര പദ്ധതിക്ക് തുടക്കമിട്ടതും (1951‐-1956), ഒരു വ്യാവസായിക നയരേഖ തയ്യാറാക്കിയതും (1956) മോണോപൊളീസ് ആൻഡ് റെസ്‌ട്രിക്‌റ്റീവ് ട്രേഡ് പ്രാക്ടീസ് ആക്‌ട് (1969) പാസ്സാക്കിയും. പുതിയ ഇന്ത്യൻ ഗവൺമെന്റിന്റെ നയം – സ്വകാര്യമേഖലയിലെ വ്യവസായികൾക്കൊപ്പമാണ് അതിന്റെ കരട് തയ്യാറാക്കപ്പെട്ടത് – സ്വകാര്യമേഖലയ്ക്കായി ചില മേഖലകളെ രൂപപ്പെടുത്തിയെടുക്കുക എന്നതും, അതോടൊപ്പം സ്വകാര്യമേഖലയിലെ കൂട്ടുകെട്ടുകൾക്ക് ഏതെങ്കിലും ഒരു മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കുകയുമായിരുന്നു. എന്നാൽ ഭൂപരിഷ്കരണത്തിലൂടെയോ തൊഴിലാളികളുടെ അവകാശങ്ങൾ ലഭ്യമാക്കുന്നതിലൂടെയോ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ജനാധിപത്യവൽക്കരണ പ്രക്രിയ അരങ്ങേറിയിരുന്നില്ല. അതുകൊണ്ടു തന്നെ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വർഷങ്ങളിൽ ബൂർഷ്വാസിക്ക് വളരെയധികം നേട്ടങ്ങളായിരുന്നു ലഭ്യമായിക്കൊണ്ടിരുന്നത്. 1960- ൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു തന്നെ തന്റെ ഗവൺമെന്റിന്റെ നയങ്ങൾ സാമൂഹിക അസമത്വം തീവ്രമാക്കിയെന്ന് സമ്മതിക്കുന്നുണ്ട്:

“വലിയൊരു വിഭാഗം ആളുകൾ രാഷ്ട്രത്തിന്റെ സമ്പത്തിന്റെ വർദ്ധനവിൽ പങ്കുചേർന്നിട്ടില്ല. അവർ ജീവിതത്തിന്റെ പ്രാഥമിക ആവശ്യങ്ങൾ പോലും ലഭ്യമാകാതെ ജീവിക്കുന്നു. മറുവശത്ത് നിങ്ങൾ ശരിക്കും സമ്പന്നരായ ആളുകളുടെ ഒരു ചെറിയ കൂട്ടത്തെ കാണുന്നു.ഈ സമ്പന്നവിഭാഗമാകട്ടെ അവരുടേതായ ഒരു സമ്പന്നസമൂഹത്തെ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്.എന്നാൽ മൊത്തത്തിലുള്ള ഇന്ത്യനവസ്ഥ ഇതിൽ നിന്നും അതിവിദൂരമാണ്… ഇന്ത്യയിൽ ഉരുവംകൊള്ളുന്ന പുതിയ സമ്പത്ത് ഒരു പ്രത്യേക ദിശയിലേയ്ക്കാണ് ഒഴുകുന്നത്. അത് ഇന്ത്യയിലാകമാനം ശരിയായ നിലയിൽ വ്യാപിക്കുന്നില്ലെന്നും കാണാൻ കഴിയും.”

സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലെ പൊതുമേഖലയാകട്ടെ പരിമിതമായ ലക്ഷ്യത്തോടെയാണ് നിർമ്മിക്കപ്പെട്ടത്. സ്വകാര്യമേഖലയുടെ വളർച്ചയ്ക്കും മൂലധനശേഖരണത്തിനും സൗകര്യമൊരുക്കുകയായിരുന്നു അതിന്റെ ലക്ഷ്യം. ഇന്ത്യൻ പൊതുമേഖലയുടെ ഉന്നം ലാഭം വർദ്ധിപ്പിക്കുക എന്നതല്ലായിരുന്നു. മറിച്ച്,സ്വകാര്യവ്യവസായത്തിന് സുസ്ഥിരമായ ഒരു ആവാസവ്യവസ്ഥയെ പ്രദാനം ചെയ്യുകയായിരുന്നു അതിന്റെ ലക്ഷ്യം.അതുകൊണ്ടുതന്നെ പശ്ചാത്തലമേഖയിൽ വലിയ നിക്ഷേപം ഇറക്കപ്പെട്ടു. സ്‌റ്റീലും വമ്പൻ മെഷിനറികളും വലിയ അളവിൽ ഉല്പ്പാദിപ്പിക്കപ്പെട്ടു. കാരണം പൊതുമേഖലയുടെ അഭാവത്തിൽ ഇത്തരം കാര്യങ്ങളെല്ലാം പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും വലിയ വിലയ്ക്ക് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യേണ്ട അവസ്ഥ സംജാതമാകുമായിരുന്നു. പ്രധാനമായും ഇതിനെ തടയലായിരുന്നു പൊതുമേഖലയിലൂടെ ലക്ഷ്യംവെച്ചത്.

