ഏകദേശം ഒരു സഹസ്രാബ്ദക്കാലംകൊണ്ടു രൂപപ്പെട്ടുവന്നതാണ് ജാതി–ജന്മി–നാടുവാഴി–പൗരോഹിത്യ വ്യവസ്ഥയെന്ന കേരളത്തിലെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസ്ഥ. ക്രിസ്തുവിന് ശേഷം 500 മുതൽ 1500 വരെയുള്ള കാലഘട്ടത്തിലാണ് അത് രൂപപ്പെട്ടുവന്നത്. സമുദ്ര വ്യവസ്ഥയിലിധിഷ്ഠിതമായി വികസിച്ച വിദേശ വാണിജ്യവും നെൽക്കൃഷി കേന്ദ്രിതമായ ആഭ്യന്തര സമ്പദ്ഘടനയും ഇവ രണ്ടിനേയും ആശ്രയിച്ചുനിന്നിരുന്ന നാടുവാഴി സ്വരൂപങ്ങളുമാണ് സാമ്പത്തികമായി ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥയുടെ പ്രതിരൂപങ്ങൾ. നെൽക്കൃഷിയേയും കൈവേല–കൈത്തൊഴിലുകളേയും അടിസ്ഥാനമാക്കി വളർന്നുവന്ന ശ്രേണീബദ്ധമായ ജാതിവ്യവസ്ഥയാണ് സാമൂഹികമായ ആരൂഢം. സമ്പത്തും അധികാരവും കയ്യടക്കിവച്ചിരുന്ന ധനിക വിഭാഗത്തിന്റെ ആശയമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന മലയാള ഭാഷയും സാഹിത്യവും ക്ഷേത്രകേന്ദ്രിതമായ ആട്ടങ്ങളും പാട്ടുകളും ഉത്സവങ്ങളുമായിരുന്നു സാംസ്കാരികമായ രൂപങ്ങൾ. ഇവയെല്ലാം യഥോചിതം പരിപാലിച്ചിരുന്ന പൗരോഹിത്യവും അവർ നടത്തിവന്നിരുന്ന വേദപാഠശാലകളും അവയിൽ ധർമ്മമെന്ന ജാത്യാചാരങ്ങളെ സംരക്ഷിക്കുകയും ചെയ്തിരുന്നു. ഈ പ്രതിഭാസത്തെ കേരളീയതയെന്ന് വിളിക്കാം.
ഈ വ്യവസ്ഥയിൽ വിള്ളലുകൾ വീഴുന്നതോടുകൂടിയാണ് കേരളീയ ആധുനികത രൂപംകൊണ്ടുവന്നത്. ചീനരുടേയും അറബികളുടേയും നിയന്ത്രണത്തിലായിരുന്ന ഇന്ത്യാ സമുദ്ര വാണിജ്യം 1500–ാമാണ്ടു മുതൽ പോർച്ചുഗീസുകാർ മുതൽ ഇംഗ്ലീഷുകാർ വരെയുള്ള യൂറോപ്യൻ കൊളോണിയൽ ശക്തികൾ ഏറ്റെടുത്തു. ക്ഷേത്രകേന്ദ്രിതമായിരുന്ന നെൽക്കൃഷി മാറ്റമില്ലാതെ തുടർന്നു. നെല്പാടങ്ങളുടെ മേലുണ്ടായിരുന്ന ദേവസ്വം, ബ്രഹ്മസ്വം മുതലായ ഭൂവുടമസ്ഥതയിൽ മാറ്റംവരാത്തതുകൊണ്ടാണ് ക്ഷേത്രകേന്ദ്രിതമായ നെൽക്കൃഷി പഴയതുപോലെ തുടർന്നത്. എന്നാൽ വാണിജ്യ വിളകളായ കുരുമുളക്, ഏലം, തെങ്ങ് എന്നിവയ്ക്ക് മുമ്പത്തേതിലും കൂടുതലായി പ്രാധാന്യം ലഭിച്ചു.
വാണിജ്യ രംഗത്തും സാമ്പത്തിക രംഗത്തും വന്ന ഈ മാറ്റം രാഷ്ട്രീയ രംഗത്തും പ്രതിഫലിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യമാകുമ്പോൾ തിരുവിതാംകൂർ, കൊച്ചി, കോഴിക്കോട്, കോലത്തുനാട് എന്നീ നാടുവാഴികളിലേക്ക് രാഷ്ട്രീയാധികാരം കേന്ദ്രീകരിച്ചു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കമാകുമ്പോഴേക്കും കേരളക്കര മുഴുവൻ ബ്രിട്ടീഷ് നിയന്ത്രണത്തിലായി.
സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തുമുണ്ടായ ഇത്തരം മാറ്റങ്ങൾ സാമൂഹികരംഗത്തും ജാതിവ്യവസ്ഥയ്ക്കുള്ളിലും ചലനങ്ങളുണ്ടാക്കി കേരളീയതയുടെ ഭാഗമായി രൂപപ്പെട്ടു വന്ന ആചാരങ്ങൾ പലതും അനാചാരങ്ങളാണെന്ന തിരിച്ചറിവുണ്ടായി. ഈ മാറ്റത്തിന്റെ രാസത്വരകമായി പ്രൊട്ടസ്റ്റന്റ് ക്രൈസ്തവ മിഷണറി സഭകൾ പ്രവർത്തിച്ചു. മതപരിവർത്തന പ്രവർത്തനത്തിന്റെ ഭാഗമായി അവർ ആരംഭിച്ച പള്ളികൾ, പള്ളിക്കൂടങ്ങൾ, അച്ചടിശാലകൾ, നെയ്ത്തുശാലകൾ, മരപ്പണികേന്ദ്രങ്ങൾ എന്നിവകൾ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്കും പുതിയ തൊഴിലുകൾ പഠിച്ചവർക്കും ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനിയുടെ കോളനികളായ സിലോൺ, ബർമ്മ, മലയ, സിംഗപ്പൂർ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജോലി കിട്ടുമെന്നായി. ഇത് പരമ്പരാഗതമായ ഊഴിയ വേലയെന്ന നിർബന്ധിതവും പ്രതിഫലമില്ലാത്തതുമായ ജോലി നിർത്തലാക്കുന്നതിനുള്ള പ്രക്ഷോഭത്തിൽ കലാശിച്ചു. ഇതാണ് തെക്കൻ തിരുവിതാംകൂറിൽ 1822ൽ ആരംഭിച്ച ‘‘ഊഴിയ വേലക്ക് വിടുതലൈ’ (ഊഴിയ വേലയിൽ നിന്നും മോചനം) എന്ന സമരത്തിന്റെ പശ്ചാത്തലം. ഒന്നുരണ്ടു പതിറ്റാണ്ടു കഴിഞ്ഞപ്പോൾ സർക്കാർമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പ് രൂപീകരിക്കുകയും വേലക്കാർക്കായി പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ തന്നെ അടിമ സമ്പ്രദായവും അടിമക്കച്ചവടവും നിർത്തലാക്കുകയും ചെയ്തു.
