Monday, November 25, 2024

ad

Homeകവര്‍സ്റ്റോറിനിർമിത ബുദ്ധിയുടെ സാമ്പത്തിക ബലതന്ത്രങ്ങൾ

നിർമിത ബുദ്ധിയുടെ സാമ്പത്തിക ബലതന്ത്രങ്ങൾ

കെ എസ് രഞ്ജിത്ത്

“The heart has its reasons,that reason does not know”
– Pascal

മേരിക്കയിലെ ഏറ്റവും പ്രധാന വാഹന നിർമാതാക്കളായ ഫോർഡ് മോട്ടോർ കമ്പനിയിലെ പുതിയ ഓട്ടോമേഷൻ സംവിധാനങ്ങൾ ട്രേഡ് യൂണിയൻ നേതാവായ വാൾട്ടർ റൂതറിന് കാണിച്ചു കൊടുത്തുകൊണ്ട് കമ്പനിയുടമ ഹെൻറി ഫോർഡ് രണ്ടാമൻ ചോദിച്ചു . “ റൂതർ ഇനി തൊഴിലാളികൾ ആവശ്യമില്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ യൂണിയൻ ഫീസ് എങ്ങിനെ പിരിക്കും’’. അതിന് റൂതർ പറഞ്ഞ മറുപടി ഇതായിരുന്നു “ അങ്ങിനെയെങ്കിൽ ഇനി നിങ്ങളിവിടെ നിർമിക്കുന്ന വണ്ടികൾ വാങ്ങുവാൻ ആരാണുണ്ടാവുക’’. മനുഷ്യൻ ചെയ്തുപോന്നിരുന്ന ജോലികൾ യന്ത്രങ്ങൾ ഏറ്റെടുക്കുന്നുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഈ ചോദ്യവും ഉത്തരവും .

