2015 ജൂലൈ 9ന് രാവിലെ കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നടന്നത് ആരെയും ഞെട്ടിപ്പിക്കുന്ന നിഷ്ഠുരമായ സംഭവമാണ്. സ്കൂളിലേക്ക് തന്റെ സഹോദരിക്കൊപ്പം പൊതുനിരത്തിലൂടെ പോകുകയായിരുന്ന ഫഹദ് എന്ന എട്ടുവയസ്സുകാരനെ അയൽ വാസിയും ആർഎസ്എസ് പ്രവർത്തകനുമായ വിജയൻ എന്നയാൾ പിന്നിലൂടെ വന്ന് വെട്ടിക്കൊല്ലുകയാണുണ്ടായത്. ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള വിരോധമാണത്രെ ആ ആർഎസ്എസുകാരനെ നിഷ്ഠൂരമായ ഈ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. അബ്ബാസ് സിപിഐ എം പ്രവർത്തകനാണ്.
കാഞ്ഞങ്ങാട് പ്രദേശത്തെ ഒട്ടേറെ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടയാളാണ് വിജയൻ എന്ന ആർഎസ്എസുകാരൻ. പരിവാർ സംഘടനകളിലൊന്നായ ഹിന്ദുമുന്നണി നേതാവ് ശശികലയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ മൊബൈലിൽ സംഗീതംപോലെ സദാ കേൾക്കലാണ് ഇയാളുടെ ഹോബി. ഈ കൊലപാതകം നടത്തുന്നതിനും ഏതാനും മാസങ്ങൾക്കുമുൻപ് ട്രെയിനിൽ ബോംബ് ഭീഷണി മുഴക്കിയതിന് പൊലീസിന്റെ പിടിയിലായ ആളുമാണ് ഈ കുറ്റവാളി. ഫഹദിന്റെ പിതാവ് അബ്ബാസിനോടുള്ള ഇയാളുടെ വിരോധത്തിന്റെ കാരണം ഇയാൾ നടത്തിയ അക്രമങ്ങളെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതാണെന്നും പറയപ്പെടുന്നു. സംഘപരിവാർ പ്രത്യയശാസ്ത്രം ശത്രുപക്ഷത്ത് നിർത്തിയിട്ടുള്ള വിഭാഗങ്ങളാണ് കമ്യൂണിസ്റ്റുകാരും മുസ്ലീങ്ങളും. കമ്യൂണിസ്റ്റ് പ്രവർത്തകനും മുസ്ലീം മതവിശ്വാസിയുമായ അബ്ബാസിനോടുള്ള ശത്രുതയും വിദ്വേഷവും തീർക്കാൻ അദ്ദേഹത്തിന്റെ എട്ടുവയസ്സുകാരനായ മകനെ വധിക്കാനുള്ള മാനസികാവസ്ഥയിൽ ഈ ആർഎസ്എസുകാരനെ എത്തിച്ചത് നിശ്ചയമായും അയാളിലുള്ള സംഘപരിവാർ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനം തന്നെയാണ്.
എതിർ ആശയങ്ങളെ ആശയപരമായി നേരിടാൻ കെൽപില്ലാത്ത സംഘപരിവാറുകാർ ഉയർന്നുവരുന്ന ഉശിരന്മാരായ യുവ സിപിഐ എം കേഡർമാരെ വധിച്ച നിരവധി ഉദാഹരണങ്ങൾ സമീപകാല കേരളചരിത്രത്തിലുണ്ട്. ഒപ്പം കൊലപാതകത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായും കൊലപാതകങ്ങൾ നടത്തിയ ചരിത്രവുമുണ്ട്. അതിലൊന്നാണ് ഫഹദ് എന്ന എട്ടുവയസ്സുകാരന്റെ കൊലപാതകം. ഇളംചോരക്കായി ദാഹിക്കുന്ന സംഘപരിവാർ രക്തരക്ഷസു കളുടെ കൊലപാതക പരമ്പരയിൽ ചിലത് തുടർന്ന് വായിക്കാവുന്നതാണ്.