തോൾശീല സമരം
ഊഴിയവേലയ്ക്കെതിരായ സമരത്തോടൊപ്പം വന്ന മറ്റൊന്നായിരുന്നു തോൾശീലസമരം–‘തോൾശീലക്ക് ഉരിമൈ’ (തോൾശീല അവകാശം). അവർണജാതിയിൽപ്പിറന്ന പുരുഷന്മാർക്ക് സവർണരെപ്പോലെ തോളിൽകൂടി ശീലമടക്കിയിടുന്നതിനോ ഏത്താപ്പ് ധരിക്കുന്നതിനോ (ഇടതുതോളിൽ കൂടി ഇടുന്ന നീണ്ട മടക്കിയ വസ്ത്രം മാറത്തുകൂടെ വിലങ്ങനെയെടുത്ത് വലത് അരക്കെട്ടുഭാഗത്തുവച്ച് കെട്ടിയിടുന്ന രീതി) തലയിൽ മുണ്ടുകെട്ടുന്നതിനോ അവകാശമുണ്ടായിരുന്നില്ല. സ്ത്രീകൾക്ക് മാറുമറയ്ക്കാനോ കുപ്പായം ധരിക്കാനോ അവകാശമില്ലായിരുന്നു. കടപ്പുറത്തെ മുക്കുവത്തികളും ഉൾനാടുകളിൽ താമസിക്കുന്ന മൂസ്ലീം സ്ത്രീകളും കുപ്പായം ധരിക്കുമായിരുന്നു. ക്രിസ്തുമതത്തിൽ ചേർന്ന സ്ത്രീകൾക്ക് കുപ്പായം ധരിക്കാമെന്ന് 1814 ൽ ദിവാനായിരുന്ന കേണൽ മൺറോ ഇറക്കിയ ഉത്തരവ് പാരമ്പര്യവാദികൾക്ക് ഹിതകരമായില്ല. ഈ സാഹചര്യത്തിലാണ് വസ്ത്രധാരണമെന്ന പൗരാവകാശത്തിനുവേണ്ടിയുള്ള കലാപം ആരംഭിക്കുന്നത്. ഏകദേശം അരനൂറ്റാണ്ടുകഴിഞ്ഞപ്പോൾ 1865 ൽ എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും അരയ്ക്കു മുകൾഭാഗം ഇഷ്ടപ്പെട്ട വസ്ത്രം കൊണ്ടു മറയ്ക്കുന്നതിനുള്ള അവകാശം നൽകിക്കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂറിൽ ദിവാനായിരുന്ന സർ.ടി.മാധവറാവു ഏർപ്പെടുത്തിയ ഭരണപരിഷ്കാരങ്ങൾ സാമ്പത്തികമായി ഒരു പുതിയ വർഗത്തിന്റെ ഉദയത്തിന് വഴിവച്ചു. സർക്കാരിന്റെ കുത്തകയായിരുന്ന ഇറക്കുമതിച്ചരക്കുകളായ കഞ്ചാവ്, കറപ്പ്, പുകയില എന്നിവ (കഞ്ചാവും, കറപ്പും ആയൂർവേദ ചികിത്സയ്ക്കുള്ളതായിരുന്നു) സ്വകാര്യ വ്യക്തികൾക്ക് ലേലം ചെയ്തു കൊടുക്കുന്നതിന് തീരുമാനിച്ചു. ഇതുവഴി സർക്കാരിന് സുസ്ഥിരമായ വരുമാനം ലഭിക്കുകയും കച്ചവടക്കാർ ധനികരാവുകയും ചെയ്തു. അതുപോലെതന്നെ കയറും ക്രൊപ്രയും വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി ചെയ്യാൻ തുടങ്ങിയപ്പോൾ ആ നിലയിലും, ചില സമ്പന്നർ വളർന്നുവരാൻ തുടങ്ങി. അതായത് കയറ്റുമതിയിലൂടെയും ഇറക്കുമതിയിലൂടെയും വളർന്നു വന്ന ഒരു മധ്യവർഗ വണിക് വിഭാഗം തിരുവിതാംകൂറിലുണ്ടായി.
കേണൽ മൺറോയുടെ കാലത്ത് ദേവസ്വം ഭൂമി കണ്ടുകെട്ടി സർക്കാരിന്റേതാക്കിയതും സർക്കാർ വക ഭൂമി (പണ്ടാരവക) ജാതി മതഭേദമന്യേ സ്വകാര്യ വ്യക്തികൾക്കും കുടുംബങ്ങൾക്കും പാട്ടത്തിനു നൽകിയതും കാർഷികരംഗത്തും ഒരു മധ്യവർഗത്തിന്റെ ഉദയത്തിനു കാരണമായി. ഇവരുടെ സമ്മർദ്ദഫലമായിട്ടാണ് 1865–ൽ തിരുവിതാംകൂർ സർക്കാർ പണ്ടാരപ്പാട്ടവിളംബരം പ്രഖ്യാപിച്ചത്. സർക്കാർ വകഭൂമി പാട്ടത്തിനെടുത്ത കുടിയാന് കൈവശഭൂമയിൽ ഉടമസ്ഥാവകാശവും പിന്തുടർച്ചാവകാശവും കൈമാറ്റാവകാശവും നൽകുന്നതായിരുന്നു. ഈ വിളംബരം. ഭൂമിവില്പനച്ചരക്കായപ്പോൾ അത് സ്വദേശിയും വിദേശിയുമായ മൂലധനശക്തികളെ ആകർഷിച്ചു. യൂറോപ്പിൽ മുതലാളിത്തത്തിനകത്തുണ്ടായ പ്രതിസന്ധി തരണം ചെയ്യുന്നതിനുവേണ്ടി മൂലധനസഹായ കയറ്റുമതി തുടങ്ങിയ കാലമായിരുന്നു അത്. അങ്ങിനെയാണ് മൂന്നാറിൽ മൂവായിരം ഏക്കർഭൂമി ഒരു വിദേശ മുതലാളി വിലയ്ക്കുവാങ്ങി തേയില കൃഷി ആരംഭിച്ചത്.
വാണിജ്യാടിസ്ഥാനത്തിലുള്ള തോട്ടവിളകളുടെ കൃഷി കാർഷിക രംഗത്ത് പുതിയ പ്രവണതകളുണ്ടാക്കി. തേയില, കാപ്പി, റബ്ബർ തുടങ്ങിയ വിദേശ ഉല്പന്നങ്ങൾ ഇന്ത്യക്കകത്ത് ഉല്പാദിപ്പിക്കാൻ തുടങ്ങിയപ്പോൾ ഓരോ മേഖലയിലും ആയിരക്കണക്കിന് തൊഴിലാളികളെ കണ്ടെടുത്തതോടെയായിരുന്നു ജാതി വ്യവസ്ഥയിലെ കുലത്തൊഴിലുപേക്ഷിച്ച് പലരും തോട്ടം മേഖയിലേക്ക് കുടിയേറിയത്. ഇത് ജാതി വ്യവസ്ഥയിൽ വിള്ളലുണ്ടാക്കാനിടയായി. മറുഭാഗത്ത് തോട്ടം തൊഴിലാളിയെന്ന പുതിയ വിഭാഗം വളർന്നുവരികയും ചെയ്തു.
ഇതിനു സമാന്തരമായി നാവികമേഖലയിലും മരവ്യവസായത്തിലും ഓടുനിർമാണത്തിലും മൂലധനനിക്ഷേപവും യന്ത്രവൽക്കരണവും തുടങ്ങിയപ്പോൾ വ്യവസായത്തൊഴിലാളിയെന്ന പുതിയ വർഗവും വളർന്നുവന്നു. വാണിജ്യമേഖലയിലും വ്യവസായമേഖലയിലും കാർഷികമേഖലയിലും പുതിയ മധ്യവർഗവും തൊഴിലാളി വർഗവും വളർന്നുവന്നപ്പോൾ അതിന്റെ ആഘാതം ഭൂവുടമസ്ഥയിൽ രൂപപ്പെട്ട ജാതിവ്യവസ്ഥിതിയിലും നെൽകൃഷിയെ ആശ്രയിച്ച് രൂപപ്പെട്ട ജാതി വ്യവസ്ഥയിലും വിള്ളലുകളുണ്ടാക്കി. ഇതാണ് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ ഉദയം ചെയ്യാനിടയാക്കിത്. ചട്ടമ്പിസ്വാമിയെയും നാരായണ ഗുരുവിനെയും പോലുള്ള സന്ന്യാസിമാർ തുടങ്ങിവച്ച സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ വളർന്നു വികസിച്ചത് ഇത്തരം മധ്യവർഗ ബുദ്ധിജീവികളിലൂടെയായിരുന്നു. ഇവരാണ് സംഘടനകളുണ്ടാക്കിയതും നവോത്ഥാന മൂല്യങ്ങളെ ജനകീയമാക്കിയതും. ഇവർ തന്നെയാണ് പൗരാവകാശ പ്രക്ഷോഭകരായും രാഷ്ട്രീയ പ്രവർത്തകരായും മാറിയത് എന്നതും വസ്തുതയാണ്.