തൊഴിലാളി പ്രസ്ഥാനങ്ങളുടെ ശക്തിയുറ്റ പോരാട്ടങ്ങളുടെ ഫലമായി പ്രധാനപ്പെട്ട ട്രേഡ് യൂണിയനുകൾ രൂപീകരിക്കപ്പെട്ടു. ട്രേഡ് യൂണിയനുകളുടെ ഇടപെടലുകളുടെ ഭാഗമായിട്ടായിരുന്നു ജോലി സമയം, വേതനം, ആനുകൂല്യങ്ങൾ, തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള അവകാശം എന്നിവയെ നിർണ്ണയിക്കുന്ന പ്രധാനപ്പെട്ട നിയമനിർമ്മാണങ്ങൾ നടന്നത്. ക്രമേണ വലിയൊരുവിഭാഗം തൊഴിൽശക്തി ഈയൊരു നിയമ സംവിധാനത്തിനുള്ളിലേക്ക് ഉൾച്ചേർക്കപ്പെട്ടു. പൊതുമേഖലയിലെ തൊഴിലാളികൾക്ക് ഇത്തരം നേട്ടങ്ങൾ ആർജ്ജിക്കാൻ കഴിഞ്ഞതിനുപിന്നിൽ മൂന്ന് തരത്തിലുള്ള കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്ന്, പൊതുമേഖലയിലെ മൂലധന – തീവ്രതയും അതിനെതുടർന്നു വന്ന വമ്പൻ ഫാക്ടറികളിലെ തൊഴിലാളികളുടെ കേന്ദ്രീകരണവും പണിമുടക്കുൾപ്പെടെയുള്ള സമരപോട്ടങ്ങളെ കെട്ടഴിച്ചുവിട്ടു. രണ്ട്, പൊതുമേഖലയിലെ നൈപുണ്യശേഷിയുള്ള വിദഗ്ധ – തൊഴിലാളികൾക്കു വെല്ലുവിളിയാകുന്ന തരത്തിൽ , മതിയായ വിദ്യാഭ്യാസയോഗ്യതയോ മതിയായ ഭക്ഷണമോ ലഭ്യമല്ലാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന ജനതയ്ക്കിടയിൽനിന്നും, ഒരു തൊഴിൽരഹിത കരുതൽ സേനയുടെ (the reserve army of labour) ഉയർന്നുവരവ് മിക്കപ്പോഴും അസാധ്യമായിരുന്നു. മൂന്നാമതായി, ഇത്തരം പൊതുമേഖലാ ഫാക്ടറികളിൽ അരങ്ങേറിയിരുന്ന നിരന്തരമായ സമരപാരമ്പര്യവും അതിന്റെ ഫലമായി വികസിതമായിത്തീർന്ന ട്രേഡ് യൂണിയൻ സംസ്കാരവും , പൊതുമേഖലയിലെ തൊഴിലാളികളുടെ വാർഗ്ഗാവബോധത്തെ (class consciousness ) വലിയ നിലകളിൽ വികസിതമാക്കിത്തീർത്തു. ഇങ്ങനെയൊക്കെയാണെങ്കിലും, മൂലധന – തീവ്രത കൂടിയ വ്യവസായങ്ങളിലേയ്ക്കുള്ള പൊതുമേഖലയുടെ കടന്നുവരവ് തടയപ്പെട്ടതും ആകെ തൊഴിൽ ശക്തിയിൽ പൊതുമേഖലയിലെ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായിരുന്ന താരതമ്യേന കുറഞ്ഞ നിരക്കും കാരണം ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ ചെറിയൊരു വിഭാഗത്തിന് മാത്രമേ ഇത്തരം അവകാശങ്ങളിലേയ്ക്ക് കടന്നുചെല്ലാൻ കഴിഞ്ഞിരുന്നുള്ളൂ. എന്നിരുന്നാലും, പൊതുമേഖലാ തൊഴിലാളികൾ നേടിയെടുത്ത ഇത്തരം അവകാശങ്ങൾ ഇന്ത്യയിലെ ശേഷിക്കുന്ന തൊഴിലാളി വർഗ്ഗത്തിനുള്ള വലിയൊരു ചൂണ്ടുപലക കൂടിയായിത്തീർന്നു. ഈ തൊഴിലാളിവർഗ്ഗമാകട്ടെ, വർഗ്ഗാവബോധത്തിൽ ഏറെ മുന്നിൽ നിന്നിരുന്ന പൊതുമേഖലാ തൊഴിലാളികളോടൊപ്പം അണിനിരന്നു കൊണ്ട് , തൊഴിലാളികൾക്കനുകൂലമായ നിയമനിർമ്മാണങ്ങളും തൊഴിലവകാശങ്ങളും എല്ലാവിഭാഗം തൊഴിലാളികൾക്കും അനുഭവവേദ്യമാക്കുന്നതിനുള്ള പോരാട്ടങ്ങൾ കെട്ടഴിച്ചുവിട്ടു.

