‘‘തടവിലാക്കപ്പെട്ടു എങ്കിലും സത്യാഗ്രഹം തുടരണം. ബഹുജനത്തിന്റെ പിന്തുണയ്ക്ക് ഒരു കുറവുമില്ല. വേണ്ടുവോളം വളന്റിയർമാരും ഉണ്ട്. എന്നാൽ നേതാക്കളാണ് വേണ്ടത്. ദേവദാസ് ഗാന്ധിയെയോ, മഹാദേവ് ദേശായിയെയോ ഇവിടേയ്ക്കയക്കണം’’. ഇത് ഗാന്ധിജിക്കു വൈക്കം സമര നായകരിൽ ഒരാളായിരുന്ന ജോർജ് ജോസഫ് അയച്ച കമ്പിസന്ദേശമാണ്.
1924 മാർച്ച് 30, അന്നാണ് വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം. ഏപ്രിൽ 10- ആകുമ്പോഴേയ്ക്കും, സമര നേതാക്കൾ എല്ലാവരെയും തിരുവിതാംകൂർ സർക്കാർ തടവിലാക്കി. സത്യാഗ്രഹ സമരം നയിക്കാൻ ആളെ അയയ്ക്കാൻ ഗാന്ധിജിയോട് ജോർജ് ജോസഫ് ആവശ്യപ്പെട്ടു. ഈ സമരത്തിന്റെ തലച്ചോറായി പ്രവർത്തിച്ച ആളായിരുന്നു ജോർജ് ജോസഫ്. നേതാക്കളുടെ മാർഗനിർദേശങ്ങളുടെ അഭാവത്തിൽ, സമരം പൊളിയില്ല. മദ്രാസ് കോൺഗ്രസ് നേതൃത്വം അത് ഉറപ്പു വരുത്തുമെന്നു ഗാന്ധിജി വിശ്വസിച്ചു.
സമര സമിതി നേതാവായ കുറൂർ നീലകണ്ഠൻനമ്പൂതിരിപ്പാടും കൂട്ടരും കൂടിയാലോചന നടത്തി, അതിൽ, മദ്രാസ് പ്രദേശ് കോൺഗ്രസ്സ് പ്രസിഡന്റ് പെരിയാറിനെ ക്ഷണിയ്ക്കാൻ തീരുമാനിച്ചു. ബാരിസ്റ്റർ ജോർജ് ജോസഫും കെ.പി. കേശവ മേനോനും കൂടി പെരിയാറിന് കമ്പി സന്ദേശം അയച്ചു. “‘താങ്കൾ വന്നു വേണം, സമരത്തെ പുനരുജ്ജീവിപ്പിക്കാൻ. വന്നില്ലെങ്കിൽ, നമുക്കു മാപ്പ് പറയാതെ തരമുണ്ടാവില്ല’’.
അന്ന്, ഇന്നത്തെ തേനി ജില്ലയിൽ, പണ്ണപുരം ഗ്രാമത്തിൽ ആയിരുന്ന പെരിയാർ. ഉടൻ തന്നെ തന്റെ സ്വന്തം നാടായ ഈറോഡിലേക്ക് തിരിച്ചു. അവിടുന്ന്, കോയമ്പത്തൂരുകാരനായ അയ്യാമുത്തു, സേലം രാമനാഥൻ എന്നിവരോടു കൂടി നാഗർകോവിൽ നിന്ന് എം. ജി നായിഡുവിന്റെ കാറിൽ, വൈക്കത്തേയ്ക്കു പുറപ്പെട്ടു. അദ്ദേഹത്തെ വരവേല്ക്കാൻ, ഉന്നത പൊലീസ് ഉദ്യോഗസ്തനെയും തഹസിൽദാരെയും രാജാവ് ചുമതലപെടുത്തിയിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. രാജാവ് ഡൽഹി സന്ദർശിക്കുമ്പോൾ, ഈറോഡ് വഴിയാണ് യാത്ര ചെയ്തിരുന്നത്. ഈറോഡ് എത്തുമ്പോൾ, പെരിയാറിന്റെ ബംഗ്ളാവിലായിരുന്നു വിശ്രമിച്ചിരുന്നത്.
