Friday, November 22, 2024

ad

Homeവിശകലനംഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്കുള്ള ദൂരം

ഉത്തർപ്രദേശിൽ നിന്നും കേരളത്തിലേക്കുള്ള ദൂരം

കെ ജെ ജേക്കബ്

കുറച്ചുനാളുകൾക്കു മുൻപ് ഈ ലേഖകന് ഒരു വീഡിയോ അയച്ചു കിട്ടി. സർക്കിൾ ഇൻസ്‌പെക്ടർ/ ഡി വൈ എസ് പി റാങ്കിലുള്ള കേരള പൊലീസിലെ ഒരു ഓഫീസർ ഒരു മനുഷ്യന്റെ ഉടുപ്പിൽ കുത്തിപ്പിടിക്കുന്നതാണ് ദൃശ്യത്തിൽ. അയാളുടെ വേഷം നമ്മുടെ നാട്ടിലെ ഒരു സാധാരണ കർഷകത്തൊഴിലാളിയുടേതാണ്: ഒറ്റമുണ്ടും പഴകിയ, മുഷിഞ്ഞ കള്ളി ഷർട്ടും. “എന്റെ ഉടുപ്പിൽനിന്നു വിട് സാറേ,’ അയാൾ ഉറച്ചു പറയുന്നുണ്ട്. “നീ പറഞ്ഞാൽ ഞാനെന്തിന് കേൾക്കണം,’ എന്ന് പോലീസുകാരനും. അവർ തമ്മിലുള്ള വാക്കുതർക്കം മിനിറ്റുകളോളം ഉണ്ട്.

ആ തർക്കത്തിന്റെ പര്യവസാനം എന്തായി എന്നറിയില്ല. പക്ഷേ ഒരു പൊലീസുദ്യോഗസ്‌ഥൻ അന്യായമായി ഉടുപ്പിൽക്കയറി പിടിച്ചാൽ ‘വിട് സാറേ’ എന്ന് തിരിച്ചുപറയാൻ ഒരു സാധാരണ മനുഷ്യന് ധൈര്യമുണ്ടാകുന്ന ഒരേയൊരു ഇന്ത്യൻ സംസ്‌ഥാനം കേരളമായിരിക്കും. കേരളത്തിൽ പൊലീസുകാരുടെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങളുടെ കഥകൾ മറന്നല്ല ഇത് പറയുന്നത്.

മറ്റൊരു ഇന്ത്യക്കാരന് കിട്ടാനിടയില്ലാത്ത ആ ധൈര്യം എവിടെനിന്നു കിട്ടി ആ മനുഷ്യന്?

കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകൾകൊണ്ടു മനുഷ്യർ ബുദ്ധികൊണ്ട് ചിന്തിച്ചും യുക്തികൊണ്ട് തിരുത്തിയും സംഘടിച്ചും സമരം ചെയ്തും രൂപപ്പെടുത്തിയെടുത്ത ഒരു ജീവിതരീതിയുണ്ട് കേരളം എന്ന ഈ ഭൂപ്രദേശത്ത്. അതിന്റെ ആകെത്തുക തിരഞ്ഞുചെന്നാൽ മനുഷ്യാന്തസ്സ്‌ എന്ന ഒരൊറ്റ ഘടകത്തിൽ ചെന്നുചേരും. അതിന്റെ അടിസ്‌ഥാനത്തിൽ രൂപപ്പെട്ട ജീവിതരീതിയിലും.

മനുഷ്യരുടെ വൈവിധ്യങ്ങളെ അംഗീകരിക്കുമ്പോൾത്തന്നെ മനുഷ്യൻ എന്ന ഏകകത്തെ അടിസ്‌ഥാനപ്പെടുത്തി രൂപപ്പെടുത്തിയെടുത്തതാണ് ഈ ജീവിതരീതി. ജാതിയും മതവുമൊക്കെ നിലനിൽക്കുമ്പോൾത്തന്നെ അതിനപ്പുറമാണ് മനുഷ്യർ എന്ന നിലയിലുള്ള സാഹോദര്യത്തിന്റെ സ്‌ഥാനം എന്ന് ആവർത്തിച്ചുറപ്പിക്കാൻ ശ്രമിക്കുന്ന സാമൂഹ്യക്രമമാണിത്. അവസാനത്തെ മനുഷ്യനുവരെ നീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് അതിന്റെ കാതൽ.