മേൽപ്പറഞ്ഞ സംഭാഷണത്തിലെ സാമ്പത്തിക വിവക്ഷകൾ വ്യക്തമാക്കാൻ ഒരു സാങ്കല്പിക ലോകത്തിലെ വ്യവഹാരങ്ങളെക്കുറിച്ച് നമുക്കൊന്ന് ചിന്തിക്കാം . ആകെ 100 മനുഷ്യർ മാത്രമടങ്ങിയ ഒരു അടഞ്ഞ സമൂഹത്തെക്കുറിച്ച് സങ്കൽപ്പിക്കുക .ഉല്പാദനവും വിൽക്കലും വാങ്ങലുമെല്ലാം ഇവിടെ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്ന് . അവിടെ ഒരേയൊരു ഉല്പാദനകേന്ദ്രം മാത്രം . ഈ സമൂഹത്തിലെ 99 പേരും ഈ ഉല്പാദനകേന്ദ്രത്തിലെ തൊഴിലാളികളാണ്, ഒരാൾ ഉടമയും . ഈ കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ ഒരു യന്ത്രത്തിന്റെയും സഹായവുമില്ലാതെ , മനുഷ്യാധ്വാനം നേരിട്ടുപയോഗിച്ച് തൊഴിലാളികൾ തന്നെയാണ് കാലങ്ങളായി ചെയ്തുപോന്നിരുന്നത് . ഒരാൾ ഒരു ദിവസം 1000 രൂപയുടെ ഉല്പന്നങ്ങൾ ഉണ്ടാക്കും എന്ന് സങ്കല്പിക്കുക . അങ്ങിനെയെങ്കിൽ 99 തൊഴിലാളികൾ ചേർന്ന് ആകെ 99000 രൂപയുടെ ഉത്പന്നങ്ങൾ .ഇതുമുഴുവൻ അവർ തന്നെ ഉപഭോഗം ചെയ്യും . 400 രൂപയാണ് ഒരു തൊഴിലാളിയുടെ ദിവസ വേതനം .എല്ലാ തൊഴിലാളികൾക്കും കൂടി ആകെ കിട്ടുന്ന വേതനം 39600. ഈ ഉല്പാദനകേന്ദ്രം യന്ത്രവല്ക്കരിക്കുവാൻ ഒരു ദിവസം മുതലാളി തീരുമാനിച്ചു ,അതുവഴി ഉല്പാദന ക്ഷമത വർദ്ധിപ്പിക്കുവാനും ലാഭം കൂട്ടാനും . തന്റെ കൈവശം കുന്നുകൂടിയ മിച്ചമൂല്യത്തിൽ നിന്ന് തുക കണ്ടെത്തി യന്ത്രങ്ങൾ കൊണ്ടുവന്നു .യന്ത്രങ്ങൾ വന്നതോടെ മുൻപ് 99 പേർ ചെയ്തിരുന്ന പണി ചെയ്യാൻ 50 പേർ മതിയെന്നായി. 49 പേർ അധികപ്പറ്റായി . അവരുടെ പണി പോയി,വരുമാനവും . യന്ത്രം വന്നതോടെ ഉല്പാദനം ഇരട്ടിയായി .തൊഴിലാളികളുടെ കൂലി പഴയ നിരക്കിൽ തന്നെ തുടർന്നു . നിലവിൽ പണിയുള്ള എല്ലാവർക്കും കൂടി ഇപ്പോൾ ലഭിക്കുന്നത് 20000 രൂപ മാത്രം . സമൂഹത്തിന്റെ വാങ്ങൽ ശേഷി ,മുതലാളിയുടെ കാര്യം മാറ്റിവെച്ചാൽ, ഏതാണ്ട് പകുതി കണ്ട് കുറഞ്ഞു . എന്ത് പ്രത്യാഘാതങ്ങളാണ് ഇതുണ്ടാക്കുക ? ഉത്പന്നങ്ങൾ വാങ്ങാനാളില്ലാതെ കെട്ടിക്കിടന്നു നശിക്കും .കൂടുതൽ ലാഭം പ്രതീക്ഷിച്ച് യന്ത്രവൽക്കരണം നടത്തിയ മുതലാളിയുടെ ഉള്ള മുതലുംകൂടി പോകുന്ന സ്ഥിതിയാകും .ഇങ്ങനെയൊരു സാഹചര്യം എങ്ങിനെ ഉണ്ടായി ? സമൂഹത്തിലെ തൊഴിൽ സേനയുടെ എണ്ണം കുറയുകയും സമൂഹത്തിന്റെയാകെ വാങ്ങൽശേഷി ഗണ്യമായി കുറയുകയും ചെയ്തതുമൂലമാണിതുണ്ടായത്. യന്ത്രവൽക്കരണം ഒന്ന് കൊണ്ടുമാത്രം ഒരു സമൂഹം മുന്നോട്ടു കുതിക്കും എന്ന വാദം എത്രകണ്ട് ബാലിശമാണെന്ന് ഇത് വ്യക്തമാക്കുന്നു . ഫോർഡിനോട് റൂഥർ ചോദിച്ച ചോദ്യവും ഇതുതന്നെയാണ് . നിങ്ങൾ തൊഴിലാളികളെയൊക്കെ പറഞ്ഞുവിട്ട് എല്ലാം ഓട്ടോമേറ്റ് ചെയ്‌താൽ നിങ്ങളുടെ കാറുകൾ ആര് വാങ്ങും? തൊഴിലാളിയില്ലെങ്കിൽ മുതലാളിയില്ല എന്നും തൊഴിലാളിയുടെ വരുമാനവും വാങ്ങൽ ശേഷിയും വർധിച്ചാൽ മാത്രമേ ഉല്പാദനപ്രവർത്തനങ്ങൾ സ്ഥായിയായി മുന്നേറൂ എന്നുമാണ് ഇതിൽ നിന്ന് നാം മനസിലാക്കുന്നത് . നിർമിത ബുദ്ധി കൊണ്ടുവരുമെന്ന് പറയുന്ന പുതിയ വികസന പ്രതീക്ഷകളെ സംബന്ധിച്ചും ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും ഈ സാമ്പത്തിക സമസ്യ ഏറെ പ്രസക്തമാണ് .നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷന്റെ വരവ് പല തൊഴിൽ മേഖലയിലും ആശങ്കകൾ ഉണർത്തുന്ന പശ്ചാത്തലം ഒരു കാര്യം അടിവരയിടുന്നു . സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടുവേണം സാങ്കേതികവിദ്യയുടെ വ്യാപനവും തൊഴിൽമേഖലകളിലെ വിന്യാസവും നടത്തുവാൻ .