ഈ മധ്യവർഗ ബുദ്ധിജീവികളാണ് രാഷ്ട്രീയ പ്രവർത്തനത്തിനും പത്രപ്രവർത്തനത്തിനും തുടക്കം കുറിച്ചത്. ബാരിസ്റ്റർ ജി.പി. പിള്ള, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, ദേശാഭിമാനി ടി.കെ.മാധവൻ, സഹോദരൻ അയ്യപ്പൻ, മിതവാദി കൃഷ്ണൻ, ഡോ.വി.വി. വേലുക്കുട്ടി അരയൻ, സി.വി. കുഞ്ഞുരാമൻ, കെ.പി.കേശവമേനോൻ മുതലായ ബുദ്ധിജീവികളെല്ലാം തന്നെ പത്രപ്രവർത്തനത്തെ രാഷ്ട്രീയ പ്രവർത്തനമാക്കിമാറ്റിയവരാണ്. ഇവർ തന്നെയാണ് പൗരാവകാശ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തതും പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിന് രാഷ്ട്രീയ പ്രക്ഷോഭം അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചതും. മഹാരാജാവിന് മെമ്മോറിയലുകൾ സമർപ്പിക്കുന്ന നിവേദക സംഘത്തിൽ നിന്നും ഉത്തരവാദഭരണം ആവശ്യപ്പെടുന്ന രാഷ്ട്രീയ പ്രക്ഷോഭകാരികളായി ഇവർ വളർന്നത് കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയുടെ തെളിവായി കാണാവുന്നതാണ്.
മുതലാളിത്ത വികസനത്തിന് ഗതാഗതവികസനം അനിവാര്യമാണല്ലോ. മലയോര മേഖലയിലെ തോട്ടവിളകൾ തീരപ്രദേശത്തെ തുറമുഖങ്ങളിലെത്തിക്കുന്നതും തെക്കുവടക്കായി കിടക്കുന്ന ജലപാതവഴിയുള്ള ബോട്ടുയാത്രയിലും ജാതിമതാദി പരിഗണനകൾക്കതീതമായുള്ള സഞ്ചാര സ്വാതന്ത്ര്യം നൽകേണ്ടത് അനിവാര്യമായിത്തീർന്നു. ജാതിയടിമയെ കൂലിയടിമയായി പരിവർത്തനം ചെയ്യിച്ചപ്പോൾ ജാത്യാചാരങ്ങളും കൂട്ടത്തിൽ ഉപേക്ഷിക്കേണ്ടതായിവന്നു. ഈ പശ്ചാത്തലത്തിലാണ് 1865 ൽ തിരുവിതാംകൂർ സർക്കാർ ഒരുത്തരവിലൂടെ എല്ലാം പൊതുവഴികളിലൂടെയും എല്ലാവർക്കും സഞ്ചരിക്കാമെന്നതിനുള്ള അനുവാദം നൽകിയത്. വസ്ത്രധാരണാവാകശ ഉത്തരവും പണ്ടാരപ്പാട്ടവിളംബരവും സഞ്ചാര സ്വാതന്ത്ര്യാനുവാദ ഉത്തരവും നിലവിൽ വന്നത് 1865 ലാണെന്നത് യാദൃച്ഛികമല്ല – സാഹിത്യരംഗത്ത് ചെറുകഥയും (1861)നോവലും (1889) ഖണ്ഡകാവ്യവും (1907) ഭാവുകത്വ പരിണാമത്തിന്റെ നാഴികക്കല്ലുകളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. അതായത് കേരളീയതയുടെ ഭാഗമായ സാംസ്കാരിക രംഗത്തും മാറ്റങ്ങൾ വന്നു തുടങ്ങിയെങ്കിലും ക്ഷേത്ര കേന്ദ്രിതമായ പാരമ്പര്യത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ പൗരോഹിത്യത്തിന് മാറ്റമൊന്നും വന്നില്ല.
കാലഹരണപ്പെട്ട ആചാരങ്ങളെ
നിലനിർത്താൻ
പൗരോഹിത്യം ശ്രമിക്കുന്നു
സഞ്ചാര സ്വാതന്ത്ര്യ ഉത്തരവ് പ്രസിദ്ധീകരിച്ചതിനെ പൗരോഹിത്യം ചോദ്യംചെയ്തു. തിരുവിതാംകൂറിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളും സർക്കാരുടമസ്ഥതയിലുള്ളതായിരുന്നുവെങ്കിലും ഓരോ ക്ഷേത്രത്തിലേയും ഭരണകർത്താക്കളായ തന്ത്രിയും മേൽശാന്തിയുമുൾപ്പെടെയുള്ള പൗരോഹിത്യമാണ് കാര്യങ്ങൾ നിശ്ചയിച്ചിരുന്നത്. അതായത് സാമ്പത്തിക–രാഷ്ട്രീയ–സാമൂഹിക–സാംസ്കാരികരംഗങ്ങളിൽ വന്ന മാറ്റം, കാലഹരണപ്പെട്ടതായി കണ്ടെത്തിയ ആചാരങ്ങളെയാണ് പൗരോഹിത്യം നിലനിർത്താൻ ശ്രമിച്ചത്. അതായത് ഒരുഭാഗത്ത് ആചാരവാദികളും മറുഭാഗത്ത് ആചാരലംഘകരും തമ്മിലുള്ള വൈരുദ്ധ്യമാണ് ഇവിടെ വെളിവാക്കപ്പെട്ടത്. സഞ്ചാര സ്വാതന്ത്ര്യ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ആചാരവാദികൾ കോടതിയെ സമീപിച്ചു. കോടതി ആചാരവാദികൾക്കനുകൂലമായിരുന്നു. എന്നാൽ സർക്കാരുത്തരവിനെ അപ്പാടെ തള്ളിക്കളയുന്നതിനു പകരം അതിൽ ചിലഭേദഗതികൾ വരുത്തി. അതനുസരിച്ച് നിരത്തുകളെയും വഴികളെയും രാജവീഥികളെന്നും ഗ്രാമവീഥികളെന്നും രണ്ടായി തിരിച്ചു. രാജപാതകൾ പൊതു ഉടമസ്ഥതയിലുള്ളതും ഗ്രാമപാതകൾ സ്വകാര്യ ഉടമസ്ഥതയിലുള്ളതുമായിരുന്നു. രാജപാതകളിൽ കൂടി എല്ലാവർക്കും സഞ്ചാരസ്വാതന്ത്ര്യമനുവദിച്ചു. എന്നാൽ ഗ്രാമവീഥികളുടെ നിയന്ത്രണം ജന്മിമാരുടെയോ തന്ത്രിമാരുടേയോ നിയന്ത്രണത്തിലായി. അവിടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്നതിനുള്ള അവകാശം അതിന്റെ ഉടമസ്ഥനാണ്. ജന്മിഗൃഹങ്ങളുടേയും കോവിലകങ്ങളുടേയും ദേവാലയങ്ങളുടെയും പരിസരം ജന്മിമാരുടേയും തമ്പുരാക്കന്മാരുടേയും തന്ത്രിമാരുടേയും നിയന്ത്രണത്തിലായിരുന്നു. നിരോധിതപാതകളിൽ കൂടി സഞ്ചരിക്കുന്നവർക്ക് ശിക്ഷയും ഏർപ്പെടുത്തി.