പെരിയാർ പല ഇടങ്ങളിലും, തീപ്പൊരി പ്രസംഗങ്ങൾ തുടർന്നു. വൈക്കം പോരാട്ടം തുടങ്ങി പതിനഞ്ചാം നാൾ, അതായത്, ഏപ്രിൽ 13-ന് പെരിയാർ വൈക്കത്ത് എത്തി. ഈറോഡിൽ നിന്ന് യാത്ര തിരിക്കും മുമ്പ് ഒരു പ്രസ്താവന ഇറക്കി. അതിൽ, ‘‘കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് 1924 ഏപ്രിൽ 4-ന് അയച്ച കത്തിൽ ഉടൻ വരണമെന്ന് അപേക്ഷിച്ചിരുന്നു. തമിഴ് നാട്ടിൽ എനിക്കുണ്ടായിരുന്ന കടമകൾ നിറവേറ്റുന്നതിനുള്ള തടസ്സവും, സംഘടന പൊതുവിൽ നേരിട്ടു കൊണ്ടിരിക്കുന്ന പ്രയാസങ്ങളും എനിക്കറിയാം. എങ്കിലും, കേരളത്തിൽ നിന്ന് വന്നിരിക്കുന്ന ഈ ക്ഷണം നിരസിക്കാൻ നിർവാഹമില്ല. അതുകൊണ്ട്, പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ താത്ക്കാലിക ചുമതല രാജാജിയെ ഏല്പിച്ചിരിക്കുന്നു’. പെരിയാർ ഏപ്രിൽ 14-ന് 12 വളന്റിയർമാരോടു കൂടി സമരത്തിൽ അണിചേർന്നു.
തിരുവനന്തപുരത്ത് കെ.ജി. കുഞ്ഞുപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. ആ പ്രസംഗത്തിന്റെ സംക്ഷിപ്ത രൂപം, തിരുവിതാംകൂർ സർക്കാർ രേഖകളിൽ ഇപ്രകാരം കാണാം. ‘‘ഓരോ വിരലുകൾ, ഓരോ പണികൾ ചെയ്താലും എല്ലാ വിരലുകളെയും നാം ഒരുപോലെ തന്നെയാണല്ലോ കാണുന്നത്. അതുപോലെ സമന്മാരായി നടക്കാൻ ഓരോ ഹിന്ദുവിനും അവകാശമുണ്ട്. അയാൾ ബ്രാഹ്മണനോ, പുലയനോ ആകട്ടെ ചത്ത മൃഗങ്ങളെ വെട്ടിമുറിയ്ക്കുന്ന പറയന് തീണ്ടായ്മയെങ്കിൽ, മനുഷ്യ ശരീരത്തെ കീറി മുറിയ്ക്കുന്ന ബ്രാഹ്മണ ഡോക്ടർമാരും നായർ ഡോക്ടർമാരും തീണ്ടാരികളാണോ? കള്ള് ചെത്തുന്ന തീയ്യൻ താഴ്ന്ന ജാതിയെങ്കിൽ, ആ കള്ള് മോന്തുന്നവർ എത്ര മോശക്കാരാണ്; കള്ള് ചെത്താൻ കൊടുക്കുന്നവർ അതിലും വലിയ മോശക്കാരായിരിക്കും; ഈ കള്ളിന് കരം ഈടാക്കുന്ന സർക്കാർ ഇവരെല്ലാവരെക്കാളും എത്ര വലിയ മോശക്കാരായിരിക്കും.’’
