Tuesday, June 18, 2024

ad

Homeകവര്‍സ്റ്റോറിവെബ് തിരയലും പാരിസ്ഥിതിക രാഷ്ട്രീയവും പിന്നെ നിർമിത ബുദ്ധിയും

വെബ് തിരയലും പാരിസ്ഥിതിക രാഷ്ട്രീയവും പിന്നെ നിർമിത ബുദ്ധിയും

ഡോ. ദീപക് പി അസോ. പ്രൊഫ. ക്യൂൻസ് കോളേജ്, 
അയർലൻഡ്

കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതികചൂഷണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളിൽ പലപ്പോഴും ഹൈ-ടെക് വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ താരതമ്യേന നിരുപദ്രവകരം എന്ന രീതിയിലാണ് അവതരിപ്പിക്കപ്പെടുന്നത്. ഐ ടി സേവനങ്ങൾക്കായി ആകെ ആവശ്യം കംപ്യൂട്ടറുകളാണ്, വലിയ കംപ്യൂട്ടറുകളായ സെർവറുകളാണ്. അവയുപയോഗിക്കുന്ന വൈദ്യുതിയാവട്ടെ, താരതമ്യേന പ്രകൃതിക്കു കോട്ടം വരാത്ത രീതിയിൽ ഉൽപ്പാദിപ്പിക്കാവുന്ന ഒരു ഊർജ്ജസ്രോതസ്സുമാണ്. ഈ ലളിത യുക്തിയുടെ വെളിച്ചത്തിൽ തീർച്ചയായും ഐ ടി സേവനങ്ങൾ കാർബൺ ബഹിർഗമനം കുറഞ്ഞ ഒരു സാങ്കേതികമേഖലയായി അനുഭവപ്പെടും. ഐ ടി യെക്കുറിച്ചുള്ള ഇത്തരം സാമൂഹിക ധാരണകളുടെ പശ്ചാത്തലത്തിലാണ് വെബ് തിരയൽ സേവനങ്ങളുടെ പാരിസ്ഥിതിക രാഷ്ട്രീയം ഇവിടെ പ്രസക്തമാകുന്നത്.

രണ്ടു മൂന്ന് വർഷം മുമ്പ് ഒരു സുഹൃത്തുമായി ഉണ്ടായ സംഭാഷണം വല്ലാതെ ചിന്തിപ്പിച്ച ഒന്നായിരുന്നു. അയാളുടെ വാദം ഏതാണ്ടിങ്ങനെ സംഗ്രഹിക്കാം: ‘‘പഴയ കാലത്ത് ഒരു ഹോട്ടൽ ബുക്ക് ചെയ്യണമെങ്കിൽ ടെലിഫോൺ ഡയറക്ടറി അല്ലെങ്കിൽ ടൂറിസ്റ്റ് ഗൈഡ് ബുക്ക് ഉപയോഗിക്കണം. ഇന്നിപ്പോൾ ഗൂഗിൾ മുഖേന എല്ലാം വിരൽത്തുമ്പിൽ ഉണ്ട്. വലിയ തടിച്ച ടെലിഫോൺ ഡയറക്ടറികൾ അച്ചടിക്കാൻ എത്ര മരങ്ങൾ മുറിക്കണം. ഗൂഗിൾ മുഖേന എത്ര വനനശീകരണമാണ് ഇന്ന് കുറയ്ക്കാൻ കഴിഞ്ഞത്’’. ഇതിന് സമാനമായ വാദങ്ങൾ എല്ലാവരും കേട്ടുകാണേണ്ടതാണ്. അതിപ്പോൾ ഇ–റീഡറുകളുടെ കാര്യത്തിലാണെങ്കിലും, പത്രങ്ങളുടെ കാര്യത്തിലാണെങ്കിലും നൂതന വിവരാന്വേഷണ സംവിധാനങ്ങൾ മുഖേന പഴയ സംവിധാനങ്ങളെ അപേക്ഷിച്ചു പാരിസ്ഥിതിക വിഷയത്തിൽ എത്രത്തോളം മെച്ചമുണ്ടായി എന്ന കാര്യത്തിൽ മിക്കവർക്കും ഒരൊറ്റ അഭിപ്രായമാണ്. ഏറ്റവും ഒടുക്കം കേട്ടത് സിനിമ കാണാൻ തിയറ്ററിൽ പോകുന്നതിനുപകരം ഒ ടി ടി ഉപയോഗിക്കുമ്പോൾ നാം എത്രമാത്രം ഇന്ധനവും പാഴ്-ചെലവും ഒഴിവാക്കുന്നു എന്നതാണ്.

ആധുനിക സാങ്കേതികവിദ്യകൾ പാരിസ്ഥിതികമായി വലിയ ഗുണങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുണ്ടോ? പരിസ്ഥിതിയെ ചൂഷണം ചെയ്യുക എന്നത് മുതലാളിത്തത്തിന്റെ അടിത്തറയിൽ ഉൾക്കൊള്ളുന്നതാണ് എന്ന സാമ്പ്രദായിക മാർക്സിയൻ നിരീക്ഷണം മുതലാളിത്തത്തിന്റെ തന്നെ സൃഷ്ടികളായ ആധുനിക വിവരാധിഷ്ഠിത സാങ്കേതികവിദ്യകളുടെ കാര്യത്തിൽ പാളിപ്പോകുന്നുവോ? വെബ് തിരയൽ എന്ന ഏറ്റവും ലളിതമായ, എല്ലാവരും ഉപയോഗിക്കുന്ന, സാങ്കേതികവിദ്യയും പാരിസ്ഥിതിക ചൂഷണവുമായിട്ടുള്ള ബന്ധം പരിശോധിക്കുകയാണിവിടെ. ആ ബന്ധം മുതലാളിത്തവുമായുള്ള ബന്ധത്തിലൂടെയാണ് എന്നതിനാൽ അതും സ്പർശിച്ചു പോവേണ്ടതായിട്ടുണ്ട്.

