Saturday, May 9, 2026

ad

Homeകവര്‍സ്റ്റോറിവെെക്കം സത്യാഗ്രഹവും 
ഗാന്ധിജിയും

വെെക്കം സത്യാഗ്രഹവും 
ഗാന്ധിജിയും

1924 മാർച്ച് 30ന് ആരംഭിച്ച് ടി കെ മാധവൻ, കെ കേളപ്പൻ, കെ പി കേശവമേനോൻ, മന്നത്ത് പത്മനാഭൻ, രാമസ്വാമി നായ്ക്കർ എന്നിവർ നേതൃത്വം നൽകിയ കേരളത്തിലെ പ്രഥമ അയിത്തോച്ചാടന പ്രസ്ഥാനമാണ് വെെക്കം സത്യാഗ്രഹം. വെെക്കം ക്ഷേത്രനിരത്തുകളിലൂടെയുള്ള സഞ്ചാരസ്വാതന്ത്ര്യത്തിന് അവർണ്ണർക്കുമേൽ നിരോധനം ഏർപ്പെടുത്തിയതാണ് സത്യാഗ്രഹത്തിനുള്ള സുപ്രധാന കാരണം. ഈ പ്രക്ഷോഭത്തിലുടനീളം ഗാന്ധിജിയുടെ മേൽനോട്ടം ഉണ്ടായിരുന്നത് ചരിത്രവസ്തുതയാണ്. കൂടാത സത്യാഗ്രഹ കാലയളവിനിടയിൽ തന്നെ ഗാന്ധിജി നേരിട്ട് വെെക്കം സന്ദർശിക്കുകയും ഏകദേശം പത്തു ദിവസങ്ങളോളം തിരുവിതാംകൂറിൽ താമസിച്ച് സത്യാഗ്രഹികളെയും, സത്യാഗ്രഹത്തെ എതിർത്ത സവർണ്ണമേധാവികളെയും കൂടാതെ റീജന്റ് സെക്രട്ടറിയായ കെ പി കേശവമേനോൻ വെെക്കത്ത് സത്യാഗ്രഹം ആരംഭിച്ച വിവരം കമ്പി സന്ദേശത്തിലൂടെ ഗാന്ധിജിയെ അറിയിച്ചു. ഉടൻ തന്നെ സത്യാഗ്രഹത്തെ അനുമോദിക്കുകയും വിജയം നേടുന്നതുവരെ സത്യാഗ്രഹം തുടരണമെന്ന് ആശിക്കുന്നതായി ഗാന്ധിജി അറിയിക്കുകയും ചെയ്തു. എന്നാൽ ഇതേ സമയം സത്യാഗ്രഹത്തെക്കുറിച്ച് ഗാന്ധിജിയുടെ ശ്രദ്ധയിൽപ്പെടുത്തിയതു മനസ്സിലാക്കിയ സവർണ്ണ മേധാവികളായ ശിവരാമയ്യരും, വാഞ്ചീശ്വരയ്യരും ഗാന്ധിജിയെ നേരിൽക്കണ്ട് വെെക്കത്ത് തർക്കത്തിൽപ്പെട്ട റോഡുകൾ ക്ഷേത്രത്തിന്റെ വക സ്വകാര്യ സ്വത്താണെന്നും അവ ബ്രാഹ്മണ ട്രസ്റ്റിമാരുടെ കെെവശാവകാശത്തിലാണെന്നും അവർക്ക് അതിലൂടെയുള്ള സഞ്ചാരം നിയന്ത്രിക്കുന്നതിന് പരിപൂർണ്ണ അധികാരം ഉണ്ടെന്നും ഇവർ ഗാന്ധിജിയോടു അവകാശവാദം ഉന്നയിച്ചു. എന്നാൽ ബ്രാഹ്മണർക്ക് മാത്രം അവകാശപ്പെട്ട ഈ റോഡുകൾ ബ്രാഹ്മണരല്ലാത്തവർ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ എന്ന് ഗാന്ധിജി ആരാഞ്ഞപ്പോൾ ഉപയോഗിക്കുന്നുണ്ട് എന്നാണ് അവർ മറുപടി പറഞ്ഞത്. അങ്ങനെയെങ്കിൽ ബ്രാഹ്മണരല്ലാത്തവർക്കുള്ള ഇതേ അവകാശം മർദ്ദിത വിഭാഗങ്ങളായ തൊട്ടുകൂടാത്തവർക്കും തീണ്ടികൂടാത്തവർക്കും ഉണ്ടായിരിക്കണമെന്ന് ഗാന്ധിജി നിർദ്ദേശിച്ചപ്പോൾ അതിന് കുറേ കാലതാമസം വേണ്ടിവരുമെന്ന് പറഞ്ഞ് അവർ ഗാന്ധിജിയോടു വിട പറഞ്ഞു.

