വിരോധാഭാസമാവാം, നാം വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത് സംഘപരിവാർ ശക്തികൾ ചരിത്രത്തെ നിഷേധിക്കാനും തിരുത്തിക്കുറിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന വേളയിലാണ്. അവരുടെ സത്യാനന്തര പരീക്ഷണങ്ങൾക്ക് നടുവിൽ നാം സത്യാന്വേഷണം നടത്തുന്നു, ചില ചരിത്ര സത്യങ്ങളെ നമ്മുടെ സ്മൃതിയിൽ ആണിയടിച്ചുറപ്പിക്കാൻ. ഇത് കേവലം ഓർമ്മപ്പെടുത്തലിന്റെ പ്രശ്നമല്ല. അതിനപ്പുറം, ചരിത്ര വസ്തുതകളെ “വിശ്വാസത്തിന്” മുകളിൽ പ്രതിഷ്ഠിക്കാനുള്ള ഉറച്ച ചുവടുവയ്പാണ്. സംഘപരിവാർ ഇന്ത്യൻ സമൂഹത്തെ ഇതിന്റെ എതിർദിശയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുമ്പോൾ, – വിശ്വാസത്തെ വസ്തുതകൾക്ക് മുകളിൽ പ്രതിഷ്ഠിക്കാൻ ഒരുമ്പെടുമ്പോൾ – നമ്മെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ അനിവാര്യതയാണ്. ഭരണഘടനാ മൂല്യങ്ങളെ ചരിത്രത്തിന്റെ ചില ഈടുവയ്പുകളുമായി ബന്ധിപ്പിക്കാനുള്ള അപൂർവ അവസരമാണ് കൈവന്നിരിക്കുന്നത്. എഴുപത്തിനാല് വയസ്സുള്ള ഭരണഘടനയെ നൂറ് വയസ്സുള്ള ഒരു മഹാസമരവുമായി ചേർത്തുനിർത്തുക എന്ന ശ്രമകരമായ പ്രവൃത്തി.
മറുവശത്ത്, ചരിത്രത്തിന്റെ ഈ വീണ്ടെടുക്കൽ മലയാളിസമൂഹം കടന്നുപോയ ദുർഘട സഞ്ചാരപഥങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധ്യപ്പെടുത്താനുള്ള ഒരവസരവുമാണ്. പ്രശസ്ത അമേരിക്കൻ ചരിത്രകാരൻ ഹവാഡ് സിൻ(Howard Zinn, You Can’t Be Neutral On A Moving Train: A Personal History of Our Times) പറയുന്നതുപോലെ, “‘ചരിത്രം സുപ്രധാനമാണ്. നിങ്ങൾക്ക് ചരിത്രം അറിയില്ലെങ്കിൽ നിങ്ങൾ ഇന്നലെ ജനിച്ചതിന് സമമാണ്. ഇന്നലെ ജനിച്ചാലുള്ള പ്രശ്നം, ഭരണവർഗത്തിന് നിങ്ങളോട് എന്തും പറയാം. അതിലെ ശരിതെറ്റുകൾ തിരിച്ചറിയാൻ നിങ്ങൾക്ക് യാതൊരു മാർഗവുമില്ല”. ഒരർഥത്തിൽ ഇതാണ് ഒരു സമൂഹം എന്ന നിലയിൽ നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഇപ്പോൾത്തന്നെ നാം പല ചരിത്ര വസ്തുതകളും മറന്നുകഴിഞ്ഞു. ബോധപൂർവ്വമാവാം, ഓർമ്മയുടെ പരിമിതി കൊണ്ടുമാവാം. നാം ഒരു സംഭവം ഓരോ പ്രാവശ്യം ഓർക്കുമ്പോഴും അതിന്റെ ആധികാരികത നഷ്ടപ്പെടുന്നു; സംഭവത്തിന്റെ ചില അംശങ്ങൾ കൊഴിഞ്ഞു പോകുന്നു. ചരിത്രത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് പ്രശ്നം. വൈക്കം സത്യാഗ്രഹത്തിലേക്കു തന്നെ വരാം.സഞ്ചാര സ്വാതന്ത്ര്യത്തിനുള്ള ആദ്യസമരം വൈക്കത്ത് നടക്കുന്നത് 1806 -ൽ ആണ്. അതിൽ പങ്കെടുത്ത ഇരുനൂറോളം ഈഴവ യുവാക്കളെ അധികാരികൾ ക്ഷേത്രക്കുളത്തിൽ(ദളവാക്കുളത്തിൽ) കൊന്നുതള്ളി. ആ സംഭവമോ അതിൽ രക്തസാക്ഷിത്വം വരിച്ചവരോ ഇന്ന് നമ്മുടെ സ്മൃതിപഥത്തിൽ ഇല്ല. ഇനിയും പലതും നാം വിസ്മരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വിജയിച്ചവരുടെ കഥയാണല്ലോ ചരിത്രം. അതുകൊണ്ടു തന്നെ വൈക്കം സത്യാഗ്രഹത്തിന്റെ തിരുശേഷിപ്പുകളെ നാം വീണ്ടെടുക്കണം, ചരിത്രത്തോട് നീതി പുലർത്തിക്കൊണ്ട്.
