Friday, November 22, 2024

ad

Homeകവര്‍സ്റ്റോറിവൈക്കം സത്യാഗ്രഹവും ജനാധിപത്യരാഷ്ട്രീയവും

വൈക്കം സത്യാഗ്രഹവും ജനാധിപത്യരാഷ്ട്രീയവും

കെ എന്‍ ഗണേശ്

വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിനും ചേര്‍ന്ന് അറുനൂറ്റിമൂന്നു ദിവസത്തെ ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തു. കോണ്‍ഗ്രസുകാർ തങ്ങളുടെ അഖിലേന്ത്യ പ്രസിഡന്റ്‌ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ വിളിച്ച് അവരുടെ പരിപാടികള്‍ ഉത്ഘാടനം ചെയ്യിച്ചു. ഹിന്ദു സംഘടനകളും എസ് എന്‍ ഡി പിയും ആവരുടെ പ്രത്യേകപരിപാടികള്‍ നടത്തി. ഇതിനെപ്പറ്റി പത്രങ്ങളും ആനുകാലികങ്ങളും വിവിധ പണ്ഡിതരെ വിളിച്ചു കുറിപ്പുകളും പ്രതികരണങ്ങളും എഴുതിച്ചു. എന്‍ എസ് മാധവന്‍, ടി ടി ശ്രീകുമാര്‍, അജയ്ശേഖര്‍, വിനില്‍ പോള്‍, ശ്യാം‍ കുമാര്‍ തുടങ്ങി നിരവധി പേര്‍ പ്രതികരിച്ചു; സംവാദങ്ങള്‍ നടത്തി. ഇത് കുറച്ചു കാലത്തേക്ക് കൂടി തുടരുമെന്ന് പ്രതീക്ഷിക്കാം.

സത്യാഗ്രഹത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളെയും അവകാശവാദങ്ങളെയും മാറ്റി നിര്‍ത്തിയാല്‍ മറുപടി പറയേണ്ടതായ രണ്ട് ആശയങ്ങളുണ്ട്. ഒന്നാമത്തേത്; വൈക്കം സത്യാഗ്രഹം ഉന്നമിട്ട ജാതീയതയുടെ നിർമൂലനം കേരളത്തില്‍ നടന്നിട്ടില്ല. ജാതിയും അതിന്റെ വേർതിരിവുകളും വിവേചന രൂപങ്ങളും കൂടുതല്‍ ശക്തമായി കേരളസമൂഹത്തില്‍ വേരൂന്നുകയാണ് ചെയ്തത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം എല്ലായിടങ്ങളിലും ജാതി വിവേചനം ശക്തമാണ്. രണ്ടാമത്തെ വാദം, ജാതിവിവേചനത്തെ ഇത്തരത്തില്‍ നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയപാര്‍ടികളാണ്, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയാണ് എന്നതാണ്; വൈക്കം സത്യാഗ്രഹത്തിന്റെ നേതൃത്വം ഇത്തരക്കാര്‍ ഏറ്റെടുത്തതുതന്നെ അവര്‍ണരെ വഞ്ചിക്കുന്നതിനും സവർണാധിപത്യം നിലനിർത്തുന്നതിനുമായിരുന്നു എന്നുവരെ വാദമുയരുന്നു.സവര്‍ണകോയ്മ നിലനിര്‍ത്താന്‍ അവര്‍ണരുടെ സ്വാഭാവിക പ്രക്ഷോഭ സമരങ്ങളെ സത്യാഗ്രഹംപോലുള്ള സഹനസമരമുറകളിലേക്ക് വഴിതിരിച്ചുവിടുകയാണ് വൈക്കം സത്യാഗ്രഹം ചെയ്തത്; പിന്നീട് രാഷ്ട്രീയ പാർടികളുടെ, പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രവര്‍ത്തനം സവര്‍ണ ജാതി കോയ്മകളുടെ വളര്‍ച്ചയെ സഹായിച്ചു; ഇതിനിടയില്‍തന്നെ, വൈക്കം സത്യാഗ്രഹം ഹിന്ദുസമൂഹത്തിലെ തിരുത്തല്‍ പ്രക്രിയ ആണെന്നും വാദിക്കാന്‍ ഹിന്ദുസംഘടനകളും മറന്നിട്ടില്ല. അതോടെ ‘തിരുത്തിയ’ ഹിന്ദുമതവും സവര്‍ണകോയ്മയും ഒന്നാണെന്ന് സ്ഥാപിക്കാനും,രണ്ടും അവര്‍ണര്‍ക്ക് എതിരായിരുന്നു എന്നു വാദിക്കാനും പ്രയാസമില്ലാതായി.

വൈക്കം സത്യാഗ്രഹത്തിനെതിരെ മറ്റൊരു വാദവും ഉന്നയിക്കുന്നുണ്ട്. 1806ല്‍ വൈക്കത്ത് ക്ഷേത്രത്തില്‍ പ്രവേശനത്തിനുവേണ്ടി ഇരുന്നൂറു അവർണരുടെ സംഘം ശ്രമം നടത്തിയെന്നും, വേലുത്തമ്പി ദളവയുടെ സഹചാരിയായിരുന്ന വൈക്കത്ത് പദ്മനാഭപിള്ളയുടെ നേതൃത്വത്തില്‍ അവരെ കൂട്ടക്കൊല ചെയ്ത് ദളവാക്കുളം എന്ന കുളത്തില്‍ തള്ളിയെന്നുമുള്ള സംഭവം യഥാര്‍ത്ഥ ചരിത്രമായി അംഗീകരിക്കണം എന്ന ആവശ്യവും ഉയരുന്നു. അതിനോടൊപ്പം മുലക്കരത്തിനെതിരെ സ്വന്തം മുലയറുത്തു നല്‍കി പ്രതിഷേധിച്ച നങ്ങേലിക്കഥയും ചരിത്രമായി അംഗീകരിക്കണമെന്നും ആവശ്യമുയരുന്നു. ഇത്തരത്തിലുള്ള പ്രതിഷേധങ്ങളെ അവഗണിക്കുന്നവര്‍ എന്തിനാണ് വൈക്കം സത്യാഗ്രഹത്തെ പുകഴ്ത്തുന്നത് എന്നാണ് ചോദ്യം.

ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനുമുമ്പ് വിമര്‍ശകര്‍ പ്രാഥമികമായി മനസ്സിലാക്കേണ്ട ചില കാര്യങ്ങളെക്കുറിച്ച് പരാമർശിക്കാം. വൈക്കം സത്യാഗ്രഹംകൊണ്ടോ അതിനുശേഷം നടന്ന സത്യാഗ്രഹങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷമോ കേരളത്തിലെ ജാതി നിർമൂലനം ചെയ്യപ്പെട്ടു എന്നോ ജാതിവിവേചനം അവസാനിച്ചു എന്നോ ആരും വാദിച്ചിട്ടില്ല, വാദിക്കുമെന്നും തോന്നുന്നില്ല. ഈ അടുത്ത കാലംവരെയും കേരളത്തില്‍ അയിത്തം ഒരു ഔപചാരിക യാഥാര്‍ഥ്യമായി പല ഇടങ്ങളിലും നിലനിന്നിട്ടുണ്ട്. പലരുടെയും വീക്ഷണങ്ങളില്‍ നിലനില്‍ക്കുന്നുമുണ്ട്.