വെെക്കത്ത് സത്യാഗ്രഹം ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ നേതാക്കളായ കെ പി കേവശവമേനോനും ടി കെ മാധവനും അറസ്റ്റുവരിച്ച വിവരം 1924 ഏപ്രിൽ 8–ാം തീയതി കുറൂർ നമ്പൂതിരിപ്പാട് കമ്പി സന്ദേശത്തിലൂടെ ഗാന്ധിജിയെ അറിയിച്ചപ്പോൾ ഗാന്ധിജി അവരെ അനുമോദിക്കുകയും അന്ത്യം വരെ സമരം ചെയ്യണമെന്നും എതിരാളികളെ പൂർണ്ണമായ സ്നേഹം കൊണ്ട് കീഴടക്കണമെന്നും ഗാന്ധിജി തിരികെ കമ്പി സന്ദേശം നൽകിക്കൊണ്ട് ആഹ്വാനം ചെയ്തു.

വെെക്കം സത്യാഗ്രഹത്തിലുടനീളം ഗാന്ധിജിയുടെ മേൽനോട്ടം ഉണ്ടായിരിക്കുകയും ആവശ്യാനുസരണം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സത്യാഗ്രഹത്തിന് നേതൃത്വം നൽകിയവർ സത്യാഗ്രഹവുമായി ബന്ധപ്പെട്ട് സത്യാഗ്രഹമുറകളും രീതികളും ഉൾപ്പെടെ സകലകാര്യങ്ങളും ഗാന്ധിജിയുമായി ആലോചിച്ച് മാത്രമാണ് നടപ്പിലാക്കിയിരുന്നത്. സത്യാഗ്രഹത്തിൽ വെെക്കത്ത് റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള വേലികൾ നീക്കം ചെയ്യുന്നതിനും ഉപവാസം അനുഷ്ഠിക്കുന്നതിനും ഗാന്ധിജിയുടെ അനുവാദം ആവശ്യപ്പെട്ടുകൊണ്ട് കുറൂർ നമ്പൂതിരിപ്പാട് ഏപ്രിൽ 24ന് അയച്ച കമ്പി സന്ദേശത്തിന് മറുപടിയായി ഉപവാസം അനുഷ്ഠിക്കരുതെന്നും വേലികൾ പൊളിക്കുകയോ ചാടിക്കടക്കുകയോ ചെയ്യരുതെന്നും എന്തിനും ശാന്തമായി വഴങ്ങിക്കൊടുത്തുകൊണ്ട് തുടരെത്തുടരെ നിൽക്കുകയോ നിലത്തിരിക്കുകയോ ചെയ്യണമെന്നാണ് ഗാന്ധിജി നിർദ്ദേശിച്ചത്. കൂടാതെ ഈ അയിത്തോച്ചാടന പ്രസ്ഥാനത്തിന് അനുകൂലമായ നിലപാടെടുത്തിട്ടുള്ള യാഥാസ്ഥിതിക ഹിന്ദുക്കളുടെ ഒരു ഭീമഹർജി തയ്യാറാക്കി മഹാരാജാവിനും ദിവാനും സമർപ്പിക്കാൻ ഏപ്രിൽ 12ന് ഗാന്ധിജി ജോർജ് ജോസഫിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

