Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിഅയിത്തവിരുദ്ധ സമരങ്ങളും കമ്യൂണിസ്റ്റുകാരും

അയിത്തവിരുദ്ധ സമരങ്ങളും കമ്യൂണിസ്റ്റുകാരും

ജിനീഷ് പി എസ്

മതയിലധിഷ്ഠിതമായൊരു സമൂഹം കേരളത്തിലുണ്ടായി വന്ന ചരിത്രവഴികളിലൂടെയുള്ള തിരിഞ്ഞുനടത്തം വർത്തമാനകാലത്ത് വളരെയേറെ പ്രസക്തമാണ്. നിരവധി ജനകീയ ഇടപെടലുകളിലൂടെ നാം സാർത്ഥകമാക്കിയ കേരളത്തിന്റെ അദ്വിതീയമായ പൊതുമനസ്സിന്റെ രൂപീകരണത്തെക്കുറിച്ചാണ് ഇവിടെ ആലോചിക്കുന്നത്. 603 ദിവസം നീണ്ടുനിന്ന ഐതിഹാസികമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ അവസരത്തിൽ, കേരളത്തിൽ രൂപപ്പെട്ടുവന്ന ജനാധിപത്യ പൊതുസമൂഹത്തിന്റെ സവിശേഷതകളുടെ ചരിത്രപരമായ അന്വേഷണം അർത്ഥപൂർണ്ണമാണ്. ജാതിവ്യവസ്ഥയുടെ രൂഢമൂലമായ വേരുകൾ കേരള സമൂഹത്തിൽ വിവേചനത്തിന്റെയും വിഭജനത്തിന്റെയും രൂക്ഷമായ അനുഭവങ്ങളാണ് സമ്മാനിച്ചത്. ആ സന്ദിഗ്ദ്ധാവസ്ഥയുടെ പ്രതിലോമസ്വഭാവത്തെ തിരിച്ചറിഞ്ഞ്, ബഹുജന ഐക്യത്തെ ഇന്ധനമാക്കി മാറ്റി, അയിത്ത വിരുദ്ധ പ്രസ്ഥാനം ശക്തിപ്പെട്ടു വന്നു. ആരാധനാലയത്തിന്റെ ചുറ്റുവഴികളിലൂടെയുള്ള സഞ്ചാരത്തിനു പോലും അവസരങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനത സംഘടിക്കലിന്റെ ശക്തി മനസ്സിലാക്കുകയും, തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പല വിഭാഗം ആളുകളുടെ പിന്തുണയോടെ വിജയം വരിചക്കുകയുംചെയ്ത ചരിത്രത്തിന്റെ പേരാണ് വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിൽ ഒരു സംഘം എന്ന രീതിയിൽ പങ്കെടുത്തില്ലെങ്കിലും ജാതിവ്യവസ്ഥയെ സംബന്ധിച്ച മാർക്സിസ്റ്റുകാരുടെ കാഴ്ചപ്പാടുകളും അയിത്ത വിരുദ്ധ സമരങ്ങളിൽ അവർ സ്വീകരിച്ച നിലപാടുകളും വളരെ പ്രസക്തമാണ്. അത്തരമൊരന്വേഷണത്തിനാണ് ഇവിടെ മുതിരുന്നത്.