വെബ് തിരയലിൽ ദൃശ്യമാകുന്നതും ദൃശ്യമാകാത്തതും
മറ്റൊരു വ്യക്തിപരമായ അനുഭവത്തിൽനിന്ന് തുടങ്ങാം. എറണാകുളത്തു ജനിച്ചു വളർന്ന ഒരാൾ എന്ന നിലയിൽ എനിക്ക് എറണാകുളത്തിന് സമീപമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാം പരിചയമുണ്ട്. എന്നാലും ഇടയ്ക്കൊക്കെ പുതിയ കേന്ദ്രങ്ങൾ ‘ട്രെൻഡിങ്’ ആവുമല്ലോ. അങ്ങനെ അടുത്തിടെ കേട്ട ചിലതാണ് പാണിയേലി, പോര് എന്നൊക്കെയുള്ള സ്ഥലങ്ങൾ. ഇനി അതുപോലെ വേറെ എന്തൊക്കെയുണ്ട് എന്നറിയാനായി ഒന്ന് തിരയാം എന്ന് വെച്ച് ഗൂഗിളിൽ കഴിഞ്ഞ വർഷം ഒരു ക്വറി കൊടുത്തു: “one day trips from kochi”. കൊച്ചിയുമായി പരിചയമുള്ള ഒരാൾ സ്വാഭാവികമായും ആദ്യത്തെ ഫലങ്ങളിൽ പ്രതീക്ഷിക്കുക ഒരുപക്ഷേ അതിരപ്പള്ളി വെള്ളച്ചാട്ടമാവാം, അല്ലെങ്കിൽ ആലപ്പുഴയിലെയോ മാരാരിക്കുളത്തെയോ കടപ്പുറം ആവാം. അല്ലെങ്കിൽ കുമരകം ഒരു നല്ല സാധ്യതയാണ്, അതുമല്ലെങ്കിൽ ഒരുപക്ഷേ മൂന്നാർ.

ഇതിൽ വെബ് ഫലങ്ങളിൽ വന്നത് എന്തൊക്കെയാണ്, വരാത്തത് എന്തൊക്കെയാണ് എന്ന് പരിശോധിച്ചാൽ ഗൂഗിളിന്റെ രീതികൾ ഒരു പരിധിവരെ നമുക്ക് വായിച്ചെടുക്കാം. ആദ്യം വന്നവയിൽ അതിരപ്പള്ളി വെള്ളച്ചാട്ടം ഉണ്ട്. പക്ഷേ വെള്ളച്ചാട്ടത്തിന്റെ സർക്കാർ വെബ് സൈറ്റ് അല്ല ഗൂഗിൾ കാണിച്ചു തന്നത്, വെള്ളച്ചാട്ടത്തിലേക്ക് ടൂർ പാക്കേജ് ബുക്ക് ചെയ്യാനുള്ള വെബ്സൈറ്റ് ആണ്. ആലപ്പുഴ കടപ്പുറം ഒന്നും കണ്ടില്ലെങ്കിലും, ആലപ്പുഴ ഹൗസ് ബോട്ടുകളുടെ ചിത്രങ്ങൾ ആദ്യഫലങ്ങളിൽ വിലസുന്നുണ്ട്. പക്ഷേ അവിടെയും ആലപ്പുഴ ഹൗസ് ബോട്ട് ബുക്ക് ചെയ്യാനുള്ള വലിയ ടൂറിസ്റ്റ് കമ്പനികളുടെ ലിങ്കുകൾ തന്നെ. ആലപ്പുഴ, മാരാരിക്കുളം കടപ്പുറത്തേക്കോ കുമരകം പക്ഷിസങ്കേതത്തിലേക്കോ ഒന്നും പാക്കേജ് ടൂർ ഇല്ലാത്തത് കൊണ്ടായിരിക്കാം, അവയൊന്നും ആദ്യഫലങ്ങളിൽ കണ്ടതുമില്ല.


വെബ് തിരയലും മുതലാളിത്തവും

വെബ് തിരയലിന്റെ പാരിസ്ഥിതികവശങ്ങളെക്കുറിച്ചു വിശകലനം ചെയ്യുന്നതിനുമുമ്പ് അതിന്റെ മുതലാളിത്ത ബന്ധങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കാരണം മുതലാളിത്തത്തിന്റെ രീതികൾ പ്രവർത്തിക്കുന്നതിലൂടെയാണ് വെബ് തിരയൽ പരിസ്ഥിതിയുമായി ഒരു സവിശേഷ ബന്ധത്തിലേർപ്പെടുന്നത്.