വെെക്കം പ്രക്ഷോഭത്തിന്റെ ഭാഗമായി മന്നത്ത് പത്മനാഭന്റെ നേതൃത്വത്തിൽ ഒരു ‘സവർണ്ണജാഥ’ സംഘടിപ്പിച്ചതും ഗാന്ധിജിയുടെ ഉപദേശപ്രകാരമായിരുന്നു. ഇതുസംബന്ധിച്ച് ഗാന്ധിജി നൽകിയ നിർദ്ദേശങ്ങൾ ചുവടെ സൂചിപ്പിക്കുന്നു, ‘‘ഈ കാര്യത്തിൽ സവർണ്ണ ഹിന്ദുക്കൾക്കുള്ള വികാരങ്ങൾ പ്രകടമാക്കുന്നതിന് വെെക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് തികച്ചും സമാധാനപരവും അഹിംസാനിഷ്ഠവുമായ ഒരു ജാഥ സംഘടിപ്പിക്കാം. സവർണ്ണ ഹിന്ദുക്കൾ മാത്രമേ ജാഥയിൽ പങ്കെടുക്കാവൂ. ജാഥയിൽ പങ്കെടുക്കുന്ന സവർണ്ണ ഹിന്ദുക്കൾ കാൽനടയായി സഞ്ചരിക്കുകയും അതിൽനിന്നുണ്ടാകുന്ന അസൗകര്യങ്ങൾ അനുഭവിക്കുകയും ചെയ്യുന്നതിന് തയ്യാറാകണം. അവർ പട്ടണങ്ങളിൽനിന്നും ഗ്രാമങ്ങളിൽനിന്നും അകന്നുവേണം താവളമടിക്കാൻ. ഭക്ഷണം സ്വയം തയ്യാറാക്കുന്നതിനുള്ള ഏർപ്പാടുകൾ ചെയ്യണം. തികച്ചും അഹിംസാത്മകമായ ഒരു അന്തരീക്ഷം നിലനിർത്തണമെന്ന് ബോധ്യമായാൽ മാത്രമേ അത്തരത്തിലുള്ള ഒരു ജാഥ സംഘടിപ്പിക്കാവൂ’’. (വെെക്കം സത്യാഗ്രഹ രേഖകൾ, കേരള സ്റ്റേറ്റ് ആർക്കെെവ്സ്). ഇത്തരത്തിൽ ജാഥയ്ക്ക് കെെക്കൊള്ളേണ്ട സകല നടപടികളെ സംബന്ധിച്ചും ഗാന്ധിജി ഉചിതമായ നിർദ്ദേശം നൽകിയിരുന്നു. സവർണ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും സഞ്ചരിക്കുന്ന റോഡിലൂടെ അവർണ്ണർക്കും നടന്നു പോകാനുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതിനെതിരെയാണ് സത്യാഗ്രഹികൾ നിലകൊള്ളുന്നത്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനോ മഹാരാജാവിന് എതിരായിട്ടോ അല്ല അവർ പോരാടുന്നത്. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പൗരോഹിത്യപക്ഷപാതത്തിനെതിരെയാണ് ഈ പ്രക്ഷോഭം. അവർണ്ണർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിലൂടെ സത്യാഗ്രഹികൾ സഞ്ചരിക്കുന്നത് ക്രമസമാധാന പ്രശ്നം സൃഷടിക്കുമോ എന്നതുമാത്രമാണ് സർക്കാരിന്റെ മുന്നിലുള്ള ഏക പ്രശ്നം.വെെക്കത്തിനകത്തും പുറത്തും പൊതുജനാഭിപ്രായം സത്യാഗ്രഹികൾക്ക് അനുകൂലമാണ്. തിരുവിതാംകൂർ സർക്കാർ സത്യാഗ്രഹത്തിന് അനുകൂല നിലപാടെടുത്തതായി ഗാന്ധിജി വിലയിരുത്തി. എന്നാൽ സത്യാഗ്രഹികൾക്കുനേരെ കഠിനമായ ഗുണ്ടാ ആക്രമണം ഉണ്ടായപ്പോൾ ഗാന്ധിജി തിരുവിതാംകൂർ സർക്കാരിനെ നിശിതമായി വിമർശിച്ചു. നിരപരാധികളായ സത്യാഗ്രഹികൾക്കെതിരായി നടത്തുന്ന ഈ തുറന്ന അക്രമത്തിന് തിരുവിതാംകൂർ സർക്കാർ കൂട്ടുനിൽക്കുകയാണെന്നും തിരുവിതാംകൂറിനെ പോലെ പുരോഗതി നേടിയ ഒരു രാജ്യം ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമികമായ കർത്തവ്യം കെെവിട്ടുകളഞ്ഞിരിക്കുകയാണെന്നും ഗാന്ധിജി തന്റെ യങ് ഇന്ത്യ പത്രത്തിലൂടെ ആരോപിച്ചു. വെെക്കത്ത് സന്നദ്ധഭടന്മാരുടെ കണ്ണിൽ ചുണ്ണാമ്പെഴുതി അവരെ അന്ധന്മാരാക്കിയെന്നും അവരുടെ ഖാദി വസ്ത്രങ്ങൾ വലിച്ചു കീറി തീയിലിട്ടു ചുട്ടുകളഞ്ഞെന്നും ഗാന്ധിജി യങ് ഇന്ത്യയിൽ രേഖപ്പെടുത്തി. ആത്മാർത്ഥതയുള്ള സത്യാഗ്രഹികളുടെ മേൽ ഗുണ്ടകളെ അഴിച്ചുവിടുകയാണെങ്കിൽ രാജ്യത്തിലെ പൊതുജനാഭിപ്രായത്തിന്റെ മുഴുവൻ ശക്തിയും സത്യാഗ്രഹികളെ സഹായിക്കാനെത്തുമെന്ന് ഗാന്ധിജി മുന്നറിയിപ്പ് നൽകി. അപ്രകാരം സമാധാനപരമായി സത്യാഗ്രഹം നയിച്ചവരുടെ മേൽ അക്രമം അഴിച്ചുവിട്ടപ്പോൾ ഗാന്ധിജി മൗനം വെടിഞ്ഞ് അതിനെതിരെ ശക്തമായി ശബ്ദമുയർത്തി.