നിഷ്ഠുരവും നികൃഷ്ടവുമായ അരുംകൊല
1994 ജനുവരി 26 ബുധനാഴ്ച. എസ്എഫ്ഐയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത് കണ്ണൂരിൽ തിരിച്ചെത്തിയ ആ സംഘടനയുടെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി സുധീഷ് അന്ന് യാത്രാക്ഷീണം കാരണം പതിവിലും നേരത്തെ ഉറങ്ങാൻ കിടന്നു. പുലർച്ചെ ഒന്നു പത്തിനാണ് കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ സുധീഷ് നിവാസിൽ ഒരാൾ കയറിവന്ന് തുടർച്ചയായി വാതിലിൽ മുട്ടിക്കൊണ്ട് സുധീഷിനെ വിളിക്കുന്നത്. ഗാഢനിദ്രയിലായിരുന്ന സുധീഷ്, നിരന്തരമായി വാതിലിൽമുട്ടുന്നതും തന്നെ വിളിക്കുന്നതും കേട്ട് ഞെട്ടിയുണർന്ന്, ആഗതൻ ആരാണെന്നറിയാൻ ജനൽ തുറന്നു നോക്കി. അപരിചിതനായ ഒരാൾ പുറത്തുനിന്ന് പറഞ്ഞു: “വത്സൻ പറഞ്ഞിട്ട് വന്നതാണ്. വേഗം ആപ്പീസിൽ പോകണം”. വന്നയാളെ ഒരു പരിചയവുമില്ലാത്തതുകൊണ്ടുതന്നെ എന്തോ സംശയം തോന്നിയ സുധീഷ് വാതിൽ തുറന്നില്ല. നിങ്ങൾ പോയ്ക്കൊള്ളൂ. ഞാൻ പിന്നാലെ വന്നോളാം” എന്നു പറഞ്ഞ് ജനാല അടച്ചു. നിമിഷങ്ങൾക്കകം, വീടിനുപുറത്ത് ഇടവഴിയിലെ ഇരുട്ടിൽ പതുങ്ങിയിരുന്ന ഒരു ഡസനോളം ആളുകൾ മഴുവും വടിവാളുകളുമായി വീടിന ടുത്തേക്ക് ഓടിയടുത്തു. ആർഎസ്എസ്‐ബിജെപി കാപാലിക സം ഘമായിരുന്നു അത്. സുധീഷിനെ വിളിച്ചിറക്കി പുറത്തുകൊണ്ടുവന്ന് വധിക്കാനുള്ള പദ്ധതിയുമായി എത്തിയവരായിരുന്നു ആ സംഘം. വാതിൽ തുറന്ന് സുധീഷ് പുറത്തുവരുന്നില്ലെന്ന് കണ്ടതോടെ, വാതിൽ ചവിട്ടിപ്പൊളിച്ച് അവർ അകത്തുകടന്നു. പുറത്തെ ഒച്ചയും ബഹളവും കേട്ട് ഞെട്ടി ഉണർന്ന, സുധീഷിന്റെ അച്ഛനമ്മമാർ ആയുധധാരികളായ ആ കാപാലികരെ തടയാൻ ശ്രമിച്ചു. എന്നാൽ മനുഷ്യത്വം എന്തെന്നറിയാത്ത, രക്തദാഹികളായ ആ കാപാലിക സംഘം, ആ വൃദ്ധ മാതാപിതാക്കളെ ചവിട്ടിത്തെറിപ്പിക്കുകയാണുണ്ടായത്. സംഘികളിലൊരാൾ ഉയർത്തിപ്പിടിച്ചിരുന്ന മഴുവിന്റെ വായ്ത്തലകൊണ്ട് സുധീഷിന്റെ അച്ഛന്റെ കൈക്ക് പരിക്കേറ്റു.