സ്വാഭാവികമായും ആ രീതിയിലുള്ള അന്വേഷണത്തിന്റെ തുടക്കം കാറൽ മാർക്സിൽനിന്നു തന്നെയാണ്. ഏഷ്യൻ സമൂഹങ്ങളെ സംബന്ധിച്ച് പ്രത്യേകമായി കാറൽ മാർക്സ് പഠിച്ചിരുന്നില്ലെങ്കിലും, ഫ്രെഡറിക് എംഗൽസുമായുള്ള കൂടിയാലോചനകൾക്കും ചർച്ചയ്ക്കും ശേഷം അദ്ദേഹം 1853നും 1867 നുമിടയിൽ ‘ന്യൂയോർക്ക് ഡെയിലി ട്രൈബ്യുണി’ൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾ നമുക്ക് ചില പുതിയ ദിശാബോധം നൽകുന്നു. 1853 ജൂൺ 25 ന് പ്രസിദ്ധീകരിച്ച ‘ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ’ എന്ന ലേഖനത്തിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിലനിന്നിരുന്ന ഭൂവുടമാവകാശത്തെ കുറിച്ചും, ഭൂബന്ധങ്ങളെ സംബന്ധിച്ചും, മാറ്റത്തിന് വിധേയമാകാത്ത അവിടങ്ങളിലെ ജഡിലമായ സമൂഹത്തെപ്പറ്റിയും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ജാത്യാടിസ്ഥാനത്തിലുള്ള ഹിന്ദുമതത്തിന്റെ പ്രതിലോമ സ്വഭാവത്തെ പ്രസ്തുത ലേഖനത്തിൽ കാറൽ മാർക്സ്, പരിശോധിക്കുന്നുണ്ട്. “‘അടിമ വ്യവസ്ഥയിലൂടെയും, ജാതി സമ്പ്രദായത്തിലൂടെയും ഇന്ത്യയിലെ മഹാവിഭാഗം ജനതയും മലീമസമാക്കപ്പെട്ടിരിക്കുന്നു. സാഹചര്യങ്ങളുടെ പരമാധികാരിയായി മനുഷ്യനെ ഉദ്‌ഘോഷിക്കുന്നതിനു പകരം, ബാഹ്യപ്രകാരങ്ങളുടെ അടിമയാക്കി അവരെ മാറ്റിയിരിക്കുന്നു. പ്രകൃതിയെ ജയിക്കാൻ പോന്ന ശേഷിയുള്ള മനുഷ്യൻ, ആരാധനയ്ക്കായി പ്രകൃതിയിലെ ജീവജാലങ്ങളുടെ മുമ്പിൽ മുട്ടുകുത്തുന്ന വിചിത്രമായ കാഴ്ചയാണ് ഇന്ത്യ നമുക്ക് നൽകുന്നത്’’. ജാതിയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട ആചാരങ്ങളെക്കുറിച്ചുമാണ് അദ്ദേഹം പരാമർശിക്കുന്നത്. കൊളോണിയൽ ഭരണത്തിന്റെ പരിണിത ഫലമായി ഇന്ത്യയിൽ നിലനിന്നു പോന്നിരുന്ന, ജാതിശ്രേണീകരണത്തിലധിഷ്ഠിതമായ പഴയ ഹിന്ദു ക്രമം, നാശോന്മുഖമായി മാറിയെന്ന് അദ്ദേഹം ദർശിക്കുന്നു.

എന്നാൽ ബി ടി രണദിവെയുടെ അഭിപ്രായത്തിൽ, ഇന്ത്യയിലെ ഉൽപ്പാദന ഘടനയിൽ മൗലികമായ മാറ്റം വരുത്താൻ ബ്രിട്ടീഷുകാർക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇവിടെ നിലവിലുണ്ടായിരുന്ന ജാതി നിബദ്ധമായ ഫ്യൂഡൽ ബന്ധങ്ങൾക്ക് പകരം, പരിമിതമായ തലത്തിൽ ആധുനികവത് കരിക്കപ്പെട്ട മുതലാളിത്ത ബന്ധങ്ങളാണ് ബ്രിട്ടീഷ് ഭരണം കൊണ്ടുവന്നത്. അവരെ സംബന്ധിച്ചിടത്തോളം ശക്തമായ ഒരു തദ്ദേശീയ ബൂർഷ്വാ വർഗ്ഗം ഇന്ത്യയിൽ ഉയർന്നുവരാൻ പാടില്ലായിരുന്നു. ഇന്ത്യക്കാരെ അവരുടെ പിന്നാക്കാവസ്ഥയിൽത്തന്നെ നിലനിർത്തി, അവരെ തുടർന്നും ചൂഷണം ചെയ്യാനുള്ള വഴികളാണ് ബ്രിട്ടീഷുകാർ പിന്തുടർന്നു പോന്നത്. രണ്ട് വിരുദ്ധ സ്വഭാവമുള്ള പ്രക്രിയകളെ സമന്വയിപ്പിച്ചു കൊണ്ടാണ് ബ്രിട്ടീഷുകാർ അവരുടെ ഭരണം ആയാസരഹിതമായി മുന്നോട്ടു കൊണ്ടുപോയത്. ഒന്നാമതായി, പരിമിതമായ അർത്ഥത്തിൽ, റെയിൽവേ, വാർത്താവിനിമയം എന്നിവ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ കൊണ്ടുവന്നതാണ്. രണ്ടാമതായി, ജാതിയെന്ന സ്ഥാപനത്തിൽ അധിഷ്ഠിതമായി നിർമ്മിക്കപ്പെട്ട ഫ്യൂഡൽ ഭൂബന്ധങ്ങളും, അതിന്റെ സാമ്പത്തികവും, രാഷ്ട്രീയവുമായ പിന്തുണയും ബ്രിട്ടീഷ് ഭരണകൂടം ഉറപ്പാക്കിയിരുന്നു. അങ്ങനെ ഒരേസമയം, പുരോഗമന-–പിന്തിരിപ്പൻ/ആധുനിക–-പ്രതിലോമ പ്രവണതകളെ സമഞ്ജസമായി സമ്മേളിപ്പിച്ചുകൊണ്ടാണ് കൊളോണിയൽ ഭരണം മുന്നോട്ടുപോയത്. ഒരു ഘട്ടത്തിൽ മാർക്സിനു പോലും ബ്രിട്ടീഷ് ഭരണത്തിന് പുരോഗമന സ്വഭാവമുണ്ടെന്ന് പറയേണ്ടിവന്നിട്ടുണ്ട്. ചുരുക്കത്തിൽ, ജാതിയെ തൊട്ടും തലോടിയുമുള്ള നയസമീപനങ്ങളാണ് ബ്രിട്ടീഷുകാർ ഇവിടെ അനുവർത്തിച്ചുപോന്നത്.