ടൂറിസം സേവനദാതാക്കളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു കാണാവുന്നതാണ്. ആദ്യത്തേത് ലാഭം എന്നത് ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വൻകിട ടൂർ പാക്കേജ് സേവനദാതാക്കൾ. അങ്ങനെ ഒരു സേവനദാതാവിനെ തിരഞ്ഞെടുത്തു. ആലപ്പുഴ ഹൗസ് ബോട്ട് പാക്കേജിന് ഒരു പതിനായിരം രൂപ നൽകുകയാണെങ്കിൽ അതിൽ അവർ മൂവായിരം രൂപ കൊടുത്തു കാർ ഏർപ്പാടാക്കുമായിരിക്കും, നാലായിരം രൂപ മുടക്കി ഹൗസ് ബോട്ടും ഏർപ്പാടാക്കുമായിരിക്കും. ബാക്കി മൂവായിരം അവർ സ്വന്തം കീശയിലും ആക്കും, അതാണ് അവരുടെ ലാഭം. സേവനം യാഥാർഥ്യമാക്കാനായി അദ്ധ്വാനം ചെയ്യുന്നവർക്ക് ഏഴായിരം രൂപ, ബാക്കി ഇടനിലക്കാരന്. മാർക്സിസ്റ്റ് ആശയങ്ങളിൽ പ്രധാനമായ നിർമ്മാണപ്രക്രിയയിലെ മിച്ചമൂല്യം എന്നതിന്റെ പശ്ചാത്തലത്തിൽ വീക്ഷിക്കുകയാണെങ്കിൽ, ഇവിടെ ഇടനിലക്കാരനാണ് മുതലാളി, അയാൾ കൈവശപ്പെടുത്തുന്ന മിച്ചമൂല്യമാണ് മൂവായിരം രൂപ. രണ്ടാമത്തെ തരം സേവനദാതാക്കൾ ചെറുകിട ഹൗസ് ബോട്ട് ഉടമകളാണ്. ആലപ്പുഴയിലെ സ്റ്റാർട്ടിങ് പോയിന്റ് എന്ന സ്ഥലത്ത് എത്തിയാൽ (അതെ, അങ്ങനെയൊരു സ്ഥലമുണ്ട്, നെഹ്‌റു ട്രോഫി വള്ളംകളിയുടെ സ്റ്റാർട്ടിങ് പോയിന്റ്!) അവിടെ നിരവധി ഹൗസ് ബോട്ടുകൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാം. പലതും സ്വന്തം ഉപജീവനത്തിനായി ചെറുകിടക്കാർ നടത്തുന്നവ, അവയിൽ പ്രാദേശിക തൊഴിലാളികൾ ഉണ്ടാവുമെങ്കിലും, മിച്ചമൂല്യം എന്നതല്ല ചെറുകിട മുതലാളിയുടെ പ്രധാന ലക്‌ഷ്യം, ഉപജീവനമാണ്. അങ്ങോട്ടേക്ക് പോകാനായി ടാക്സി, ഓട്ടോ സേവനങ്ങളെ ആശ്രയിക്കുകയാണെങ്കിൽ, അത്തരം സേവനദാതാക്കളുടെയും ലക്ഷ്യം ഉപജീവനമാണെന്ന് കാണണം.

മേൽപ്പറഞ്ഞ വർഗ്ഗീകരണത്തിൽ ഗൂഗിളിന്റെ ഫലങ്ങളിൽ ആദ്യതരം ഫലങ്ങൾ എത്ര എന്നും രണ്ടാമത്തെ തരം എത്ര എന്നും നോക്കിയാൽ ആദ്യത്തേതാണ് ഏറ്റവും കൂടുതൽ എന്ന് കാണാം. രണ്ടാമത്തെ തരം സേവനദാതാക്കൾ ആരുംതന്നെ ഗൂഗിളിന്റെ ആദ്യ പേജിൽ ഇടം പിടിച്ചില്ല എന്നും വരാം. ഗൂഗിൾ എന്ന കമ്പനി വെബ് തിരയൽ രംഗത്തെ കുത്തകയായത് കാരണം ഈ നിരീക്ഷണം അവതരിപ്പിക്കാൻ അതിനെ പേരെടുത്തു പറഞ്ഞു എന്നേയുള്ളു, ഏതൊരു വാണിജ്യ വെബ് തിരയൽ സേവനത്തിന്റെയും കാര്യത്തിലും ഇതൊക്കെ തന്നെയാണ് സംഭവിക്കുക. വൻകിടക്കാർ തന്നെയാവും വെബ് ഫലങ്ങളിൽ ആദ്യം ദൃശ്യമാവുക. ഇത് വായനക്കാർക്ക് പലതരം ക്വറികൾ ഉപയോഗിച്ച് പരിശോധിച്ച് നോക്കാവുന്നതാണ്.

ടൂറിസം, കൊച്ചിയിൽനിന്നുള്ള യാത്ര എന്നതൊക്കെ ഒരു ഉദാഹരണം എന്ന നിലയിൽ വിവരിക്കാൻ എളുപ്പത്തിൽ പറഞ്ഞതാണ്. ഇതേ രീതികൾ പൊതുവിൽ കാണാവുന്നതാണ്, ഗൂഗിളിന്റെ അടിസ്ഥാന സ്വഭാവം തന്നെയാണ് വൻകിട ലാഭേച്ഛ ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവരോടുള്ള പക്ഷപാതിത്വം. അടുത്തുള്ള ബാർബർ ഷോപ്പിനോ ചായക്കടയ്ക്കോ മറ്റോ തിരഞ്ഞു നോക്കുക, “barber shop near me” എന്നോ മറ്റോ തിരഞ്ഞാൽ മതിയാവും. പരിചിതമായതും ദശാബ്ദങ്ങളായി നടന്നുവരുന്നതും ആയ അയൽപക്കത്തെ ബാർബർ ഷോപ്പിനും ചായക്കടയ്ക്കും മുകളിലായിരിക്കും കഴിഞ്ഞ വർഷങ്ങളിൽ തുറന്ന വൻകിട ബാർബർ ഷോപ്പുകളുടെയും ചായക്കടകളുടെയും ചെയിൻ ഔട്ട്ലെറ്റുകൾ വെബ് ഫലങ്ങളിൽ സ്ഥാനം പിടിക്കുക. ഇവിടെയും മുതലാളിത്ത രീതിയിൽ പ്രവർത്തിക്കുന്ന – ചെറിയ വേതനത്തിൽ തൊഴിലാളികളെ വെച്ച് ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന – വാണിജ്യസ്ഥാപനങ്ങൾക്കാണ് മുൻ‌തൂക്കം.

