ഇന്ത്യയിലെ മറ്റു നാട്ടുരാജ്യങ്ങളെക്കാള്‍ പലകാര്യങ്ങളിലും മുന്‍പന്തിയില്‍ നിന്നിരുന്ന തിരുവിതാംകൂറിനെ ബ്രിട്ടീഷുകാര്‍ ഒരു മാതൃകാ സംസ്ഥാനമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്. ധാരാളം സ്കൂളുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടം സാക്ഷരതയില്‍ മുന്‍നിരയിലായിരുന്നു. കേന്ദ്രീകൃത ഭരണസംവിധാനം നിലനിന്നിരുന്ന ഇവിടെ പരീക്ഷാസമ്പ്രദായത്തിലൂടെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നത്. കുറ്റമറ്റതല്ലെങ്കിലും ഏറെക്കുറെ തൃപ്തികരമായ രീതിയില്‍ ഭൂപരിഷ്കരണം നടപ്പിലാക്കിയിരുന്നു. മൈലുകളോളം നീണ്ടുകിടന്നിരുന്ന റോഡുകള്‍ ഇവിടുത്തെ പ്രത്യേകതയായിരുന്നു.
എന്നാല്‍ തിരുവിതാംകൂറിലെ താഴ്ന്ന ജാതിയില്‍പ്പെട്ടവരുടെ അവസ്ഥ വളരെ ശോചനീയമായിരുന്നു. തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും പേരില്‍ താഴ്ന്നജാതിക്കാര്‍ക്ക് പലതരം വിലക്കുകള്‍ ഉണ്ടായിരുന്നു. ഉയര്‍ന്ന ജാതിക്കാര്‍ ഉപയോഗിച്ചിരുന്ന പൊതുറോഡുകള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, എന്നിവിടങ്ങളില്‍ അവര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. നികുതി നല്‍കിവന്നിരുന്ന താഴ്ന്ന ജാതിക്കാര്‍ക്കും പൊതുസ്കൂളുകളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. താഴ്ന്ന ജാതിക്കാര്‍ക്കിടയില്‍ യൂറോപ്യന്‍ മിഷനറിമാര്‍ വിദ്യാഭ്യാസപ്രവര്‍ത്തനവും, അതോടൊപ്പംതന്നെ മതപരിവര്‍ത്തനവും നടപ്പിലാക്കി. യൂറോപ്യന്‍ തോട്ടം മുതലാളിമാര്‍ ഇവിടെ മൂലധനമിറക്കി നാണ്യവിള തോട്ടങ്ങള്‍ തുടങ്ങുകയും ഇവിടത്തെ നാളികേര ഉല്‍പന്നങ്ങളും മറ്റ് ഉല്‍പന്നങ്ങളും കയറ്റി അയക്കുകയും ചെയ്തു. 1920 കള്‍ എത്തുമ്പോഴേക്കും ഇവിടുത്തെ സമ്പദ്–വ്യവസ്ഥ നാണ്യവിളകളില്‍ അധിഷ്ഠിതമായി മാറിയിരുന്നു.
1871 ലെ ബ്രിട്ടീഷ് ഇന്ത്യന്‍ സെന്‍സസിന്റെ ചുവടുപിടിച്ച്, 1875 ല്‍ തിരുവിതാംകൂറില്‍ ആദ്യമായി ശാസ്ത്രീയമായ രീതിയില്‍ സെന്‍സസ് നടപ്പിലാക്കി. ഇവിടുത്തെ സെന്‍സസ് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നതിനെ അപേക്ഷിച്ച് സാമൂഹിക തരംതിരിവുകളുടെ യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നുകാട്ടുന്നതായിരുന്നു. ജാതി–തൊഴില്‍–സാമ്പത്തിക നിലകള്‍ എന്നിവയുടെ തൽ–സ്ഥിതിവിവരണമായിരുന്നു അതില്‍. അതത് പ്രദേശത്തുള്ളവര്‍ നടത്തിയ സെന്‍സസ് തിരുവനന്തപുരം കോളേജിലെ ഒരു ബ്രാഹ്മണ ബിരുദധാരിയായിരുന്നു റിപ്പോര്‍ട്ടാക്കിയത്.
