വെടക്കാക്കി തനിക്കാക്കുക എന്ന തന്ത്രമാണ് കേരളത്തെ പിടിച്ചെടുക്കാനായി ഫാസിസ്റ്റുകള്‍ പ്രയോഗിക്കുന്നത്. ഇതിന്റെ ഭാഗമാണ് കേരള സ്റ്റോറി എന്ന പേരുമിട്ട് ഒരു നുണക്കോട്ട തന്നെ സിനിമയെന്ന പേരില്‍ പ്രദര്‍ശിപ്പിക്കാനുള്ള പുതിയ നീക്കം. സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ഈ സിനിമ മെയ് 5ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2018ല്‍ ലൗ ജിഹാദ് തന്നെ പ്രമേയമാക്കി ഇതേ സംവിധായകന്‍, ഇന്‍ ദ നെയിം ഓഫ് ലൗ; മെലങ്കളി ഓഫ് ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്ന പേരില്‍ ഒരു ഡോക്കുമെന്ററി പുറത്തിറക്കിയിരുന്നു. അതില്‍ പതിനേഴായിരം പെണ്‍കുട്ടികള്‍ ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസ്സി (ഐസിസ‍്) ലെത്തിയതായി കാണിച്ചിരുന്നു.
കലാപത്തിന്റെയും വെറുപ്പിന്റെയും അക്രമത്തിന്റെയും സംസ്‌കാര(രാഹിത്യ)ത്തെ കേരളത്തില്‍ വ്യാപകമാക്കാനുള്ള സാമൂഹ്യ വിരുദ്ധ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളതെന്ന് വ്യക്തമാണ്. കേരള സ്റ്റോറി എന്ന ഈ ചിത്രത്തിന്റെ ട്രെയിലറില്‍ പറയുന്നത് മുപ്പത്തിരണ്ടായിരം പെണ്‍കുട്ടികളെ കേരളത്തില്‍ മതപരിവര്‍ത്തനം നടത്തി ഐസിസില്‍ ചേര്‍ത്ത് സിറിയയിലും യെമനിലും എത്തിച്ചിട്ടുണ്ടെന്നൊക്കെയാണ്. ഇപ്പോള്‍, വ്യാപകമായ എതിര്‍പ്പ് സകലരും ഉന്നയിച്ചതിനെ തുടര്‍ന്ന് മുപ്പത്തിരണ്ടായിരം എന്നത് മൂന്നാക്കിയിരിക്കുകയാണ്.
വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പം കിടപിടിക്കാവുന്ന ജീവിത നിലവാരത്തിന്റെയും സാമൂഹ്യസൂചികകളുടെയും ആരോഗ്യ സംവിധാനത്തിന്റെയും രേഖകളാണ് സത്യത്തില്‍ കേരളത്തിന്റെ സ്‌റ്റോറി. മതനിരപേക്ഷത, സമാധാനവാഴ്ച, സഹിഷ്ണുത, ബഹുസ്വരത, ജനാധിപത്യം, പുരോഗമന ചിന്താഗതി എന്നിവയെല്ലാമാണ് കേരളത്തിന്റെ അടയാളങ്ങള്‍.