യന്ത്രവൽക്കരണത്തിന്റെ ചരിത്രത്തിലുടനീളം ഉയർന്നുവന്നിരുന്ന ഈ ചർച്ച നിർമിത ബുദ്ധിയുടെ ഈ പുതിയ തരംഗത്തിലും ആവർത്തിക്കുകയാണ് . തങ്ങളുടെ തൊഴിൽ യന്ത്രങ്ങൾ നശിപ്പിക്കുമോ എന്നു ഭയന്ന് , വ്യാവസായവൽക്കരണത്തിന്റെ ആദ്യ നാളുകളിൽ ബ്രിട്ടനിലെ തുണിമിൽ ഫാക്ടറികളിൽ നെയ്തു യന്ത്രങ്ങൾ ആക്രമിച്ച ലുഡ്വിറ്റുകളുടെ* ചരിത്രം ഏറെ പ്രസിദ്ധമാണ് . നെൽപ്പാടങ്ങളിൽ കൊയ്ത്തുയന്ത്രങ്ങൾ വന്നപ്പോൾ നമ്മുടെ നാട്ടിലെ കർഷകത്തൊഴിലാളികളും , ബാങ്കുകളിലെ കംപ്യൂട്ടർവൽക്കരണംമൂലം തൊഴിൽ നഷ്ടപ്പെടുമെന്ന് ഭയന്ന ബാങ്ക് ജീവനക്കാരും ഏറെക്കുറെ സമാനമായ ആശങ്കകൾ ഉയർത്തിയിരുന്നു . തൊഴിൽ നഷ്ടപ്പെട്ട് പട്ടിണിയിലായിപ്പോകുമോ എന്ന് ഭയന്നവരുടെ ആശങ്കകൾക്കൊപ്പം നിലകൊണ്ട തൊഴിലാളി സംഘടനകളെ അപഹസിക്കാനും സാങ്കേതിക വിദ്യയുടെ വികാസത്തിന്റെ ശത്രുക്കളായി ചിത്രീകരിക്കാനും , ചരിത്ര സന്ദർഭങ്ങളെ അതിന്റെ പശ്ചാത്തലത്തിൽ നിന്നടർത്തിമാറ്റി ട്രോളുകളാക്കാനും ചില കേന്ദ്രങ്ങൾ ഇന്നും ശ്രമിക്കുന്നതു കാണാം . നിർമിതബുദ്ധി, ഉല്പാദനപ്രവർത്തനങ്ങളിലേക്ക് കൂടുതലായി കടന്നുവരുന്ന ഈ സന്ദർഭത്തിൽ ഈ പ്രശ്നത്തെ കുറച്ചുകൂടി ആഴത്തിൽ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത് .

ഉല്പാദന മേഖലയിലേക്ക് 
യന്ത്രങ്ങളുടെ കടന്നുവരവ്
മാർക്സിന്റെ മൂലധനം ഒന്നാം വോള്യത്തിലെ ഏറ്റവും നീണ്ട അദ്ധ്യായങ്ങളിലൊന്നാണ് ‘യന്ത്രങ്ങളും ആധുനിക വ്യവസായങ്ങളും’. യന്ത്രങ്ങളുടെ ചരിത്രവും ഉല്പാദനമേഖലയിലെ അതിന്റെ വിന്യാസവും മാർക്സ് അതിവിശദമായാണ് ഇവിടെ പരിശോധിക്കുന്നത് .എന്താണ് യന്ത്രം എന്ന നിർവചനത്തിൽ തുടങ്ങുന്ന അന്വേഷണം വിവിധ തലങ്ങളിലേക്ക് നീളുന്നു . ഇവിടെ മാർക്സിന്റെ പരിശോധന എത്തിപ്പെടുന്ന ഏതാനും ചില മേഖലകൾ ഇവയാണ് – തൊഴിലാളിയുടെ മേൽ യന്ത്രം സൃഷ്ടിക്കുന്ന അടിയന്തരഫലങ്ങൾ , തൊഴിലാളിയും യന്ത്രങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ,കൈത്തൊഴിൽ മേഖലയിലും കുടിൽ വ്യവസായത്തിലും യന്ത്രവൽക്കരണം വരുത്തിയ മാറ്റങ്ങൾ,യന്ത്രങ്ങൾ പുറത്താക്കിയ തൊഴിലാളികൾക്ക് കിട്ടുന്ന നഷ്ടപരിഹാരം.
സാങ്കേതിക വിദ്യയുടെ വ്യാപനത്തെയും തൊഴിൽ മേഖലയിലുള്ള അതിന്റെ വിന്യാസത്തെയും സംബന്ധിച്ചുള്ള പഠനങ്ങൾ താരതമ്യേന കുറവാണ് . തൊഴിലാളിയുടെ പക്ഷത്ത് നിലയുറപ്പിച്ചു നിന്നുകൊണ്ട് ഇതിനെ സവിസ്തരം പരിശോധിക്കാനാണ് മാർക്സ് മൂലധനത്തിൽ തുനിയുന്നത് . വ്യവസായവൽക്കരണത്തിന്റെ ആദ്യനാളുകളിൽ പരമ്പരാഗത തൊഴിൽ മേഖലകളിൽ എന്ത് സംഭവിച്ചു എന്ന ചരിത്രപരമായ അന്വേഷണവും മാർക്സ് വിശദമായി നടത്തുന്നു .