രണ്ടാമത്തേത്, വൈക്കം സത്യാഗ്രഹം ജാതി നിർമൂലനമോ ആയിത്തോച്ചാടനമോ പ്രധാനമുദ്രാവാക്യമായുള്ള സമരമായിരുന്നില്ല. കാക്കിനട സമ്മേളനത്തില്‍വെച്ചു ടി. കെ മാധവന്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചതിനു ശേഷമാണ് സമരം സംഘടിപ്പിക്കപ്പെട്ടത് എന്നത് ശരിയാണ്. എന്നാല്‍ പരമാവധി ആളുകളെ സംഘടിപ്പിക്കുന്നതിന്റെയും എല്ലാവർക്കും സ്വീകാര്യമായ കാലോചിതമായ മുദ്രാവാക്യം സ്വീകരിക്കുന്നതിന്റെയും ഭാഗമായി ‘‘സഞ്ചാരസ്വാതന്ത്ര്യത്തെ’’ അംഗീകരിക്കുകയാണ് ചെയ്തത്. അതിശക്തമായ സംഘാടനത്തിനു ശേഷവും സമരം വിജയിച്ചില്ലെന്നും അവസാനം ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം സമരം നിർത്തിവെക്കുകയാണ് ഉണ്ടായതെന്നും ഓര്‍ക്കേണ്ടതാണ്. നാടുവാഴിത്തത്തിന്റെ പൂർണപിന്തുണയോടെയുള്ള സവര്‍ണ മേധാവിത്വത്തിന്റെ ശക്തിയെയാണ് ഇത് കാണിച്ചത്. അതിനെതിരെ ഒരു ബഹുജനപ്രസ്ഥാനമായി വളര്‍ന്നുവന്നു എന്നതാണ് വൈക്കം സത്യാഗ്രഹത്തിന്റെ പ്രസക്തി.

വൈക്കം സത്യഗ്രഹത്തിന് ശേഷമുള്ള കാലഘട്ടങ്ങളിലും സവര്‍ണ മേധാവിത്വം അവസാനിച്ചിരുന്നില്ല എന്നു തന്നെയാണ് ചരിത്രം തെളിയിക്കുന്നത്. തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരംകൊണ്ടുമാത്രം കേരളത്തിലെ അവര്‍ണര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിച്ചില്ല. മലബാറിലും കൊച്ചിയിലും ഒരു പരിധിവരെ തിരുവിതാംകൂറിലും സനാതനികള്‍ സംഘടിച്ചു ക്ഷേത്രാധിപത്യത്തിനു ശ്രമിച്ചു. അതിന്റെ ഫലമായി നാല്പതുകളുടെ അവസാനവും അന്‍പതുകളുടെ ആദ്യവും മാത്രമാണ് ക്ഷേത്രപ്രവേശനം മൊത്തം ക്ഷേത്രങ്ങളില്‍ സാധ്യമായത്. അപ്പോഴും ദളിതര്‍ക്ക് ക്ഷേത്രപ്രവേശനവും സഞ്ചാരസ്വാതന്ത്ര്യവും വിലക്കപ്പെട്ടിരുന്നു എന്നാണ് ഇരിങ്ങാലക്കുട കുട്ടംകുളം സമരംപോലുള്ള സമരങ്ങള്‍ കാണിക്കുന്നത്.

ഇക്കാര്യത്തിലൊന്നും വിമര്‍ശകര്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടാകുമെന്നു തോന്നുന്നില്ല. ഇവരുടെ വാദഗതികള്‍ ഊന്നുന്നത് മറ്റൊരിടത്താണ്. അംബേദ്‌കര്‍ വാദിച്ചതനുസരിച്ച്, ബ്രാഹ്മണാധിപത്യത്തിനും മനുവാദത്തിനും എതിരായ പോരാട്ടമായി കേരളത്തിലെ ജാതിവിരുദ്ധസംഘര്‍ഷങ്ങളെ നിര്‍ണയിക്കുന്നതിനുപകരം ഗാന്ധിയുടെയും കമ്യൂണിസത്തിന്റെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള ബഹുജനപോരാട്ടങ്ങളായി മാറ്റിയെടുക്കാന്‍ ശ്രമിച്ചതാണ്, അതില്‍ കേശവമേനോനെയും കേളപ്പനെയും ഇ എം എസ്സിനെയും പി കൃഷ്ണപിള്ളയെയും എ കെ ഗോപാലനേയുംപോലുള്ളവര്‍ വഹിച്ച പങ്കാണ്, സവർണാധിപത്യത്തിനു വളമായി മാറിയത് എന്നാണ് വാദം. കീഴാള സമുദായങ്ങളുടെ ജനസംഖ്യയും അതിന്റെ വലിപ്പം സവര്‍ണസമുദായങ്ങളില്‍ ഉല്‍പാദിപ്പിച്ച പോസ്റ്റ് കൊളോണിയല്‍ ഭീതിയുമാണ് ഇങ്ങനെ ഒരു സത്യഗ്രഹരൂപത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ചത്. ഏതായാലും ഇത്തരത്തില്‍ ചില ആളുകളുടെ ഇടപെടല്‍ (ഇ എം എസ്സും കൃഷ്ണപിള്ളയും വൈക്കം സത്യഗ്രഹത്തില്‍ ഇടപെട്ടിട്ടില്ല എന്നും ഓര്‍മിക്കണം) മൊത്തം ബ്രാഹ്മണ സവർണാധിപത്യത്തിനു എതിരായ കീഴാളരുടെ പ്രക്ഷോഭ സമരങ്ങളെ അട്ടിമറിക്കുകയും സവര്‍ണാധിപത്യത്തെ ശക്തിപ്പെടുത്തി ജാതീയതയെയും ജാതിവിവേചനത്തെയും നിലനിര്‍ത്തുകയും ചെയ്തു എന്നാണ് വാദം. എന്താണോ ബഹുജനസമരവും ജനാധിപത്യപോരാട്ടവുമായി വിലയിരുത്തപ്പെടുന്നത് അതുതന്നെയാണ് കീഴാള ജാതിസമരങ്ങള്‍ക്ക് അന്ത്യം കുറിച്ചത് എന്നും വാദിക്കപ്പെടുന്നു.