സഞ്ചാര സ്വാതന്ത്ര്യത്തിന്
സവർണമേധാവികളുടെ വിലക്ക്
എല്ലാവർക്കും സഞ്ചാര സ്വാതന്ത്ര്യമനുവദിച്ചിട്ടുള്ള രാജവീഥികളിൽ പലേടത്തും സവർണ്ണമേധാവികളും കിങ്കരന്മാരും അവർണരെ തടസ്സപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തു. ഇതിൽ പ്രതിഷേധിച്ചാണ് 1893 ൽ അയ്യങ്കാളി വില്ലുവണ്ടി യാത്ര നടത്തിയത്. അതിനദ്ദേഹത്തെ ശിക്ഷിക്കുന്നതിനുള്ള വകുപ്പുകളൊന്നുമില്ലാത്തതിനാൽ കേസ്സെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ അതൊരു ചൂണ്ടുപലകയായിരുന്നു. മൂന്നുപതിറ്റാണ്ടുകഴിഞ്ഞപ്പോൾ പൗരാവകാശ പ്രക്ഷോഭത്തിന്റെ വികസിതരൂപമായ വൈക്കം സത്യഗ്രഹം പൂർണമായ അർഥത്തിൽത്തന്നെ രാഷ്ട്രീയ പ്രക്ഷോഭമായി പരിണമിക്കുകയായിരുന്നു. പൗരാവകാശങ്ങൾക്കുവേണ്ടി പ്രത്യക്ഷ സമരത്തിലേക്കു പോകുന്ന ആദ്യത്തെ മലയാളി അയ്യങ്കാളിയാണ്.
മറ്റൊരു പൗരാവകാശമായ വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇതിനു സമാനമായ കാര്യങ്ങളാണ് സംഭവിച്ചത്. വിദ്യാഭ്യാസരംഗത്തെ സ്വകാര്യ സംരംഭകരെ സഹായിക്കുന്നതിനുള്ള ഗ്രാന്റ് ഇൻ എയിഡ് സമ്പ്രദായം ദിവാൻ സർ.ടി മാധവറാവുവിന്റെ കാലത്ത് തുടങ്ങിയിരുന്നു. അതിന്റെ ഗുണഭോക്താക്കളിൽ ഭൂരിപക്ഷവും ക്രൈസ്തവ സഭകളായിരുന്നു. ആകെയുള്ള വിദ്യാലയങ്ങളിൽ മുക്കാൽ ഭാഗവും അവരുടെ ഉടമസ്ഥതയിലായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിൽ ഒരു ഏകീകൃതരൂപം കൊണ്ടുവരുന്നതിനുവേണ്ടി 1895 ൽ വിദ്യാഭ്യാസ കോഡ് നടപ്പിലാക്കി ഗ്രാന്റ് ഇൻ എയിഡിന്റെ വ്യവസ്ഥകൾ പറയുന്നതോടൊപ്പം ഒൻപതു പിന്നാക്ക ജാതികളിൽപ്പെട്ട കുട്ടികൾക്ക് നാലാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കിയിരുന്നു. എന്നാലതിനെ സവർണ നേതൃത്വം ചോദ്യം ചെയ്തു. ഈ ജാതികളിൽപ്പെട്ടവർ ക്രിസ്തുമതം സ്വീകരിച്ചാൽ അവർക്ക് ജാതി പദവി നഷ്ടപ്പെടുമെന്നും അതിനാൽ ആനുകൂല്യത്തിന് അർഹതയുണ്ടാവില്ലെന്നുമായിരുന്നു അവരുടെ വാദം. അടിയാള ജാതികളിൽപ്പെട്ടവർ ക്രിസ്തുമതം സ്വീകരിച്ച് മറ്റു തൊഴിലുകൾ തേടിയപ്പോൾ പരമ്പരാഗത തൊഴിൽ മേഖലയിൽ അധ്വാനശേഷിയുടെ ശോഷണമുണ്ടാകുമെന്ന ഭയവും സവർണബോധവുമാണ് ഇവരെ ഇങ്ങിനെ ചിന്തിപ്പിച്ചത്. എന്തായാലും ചാതുർവർണ്യ വ്യവസ്ഥയിലെ ആചാരങ്ങൾക്കനുസരിച്ച് ഭരിച്ചിരുന്ന തിരുവിതാംകൂറിൽ സവർണ വർഗത്തിന്റെ നിലപാടിനെതിരെ പോകാൻ സർക്കാരിനു കഴിയില്ലായിരുന്നു. അങ്ങിനെയാണ് ക്രിസ്തുമതം സ്വീകരിച്ച അടിയാള ജാതികളിൽപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കപ്പെട്ടത്. ആ വ്യവസ്ഥ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നുവെന്നത് അത്ഭുതകരമായിരിക്കുന്നു.
വിദ്യാഭ്യാസ നിയമത്തിന്റെ
പരിഷ്കാരം
വിദ്യാഭ്യാസ നിയമം 1905 ൽ പരിഷ്കരിച്ചപ്പോൾ എല്ലാ ജാതി–മതവിഭാഗത്തിൽപെട്ടവർക്കും 4–ാം ക്ലാസ്സുവരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. എന്നാൽ ക്ഷേത്ര പരിസരത്തുള്ള വിദ്യാലയങ്ങളിൽ അയിത്തജാതിക്കാർക്ക് പ്രവേശനം നൽകില്ലായെന്ന് നിഷ്കർഷിച്ചിരുന്നു. എന്തെന്നാൽ അയിത്തജാതിക്കാർക്ക് ഗ്രാമവീഥികളായ ക്ഷേത്രപരിസരത്തുകൂടി സഞ്ചരിക്കുന്നതിന് വിലക്കുണ്ടായിരുന്നു. അത് പരസ്യപ്പെടുത്തുന്നതിനുവേണ്ടി ‘‘അയിത്തജാതിക്കാർ ഇതിനപ്പുറം പോകാൻ പാടില്ല” എന്നെഴുതിയ തീണ്ടൽപ്പലക സ്ഥാപിക്കുകയും ചെയ്തു. എന്നാൽ മറ്റു പ്രദേശങ്ങളിലെ വിദ്യാലയങ്ങളിൽപോലും അടിയാള ജാതികളിൽപെട്ടവർക്ക് പ്രവേശനം നൽകാൻ സവർണരായ അധികാരികൾ കൂട്ടാക്കിയില്ല. അതായത് സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ളതായാലും വിദ്യാഭ്യാസാനുകൂല്യത്തിനുവേണ്ടിയുള്ളതായാലും സർക്കാരുത്തരവിനെ ലംഘിക്കാൻ സവർണർ തന്റേടം കാട്ടിയെന്നതായിരുന്നു വാസ്തവം. ഇതിൽ പ്രതിഷേധിച്ചാണ് അയ്യങ്കാളി പഞ്ചമിയെന്ന പെൺകുട്ടിയുമായി ഊരൂട്ടമ്പലത്തെ സ്കൂളിൽച്ചെന്ന് പ്രവേശനമാവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യക്ഷ സമരത്തിന് തുടിക്കമിടുന്നത്. അതായത് വിദ്യാഭ്യാസാവകാശമെന്ന പൗരാവകാശത്തിനു വേണ്ടിയുള്ള പ്രത്യക്ഷ സമരത്തിന് തുടക്കം കുറിച്ചതും അയ്യങ്കാളി തന്നെയായിരുന്നു. ഈ അവകാശം നേടിയെടുക്കുന്നതിനുവേണ്ടി കാർഷിക മേഖലയിലെ അടിയാള ജാതിയിൽപ്പെട്ടവർ പണിമുടക്കു സമരത്തിലേക്കു പോയി എന്നതും ചരിത്രത്തിലിടംപിടിച്ച കാര്യമാണ്. സാമ്പത്തികമായ ഒരാവശ്യവുമുന്നയിക്കാതെ ഒരു പൗരാവകാശം നേടിയെടുക്കുന്നതിനുവേണ്ടിയുള്ള സമരമായിരുന്നു അയ്യങ്കാളി നയിച്ചത്. ഒരു ദശാബ്ദത്തിനുശേഷം നടന്ന വൈക്കം സമരത്തിലും സാമ്പത്തികമായ ഒരാവശ്യവും ഉന്നയിച്ചിരുന്നില്ല. സഞ്ചാര സ്വാതന്ത്ര്യമെന്ന പൗരാവകാശം നേടിയെടുക്കുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. ഈ സംഭവങ്ങൾ തിരുവിതാംകൂർകാരുടെ രാഷ്ട്രീയ പ്രബുദ്ധതയുടേയും പക്വതയുടേയും തെളിവാണ്.