ദേശീയ പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ച കോൺഗ്രസിന് ജാതീയതയും അത് സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും വസ്തുനിഷ്ഠമായി മനസ്സിലാക്കാനോ, അതിനെതിരായി നിൽക്കാനോ ആദ്യകാലത്തു കഴിഞ്ഞില്ല. ജാതീയതയുടെ മനുഷ്യവിരുദ്ധത കാണാൻ സാധിക്കാതെ പോയ അഥവാ, കണ്ടെങ്കിലും, അതിനോട് സമരസപ്പെട്ടു പോകുന്ന സമീപനമാണ് അവർ സ്വീകരിച്ചത്. കോൺഗ്രസ് നേതാക്കളുടെ വരേണ്യ സാമൂഹ്യപശ്ചാത്തലം തന്നെയായിരുന്നു പ്രശ്നം. ജാതിവിവേചനത്തിന്റെ പ്രതിലോമസ്വഭാവത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ അവർക്ക് സാധിച്ചില്ല. പിന്നീടും ജാതീയതയെ സംബന്ധിച്ച്‌ കോൺഗ്രസ് നേതൃത്വത്തിന് സുചിന്തിതമായി രൂപപ്പെടുത്തിയ ഏകാഭിപ്രായം ഉണ്ടായിരുന്നില്ല. തൊട്ടുകൂടായ്മയെ ഒരു പാപം എന്ന നിലയിലാണ് മഹാത്മാഗാന്ധി കണ്ടത്. കോൺഗ്രസ് നേതാക്കളിൽ പലർക്കും തൊട്ടുകൂടായ്മയെയോ, അതിനെ സംരക്ഷിച്ചു നിറുത്തുന്ന ഫ്യൂഡൽ ഭൂബന്ധങ്ങളെയോ, തുറന്നെതിർക്കാൻ പലപ്പോഴും കഴിഞ്ഞില്ല. ജാതിവ്യവസ്ഥയിൽ വിശ്വസിച്ച ബാലഗംഗാധര തിലകൻ, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നതുപോലുള്ള സാമൂഹ്യ പരിഷ്കരണങ്ങളെ ശക്തമായി എതിർത്തു. തങ്ങൾക്ക് പിന്തുണ നൽകുന്ന ജനസാമാന്യത്തെ ചേർത്തുനിറുത്തുന്നതിന് ചില ജാതി-വിരുദ്ധ സമരങ്ങൾ കോൺഗ്രസ് ഏറ്റെടുത്തുവെങ്കിലും, നിലപാടിലെ കൃത്യതയില്ലായ്മ കാരണം അവരെ വിശ്വസിക്കാൻ ജനങ്ങൾ തയ്യാറായില്ല. ഫ്യൂഡൽ ബന്ധങ്ങളെയും ഹിന്ദുമതത്തെയും ജാതീയതയെയും അതേ രീതിയിൽ തന്നെ നിലനിറുത്താൻ പെടാപ്പാടുപെട്ട കോൺഗ്രസിന്, അയിത്ത-വിരുദ്ധ പോരാട്ടങ്ങൾ പലപ്പോഴും കേവലം ചടങ്ങുകൾ മാത്രമായിരുന്നു. ഇതിൽ നിന്നും വിരുദ്ധമായ സമീപനവും നിലപാടുമായിരുന്നു കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നത്.