വെെക്കം പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സകലകാര്യങ്ങളിലും ഗാന്ധിജിയുടെ വിലപ്പെട്ട സഹായത്തെയും ഉപദേശങ്ങളെയും ആശ്രയിച്ചാണ് സത്യാഗ്രഹികൾ മുന്നോട്ടുപോയത്. വേനൽക്കാലത്ത് വസൂരി പൊട്ടിപ്പുറപ്പെട്ടപ്പോഴും മറ്റു യാതനകൾ അനുഭവിച്ചപ്പോഴും ഗാന്ധിജി സത്യാഗ്രഹികളെ ധെെര്യപ്പെടുത്തുകയും ആത്മവിശ്വാസം പകർന്നുകൊടുക്കുകയും ചെയ്തു. ‘നിസ്സഹായർക്ക‍് ഒരേയൊരു സഹായം ഈശ്വരൻ മാത്രം’ എന്ന പഴഞ്ചൊല്ല് ഓർമിപ്പിച്ചുകൊണ്ടാണ് അവരെ ധെെര്യപ്പെടുത്തിയത്. കൂടാതെ സത്യാഗ്രഹികളെ സാമ്പത്തികമായി സഹായിക്കുന്നതിന് ആയിരം രൂപ അയച്ചുകൊടുക്കുന്നതിന് ഗാന്ധിജി സി രാജഗേപാലാചാരിയോടു ആവശ്യപ്പെടുകയും 1925 മാർച്ചിൽ വെെക്കം സന്ദർശിക്കുമ്പോൾ തിരികെ നൽകാമെന്നും ഗാന്ധിജി കത്തിലൂടെ അറിയിച്ചു. അത്തരത്തിൽ ഗാന്ധിജിക്ക് വെെക്കം അത്യാഗ്രഹികളോടുണ്ടായിരുന്ന ഉൽക്കണ്ഠയും സന്മനസ്സും ഇപ്രകാരമായിരുന്നു. 1925 മാർച്ച് 4–ാം തീയതി ശനിയാഴ്ച രാവിലെ ഗാന്ധിജി മദ്രാസിലെത്തുമെന്നും അന്നുതന്നെ വെെക്കത്തേക്ക് തിരിക്കുമ്പോൾ കൂടെ വരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സി രാജഗോപാലാചാരിക്ക് കമ്പി സന്ദേശം നൽകിയ പ്രകാരം മദ്രാസിലെത്തിയ ഗാന്ധിജിയും സംഘവും വെെക്കത്തേക്ക് യാത്ര തിരിച്ചു. മാർച്ച് 8ന് എറണാകുളത്ത് എത്തിയ ഗാന്ധിജി തന്റെ പ്രൈവറ്റ് സെക്രട്ടറി മഹാദേവ ദേശായി, മകൻ രാംദാസ് ഗാന്ധി, സി രാജഗോപാലാചാരി എന്നിവരോടൊപ്പം എറണാകുളത്തുനിന്ന് ഒരു മോട്ടോർ ബോട്ടിൽ വെെക്കത്ത് എത്തി. ഗാന്ധിജിയുടെ വരവിനെ ആകാംക്ഷയോടെ കാത്തിരുന്ന വെെക്കം സത്യാഗ്രഹികൾക്ക് ആവേശം പകർന്ന നിമിഷങ്ങളായിരുന്നു അത്. അന്നു വെെകുന്നേരം വെെക്കം ആശ്രമം മാനേജർ കേളപ്പൻനായർ അദ്ദേഹത്തെ ഊഷ്മളമായി സ്വീകരിക്കുകയും എ കെ പിള്ള മറ്റുള്ളവരെ പരിചയപ്പെടുത്തുകയും ചെയ്തു.