കേരള മോഡൽ എന്ന് നമ്മൾ പറയുന്ന, സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ, വിഭവ വിതരണ രീതികൾ നീതിപരമായി നിരന്തരം പുനഃക്രമീകരിക്കുന്ന ഈ രീതിയുടെ നിർമ്മാണത്തിന് പിറകിൽ കോടിക്കണക്കിനു മനുഷ്യരുടെ അധ്വാനവും സമർപ്പണവുമുണ്ട്. കുറവുകൾ ഇല്ലെന്നല്ല, പക്ഷേ ഇന്ത്യയിലെ മറ്റു സംസ്‌ഥാനങ്ങളെ മറികടന്നുകൊണ്ട് അവസാനത്തെ മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള ഒരു സമ്പ്രദായം നമ്മളിവിടെ രൂപപ്പെടുത്തിയിട്ടുണ്ട്. അനീതികളെ നിരന്തരം ചോദ്യം ചെയ്തും തിരുത്തിയും പുതുക്കിയുമാണ് നമ്മളിടിവിടെ എത്തിയത്; തലമുറകൾ പരിശീലിച്ചുപോന്ന ആ ധൈര്യം കണ്ടും അനുഭവിച്ചും വളർന്ന ഒരു കേരളീയന് അനീതിയെ എതിർക്കണമെങ്കിൽ, അവനവന്റെ അന്തസ്സിനു നിരക്കാത്തത് എന്ന് ബോധ്യമുള്ള കാര്യങ്ങൾ ചോദ്യം ചെയ്യണമെന്നുണ്ടെങ്കിൽ അത് ചെയ്യാനുള്ള ചരിത്രപരമായ പശ്ചാത്തലം ഇവിടെയുണ്ട്.

***

കേരള മോഡലിന് ഇന്ന് പുതിയ ശത്രുക്കൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. വിരോധാഭാസമെന്നു പറയേണ്ടിവരും, ഈ ശത്രുക്കളിൽ പലരും ഈ രീതിയുടെ ഗുണഭോക്താക്കളാണ്. നമ്മുടെ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കുകൊണ്ടു മാത്രം ബാല്യം കടന്നുകിട്ടിയവരും പൊതുവിദ്യാഭ്യാസത്തിന്റെയും പൊതു ഗതാഗതത്തിന്റെയും ആനുകൂല്യങ്ങൾകൊണ്ട് ജീവിതം കരയ്ക്കടുപ്പിച്ചവരുമൊക്കെ ഇന്ന് തിരിഞ്ഞുനിന്നു കേരളം എന്ന് പരിഹസിക്കുകയും പുതിയ ഒരു മോഡൽ മുന്നോട്ടുവയ്ക്കുകയും ചെയ്യുന്നു.

ആ പുതിയ മോഡലാണ് ഉത്തർ പ്രദേശ്. ആ പുതിയ മോഡലിന്റെ അമരത്തിരിക്കുന്ന ആളുടെ പേരാണ് യോഗി ആദിത്യനാഥ്‌.

ഏകദേശം 23 കോടി മനുഷ്യർ ജീവിക്കുന്ന, 403-അംഗ നിയമസഭയുള്ള, 545 അംഗ ലോക് സഭയിലേക്കു 80 അംഗങ്ങളെ തിരഞ്ഞെടുത്തയക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്‌ഥാനം. അതാതുസമയത്തെ ഇന്ത്യയുടെ രാഷ്ട്രീയ സ്വഭാവം നിർണ്ണയിക്കാൻ മാത്രം പ്രാധാന്യമുള്ള നാട്.