സമൂഹത്തില്‍ അസ്വസ്ഥത പടര്‍ന്നുപിടിക്കുമ്പോള്‍, ഇന്റര്‍നെറ്റ് മരവിപ്പിക്കുക എന്നത് ഭരണാധികാരികള്‍ സ്വീകരിക്കുന്ന രീതിയാണ്. അതു ശരിയോ തെറ്റോ എന്നത് മറ്റൊരു കാര്യം. സമൂഹത്തിനകത്തെ കാര്യങ്ങള്‍ നിയന്ത്രണാതീതമായിരിക്കുന്നു എന്ന് ഭരണകൂടത്തിന് തോന്നുമ്പോഴാണല്ലോ ഈ നിരോധനം നടത്തുന്നത്. ഇന്ത്യയില്‍ ജമ്മു കശ്മീരില്‍ 2012 മുതൽ 418 തവണ ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ നടപ്പിലാക്കി. രാജസ്താനില്‍ 97ഉം ഉത്തര്‍പ്രദേശില്‍ 31ഉം പശ്ചിമ ബംഗാളില്‍ 20ഉം ഹരിയാനയില്‍ 19ഉം മേഘാലയയില്‍ 16ഉം ബീഹാറില്‍ 15ഉം മഹാരാഷ്ട്രയില്‍ 12ഉം ഗുജറാത്തില്‍ 11ഉം ഒഡീഷയില്‍ 10ഉം പഞ്ചാബിലും മണിപ്പൂരിലും അരുണാചല്‍ പ്രദേശിലും 8 വീതവും ഝാര്‍ഖണ്ഡിലും മധ്യപ്രദേശിലും 7 വീതവും ആസാം, നാഗാലാൻഡ്, ത്രിപുര എന്നിവിടങ്ങളില്‍ 5 വീതവും ദില്ലിയില്‍ 4 തവണയും തെലങ്കാനയില്‍ 3 തവണയും ഉത്തരാഖണ്ഡില്‍ 2 തവണയും തമിഴ്‌നാട്, കര്‍ണാടകം, ഹിമാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ ഒരു തവണയുമാണ് ഇന്റര്‍നെറ്റ് നിരോധനം നടപ്പിലാക്കിയത്. കേരളത്തിലാകട്ടെ ഒരൊറ്റത്തവണ പോലും ഈ കടുത്ത നടപടി വേണ്ടിവന്നിട്ടില്ല. കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്ക്കുന്ന സമാധാനത്തിന്റെ അന്തരീക്ഷത്തിന് ഇതില്‍ കൂടുതല്‍ എന്തു തെളിവ് വേണം? സിക്കിം, ലഡാക്ക്, ചണ്ഡിഗഢ്, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിലൂം ഇന്റര്‍നെറ്റ് ഇക്കാലയളവില്‍ നിരോധിച്ചിട്ടില്ല. ഇതിലധികവും കേന്ദ്രഭരണപ്രദേശങ്ങളാണ്. ജനസംഖ്യ താരതമ്യം ചെയ്യേണ്ടതില്ലാത്ത വിധത്തില്‍ കുറവും. അപ്പോള്‍, കേരളത്തെ സംബന്ധിച്ച് മതവിദ്വേഷവും വെറിയും ദുരാരോപണങ്ങളും കൃത്രിമമായി നിര്‍മ്മിച്ചെടുക്കുന്നത് എന്തിനാവും?
കോടതികളും കേന്ദ്ര സര്‍ക്കാരും കേരള സര്‍ക്കാരും തള്ളിക്കളഞ്ഞ ലൗ ജിഹാദ് ആരോപണമാണ് ഈ സിനിമയുടെ അടിസ്ഥാന പ്രമേയം. ജനാധിപത്യം, ദേശാഭിമാനം, സ്വാതന്ത്ര്യബോധം എന്നിവകൊണ്ട് ഉജ്വലിച്ചുനില്‍ക്കുന്ന കേരളീയ മനസ്സിന്റെ സാമൂഹിക അബോധത്തില്‍ മുസ്ലിമിനെ സംശയത്തോടെയും അപരത്വത്തോടെയും കാണുന്ന മനോഭാവം പ്രബലമാക്കുക എന്നതാണ് ലൗ ജിഹാദ് ആരോപണത്തിന്റെ കൃത്യമായ ഉദ്ദേശ്യം.