ജാതി അടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ എതിർക്കുമ്പോഴും ജാതിയെന്ന യാഥാർഥ്യത്തെ അഭിസംബോധന ചെയ്യാൻ കമ്യൂണിസ്റ്റുകാർ തയ്യാറാണ്. ഇ എം എസ് തന്നെ പറയുന്നത്, ‘‘ജാതിപരമായോ, മതപരമായോ ഉള്ള വൈജാത്യങ്ങളെ ഞാൻ തള്ളിക്കളയുന്നു എന്നല്ല. ഓരോ ജാതിക്കും, പ്രത്യേകിച്ച് താഴ്ന്ന ജാതികൾക്ക് അവരുടെ സാമൂഹ്യാവസ്ഥകളെ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള ഉപാധികളാക്കി മാറ്റാൻ കഴിഞ്ഞാൽ ഒരുപക്ഷേ വലിയ സാമൂഹ്യമാറ്റങ്ങൾ ഉണ്ടായേക്കാ”മെന്നതാണ്. ജാതിയെന്ന യാഥാർഥ്യത്തെ സാമൂഹികമായ ഇടപെടലിലൂടെ മനുഷ്യന്റെ വിമോചനത്തിന്റെ ഉപാധിയാക്കി മാറ്റാൻ സാധിക്കണം. അതിനായി ജാതികൾക്കകത്തുള്ള അടിച്ചമർത്തപ്പെടുന്നവരുടെ വർഗപരമായ ഐക്യത്തെ സാധ്യമാക്കുന്ന പ്രവർത്തനങ്ങളാണ് നടക്കേണ്ടത്. വർഗാടിസ്ഥാനത്തിലുള്ള സംഘാടനമാണ് വേണ്ടത്.

അതുപോലെ, ജാതീയതയെ കേവലം ഒരു സാമൂഹ്യാവസ്ഥയായി കാണാതെ അതിനെ ഇന്ത്യയിൽ അക്കാലത്ത് നിലനിന്നിരുന്ന ഭൂബന്ധങ്ങളുമായി ചേർത്ത് അപഗ്രഥിക്കാനാണ് കമ്യൂണിസ്റ്റുകാർ ശ്രമിച്ചത്. ദേശീയ പ്രസ്ഥാനത്തിന്റെ ഓരംപറ്റി രാജ്യത്തിനകത്ത് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം അതിന്റെ സംഘടനാരൂപം കൈകൊണ്ട് ജനസാമാന്യത്തെ അണിനിരത്തി മുന്നോട്ടു പോകുമ്പോൾ ബ്രിട്ടീഷുകാരും അതുപോലെ തന്നെ തൊഴിലുടമകൾക്ക് ഓശാന പാടുന്ന വലതുപക്ഷ തൊഴിൽ സംഘടനകളും, കോൺഗ്രസ്സും ഒരുപോലെ ആശങ്കപ്പെട്ടിരുന്നു. 1920 കളുടെ അവസാനത്തിൽ ചില ഗൂഢാലോചനക്കേസുകൾ ഉണ്ടാക്കി ഈ മുന്നേറ്റത്തെ തടയാൻ സാധിക്കുമോയെന്ന് ബ്രിട്ടീഷ് ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാൽ ലെനിൻ സ്ഥാപിച്ച കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ സ്വാധീനത്താൽ സ്വാതന്ത്ര്യത്തെ സംബന്ധിച്ച വ്യത്യസ്തമായ കാഴ്ചപ്പാടാണ് കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണത്തിന്റെ കേവലമായ അവസാനം മാത്രമല്ല അത് മുന്നോട്ടുവെച്ചത്. കമ്യൂണിസ്റ്റുകാർക്ക്, കോൺഗ്രസിന്റെ നയങ്ങളോടും, നിലപാടുകളോടും ഒരു പ്രതിപത്തിയുമുണ്ടായിരുന്നില്ല. “‘തൊഴിലാളികളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി വിപ്ലവത്തിലൂടെ വേണം ഇന്ത്യയുടെ വിമോചനം സാധ്യമാക്കാൻ’’ എന്നതായിരുന്നു അവരുടെ പദ്ധതി. ഗയ മാനിഫെസ്റ്റോ, അഹമ്മദാബാദ് മാനിഫെസ്റ്റോ, പ്ലാറ്റ-്ഫോം ഓഫ് ആക്ഷൻ തുടങ്ങിയ രേഖകളിലൂടെ ബ്രിട്ടീഷ് ഭരണകൂടത്തെ ഇല്ലാതാക്കാനും, ഇവിടുത്തെ ജാതിവ്യവസ്ഥയെ താങ്ങിനിറുത്തുന്ന ഫ്യൂഡൽ ഭൂബന്ധത്തെ തകർക്കാനുമുള്ള വിശദമായ പദ്ധതി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മുന്നോട്ടുവെച്ചു. ഈയൊരു പശ്ചാത്തലത്തിലാണ് അയിത്ത വിരുദ്ധ സമരങ്ങളോടുള്ള കമ്യൂണിസ്റ്റ് നിലപാട് നാം കാണേണ്ടത്.