ഭരണഘടനയെയും നിയമങ്ങളെയും കാറ്റിൽപ്പറത്തി, ലോകം അംഗീകരിച്ചിട്ടുള്ള മനുഷ്യാവകാശങ്ങൾക്കു പുല്ലുവില കൽപ്പിച്ച് തികച്ചും ജനാധിപത്യവിരുദ്ധമായ ഉത്തർപ്രദേശിലെ യോഗി ഭരണകൂടം അവിടെയുള്ള മനുഷ്യരുടെനേരെ നടത്തുന്ന തേർവാഴ്ചയാണ് ഇക്കൂട്ടർ മാതൃകാ ഭരണം എന്ന പേരിൽ ഇവിടെ കൊണ്ടാടുന്നത്. ‘ഏറ്റുമുട്ടൽ കൊല’കളും ‘ബുൾഡോസർ രാജു’മാണ് ഇതിന്റെ മുഖമുദ്ര.

നമ്മുടെ ഭരണഘടനപ്രകാരം നീതിനിർവഹണം കോടതികളുടെ ചുമതലയിലാണ്. ഒരാൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് തെളിവുകളുടെ അടിസ്‌ഥാനത്തിൽ തീരുമാനിക്കുകയും ഉണ്ടെങ്കിൽ അതിനു നിശ്ചയിക്കപ്പെട്ട ശിക്ഷ നൽകുകയുമാണ് നമ്മുടേതടക്കമുള്ള ജനാധിപത്യ രാജ്യങ്ങളിൽ അംഗീകരിക്കപ്പെട്ട രീതി. കുറ്റാരോപിതന് അയാളുടെ ഭാഗം പറയാനുള്ള അവകാശം ഉറപ്പുനൽകുന്ന സംവിധാനത്തിൽ എക്സിക്യൂട്ടിവ് എന്ന ഭരണ നിർവഹണ വിഭാഗത്തിന് പങ്കില്ല. ഒരാളുടെ ജീവനും സ്വാതന്ത്ര്യവും നിയമപരമായ കാര്യങ്ങളിലൂടെയല്ലാതെ കൈകടത്താനാകില്ല എന്ന് ഭരണഘടനയുടെ ഉപഛേദം 21 നിഷ്കർഷിക്കുന്നു; അത് പൗരന് ലഭ്യമായ മൗലികാവകാശമാണു താനും.

വളരെ അടിസ്‌ഥാനപരമായ ഈ ജനാധിപത്യ രീതിയാണ് ഉത്തർ പ്രദേശിൽ അട്ടിമറിക്കപ്പടുന്നത്.

പൊലീസിന്റെ ഔദ്യോഗിക കണക്കുപ്രകാരം യോഗി ആദിത്യനാഥ്‌ ഭരണമേറ്റെടുത്ത 2017 മുതൽ ഇന്നുവരെയുള്ള ആറ് വർഷങ്ങളിൽ പതിനായിരത്തിലധികം ഏറ്റുമുട്ടൽ കൊലകളാണ് സംസ്‌ഥാനത്തു നടന്നിട്ടുള്ളത്; 179 പേർ ഇതിൽ കൊല്ലപ്പെട്ടു.

ക്രിമിനൽ കേസിൽ പ്രതികളായാൽ അവരുടെ വീടുകളും സ്‌ഥാപനങ്ങളും ബുൾഡോസർകൊണ്ട് ഇടിച്ചുനിരത്തുക എന്നതാണ് ഇപ്പോൾ ഭരണകൂടം സ്വീകരിക്കുന്ന രീതി. തികച്ചും നിയമവിരുദ്ധമായ ഈ പ്രവൃത്തിയ്ക്കും ക്രമമൊന്നുമില്ല.

ഈ നിയമവിരുദ്ധത, ഭരണഘടനാവിരുദ്ധത, ജനാധിപത്യവിരുദ്ധത തുറന്നു കാട്ടുന്ന മൂന്നു കാര്യങ്ങൾ കഴിഞ്ഞ മാസം നടന്നു. യോഗി ആരാധകർക്ക് അഭിമാനിക്കാമെങ്കിലും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവർക്ക് ‘ഇനിയെന്ത്’ എന്ന് അമ്പരക്കാനുള്ള കാരണങ്ങളാണ് ഇവയോരോന്നും.

