സമൂഹത്തിൽ നിലനിൽക്കുന്ന അതി ദാരിദ്ര്യം തുടച്ചുനീക്കാൻ സമഗ്രവും ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികൾ അനിവാര്യമാണ്. കേരളത്തിൽ അത്തരമൊരു പരിപാടി നടപ്പാക്കിവരികയാണ്. രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽ ഇല്ലാത്ത രീതിയിലാണ് അതി ദാരിദ്ര്യത്തെ തുടച്ചുനീക്കാനുള്ള നടപടികൾ നാം ഏറ്റെടുത്തിട്ടുള്ളത്. “അതിദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതി’യുടെ ഭാഗമായി കേരളത്തിൽ നടപ്പാക്കിയ മൈക്രോ പ്ലാൻ രൂപീകരണത്തിന്റെയും “അവകാശം അതിവേഗം’ പദ്ധതിയുടെയും പൂര്‍ത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഏപ്രിൽ 24 ന് പത്തനംതിട്ടയിൽ നടക്കുകയുണ്ടായി.
2021 ജൂലൈ മുതല്‍ 2022 ജനുവരി വരെ നീണ്ടു നിന്ന ജനകീയ പങ്കാളിത്തത്തോടെ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്. കുടുംബശ്രീ മുഖേന നടത്തിയ സര്‍വ്വേയില്‍ 64,006 അതിദരിദ്ര കുടുംബങ്ങളെയാണ് കേരളത്തിൽ കണ്ടെത്തിയത്.
2021 ല്‍ നിതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡയമന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്സ് അനുസരിച്ച് ഇന്ത്യൻ ജനസംഖ്യയുടെ 25 ശതമാനം ദരിദ്രരാണ്. ഇന്ത്യയില്‍ ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. കേരളത്തില്‍ ജനസംഖ്യയുടെ 0.71 ശതമാനം മാത്രമാണ് ദരിദ്രര്‍. അതായത് ഒരു ശതമാനത്തിലും താഴെ. മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്. അതൊരു ചെറിയ സംഖ്യയായതുകൊണ്ട് നിര്‍മ്മാര്‍ജ്ജനം അത്ര പ്രാധാന്യത്തോടെ കാണേണ്ടതില്ല എന്നതല്ല സര്‍ക്കാര്‍ നിലപാട്. മറിച്ച്, ആ ചെറിയ വിഭാഗത്തെക്കൂടി മെച്ചപ്പെട്ട ജീവിതനിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയം. അതിദരിദ്രരെയും അഗതികളെയും കണ്ടെത്തുന്നതിനും, അവരെ അതിജീവനത്തിന് സഹായിക്കുന്നതിനുമായി 2016 ല്‍ അഗതിരഹിത കേരളം പദ്ധതി നടപ്പാക്കിയിരുന്നു. ഈ പദ്ധതിയിലും മറ്റ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതികളിലും ഉള്‍പ്പെടാതെ പോയ അതിദരിദ്രരെക്കൂടി ഉള്‍ക്കൊള്ളുന്ന ഒരു പദ്ധതിയായാണ് അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തെ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്.
2021 ൽ ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ആദ്യ മന്ത്രിസഭായോഗത്തില്‍ തന്നെ എടുത്ത തീരുമാനമായിരുന്നു അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം നടപ്പാക്കുക എന്നത്. അതിനായി അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാന വരുമാനം, ആരോഗ്യസ്ഥിതി എന്നീ നാലു ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് അതിദാരിദ്ര്യം നിര്‍ണയിക്കപ്പെട്ടിട്ടുള്ളത്.
അതിദരിദ്രരുടെ പട്ടിക തയ്യാറാക്കുന്നതിനായി അഞ്ചുതെങ്ങ്, തിരുനെല്ലി എന്നീ പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലും പൈലറ്റ് അടിസ്ഥാനത്തില്‍ സര്‍വ്വേ നടത്തി. ഓരോ വാര്‍ഡിലും ഒരു ഉദ്യോഗസ്ഥന്‍, രണ്ട് സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെട്ട ടീമുകള്‍ രൂപീകരിച്ച്, അവര്‍ക്കാവശ്യമായ പരിശീലനം നല്‍കി. ഈ സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെ സാമൂഹിക സംഘടനാ പ്രവര്‍ത്തകരുടെയും കുടുംബശ്രീ അയല്‍ക്കൂട്ടം പ്രവര്‍ത്തകരുടെയും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകളിലൂടെയും വാര്‍ഡുകളിലെ ക്ലസ്റ്റര്‍തല ചര്‍ച്ചകളിലൂടെയും തയ്യാറാക്കപ്പെട്ട വിവിധ പട്ടികകള്‍ ഏകോപിപ്പിച്ചു കൊണ്ടാണ് ഒരു അന്തിമ പട്ടിക തയ്യാറാക്കിയത്. തദ്ദേശസ്വയംഭരണ സ്ഥാപനതല നോഡല്‍ ഓഫീസര്‍ പരിശോധിച്ച് സ്ഥിരീകരിച്ച ശേഷം വെബ്പോര്‍ട്ടലില്‍ ഈ പട്ടിക അപ-്ലോഡ് ചെയ്തു.