ഗൂഗിളിന്റെ അൽഗോരിതങ്ങൾ വൻകിട വാണിജ്യസ്ഥാപനങ്ങളെ സെർച്ച് ഫലങ്ങളിലെ സ്ഥാനത്തിന്റെ കാര്യത്തിൽ കയ്യയച്ചു സഹായിക്കുന്നു എന്നത് വ്യാപകമായി നിരീക്ഷിക്കപ്പെട്ട പരസ്യമായൊരു രഹസ്യമാണ്. ഈ നിരീക്ഷണത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് വെബ് തിരയലിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളിലേക്ക് കടക്കാം.

വെബ് തിരയലിന്റെ 
പാരിസ്ഥിതിക വശങ്ങൾ
മാർക്സിസ്റ്റ് വിശകലനങ്ങളിൽ ലാഭേച്ഛ എന്ന ലക്‌ഷ്യം സർവ്വപ്രധാനമായി കാണുന്ന വാണിജ്യസ്ഥാപനങ്ങൾക്ക് സ്വാഭാവികമായും ഒരു പരിസ്ഥിതിചൂഷണ സ്വഭാവം ഉണ്ടാവും എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങനെയാണ് പ്രകൃതിസമ്പത്ത് മുതലാളിത്തവ്യവസ്ഥിതിയിൽ നിരന്തരമായി ചൂഷണം ചെയ്യപ്പെടുന്നതും അവയെയൊക്കെ ലാഭമുണ്ടാക്കാനായി വിനിയോഗിക്കുന്നതും. വൻകിട മുതലാളിത്ത സ്ഥാപനങ്ങളുടെ സേവനങ്ങളിൽ അതുകൊണ്ടുതന്നെ കാർബൺ സാന്ദ്രത ഉയർന്നു നിൽക്കും.