ഏറ്റവും ആദ്യം വന്ന വാർത്ത മുനിസിപ്പൽ കരം പിരിക്കാൻ പോയ ഉദ്യോഗസ്‌ഥരെ തടഞ്ഞു, ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന കുറ്റം ചുമത്തി ദേശീയ സുരക്ഷാനിയമം പ്രയോഗിച്ചു ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിനെ ഒരു കൊല്ലം ജയിലിലിട്ടതിനെ നിശിതമായി വിമർശിച്ചും അയാളെ ഉടൻ പുറത്തുവിടാൻ നിദ്ദേശിച്ചും സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു അത്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനു ഭീഷണി ഉയർത്തുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കാൻ സർക്കാരിന് അധികാരം നൽകുന്ന കരിനിയമമാണ് ദേശീയ സുരക്ഷാ നിയമം. അതിന്റെ മറവിലാണ് യോഗി സർക്കാർ യൂസുഫ് മാലിക് എന്ന സമാജ്‌വാദി പാർട്ടി നേതാവിനെ കഴിഞ്ഞവർഷം മാർച്ചിൽ അറസ്റ്റ് ചെയ്തു ജയിലിലിട്ടത്. അതിനെതിരെ അയാൾ കൊടുത്തത് കേസുകൾ അലഹബാദ് ഹൈക്കോടതി പരിഗണിക്കാതിരുന്നപ്പോഴാണ് നീതി നടക്കാൻ ഏതു പൗരനും സുപ്രീം കോടതിയെ സമീപിക്കാം എന്ന ഭരണഘടനയുടെ 32-–ാം അനുച്ഛേദപ്രകാരം അയാൾ കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ വരുന്ന കാലതാമസത്തിനെതിരെയുള്ള കേസുകൾ സാധാരണ തങ്ങൾ കേൾക്കാറില്ല; എന്നാൽ ഈ കേസിലെ വിവരങ്ങൾ അത്രയധികം നീതിനിഷേധമുള്ളതാണ് (facts in the case are gross), അതുകൊണ്ടാണ് തങ്ങൾ ഇതിൽ ഇടപെടുന്നത് എന്നാണ് കോടതി പറഞ്ഞത്. സർക്കാർ നടപടി അങ്ങേയറ്റം നീതിനിഷേധമാണെന്നു കുറ്റപ്പെടുത്തിയ കോടതി അയാളുടെ പേരിൽ ദേശീയ സുരക്ഷാ നിയമം ചുമത്താനുള്ള നിർദേശം മുന്നോട്ടുവച്ച ഉദ്യോഗസ്‌ഥനും അതിന് അംഗീകാരം കൊടുത്ത സമിതിയുമൊക്കെ ചെയ്ത കാര്യങ്ങൾ കണ്ടു തങ്ങൾ ഞെട്ടി എന്ന് പറഞ്ഞു.

പ്രത്യേക ഉദ്ദേശ്യത്തോടെ കൊണ്ടുവന്ന ഒരു നിയമം, അതും പൗരനെ കരുതൽ തടങ്കലിൽ ഇടാനുള്ള ഒരുതരം കരിനിയമം, ഒരു സാധാരണ കേസിൽ പ്രയോഗിക്കുക എന്നാൽ അത് അതിന്റെ ഇരയുടെ മാത്രം വിഷയമല്ല,

നിയമവാഴ്ചയുടെ, സ്റ്റെയ്റ്റ് എന്ന സംവിധാനം നടത്തുന്ന നിയമനിഷേധത്തിന്റെ വിഷയമാണ്. അജയ് കുമാർ ബിഷ്ട് എന്ന യോഗി ആദിത്യനാഥ്‌ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്‌ഥാനത്തു നടത്തുന്ന പ്രത്യേകതരം ഭരണത്തിന്റെ ഒരു ഏകദേശരൂപം അതിൽനിന്നും കിട്ടും.

അതുകൊണ്ടാണ് സുപ്രീംകോടതി തന്നെ വിഷയത്തിൽ ഇടപെട്ടത്.
ഉത്തർ പ്രദേശ് മോഡലിന്റെ ആരാധകർ ഈ മോഡലാണ് കേരളത്തെക്കാൾ മെച്ചമെന്നു വാദിക്കുമോ?