പട്ടികയില്‍ ഉള്‍പ്പെട്ട ഓരോ കുടുംബത്തേയും സന്ദര്‍ശിച്ച് നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവരശേഖരണം നടത്തുക എന്നതായിരുന്നു അടുത്ത ഘട്ടം. പ്രത്യേകം തയ്യാര്‍ചെയ്ത ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഈ പ്രവര്‍ത്തനം നടത്തിയത്. തുടര്‍ ഇടപെടലുകള്‍ക്കു സഹായകമായ രീതിയില്‍, ഓരോ വീടിന്‍റേയും ലൊക്കേഷന്‍ കൂടി ഇതില്‍ രേഖപ്പെടുത്തി. തുടര്‍ന്ന്, കൃത്യത ഉറപ്പു വരുത്തുന്നതിനായി ഇരുപത് ശതമാനം വീടുകളില്‍ റാന്‍ഡം ആയി സൂപ്പര്‍ ചെക്കിംഗും നടത്തി. ഈ പട്ടികകള്‍ വാര്‍ഡ് / ഗ്രാമ സഭകളുടെ അംഗീകാരത്തിന് സമര്‍പ്പിച്ചും പരാതികള്‍ പരിഹരിച്ചുമാണ് സംസ്‌ഥാനത്താകെ 64,006 കുടുംബങ്ങളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
പട്ടികയില്‍ ഉള്‍പ്പെട്ട 35% കുടുംബങ്ങള്‍ വരുമാന മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ കഷ്ടത അനുഭവിക്കുന്നവരാണ്. 24% കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ കാരണം അവശത അനുഭവിക്കുന്നു. 21% പേര്‍ ആഹാര ലഭ്യതയില്ലാത്ത ദരിദ്രകുടുംബങ്ങളില്‍ ഉള്‍പ്പെടുന്നു. 15% പേര്‍ക്ക് വാസയോഗ്യമായ ഭവനങ്ങളില്ല. പ്രത്യേക ദുര്‍ബല വിഭാഗങ്ങള്‍ 3% മാത്രമാണ്. മൊത്തം കുടുംബങ്ങളില്‍ 5% പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്നവരും 20% പട്ടികജാതി വിഭാഗത്തില്‍ പെടുന്നവരും 75% പൊതുവിഭാഗത്തില്‍ ഉൾപ്പെടുന്നവരുമാണ്. 2,737 കുടുംബങ്ങള്‍ തീരദേശവാസികളാണ്. ഈ കുടുംബങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ക്ക് നിത്യവരുമാനം ഉറപ്പാക്കുക, അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക, ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയാണ്. അതിനെല്ലാമൊപ്പം സാമ്പത്തിക സ്വയംപര്യാപ്തതയിലേക്ക് ഓരോ കുടുംബത്തിനും എത്തിച്ചേരാനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുക കൂടിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആ നിലയ്ക്കുള്ള ബഹുമുഖ നടപടികളുമായാണ് അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി പുരോഗമിക്കുന്നത്.
അതി ദാരിദ്ര്യ പട്ടികയിലെ 64,006 കുടുംബങ്ങളിൽ ഓരോ കുടുംബത്തിനും പ്രത്യേകം മൈക്രോ പ്ലാനുകൾ നിലവിൽ തയ്യാറായിക്കഴിഞ്ഞു. അവകാശരേഖകള്‍ ലഭ്യമായിട്ടില്ലാതിരുന്ന അതിദരിദ്ര കുടുംബങ്ങള്‍ക്ക് അവകാശ രേഖകളും ഇതിനകം ലഭ്യമാക്കിയിരിക്കുകയാണ്.
അവകാശം അതിവേഗം
പദ്ധതിയുടെ ഭാഗമായി 2553 കുടുംബങ്ങള്‍ക്ക് റേഷൻ കാര്‍ഡ്, 3125 പേര്‍ക്ക് ആധാര്‍ കാര്‍ഡ്, 887 പേര്‍ക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ, 1281 പേര്‍ക്ക് ആരോഗ്യ ഇൻഷുറൻസ്, 1174 പേര്‍ക്ക് തൊഴിലുറപ്പ് കാര്‍ഡ്, 193 പേര്‍ക്ക് ഭിന്നശേഷി തിരിച്ചറിയൽ കാര്‍ഡ് തുടങ്ങിയവയും പുതുതായി ലഭ്യമാക്കാൻ കഴിഞ്ഞു. 11,340 കുടുംബങ്ങള്‍ക്ക് ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 22054 പേര്‍ക്ക് ഇതിനകം ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. ആവശ്യമുള്ളവർക്ക് ഭക്ഷണവും അല്ലാത്തവര്‍ക്ക് ഭക്ഷ്യകിറ്റും ലഭ്യമാക്കിയിട്ടുണ്ട്. റേഷനും ആരോഗ്യപരിരക്ഷയും വാതില്‍പ്പടിയിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ട്.
കൂട്ടായ പരിശ്രമത്തിലൂടെ അതി ദാരിദ്ര്യത്തെ നമുക്ക് തുടച്ചുനീക്കിയേ മതിയാകൂ. അതിദരിദ്രരായ ഒരാള്‍ പോലും കേരളത്തിലുണ്ടാവരുത് എന്നുറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയിലാദ്യമായി അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്ന സംസ്ഥാനം എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നടന്നുനീങ്ങുന്നത്. അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി നവകേരള നിര്‍മ്മിതിയിലേക്കുള്ള വലിയ ചുവടുവെയ്-പായി മാറുമെന്നുറപ്പാണ്. ♦