പെരിയാറിനു പ്രസംഗിക്കാൻ വിലക്ക്
പെരിയാറിന്റെ പ്രസംഗങ്ങൾ സൃഷ്ടിക്കുന്ന ഭവിഷ്യത്തുകൾ കണ്ട് തിരുവിതാംകൂർ സർക്കാർ പേടിച്ചു വിറച്ചു. അദ്ദേഹം പ്രസംഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 15 മുതൽ 29 വരെ 15 ദിവസം ആ വിലക്ക് നിലനിന്നു. തിരുവിതാംകൂർ രാജ്യത്ത് പ്രസംഗിക്കാൻ വിലക്ക് എങ്കിൽ, അതിന്റെ തന്നെ ഭാഗമായ കോട്ടയം ജില്ലയിൽ വരാനോ, താമസിക്കാനോ പോലും പാടില്ലെന്ന് 1924- മെയ് 3ന് ജില്ലാ മജിസട്രേട്ട് എം.വി. സുബ്രമണ്യ അയ്യർ ഉത്തരവിട്ടു. ഉത്തരവുകൾ കൈപ്പറ്റിയ പെരിയാർ, അത് ലംഘിക്കുമെന്ന് മെയ് 18-ന് വൈക്കത്ത് പ്രഖ്യാപിച്ചു. അതിന് തടവിലാക്കപ്പെടുകയും ചെയ്തു. ഒരു മാസത്തെ വെറും തടവായിരുന്നു, 1924- മെയ് 23 ലെ വിധി.
ഈഴവരോടുള്ള
പെരിയാറിന്റെ ആഹ്വാനം
‘‘സത്യാഗ്രഹം തുടരണം. ഓരോ ഈഴവനും ഓരോ ആണും പെണ്ണും സത്യാഗ്രഹത്തിൽ പങ്കെടുക്കണം. ദേശദ്രോഹികൾ എന്ന പേരു നേടാൻ പാടില്ല.’ പെരിയാറിന്റെ ആഹ്വാനം ചെവിക്കൊണ്ട്, ജനം സത്യാഗ്രഹത്തിൽ കൂട്ടമായി പങ്കെടുത്തു. തമിഴ്നാട്ടിൽ നിന്നു പോലും വളന്റിയർമാരെത്തി. ഒരാഴ്ചയോളം വൈക്കം പൊലീസ് സ്റ്റേഷനിൽ റിമാൻഡിൽ കഴിഞ്ഞ പെരിയാറിനെ മെയ് 28-ന് അരുക്കുറ്റി ജയിലിലേയ്ക്കു മാറ്റുകയും ജൂണ് 21-ന് വിട്ടയയ്ക്കുകയും ചെയ്തു.
ജയിൽമോചിതനായെത്തിയ പെരിയാറിന് വെെക്കത്ത് വരവേല്പ് നല്കി. വിലക്കു ലംഘിച്ച് പ്രസംഗിച്ചു. രണ്ടാം തവണ വിലക്കു ലംഘിച്ചതു കൊണ്ട് 4 മാസം കഠിന തടവിന് ജില്ലാ മജിസ്ട്രേട്ട് ശിക്ഷിച്ചു. അങ്ങനെ, ഒരു തടവു കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ വീണ്ടും തടവിലായി. ഇത്തവണ തിരുവനന്തപുരം സെൻട്രൽ ജയിലിലാണ് അദ്ദേഹത്തെ പാർപ്പിച്ചത്.
വൈക്കം പോരാട്ടം തുടങ്ങിയ കെ പി. കേശവ മേനോൻ, പില്ക്കാലത്ത് ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചു. വളരെക്കാലം മാതൃഭൂമി ദിനപ്പത്രത്തിന്റെ പത്രാധിപരുമായിരുന്നു. അദ്ദേഹം തന്റെ ആത്മകഥയിൽ, വൈക്കം പോരാട്ടത്തിൽ പെരിയാറിന്റെ പങ്കിനെക്കുറിച്ച് ഇപ്രകാരം കുറിച്ചു ‘‘കാലുകളിൽ ചങ്ങല, കൈകളിൽ വിലങ്ങ്, തലയിൽ തടവുകാർക്കുള്ള തൊപ്പി, കഴുത്തിൽ തടവുകാരന്റെ നമ്പർകുറിച്ച മരപ്പട്ട ഇതെല്ലാം ചുമന്നുകൊണ്ട് കൊള്ളക്കാരും കൊലയാളികളുമായ തടവുകാരുടെ ഇടയിൽ ഇ.വി. രാമസാമിയും ജോലിചെയ്തുകൊണ്ടിരുന്നു. സാധാരണ തടവുകാർ ചെയ്യുന്ന ജോലിയുടെ രണ്ടിരട്ടി പണി പെരിയാർ ചെയ്തു. രാഷ്ട്രീയ തടവുകാരനായി അദ്ദേഹത്തെ പരിഗണിക്കണമെന്നും, അവർക്കുള്ള സാമാന്യ ഇളവുകൾ അനുവദിക്കണമെന്നും പലരും ആവശ്യപ്പെട്ടു. ഇതൊന്നും കൂട്ടാക്കാതെ, തിരുവിതാംകൂർ സർക്കാർ അദ്ദേഹത്തെ പീഡിപ്പിച്ചു. തടവിൽ നിന്നു പുറത്തുവന്ന ശേഷം, താൻ അനുഭവിച്ച വേദനകളെക്കുറിച്ച്, നർമ രൂപേണ നാഗർകോവിലിൽ വച്ച് ഇങ്ങനെ പ്രസ്താവിച്ചു. ‘‘നമ്മൾ ജയിലിൽ കഷ്ടപ്പെട്ടതോർത്ത് ആരും ദുഃഖിക്കേണ്ട, നമ്മളെ വിട്ടയച്ചതാണ് ഏറെ ദുഃഖിപ്പിച്ചത്’’.