രാജ്യത്തെ ജനാധിപത്യ വിശ്വാസികളെയാകെ നടുക്കിയ നാല് കൊലപാതകങ്ങളുടെ വാർത്തകളായിരുന്നു പിന്നെ തുടരെ വന്നത്. രാഷ്ട്രീയ നേതാവും മുൻ എം പി യുമായ അച്ഛൻ പ്രതിയായ കൊലക്കേസിലെ സാക്ഷിയായ വക്കീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഒരു പത്തൊൻപതുകാരനും അയാളുടെ കൂട്ടുകാരനും ആദ്യം പോലീസുമായുള്ള ‘ഏറ്റുമുട്ടലിൽ’ കൊല്ലപ്പെട്ടു. ഈ കൊലകൾ ആഘോഷിക്കുന്ന രീതിയിലായിരുന്നു ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ പ്രസാദ് മൗര്യയുടെയും പ്രതികരണം. ആദിത്യനാഥ്‌ പൊലീസ് സംഘത്തെ അഭിനന്ദിച്ചു; ചരിത്രപരമാണ് ഈ സംഭവമെന്നും ക്രിമിനലുകൾക്കുള്ള ‘പുതിയ ഇന്ത്യ’യുടെ സന്ദേശമാണ് ഇതെന്നുമായിരുന്നു ഉപമുഖ്യമന്ത്രിയുടെ പ്രഖ്യാപനം. നിയമവാഴ്ച തങ്ങൾക്കു പുല്ലാണെന്നും കൊല്ലണമെന്ന് തീരുമാനിച്ചവരെ കൊല്ലുമെന്നും സർക്കാർ തന്നെ നടത്തിയ പ്രഖ്യാപനമായിരുന്നു അത്.

ഇരട്ടക്കൊലപാതകത്തിനു രണ്ടു ദിവസം മാത്രം കഴിഞ്ഞാണ് ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന രണ്ടു പേർ പൊലീസിന്റെ വലയത്തിനുള്ളിൽ മീഡിയ ക്യാമറകളുടെ മുൻപിൽ കൊല്ലപ്പെട്ടത്. കൊലപാതകക്കേസിൽ പ്രതിയായ പഴയ ഗുണ്ടാ നേതാവും മുൻ എം പി യുമായ ആതിഖ് അഹമ്മദും അയാളുടെ സഹോദരൻ അഷറഫ് അഹമ്മദുമാണ് ഇക്കുറി സർക്കാർ നയത്തിന്റെ ഇരകളായത്. കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുൻപ് തന്റെ ജീവൻ അപകടത്തിലാണെന്നും സംരക്ഷണം വേണമെന്നും കാണിച്ചു ആതിഖ് അഹമ്മദ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അയാൾ സർക്കാരിന്റെ സംരക്ഷണത്തിലാണെന്നും ഭയക്കാൻ ഒന്നുമില്ലെന്നും പറഞ്ഞു കോടതി ആ പരാതി മടക്കി എന്നുകൂടി അറിയുമ്പോൾ പൗരന്റെ ജീവൻ സംരക്ഷിക്കുക എന്ന പ്രാഥമിക ദൗത്യത്തിൽ നമ്മുടെ ഭരണകൂടത്തിന്റെ വിവിധ വിഭാഗങ്ങൾ എത്ര ഉദാസീനമായ നയമാണ് സ്വീകരിക്കുന്നത് എന്നതിന്റെ നേർക്കാഴ്ചയായി അത് മാറുകയാണ്.

നിയമപ്രകാരമായുള്ള നടപടിക്രമങ്ങളിലൂടെയല്ലാതെ ഒരു മനുഷ്യന്റെയും ജീവനോ സ്വാതന്ത്ര്യത്തിനോ ഭംഗം വരുത്താൻ പാടില്ല എന്നെഴുതിവച്ച ഭരണഘടനപ്രകാരം ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സർക്കാരാണ് ഭരണഘടനയുടെ അടിസ്‌ഥാന പ്രമാണങ്ങളെയും മൗലികാവകാശങ്ങളെയും പൂർണ്ണമായും റദ്ദുചെയ്തുകൊണ്ടു കാട്ടുനീതി നടപ്പാക്കുന്നത്.