കേരളത്തിലെ അയിത്തവിരുദ്ധ സമരങ്ങളിലെ സുപ്രധാന ഏടാണ് വൈക്കം സത്യാഗ്രഹം. ഈ സത്യാഗ്രഹത്തിന്റെ ഉടമാവകാശത്തെ സംബന്ധിച്ച് ചില പുത്തൻ വാദഗതികൾ ഉയർന്നുവരുന്നുണ്ട്. വൈക്കം സത്യാഗ്രഹം തന്നെ ഒരു സാമൂഹ്യ വിരുദ്ധ പ്രസ്ഥാനം ആയിരുന്നുവെന്ന മട്ടിലുള്ള വാദങ്ങൾ ഉയർന്നുവരുന്നുണ്ട്. അവർണ്ണരും ദളിതരുമടങ്ങുന്ന അയിത്തജാതിക്കാരുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള, അവരുടെ നൈസർഗ്ഗികമായ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള ഒരു സൂത്രമായി ഇതിനെ കാണുന്ന രീതി ചിലരുടെ ഭാഗത്ത് നിന്നുണ്ടായിവരുന്നുണ്ട്. സ്വാതന്ത്ര്യസമരമെന്നത് ബ്രിട്ടീഷ് ഭരണത്തിന്റെ അവസാനം മാത്രമല്ല, ജനങ്ങളെ, ജനങ്ങളായി കാണാതെ, അവരെ വിവേചിച്ചു നിറുത്തുന്ന വ്യവസ്ഥകൾക്കെതിരായ പോരാട്ടം കൂടിയാണത്. ആ അർത്ഥത്തിലാണ് ജാതീയതയ്‌ക്കെതിരായ പോരാട്ടം സ്വാതന്ത്ര്യസമരമായി മാറുന്നത്. സമൂഹത്തിന്റെ പൊതുമണ്ഡലത്തിൽ മാറ്റിനിർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം കൂടി നിഷേധിച്ച ഒന്നാണ് കേരളത്തിലെ ജാതീയത. അതുകൊണ്ടുതന്നെ ജാതീയതയ്‌ക്കെതിരായ, അയിത്തത്തിനെതിരായ വൈക്കം സത്യാഗ്രഹം ദേശീയ സമരത്തിന്റെ ഭാഗം തന്നെയാണ്.