നിയമസഭയെയും
സമരവേദിയാക്കി
നിയമസഭയെ സമരവേദിയാക്കി മാറ്റാൻ പൗരാവകാശ പ്രക്ഷോഭകാരികൾക്ക് കഴിഞ്ഞുവെന്നതും രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രതിഫലനമായിക്കാണാം. കുമാരനാശാൻ, ടി.കെ.മാധവൻ, സി.വി.കുഞ്ഞുരാമൻ തുടങ്ങിയവർ സഞ്ചാര സ്വാതന്ത്ര്യത്തിനും ക്ഷേത്രപ്രവേശനത്തിനും വേണ്ടിയുള്ള പ്രമേയങ്ങളവതരിപ്പി ക്കുകയും അവയെ പിന്തുണച്ചുകൊണ്ട് പത്രങ്ങളിലെഴുതുകയും ചെയ്തു. എന്നാൽ നിയമസഭയിൽ സർക്കാരിനുവേണ്ടി മറുപടി നൽകിയത് ഇത് ജനങ്ങളുടെ വിശ്വാസവും ആചാരവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ സർക്കാരിനിടപെടാൻ കഴിയില്ലെന്നായിരുന്നു. ജാതിവ്യവസ്ഥ പ്രബലമായിരുന്ന തിരുവിതാംകൂറിനുവേണ്ടി ദിവാൻ പറയുന്ന മറുപടി കേട്ടാൽതോന്നുക ഈ രാജ്യം ഒരു മതനിരപേക്ഷ രാഷ്ട്രമാണെന്നും അതിനാൽ സർക്കാരിന് ഇതിൽ കാര്യമില്ലെന്നുമാണ്. സർക്കാർ സവർണത്വത്തെ ഭയന്നോടുകയായിരുന്നുവെന്ന് വ്യക്തം. ഈ ഉത്തരം വൈക്കം സത്യഗ്രഹ വേളയിൽ പലതവണ സർക്കാർ ആവർത്തിച്ചു. മഹാത്മാഗാന്ധിയും റീജന്റ് റാണിയുമായുള്ള സംഭാഷണത്തിലും സവർണജാഥക്കുശേഷം ജാഥാംഗങ്ങൾ റാണിക്ക് നിവേദനം നൽകിയപ്പോഴും എൻ.കുമാരൻ നിയമസഭയിൽ അയിത്തോച്ചാടന പ്രമേയമവതരിപ്പിച്ചപ്പോഴും മറുപടി ഇതുതന്നെയായിരുന്നു. അതായത് സവർണ മേധാവിത്വത്തിന്റെ അധീശത്വത്തിൽ നിന്നും സർക്കാരിന് മോചിതമാകാൻ കഴിയില്ലെന്ന കാര്യം വ്യക്തമായി. എന്നാൽ സർക്കാരിനെ സവർണാധീശത്വത്തിൽ നിന്നും മോചിപ്പിക്കാനും ജനങ്ങളുടെ രാഷ്ട്രീയമായ ഇച്ഛാശക്തിക്ക് വിധേയമാക്കാനും വൈക്കം സത്യഗ്രഹത്തിന് കഴിഞ്ഞുവെന്നുള്ളതാണ് ഈ സമരത്തിന്റെ പ്രാധാന്യം.
പൂർണമായും രാഷ്ട്രീയ സമരം
വൈക്കം സത്യഗ്രഹം പൂർണമായും ഒരു രാഷ്ട്രീയ സമരമായിരുന്നു. ജാതിസംഘടനകൾ അവയുടെ ജാതിസ്വത്വം തൽക്കാലത്തേക്ക് മാറ്റിവച്ച് രാഷ്ട്രീയമായി സംഘടിച്ച് സമരം ചെയ്തുവെന്നതാണ് വസ്തുത. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മലബാറിൽ മാത്രമേ നാമമാത്രമായിട്ടാണെങ്കിൽപ്പോലും ഒരു ഘടകമുണ്ടായിരുന്നുള്ളൂ. തിരുവിതാംകൂറിലും കൊച്ചിയിലും അതിന് വേരുകളില്ലായിരുന്നു. എന്നാൽ 1920 ൽ കൊല്ലത്ത് പീരങ്കി മൈതാനത്തിൽ ഒരു രാഷ്ട്രീയ പൊതുയോഗം ചേരുകയും തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭ എന്നൊരു സംഘടനയ്ക്ക് രൂപംനൽകുകയും ചെയ്തിരുന്നു. രാജഭക്തിയുടെ രാഷ്ട്രീയത്തിൽ നിന്നും ഉത്തരവാദ ഭരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തിരുവിതാംകൂർ പരിവർത്തനം ചെയ്യുന്നുവെന്നതാണ് ആ സമ്മേളനം അംഗീകരിച്ച പ്രമേയത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കാരണം അവിടെ അംഗീകരിച്ച പ്രമേയങ്ങളിലൊന്ന് സംസ്ഥാനത്ത് ഉത്തരവാദ ഭരണം ഏർപ്പെടുത്തണമെന്നതായിരുന്നു. പതിനെട്ട് വർഷത്തിനുശേഷം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് ഉന്നയിച്ച ആവശ്യമാണ് കൊല്ലം സമ്മേളനം അംഗീകരിച്ചത് എന്ന കാര്യം പ്രസക്താണ്. തൊട്ടടുത്ത വർഷം തിരുവനന്തപുരത്ത് ചേർന്ന സമ്മേളനമാണ് ഒറ്റപ്പാലത്തെ കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതും അതിന്റെ ഫലമായി കേരളത്തിനാകെ ബാധകമാകുന്ന കെ.പി.സി.സി. നിലവിൽ വന്നതും. തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭാ രൂപീകരണത്തന് നേതൃത്വം കൊടുത്തത് ഡോ.വി.വി.വേലുക്കുട്ടി അരയൻ, ടി.കെ.മാധവൻ, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള തുടങ്ങിയവരായിരുന്നു. ഒറ്റപ്പാലം സമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു മലബാറിൽ കർഷക സമരം ആരംഭിച്ചതും തിരുവനന്തപുരത്ത് ഫീസ് വർദ്ധനവിനെതിരെ വിദ്യാർത്ഥികൾ പഠിപ്പുമുടക്കിയതും. മലബാറിൽ കർഷകരിലേക്കും തിരുവിതാംകൂറിൽ വിദ്യാർത്ഥികളിലേക്കും രാഷ്ട്രീയം പടരുന്നുവെന്നതാണ് ഇക്കാര്യങ്ങൾ തെളിയിക്കുന്നത്.