ഈ മൂന്നുകേസുകളിലും ഇരകളെല്ലാം, ഒന്നൊഴിയാതെ, മുസ്ലിം പേരുള്ളവരായിരുന്നു എന്നുകൂടി നമ്മൾ അറിയേണ്ടതുണ്ട്.

***

“അവർ പരിശുദ്ധന്മാരൊന്നുമല്ലല്ലോ’ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നവരെക്കുറിച്ച് യോഗി വാഴ്ത്തുകാരുടെ സ്‌ഥിരം പല്ലവിയാണിത്. ആരാണ് പരിശുദ്ധന്മാരെന്നും ആരാണ് കുറ്റവാളികളെന്നുമൊക്കെ കൈയൂക്കുള്ളവൻ തീരുമാനിക്കുന്ന കെട്ട കാലത്തുനിന്നു യാത്ര ചെയ്ത് അക്കാര്യങ്ങൾക്കായി ഒരു വ്യവസ്‌ഥയുണ്ടാക്കി ആ വ്യവസ്‌ഥയുടെ അടിസ്‌ഥാനത്തിൽ കുറ്റവാളിയെ നിർണ്ണയിക്കാൻ നടത്തിയ പോരാട്ടമാണ്, ഭാഗികമെങ്കിലും അതിലുണ്ടായ വിജയമാണ് മനുഷ്യചരിത്രം ആകെ പിഴിഞ്ഞാൽ കിട്ടുന്നത്.

നിയമവാഴ്ചയുടെ ചരിത്രം പൂർത്തിയായി എന്നല്ല. പക്ഷേ പിഴവുകളുണ്ടായിട്ടും അതേ വ്യവസ്‌ഥയുടെ സംരക്ഷണത്തിലിരുന്നാണ് മനുഷ്യരെ കൊല്ലുന്നതിനു ഇക്കൂട്ടർ കൈയടിക്കുന്നത് എന്നതാണ് ഭീതിപ്പെടുത്തുന്ന കാര്യം. ഒരപരിചിതൻ വാതിൽക്കൽ മുട്ടിയാൽ മൂത്രമൊഴിച്ചുപോവുന്ന ഭീരുക്കളാണ് എവിടെയോ നടക്കുന്ന നീതിനിഷേധത്തിന്റെ പേരിൽ ആഹ്ലാദിക്കുന്നത്. സ്വന്തം ശരീരത്തിൽ, കുടുംബാംഗങ്ങളുടെമേൽ, സ്വത്തിന്മേൽ, ജോലിക്കാര്യത്തിൽ, ഒരു നീതിനിഷേധമുണ്ടായാൽ കയ്യൂക്കുകൊണ്ട് പരിഹാരം കാണുന്നവർ ആയിരിക്കില്ല ഈ നിയമവിരുദ്ധ ഉത്സാഹക്കമ്മിറ്റിയിൽ.

നിയമസഭ/ലോക് സഭ സാമാജികരുടെ ക്രിമിനൽ കേസുകളുടെ കണക്കെടുക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന പറയുന്നത് ഉത്തർപ്രദേശിലെ നാനൂറ്റി മൂന്നിൽ 205 എം എൽ എ മാരുടെ പേരിൽ ക്രിമിനൽ കേസുണ്ട് എന്നാണ്. അതിൽ 159 പേരുടെ പേരിലുള്ളത് കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ, സ്ത്രീകളുടെ മേലുള്ള അതിക്രമം എന്നിങ്ങനെയുള്ള ഹീനമായ കുറ്റകൃത്യങ്ങളാണുള്ളത്.

നിയമവ്യവസ്‌ഥയെ മറികടന്നു 183 പേരെ കൊന്ന, അതിൽ അഭിമാനിക്കുന്ന ഒരു സർക്കാരിന് കൈയടിക്കുന്നവർ ഒന്നോർക്കുക. മനുഷ്യചരിത്രത്തിനു പുറത്തുനിന്നാണ് നിങ്ങൾ സംസാരിക്കുന്നത്. പിഴവുകൾ വരുത്തിയും തിരുത്തിയും മിനുക്കിയും മുന്നോട്ടുപോകുന്ന നീതി എന്ന സങ്കൽപ്പത്തിന്റെ പ്രത്യക്ഷരൂപങ്ങളുടെ സംരക്ഷണയിലിരുന്നാണ് നിങ്ങൾ നീതിനിഷേധത്തിനുവേണ്ടി വാദിക്കുന്നത്. അതിന്റെ പരിഹാസ്യതയും ദയനീയതയും മനസിലാക്കാൻ അതിന്റെ ഇരകളുടെ പേരുകളുടെ പൊതുസ്വഭാവം, ഉള്ളിൽ നുരയ്ക്കുന്ന വർഗീയത, നിങ്ങളെ അനുവദിക്കില്ല.