മനുഷ്യനെ ശരീരമായിക്കാണുന്ന
ജാതിസമ്പ്രദായത്തിന്റെ നിഷേധം
ജാതിസമ്പ്രദായത്തിന്റെ ഏറ്റവും വലിയ പ്രശ്നം, അത് മനുഷ്യനെ മനുഷ്യനായി കാണുന്നതിനു പകരം വെറും ശരീരമായി കാണുന്നു എന്നതാണ്, പ്രത്യേകിച്ച് അവർണ്ണരെയും സ്ത്രീകളെയും. ചേതനയും ചൈതന്യവും വ്യക്തിത്വവുമില്ലാത്ത ജീവികൾ. ഈ അസ്തിത്വ നിഷേധത്തിൽ നിന്നാണ് തീണ്ടലും അസ്-പ്യശ്യതയും സഞ്ചാരസ്വാതന്ത്ര്യത്തിന്റെ നിഷേധവും മറ്റും ആരംഭിക്കുന്നത്. സ്പർശനവും സഞ്ചാരവും മനുഷ്യന്റെ ജീവിതവും ജീവിതായോജനവും നിർണ്ണയിക്കുന്ന പരമഘടകങ്ങളാണല്ലോ.
രാമായണ കഥയിലെ അഹല്യ ജീവൻ വയ്ക്കുന്നത് ശ്രീരാമ സ്പർശത്തിലൂടെയാണെന്ന കാര്യം ഓർക്കുക. അപ്പോൾ സ്പർശനം മനുഷ്യന് അസ്തിത്വം പ്രദാനം ചെയ്യുന്നു. അതുപോലെ, സഞ്ചാരമെന്നത് ശാരീരിക പ്രക്രിയയ്ക്കപ്പുറം വ്യക്തിവികാസത്തിന്റെ പ്രശ്നമായും കാണേണ്ടതുണ്ട്. ഒരുവൻ സഞ്ചരിക്കുന്നത് നാടിനെയും നാട്ടാരെയും കാണാൻ മാത്രമല്ല. ജീവിതായോധത്തിനും അനുഭവങ്ങൾക്കും അറിവിനും സമൂഹത്തെ തൊട്ടറിയാനുമൊക്കെ വേണ്ടിയാണ്.ഇങ്ങനെ നോക്കിയാൽ, സ്പർശനവും സഞ്ചാരവും അധികാരത്തിന്റെ ഗോപുര വാതിലിൽ ചെന്ന് മുട്ടും. ഇതിന് തടയിടാനാണ് ജാതിസമ്പ്രദായത്തിലൂടെ സവർണ്ണാധിപത്യം ശ്രമിച്ചത്. അതുകൊണ്ടാണ് ശ്രീനാരായണ ഗുരു ഉപദേശിച്ചത്, “മറ്റുള്ളവരുടെ സ്പർശനം തങ്ങൾക്ക് അശുദ്ധിവരുത്തുമെന്ന് കരുതുന്നവരെ ശുദ്ധിയിൽ തുടരാൻ അനുവദിക്കരുത്…എവിടെ ഒരാൾക്ക് കടക്കാൻ പാടില്ലെന്ന് പറയുന്നുവോ അവിടെ അവൻ കടക്കണം… വേലികെട്ടിയാൽ … അതിന് മീതേ കൂടി കയറണം … എല്ലയിടത്തും കയറണം, എന്നും കയറണം, എല്ലാവരും കയറണം”. അനീതിക്കെതിരെ പൊരുതാൻ മനുഷ്യർക്ക് ആത്മവിശ്വാസം നൽകുന്ന ഇത്തരമൊരു ഉദ്ബോധനം ഇത്രയും സരളമായി നിർദ്ദേശിച്ചവർ ചരിത്രത്തിൽ അത്യപൂർവമാണ്.