ഇന്ത്യയിലെ തൊഴിൽശക്തിയിൽ 83 ശതമാനവും പണിയെടുക്കുന്നത് അനൗപചാരിക മേഖലയിലാണ് എന്നത് വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഈ അനൗപചാരിക മേഖലയിൽ കുടിൽ വ്യവസായത്തോടൊപ്പം, ഒട്ടും സംയോജിതമല്ലാത്ത ചെറുകിട സംരംഭങ്ങളുടെ ഒരു നീണ്ടനിരയെയും കാണാനാകും. അപകടകരമായ തൊഴിലുകളുടെയും തൊഴിൽ സാഹചര്യങ്ങളുടെയും ഇടംകൂടിയാണ് അനൗപചാരിക മേഖല.ഔപചാരിക മേഖലയിൽ പോലും തൊഴിലിന്റെ ഗണ്യമായ ശതമാനം അനൗപചാരിക സ്വഭാവത്തിലുള്ളതാണെന്ന് കാണാൻ കഴിയും (ഉദാഹരണത്തിന്, പുറംകരാർ ജോലികൾ). ഇങ്ങനെ നോക്കുമ്പോൾ അനൗപചാരികമായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണമെന്നത് മൊത്തം തൊഴിൽ സേനയുടെ 90 ശതമാനത്തിലധികം കവിയുന്നു. ഈ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം നിയമങ്ങളും അവകാശങ്ങളും ഒരു മരീചിക മാത്രമാണ്. ഈ തൊഴിലാളികളിൽ ബഹുഭൂരിപക്ഷം പേർക്കും മിനിമംകൂലി പോലും ലഭിക്കുന്നില്ല. പട്ടിണികൊണ്ട് മരിക്കാതിരിക്കാം എന്നു മാത്രം ! ഒരു തരത്തിലുള്ള തൊഴിൽ സുരക്ഷയും ഇല്ലാത്ത ഇടങ്ങളാണിത്. അതുകൊണ്ടുതന്നെ ഇവിടെ പണിയെടുക്കുന്നവർക്ക് ദിവസ കരാർ ഉൾപ്പെടെയുളള ക്രമരഹിതവും മാറിമാറിവരുന്നതുമായ നിരവധി കരാർ ജോലികളിൽ നിരന്തരം ഏർപ്പെടേണ്ടിവരുന്നു. അത്തരം കരാർ ജോലികൾ ചെയ്യാൻ അവർ നിർബന്ധിതരായിത്തീരുന്നു എന്നതാണ് വാസ്തവം. ഇത് അവരുടെ വിശ്വസനീയമായ എല്ലാ വരുമാന സ്രോതസുകളെയും തകരാറിലാക്കുകയും ചെയ്യുന്നു. ജോലിയുടെ അനൗപചാരികവും സ്ഥിരതയില്ലാത്തതുമായ ഈയൊരു സ്വഭാവംകൊണ്ടുതന്നെ ഉദാരവൽക്കരണത്തിന് മുമ്പുള്ള കാലഘട്ടങ്ങളിൽപോലും ഈ തൊഴിലാളികൾക്കിടയിലെ യൂണിയൻ വത്ക്കരണപ്രക്രിയ ഒരു വിദൂരസ്വപ്നമായിത്തുടർന്നു.കേരളം, ത്രിപുര, പശ്ചിമ ബംഗാൾ തുടങ്ങി ഇടതുപക്ഷത്തിന് സ്വാധീനമുള്ളതോ ഇടതുപക്ഷം അധികാരത്തിലിരുന്നതോ ആയ സംസ്ഥാനങ്ങളിൽ മാത്രമേ തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും യൂണിയനുകൾ രൂപീകരിക്കാനും അനുവാദം നൽകുന്ന നിയമനിർമ്മാണങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നും കാണേണ്ടതുണ്ട്. ഈ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് വരുമാനത്തിൽ വലിയൊരു വർദ്ധനവ് ആർജ്ജിച്ചെടുക്കാനും കഴിഞ്ഞിട്ടുണ്ട്.

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

14 + eleven =

Most Popular