തിരുവിതാംകൂർ രാഷ്ട്രീയ മഹാസഭയുടെ തീരുമാനപ്രകാരമാണ് ടി.കെ. മാധവൻ തിരുനെൽവേലിയിൽച്ചെന്ന് മഹാത്മാഗാന്ധിയെ കണ്ട് പിന്തുണ തേടിയത്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് 1923 ഡിസംബർ 23þന് കാക്കിനഡയിൽ ചേർന്ന എ.ഐ.സി.സി. സമ്മേളനത്തിൽ ടികെ.മാധവനും കെ.പി.കേശവമേനോനും സർദാർ കെ.എം.പണിക്കരും പ്രതിനിധികളായി പങ്കെടുത്ത് അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്. ടി.കെ. മാധവൻ കാര്യങ്ങൾ സവിസ്തരം പ്രതിപാദിക്കുകയും പ്രമേയത്തിന് അംഗീകാരം കിട്ടുകയും ചെയ്തു. ഇതോടുകൂടി അയിത്തോച്ചാടനം അഖിലേന്ത്യാ വിഷയമായി വികസിച്ചു. അതുകൊണ്ടാണ് കോൺഗ്രസ് നേതാക്കളായ സി.ആർ.ദാസ്, സി.രാജഗോപാലാചാരി, ഇ.വി.രാമസ്വാമി നായ്ക്കർ, അകാലി നേതാക്കളായ ലാലാ ലാൽസിംഗ്, കൃപാൽസിംഗ് തുടങ്ങിയവർ കേരളത്തിലെത്തിയത്. കാക്കിനഡ സമ്മേളനം കഴിഞ്ഞ് തിരിച്ചെത്തിയ കെ.പി.സി.സി. നേതാക്കൾ കെ.കേളപ്പന്റെ നേതൃത്വത്തിൽ ഒരു അയിത്തോച്ചാടന സമിതിക്ക് രൂപം നൽകി. ഈ സമിതിയാണ് വൈക്കം സത്യഗ്രഹം ആരംഭിച്ചതും പിന്നീടങ്ങോട്ട് നയിച്ചതും. നിരോധനാജ്ഞ പ്രഖ്യാപിച്ചും സത്യഗ്രഹികളെ ശിക്ഷിച്ച് ജയിലിലടച്ചും മർദ്ദിച്ചും സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും 603 ദിവസത്തിനു ശേഷം സമരം വിജയകരമായിത്തന്നെ സമാപിച്ചു. സവർണാവർണബോധവും ജാതിബോധവും വെടിഞ്ഞ് ഭൂരിപക്ഷം ജനങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണ് അത് വിജയത്തിലെത്തിയത്.
ഗാന്ധിജിയുടെ ഇടപെടൽ പലപ്പോഴും സമരത്തെ പിന്നോട്ടടിപ്പിക്കുന്നതിന് കാരണമായിട്ടുണ്ട്. അയിത്താചരണം ഹിന്ദുമതത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ ഇതര മതസ്ഥർ ഇടപെടേണ്ടതില്ലെന്നുമുള്ള ഗാന്ധിജിയുടെ നിർദ്ദേശത്തെത്തുടർന്ന് അകാലികൾ തിരിച്ചുപോയി. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും സാമ്പത്തിക സഹായം നൽകുകയും ചെയ്തിരുന്ന മുസ്ലീങ്ങളും ക്രിസ്ത്യാനികളും പിൻവാങ്ങാൻ നിർബന്ധിതരായി. എന്നാൽ സവർണരുടെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനുവേണ്ടിയുള്ള പ്രചരണ പ്രവർത്തനങ്ങളിലേർപ്പെടണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശമാണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിലുള്ള സവർണജാഥ ആരംഭിക്കുന്നതിന് കാരണമായത്.
സമരത്തിന്റെ വിജയം
പൗരോഹിത്യത്തിന് പ്രഹരം
വൈക്കത്ത് നിന്നാരംഭിച്ച സവർണജാഥയിൽ ആയിരക്കണക്കിന് ആൾക്കാരാണ് പങ്കെടുത്തത്. ഇരുനൂറ് കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം കിട്ടി. ഓരോ യോഗത്തിലും ആയിരക്കണക്കിന് ആൾക്കാർ പങ്കെടുത്തെന്നാണ് പത്രറിപ്പോർട്ട്. ശുചീന്ദ്രത്തുനിന്നും ഡോ. എമ്പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിലുള്ള മറ്റൊരു ജാഥയും തിരുവനന്തപുരത്തേക്കു വരുന്നുണ്ടായിരുന്നു. ശംഖുമുഖത്ത് ജാഥ അവസാനിച്ചപ്പോൾ പതിനായിരത്തിലധികം പേർ അതിൽ പങ്കെടുത്തിരുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇരുപതിനായിരം പേർ ഒപ്പിട്ട ഒരു ഭീമഹർജി റീജന്റ് റാണിക്ക് സമർപ്പിക്കുകയും ചെയ്തു. കേരള ചരിത്രത്തിലെ ആദ്യത്തെ കാൽനടജാഥയാണ് മന്നത്തിന്റെ നേതൃത്വത്തിലുള്ള സവർണജാഥ. പിൽക്കാലത്ത് ഗുരുവായൂർ സത്യഗ്രഹം നടക്കുമ്പോൾ എ.കെ.ജി. യുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും ആരംഭിച്ച കാൽനട ജാഥ ഇതിന്റെ മാതൃകയിലുള്ളതായിരുന്നു. സവർണ ജാഥയുടെ ഫലമായി സവർണരിൽ നിന്നും സവർണത്വ ബോധത്തെ ഉച്ചാടനം ചെയ്യുന്നതിന് സാധിച്ചു. സനാതന ധർമ്മവാദികളും ആചാരവാദികളുമായ സവർണർ ഒരു ന്യൂനപക്ഷമാണെന്നും ഭൂരിപക്ഷം സവർണരും അയിത്തോച്ചാടനത്തിനും സഞ്ചാര സ്വാതന്ത്ര്യത്തിനും അനുകൂലമാണെന്നും തെളിയിക്കുന്നതിൽ സവർണജാഥ വിജയിച്ചു. സ്വന്തം പാദത്തിനടിയിൽ നിന്ന് മണൽ ചൊരിഞ്ഞുപോവുകയാണെന്ന് തിരിച്ചറിഞ്ഞ സർക്കാർ വൈക്കം ക്ഷേത്ര പരിസരത്തുള്ള പൊതുവഴികളെല്ലാം കിഴക്കേനടവഴി ഒഴിച്ച് – എല്ലാ ജാതി മതസ്ഥർക്കും സഞ്ചരിക്കാനായി തുറന്നുകൊടുക്കുകയായിരുന്നു. അങ്ങനെയാണ് സമരം അവസാനിച്ചത്. സർക്കാരിനെ നിയന്ത്രിച്ചിരുന്ന പൗരോഹിത്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു വൈക്കം സത്യഗ്രഹം.
സമൂഹത്തിന്റെ
രാഷ്ട്രീയവത്കരണം
പൗരാവകാശങ്ങൾ നേടിയെടുക്കുന്നതിനുള്ള സമരങ്ങൾ രാഷ്ട്രീയ നേതാക്കൾ ഏറ്റെടുത്തതോടുകൂടി സമൂഹം രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്ന് കാണാൻ സാധിക്കും. എന്നാൽ ഈ രാഷ്ട്രീയ നേതാക്കളിൽ പലരും സാമുദായിക സംഘടനാ നേതാക്കളായിരുന്നുവെന്നതും വസ്തുതയാണ്. ജാതിസ്വത്വം അമർത്തിവച്ചിട്ട് രാഷ്ട്രീയ ബോധത്തോടെയാണ് വൈക്കം സത്യഗ്രഹം നയിച്ചത് എന്നതുകൊണ്ടാണ് അത് വിജയിക്കാനിടയായത്. എന്നാൽ സമരം അവസാനിച്ച് അധികം കഴിയുന്നതിനു മുമ്പ് സവർണാവർണ വ്യത്യാസമില്ലാതെ, ജാതി–മത ഭേദമെന്യേ ഉയർന്നുവന്ന ആ ഐക്യത്തെ തച്ചുതകർക്കാൻ പ്രതിലോമശക്തികൾക്കായി. വെെക്കം സത്യഗ്രഹകാലത്തെ സമഭാവനയാണ് ഇതോടെ ഇല്ലാതാക്കപ്പെട്ടത്. എന്നിരുന്നാലും വൈക്കം സത്യഗ്രഹം ചൂണ്ടുപലകയായിരുന്നു. തീണ്ടൽപ്പലക മാറ്റി തൽസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ട ഭാവിയിലേക്ക് ദൃഷ്ടിപായിക്കുന്ന ചൂണ്ടുപലകയായിരുന്നു വൈക്കം സത്യഗ്രഹം.