ഈ വാദത്തിനു ഒരു സാമൂഹ്യശാസ്ത്രതലവും രാഷ്ട്രീയതലവുമുണ്ട്. ഇൗ വാദം സമൂഹ്യശാസ്ത്രപരമായി പ്രസക്തമാകണമെങ്കില്‍, അത് പ്രതിപാദിക്കുന്ന വസ്തുതകളോട്, സംഭവപരമ്പരകളോട് പൊരുത്തപ്പെടുന്നതാകണം. അതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭിന്നാഭിപ്രായങ്ങളും നിലപാടുകളുമുണ്ടാകാം. ഈ അഭിപ്രായങ്ങള്‍ മാത്രമല്ല , നടക്കുന്ന സംഭവങ്ങളാണ് ചരിത്രത്തിന്റെ ഗതിയെ നിര്‍ണയിക്കുന്നത്. ചരിത്രപ്രക്രിയയില്‍ വളര്‍ന്നുവരുന്ന മുദ്രാവാക്യങ്ങളും സംഭവങ്ങളും അതതു സന്ദർഭങ്ങളില്‍ നിന്നാണ് വിലയിരുത്തേണ്ടത്. അതില്‍ നിന്ന് സ്വന്തമായ നിഗമനങ്ങളില്‍ ചെന്നെത്താന്‍ ഗവേഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. നിഗമനങ്ങളില്‍ ഉണ്ടാകാവുന്ന അമൂർത്ത ആശയങ്ങളെ മാത്രം മുന്‍നിര്‍ത്തി പ്രക്രിയയെതന്നെ വിലയിരുത്തുന്നത് മുന്‍വിധിയാണ്. നിസ്സഹകരണ പ്രസ്ഥാനം പിന്‍വലിക്കപ്പെട്ടതിനു ശേഷം അയിത്തോച്ചാടനം അടക്കമുള്ള സമൂഹ്യപ്രവർത്തനങ്ങളിലേക്കുള്ള കോണ്‍ഗ്രസിന്റെ ചുവടുമാറ്റമാണ് വൈക്കം സത്യാഗ്രഹം കെ പി സി സി ഏറ്റെടുത്തു നടത്താന്‍ കാരണമായത്. ഇതില്‍ ഗാന്ധിയുടെ നിലപാടുകള്‍ ഫുലെ, കംബ്ലെ, പിന്നീട് അംബേദ്‌കര്‍ തുടങ്ങിയവരുടെ നിലപാടുകളുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഗാന്ധിജി അയിത്തത്തെ ഒരു അനാചാരമായാണ്, ജാതിസമൂഹത്തിന്റെ അടിസ്ഥാനവൈരുധ്യമായല്ല കണ്ടത്. കേരളത്തിലും അന്നത്തെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ നിരവധി പേരും അതേ നിലപാട് സ്വീകരിച്ചവര്‍ ആയിരുന്നു. ജാതിബദ്ധസമൂഹത്തില്‍ നിന്ന് മോചിതരാകാനായി ബുദ്ധമതവും ക്രിസ്തുമതവും സ്വീകരിച്ചവരും ഉണ്ടായിരുന്നു. അതേസമയം ജാതിയില്‍ നിന്നുകൊണ്ടുതന്നെ കല്ലുമാലയും തളയും സമരവും, വഴിനടത്തവും, കുളത്തില്‍ കുളിയും മിശ്രഭോജനവും വിവാഹങ്ങളും അടക്കം ജാതിവിലക്കുകളെ അതിലംഘിക്കാനുള്ള സമരങ്ങളും നടന്നിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ജാതിസംഘടനകളും രൂപംകൊണ്ടിരുന്നു. ഭരണകൂടത്തിനു മുമ്പില്‍ പൊതു ആവശ്യങ്ങള്‍ ഉന്നയിക്കാനും സമരം ചെയ്യാനുമായി യോജിച്ചുള്ള പോരാട്ടങ്ങള്‍ ആവശ്യമാണെന്ന ബോധ്യം ഈ സംഘടനകൾക്കിടയില്‍ വളര്‍ന്നു വന്നു. ഈ ആഗ്രഹം സാധിക്കാനുള്ള അവസരമായാണ്‌ വൈക്കം സത്യാഗ്രഹം വിലയിരുത്തപ്പെട്ടത്.

അക്കാലത്തുണ്ടായിരുന്ന നിരവധി കീഴാളജാതി സംഘടനകളില്‍ ഏതെങ്കിലുമൊന്ന് വൈക്കം സത്യാഗ്രഹത്തെ എതിര്‍ത്തതായി അറിവില്ല. അതിലുണ്ടായ സവര്‍ണ പങ്കാളിത്തത്തെ നിരുത്സാഹപ്പെടുത്തിയതായും അറിയില്ല. ഭരണകൂടവും ഒരു സംഘം ജന്മിമാരുമാണ് വൈക്കം ക്ഷേത്ര ഭാരവാഹികള്‍ക്ക് ഒപ്പം നിന്നത്. സത്യാഗ്രഹത്തിന് തൊട്ടുമുമ്പുവരെ നായര്‍ – ഈഴവ ലഹളകള്‍ നടന്നിരുന്നതുകൊണ്ട്‌ നായന്മാര്‍ സത്യാഗ്രഹതിനോപ്പം നില്കുമോ എന്ന ആശങ്ക അവസാനംവരെ ഉണ്ടായിരുന്നു. അതിന് അവസാനം കുറിക്കാനാണ് കോണ്‍ഗ്രസുകാരന്‍ അല്ലാത്ത മന്നത്ത് പദ്മനാഭന്‍ സവര്‍ണ ജാഥ നയിച്ചത്. തമിഴ്നാട്ടിലെ സമൂഹ്യ പരിഷ്കർത്താവായിരുന്ന എമ്പെരുമാള്‍ നായിഡുവും ജാഥ നയിച്ചു. സത്യാഗ്രഹത്തിന് ലഭിച്ച ജനപിന്തുണയും നിലപാട് എടുത്തില്ലെങ്കില്‍ ഒറ്റപ്പെടുമെന്ന ഭീതിയും മന്നത്തെ പ്രേരിപ്പിച്ചിരിക്കാം. അവര്‍ണരുടെ സമരത്തിനു അന്യമതസ്ഥര്‍ അടക്കം എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടാനുള്ള ശ്രമമല്ലാതെ ഏതെങ്കിലും വിധത്തില്‍ സവര്‍ണ താല്പര്യങ്ങള്‍ അടിച്ചേല്പിക്കാനുള്ള ശ്രമം നടന്നതായി തെളിവില്ല. കുടിയാന്‍മാരുടെ അവകാശങ്ങള്‍ക്കും വിവാഹമര്യാദകള്‍ക്കും സാമൂഹ്യാനാചാരങ്ങള്‍ക്കും എതിരെയുള്ള സമരം സവര്‍ണരുടെ ഇടയില്‍തന്നെ നടന്ന കാലമാണ് അതെന്നും ഓര്‍ക്കണം.