ഉന്നത ജാതിക്കാരനായ ഹിന്ദു എന്ന നിലയിൽ ഉള്ള ഒരാൾ, കേരളത്തിൽ തീണ്ടായ്മ നേരിടുന്ന ജനതയ്ക്കായുള്ള അവകാശ പോരാട്ടത്തിനു വേണ്ടി ത്യാഗം സഹിച്ച‍്, നമുക്ക‍് ഒരു പുതു ജീവിതം നല്കിയിരിക്കുന്നു എന്ന് കെ.പി. കേശവ മേനോൻ രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവിതാംകൂർ രാജാവ് മരിച്ചതിനെത്തുടർന്ന് യുവ രാജാവ് ചുമതലയേറ്റു. അന്നേരം സദുദ്ദേശ്യപരമായ ഒരു നടപടി എന്ന നിലയ്ക്ക്, പെരിയാർ ഉൾപ്പെടെ 19 പേർക്കും തടവിൽ നിന്ന് മോചനം കിട്ടി. അപ്രകാരം, 43 ദിവസത്തെ കാരാഗൃഹ വാസത്തിന് അറുതിയായി.
പെരിയാറിന്റെ മോചനത്തിന് ശേഷം, കെ.പി. കേശവ മേനോൻ ഇറക്കിയ പ്രസ്താവനയിൽ കുറിച്ചത് ഇപ്രകാരം. ‘വൈക്കം ഉൾപ്പെടെ, എല്ലാ സ്ഥലങ്ങളിലും എല്ലാവർക്കും നടക്കാവുന്ന ഒരു സ്ഥിതി, സർക്കാർ അനുവദിക്കാൻ പോകുന്നതിന് മുന്നോടിയായിരുന്നു ഈ ജയിൽ മോചനമെന്നു നമ്മൾ കരുതുന്നു. ഇല്ലെങ്കിൽ വൈക്കം പോരാട്ടം വീണ്ടും തുടങ്ങും, പെരിയാർ തുടർന്നും പ്രചരണ പ്രവർത്തനങ്ങളിൽ മുഴുകി.