ഏഴുകൊല്ലം കഴിഞ്ഞപ്പോഴേക്കും ക്ഷേത്രപ്രവേശനത്തിനു വേണ്ടിയുള്ള ഗുരുവായൂർ സത്യഗ്രഹം ആരംഭിച്ചു. വൈക്കം സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത അതേ കൂട്ടർതന്നെയാണ് – കേളപ്പൻ, കെ.പി.കേശവമേനോൻ, മന്നത്ത് പത്മനാഭൻ മുതൽപേർ – ഗുരുവായൂർ സത്യഗ്രഹത്തിനും നേതൃത്വം കൊടുത്തത്. വൈക്കം സത്യഗ്രഹ സമയത്ത് പതിന്നാലോ പതിനഞ്ചോ വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പി.കൃഷ്ണപിള്ളയും അദ്ധ്യാപകനായിരുന്ന എ.കെ.ഗോപാലനും കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തിലെ അനിഷേധ്യ നേതാക്കളായി വളർന്നത് ഗുരുവായൂർ സത്യഗ്രഹത്തോടുകൂടിയാണ്. പതിനൊന്നു വർഷത്തിനുശേഷം തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിക്കുകയും എല്ലാ വിഭാഗം ഹിന്ദുക്കൾക്കും സർക്കാർ ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിക്കുകയും ചെയ്തു. അവർണർക്ക് ക്ഷേത്രപ്രവേശനാനുമതി കൊടുക്കുന്നതിൽ സവർണ ഭൂരിപക്ഷത്തിന്റെ സമ്മതി ഒരു നിർണായക ഘടകമായിരുന്നു.
വൈക്കം സത്യഗ്രഹത്തിനും ക്ഷേത്രപ്രവേശനത്തിനും ഇടയിൽ നടന്ന സുപ്രധാനമായ സംഭവമായിരുന്നു നിവർത്തന പ്രക്ഷോഭം. അതിനു നേതൃത്വം കൊടുത്തത് സംയുക്ത രാഷ്ട്രീയ സമിതിയായിരുന്നു. പക്ഷേ അത് ജാതിþമത സംഘടനകളായിരുന്നു. ഈഴവരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും. ഈ മൂന്നു വിഭാഗത്തിലും സമ്പന്നരായ ഒരു ന്യൂനപക്ഷമുണ്ടായിരുന്നു. അവരായിരുന്നു സംയുക്ത രാഷ്ട്രീയ സമിതി രൂപീകരിച്ചത്. വൈക്കം സത്യഗ്രഹ സമര സമയത്തെന്നപോലെതന്നെ സവർണരിലെ ഭൂരിപക്ഷവും നിവർത്തന പ്രക്ഷോഭത്തെ അനുകൂലിക്കുകയും ചെയ്തു. സനാതനധർമ്മ വാദികളായ ഒരു സവർണ ന്യൂനപക്ഷം മാത്രമായിരുന്നു സമരത്തെ എതിർത്തത്. സവർണരിലേയും അവർണരിലേയും ഭൂരിപക്ഷവും ദരിദ്രരായിരുന്നു. അവർക്കിടയിൽ അവകാശങ്ങളെപ്പറ്റി അഭിപ്രായഭിന്നതയുമില്ലായിരുന്നു. എങ്കിലും വൈക്കം സത്യഗ്രഹ സമയത്തുണ്ടായിരുന്ന രാഷ്ട്രീയമായ ഐക്യം നിവർത്തന പ്രക്ഷോഭ കാലത്ത് നഷ്ടമായി. അതിനുശേഷം തിരുവിതാംകൂറിലെ രാഷ്ട്രീയം ക്രമേണ ജാതി –മത സംഘടനകൾക്ക് സ്വാധീനം ചെലുത്താൻ കഴിയുന്ന തരത്തിലേക്ക് തെന്നിമാറുകയും ചെയ്തു.
രാഷ്ട്രീയത്തിൽ ജാതിþമത സംഘടനകളുടെ സ്വാധീനം ഒരു പരിധിക്കപ്പുറം വ്യാപിക്കാതിരുന്നതിനു കാരണം കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടേയും കമ്യൂണിസ്റ്റ് പാർട്ടിയുടേയും നേതൃത്വത്തിൽ വർഗ–ബഹുജന സംഘടനകൾ രൂപീകൃതമായതോടുകൂടിയാണ്. ജന്മിത്തത്തിൻ കീഴിൽ യാതന അനുഭവിക്കുന്ന പാട്ടക്കുടിയാനും കർഷകത്തൊഴിലാളിയും സ്വദേശിയും വിദേശിയുമായ മുതലാളിമാരുടെ കീഴിൽ ചൂഷിതരായിക്കഴിയുന്ന തൊഴിലാളികളും അവരവരുടേതായ സംഘടനകൾ സ്ഥാപിച്ചപ്പോൾ കേരള രാഷ്ട്രീയം ഒരു പുതിയ തലത്തിലേക്ക് വികസിക്കുകയായിരുന്നു. അതിന് സഹായകമായ തരത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനവും ഗ്രന്ഥശാലാ പ്രസ്ഥാനവും അധ്യാപക പ്രസ്ഥാനവുമെല്ലാം വ്യാപിക്കുകയും ചെയ്തു. മലബാറിൽ സാമ്രാജ്യത്വ വിരുദ്ധ സ്വാതന്ത്ര്യ സമരവും തിരുവിതാംകൂറിലും കൊച്ചിയിലും ഉത്തരവാദ ഭരണത്തിനുവേണ്ടി സ്റ്റേറ്റ് കോൺഗ്രസ്സിന്റേയും പ്രജാമണ്ഡലത്തിന്റേയും നേതൃത്വത്തിൽ നടന്ന സമരങ്ങളും വർഗീയതയ്ക്കതീതമായി വർഗ ഐക്യത്തിനുള്ള സാഹചര്യമൊരുക്കി.
കേരളത്തിന്റെ സമര ചരിത്രത്തിൽ വനിതകളുടെ പങ്കാളിത്തം ചാന്നാർ കലാപകാലം മുതൽ കാണാവുന്നതാണ്. അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന പെരിനാടു കലാപത്തിലും സ്ത്രീകളായിരുന്നു മുന്നിട്ടുനിന്നത്. എന്നാലവരൊന്നും തന്നെ ഒരു രാഷ്ട്രീയ ബോധത്തിലേക്ക് വളർന്നിരുന്നില്ല. അതിനു മാറ്റംവരുന്നത് വൈക്കം സത്യഗ്രഹവേളയിലാണ്. തമിഴ്നാട്ടിൽ നിന്നും രാമസ്വാമി നായ്ക്കരോടൊപ്പം അദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ മാതാവ്, ഭാര്യാ സോദരി എന്നിവരെത്തിയത് രാഷ്ട്രീയ സമരത്തിൽ സ്ത്രീപങ്കാളിത്തത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധമുണ്ടാക്കാൻ സഹായകരമായിരുന്നു. ടി.കെ.മാധവന്റെ ഭാര്യ നാണിയമ്മ ലഘുലേഖകളെഴുതിയും പിടിയരി പിരിച്ചും സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. സത്യഗ്രഹികൾക്കും കൂട്ടർക്കും ഭക്ഷണം കൊടുക്കുന്നതിനുള്ള വക കണ്ടുപിടിക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ത്രീകളുടെ നേതൃത്വത്തിൽ പിടിയരിയും മറ്റുല്പന്നങ്ങളും ശേഖരിക്കാൻ മുന്നിട്ടിറങ്ങിയത്. പിൽക്കാല സമരചരിത്രത്തിൽ സ്ത്രീകളുടെ പങ്കാളിത്തം വൻതോതിലുണ്ടാകാൻ വൈക്കം സത്യഗ്രഹത്തിലെ സ്ത്രീ പങ്കാളിത്തം കാരണമായിട്ടുണ്ട്.