ലളിതമായ ഒരുദാഹരണം പറഞ്ഞാൽ കുറച്ചുകൂടി വ്യക്തമാകും എന്ന് കരുതുന്നു. അടുത്തുള്ള ചായക്കടയിൽ ചില്ലു ഗ്ലാസിൽ പഞ്ചസാര ചേർത്ത ചായ ലഭിക്കുമ്പോൾ വൻകിട ചെയിനുകളിൽ ചെന്നാൽ കപ്പും സോസറും ചെറിയ ഡിസ്പോസബിൾ പായ്ക്കറ്റുകളിൽ പഞ്ചസാരയും പ്ലാസ്റ്റിക് സ്റ്റിററും ടിഷ്യു പേപ്പറും ലഭിക്കും. വൻകിട സ്ഥാപനങ്ങൾ ഉണ്ടാക്കുന്ന വേസ്റ്റ് അത്രമാത്രം അധികമാണ് എന്ന് കാണുമ്പോൾ അവയുടെ അധിക കാർബൺ സാന്ദ്രത വ്യക്തമാണല്ലോ. ഈ കാർബൺ സാന്ദ്രത വ്യത്യാസം അവിചാരിതമായി ഉണ്ടാവുന്നതല്ല, കൃത്യമായ രാഷ്ട്രീയം അതിലുണ്ട്. ചെറിയ ചായക്കട എന്ന സ്ഥാപനത്തിന്റെ ഉദ്ദേശ്യം ഉപഭോക്താവിന്റെ ആവശ്യവും നടത്തിപ്പുകാരന്റെ ഉപജീവനവും നിറവേറ്റുക എന്നതാണെങ്കിൽ, വൻകിട സ്ഥാപനത്തിന്റെ ലക്ഷ്യം ലാഭവർദ്ധനവ് എന്നതാണ്. ചായക്ക്‌ ഇരുപത് രൂപ അധികം ഈടാക്കാൻ അഞ്ചു രൂപയുടെ ചെലവ് വരുന്ന പഞ്ചസാര സാഷെയും സ്റ്റിററുംകൊണ്ട് സാധിക്കുമെങ്കിൽ എന്തുകൊണ്ട് അത് ചെയ്തുകൂടാ എന്നതാണ് ലാഭം എന്ന ലക്‌ഷ്യം കൊണ്ടെത്തിക്കുന്ന ചിന്താധാര. ഇത് കേൾക്കുന്ന പലരും ഒരുപക്ഷേ മുതലാളിത്തസ്ഥാപനം കൂടുതൽ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടല്ലോ എന്ന് ചിന്തിക്കുമായിരിക്കും; ഇവിടെ കാണേണ്ടത് സാധാരണ ചായക്കടക്കാരനോടും ടിഷ്യു ചോദിച്ചാൽ കിട്ടും, വിത്തൗട്ട് എന്നു പറഞ്ഞാൽ പഞ്ചസാര ഇല്ലാത്ത ചായ ലഭിക്കും. ആവശ്യം നിറവേറ്റുക എന്നതല്ല, കൂടുതൽ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലാഭം വർദ്ധിപ്പിക്കുക എന്നതാണ് വൻകിട സ്ഥാപനങ്ങളുടെ ലക്‌ഷ്യം. ഗൂഗിൾ തങ്ങളുടെ സെർച്ച് ഫലങ്ങളുടെ ആദ്യ ഭാഗങ്ങളിൽ ലാഭലക്ഷ്യം പുലർത്തുന്ന വൻകിട വാണിജ്യസ്ഥാപനങ്ങളെ കുടിയിരുത്തുന്നതിലൂടെ പരിസ്ഥിതിയോടുള്ള മുതലാളിത്ത സമീപനം പുലർത്തുന്നുണ്ട്. കൃത്യമായ പരിസ്ഥിതിവിരുദ്ധ സമീപനം തന്നെയാണത്.
ഗൂഗിളിൽ അടിസ്ഥാനപരമായിത്തന്നെ പരിസ്ഥിതിവിരുദ്ധ പ്രവർത്തനരീതികൾ ഉൾച്ചേർന്നിരിക്കുന്നു എന്നത് വ്യക്തമാക്കാനായി അടുത്തിടെ പ്രസിദ്ധീകരിച്ച സ്വീഡനിലെ ഒരു സർവകലാശാലയിലെ പ്രൊഫസർ ആയ ജെറ്റ ഹൈദരുടെ ഗവേഷണഫലങ്ങളിലെ ഉദാഹരണങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം. ‘summer clothes’ (ഉഷ്ണകാല വസ്ത്രങ്ങൾ) എന്ന ഒരു സെർച്ച് ക്വറി എടുക്കുക. ഗൂഗിൾ അതിനു മറുപടിയായി ആദ്യം നൽകുക ബ്രാൻഡഡ് സ്ഥാപനങ്ങളുടെ ഉഷ്ണകാല വസ്ത്രങ്ങൾ വാങ്ങാനുള്ള ലിങ്കുകൾ ആവും. ഉഷ്ണകാല വസ്ത്രങ്ങൾ എന്നതിനു പകരം കേരളത്തിന്റെ ജീവിതപശ്ചാത്തലത്തിൽ ഉപയോഗിക്കാൻ സാധ്യതയുള്ള വസ്ത്രസംബന്ധമായ ഒരു ക്വറി പരീക്ഷിച്ചു നോക്കുക, അതിപ്പോൾ സാരി എന്നോ മുണ്ട് എന്നോ ജൂബ എന്നോ ഒക്കെ ആവാം, അപ്പോഴൊക്കെയും നമ്മുടെ മുന്നിൽ തെളിയുക പ്രധാനമായും വൻകിട വസ്ത്രവിൽപ്പന സ്ഥാപനങ്ങളുടെ ലിങ്കുകൾ തന്നെയാവും, അതിപ്പോൾ ഓൺലൈൻ സ്റ്റോറുകളും ആവാം. ‘summer clothes’ എന്ന ഒരു ക്വറി ചോദിക്കുന്ന സെർച്ച് സേവന ഉപയോക്താവ് മിക്കപ്പോഴും ബ്രാൻഡഡ് വസ്ത്രം വാങ്ങാൻ ഉദ്ദേശിക്കുന്നയാൾ ആകുമോ? ഉഷ്ണകാല വസ്ത്രങ്ങളെക്കുറിച്ചും അതിന്റെ ചരിത്രത്തെക്കുറിച്ചുമാവാം – മനസ്സിലാക്കാൻ ശ്രമിക്കുന്നത്; അങ്ങനെയൊരാളും ഒരുപക്ഷേ ഇങ്ങനെ ഒരു ക്വറി ചോദിച്ചുകൂടായ്കയില്ലല്ലോ! യൂറോപ്പിന്റെ സാംസ്കാരികപശ്ചാത്തലത്തിൽ സെക്കൻഡ് ഹാൻഡ് വസ്ത്രവിപണി ഒരു പ്രധാന മേഖലയാണ്; അതുകൊണ്ടുതന്നെ, അത്തരം കടകൾ അന്വേഷിക്കുന്നയാളും ഒരു പക്ഷേ ‘summer clothes’ എന്ന് തന്നെയാവും തിരയുക. ഇത്രയും കേൾക്കുമ്പോൾ ഒരുപക്ഷേ വായനക്കാർക്ക് തോന്നുക, അങ്ങനെ പ്രത്യേക ലക്‌ഷ്യം ഉണ്ടെങ്കിൽ ‘summer clothes trends’, ‘summer clothes history’, ‘second hand summer clothes’ എന്നൊക്കെ തിരയാമല്ലോ എന്നാവും. ശരിയാണ്, അങ്ങനെയൊക്കെ തിരയാം. പക്ഷേ, എന്തുകൊണ്ടാണ് ‘summer clothes’ എന്ന ക്വറിയുടെ സ്വാഭാവികവ്യാഖ്യാനം ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങുക എന്ന ഉദ്ദേശ്യം ആയി ഗൂഗിൾ കരുതുന്നത്? ഈ വ്യത്യസ്ത വ്യാഖ്യാന സാധ്യതകളിൽ ഏറ്റവും കാർബൺ സാന്ദ്രത കൂടിയ വ്യാഖ്യാനം ‘ബ്രാൻഡഡ് വസ്ത്രം വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപയോക്താവ്’ എന്ന ഗൂഗിളിന്റെ വ്യാഖ്യാനമാണ് എന്നത് കേവലം അവിചാരിതമല്ല എന്നു വായനക്കാർക്ക് ബോധ്യമായിട്ടുണ്ടാവും. ഗൂഗിളിന്റെ പരിസ്ഥിതി വിരുദ്ധ ചായ്‌വ് തന്നെയാണ് അതിനെ ഈ വ്യാഖ്യാനത്തിലേക്ക് നയിക്കുന്നത്.