പിന്നീട് നടന്ന സമരങ്ങളില്‍ സവര്‍ണരില്‍ ഒരു വിഭാഗം എതിർത്തുകൊണ്ട് രംഗത്തുവരുന്നുണ്ട്. ഗുരുവായൂര്‍ സത്യാഗ്രഹത്തിലെ സനാതന ഹിന്ദുക്കളുടെ എതിര്‍പ്പ് ഉദാഹരണമാണ്. വളര്‍ന്നുവന്ന സമര ഐക്യത്തിന് എതിരെ ഇതേ എതിര്‍പ്പ് സമാനസ്വഭാവമുള്ള നിരവധി സമരങ്ങളില്‍ സനാതന ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് വരുന്നുണ്ട്. പാലിയം സത്യാഗ്രഹം, മുമ്പ് സൂചിപ്പിച്ച കുട്ടംകുളം സമരം, മണിമലർകാവ് സമരം, പാലക്കാട്ടെ സമരങ്ങള്‍ തുടങ്ങിയ നിരവധി സംഭവങ്ങളില്‍ സവര്‍ണ സനാതന ഹിന്ദുക്കളുടെ ഐക്യം കാണാം. പില്‍ക്കാലത്ത് ക്ഷേത്രസംരക്ഷണസമിതികള്‍ വളര്‍ന്നുവരുന്നതും ഇതേ ഹിന്ദു ഐക്യത്തില്‍ നിന്നുതന്നെയാണ്. കെ കേളപ്പനെ പോലുള്ള ആദ്യകാല കോണ്‍ഗ്രസുകാര്‍ പിന്നീട് ഈ ഐക്യത്തിന്റെ ഭാഗമായി എന്നതും വസ്തുതയാണ്.

അതേസമയം, എസ് എന്‍ ഡിപി , സാധുജനപരിപാലന സഭ, പുലയമഹാസഭ,അരയവംശോദ്ധാരിണിസഭ, ആത്മവിദ്യാസംഘം തുടങ്ങിയ അവര്‍ണ സംഘടനകളില്‍ നിന്ന് നല്ലൊരു ശതമാനം പ്രവർത്തകര്‍ വ്യത്യസ്ത ട്രേഡ് യൂണിയന്‍, കര്‍ഷക സംഘം, കര്‍ഷകത്തൊഴിലാളി സംഘടന എന്നിവയുടെ പ്രവര്‍ത്തകരോ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളോ ആയി മാറുന്നതും കാണാം. വസ്തുതകളെ സൂക്ഷ്മതലത്തില്‍ വിലയിരുത്താന്‍ കഴിയാത്തവര്‍ ഈ മാറ്റത്തെ കണക്കാക്കുക, കമ്യൂണിസ്റ്റ്‌ പ്രചാരകരുടെ വാചകക്കസര്‍ത്തില്‍ വീണുപോയ കുറെ നല്ല മനുഷ്യരുടെ ദുരന്തമായാണ്. പക്ഷേ, സാമൂഹ്യശാസ്ത്രപരമായി മറ്റു ഘടകങ്ങള്‍ ഇതിൽ നിലവിലിരുന്നു. ഉപ്പുസത്യാഗ്രഹത്തിനും സിവില്‍ നിയമലംഘനപ്രസ്ഥാനത്തിനും കാരണമായ സാമ്പത്തികപ്രതിസന്ധി ജനജീവിതത്തെയാകെ ഇളക്കി മറിച്ചു. ഇത് സൃഷ്ടിച്ച സാമ്പത്തികമുരടിപ്പ് വര്‍ഷങ്ങളോളം നീണ്ടുനിന്നു. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനവും കര്‍ഷകപ്രസ്ഥാനവും രൂപപ്പെട്ടുവരുന്നത് ഈ പശ്ചാത്തലത്തിലാണ്. ഇതിന്റെ സ്വാധീനം കെട്ടടങ്ങുന്നതിനു മുമ്പുതന്നെ കേരളം ഒരു യുദ്ധ സമ്പത്തിവ്യവസ്ഥയിലേക്കു വന്നു. സാമ്പതികദുരിതത്തിന്റെ കാലഘട്ടത്തില്‍ ജാതി മതവൈരുധ്യങ്ങളേക്കാള്‍ സ്വത്തുടമ ബന്ധങ്ങളിലെ വൈരുധ്യങ്ങളാണ് നിത്യജീവിതത്തില്‍ ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുക. അതിനു പരിഹാരമായി സോഷ്യലിസം എന്ന ആശയത്തിന്റെ വളര്‍ച്ചയും സോവിയറ്റ് യൂണിയനില്‍ അതിന്റെ പ്രയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും സോഷ്യലിസത്തിന് അനുകൂലമായും എതിരായുമുള്ള നിലപാടുകള്‍ സൃഷ്ടിച്ചു. അവിടെയും ജീവിതപ്രശ്നങ്ങള്‍ ജാതീയമായോ മതപരമായോ അല്ല വര്‍ഗപരമായാണ് തീരുമാനിക്കപ്പെടുക എന്ന ധാരണയാണ് ഉണ്ടാകുന്നത്. ഇതുകൊണ്ടുതന്നെയാണ് കീഴാള ജാതി സംഘടനാ പ്രവര്‍ത്തകര്‍ കീഴാളവര്‍ഗസംഘടനകളുടെ ഭാഗമാകുന്നത്. അതുപോലെ സവര്‍ണവിഭാഗങ്ങളില്‍നിന്നും സ്വന്തം നിലപാടുകളുടെ അടിസ്ഥാനത്തില്‍ സമൂഹ്യപ്രസ്ഥാനങ്ങളിലോ ദേശീയപ്രസ്ഥാനത്തിലോ, അതായത് പൊതുപ്രവർത്തകരായി ജീവിതം നയിക്കാന്‍ ശ്രമിച്ച പലരും മേൽ സൂചിപ്പിച്ച അതേ സാഹചര്യങ്ങളിലാണ് സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ്‌ പ്രവര്‍ത്തകരായി മാറുന്നതും. തൊഴിലെടുക്കുന്നവരില്‍ വന്‍ ഭൂരിപക്ഷം കീഴാള വിഭാഗങ്ങളായിരിക്കുകയും ജനസംഖ്യയില്‍ ഭൂരിപക്ഷം തൊഴിലെടുക്കുകയും ചെയ്യുമ്പോള്‍ ഏതെങ്കിലും വിധത്തിലുള്ള പോസ്റ്റ് കൊളോണിയല്‍ ഭീതി അവരെ സംഘടിപ്പിച്ച കമ്യൂണിസ്റ്റ്‌ പ്രവർത്തകര്‍ക്കുണ്ടായതായി കാണുന്നില്ല. കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസ്സും ഇവരെ സംഘടിപ്പിക്കുന്നതില്‍ മുൻപന്തിയിലുമായിരുന്നു. അതേസമയം സ്വത്തുടമാവര്‍ഗം പൊതുവില്‍ ഭരണകൂടത്തെയോ സമ്പന്നവര്‍ഗസംഘടനകളെയോ പിന്താങ്ങുന്നതും കാണാം. കോണ്‍ഗ്രസ്‌, ദേശീയവാദികള്‍ കൂടിയായ സ്വത്തുടമകളുടെ പാർട്ടിയായാണ് നിലനിന്നത്. അവരുടെ ഇടയില്‍ സ്വത്തു നഷ്ടപ്പെടുന്നതിന്റെ പോസ്റ്റ് കൊളോണിയല്‍ ഭീതി കടന്നുവന്നാല്‍ അത്ഭുതപ്പെടാനില്ല.