1925 മാർച്ച് 10ന് രാവിലെ വെെക്കം സത്യാഗ്രഹികളോടൊപ്പം കുറച്ചു സമയം ചെലവഴിച്ചതിനുശേഷം സവർണ്ണരുമായും കൂടിക്കാഴ്ച നടത്തിയതിനെ തുടർന്ന് അമ്പലപ്പുഴ താലൂക്കിലെ ഈഴവരുമായും ചർച്ച നടത്തി. സത്യാഗ്രഹം, തൊട്ടുകൂടായ്മ, തീണ്ടികൂടായ്മ എന്നീ വിഷയങ്ങളെ സംബന്ധിച്ചായിരുന്നു ചർച്ച. ഇണ്ടാൻതുരത്ത് നമ്പൂതിരിയുടെ ഇല്ലത്തുവച്ച‍് സവർണ്ണ നേതാക്കന്മാരോടു സംവദിക്കുകയും സമരം ഒത്തുതീർപ്പിനുവേണ്ടി ഗാന്ധിജി മൂന്നു നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയുംചെയ്തു. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ സവർണ്ണ ഹിന്ദുക്കളുടെ വോട്ടെടുത്ത് ജനഹിത പരിശോധന നടത്തുക, മദ്ധ്യസ്ഥ തീരുമാനത്തിന് വിടുക, സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതിന് യാഥാസ്ഥിതികർ ഉദ്ധരിക്കുന്ന ഹിന്ദുശാസ്ത്രത്തിന്റെ പ്രാമാണികത പരിശോധനയ്ക്ക് വിധേയമാക്കുക എന്നിവയായിരുന്നു സമരപരിഹാരത്തിന് ഗാന്ധിജി മുന്നോട്ടുവച്ച മൂന്നു നിർദ്ദേശങ്ങൾ. എന്നാൽ സവർണ്ണമേധാവിത്വം ഈ നിർദ്ദേശങ്ങളോടു മൗനംപാലിക്കുകയും നൂറ്റാണ്ടുകളായി സവർണ്ണർ അനുഭവിച്ചുപോരുന്ന വെെക്കം ക്ഷേത്രനിരത്തുകളിൽ മേലുള്ള അവകാശം അവർണ്ണർ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് തടയണമെന്ന് അവർ ഗാന്ധിജിയോടു ആവശ്യപ്പെടുകയും ചെയ്തു. അപ്പോൾ ഈ റോഡുകളിൽ സഞ്ചരിക്കുന്നതിന് സവർണ്ണർക്ക് എത്രമാത്രം അവകാശമുണ്ടോ അത്രമാത്രം അവകാശം അവർണ്ണർക്കുമുണ്ടെന്ന് ഗാന്ധിജി മറുപടി പറഞ്ഞു.