ജെറ്റയുടെ ഗവേഷണത്തിൽ പറയുന്ന മറ്റൊരുദാഹരണം കൂടി പരിശോധിക്കാം. ‘berlin – stockholm’ എന്ന ഒരു ക്വറി എടുക്കുക. അല്ലെങ്കിൽ ‘delhi -– kochi’ എന്നതായാലും മതി. ആദ്യം വരുന്ന ഫലങ്ങൾ പലപ്പോഴും ഫ്ലൈറ്റ് ബുക്ക് ചെയ്യാനുള്ള ലിങ്കുകളാവും. രണ്ടു നഗരങ്ങളുടെ പേരുകൾ അടങ്ങിയ ക്വറിക്ക് ഉപയോക്താവിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നതിൽ അനവധി വ്യാഖ്യാന സാധ്യതകളുണ്ട്: രണ്ടു നഗരങ്ങളുടെ ജീവിതനിലവാരം താരതമ്യം ചെയ്യാനായി ആദ്യം സെർച്ച് ചെയ്യുന്നതാവാം, അല്ലെങ്കിൽ രണ്ടു നഗരങ്ങൾ തമ്മിലുള്ള സാംസ്‌കാരിക വ്യത്യാസങ്ങൾ മനസ്സിലാക്കാനാവാം, അതുമല്ലെങ്കിൽ അവ തമ്മിൽ സഞ്ചരിക്കാനുള്ള ട്രെയിൻ ടിക്കറ്റ് അന്വേഷണവും ആവാം. ഇവയൊക്കെ മാറ്റി വെച്ച് ഏറ്റവും കാർബൺ സാന്ദ്രത കൂടിയ വ്യാഖ്യാനമായ ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങൽ എന്ന വ്യാഖ്യാനമാണ് ഗൂഗിളിന് പ്രിയം. ഇതുപോലെ അനവധി ക്വറികളുടെ കാര്യത്തിലും ഈ വൻകിട ബിസിനസ് പക്ഷപാതിത്വം കാണാവുന്നതാണ്. വായനക്കാർക്ക് പല സാധ്യതകളും പരിശോധിച്ചുനോക്കി സ്വയം ബോധ്യപ്പെടാവുന്നതാണ്.

വൻകിട ടെക് കമ്പനികളുടെ 
പരിസ്ഥിതിസൗഹൃദ മുഖംമൂടികൾ
വൻകിട ലാഭകേന്ദ്രീകൃത സ്ഥാപനങ്ങൾക്ക് അനുകൂലമായ ക്വറി വ്യാഖ്യാനങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിലൂടെ പരിസ്ഥിതിവിരുദ്ധത എന്ന ആശയത്തെ കേന്ദ്രസ്ഥാനത്ത് കുടിയിരുത്തിയ ടെക് കമ്പനികൾക്ക് പക്ഷേ പരിസ്ഥിതി സൗഹൃദവാദം പറയാൻ വലിയ താൽപര്യമാണ്. ഗൂഗിൾ ഫ്ലൈറ്റുകൾ (flights.google.com) എന്ന സേവനത്തിൽ ഫ്ലൈറ്റിനായി തിരഞ്ഞാൽ പലപ്പോഴും ഫ്ലൈറ്റുകളുടെ കാർബൺ ബഹിർഗമന കണക്കുകൾ കാണിക്കാറുണ്ട്, ഉപഭോക്താക്കൾക്ക് ആ വിവരങ്ങൾ ഉപയോഗിച്ച് പരിസ്ഥിതിസൗഹൃദ തീരുമാനങ്ങൾ എടുക്കാം എന്ന് വ്യംഗ്യം. ഗൂഗിൾ മാപ്‌സ് എന്ന സേവനത്തിൽ യാത്ര ചെയ്യാൻ വഴി ചോദിച്ചാൽ പെട്രോൾ ഉപഭോഗം കുറഞ്ഞ വഴികളും പലപ്പോഴും ദൃശ്യമാകാറുണ്ട്. ഇത്തരം ഉദ്യമങ്ങളിലൂടെ പരിസ്ഥിതി സൗഹൃദമായി പ്രവർത്തിക്കാൻ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഗൂഗിളിന്റെ അവകാശവാദം. പെട്രോൾ ഉപഭോഗം കുറഞ്ഞ വഴി കാണിക്കുന്നതൊക്കെ ശരി തന്നെ, അതൊക്കെ നല്ലതുതന്നെ. പക്ഷേ ഇത്തരം ചെറിയ ഫീച്ചറുകൾ വലിയ പരിസ്ഥിതിസൗഹൃദ നടപടികളായി വൻകിട ടെക് കമ്പനികൾ വ്യാപകമായി ഉയർത്തിക്കാണിക്കുന്നത് പലപ്പോഴും അവയുടെ ആന്തരികമായ പരിസ്ഥിതിവിരുദ്ധ യുക്തിയെ മറച്ചുപിടിക്കാൻ സഹായിക്കും എന്നതാണ് പ്രശ്നം. അവയുടെ അടിത്തറയിലെ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഒരു പൊതു വിചാരണയിൽ – അല്ലെങ്കിൽ പൊതുമണ്ഡലത്തിലെ ചർച്ചകളിൽ – സ്ഥാനം പിടിക്കാതിരിക്കാനുള്ള തന്ത്രങ്ങളിൽ ഒന്നാണോ ഇത്തരം ഫീച്ചറുകൾ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്.

വലിയ ടെക് ഭീമന്മാർ നൽകുന്ന ഐ ടി സേവനങ്ങൾ പലപ്പോഴും അതിയായ പരിസ്ഥിതിവിരുദ്ധത തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്. എല്ലാ വിവരാന്വേഷണ ക്വറികളെയും ഒരു മുതലാളിത്ത വ്യവഹാരം എന്നതിലേക്കെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന ഘടകങ്ങളാണ് ഇത്തരം വിവരസേവനങ്ങളിൽ അന്തർലീനമായുള്ളത്. വിവരാന്വേഷകരുടെ സഹായി ആയിട്ടല്ല, കോർപ്പറേറ്റ് സഹായി ആയിട്ടാണ് ഇവ പ്രവർത്തിക്കുന്നത്. ആ അർത്ഥത്തിൽ അവ വെബ് സെർച്ച് എൻജിനുകൾ ആയി പ്രവർത്തിക്കുന്നതിനേക്കാൾ കൂടുതൽ ബിഗ് ബിസിനസ് സെർച്ച് എൻജിനുകൾ ആയി പ്രവർത്തിക്കുന്നുണ്ടോ എന്ന് ചിന്തിക്കാവുന്നതാണ്. ഇങ്ങനെയല്ലാതെ വിവരാന്വേഷകരുടെ ആത്മാർത്ഥ സഹായിയായി വിവരസേവനങ്ങൾ നിർമ്മിക്കാൻ സാധിക്കും. അത്തരം ബദലുകൾ ഉയർന്നുവരേണ്ടതുണ്ട്.