സവര്‍ണരും അവര്‍ണരും ആയുള്ള കേവലമായ വേര്‍തിരിവ് മറ്റു പ്രശ്നങ്ങളും നേരിടുന്നുണ്ട്, മുന്‍ കാലഘട്ടങ്ങളില്‍തന്നെ സവർണരോ അവർണരോ അല്ലാത്ത നിരവധി പേര്‍ വ്യാപാരികളും വ്യവസായികളും എന്ന നിലയില്‍ നമ്മുടെ സമൂഹത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നിരവധി ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരില്‍ പെടും. ആധുനികമുതലാളിത്ത്ത്തിന്റെ വളർച്ചയോടെ ഇവരുടെ എണ്ണം വന്‍തോതില്‍ പെരുകി. അവരില്‍ ചിലര്‍ കൊളോണിയല്‍ ഭരണാധികാരികളായും വന്നു. ക്രിസ്ത്യാനികള്‍ക്ക് പുറമേ ചില അവർണ ജാതികളില്‍പെട്ടവരും മുസ്ലീങ്ങളും ഇവരില്‍ പെടുന്നുണ്ട്. അവര്‍ സ്വത്തുടമകളുടെയും ഭരണാധികാരികളുടെയും താല്‍ല്പര്യമനുസരിച്ച് നിന്നവരാണ്. സ്വന്തം സമുദായം പ്രക്ഷോഭത്തില്‍ ഏർപ്പെടുമ്പോഴും അവര്‍ സമുദായ താല്പര്യം അനുസരിച്ചു നില്‍ക്കുന്നില്ല. മലബാര്‍ കലാപത്തില്‍ പൊതുവില്‍ മുസ്ലിം സമ്പന്നവര്‍ഗത്തിന്റെ നിലപാടു ഉദാഹരണമാണ്. അതായത്, സമൂഹവിഭാഗങ്ങളില്‍ പെടുന്നവര്‍ അവരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ നിലപാടുകള്‍ എടുക്കുന്നത് ഏതെങ്കിലും ജനിതകമനോവൃത്തിയുടെ അടിസ്ഥാനത്തില്‍ അല്ല, അവര്‍ ചെന്നെത്തിപ്പെടുന്ന ഭൗതിക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സാമ്പത്തിക നീതിക്ക് ആധിപത്യം ലഭിക്കുന്ന ആധുനിക മുതലാളിത്ത വ്യവസ്ഥക്കുള്ളില്‍ ജാതിയും മതവും സാമ്പത്തികഘടനയുടെ, അതായത്, വര്‍ഗഘടനയുടെ ഉപഘടകങ്ങള്‍ എന്ന നിലയില്‍ ആണ് പ്രസക്തമാകുക. ബ്രാഹ്മണാധിപത്യത്തെയും സവര്‍ണത്വത്തെയും എല്ലാം നിര്‍ണയിക്കേണ്ടത് ജനിതകമായി മാത്രമല്ല, നിലവിലുള്ള സമൂഹഘടനയില്‍ അവയ്ക്കുള്ള സാംഗത്യമെന്ത് എന്നതിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കണം.

ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും വിമര്‍ശകരെ വലയ്ക്കുന്നുണ്ട് എന്ന് തോന്നുന്നില്ല. അവരുടെ സാമൂഹ്യശാസ്ത്രം വളരെ ലളിതമാണ്. കീഴാളരുടെ പ്രക്ഷോഭങ്ങള്‍ക്ക് സ്വയംനിര്‍ണയസ്വഭാവമുണ്ട്. അവരുടെ തന്ത്രങ്ങളും ലക്ഷ്യവും അവര്‍തന്നെ തീരുമാനിക്കും. അവരുടെ പ്രക്ഷോഭങ്ങളില്‍ മറ്റുള്ളവര്‍ പങ്കെടുത്താല്‍ അവരുടെ അധികാരസങ്കല്പങ്ങള്‍ക്കും അതനുസരിച്ചുള്ള തന്ത്രങ്ങള്‍ക്കും കീഴാളര്‍ വീണ്ടും കീഴടങ്ങേണ്ടി വരും . അധികാരത്തിന്റെ ഈ പൊതുരീതിശാസ്ത്രമൊഴികെ മറ്റു ഭൗതിക സാഹചര്യങ്ങളൊന്നും അവിടെ പ്രശ്നമല്ല. അതെല്ലാം സമര്‍ത്ഥരായ അധീശശക്തികളും അവരുടെ ബുദ്ധിജീവികളും എടുത്തുപയറ്റുന്ന ചില അടവുകള്‍ മാത്രമാണ്. ചുരുക്കത്തില്‍, വൈക്കം സത്യാഗ്രഹത്തിന്റെ ജനാധിപത്യപരമായ പ്രാധാന്യത്തെക്കുറിച്ചുള്ള വാദഗതികള്‍ കീഴാളരെ കബളിപ്പിക്കാനുള്ള, അവരുടെ സമരങ്ങളെ തമസ്കരിക്കാനുള്ള കമ്യൂണിസ്റ്റുകാരുടെ വിദ്യകള്‍ മാത്രമാണ് എന്നാണ് ഇക്കൂട്ടരുടെ വാദം.

ഇത്തരം വാദഗതികള്‍ക്ക് സാമൂഹ്യശാസ്ത്രപരമായി ഒരു പ്രസക്തിയുമില്ല. വൈക്കം സത്യാഗ്രഹം നടന്ന കാലഘട്ടത്തിന്റെയോ അതിനുശേഷം നടന്ന സംഭവവികാസങ്ങളുടെയോ ഗൗരവമുള്ള പരിശോധനയുടെയോ അടിസ്ഥാനത്തിലല്ല ഈ നിഗമനങ്ങളില്‍ എത്തുന്നത്. അങ്ങിനെ പരിശോധിച്ചിരുന്നെങ്കില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയും സഹോദരപ്രസ്ഥാനവും പുലയമഹാസഭയും അംബേദ്‌കറിന്റെ എസ് സി എഫും ഒന്നിച്ചു നയിച്ച കുട്ടംകുളം സമരം അവരുടെ ശ്രദ്ധയില്‍പെടുമായിരുന്നു. ഇതേ മാതൃകയില്‍ നടന്ന നിരവധി സമരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. ആലപ്പുഴ മുല്ലക്കല്‍ ക്ഷേത്രത്തിനു മുമ്പില്‍കൂടി അവര്‍ണയായ കാളിക്കുട്ടി ആശാട്ടി നയിച്ച സ്ത്രീകളുടെ ജാഥയില്‍ അരയസമുദായത്തിലെ ആദ്യത്തെ ഡോക്ടര്‍ ആയിരുന്ന വിശ്വലക്ഷ്മി സ്വമേധയാ പങ്കെടുത്തത് എന്തിന് എന്ന് ചോദിക്കുമായിരുന്നു. ഈ വക പ്രശ്നങ്ങള്‍ സാമൂഹ്യശാസ്ത്രവിദ്യാര്‍ഥികള്‍ക്കുള്ളതാണ്, അതിനെ ഉപയോഗിച്ച് രാഷ്ട്രീയപ്രചാരവേല നടത്തുന്നവര്‍ക്ക് ഇതിന്റെയൊന്നും ആവശ്യമില്ലല്ലോ.