ഈ ദൗത്യമാണ് വൈക്കം സത്യാഗ്രഹം ഏറ്റെടുത്തത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവവുമായിരുന്നില്ല. മുൻപ് നടന്ന അനേകം മുന്നേറ്റങ്ങളുടെ ആകത്തുകയാണ് വൈക്കത്ത് കണ്ടത്.മുലക്കരത്തിനെതിരെ ചേർത്തലയിൽ നങ്ങേലി എന്ന യുവതി വരിച്ച രക്തസാക്ഷിത്വം (1803), സഞ്ചാര സ്വാതന്ത്ര്യത്തിനായി വൈക്കത്ത് ഈഴവർ നടത്തിയ സമരം(1806), മാറുമറയ്ക്കൽ സമരം (1822), അരുവിപ്പുറം പ്രതിഷ്-ഠ (1888), അയ്യൻകാളിയുടെ വില്ലുവണ്ടി യാത്ര (1893), അദ്ദേഹം തന്നെ നയിച്ച കർഷക തൊഴിലാളി സമരം(1907), കല്ലുമാല സമരം(1915), സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ടു നടന്ന നായർ –- ഈഴവ ലഹള (1905), തളിക്ഷേത്ര വഴിയിലൂടെ മിതവാദി കൃഷ്ണൻ നടത്തിയ കുതിരസവാരി(1917), സഹോദരൻ അയ്യപ്പന്റെ നേതൃത്വത്തിൽ അരങ്ങേറിയ പന്തിഭോജനം(1917)… ഇങ്ങനെ പല മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച മണ്ണിലാണ് വൈക്കം സത്യാഗ്രഹവും അരങ്ങേറിയത്.
1923 -ൽ ടി.കെ മാധവൻ കാക്കിനഡ കോൺഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ നിന്നാണ് ഇതിനുള്ള ശ്രമം തുടങ്ങുന്നത്. 1924 ജനുവരിയിൽ കെ.പി.സി.സി അയിത്തോച്ചാടന കമ്മിറ്റിക്ക് രൂപം നൽകിയതും പിറ്റേമാസം പുലയ സമുദായത്തിന്റെ നേതൃത്വത്തിൽ വൈക്കത്ത് സംഘടിപ്പിച്ച പൊതുയോഗവും സത്യാഗ്രഹത്തിന്റെ പശ്ചാത്തലമായി നിൽക്കുന്നു. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും ഗാന്ധിജിയുടെയും അയ്യൻകാളിയുടെയുമൊക്കെ പിന്തുണ സമരത്തിന് ശക്തി പകർന്നു. അങ്ങനെയാണ് വൈക്കം ക്ഷേത്രപരിസരത്തെ റോഡ് ജാതിഭേദമന്യേ എല്ലാവർക്കും സഞ്ചാരത്തിന് തുറന്നുകിട്ടാനുള്ള സത്യാഗ്രഹ സമരം 1924 മാർച്ച് മുപ്പതിന് ആരംഭിക്കുന്നതും, 603 ദിവസം പിന്നിട്ട്, 1925 നവംബർ ഇരുപത്തിമൂന്നിന് അവസാനിക്കുന്നതും.
സമരത്തിന്റെ
ജനാധിപത്യ സ്വഭാവം
സത്യാഗ്രഹത്തിന്റെ ഏറ്റവും വലിയ ശക്തിയും സവിശേഷതയും അതിന്റെ ജനാധിപത്യ മതനിരപേക്ഷ സ്വഭാവമായിരുന്നു. ജാതിക്കും മതത്തിനും പ്രാദേശിക ചേരിതിരിവിനും അപ്പുറം എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയാർജിച്ച കേരളത്തിലെ, ഇന്ത്യയിലെ തന്നെ, ആദ്യ അയിത്തോച്ചാടന സമരമാണ് വൈക്കത്ത് അരങ്ങേറിയത്. ആദ്യസംഘം സത്യാഗ്രഹികളുടെ തിരഞ്ഞെടുപ്പിൽ പോലും ഇത് ദർശിക്കാനാവും – പുലയ സമുദായക്കാരനായ കുഞ്ഞാപ്പി, ഈഴവ സമുദായത്തിൽപ്പെട്ട ബാഹുലേയൻ, നായർ വിഭാഗത്തിൽപ്പെട്ട ഗോവിന്ദപ്പണിക്കർ. ക്രിസ്ത്യൻ മുസ്ലീം സിക്ക് മതസ്ഥരുടെ പിന്തുണ വേറെയും. ദളിത്, ഈഴവ സമൂഹത്തോടെപ്പം സവർണ്ണർകൂടി ചേർന്നതോടെ സത്യാഗ്രഹികൾ ഉയർത്തിയ മുദ്രാവാക്യത്തിന് ഒരേ സമയം സമവായത്തിന്റെയും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിഞ്ഞ മുഴുവൻ ജനങ്ങളുടെയും സ്വരം കൈവന്നു.