“ അധ്വാനോപകരണം യന്ത്രത്തിന്റെ രൂപം സ്വീകരിക്കുമ്പോൾ ഉടൻ അത് തൊഴിലാളിയോടുതന്നെ മത്സരിക്കുന്നു .യന്ത്ര സംവിധാനത്താൽ കാലയാപനമാർഗം നഷ്ടമാക്കപ്പെട്ട തൊഴിലാളികളുടെ എണ്ണത്തിന് നേരിട്ട് ആനുപാതികമാണ് യന്ത്രസംവിധാനം കൊണ്ട് മൂലധനത്തിനുണ്ടാകുന്ന സ്വയം വികാസം .തൊഴിലാളി അധ്വാനത്തെ ഒരു ചരക്കെന്ന നിലയിൽ വിൽക്കുന്നു എന്ന വസ്തുതയിലാണ് മുതലാളിത്തപരമായ ഉല്പാദന സമ്പ്രദായം മുഴുവൻ അധിഷ്ഠിതമായിരിക്കുന്നത് .തൊഴിൽവിഭജനം ഈ അധ്വാനശക്തിയെ ,ഒരു പ്രത്യേക പണിയായുധം കൈകാര്യം ചെയ്യുന്നതിനുള്ള വൈദഗ്ധ്യമായി ചുരുക്കിക്കൊണ്ട് വിശേഷവൽക്കരിക്കുന്നു .ഈ പണിക്കോപ്പു കൈകാര്യം ചെയ്യുക ഒരു യന്ത്രത്തിന്റെ പ്രവൃത്തിയാകുമ്പോൾ ഉടൻ,പണിക്കാരന്റെ അധ്വാനശക്തിയുടെ വിനിമയമൂല്യവും ഉപയോഗമൂല്യത്തോടൊപ്പം തിരോഭവിക്കും .അപ്പോൾ നിയമനിർമാണത്താൽ നാണ്യപദവിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ട കടലാസുപണം പോലെ ,വേലക്കാരന് വിക്രിയ ശക്തി ഇല്ലാതാകുന്നു .അങ്ങനെ യന്ത്രസംവിധാനത്താൽ അനാവശ്യമാക്കപ്പെട്ട – അതായത് മൂലധനത്തിന്റെ സ്വയംവികാസത്തിന് അടിയന്തരമായി ആവശ്യമില്ലാതായിത്തീർന്ന – ഈ തൊഴിലാളിവർഗവിഭാഗം ഒന്നുകിൽ പഴയ കൈത്തൊഴിലുകളിലും നിർമാണത്തൊഴിലുകളിലും ഏർപ്പെട്ട് യന്ത്രസംവിധാനത്തോട് നടത്തുന്ന അസമസമരത്തിൽ ഗതിമുട്ടിയവരായിത്തീരുന്നു’’. ( മൂലധനം, വോള്യം ഒന്ന് പേജ് 646,647 )

തൊഴിൽ മേഖലയിൽ യന്ത്രവൽക്കരണമുണ്ടാക്കുന്ന പ്രശ്നങ്ങൾ രണ്ടു നൂറ്റാണ്ടു മുൻപ് മാർക്സ് സവിസ്തരം പ്രതിപാദിച്ചത് ഇന്ന് നിർമിത ബുദ്ധിയുടെ വ്യാപനത്തിന്റെ കാലഘട്ടത്തിലും ഏറെ പ്രസക്തമായി ഭവിക്കുന്നുണ്ട് .