അവരുടെ രാഷ്ട്രീയം എന്താണ്? ഇടതുപക്ഷവിരുദ്ധ രാഷ്ട്രീയം എന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും വിശദീകരിക്കുക എളുപ്പമല്ല. ഇടതുപക്ഷത്തില്‍ ഇടതുപക്ഷമില്ലെന്നും അവരെല്ലാം മൃദുഹിന്ദുത്വത്തിന്റെയും ബ്രാഹ്മണ സംസ്കാരത്തിന്റെയും വക്താക്കളാണെന്നും വാദിക്കുന്നവരാണ് നല്ലൊരു ശതമാനവും.എന്നാല്‍ അവര്‍ വിശദീകരിക്കുന്ന യഥാര്‍ത്ഥ ഇടതുപക്ഷം എന്താണ്? വിമര്‍ശകരില്‍ ഒരാള്‍ അതിനെ ഒരുകാലത്ത് വിശദീകരിച്ചിരുന്നത് പൗരസമൂഹത്തിന്റെ രാഷ്ട്രീയം എന്നും ഭരണകൂടവിരുദ്ധത എന്നുമാണ്. ഇപ്പോള്‍ ആ പദങ്ങളും അദ്ദേഹം ഉപേക്ഷിച്ചിരിക്കുന്നു. കീഴാളരുടെ നൈസര്‍ഗിക ജനിതകരാഷ്ട്രീയത്തില്‍ തന്നെയാണ് അദ്ദേഹം ഊന്നുന്നത്. ജനസംഖ്യാബദ്ധം കൂടിയായ ഈ ജനിതകസ്വത്വരാഷ്ട്രീയമാണ് യഥാര്‍ത്ഥ ഇടതുപക്ഷം. ദളവാക്കുളത്തില്‍ മരിച്ചവരും നങ്ങേലിയും അവരുടെ പിന്തുടര്‍ച്ചക്കാരായ കീഴാള പോരാളികളുമാണ് യഥാര്‍ത്ഥ ഇടതുപക്ഷം. അദ്ദേഹം അവതരിപ്പിക്കുന്ന വൈക്കം സത്യാഗ്രഹത്തിന്റെ നൈതികതയില്‍ കേരളജനതയുടെ സമൂഹഘടനയിലും ബോധമണ്ഡലത്തിലും വളര്‍ന്നുവന്ന മാറ്റങ്ങളും പ്രശ്നമല്ല. ഇവയെല്ലാം കീഴാളപോരാട്ടങ്ങളെ അമര്‍ച്ച ചെയ്യാനുള്ള സവര്‍ണരുടെ കുത്സിത തന്ത്രങ്ങളായി മാത്രമേ അദ്ദേഹം കാണുന്നുള്ളൂ. ഇതിനൊന്നും പ്രത്യേകിച്ചു തെളിവുകളൊന്നും അദ്ദേഹം നിരത്തുന്നില്ല.അതിന്റെ ആവശ്യമുണ്ടെന്നും അദ്ദേഹം കരുതുന്നില്ല. കെ ആര്‍ നാരായണന്റെയും ആ പ്രദേശത്ത്കാരന്‍ കൂടിയായ ദളിത്ബന്ധു എന്‍ കെ ജോസിന്റെയും അവതരണങ്ങളിലാണ് ദളവാക്കുളം സംഭവം പ്രത്യക്ഷപ്പെടുന്നത്. ഒരു പടപ്പാട്ട് ഉണ്ടെന്നു പറയപ്പെടുന്നുണ്ടെങ്കിലും പൂര്‍ണരൂപം ഉണ്ടോ എന്ന് അറിയില്ല. നങ്ങേലിയുടെ കഥയും ഇതുപോലെ ഒരു പ്രാദേശിക വഴക്കമാണ് , മറ്റു തെളിവുകളില്ല. തെളിവുകള്‍ ഇല്ല എന്നു കരുതി ഇവയെ തള്ളിക്കളയേണ്ട കാര്യവുമില്ല. ജാതിജന്മിനാടുവാഴിത്തത്തിനെതിരായ പോരാട്ടങ്ങളുടെ പട്ടികയില്‍ ഇവയെ പെടുത്താന്‍ ആവശ്യമായ സാമഗ്രികളുടെ ശേഖരണമാണ് ആവശ്യം.

പക്ഷെ, അത് വൈക്കം സത്യഗ്രഹത്തെ സംബന്ധിച്ച നൈതികപ്രശ്നമല്ല. ഇന്ത്യയില്‍ വളര്‍ന്നുവന്ന പൊതുജനാധിപത്യപ്രസ്ഥാനം ഏതെങ്കിലും വിധത്തില്‍ കീഴാളരുടെ ആവശ്യങ്ങള്‍ തമസ്കരിക്കുകയും അതിനുപകരം സ്വന്തം, അതായത് സവര്‍ണ നിലപാടുകള്‍ക്ക് അനുസരിച്ചു മാത്രം സമരം നടത്തുകയും ചെയ്തു എന്ന് തെളിയിച്ചാല്‍ അത് നൈതികപ്രശ്നമാണ്. ഗാന്ധി സ്വന്തം വഴിക്ക് സത്യഗ്രഹത്തെ കൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന് പറയുന്നുണ്ട്. അദ്ദേഹത്തിന് താല്പര്യമില്ലാത്തവരെ പിന്‍വലിച്ചു എന്നും.അത് വൈക്കത്തിനു മാത്രമല്ല ഗാന്ധിജി ഇടപെട്ട എല്ലാ സമരങ്ങള്‍ക്കും ബാധകമാണ്. അത് എങ്ങനെയാണ് കീഴാള സമരങ്ങളെ മുഴുവന്‍ തകര്‍ക്കാനുള്ള സവര്‍ണതന്ത്രത്തിന്റെ ഭാഗമാകുന്നത്? അത്തരം തന്ത്രത്തില്‍ ഗാന്ധിയെ ഇതേ കാരണങ്ങള്‍കൊണ്ട് പിന്നീട് നിശിതമായി വിമര്‍ശിച്ച ഇ എം എസ്സും കൃഷ്ണപിള്ളയും പങ്കാളികളാകുന്നത് എങ്ങനെയാണ്? പിന്നീട് നടന്ന ഗുരുവായൂര്‍ സത്യഗ്രഹത്തിലും ഗാന്ധി ഇടപെടുന്നുണ്ട്. അവിടേയും സമരത്തെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കേളപ്പനോടൊപ്പം പ്രധാന പങ്ക് കൃഷ്ണപിള്ളയ്ക്കും എ കെ ജിക്കും തന്നെയാണ്.