നിർമിത ബുദ്ധിയും പരിസ്ഥിതിയും
നാം ഇതുവരെ നമുക്കു വളരെ പരിചിതമായ വെബ് തിരയലിനെക്കുറിച്ചാണ് ചർച്ച ചെയ്തത്. അവയിലൂടെ മുതലാളിത്തവും, ആ മുതലാളിത്തത്തിലൂടെ പരിസ്ഥിതി വിരുദ്ധതയും കടന്നുവരുന്നതായി നാം കണ്ടു. വെബ് തിരയൽ എന്നത് വിവരാധിഷ്ഠിത സാങ്കേതിക വിദ്യകളിൽ താരതമ്യേന ലളിതമായ ഒരു സാങ്കേതികവിദ്യയാണ്. ഇതിനേക്കാൾ വളരെ സാങ്കേതിക സങ്കീർണ്ണതകൾ നിറഞ്ഞ വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾ പലതുമുണ്ട്. ഇന്ന് നിർമ്മിത ബുദ്ധി എന്നു വിളിക്കപ്പെടുന്നത് അത്തരം സാങ്കേതികവിദ്യകളെയാണ്. അവയിലും ഇതുപോലെ പരിസ്ഥിതി വിരുദ്ധത പ്രവർത്തിക്കുന്ന വഴികൾ ഏറെയുണ്ട്, അവയുടെ സാങ്കേതികസങ്കീർണ്ണതകൾ മൂലം ഇത്തരം ശക്തികളുടെ പ്രവർത്തനം നമുക്കു പലപ്പോഴും അത്ര പ്രത്യക്ഷമായി അനുഭവപ്പെട്ടേക്കില്ല എന്നു മാത്രം.

ഇതിൽ ആദ്യത്തെ പരിഗണനാവിഷയം ഇത്തരം വിവരാധിഷ്ഠിത സാങ്കേതികവിദ്യകൾക്ക് വേണ്ടിവരുന്ന വിവരസ്രോതസ്സുകൾ എവിടെനിന്ന് സൃഷ്ടിക്കപ്പെടുന്നു എന്നതാണ്. അവ മിക്കവാറും മുതലാളിത് തരാജ്യങ്ങളുടെ പരിസരങ്ങളിൽ നിന്നുതന്നെയാണ് സോഴ്സ് ചെയ്യപ്പെടുന്നത് എന്നത് വ്യക്തമാണ്; നിർമ്മിത ബുദ്ധിയുടെ പാശ്ചാത്യ ചായ്‌വ് ഇന്ന് വളർന്നുവരുന്ന ഒരു ഗവേഷണവിഷയം കൂടിയാണ്. ഇതു കൂടാതെ ഇന്നത്തെ നിർമ്മിത ബുദ്ധിയിൽ കോർപ്പറേറ്റ് ഗവേഷണത്തിന് പ്രാധാന്യം ഏറിവരുന്നതായി ഇക്കഴിഞ്ഞ മാസം സയൻസ് എന്ന പ്രസിദ്ധമായ ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ഇതിലെല്ലാം നിഴലിക്കുന്നത് വിവരാധിഷ്ഠിത നിർമ്മിതബുദ്ധിയിൽ കോർപ്പറേറ്റ് മുതലാളിത്തത്തിനുള്ള സ്വാധീനമാണ്. വിവരസ്രോതസ്സുകൾ എന്നത് വിവരാധിഷ്ഠിത നിർമ്മിതബുദ്ധിയുടെ പ്രധാന അസംസ്കൃതവസ്തു ആകയാൽ വിവരസ്രോതസ്സുകളിലെ മുതലാളിത്ത അന്തഃസത്ത അവയുടെ സ്വഭാവത്തിലും ദൃശ്യമാവുക തന്നെ ചെയ്യും എന്ന് സ്വാഭാവികമായും അനുമാനിക്കാം.