സ്വാതന്ത്ര്യലബ്ധിയോടുകൂടി കേരളീയതയുടെ ഭാഗമായി വളർന്നുവന്ന ജാതി–ജന്മി –നാടുവാഴി–പൗരോഹിത്യ വ്യവസ്ഥക്ക് തകർച്ചയുണ്ടായി. നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുകയും അവിടെല്ലാം ഉത്തരവാദ ഭരണം ഏർപ്പെടുത്തുകയും ചെയ്തപ്പോൾ നാടുവാഴിത്തം തിരോഭവിച്ചു. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നിലവിൽവന്ന മന്ത്രിസഭ കാർഷികബന്ധ നിയമം നടപ്പാക്കിയതോടുകൂടി ജന്മിത്തവും ഇല്ലാതായി. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളും പൗരാവകാശ പ്രക്ഷോഭങ്ങളും, വൈക്കം, ഗുരുവായൂർ സത്യഗ്രഹങ്ങളും ജാതിവ്യവസ്ഥയെ ദുർബലമാക്കി. എന്നാൽ പൗരോഹിത്യം മാത്രം ഊനമൊന്നും തട്ടാതെ നിലകൊള്ളുന്നു. വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലും പൗരാവകാശങ്ങൾക്കെതിരു നിന്നത് ഹിന്ദുസമൂഹത്തിലെ സവർണ പൗരോഹിത്യമായിരുന്നു. ക്ഷേത്രാചാരങ്ങളെ മുൻനിർത്തിയാണ് അവർ സവർണാവർണ ഭേദമില്ലാതെ ഭൂരിപക്ഷം ഹിന്ദുക്കളേയും അവരുടെ അദൃശ്യവും എന്നാൽ അലംഘനീയവുമായ ആചാരങ്ങൾ കൊണ്ട് ബന്ധിച്ചു നിർത്തിയിരിക്കുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തോടുകൂടി ക്ഷേത്രാരാധകരായ അവർണരെ മുഴുവൻ സവർണരുടെ ആചാരങ്ങൾക്കു വിധേയമാക്കി ഇക്കാര്യത്തിൽ അവർക്കുണ്ടായിരുന്ന അധീശത്വം കൂടുതൽ ഉറപ്പിക്കാൻ സാധിച്ചു. എന്നുമാത്രമല്ല അവഗണിക്കപ്പെട്ടു കിടന്നിരുന്ന അവർണദേവതകൾക്ക് പുതിയ ക്ഷേത്രങ്ങളുണ്ടാക്കി വി ടി ഭട്ടതിരിപ്പാടും കൂട്ടരും പൊട്ടിച്ചെറിഞ്ഞ പൂണൂൽ വീണ്ടുമെടുത്തണിയിച്ച് ബ്രാഹ്മണ പൂജാരിമാരെ സവർണാചാരങ്ങളുടെ പ്രയോക്താക്കളാക്കി നിയമിക്കുകയും ചെയ്തിരുന്നു. എല്ലാ ജാത്യാചാരങ്ങളേയും കഴുകിക്കളഞ്ഞ സത്യഗ്രഹവേദിയായിരുന്ന വൈക്കം ക്ഷേത്രത്തിൽ അഷ്ടമിയോടനുബന്ധിച്ച് നടന്നുവരുന്ന താലപ്പൊലി ജാതി തിരിച്ചാണ് ഓരോ ദിവസവും നടത്തിവരുന്നത്. നായർ, ഈഴവർ, പുലയർ, ധീവരർ എന്നീ ജാതികളിൽപ്പെട്ട സ്ത്രീകൾ പ്രത്യേക നിറമുള്ള ബ്ളൗസ് ധരിച്ചാണ് ഓരോ ദിവസത്തേയും ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. തുണിയുടെ നിറംനോക്കി ജാതി നിർണയിക്കാൻ തരത്തിലുള്ള ‘‘ജാതിത്താലം” കേരള സമൂഹത്തിൽ രൂഢമൂലമായിരിക്കുന്ന ജാതിബോധത്തിന്റെ വിളംബരമാണ്. ഈ ഏർപ്പാട് പണ്ടില്ലായിരുന്നുവെന്നതും രണ്ട് പതിറ്റാണ്ടിനിപ്പുറമാണ് അത് തുടങ്ങിയത് എന്നതും പുതുതലമുറയിൽ പൗരോഹിത്യം ചെലുത്തുന്ന സ്വാധീനത്തിന്റെ ആഴം എത്രയെന്ന് മനസ്സിലാക്കാൻ സഹായിക്കുന്നു.
ഹിന്ദുസമൂഹത്തിൽ മാത്രമല്ല സ്വാതന്ത്ര്യലബ്ധിക്കുശേഷം ക്രൈസ്തവ– ഇസ്ലാമിക മതവിഭാഗങ്ങളിലും ശ്രേണീബദ്ധമായ പുരോഹിതവൃന്ദം വിശ്വാസികളുടെ ചെലവിൽ പ്രവർത്തിക്കുകയും വിശ്വാസികളിൽ സ്വത്വബോധം ഊട്ടിയുറപ്പിക്കുന്നതിൽ ബദ്ധ ശ്രദ്ധരായി നിലകൊള്ളുകയും ചെയ്യുന്നു. പ്രാചീനങ്ങളായ വിശുദ്ധ ഗ്രന്ഥങ്ങളിൽ ആധുനികാശയങ്ങളായ ജനാധിപത്യം, റിപ്പബ്ളിക്, മതനിരപേക്ഷത, സമത്വം മുതലായ ആശയങ്ങൾ ഉണ്ടെന്നും അവയ്ക്കനുസരിച്ചുള്ള സാമൂഹികവും രാഷ്ട്രീയവുമായ ജീവിതമാണ് വിശ്വാസികൾ നയിക്കേണ്ടതെന്നുമാണ് ഈ പുരോഹിതവൃന്ദം വിശ്വാസികളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ മൂല്യങ്ങളേക്കാൾ പ്രാമാണികത്വം മതഗ്രന്ഥങ്ങളിലെ മൂല്യങ്ങൾക്ക് കല്പിക്കുകയും അതിനനുസൃതമായി സാമൂഹിക–രാഷ്ട്രീയ ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. ഓരോ മതഗ്രന്ഥവും അതാതു വിശ്വാസികൾക്കു മാത്രമേ ബാധകമാവുകയുള്ളൂവെന്നും ഭരണഘടന മുഴുവൻ ജനങ്ങൾക്കും ബാധകമായിട്ടുള്ളതാണെന്നും ഇവരോരുത്തരും വിസ്മരിക്കുന്നു. ഹിന്ദുþമുസ്ലീംþ ക്രൈസ്തവ പൗരോഹിത്യം ഒരു ഭാഗത്തും ജാതിസംഘടനകൾ ഇവർക്കു വിധേയമായും ഐക്യമുന്നണിയായി പ്രവർത്തിച്ചപ്പോഴാണ് 1959 ൽ വിമോചന സമരം ഉണ്ടായതും രാഷ്ട്രീയമായി അധാർമ്മികമായ ഒരു നീചപ്രവൃത്തിക്ക് കേരളം ഇരയായതും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജാതി–മത സംഘടനകളും പൗരോഹിത്യവും ഇടപെടുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്. വൈക്കം സത്യഗ്രഹസമരകാലത്ത് വികസിച്ചുവന്ന മതനിരപേക്ഷവും ജനാധിപത്യപരവുമായ പൊതുമണ്ഡലത്തിന്റെ ശോഷണമാണ് വിമോചന സമരം മുതൽ കേരളത്തിൽ കാണാൻ കഴിയുന്നത്. തീണ്ടൽപ്പലക മാറ്റിയപ്പോഴുണ്ടായ ഭാവിയിലേക്കുള്ള ചൂണ്ടുപലകയെ ഇപ്പോൾ ജാതിþമത സംഘടനകളുടെ കൊടികൾകൊണ്ട് മറച്ചിരിക്കുകയാണ്. ആ കൊടികൾക്കു മുകളിൽ ഭരണഘടനാ മൂല്യങ്ങൾ ആലേഖനം ചെയ്ത കൊടികൾ ഉയർത്തുന്നതിന് യുവാക്കളും വനിതകളുമുൾപ്പെടെയുള്ള വർഗ – ബഹുജന സംഘടനകൾ ഒരുമിച്ചണിനിരക്കേണ്ട സന്ദർഭമാണിത്. ♦