തിരുവിതാംകൂർ നിയമസഭയിൽ ഈഴവർക്കുള്ള സഞ്ചാര സ്വാതന്ത്ര്യ തീരുമാനം ഒരു വോട്ടിനു തോല്പിക്കപ്പെട്ടു. തുടർന്ന്, സത്യാഗ്രഹികളുടെ മേൽ ക്രൂരമായ അടിച്ചമർത്തലുകൾ അഴിച്ചുവിടപ്പെട്ടു. 1925 മാർച്ച് 25-ന് മദിരാശിയിലൂടെ വൈക്കത്തേക്ക് പോകുന്ന വഴിയിൽ, ഈറോഡിൽ ഗാന്ധിജിക്കു പെരിയാർ വരവേല്പ് നല്കി. വൈക്കത്ത് എത്തിയ ഗാന്ധിജി, പ്രദേശിക ബ്രാഹ്മണരോടും സത്യാഗ്രഹികളോടും സംസാരിച്ചു. അദ്ദേഹം 1925 മാര്ച്ച് 15-ന് വർക്കലയിൽ മഹാറാണിയെ കണ്ടു സംസാരിച്ചു. അന്നു തന്നെ ശിവഗിരിയിൽ ശ്രീനാരായണ ഗുരുവിനെയും സന്ദർശിച്ചു. വൈക്കത്ത് വെച്ച് ഗാന്ധിജി തിരുവിതാംകൂർ പൊലീസ് കമ്മീഷണർ ഡബ്ല്യൂ. പീറ്റുമായി കരാർ ഒപ്പിട്ടു. അതിനുശേഷം, പെരിയാർ ഉൾപ്പെടെയുള്ള നേതാക്കന്മാർക്കെതിരായി ഉണ്ടായിരുന്ന വിലക്കുകൾ സർക്കാർ പിൻവലിച്ചു. കോട്ടയം ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. “നമ്മൾ എല്ലാവർക്കുമായി വഴികൾ തുറന്നു കൊടുക്കാൻ ഒരുക്കമാണ്. എന്നാൽ, അതു പോരാ, എല്ലാവർക്കും ക്ഷേത്ര പ്രവേശനവും വേണമെന്ന് പെരിയാർ പറയുമല്ലോ, പെരിയാറോട് സംസാരിച്ച ശേഷം തിരിച്ചു വരൂ എന്ന് ഗാന്ധിജിയോട് മഹാറാണി അഭ്യർത്ഥിച്ചു. ഉടൻ തന്നെ, ഗാന്ധിജി പെരിയാറിനെ കണ്ട് അഭിപ്രായം ആരാഞ്ഞു.
ക്ഷേത്ര പ്രവേശനം കോൺഗ്രസ്സിന്റെ അജൻഡ അല്ല. എന്റെ ലക്ഷ്യമാണ്. അതിൽ നിന്ന് പിന്നോട്ടില്ല. എങ്കിലും, തല്ക്കാലം അത്തരം പോരാട്ടങ്ങൾ ഉണ്ടാകില്ലെന്ന് ഗാന്ധിജിയെ പെരിയാർ ധരിപ്പിച്ചു. പെരിയാറിന്റെ മറുപടി, മഹാറാണിയെ ഗാന്ധിജി അറിയിച്ചു. കിഴക്കേനട ഒഴികെ ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിൽ പിന്നാക്കക്കാർക്കും പട്ടിക ജാതിക്കാർക്കും പ്രവേശിക്കാനും നടക്കാനും അനുവദിച്ചു കൊണ്ടുള്ള കരാർ ഉണ്ടായി. സമരത്തിന്റെ വിജയാഘോഷം, പെരിയാറിന്റെ അദ്ധ്യക്ഷതയിൽ, 1925- നവംബർ 29ന് നടന്നു. കെ കേളപ്പൻ, മന്നത്ത് പത്മനാഭൻ, റ്റി.കെ. മാധവൻ എന്നിവരും പങ്കെടുത്തിരുന്നു. യോഗത്തിൽ നാലായിരത്തിലധികം പേർ പങ്കെടുത്തു. വൈക്കം സമര ചരിത്രമെഴുത്തിന് തുടക്കം കുറിച്ച ചരിത്ര അദ്ധ്യാപകനായ പ്രൊഫസർ ടി. കെ. രവീന്ദ്രൻ എഴുതിയ ‘ക്ഷേത്ര പ്രവേശനം’, കെ.പി കേശവ മേനോൻ രചിച്ച, ‘ബന്ധനത്തിൽ നിന്ന്’ എന്നിവ പെരിയാറിന്റെ വൈക്കം സമര പങ്കാളിത്തം വെളിവാക്കുന്ന ചരിത്ര രേഖകളാണ്.
(തമിഴ്നാട് തീണ്ടായ്മ ഉച്ചാടന
മുന്നണിയുടെ സംസ്ഥാന
വൈസ് പ്രസിഡന്റാണ് ലേഖകൻ) ♦