സെന്‍സസിലൂടെ പുറത്തുവന്ന സ്ഥിതിവിവരക്കണക്കു പ്രകാരം താഴ്ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കളില്‍ ഏറ്റവും കൂടുതല്‍ ഈഴവരായിരുന്നു. ഇവരില്‍ ഭൂരിപക്ഷവും നെയ്ത്ത്, കൃഷി, പാട്ടക്കൃഷി, തെങ്ങുമായിബന്ധപ്പെട്ട തൊഴില്‍ തുടങ്ങിയവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരായിരുന്നു. 1870 കള്‍ മുതല്‍ തിരുവനന്തപുരം കോളേജില്‍ നിന്ന് ബിരുദം നേടുന്നവരുടെ എണ്ണത്തില്‍ ഇവരായിരുന്നു കൂടുതല്‍. എന്നാല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗങ്ങളും ഉയര്‍ന്ന ജാതിയില്‍പ്പെട്ട ഹിന്ദുക്കള്‍ക്ക് സംവരണം ചെയ്യപ്പെട്ടതുകൊണ്ട് ആധുനിക വിദ്യാഭ്യാസം നേടിയ പുതിയവിഭാഗത്തിനു തൊഴില്‍തേടി സംസ്ഥാനത്തിനു പുറത്തുപോകേണ്ടതായിവന്നു. ഇവിടെ തങ്ങിയവര്‍ കയര്‍, കൊപ്ര തുടങ്ങിയ വ്യവസായം വികസിച്ച പട്ടണങ്ങളായ ആലപ്പുഴ, കൊല്ലം തുടങ്ങിയ സ്ഥലങ്ങളില്‍ തൊഴില്‍ തേടിപ്പോയി. വാണിജ്യത്തിലേക്കുതിരിഞ്ഞ ഒരുവിഭാഗം തെങ്ങുമായിബന്ധപ്പെട്ട കയര്‍, കൊപ്ര തുടങ്ങിയ വ്യവസായത്തിലേര്‍പ്പെട്ടു. ആധുനികവിദ്യാഭ്യാസം ലഭിച്ചതോടു കൂടി ഇവര്‍ക്കിടയില്‍ ആശയവിനിമയവും സഞ്ചാരതാത്പര്യവും വര്‍ദ്ധിച്ചു.
20–ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്രിസ്ത്യന്‍, മുസ്ലീം, അവര്‍ണ്ണഹിന്ദു വിഭാഗങ്ങളില്‍നിന്നും വിദ്യാഭ്യാസം നേടിയ പുതിയൊരു വരേണ്യവര്‍ഗ്ഗം ഇവിടെ ഉയര്‍ന്നുവന്നിരുന്നു. അവര്‍ നിലനില്‍ക്കുന്ന പൗരജീവിതത്തെക്കുറിച്ചും അവകാശാധികാരങ്ങളെക്കുറിച്ചും സന്ദേഹവും ഉത്കണ്ഠയും പങ്കുവെക്കുന്നവരായിരുന്നു. അത് പതിയെ സാമൂഹികമായ സമ്മര്‍ദ്ദകൂട്ടായ്മയായി രൂപപ്പെട്ടുവന്നു. തല്‍ഫലമായി തിരുവിതാംകൂറിലെ അധഃകൃതവിഭാഗത്തിനെതിരെ നിലനിന്നിരുന്ന അസമത്വം നിര്‍ത്തലാക്കാന്‍ വേണ്ടി 1810 ല്‍ തിരുവിതാംകൂര്‍ ദിവാനായ ടി മാധവറാവു, ബ്രിട്ടീഷ് അധികൃതരുമായി കത്തിടപാടുകള്‍ നടത്തുകയും അതുപ്രകാരം സര്‍ക്കാര്‍പണമുപയോഗിച്ചു പണിത പാതകളില്‍ ഏവര്‍ക്കും പ്രവേശിക്കാമെന്നും ആവശ്യമെങ്കില്‍ അവര്‍ക്കായി പ്രത്യേക പാതകള്‍/വരികള്‍ നിര്‍മ്മിക്കാമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി.