നാട്ടില്‍ സാധാരണയായി നടക്കുന്ന അനവധി പ്രണയങ്ങളെയാണ് ഈ ലൗ ജിഹാദ് പ്രചാരകര്‍ സംശയത്തിന്റെ നിഴലിൽ നിർത്തി അതുവഴി വംശഹത്യയ്ക്ക് വഴിയൊരുക്കുന്നത്. മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, കമ്യൂണിസ്റ്റുകാര്‍ എന്നീ മൂന്നു പ്രഖ്യാപിത ശത്രുക്കള്‍ക്കു പുറമെ കമിതാക്കള്‍, മിശ്രവിവാഹിതര്‍, മതം മാറിയവര്‍ എന്നിവരെ കൂടി ഇരകളാക്കി വംശഹത്യക്കു വിധേയരാക്കാനുള്ള സംഘപരിവാര്‍ പദ്ധതിക്ക് ചൂട്ടു പിടിക്കാന്‍ പത്രങ്ങളും ചാനലുകളും നിര്‍മ്മിത പൊതുബോധവും സമുദായസംഘടനകളും തയ്യാറായി എന്നതാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവാവഹവും നിയന്ത്രണാതീതവുമായ നിലയിലേക്ക് നയിച്ചത്.
പൊതുസമൂഹവും ചെറുതും വലുതുമായ സംഘങ്ങളും അന്യന്‍, അപരന്‍ (അദര്‍) എന്ന ആരോപണത്തിലൂടെ ഒരാളെ/ഒരു സമുദായത്തെ/ഒരു സംസ്‌ക്കാരത്തെ/ഒരു ഭാഷയെ/ഒരു സ്ഥലത്തെ/ഒരു വിശ്വാസത്തെ വേര്‍പെടുത്തുകയും ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പുതിയ കാലത്ത് വര്‍ദ്ധിച്ചുവരുന്നതായി കാണാം. സ്വയം ഒരു അധികാരരൂപമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പത്ര-, ടിവി മാധ്യമങ്ങള്‍ ഈ അപരവത്കരണ പ്രയോഗത്തിന്റെ മുഖ്യവേദിയായി ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സിനിമയിലും തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ ഈ വിഷവ്യാപനം നടത്തിക്കൊണ്ടേയിരിക്കാനാണ് തീവ്ര വലതുപക്ഷം പരിശ്രമിക്കുന്നത്. കാശ്മീര്‍ ഫയല്‍സ് ഇതിന്റെ ഉദാഹരണമായിരുന്നു.
മതം മാറ്റം എന്നത്, ഓരോരുത്തരുടെയും സ്വാതന്ത്ര്യം എന്ന പരിഗണനയില്‍ സമീപിക്കേണ്ട പ്രശ്‌നമാണെന്ന ധാരണയാണ് മതനിരപേക്ഷവാദികൾക്കുള്ളത്. ഹിന്ദുമതത്തില്‍ ദളിതരായ ബഹുജനങ്ങള്‍ക്ക് രക്ഷയില്ല എന്നു കണ്ടെത്തി, ജീവിതാന്ത്യത്തില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം പൊതുവേദിയില്‍ വെച്ച് ബുദ്ധവിശ്വാസത്തിലേക്ക് മതം മാറിയ അംബേദ്ക്കറുടെ നേതൃത്വത്തില്‍ രൂപംകൊടുത്ത ഇന്ത്യന്‍ ഭരണഘടന ഈ കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ്, മലയാളത്തിന്റെ പ്രിയ കഥാകാരി കമലാദാസ് അഥവാ മാധവിക്കുട്ടി, കമലാ സുരയ്യയായി പേരു മാറ്റി മുസ്ലിം മതം സ്വീകരിച്ചപ്പോള്‍ അതിനെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയും സ്‌നേഹത്തോടെയും ഉള്‍ക്കൊള്ളാന്‍ കേരളത്തിലെ സാമാന്യ ജനതക്ക് സാധിച്ചത്. ചില തീവ്ര ഹിന്ദുത്വ വര്‍ഗീയവാദികള്‍ പ്രശ്‌നങ്ങളുണ്ടാക്കാൻ ശ്രമിച്ചെങ്കിലും അതിനെ സാധാരണക്കാര്‍ പുച്ഛിച്ചു തള്ളി. മനുഷ്യാവകാശത്തെ സംബന്ധിച്ച ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തില്‍ മതം മാറ്റത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: ചിന്ത, മനസ്സാക്ഷിയോടുള്ള പ്രതിബദ്ധത, മതവിശ്വാസം എന്നീ കാര്യങ്ങളില്‍ എല്ലാ മനുഷ്യര്‍ക്കും അവരവരുടെ താല്‍പര്യം വെച്ചുപുലര്‍ത്താന്‍ സ്വാതന്ത്ര്യം ഉണ്ടായിരിക്കേണ്ടതാണ്. ഈ അവകാശത്തില്‍, അവരവരുടെ മതവും വിശ്വാസവും മാറാനുള്ള സ്വാതന്ത്ര്യവും ഉള്‍പ്പെടുന്നു (ആര്‍ട്ടിക്കിള്‍ 18). ഒരാളെ മതം മാറ്റത്തിന് നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് തുടര്‍ന്ന് വ്യക്തമാക്കുന്നുമുണ്ട്. മതം മാറ്റത്തെ സംസ്‌കാരത്തിന്റെയും ദേശീയതയുടെയും പ്രശ്‌നമായി എടുത്തുയര്‍ത്തുകയും വംശഹത്യകള്‍ക്കുള്ള മറുന്യായമായി പ്രതീകവല്‍ക്കരിക്കപ്പെടുകയും ചെയ്യപ്പെടുന്ന കാലഘട്ടത്തില്‍ അപരവത്കരണത്തിന്റെ പ്രശ്‌നമണ്ഡലത്തെയും മതം മാറ്റത്തെക്കുറിച്ചുള്ള സങ്കല്‍പനങ്ങളും ഭാവനകളും കലുഷിതമാക്കുന്നുണ്ട്. സമൂഹത്തിന്റെ പൊതു നിയമത്തിന് പാകമല്ലാത്തവര്‍, അഥവാ പൊതു ശ്രേണിയില്‍ തരം താണിരിക്കേണ്ടവര്‍ എന്ന സ്ഥാനമാണ് അപരര്‍ക്ക് ഉന്മാദ ദേശീയത പതിച്ചു നല്‍കുന്നത്. മത/ഭാഷാ ന്യൂനപക്ഷങ്ങള്‍, ദളിതര്‍, വിദേശീയര്‍ എന്നിവരൊക്കെയും ഇപ്പോള്‍ ഇന്ത്യയില്‍ ഈ അപരവത്കരണ ഭീഷണി നേരിടുന്നുണ്ട്. ഈ അപരത്വത്തിലേക്ക് മുഴുവന്‍ കേരളീയരെയും തള്ളിവിടാനാണ് കേരള സ്‌റ്റോറി ശ്രമിക്കുന്നത്.
ഗുജറാത്തിനും ഒറീസ്സയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളത്തെ അതി തീവ്രമായ തരത്തില്‍ ആക്രമണാത്മകമായ ഹിന്ദുത്വാശയങ്ങള്‍ക്ക് കീഴ്‌പ്പെടുത്താനുള്ള പ്രത്യക്ഷവും പരോക്ഷവുമായ പദ്ധതിയുടെ ഭാഗമായി കെട്ടിച്ചമച്ചുണ്ടാക്കിയ ഒരു പ്രചാരണ കോലാഹലമാണ് ലൗ ജിഹാദ് എന്നതാണ് വസ്തുത.
അതേസമയം, ലൗ ജിഹാദ് എന്ന ഒന്നില്ല എന്ന് മുന്‍ ആഭ്യന്തര സഹമന്ത്രിയും ഇപ്പോഴത്തെ കേന്ദ്ര മന്ത്രിയുമായ ജി കിഷന്‍ റെഡ്ഡി പാര്‍ലമെന്റില്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. എന്നിട്ടും പുതിയ സിനിമയില്‍ ബോധപൂര്‍വ്വം ഈ വ്യാജ ആരോപണത്തെ മുഖ്യ കഥാപരിസരമാക്കി മാറ്റുന്നത് കേരളത്തെ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാര്‍ക്കിടയില്‍ അവഹേളിക്കുന്നതിനും അപമാനിക്കുന്നതിനുമുള്ള നീക്കമാണെന്ന് നമുക്ക് മനസ്സിലാക്കാം. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയും വര്‍ഗീയമായി പിളര്‍ക്കുകയും ചെയ്യുന്നതോടൊപ്പം; കേരളീയരെ മുഴുവനായി ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ സംശയത്തോടെയും അവമതിപ്പോടെയും കാണുന്നതിന് പ്രേരിപ്പിക്കപ്പെടാനും സാധ്യതയുണ്ട്.