1925 മാർച്ച് 11ന് രാവിലെ വെെക്കം സത്യാഗ്രഹികളെ ഗാന്ധിജി അഭിസംബോധന ചെയ്തു. തദവസരത്തിൽ ഗാന്ധിജി നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗം ചുവടെ ചേർക്കുന്നു, ‘‘ഈ സമരം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം മതപരമാണ്. ഹിന്ദുമതത്തിലെ ഏറ്റവും വലിയ ഒരു കളങ്കം തുടച്ചുമാറ്റിക്കളയുന്നതിനാണ് നാം ശ്രമിക്കുന്നത്. യുഗങ്ങളോളം പഴക്കമുള്ള മനോഭാവത്തോടാണ് നാം ഏറ്റുമുട്ടുന്നത്. ക്ഷേത്രത്തിനു ചുറ്റുമുള്ള പൊതുനിരത്തുകൾ തീണ്ടിക്കൂടാത്തവർക്ക് സഞ്ചാരാർഹമാക്കിത്തീർക്കുന്നതിനുള്ള പ്രക്ഷോഭണം നാം നടത്താൻ പോകുന്ന വമ്പിച്ച സമരത്തിന്റെ നിസ്സാരമായ ഒരു ഭാഗം മാത്രമാണ്. ഈ പ്രക്ഷോഭണം വെെക്കത്തെ റോഡുകൾ തുറന്നുകൊടുക്കുന്നതുകൊണ്ടുമാത്രം അവസാനിക്കുമെങ്കിൽ ഞാനീകാര്യത്തിൽ തലയിടുമായിരുന്നില്ല… റോഡുകൾ തുറക്കേണ്ടതുതന്നെ. അതു തുറന്നേ തീരൂ. എന്നാൽ അത് അവസാനത്തിന്റെ ആരംഭം മാത്രമാണ്. അവസാനം എന്നു പറയുന്നത് തിരുവിതാംകൂറിൽ ഇത്തരത്തിലുള്ള എല്ലാ റോഡും തീണ്ടിക്കൂടാത്തവർക്ക് തുറന്നു കൊടുക്കുക എന്നതാണ്’’. (വെെക്കം സത്യാഗ്രഹ രേഖകൾ, കേരള സ്റ്റേറ്റ് ആർക്കെെവ്സ്), ഗാന്ധിജി സത്യാഗ്രഹികൾക്കുവേണ്ടി കെെക്കൊണ്ട അനുകൂല നിലപാട് ഈ സന്ദേശത്തിലൂടെ പകൽപോലെ വ്യക്തമാണ്.