“അവനെയൊന്നും ചെയ്യല്ലേ; ഞങ്ങക്ക് ഒരേയൊരു മോനേയുള്ള, അവനെ കൊല്ലല്ലേ, വേണോങ്കി, നിങ്ങള് ഞങ്ങടെ ജീവനെടുത്തോ”, എന്ന് നെഞ്ചുപൊട്ടി വിലപിച്ച ആ മാതാപിതാക്കളെ, ആ കൊലയാളികളുടെ കാലുപിടിച്ച് കേണപേക്ഷിച്ച വൃദ്ധ ദമ്പതികളെ മനുഷ്യവിദ്വേഷത്തിന്റെയും കൊലപാതകത്തിന്റെയും രാഷ്ട്രീയ പ്രത്യയശാസ്ത്രം ഒരു ലഹരിപോലെ തലയ്ക്കുപിടച്ച ആ നരാധമന്മാർ ദൂരേക്ക് തൊഴിച്ച് തെറിപ്പിക്കുകയാണുണ്ടായത്. സുധീഷിന്റെ മുറിയിൽ കടന്ന ആ ഇരുകാലിമൃഗങ്ങൾ ആ ചെറുപ്പക്കാരനെ വലിച്ചു താഴത്തേക്കിട്ടു. മനുഷ്യജന്മത്തിലുള്ള ആർക്കും ചെയ്യാനാകാത്ത കൊടുംക്രൂരതയാണ്, ആരെയും ഞെട്ടിപ്പിക്കുന്ന നൃശംസതയാണ് പിന്നീടവിടെ നടന്നത്. സംഘികളുടെ തൊഴിയേറ്റ് ദൂരെ തെറിച്ചുവീണ് നിലത്തുകിടന്ന് അലമുറയിട്ട് ബോധം നഷ്ടപ്പെട്ടുകൊണ്ടിരുന്ന നൊന്തുപെറ്റ അമ്മയുടെയും 26 വർഷം സ്‌നേഹിച്ചും ലാളിച്ചും പോറ്റിവളർത്തിയ അച്ഛന്റെയും കൺമുന്നിൽ വെച്ച്, അവരിരുവരും തങ്ങളുടെ അരുമമകന്റെ ജീവനുവേണ്ടി കേണപേക്ഷിച്ചു കൊണ്ടിരിക്കവെ, ആ കൊച്ചുമുറിയിൽ പത്തോളം വരുന്ന ആർഎസ്എസ് ക്രിമിനൽ സംഘം വളഞ്ഞുനിന്ന് ആ ചെറുപ്പക്കാരനെ മഴുകൊണ്ട് വെട്ടിപ്പിളർന്നു; കൊത്തിനുറുക്കി. വെട്ട് ഇരുപത്തിയാറോ അമ്പത്തിഒന്നോ എന്ന് കണക്കാക്കാനാവാത്തവിധം സുധീഷിന്റെ ശരീരത്തെ ആ ചോരക്കൊതിയന്മാർ വെട്ടിനുറുക്കി. ജീവന്റെ കണികപോലും ആ ശരീരത്തിലില്ലെന്ന് ഉറപ്പാക്കിയാണ് ഇരുട്ടിന്റെ മറപറ്റി അവർ അവിടെനിന്ന് ഓടിമറ ഞ്ഞത്.
ഇൻക്വസ്റ്റ് തയ്യാറാക്കിയ കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ പോലും ആ ഭീകരരംഗംകണ്ട് ഞെട്ടിത്തരിച്ച് നിശ്ചലനായി ഒന്നു മെഴുതാൻ പറ്റാതെ അൽപനേരം നിന്നുപോയതായാണ് റിപ്പോർട്ടുകളിൽ കാണുന്നത്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ ഒരു നടുക്കത്തോടെ, നെടുവീർപ്പിട്ട് പറഞ്ഞു – “ഇല്ല, വെട്ടേറ്റ് ഒരു നിമിഷ പോലും ആ ദേഹത്ത് ജീവൻ ബാക്കി ഉണ്ടായിരുന്നിരിക്കാൻ ഇടയില്ല. ഒരുപക്ഷേ ഇന്നേവരെ കേരളം കണ്ടതിൽവെച്ച് ഏറ്റവും നിഷ്ഠുരവും നികൃഷ്ടവും ക്രൂരവുമായ രാഷ്ട്രീയ കൊലപാതകമാണിതെന്ന് നിസ്സംശയം പറയാവുന്നതാണ്. കൃശഗാത്രനായ, സദാ സുസ്‌മേരവദനനായ സുധീഷിന്റെ മുഖത്ത് ഭാവഭേദമേ ഉണ്ടായിരുന്നില്ല.