കോൺഗ്രസിന്റെ ചരിത്രം പരിശോധിച്ചാൽ ആദ്യഘട്ടങ്ങളിൽ അവരുടെ കർമ്മ പദ്ധതികളിൽ അയിത്തോച്ചാടനം ഒരു ഇനമേ ആയിരുന്നില്ല. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം ചൗരി-ചൗരാ സംഭവത്തെ തുടർന്ന് പിൻവലിക്കേണ്ടിവന്ന സാഹചര്യത്തിൽ കോൺഗ്രസ്സുകാരെ സജീവമാക്കി നിർത്താൻ പ്രയോഗിച്ച തന്ത്രമായിരുന്നു നിർമ്മാണ പദ്ധതികൾ. അയിത്തോച്ചാടനം അങ്ങനെയാണ് കോൺഗ്രസിന്റെ ഔദ്യോഗിക പരിപാടിയായി വരുന്നത്. നേരത്തെ സൂചിപ്പിച്ചതുപോലെ കോൺഗ്രസിന്റെ ആദ്യകാല നേതാക്കൾ അയിത്ത വിരുദ്ധമായ നിലപാട് എടുത്തിരുന്നില്ല. കോൺഗ്രസിന് ജനപിന്തുണ ആർജ്ജിക്കണമെങ്കിൽ അയിത്തോച്ചാടനം പോലെയുള്ള വിഷയങ്ങൾ ഏറ്റെടുത്തേ മതിയാവൂ എന്ന നിലയുണ്ടായി. കേരളത്തിലെ അയിത്ത ജാതിക്കാർ അനുഭവിച്ചുപോരുന്ന വിലക്കുകളെ സംബന്ധിച്ച് 1921 സെപ്തംബർ 23 ന് ടി കെ മാധവൻ, ഗാന്ധിജിയെ തിരുനെൽവേലിയിൽ വെച്ച് കണ്ടപ്പോൾ, വൈക്കം ക്ഷേത്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ താഴ്ന്ന ജാതിക്കാർ അനുഭവിക്കുന്ന അയിത്തത്തെക്കുറിച്ച്‌ ഗാന്ധിജിയെ ധരിപ്പിക്കുകയും ചെയ്‌തു. തുടർന്ന്, ഈ പ്രശ്‌നത്തിൽ ഇടപെടണമെന്ന ഗാന്ധിജിയുടെ നിർദേശം ട്രാവൻകൂർ സ്റ്റേറ്റ് കോൺഗ്രസിന് കിട്ടുകയും, 1923ൽ ആന്ധ്രാപ്രദേശിലെ കാക്കിനഡയിൽ വെച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ടി കെ മാധവൻ ഈ വിഷയം അവതരിപ്പിക്കുകയും, ചെയ്തു. തുടർന്ന് വിപുലമായ ഒരുക്കങ്ങളോടെ തുടങ്ങിയ വൈക്കം സത്യാഗ്രഹം 1924 മാർച്ച് മുപ്പത് മുതൽ 1925 നവംബർ ഇരുപത്തി മൂന്ന് വരെ നടന്നു.

സാമൂഹ്യ സമത്വത്തിനും പൗരാവകാശ സംരക്ഷണത്തിനുമായി കേരളത്തിലെ രാഷ്ട്രീയ മനസ്സ് ഒരുമിച്ച് അണിചേർന്നു നടത്തിയ ശ്രേദ്ധേയമായ സമരങ്ങൾ പിന്നീടുമുണ്ടായി. ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാൻ, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ, താല്പര്യമുള്ള ആഭരണങ്ങൾ അണിയാൻ, വിദ്യാഭ്യാസം നേടാൻ, തൊഴിൽ സമ്പാദിക്കാൻ അങ്ങനെ നിരവധി ആവശ്യങ്ങൾക്കു വേണ്ടി കേരളത്തിൽ സമരങ്ങൾ നടന്നിട്ടുണ്ട്. മനുഷ്യനെ പിറന്ന ജാതിയുടെ അടിസ്ഥാനത്തിൽ വ്യവഛേദിച്ചു നിറുത്തുന്ന രീതികൾക്കെതിരെ ശക്തമായ സമരങ്ങൾ പിന്നീടുമുണ്ടായി. 1931-–32 കാലഘട്ടത്തിൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം അത്തരത്തിലുള്ളതാണ്. ഗുരുവായൂർ ഷേത്രത്തിൽ ആരാധന നിർവഹിക്കുന്നതിന് അയിത്ത ജാതിക്കാർക്കുമേൽ ചുമത്തിയിരുന്ന വിലക്ക് നീക്കാൻ വേണ്ടിയായിരുന്നു ഈ സത്യാഗ്രഹം. അയിത്തത്തിന്റെ പേരിൽ ആരെയും ക്ഷേത്ര ദർശനം നടത്തുന്നതിൽ നിന്ന് മാറ്റി നിർത്തരുതെന്ന് നിർബന്ധബുദ്ധിയുണ്ടായിരുന്ന എ കെ ജിയും പി കൃഷ്ണപിള്ളയും ഈ സത്യാഗ്രഹത്തിൽ നേതൃത്വപരമായ പങ്കു വഹിച്ചു. അതുപോലെ തന്നെ 1947– -48 കാലഘട്ടത്തിൽ ചേന്നമംഗലം അയ്യപ്പ ക്ഷേത്രത്തിലേക്കുള്ള പാലിയം റോഡിലൂടെ അയിത്തജാതിക്കാർക്കും അഹിന്ദുക്കൾക്കും സഞ്ചാര സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ടു നടത്തിയ പാലിയം സത്യാഗ്രഹം സംഘടിപ്പിച്ചതിൽ പ്രധാന പങ്ക് കമ്യൂണിസ്റ്റ് പാർട്ടിക്കായിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ വിവേചിക്കാതെ, എല്ലാ മനുഷ്യർക്കും സകല ജനാധിപത്യ അവകാശങ്ങളോടെയും ജീവിക്കാനാകണം എന്ന ബോധമാണ് കേരളത്തിലെ അയിത്ത വിരുദ്ധ സമരങ്ങളുടെ ഇന്ധനമായി മാറിയത്. ഇതിനെ ഉയർത്തിപ്പിടിക്കാൻ ചരിത്രത്തിന്റെ ഭൗതിക വ്യാഖ്യാനത്തിലൂടെ രൂപീകരിച്ച പ്രത്യയശാസ്ത്ര ബോധ്യം കമ്യൂണിസ്റ്റുകാർക്കുണ്ടായിരുന്നു.