ഇതെല്ലാം കാണിക്കുന്നത് ഇന്ന് പകല്‍പോലെ വ്യക്തമായിരിക്കുന്ന അതേ വസ്തുതയാണ്. കീഴാള പോരാട്ടങ്ങളെ ശക്തമായി എതിർത്തുപോന്ന വിഭാഗങ്ങളുണ്ട്. അത് സമ്പന്നഭൂവുടമവര്‍ഗങ്ങള്‍ ആണ്. അവരുടെ ആശയസംഹിതകള്‍ ചുമക്കുന്നത് ഹിന്ദുത്വവാദികള്‍ ആണ്. മുതലാളിത്തബന്ധങ്ങള്‍ ശക്തിപ്പെടുന്ന ഇന്നത്തെ ഘട്ടത്തില്‍ ജാതിയുടെ ശ്രേണീബന്ധങ്ങളും മതസംഹിതകളും ഉപയോഗിച്ച് സ്വന്തം തട്ടകങ്ങള്‍ നിലനിര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് ഈ വിഭാഗങ്ങള്‍. ഹിന്ദുത്വവാദികളുടെ ഗവൺമെന്റ് അഖിലേന്ത്യാതലത്തില്‍ ഏറെക്കാലമായി ഭരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്കെതിരെ പോരാടാന്‍ തയ്യാറുള്ള എല്ലാവരെയും ഒരുമിച്ചുകൊണ്ടുവരേണ്ടത് ഇന്നത്തെ ആവശ്യവുമാണ്. പക്ഷേ നമ്മുടെ പണ്ഡിതര്‍ക്ക് ഇത്തരം ലക്ഷ്യങ്ങളൊന്നും പ്രശ്നമല്ല. അവര്‍ക്ക് അത്തരത്തിലുള്ള സംഘടിതരാഷ്ട്രീയത്തിലും താല്പര്യമില്ല.വൈക്കത്ത് അവര്‍ കാണുന്ന പ്രധാന നൈതികപ്രശ്നം അതിന്റെ സംഘടിത സ്വഭാവം തന്നെയാണ്. അവര്‍ മുന്നോട്ടുവെക്കുന്ന ജനിതകസ്വത്വരാഷ്ട്രീയം ദളവാകുളങ്ങളുടെ ആവർത്തനമാണ്. ഇന്നത്തെ സാഹചര്യത്തില്‍ ഹിന്ദുത്വ ജനസംഖ്യാ രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷ ദളിത്‌ ബഹുജന രാഷ്ട്രീയത്തിന്റെ ജനസംഖ്യയെ ഉപയോഗിച്ച് നേരിടാന്‍ അവര്‍ ശ്രമിക്കുന്നു. അങ്ങനെ ആലോചിക്കുമ്പോള്‍ ,പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒരു വിഭാഗം കീഴാളപക്ഷത്തോടൊപ്പം നില്‍ക്കുകയും അവരെ ചേർത്തുപിടിച്ച് ന്യൂനപക്ഷതിന്റെയും മറ്റു പോരാടുന്ന എല്ലാ വിഭാഗങ്ങളുടെയും പിന്തുണയോടെയും ഹിന്ദുത്വത്തെ നേരിടാന്‍ ശ്രമിക്കുന്നത‍് ഇടതുപക്ഷമാണ്. അങ്ങിനെ ഒരു ഇടതുപക്ഷത്തെ അവര്‍ക്ക് ആവശ്യമില്ല. കാരണം ഇന്നത്തെ ഇടതുപക്ഷം ഇക്കൂട്ടര്‍ പ്രതിനിധാനം ചെയ്യുന്ന ജനിതകസ്വത്വരാഷ്ട്രീയത്തിന് എതിരാണ്.

കേരളത്തില്‍ വളര്‍ന്നുവന്ന ബൂര്‍ഷ്വാ ലിബറല്‍ ജനാധിപത്യപ്രക്രിയയുടെ ശക്തമായ ആദ്യത്തെ ആവിഷ്കാരമായിരുന്നു വൈക്കം സത്യാഗ്രഹം. അന്ന് തന്നെ സ്വത്തുടമകളും പണിയാളരും തമ്മിലുള്ള വൈരുധ്യം ഈ പ്രക്രിയയില്‍ പ്രകടമായിരുന്നുവെന്ന് മലബാര്‍ പ്രക്ഷോഭവും വളര്‍ന്നുവന്ന തൊഴില്‍ സമരങ്ങളും തെളിയിച്ചു. ചരിത്രപരമായി ഭൂവുടമകളില്‍ വന്‍ ഭൂരിപക്ഷവും സവര്‍ണരാണ്. അവരോടൊപ്പം കൊളോണിയല്‍ കാലഘട്ടത്തില്‍ വളര്‍ന്നുവന്ന സമ്പന്നവര്‍ഗവും ചേരുന്നുണ്ട്. പിന്നീട് ജനാധിപത്യരാഷ്ട്രീയത്തിന്റെ ഭാഗമായി നടന്ന സമരങ്ങളില്‍ ഇവരും ബഹുഭൂരിപക്ഷം വരുന്ന പണിയാളരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പ്രധാനമായി. കേരളത്തില്‍ കര്‍ഷക-ത്തൊഴിലാളി ബഹുജനപ്രക്ഷോഭങ്ങള്‍ വളര്‍ന്നു വരുന്നതിന്റെ പശ്ചാത്തലം ഇതാണ്. ഈ പ്രക്ഷോഭങ്ങളാണ് സമൂഹത്തിലെ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമായി മാറുന്നത്. ഇതിന്റെ അര്‍ഥം ലിബറല്‍ ജനാധിപത്യരാഷ്ട്രീയം തന്നെ അവര്‍ണരെ കബളിപ്പിക്കുകയായിരുന്നു എന്നാണോ? ഇതിന്റെ അര്‍ഥം അംബേദ്‌കര്‍ അടക്കമുള്ളവര്‍ പിന്തുണച്ച ജനാധിപത്യരാഷ്ട്രീയം ആത്യന്തികമായി അവര്‍ണര്‍ക്ക് എതിരായിരുന്നു എന്നാണ്. ജനാധിപത്യരാഷ്ട്രീയത്തിലെ സ്വത്തുടമാവിഭാഗം കീഴാളരാഷ്ട്രീയത്തിനു എതിരായിരുന്നു എന്ന് വാദിച്ചാല്‍ അത് അംഗീകരിക്കാം. സ്വത്തുടമാവർഗത്തിന് എതിരായ വിഭാഗവും കീഴാളര്‍ക്ക് എതിരായിരുന്നു എന്ന് വാദിച്ചാല്‍ അത് ചരിത്രവിരുദ്ധമാണ്. നാടുവാഴിത്തത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിന്റെ പുരോഗമനപരമായ സ്വഭാവത്തിനുതന്നെ എതിരുമാണ്.