ഇതിന്റെ പ്രതിഫലനം സത്യാഗ്രഹത്തിന്റെ നേതൃനിരയിലും നമുക്ക് കാണാനാവും: ടി.കെ.മാധവൻ, കെ.പി.കേശവ മേനോൻ, സി.വി.കുഞ്ഞിരാമൻ, കുറൂർ ശങ്കരൻ നമ്പൂതിരിപ്പാട്, ചിറ്റേടത്ത് ശങ്കുപ്പിള്ള(രക്തസാക്ഷി), ജോർജ് ജോസഫ്, മന്നത്ത് പത്മനാഭൻ, പി.ഡബ്ല്യൂ. സെബാസ്‌റ്റ്യൻ, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള, ഹസൻ കോയ, പത്രാധിപർ എം. മാത്തുണ്ണി, കെ.കേളപ്പൻ, ആമചാടി തേവൻ, മലങ്കര ഓർത്തഡോക്സ് സഭാ ഡീക്കൻ എം.പി. പീറ്റർ, കെ.കുമാരൻ, സർദാർ കെ.എം. പണിക്കർ … രാഷ്ട്രീയ ഭേദമന്യെ സമരത്തിന് ലഭിച്ച പിന്തുണയും ശ്രദ്ധേയമാണ്. എല്ലാറ്റിനുമുപരി, ശ്രീനാരായണ ഗുരു നേരിട്ട് സത്യാഗ്രഹ സ്ഥലം സന്ദർശിച്ചതും (1924 സെപ്തംബർ 27) വലിയ ചരിത്ര സംഭവമായി.
സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ സമുന്നതരായ നേതാക്കളുടെ നിരയും ദേശീയതലത്തിൽ അതിനെ ശ്രദ്ധേയമാക്കി. ഗാന്ധിജി(1925 മാർച്ച് 10) സഹായി മഹാദേവ ദേശായി, മകൻ രാംദാസ്, അലാഡി കൃഷ്ണസ്വാമി അയ്യർ, സി.രാജഗോപാലാചാരി, ഇ.വി.രാമസ്വാമി നായ്ക്കർ, അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മാൾ, സഹോദരി കനകമ്മാൾ, അമേരിക്കൻ മാധ്യമപ്രവർത്തകൻ, റവറന്റ് ചാൾസ് ബി. ഹിൽ(1924 മേയ് 9)… ഇങ്ങനെ പോകുന്നു ആ പേരുകൾ. ഇതിൽ ഗാന്ധിജിയുടെയും പെരിയാറിന്റെയും സമര പങ്കാളിത്തം വൈരുധ്യത്തിന്റെ സമന്വയമായിരുന്നു എന്നു വേണമെങ്കിൽ പറയാം. ഒരാൾ (ഗാന്ധിജി) തികഞ്ഞ ഹിന്ദുമത വിശ്വാസിയും മറ്റേയാൾ (പെരിയാർ)തികഞ്ഞ യുക്തിവാദിയും. ഒരാൾ സത്യാഗ്രഹ സമരത്തെ ഹിന്ദുമതത്തിനുള്ളിൽ തളച്ചിടാൻ ശ്രമിച്ചപ്പോൾ, മറ്റേയാൾക്ക് അത്തരമൊരു കാര്യം അചിന്തനീയമായിരുന്നു. നാഗമ്മാളിന്റെയും കനകമ്മാളിന്റെയും സാന്നിധ്യം സ്ത്രീ പങ്കാളിത്തത്തിന്റെ മറ്റൊരധ്യായം രചിച്ചു എന്നതും വാസ്തവമാണ്. ഇത് മലയാളി സ്ത്രീകൾക്ക് വലിയ ആവേശം പകർന്നു എന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ.