രണ്ടാമത്തെ വിഷയം ചാറ്റ് ജി പി ടി പോലെയുള്ള ഇന്നത്തെ നിർമ്മിതബുദ്ധി സോഫ്റ്റ്‌വെയറുകളുടെ സാമാന്യവൽക്കരണ ചായ്‌വാണ്. ചാറ്റ് ജി പി ടി യോട് ഒരു ചോദ്യം ചോദിച്ചാൽ, ചോദ്യത്തിലൂടെ ഒരു ആവശ്യം ഉന്നയിച്ചാൽ, അത് ചോദിക്കുന്നയാളുടെ സ്ഥലമോ സാഹചര്യമോ ഒന്നും ആരായുകയോ മറ്റുവിധത്തിൽ അനുമാനിക്കുകയോ ചെയ്യാതെ ഉത്തരം നൽകാൻ ശ്രമിക്കുകയാണ് ചെയ്യുക. അതായത് പൊതുവിൽ ഉപയോഗിക്കാൻ കഴിയുന്ന ഉപായങ്ങളാണ് അത് ഉപയോക്താവിന് നൽകാൻ ശ്രമിക്കുന്നത്. ഇന്നത്തെ ലോകക്രമത്തിൽ മുതലാളിത്തത്തിനുള്ള മേൽക്കോയ്മ കാരണം, പൊതുവിൽ ഉപയോഗിക്കാൻ കഴിയുന്ന ഉത്തരം എന്നാൽ വിപണിയോട് ചായ്‌വുള്ള ഉത്തരം എന്നും വായിക്കാം. എല്ലാ ആവശ്യങ്ങളെയും തൃപ്തിപ്പെടുത്താൻ വിപണിയുടെ മാർഗ്ഗങ്ങളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുക എന്നത് മുതലാളിത്തത്തിന്റെ ഒരു രീതിയാണ്. അങ്ങനെ മാത്രമേ മുതലാളിത്തത്തിന് അതിന്റെ സഹജസ്വഭാവമായ നിരന്തരവളർച്ച സാധ്യമാക്കാൻ കഴിയൂ. മുതലാളിത്തലോകത്ത് ദേശഭേദമന്യേ ഉപയോഗിക്കാൻ കഴിയുന്ന കാർബൺ സാന്ദ്രതയേറിയ ആവശ്യനിർവ്വഹണ രീതിയായ വിപണിയിലെ പണമിടപാട് എന്നതിലേക്ക് ഉപയോക്താവിനെ എത്തിക്കുക എന്നതാണ്. അതുകൊണ്ടു തന്നെ ഇവ പരോക്ഷമായിട്ടായിരിക്കും ചെയ്യാൻ ശ്രമിക്കുക.

ഈ ചായ്‌വുകൾ കൂടുതൽ വാക്കുകൾ ഉപയോഗിച്ച് വിവരിക്കുന്നതിനേക്കാൾ ഉദാഹരണങ്ങൾ ഉപയോഗിച്ച് വ്യക്തമാക്കുന്നതാവും കൂടുതൽ ഉചിതം എന്ന് തോന്നുന്നു. വായനക്കാരിൽ പലരും ഉപയോഗിച്ചിരിക്കാൻ സാധ്യതയുള്ള ചാറ്റ് ജി പി ടി യുടെ ചില ഉത്തരങ്ങൾ ചുവടെ ചേർക്കുന്നു. ആദ്യത്തെ ചോദ്യം ചെറുധാന്യങ്ങൾ എവിടെ നിന്നുകിട്ടും എന്നതാണ്. അത് പൊതുവിതരണ സമ്പ്രദായം ശക്തമായ ദേശങ്ങളിൽ റേഷൻ കടകളിൽ നിന്നാവാം, അല്ലെങ്കിൽ ചെറു കർഷക കൂട്ടായ്മകളിൽ നിന്നുമാവാം. പക്ഷേ ചാറ്റ് ജി പി ടി യുടെ ഉത്തരത്തിലെ ആദ്യത്തെ ഖണ്ഡിക വളരെ സ്വാഭാവികമെന്നോണം വിപണിയെ ആശ്രയിക്കാൻ ആണ് പ്രേരിപ്പിക്കുന്നത്. അതിനടുത്ത ഉദാഹരണത്തിൽ ഞാൻ ചാറ്റ് ജി പി ടി യോട് ചോദിക്കുന്നത് ‘മദേഴ്സ് ഡേ’ സമ്മാനത്തെക്കുറിച്ചാണ്. ചാറ്റ് ജി പി ടി ആറ് സാധ്യതകളാണ് എനിക്കു മുന്നിൽ തുറന്നുവെയ്ക്കുന്നത്. അതിൽ ആദ്യത്തെ അഞ്ചെണ്ണവും വിപണി ചായ്‌വ് ഏറിയതും പരിസ്ഥിതി സൗഹൃദമല്ലാത്തതും ആയ ഉത്തരങ്ങളാണ്. ആറാമത് മാത്രമാണ് സ്വയം സമയമെടുത്ത് നിർമ്മിക്കുന്ന, ഒരുപക്ഷേ സ്വീകർത്താവിന് ഏറ്റവും പ്രിയപ്പെട്ടതായേക്കാവുന്ന, ദാതാവിന്റെ വ്യക്തിമുദ്ര പതിപ്പിച്ച സമ്മാനത്തിന്റെ സാധ്യത വരുന്നത്.

ചാറ്റ് ജി പി ടി യുടെ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന വ്യക്തിമുദ്ര വിപണിയുടേത് തന്നെയാണ്, അവയിലെ പരിസ്ഥിതി വിരുദ്ധത നമുക്ക് പലപ്പോഴും അദൃശ്യമാകുന്നത് മുതലാളിത്തത്തിന്റെ സർവ്വവ്യാപിയായ അവസ്ഥയുള്ളതുകൊണ്ടാണ്. വരികൾക്കിടയിലൂടെ അൽപ്പമൊന്നു വായിച്ചാൽ അവയുടെ മുതലാളിത്ത ചായ്‌വും പരിസ്ഥിതി വിരുദ്ധതയും നമുക്ക് അത്രമേൽ ദൃശ്യമാണ്. ഒരു പുതിയ ലോകത്തിന് നേരത്തെ വെബ് തിരയലിന്റെ കാര്യത്തിൽ നിരീക്ഷിച്ചതുപോലെ – വിപണിയോടും മുതലാളിത്തത്തിനോടും ഉള്ളതിനേക്കാൾ ആവശ്യ നിർവ്വഹണം എന്ന ലക്ഷ്യത്തോടു കൂറുള്ള വിവരാധിഷ്ഠിത നിർമ്മിത ബുദ്ധി സാങ്കേതികവിദ്യകൾ ഉണ്ടാവേണ്ടതുണ്ട്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen + 13 =

Most Popular