അറിവുകൾ കണ്ടെത്തിയും സൃഷ്ടിച്ചും മെച്ചപ്പെടുത്തിയും പുനഃക്രമീകരിച്ചും പുനഃസൃഷ്ടിച്ചും പുതുക്കിയുമൊക്കെയാണ് മനുഷ്യർ മുന്നോട്ടു പോവുക. ചിലതൊക്കെ വഴിയിലുപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഉപേക്ഷിക്കപ്പെട്ട ഒന്നാണ് കൈയൂക്കിന്റെ പ്രാമാണ്യം. അതിനു പകരം ബുദ്ധിയും വിവേകവുമുള്ള മനുഷ്യർ സൃഷ്ടിച്ചുവച്ച സമ്പ്രദായമാണ് നിയമവാഴ്ച. അത് പോരെങ്കിൽ, പിഴവുകളുണ്ടെങ്കിൽ മെച്ചപ്പെടുത്തണം എന്നല്ലാതെ അത് മൊത്തമായി നിയമവിരുദ്ധതയ്ക്കു വഴിമാറണം എന്ന് വാദിക്കുന്നതെങ്ങനെ?

ആദ്യം പറഞ്ഞ ചിത്രത്തിലേക്ക് വരാം. നിയമപാലകനായ ഒരാളോട് അയാൾ ചെയ്യുന്നത് നീതിയല്ല എന്ന് പറയാൻ സമൂഹം ശക്തിപ്പെടുത്തിയ ഒരു പൗരനാണ് നമ്മുടെ മുന്പിലുള്ളത്. അയാളുടെ ജീവനോ സ്വാതന്ത്ര്യത്തിനോ നിയന്ത്രണം ഏർപ്പെടുത്താൻ, അയാളെ കസ്റ്റഡിയിലെടുക്കാൻ, ആ പൊലീസ് ഉദ്യോഗസ്‌ഥന്‌ നിയമപരമായ വഴിയല്ലാതെ മറ്റൊന്നുമില്ല. പിഴവുകൾ ഇല്ലെന്നല്ല, പക്ഷേ അപ്പോഴും അയാൾക്കതിനു നിയമസംവിധാനത്തിന്റെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ടതായി വരും, ഇവിടെ.

ആരും ചോദിക്കാനും പറയാനുമില്ലാത്ത, മനുഷ്യരെ വെടിവെച്ചുകൊന്നാൽ ഭരണകൂടം തന്നെ അതിനെ ആഘോഷിക്കുന്ന ഉത്തർപ്രദേശ് ഒത്തിരി ദൂരം യാത്ര ചെയ്‌താൽ മാത്രമേ ഈ കേരളത്തിനൊപ്പം എത്താനാകൂ. കേരളം തിരിഞ്ഞ് അങ്ങോട്ടു നടക്കണമെന്നല്ല, ഉത്തർപ്രദേശ് നിയമവാഴ്‌ചയുടെ വഴിയിലേക്ക് തിരിച്ചെത്തണമെന്നേ ഒരു ജനാധിപത്യവാദിയ്ക്ക് ആഗ്രഹിക്കാനാകൂ. മറിച്ചുള്ള ജല്പനങ്ങൾ നമ്മൾ കഷ്ടപ്പെട്ടു നേടിയെടുത്ത ജനാധിപത്യാവകാശങ്ങളോടും അടുത്ത തലമുറയ്ക്ക് അന്തസ്സായി ജീവിക്കാനുള്ള അവസരത്തിനെതിരെയും നടത്തുന്ന വെല്ലുവിളിയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two × two =

Most Popular