ഇത്തരം ജനിതകസ്വത്വരാഷ്ട്രീയത്തിന്റെ സ്വരം മുമ്പ് കേട്ടുമറന്നതാകാം.ജനാധിപത്യ രാഷ്ട്രീയത്തിന് സോഷ്യലിസത്തിനു പുറമെയുള്ള ഏറ്റവും ശക്തമായ ഭാവാന്തരം വംശീയതയാണ്. ഹിറ്റ്ലറുടെ ആര്യ വംശീയവാദത്തിലും സെമിറ്റിക്–വിരുദ്ധതയിലും സ്ലാവ് വിരുദ്ധതയിലും ജൂതരുടെ സിയോണിസത്തിലും ഇപ്പോള്‍ യൂറോപ്പില്‍ ഉള്ള ഇസ്ലാമോഫോബിയയിലും അഫ്രിക്കന്‍ വർണവെറിയിലുമെല്ലാം വംശീയതയുണ്ട്. വംശീയത ജനിതകസ്വത്വവാദമാണ്, ജനാധിപത്യവിരുദ്ധവുമാണ്. ഒരു വിഭാഗം മറുവംശത്തോടു ചേര്‍ന്ന് നില്‍ക്കുന്നതാണെന്ന് അറിഞ്ഞാല്‍ പിന്നെ അവരുമായി ഒരു ബന്ധവും പാടില്ല; ഒരു വംശത്തിനു അവരുമായി ചേര്‍ന്നുനില്കുന്നവരുമായുള്ള സാഹോദര്യത്തിന്റെയോ അന്തർവിഭാഗീയതയുടെയോ അടിസ്ഥാനത്തില്‍ ജനാധിപത്യത്തെ നിര്‍ണയിക്കാം . ഇല്ലെങ്കില്‍ അത് സ്വന്തം വംശത്തിന്റെ തകർച്ചയ്ക്ക് കാരണമാകും. എല്ലാവിധ ജനസംഖ്യാരാഷ്ട്രീയത്തിന്റെ യുക്തിയും ഇതുതന്നെയാണ്. ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പ്രധാന വാദംതന്നെ മറുവംശം, അതായത് ഇസ്ലാം പെറ്റുപെരുകുന്നു എന്ന് സ്ഥാപിക്കുകയാണ്. നമ്മുടെ വിമര്‍ശകപണ്ഡിതന്‍ ചെയ്യുന്നത്, കീഴാളരുടെ ജനസംഖ്യയും അവരുടെ കലാപങ്ങള്‍ സൃഷ്ടിച്ചതായി കരുതുന്ന ഭീതിയും സവര്‍ണരുടെ ഇടപെടലിന് കാരണമായി എന്ന് ആരോപിക്കുകയാണ്. സവര്‍ണരുടെ ഇടയിലെ ചര്‍ച്ചകളോ കേശവമേനോന്റെയോ കേളപ്പന്റെയോ ഇ എം എസ്സിന്റെയോ ഏതെങ്കിലും ലേഖനങ്ങളോ അദ്ദേഹം സാമഗ്രിയായി ഹാജരാക്കുന്നുമില്ല. അതായത്, അദ്ദേഹം ഇത്തരം സംഭവങ്ങള്‍ വിശദീകരിക്കുന്നതിനു സ്വാഭാവികമായി ഉപയോഗിക്കുന്ന യുക്തി അനുസരിച്ച് അവരുടെ നിലപാടുകള്‍ വിലയിരുത്തുന്നു. അങ്ങനെ മാത്രമേ അദ്ദേഹത്തിന് വൈക്കം സത്യാഗ്രഹത്തിന്റെ ദേശീയ ജനാധിപത്യസ്വഭാവത്തെ വിമര്‍ശിക്കാനും അത് കീഴാളരുടെ ജനിതകസ്വത്വരാഷ്ട്രീയത്തിന് എതിരാണെന്ന് വരുത്താനും സാധിക്കുകയുള്ളൂ. അക്കൂട്ടത്തില്‍ കീഴാളരോടൊപ്പം നിലയുറപ്പിച്ച കമ്യൂണിസ്റ്റുകാരെയും സവര്‍ണ കുറുക്കന്മാരായി ചാപ്പ കുത്തുന്നതോടെ തന്റെ ജനിതക ദൗത്യം അദ്ദേഹം പൂര്‍ത്തിയാക്കുന്നു. ഈ യുക്തി ജനാധിപത്യയുക്തിയല്ല, വംശീയ യുക്തിയാണെന്നു മാത്രം. ഒരു ജനിതകസമുദായത്തിന്റെ സ്വയംനിര്‍ണയാവകാശം സ്ഥാപിക്കാനുള്ള ഏറ്റവും ശക്തമായ ആയുധവും വംശീയതയാണല്ലോ. ഭൗതിക ഘടകങ്ങളില്ലാതെ കേവലമനോഭാവമായി മാറുന്ന ജാതീയത, വംശീയതയുടെ മറ്റൊരു രൂപമാണ്. അതോടെ കീഴാളരുടെ ഐക്യം കീഴാളവംശീയതയുടെ ഐക്യമായി മാറുന്നു. ജനാധിപത്യം ജനിതകജനസംഖ്യകളുടെ എണ്ണം തീരുമാനിക്കുന്നു. ഇത് ശരിയാണെങ്കില്‍ ഇതേ രീതിയിലുള്ള ആര്‍ഷഭാരത വംശീയത അവകാശപ്പെടുന്ന ഹിന്ദുത്വത്തിനും ഇന്ത്യ ഭരിക്കാനുള്ള അവകാശം പൂര്‍ണമായി ഉണ്ടാകും. ചുരുക്കത്തില്‍, മതനിരപേക്ഷജനാധിപത്യം ഈ പണ്ഡിതമതം അനുസരിച്ച്, അപ്രസക്തമാകുകയും അതനുസരിച്ചു രൂപംകൊണ്ട ലിബറല്‍ ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രീയം ഇല്ലാതാകുകയും ചെയ്യുന്നു. ശേഷിക്കുന്നത് ജനിതകസ്വത്വരൂപങ്ങളും അവ സൃഷ്ടിക്കുന്ന ഫാഷിസ്റ്റ്‌ രാഷ്ട്രങ്ങളുമാണ്. നമ്മുടെ ഇത്തരം പണ്ഡിതരുടെ വാഗ്ദത്തഭൂമിയും അതായിരിക്കും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fifteen − 14 =

Most Popular