അടുത്ത ദിവസം 1925 മാർച്ച് 12ന് ഗാന്ധിജി റീജന്റ് മഹാറാണിയെ സന്ദർശിച്ച് റോഡുകൾ അവർണ്ണർക്ക് തുറന്നുകൊടുക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി. കൂടാതെ ജയിലിലടയ്ക്കപ്പെട്ടിരുന്ന നേതാക്കളെയും സത്യാഗ്രഹികളെയും മഹാറാണി മോചിപ്പിച്ചതിന് ഗാന്ധിജി അഭിനന്ദിച്ചു. അന്നു വെെകുന്നേരം 4 മണിക്ക‍് സി രാജഗോപാലാചാരി, വി വി എസ് അയ്യർ, ഇ വി രാമസ്വാമി നായ്ക്കർ എന്നിവരോടൊപ്പം വർക്കല ശിവഗിരി ആശ്രമത്തിൽ വച്ച് ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ തിരുവിതാംകൂറിന്റെ തലസ്ഥാനം ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ അയിത്തത്തിനെതിരെ പ്രഭാഷണങ്ങൾ നടത്തുകയും 1925 മാർച്ച് 18ന് തിരുവിതാംകൂറിനോടു വിട പറയുകയും ചെയ്തു.

ഗാന്ധിജിയുടെ വരവ് വെെക്കത്തെ റോഡുകളും മറ്റു റോഡുകളും എല്ലാ വിഭാഗക്കാർക്കും തുറന്നുകൊടുക്കേണ്ടതാണ് എന്ന നിലപാടിലെത്താൻ ഭരണകൂടത്തെ പ്രേരിപ്പിച്ചു. സത്യാഗ്രഹികൾ ക്ഷമയോടെ പ്രവർത്തിക്കുകയും അവരുടെ ത്യാഗസന്നദ്ധത വച്ചു പുലർത്തുകയും ചെയ്യുമെങ്കിൽ വിജയം സുനിശ്ചിതമാണെന്ന് ആഹ്വാനം ചെയ്താണ് ഗാന്ധിജി മടങ്ങിയത്. വെെക്കം സത്യാഗ്രഹത്തിനനുകൂലമായി ഭരണകൂടത്തെയും സവർണ്ണരേയും പൊതുജനത്തേയും വാർത്തെടുക്കുന്നതിലും കൂടാതെ സത്യാഗ്രഹം ദേശീയ ശ്രദ്ധ ആകർഷിക്കുന്നതിലും കണ്ണും കാതും കൂർപ്പിച്ച് കർമനിരതനായി പ്രവർത്തിച്ച മഹാത്മാവാണ് ഗാന്ധിജി.  References 1. വെെക്കം സത്യാഗ്രഹ രേഖകൾ, കേരള സ്റ്റേറ്റ് ആർക്കെെവ്സ്, കേരള സർക്കാർ. 2. Letter from Gandhiji to K P Kesavamenon, dated 19.3.1924. 3. Telegram from Gandhiji to K P Kesavamenon, dated 1.4.1924. 4. Telegram from Gandhiji to K P Kesavamenon, dated 8.4.1924. 5. Telegram from Gandhiji to George Joseph, dated 12.4.1924. 6. Telegram dated 24.4.1924 7. Letter from Gandhiji to C Rajagopalachari, dated 23.2.1925. 8. Letter from Gandhiji to W H Pitt, Police Commissioner of Travancore dated 18.3.1925 9. Young India, dated 19.3.1925, 2.4.1925, 4.6.1925 10. കെ രാമചന്ദ്രൻ നായർ, ഗാന്ധിജിയും കേരളവും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

2 × one =

Most Popular