തലയും കൈകാലുകളും ശരീരമാസകലവും വെട്ടിപ്പിളർന്നിരുന്നു. ആഴത്തിലും വീതിയിലുമുള്ള 37 വെട്ടുകൾ. തല നെടുകെ വെട്ടിപ്പിളർന്നിരുന്നു. വലതുകാലിന്റെ പാദം ഞെരിയാണിക്കടുത്തുവെച്ച് മുറിഞ്ഞു ഞാന്നുകിടന്നു. ഇടതുതോളിനു കീഴെ പള്ളയിൽ 13 സെന്റീ മീറ്റർ നീളവും 13 1/2 സെന്റീമീറ്റർ വീതിയും ഏതാണ്ട് അത്രതന്നെ ആഴവുമുള്ള ഒരു കുഴി‐ – മഴുകൊണ്ട് ആഴത്തിൽ വെട്ടിക്കൊളുത്തി വലിച്ച് മാംസം വാർന്നെടുത്തു ആ നരഭോജികൾ. കാൽമുട്ടുകൾക്കു താഴെയും മുകളിൽ തുടഭാഗത്തും വിറക് വെട്ടിക്കീറുന്നതുപോലെ വെട്ടിപ്പിളർന്നിരുന്നു. വലതു കാൽമുട്ടിൽ 15 സെന്റീമീറ്റർ നീളത്തിൽ 6 സെന്റീമീറ്റർ ആഴത്തിൽ ഒരു പിളർപ്പ്. വലതുനെഞ്ച് നെടുകെപിളർന്ന് തുറന്നു കിടപ്പായിരുന്നു. കഴുത്തിന് പിന്നിലായി മഴുകൊണ്ട് വെട്ടിപ്പിളർന്നിരുന്നു. കൈകൾ രണ്ടും വെട്ടി മാറ്റപ്പെട്ടിരുന്നു. മസിലുകൾ പിളർന്ന് ചിതറിയിരുന്നു. മഴുവിന്റെ വായ്ത്തല ഏൽക്കാത്ത ഒരിഞ്ചുഭാഗംപോലും ആ ഇളംശരീരത്തിൽ അവശേഷിച്ചിരുന്നില്ല. ശരീരമാകെ പിളർന്നു കീറപ്പെട്ട് രക്തം വാർന്നൊഴുകി, അച്ഛനമ്മമാർ മോഹാലസ്യപ്പെട്ടു വീണുകിടക്കുന്നതിനടുത്ത് ആ യുവാവ് പിടഞ്ഞുവീണു മരിച്ചു. മരിച്ചുവെന്നുറപ്പായശേഷവും ആ കശ്മലന്മാർ വെട്ടുനിർത്താതെ ശരീരത്തെ ചിന്നിച്ചിതറിക്കുകയാണുണ്ടായത്. (ഈ വിവരണം 51 വെട്ടിനെപ്പോലെ ആരുടെയെങ്കിലും ഭാവനയിൽ വിരിഞ്ഞ കഥയല്ല. പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ടിലും ഡോക്ടറുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും രേഖപ്പെടുത്തപ്പെട്ട വസ്തുതയാണ്). കൊല്ലപ്പെടുമ്പോൾ 26 വയസ്സു മാത്രമായിരുന്ന കെ വി സുധീഷ് രാഷ്ട്രീയ കേരളത്തിന്റെ വാഗ്ദാനമായിരുന്നുവെന്ന് ആ ചെറുപ്പക്കാരനെ അറിയാമായിരുന്നവരെല്ലാം സമ്മതിക്കുന്നു. രാഷ്ട്രീയ എതിരാളികളിൽ പോലും ബഹുമാനവും ആദരവും ജനിപ്പിക്കുംവിധം വിനയവും അർപ്പണബോധവും സ്നേഹമസൃണമായ പെരുമാറ്റവും കൊണ്ട് ശ്രദ്ധേയനായിരുന്ന യുവാവിനെയാണ് പെറ്റമ്മയുടെയും പിതാവിന്റെയും മുന്നിലിട്ട് ആർഎസ്എസ് ബിജെപി കൊലയാളി സംഘം വെട്ടിനുറുക്കിയത്.