ടെലിവിഷന്‍ ആങ്കറായ ബി ആര്‍ അരവിന്ദാക്ഷന്റെ വിവരാവകാശ അപേക്ഷയ്ക്കു കിട്ടിയ മറുപടിയില്‍ പറയുന്നത്, ഈ വിവാദ ട്രെയിലര്‍ സിബിഎഫ്‌സി (സെന്‍സര്‍ഷിപ്പ്) സര്‍ടിഫിക്കറ്റ് നേടിയതല്ല എന്നതാണ് (ദ് ഐഡം റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്).
2022 ലെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍, വിവാദ സിനിമയായ കശ്മീര്‍ ഫയല്‍സ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ അന്താരാഷ്ട്ര ജൂറി അദ്ധ്യക്ഷന്‍ നദാവ് ലാപിഡ് പരസ്യമായി വിമര്‍ശിച്ചിരുന്നു. ജൂറിയംഗങ്ങളില്‍ ഒരാളൊഴിച്ച് എല്ലാവരും നദാവ് ലാപിഡിനെ അനുകൂലിച്ചു. അദ്ധ്യക്ഷനോട് യോജിപ്പില്ലെന്ന് പറഞ്ഞ ഏക ജൂറി അംഗം സുദീപ്‌തോ സെന്നായിരുന്നു എന്ന കാര്യവും ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്.
പൊതുബോധത്തെ നിര്‍ണയിക്കാന്‍ കഴിവുള്ള ഏറ്റവും ജനപ്രിയമായ മാധ്യമമാണ് സിനിമ എന്നെല്ലാവര്‍ക്കും അറിയാം. യഥാര്‍ത്ഥ സംഭവങ്ങളും കല്പിത കഥകളും അര്‍ദ്ധസത്യങ്ങളും നുണകള്‍ തന്നെയും കൂട്ടിക്കുഴയ്ക്കുക എന്നത് സിനിമയില്‍ പുതിയ കാര്യമല്ല. സിനിമയോട് പൊതുവെയും അതാത് സിനിമകളോട് പ്രത്യേകിച്ചും വിമര്‍ശനാത്മകവും ചരിത്രബോധ്യത്തെ അടിസ്ഥാനപ്പെടുത്തിയതും ജനാധിപത്യ അവബോധത്തോടുകൂടിയതുമായ സമീപനം കാണികളും അല്ലാത്തവരുമായവര്‍ക്കിടയില്‍ വ്യാപിപ്പിക്കുക എന്നതു മാത്രമേ ഈ വിഷമസന്ധിയിലും നമുക്ക് ചെയ്യാനാവുന്ന കാര്യമായുള്ളൂ. അതെത്രമേല്‍ ദുഷ്‌കരമാണെങ്കിലും നിര്‍വഹിക്കാതെ നിവൃത്തിയില്ല.
കേരള മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണ, പ്രതിപക്ഷഭേദമെന്യേ വിവിധ നേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും അടക്കം നിരവധി പേര്‍ ഈ സിനിമയോടുള്ള പ്രതിഷേധം ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു. കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചിത്രത്തിനെതിരായ പരാതികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും കോടതി ഇടപെടാന്‍ വിസമ്മതം പ്രകടിപ്പിച്ചിരിക്കുകയാണ്.
കേരളത്തെയും കേരളത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന മനസ്സാക്ഷിയെയും സംരക്ഷിച്ചു നിര്‍ത്താന്‍ ജാഗ്രതയോടെ ഉണര്‍ന്നിരുന്നാല്‍ മാത്രമേ നമുക്ക് രക്ഷയുള്ളൂ എന്നാണീ കോലാഹലങ്ങളെല്ലാം തെളിയിക്കുന്നത്. ♦