നിർമിത ബുദ്ധി 
നേരിട്ട് ബാധിക്കാനിടയുള്ള 
തൊഴിൽ മേഖലകൾ
വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോർട്ട് പ്രകാരം 2025 ആകുമ്പോഴേക്കും വിവിധ തൊഴിൽ മേഖലകളിലെ 50 ശതമാനം ടാസ്കുകളും ഓട്ടോമേറ്റ് ചെയ്യപ്പെടും .നിലവിലുള്ളതിനേക്കാൾ 30 ശതമാനം അധികം വരുമിത് .ഇത് നടപ്പിൽവരുന്നതോടെ വിവിധ കമ്പനികളിലെ 50 ശതമാനം തൊഴിലാളികൾക്കും പണി നഷ്ടപ്പെട്ടേയ്ക്കും . ഓട്ടോമേഷനും റോബോട്ടിക്‌സും നിർമിത ബുദ്ധിയുടെ വ്യാപനവും മൂലം അമേരിക്കയിൽ തൊഴിലില്ലായ്മ വൻതോതിൽ പെരുകുമെന്ന് പ്രമുഖ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്‌ധനും ഐ ടി വ്യവസായിയുമായ ഒറാൺ ഏറ്റീസോണി പറയുന്നു . 2000 ത്തിനു ശേഷം 17 ലക്ഷം തൊഴിലുകൾ ഓട്ടോമേഷൻമൂലം ഇല്ലാതായിട്ടുണ്ടെന്നാണ് കണക്ക് .ഇതിനു ചില മറുവാദങ്ങളും ഉയർത്തപ്പെടാറുണ്ട് . സൃഷ്ടിപരമായ ഉന്മൂലനം ( creative destruction ) എന്നാണ് ജോസഫ് ഷുംപ്ടർ ഇതിനെ വിളിക്കുന്നത് . ചില മേഖലകളുടെ നാശവും ,ചില തൊഴിലുകളുടെ ഉന്മൂലനവും അനിവാര്യമാണ് എന്നതാണ് ഈ വാദമുഖം .ഒരു ഭാഗത്ത് തൊഴിലുകൾ നഷ്ടപ്പെടുമ്പോഴും അതിൽപെട്ട തൊഴിലാളികൾ പട്ടിണിയിലാകുമ്പോഴും വേറൊരു മേഖലയിൽ പുതിയ സാധ്യതകൾ ഉണ്ടാകുമത്രേ . 100 പേർ പാപ്പരീകരിക്കപ്പെടുമ്പോഴും 10 സമ്പന്നർ സൃഷ്ടിക്കപ്പെടുന്ന നിയോ ലിബറൽ വികസന യുക്തിയാണ് ഇവിടെ അടിസ്ഥാനമാക്കപ്പെടുന്നത് .

ഐ ടി മേഖലയിലെ തൊഴിൽരംഗത്തെ, നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷൻ എങ്ങനെ ബാധിക്കുന്നുവെന്ന് അല്പം വിശദമായി നോക്കാം . 75,000 ത്തിലധികം ജീവനക്കാർ ജോലിയെടുക്കുന്ന തിരുവനന്തപുരം ടെക്നോപാർക്കിലെ തൊഴിൽ മേഖല ഉദാഹരണമായെടുക്കുക . വികസിത രാജ്യങ്ങളിൽ നിന്നും ഔട്ട്സോഴ്സ് ചെയ്യപ്പെട്ടുവരുന്ന ജോലികളാണ് ഇവിടെയുള്ള ചെറുതും വലുതുമായ കമ്പനികൾ ഏതാണ്ട് മുഴുവനും ആശ്രയിക്കുന്നത് . വികസിത രാജ്യങ്ങളിലെ വേതന നിരക്കുമായി തട്ടിച്ചുനോക്കുമ്പോൾ അതിന്റെ പത്തിലൊന്ന് വേതനത്തിൽ പണിയെടുക്കാൻ ഇന്ത്യയെപ്പോലുള്ള വികസ്വര പിന്നോക്ക രാജ്യങ്ങളിൽ ആളെക്കിട്ടും എന്നതാണ് ