Sunday, July 14, 2024

ad

Homeകവര്‍സ്റ്റോറിയന്ത്രങ്ങളെപ്പറ്റി മാർക്സ്: തൊഴിലാളിയും യന്ത്രവും 
തമ്മിലുള്ള സംഘർഷം

യന്ത്രങ്ങളെപ്പറ്റി മാർക്സ്: തൊഴിലാളിയും യന്ത്രവും 
തമ്മിലുള്ള സംഘർഷം

മുതലാളിയും കൂലിവേലക്കാരനും തമ്മിലുള്ള മത്സരം മൂലധനത്തിന്റെ ഉല്പത്തികാലം മുതൽ ഉള്ളതാണ്. നിർമ്മാണത്തൊഴിലിന്റെ കാലഘട്ടത്തിലുടനീളം അതു നടന്നു പോന്നു. എന്നാൽ യന്ത്രസംവിധാനത്തിന്റെ ആവിർഭാവത്തിനുശേഷമാണ്, മൂലധനത്തിന്റെ ഭൗതികമൂർത്തീകരണമായ അധ്വാനോപകരണത്തിനെതിരായിത്തന്നെ തൊഴിലാളി സമരംചെയ്യുന്നത്.

മുതലാളിത്തപരമായ ഉൽപാദനരീതിയുടെ ഭൗതികാടിസ്ഥാനം എന്ന നിലയ്ക്ക് ഉൽപാദനോപാധികളുടെ ഈ പ്രത്യേകരൂപത്തിനെതിരായി അയാൾ കലാപത്തിന്റെ കൊടി ഉയർത്തുന്നു.


17–ാം ശതകത്തിൽ, നാടകളും തൊങ്ങലുകളും നെയ്യുവാനുള്ള “റിബ്ബൺതറി’യെന്ന യന്ത്രത്തിനെതിരായി തൊഴിലാളികളുടെ പ്രക്ഷോഭങ്ങൾ മിക്കവാറും യൂറോപ്പിലൊട്ടാകെ നടന്നു. ജർമ്മൻ ഭാഷയിൽ ബാൻളേ, ഷിർ മ്യൂളേ, മ്യൂളൻ സ്കൂൾ എന്നിങ്ങനെ വിളിക്കപ്പെടുന്ന ഈ യന്ത്രങ്ങൾ ജർമ്മനിയിലാണു കണ്ടുപിടിച്ചത് (ആബി ലാൻസെലോത്ത). 1579-ൽ എഴുതിയതും 1636-ൽ വെനീസ്സിൽനിന്നു പ്രസിദ്ധപ്പെടുത്തിയതുമായ ഒരു ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: “ലാൻസിഗ്ഗിലെ അന്തോണി മുള്ളർ അമ്പതു വർഷം മുമ്പ് ആ പട്ടണത്തിൽ, ഒരേസമയം നാലുമുതൽ ആറുവരെ പീസുകൾ നെയ്യുന്ന തികച്ചും തദ്ദേശീയമായ ഒരു യന്ത്രം കണ്ടുപിടിച്ചു. എന്നാൽ, ഈ കണ്ടുപിടിത്തം അസംഖ്യം തൊഴിലാളികളെ വഴിയാധാരമാക്കുമെന്ന് ആശങ്കിച്ച അവിടത്തെ മേയറുടെ പ്രേരണയാൽ, അതു കണ്ടുപിടിച്ച ആളെ ശ്വാസംമുട്ടിച്ചോ വെള്ളത്തിൽ മുക്കിയോ രഹസ്യമായി കൊന്നുകളഞ്ഞു.’’ ലെയ്ഡനിൽ 1629 വരെ ഈ യന്ത്രം ഉപയോഗിക്കുകയുണ്ടായില്ല. അവിടെ റിബ്ബൺ നെയ്ത്തുകാരുടെ കലാപങ്ങൾ അവസാനം ആ യന്ത്രത്തെ നിരോധിക്കാൻ ടൗൺ കൗൺസിലിനെ നിർബന്ധിതരാക്കി. ലെയ്ഡനിൽ ഈ യന്ത്രം ഏർപ്പെടുത്തിയതിനെ പരാമർശിച്ച് ബോക്സോൺ, Institution Politica (1663) എന്ന തന്റെ ഗ്രന്ഥത്തിൽ ഇങ്ങനെ പറയുന്നു: “ഈ നഗരത്തിൽ ഏതാണ്ട് 20 വർഷങ്ങൾക്കുമുമ്പ് ഒരു നെയ്ത്തുയന്ത്രം കണ്ടുപിടിക്കപ്പെട്ടു. ആ യന്ത്രം കൊണ്ടു നെയ്യാൻ കഴിയുമായിരുന്ന തുണി, അതിനുമുമ്പ് അതേസമയത്തിൽ അനവധി ആളുകൾക്കു നെയ്യാൻ കഴിയുമായിരുന്നതിലും എത്രയോ കൂടുതലായിരുന്നു. മാത്രമല്ല അതു കൂടുതൽ മെച്ചപ്പെട്ടതുമായിരുന്നു. അതുകൊണ്ട് പ്രാദേശികമായ നിലയിൽ പല കലാപങ്ങളും ഉണ്ടാകാൻ തുടങ്ങി. നെയ്ത്തുകാർ ബഹളംകൂട്ടി. ഒടുവിൽ നഗര കൗൺസിൽ, ഈ യന്ത്രം ഉപയോഗിക്കുന്നതു നിരോധിച്ചു. ഹോളണ്ടിലെ സ്റ്റേറ്റ്സ് ജനറൽ 1632-ലും 1639-ലും മറ്റും ഈ തറി നിരോധിച്ചുകൊണ്ട് പല ഉത്തരവുകൾ പുറപ്പെടുവിച്ചതിനുശേഷം അവസാനം 1661 ഡിസംബർ 15-–ാം തീയതി പുറപ്പെടുവിച്ച ഉത്തരവുകൊണ്ട്, ചില വ്യവസ്ഥകൾക്കു വിധേയമായി, അത് ഉപയോഗിച്ചുകൊള്ളാൻ അനുവാദം നല്കി. 1676-ൽ കൊളോണിലും അതു നിരോധിക്കപ്പെടുകയുണ്ടായി. അക്കാലത്തുതന്നെ, ഇംഗ്ലണ്ടിൽ അതിന്റെ ആവിർഭാവം തൊഴിലാളികൾക്കിടയിൽ അസ്വാസ്ഥ്യങ്ങൾക്കു കാരണമായിത്തീർന്നു. 1685-ലെ ഒരു രാജകീയശാസനത്താൽ അതിന്റെ ഉപയോഗം ജർമ്മനിയിലെങ്ങും നിരോധിക്കപ്പെട്ടു. ഹാംബുർഗിൽ സെനറ്റിന്റെ കല്പനപ്രകാരം പരസ്യമായി അതു ചുട്ടെരിച്ചു. ചക്രവർത്തി ചാറൽസ് ആറാമൻ 1685-ലെ ശാസനം 1719 ഫെബ്രുവരി 9–ാംതീയതി പുതുക്കി. സാക്സണി നിയോജകമണ്ഡലത്തിൽ 1765 വരെ ഈ യന്ത്രം ആരും പരസ്യമായി ഉപയോഗിക്കുകയുണ്ടായില്ല. യൂറോപ്പിനെ അതിന്റെ അടിത്തറയോളം പിടിച്ചുകുലുക്കിയ ഈ യന്ത്രം യഥാർത്ഥത്തിൽ മ്യൂളിന്റേയും യന്ത്രത്തറിയുടേയും എന്നല്ല, 18–-ാം ശതകത്തിലെ വ്യവസായവിപ്ലവത്തിന്റെ തന്നെ മുന്നോടിയായിരുന്നു. തീരെ പ്രവർത്തന പരിചയമില്ലാത്ത ഒരു കുട്ടിക്ക്, ഒരു ലോഹദണ്ഡ് മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നതുകൊണ്ടു മാത്രം മുഴുവൻ തറിയേയും അതിന്റെ എല്ലാ ഓടങ്ങളോടും കൂടി പ്രവർത്തിപ്പിക്കുവാൻ സാധിക്കും. ഇതിന്റെ പരിഷ്കൃതരൂപം ഒരേസമയം 40 തൊട്ട് 50 വരെ പീസ്സുകൾ നെയ്യുമായിരുന്നു.
1630-നടുത്ത് ലണ്ടനു സമീപം ഒരു ഡച്ചുകാരൻ സ്ഥാപിച്ച, കാറ്റുകൊണ്ടു പ്രവർത്തിക്കുന്ന ഒരു ഈർച്ചമില്ല് ജനക്കൂട്ടത്തിന്റെ കൈയേറ്റത്തിനിരയായി. 18–-ാം ശതകത്തിന്റെ ആരംഭത്തിൽപ്പോലും, ജലശക്തികൊണ്ടു പ്രവർത്തി ക്കുന്ന ഈർച്ചമില്ലുകൾ, പാർലമെന്റിന്റെ പിന്തുണയുണ്ടായിട്ടുകൂടി, ജന ങ്ങളുടെ എതിർപ്പിനെ അതിജീവിച്ചത് വളരെ പ്രയാസത്തോടുകൂടിയായിരുന്നു. എവറ്റ് 1758-ൽ ജലശക്തികൊണ്ടു പ്രവർത്തിക്കുന്ന ആദ്യത്തെ കമ്പിളിരോമമറപ്പുയന്ത്രം സ്ഥാപിച്ചപാടെ, ജോലി നഷ്ടപ്പെട്ട 100,000 ആളുകൾ ചേർന്ന് അതു ചുട്ടെരിച്ചു. മുമ്പു കമ്പിളിരോമം വേർപെടുത്തിയെടുക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന അമ്പതിനായിരം ആളുകൾ ആർക്ക്റൈറ്റിന്റെ ‘സിബ്ലിംഗ്’ മില്ലുകൾക്കും കടച്ചിൽ യന്ത്രങ്ങൾക്കും എതിരായി പാർലമെന്റിൽ പരാതിപ്പെട്ടു. ഈ നൂറ്റാണ്ടിന്റെ ആദ്യത്തെ 15 വർഷം ഇംഗ്ലണ്ടിലെ നിർമ്മാണത്തൊഴിൽജില്ലകളിൽ വമ്പിച്ച തോതിലുണ്ടായ യന്ത്രനശീകരണത്തിന് പ്രധാനമായും കാരണമായത് യന്ത്രത്തറിയുടെ ആവിർഭാവമാണ്. “ലൂഡ്ഡെെറ്റ് പ്രസ്ഥാനം എന്നറിയപ്പെടുന്ന ഈ യന്ത്രനശീകരണപ്രസ്ഥാനം സിഡ്മത്ത്, കാസ്സിൽറീ മുതലായവരുടെ ജാക്കോബിൻ (ഫ്രഞ്ചുവിപ്ലവ വിരുദ്ധഗവണ്മെന്റുകൾക്ക്, ഏറ്റവും പിന്തിരിപ്പനും രൂക്ഷവുമായ നടപടികൾ കൈക്കൊള്ളാൻ ഒരു മറയായിത്തീർന്നു. യന്ത്രസംവിധാനത്തേയും അതിനെ മൂലധനം ഉപയോഗപ്പെടുത്തുന്ന വിധത്തേയും വേർതിരിച്ചുകാണാനും, തങ്ങ ളുടെ ആക്രമണങ്ങൾ ഉൽപാദനത്തിന്റെ ഭൗതികോപകരണങ്ങൾക്കെതിരായല്ലാതെ, അവയെ ഉപയോഗപ്പെടുത്തുന്ന രീതിക്കെതിരായി തിരിച്ചുവിടാനും തൊഴിലാളികൾ ബോധവാന്മാരാകുന്നതിനു സമയവും അനുഭവവും വേണ്ടി വന്നു.

നിർമ്മാണത്തൊഴിൽ സ്ഥാപനങ്ങളിൽ വേതനത്തെച്ചൊല്ലിയുണ്ടാകുന്ന മത്സരങ്ങൾ നിർമ്മാണത്തൊഴിൽ സമ്പ്രദായത്തെ അംഗീകരിച്ചുകൊണ്ടാണ് നടക്കുന്നത്. ആ മത്സരങ്ങൾ ഒരർത്ഥത്തിലും നിർമ്മാണത്തൊഴിൽ സമ്പ്രദായത്തിന് എതിരായിരുന്നില്ല. പുതിയ നിർമ്മാണത്തൊഴിലുകളുടെ സ്ഥാപനത്തിനു നേരെയുണ്ടാകുന്ന എതിർപ്പുകൾ തൊഴിലാളികളിൽ നിന്നല്ല, ഗിൽഡുകളിൽ നിന്നും പ്രത്യേകാധികാര നഗരങ്ങളിൽനിന്നുമാണ് പൊട്ടിപ്പുറപ്പെടുന്നത്. ആകയാൽ, നിർമ്മാണത്തൊഴിൽ കാലഘട്ടത്തിലെ എഴുത്തുകാർ തൊഴിൽ വിഭജനത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്, അതു പ്രധാനമായും തൊഴിലാളികളുടെ ദുർഭിക്ഷതയെ പരിഹരിക്കാനുള്ള ഒരുപായമാണെന്ന നിലയ്ക്കാണ്; അല്ലാതെ ജോലിയുണ്ടായിരുന്നവരെ യഥാർത്ഥത്തിൽ സ്ഥാന ഭ്രഷ്ടരാക്കാനുള്ള ഒരു മാർഗ്ഗമാണെന്നനിലയ്ക്കല്ല. സ്വയം പ്രകടമാണ് ഈ വ്യത്യാസം. ഇംഗ്ലണ്ടിൽ ഇന്ന് യന്ത്രക്കതിരുകളുപയോഗിച്ച് 500,000 ആളുകൾ നൂല്ക്കുന്ന പഞ്ഞി പഴയ റാട്ടുകളുപയോഗിച്ചു നൂലാക്കാൻ 10 കോടി ആളുകൾ വേണ്ടിവരുമെന്നു പറഞ്ഞാൽ, അതുകൊണ്ടർത്ഥമാക്കുന്നത്, നിലവിലില്ലാതിരുന്ന അത്രയും കോടി ആളുകളുടെ സ്ഥാനം യന്ത്ര സ്പിൻഡിലുകൾ അപഹരിക്കുന്നു എന്നല്ല. നൂൽ നിർമ്മിക്കുന്ന യന്ത്രസംവിധാനത്തിനു പകരം ആളുകൾ നൂൽ നൂല്ക്കുകയാണെങ്കിൽ ഒട്ടേറെ കോടി പണിക്കാർ വേണ്ടിവരുമെന്നു മാത്രമേ ഇതിനർത്ഥമുള്ളു. നേരേമറിച്ച്, ഇംഗ്ലണ്ടിൽ യന്ത്രത്തറികൾ 800,000 നെയ്ത്തുകാരെ തെരുവിൽ തള്ളിവിട്ടു എന്നു നാം പറഞ്ഞാൽ, നിലവിലുള്ള യന്ത്രസംവിധാനത്തിനു പകരമായി ജോലിക്കാരുടെ ഒരു നിശ്ചിതസംഖ്യ വേണ്ടിവരുമെന്ന ഒരു മതിപ്പ് സൂചിപ്പിക്കുകയല്ല ചെയ്യുന്നത്. നേരേമറിച്ച്, യന്ത്രത്തറികൾ സ്ഥാനഭ്രഷ്ടരാക്കിയ ജീവിച്ചിരിക്കുന്ന അസംഖ്യം നെയ്ത്തുകാരെയാണ് നാം പരാമർശിക്കുന്നത്. നിർമ്മാണ തൊഴിൽ കാലഘട്ടത്തിൽ തൊഴിൽ വിഭജനംകൊണ്ട് ഭേദപ്പെടുത്തിയതാണങ്കിലും കൈത്തൊഴിൽ തന്നെയായിരുന്നു അടിത്തറ. മദ്ധ്യകാലങ്ങളുടെ അവശിഷ്ടമായി നിലനിന്ന പട്ടണത്തൊഴിലാളികളുടെ എണ്ണം താരതമ്യേന കുറവായിരുന്നതിനാൽ, പുതിയ കൊളോണിയൽ വിപണികളുടെ ഡിമാൻഡിനെ തൃപ്തിപ്പെടുത്താൻ കഴിയാതെ വന്നു. അതേസമയം ഫ്യൂഡൽ സമ്പ്രദായത്തിനുണ്ടായ ശൈഥില്യത്താൽ ഭൂമിയിൽ നിന്നിറക്കിവിടപ്പെട്ട ഗ്രാമീണജനങ്ങൾക്ക് നിർമ്മാണശാലകൾ പുതിയ ഉൽപാദനമേഖലകൾ തുറന്നുകൊടുത്തു. ആകയാൽ അക്കാലത്തു പണിശാലകളിലെ തൊഴിൽ വിഭജനത്തെയും സഹകരണത്തെയും, അവ തൊഴിലാളികളെ കൂടുതൽ ഉൽപാദനക്ഷമതയുള്ളവരാക്കിയെന്ന നിലയ്ക്ക് സ്വീകാര്യാത്മകമായാണ് മുഖ്യമായും വീക്ഷിച്ചത്. ആധുനികവ്യവസായത്തിന്റെ കാലഘട്ടത്തിനു വളരെ മുമ്പ്, ചുരുക്കം ചിലരുടെ കൈകളിൽ അധ്വാനോപകരണങ്ങൾക്കുണ്ടായ സാന്ദ്രീകരണവും, സഹകരണവും കൃഷിയിൽ പ്രയോഗിച്ചുനോക്കിയ ഒട്ടേറെ രാജ്യങ്ങളിൽ ഉൽപാദനരീതികളിലും ഗ്രാമീണജനങ്ങളുടെ ജീവിതസാഹചര്യത്തിലും തൊഴിൽ സൗകര്യങ്ങളിലും അവ സത്വരവും നിർബ്ബദ്ധവുമായ വമ്പിച്ച പരിവർത്തനങ്ങളുണ്ടാക്കി. എന്നാൽ, ഈ മത്സരം ആദ്യം നടക്കുന്നത് മൂലധ നവും കൂലിവേലയുമെന്നതിലുമധികം, വലുതും ചെറുതുമായ ഭൂവുടമകൾ തമ്മിലാണ്; നേരേമറിച്ച്, തൊഴിലുപകരണങ്ങൾ– ആടുകളും കുതിരകളും മറ്റും –-തൊഴിലാളികളെ സ്ഥാനഭ്രഷ്ടരാക്കുമ്പോൾ, ഇക്കാര്യത്തിൽ, വ്യവസായ വിപ്ലവത്തിന്റെ നാന്ദിയെന്നനിലയിൽ, ആദ്യമായി ബലപ്രയോഗം നേരിട്ടുണ്ടാകുന്നു. ആദ്യം തൊഴിലാളികളെ ഭൂമിയിൽനിന്നു പറഞ്ഞയയ്ക്കുന്നു. പിന്നെ ആടുകൾ വരുന്നു. ഇംഗ്ലണ്ടിലുണ്ടായതുപോലെ, വമ്പിച്ച തോതിലുള്ള ഭൂമി കൈവശപ്പെടുത്തൽ വലിയതോതിലുള്ള കൃഷിയുടെ സ്ഥാപനത്തിന് രംഗമൊരുക്കുന്നതിന്റെ ആദ്യത്തെ പടിയാണ്. അക്കാരണത്താൽ കൃഷി യുടെ ഈ വിധ്വംസനം ആദ്യം ഏറിയകൂറും ഒരു രാഷ്ട്രീയ വിപ്ലവത്തിന്റെ ഛായ കൈക്കൊള്ളുന്നു.
(മൂലധനം ഒന്നാം വോള്യം 
15–ാം അധ്യായത്തിൽനിന്ന്) ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − eleven =

Most Popular