സമരത്തിന്റെ മറ്റൊരു പ്രത്യേകത സത്യാഗ്രഹത്തിന് പിന്തുണയുമായി എത്തിയവർക്കായി തുറന്ന പൊതു അടുക്കളയാണ്. വ്യത്യസ്തരായ ജാതിയിലും മതത്തിലും വംശത്തിലും പെട്ടവർക്ക് ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ ഇത് കളമൊരുക്കി എന്നത് അന്നത്തെ സാഹചര്യത്തിൽ ചെറിയ കാര്യമല്ല. സമരത്തെ മുന്നോട്ടു കൊണ്ടുപോകാൻ അവലംബിച്ച തന്ത്രങ്ങളും എടുത്തു പറയേണ്ടതുതന്നെ. നിയമലംഘനത്തിലൂടെ അറസ്റ്റുവരിച്ചതും പൊലീസ് മർദ്ദനം നേരിട്ടതും ഗാന്ധിയൻ സമരമുറയുടെ ഭാഗമാണ്. എന്നാൽ ക്ഷേത്രത്തിൽ നിന്ന് അധികാര കേന്ദ്രത്തിലേക്ക് നയിച്ച ജാഥ (ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം) പുതുമയുള്ളതായി. രണ്ടു ജാഥകളാണ് ഈവിധം സംഘടിക്കപ്പെട്ടത്. 1924 നവംബർ ഒന്നിന് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ സവർണ്ണ ജാഥയാണ് ഇതിൽ ആദ്യത്തേത്. ഇതേസമയം ഇ.എം. നായിഡുവിന്റെ നേതൃത്വത്തിൽ നാഗർകോവിലിൽ നിന്ന് മറ്റൊരു ജാഥയും തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു. രണ്ട് ജാഥകളും നവംബർ പതിനൊന്നിന് തിരുവനന്തപുരത്ത് ഒത്തുചേരുകയും ശേഷം റാണി സേതു ലക്ഷ്മീ ഭായിക്ക് ഇരുപതിനായിരത്തോളം സവർണ്ണർ ഒപ്പിട്ട നിവേദനം സമർപ്പിക്കുകയും ചെയ്തു. രണ്ട് ജാഥകളും സഞ്ചാരസ്വാതന്ത്ര്യം ഇല്ലാത്തവർക്കായി സഞ്ചാരസ്വാതന്ത്ര്യം ഉള്ളവർ നടത്തിയ സഞ്ചാരമായിരുന്നു. മാത്രമല്ല, ലക്ഷ്യ സാക്ഷാത്കാരത്തിനുവേണ്ടി പൊതു ഇടങ്ങൾ സമൃദ്ധമായി ഉപയോഗിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണമായി അവ കേരള ചരിത്രത്തിൽ നിലകൊള്ളുന്നു. അമ്പല പ്പറമ്പിൽനിന്ന് (മതത്തിന്റെ കോട്ടകൊത്തളങ്ങളിൽ നിന്ന്) അധികാരപ്പറമ്പിലേക്കുള്ള ഈ യാത്ര വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ – അധികാരത്തെ ജാതി/മത നിയന്ത്രണങ്ങളിൽ നിന്ന് അടർത്തിമാറ്റി ജനകീയവൽക്കരിക്കുന്നതിന്റെ – മുന്നോടിയായും പരിണമിച്ചു.