കൂത്തുപറമ്പ് ഭാഗത്ത് ആ ഘട്ടത്തിൽ ഒരു സംഘർഷാവസ്ഥയും നിലവിലുണ്ടായിരുന്നില്ല. ഏതെങ്കിലും ഒരു ഏറ്റുമുട്ടലിനെ തുടർന്നുമായിരുന്നില്ല ഈ കൊലപാതകം.
തികച്ചും ആസൂത്രിതമായ ഒന്നായിരുന്നു അത്. നുണപ്രചരണം നടത്താനും എതിരാളികളെ ആയുധം കൊണ്ട് നേരിടാനുമല്ലാതെ രാഷ്ട്രീയമായും ആശയപരമായും നേരിടാൻ കെൽപോ കോപ്പോ ഇല്ലാത്ത സംഘികളുടെ തനിനിറമാണ് സുധീഷിന്റെ അരുംകൊലയ്ക്കും നിദാനമായത്.
കൂത്തുപറമ്പ് തൊക്കിലങ്ങാടി സുധീഷ് നിവാസിൽ നാണുവിന്റെയും നളിനിയുടെയും മകനാണ് സുധീഷ. ഗീത, ബേബി എന്നിവർ സഹോദരിമാർ. സിപിഐ എം കൂത്തുപറമ്പ് ലോക്കൽ കമ്മിറ്റി അംഗവും ചിറയ്ക്കൽ ഡിവിഷനിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട ജില്ലാ കൗൺസിൽ അംഗവുമായിരുന്നു ആ ചെറുപ്പക്കാരൻ.
സുധീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ചിലർ ശിക്ഷിക്കപ്പെട്ടു. അതിലൊരാളാണ് പേട്ട ദിനേശൻ എന്ന ആർഎസ്എസ് ക്രിമിനൽ. ഇയാൾ ഇ പി ജയരാജനെ ട്രെയിനിൽ വെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെയും പ്രതിയാണ്.
നിങ്ങളെന്തിനീ കുട്ടിയെ കൊന്നു?
എസ്എഫ്ഐ പ്രവർത്തകനും തൃശ്ശൂർ കേരളവർമ കോളേജിലെ ഒന്നാംവർഷ പ്രീഡിഗ്രി വിദ്യാർഥിയുമായിരുന്ന ഇ കെ ബാലൻ എന്ന 18കാരനെ ആർഎസ്എസുകാർ അർധരാത്രി വഴിയിൽ പതിയിരുന്നു വെട്ടിക്കൊലപ്പെടുത്തിയത് സുധീഷ് കൊല്ലപ്പെടുന്നതിനും പത്തുവർഷം മുൻപ്, 1984 ജനുവരി 4ന്.