ജാതിഭേദമന്യേയുള്ള റോഡുകളുടെ ഉപയോഗം കോടതികളിലേക്കും അതുവഴി മറ്റു സര്‍ക്കാര്‍ ഓഫീസുകളിലേക്കും സ്വതന്ത്രമായി പ്രവേശിക്കാനുള്ള വഴിയൊരുക്കുമെന്നും താഴ്ന്ന ജാതിക്കാര്‍ക്കായി പ്രത്യേക സ്കൂളുകള്‍ നിര്‍മ്മിച്ചാല്‍ അത് ജാതീയവികാരം വര്‍ദ്ധിപ്പിക്കുകയും മറ്റു വിഭാഗങ്ങളോടുള്ള അതൃപ്തിക്ക് കാരണമാകുമെന്നും അതില്‍ സമര്‍ത്ഥിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗത്തിലേക്ക് ജാതിമതഭേദമന്യേ എല്ലാവരെയും പരിഗണിക്കണമെന്ന നിര്‍ദ്ദേശത്തോടൊപ്പം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം – റവന്യുവകുപ്പുകള്‍ ഒന്നിച്ചു കൈകാര്യം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ബ്രാഹ്മണക്ഷേത്രം വക ഊട്ടുപുരകളും, ക്ഷേത്രപ്രവര്‍ത്തനങ്ങളും ദേവസ്വത്തിനു കീഴിലും റവന്യൂവകുപ്പിനെ ദേവസ്വത്തില്‍നിന്നു വേര്‍തിരിച്ചു പ്രത്യേക വകുപ്പായി തിരിക്കണമെന്നുമുള്ള ആവശ്യവും അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, തുല്യാവകാശം നേടിയെടുക്കുന്നതിന്റെ ഭാഗമായി പൊതുഫണ്ട് ഉപയോഗിച്ചു നിര്‍മ്മിച്ചിരിക്കുന്ന എല്ലാ കെട്ടിടങ്ങളിലുമുള്ള പ്രവേശനമായിരുന്നു അവര്‍ണ്ണരുടെ ലക്ഷ്യം. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും മതത്തിന്റെയും സാമൂഹികപദവിയുടെയും അടിസ്ഥാനത്തിലുള്ള എല്ലാത്തരം വേര്‍തിരിവുകളും ഇല്ലാതാക്കി ആത്മാഭിമാനത്തിന് ഊന്നല്‍ കൊടുക്കുന്ന ഒരു സമൂഹമായിരുന്നു അവര്‍ അതിലൂടെ മുന്നോട്ടുവെച്ചത്. ജാതിയുടെ പേരില്‍ ക്ഷേത്രങ്ങളില്‍ പ്രവേശനം നിഷേധിക്കരുതെന്നും ഹിന്ദുമതവിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും, ക്രിസ്തു, ഇസ്ലാംമത വിശ്വാസികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗം ലഭ്യമാക്കണമെന്നും അത് ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിലൂടെ അത് വിവിധ ജനവിഭാഗങ്ങളുടെ സാമൂഹികസഖ്യമായി രൂപംപ്രാപിക്കുകയായിരുന്നു. ഏറെ വൈകാതെ അത് പൗരസമത്വവാദസഖ്യം എന്ന സാമൂഹിക സമ്മര്‍ദ്ദകൂട്ടായ്മയായി പരിണമിച്ചു.
നൂറ്റാണ്ടുകളായി നീതി നിഷേധിക്കപ്പെട്ട ജനങ്ങളുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കാനായി സംസ്ഥാനമുടനീളം പൗരസമത്വവാദസഖ്യത്തിന്റെ ശാഖകള്‍ തുടങ്ങി. ടി. കെ. മാധവന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനരൂപം നല്‍കി. മാര്‍ച്ച് 2, 1918 തിരുവനന്തപുരത്ത് പൗരസമത്വവാദസഖ്യത്തിന്റെ പൊതുസമ്മേളനം ചേര്‍ന്നു. ഇതുകൂടാതെ ആലപ്പുഴ, ഓമല്ലൂര്‍, മൂവാറ്റുപുഴ, വൈക്കം, മുനമ്പം, കണ്ണമംഗലം, നീലംപേരൂര്‍, കാര്‍ത്തികപ്പള്ളി, അയിരൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും പൊതുസമ്മേളനം വിളിച്ചുകൂട്ടി. ഭരണാധികാരി പത്മനാഭദാസനായതുകൊണ്ട് ദേവസ്വം വേര്‍തിരിക്കാന്‍ സാധ്യമല്ലെന്നും, പരമ്പരാഗതമായി ദേവസ്വവും റവന്യൂവകുപ്പും ഒന്നിച്ചു പ്രവര്‍ത്തിച്ചുവരികയാല്‍ അതിന്റെ വിഭജനം സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കുമെന്നുമായിരുന്നു തിരുവിതാംകൂര്‍ ദിവാന്റെ നിലപാട്. എന്നാല്‍ തുടര്‍ന്നുവരുന്ന എല്ലാ ഉദ്യോഗസ്ഥനിയമനവും കഴിവിന്റെ മാനദണ്ഡത്തില്‍ മാത്രമായിരിക്കുമെന്നും ദിവാന്‍ ഉറപ്പുനല്‍കി.