ഒറ്റക്കാലിൽ നിൽക്കുന്ന
കൊക്കിന്റെ രാഷ്ട്രീയം
ഒരു നൂറ്റാണ്ടിനുശേഷം തിരിഞ്ഞുനോക്കുമ്പോൾ ഒരുകാര്യം വ്യക്തമാണ്. അധികാരത്തിന്റെയോ പ്രശസ്തിയുടെയോ സമ്പത്തിന്റെയോ ഭാരവും പിൻബലവുമില്ലാത്ത സാധാരണ ജനങ്ങൾ ഒത്തുകൂടുമ്പോൾ ഊറിക്കൂടുന്ന ശക്തിക്ക് മുന്നിൽ ഒരു ചൂഷണവ്യവസ്ഥിതിയ്ക്കും ദീർഘനാൾ പിടിച്ചുനിൽക്കാനാവില്ല. വൈക്കം സത്യാഗ്രത്തിൽ പങ്കെടുത്തവരും അവർക്ക് നേതൃത്വം നൽകിയവരും കിനാവ് കണ്ടത് സ്വർഗ്ഗമോ മോക്ഷമോ ആയിരുന്നില്ല, മനുഷ്യത്വത്തെക്കുറിച്ച് മാത്രമായിരുന്നു.എന്നാൽ ഇന്ന് മനുഷ്യത്വത്തിന് തുളവീണ അവസ്ഥയിലാണ് നാം നിൽക്കുന്നത്. ജാതി മത ചിന്തകൾ വർദ്ധിത വീര്യത്തോടെ തിരികെ വരാൻ തുടങ്ങിയിരിക്കുന്നു. ഭാരതത്തിൽ നിന്ന് മഹാഭാരതത്തിലേക്ക്, അധികാരപ്പറമ്പിൽ നിന്ന് (മതനിരപേക്ഷതയിൽ നിന്ന് എന്ന് വായിക്കുക) അമ്പലപ്പറമ്പിലേക്കാണ്(വർഗീയ ചേരിതിരിവിലേക്ക്) നമ്മുടെ പോക്ക്. ഇല്ലാത്ത അപരന്റെ ഉമ്മാക്കി കാട്ടി വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തെ അപരാന്വേഷണമാക്കി മാറ്റാനുള്ള സംഘപരിവാറിന്റെ ഗൂഢനീക്കത്തിന്റെ ഇരകളായി നാം മാറിക്കൊണ്ടിരിക്കുന്നു എന്ന് വിവക്ഷ. അതുകൊണ്ടാണ് ആകാശത്തിൽ നോക്കുമ്പോൾ നാം സൂര്യനെ കാണാതെ മച്ചിലിരിക്കുന്ന ക്ഷുദ്രജീവിയെ കാണുന്നത്.
ഇത് അങ്ങേയറ്റം അപകടകരമായ പോക്കാണെന്ന കാര്യത്തിൽ സംശയമില്ല. പ്രശസ്ത അർജന്റീനിയൻ എഴുത്തുകാരൻ കാർമെൻ ഗാന്ധര (Carmen Gandara) അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാരെക്കുറിച്ച് പറഞ്ഞത് ഓർമ്മവരുന്നു – “അർജന്റീനക്കാർ മരുഭൂമിയാണ്, സംഘബോധമില്ലാത്ത ഒറ്റപ്പെട്ട വ്യക്തികളുടെ ആൾക്കൂട്ടം’’. നമ്മുടെ രാജ്യത്തും ഏതാണ്ട് ഈവിധമാണ് കാര്യങ്ങൾ പുരോഗമിക്കുന്നത്. ആൾക്കൂട്ടത്തിൽ തനിയെ എന്ന അവസ്ഥ. ഇത് വൈക്കം സത്യാഗ്രഹത്തിന്റെ അന്തഃസത്തയ്ക്ക് ചേരുന്നതല്ല. സത്യാഗ്രഹവും അതിൽ പങ്കെടുത്തവരും സംഘബലത്തിന്റെ പ്രതീകമാണെങ്കിൽ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയവും അതിന്റെ പ്രയോക്താക്കളും ഒറ്റക്കാലിൽ നിൽക്കുന്ന കൊക്കിനെ പ്രതീകവൽക്കരിക്കുന്നു- സംഘബലത്തിൽ നിന്ന് സംഘപരിവാറിലേക്ക്. ഇതിനെ തലകീഴായി നിർത്താനുള്ള – – സംഘപരിവാറിൽ നിന്ന് സംഘ ശക്തിയിലേക്ക് – ഉത്തരവാദിത്വമാണ് നമുക്ക് മുന്നിൽ ഉള്ളത്. ഇതിൽ പരാജയപ്പെടുന്ന പക്ഷം നാം ചെന്നെത്തുന്നത് സത്യാഗ്രഹപൂർവ കാലത്തിലായിരിക്കും.മതിലുകൾ വീണ്ടും ഉയരും, വഴികൾ വീണ്ടും അടയും. ദളിത് ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ ഇപ്പോൾ നടക്കുന്ന അതിക്രമങ്ങൾ ഇതിന്റെ നേർ തെളിവാണ്. ♦