ചുരുക്കിപ്പറഞ്ഞാൽ, അയിത്ത വിരുദ്ധ സമരങ്ങൾ കേരളത്തിൽ ജനാധിപത്യ സ്വഭാവമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നതിൽ ശ്രേദ്ധേയമായ പങ്കുവഹിച്ചുവെന്നത് നിസ്തർക്കമായ കാര്യമാണ്. അടിച്ചമർത്തപ്പെടുന്നവരുടെ ശബ്ദമായി മാറിയ പ്രസ്ഥാനങ്ങളെല്ലാം, വിശാലാടിസ്ഥാനത്തിൽ സാമൂഹ്യനീതിയുടെ കാവലാളായി മാറിയെന്നത് ചരിത്രയാഥാർഥ്യമാണ്. ജാതിവിവേചനത്തെ ഒരു സാമൂഹ്യാവസ്ഥയായി ചുരുക്കിക്കാണാതെ, ഇവിടെ നിലനിന്നിരുന്ന ഭൂബന്ധങ്ങളുമായി ബന്ധപ്പെടുത്തി കാണുന്ന രീതിയായാണ് പൊതുവെ കമ്യൂണിസ്റ്റുകാർ സ്വീകരിച്ചു പോന്നിട്ടുള്ളത്. ഈ നിലപാടുതന്നെയാണ് താൻ അംഗമായ മദ്രാസ് ടെനൻസി റിഫോംസ് കമ്മിറ്റിയിലെ ചർച്ചകൾക്കിടയിൽ ജന്മിത്തത്തെ പരിപൂർണ്ണമായി അവസാനിപ്പിക്കണമെന്ന് ഇ എം എസ് നിലപാട് സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ജാതിവിവേചനത്തെ നിലനിർത്തുന്ന ജന്മിത്തം അവസാനിക്കുന്ന അവസ്ഥ നമ്മുടെ സമൂഹത്തിൽ അധഃസ്ഥിത ജനവിഭാഗങ്ങളുടെ സാമ്പത്തിക, സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ സ്ഥിതിയിൽ മൗലികമായ മാറ്റമുണ്ടാക്കും. ജന്മിത്തം അവസാനിക്കുകവഴി അതുമായി ബന്ധപ്പെട്ട ഭൂബന്ധങ്ങളിൽ കാതലായ മാറ്റം ഉണ്ടാകും. അത് അധഃസ്ഥിത വിഭാഗങ്ങൾക്ക് ഭൂമിയുടെമേൽ അധികാരവും അവകാശവും നൽകുന്ന സ്ഥിതി സൃഷ്ടിക്കും. സ്വാഭാവികമായും ജാതിഘടനയിൽ കാര്യമായ അഴിച്ചുപണിയലുകൾ ഉണ്ടാവുകയും ചെയ്യും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

nineteen − 10 =

Most Popular