ഭരണത്തിന്റെ നട്ടെല്ലായ റവന്യൂവകുപ്പില്‍ ഉയര്‍ന്നപദവി ലഭിക്കാത്തിടത്തോളംകാലം തങ്ങള്‍ അസംതൃപ്തരായിരിക്കുമെന്ന് കെ സി മാമന്‍മാപ്പിള വഴി പൗരസമത്വവാദികള്‍ ദിവാനെ അറിയിച്ചു. പൗരസമത്വവാദസഖ്യം അതിന്റെ വര്‍ക്കിങ്-കമ്മിറ്റി ഇ ജെ ജോണിനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയും തൊട്ടടുത്തമാസം കോട്ടയത്തുചേര്‍ന്ന പൊതുസമ്മേളനത്തില്‍ സാമൂഹിക അസമത്വത്തിനെതിരായി അണിചേരാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുകയുമുണ്ടായി. മാത്രമല്ല, സാമൂഹിക അസമത്വം ഇല്ലാതാക്കാന്‍ ദേവസ്വംവകുപ്പിന്റെ വിഭജനം മാത്രമാണ് ഏക പരിഹാരമെന്നും നിര്‍ദ്ദേശിച്ചു. അതേത്തുടര്‍ന്ന് ടി കെ മാധവന്‍ മുന്‍കൈയെടുത്ത് പൗരസമത്വവാദം അംഗീകരിക്കാനായി ഒരു പൊതുമെമ്മോറാണ്ഡം സമര്‍പ്പിക്കാന്‍ തീരുമാനിച്ചു.
മെമ്മോറാണ്ഡത്തിലെ മുഖ്യപ്രമേയവും ആവശ്യവും വിക്ടോറിയാരാജ്ഞി എല്ലാ പൗരര്‍ക്കും തുല്യാവകാശം പ്രഖ്യാപിച്ചതുപോലെ തിരുവിതാംകൂര്‍ സര്‍ക്കാരും തുല്യാവകാശം പ്രഖ്യാപിക്കണം എന്നതായിരുന്നു. പക്ഷേ, മെമ്മോറാണ്ഡം നിരാകരിക്കപ്പെട്ടു. പിന്നീട് ജനസമ്മര്‍ദ്ദം കാരണം സര്‍ക്കാരിന് അതേക്കുറിച്ച് പഠിക്കാന്‍ അന്വേഷണകമ്മീഷനെ നിയമിക്കേണ്ടിവന്നു. അന്വേഷണത്തിന് ചുമതലപ്പെടുത്തിയത് കൃഷ്ണയ്യരെ ആയിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 1922 സപ്തംബറില്‍ ദേവസ്വം പ്രൊക്ലമേഷന്‍ നിയമം പ്രഖ്യാപിക്കപ്പെട്ടു.
കാക്കിനട കോണ്‍ഗ്രസ്സില്‍ വെച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉന്മൂലനം ചെയ്യാന്‍വേണ്ടി ഒരു പ്രമേയം ടി കെ മാധവന്‍ അവതരിപ്പിക്കുകയുണ്ടായി. അതോടൊപ്പം തിരുവിതാംകൂറിന്റെ വിവിധഭാഗങ്ങളില്‍ തൊട്ടുകൂടായ്മാവിരുദ്ധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഹരിജനങ്ങളുടെ ക്ഷേത്രപ്രവേശനം എന്ന ആവശ്യം ശക്തമാക്കുകയും ചെയ്തു. തിരുവിതാംകൂറിലെ മേല്‍പറഞ്ഞ വിവിധ ജനകീയപ്രക്ഷോഭങ്ങളാണ് വൈക്കം സത്യാഗ്രഹത്തോടുകൂടി സഫലീകരിക്കപ്പെട്ടത്. ♦