1984 ജനുവരി 4ന് പുലർച്ചെ 12. ഇ കെ ബാലൻ രാത്രി 12.30നുശേഷം അയ്യന്തോൾ തിരുവോണത്തമ്പലം റോഡും ഒളരി പുത്തൂർക്കര റോഡും ചേരുന്ന ജംഗ്ഷനടുത്തുവെച്ചായിരുന്നു ബാലൻ ദാരുണമായവിധം കൊലപ്പെടുത്തപ്പെട്ടത്. ബാലനൊപ്പം ഉണ്ടായിരുന്ന കല്ലുര തൊഴിലാളിയും സിപിഐ എം അനുഭാവിയുമായ പുത്തൂർക്കര പുളിക്കൽ രാജന് മാരകമായി പരിക്കേറ്റിരുന്നെങ്കിലും, തൃശ്ശൂർ ജില്ലാ ആശുപത്രിയിലെ നെടുനാളത്തെ ചികിത്സയിൽ ജീവൻ തിരിച്ചുകിട്ടി. ഉത്സവത്തോടനുബന്ധിച്ച് നടത്തിയിരുന്ന കലാപരിപാടികൾ കണ്ടശേഷം പുത്തൂർക്കരയിലുള്ള വീടുകളിലേക്ക് മടങ്ങുകയായിരുന്നു അവർ. രാജന്റെ സഹോദരൻ പുളിക്കൽ സദൻ, മുല്ലാംകുഴി ഗോപി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ഇവർ നാലുപേരും റോഡ് ജംഗ്ഷനിലെത്തിയപ്പോൾ ചുറ്റുപാടും പതിയിരുന്ന പന്ത്രണ്ടോളം ആർഎസ്എസ് സംഘം വടിവാൾ, വടി, കത്തി, സൈക്കിൾ ചെയിൻ തുടങ്ങിയ ആയുധങ്ങളുമായി ചാടി വീഴുകയാണുണ്ടായത്. ബാലനും സുഹൃത്തുക്കളും വരുന്നതുകണ്ട് ഒരാൾ വിസിൽ ഊതിയപ്പോഴാണ് ചുറ്റുപാടുനിന്നും ആർഎസ്എസ് സംഘം ഓടിക്കൂടിയത്.
ഒരാൾ ആദ്യം ബാലനെ വെട്ടി. കമിഴ്ന്നു വീണ ബാലനെ പിൻഭാ ഗത്തുനിന്ന് രണ്ടുപേർ ചേർന്ന് ആഞ്ഞുവെട്ടി; തടയാൻ ശ്രമിച്ച രാജനെയും വെട്ടിവീഴ്ത്തി, വെട്ടേറ്റ് ചോരവാർന്നുകൊണ്ടിരുന്ന ബാലനെയും രാജനെയും ഓടിക്കൂടിയ പരിസരവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും ഏറെത്താമസിയാതെ ബാലൻ മരിച്ചു. നെഞ്ചിലും പുറത്തും തലയ്ക്കും ഏറ്റ ആഴമേറിയ മുറിവുകളാണ് മരണകാരണമായത്.
ബാലൻ ഏതെങ്കിലും അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടയാളായിരുന്നില്ല. എസ്എഫ്ഐയുടെ നിലപാടുകൾ ഉയർത്തിപ്പിടിച്ച ഉശിരനായ ഒരു പ്രവർത്തകനായിരുന്നുവെന്നു മാത്രം. കോളേജിലോ നാട്ടിലോ ആ ദിവസങ്ങളിൽ സംഘർഷാവസ്ഥയൊന്നും ഉണ്ടായിരുന്നതുമില്ല. ഉറച്ച സിപിഐ എം അനുഭാവി എന്നതിനുമപ്പുറം എസ്എഫ്ഐയുടെയോ സിപിഐ എമ്മിന്റെയോ മുൻനിര പ്രവർത്തകനുമായിരുന്നില്ല ബാലൻ, സംഘപരിവാർ അക്രമിസംഘത്തിലേക്ക് പുതുതായി വരുന്നവർക്ക് കൊലപാതകം നടത്തി അതിലുള്ള അറപ്പു തീർക്കാൻ വേണ്ടി ആസൂത്രണം ചെയ്തതോ മറ്റാരെയോ ലക്ഷ്യംവെച്ചിരുന്ന അക്രമികൾ ഒടുവിൽ മുന്നിൽ എത്തിയയാളെ അരുംകൊലചെയ്തതോ ആകാം. ബാലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുരളി, സുരേഷ് തുടങ്ങിയ ചില ആർഎസ്എസ് പ്രവർത്തകരെ കോടതി ശിക്ഷിച്ചു. പൊലീസ് പിടിയിൽപെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തവർക്കാർക്കും ബാലനോട് ഒരു ശത്രുതയും ഉണ്ടായിരുന്നതായി പറയുന്നില്ല. കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ അസിസ്റ്റൻറ് ചാർജ്മാനായിരുന്ന പുതോർക്കര എർഞ്ഞീൽ കേശവന്റെയും ഗംഗയുടെയും 5 മക്കളിൽ നാലാമനാണ് ബാലൻ. ♦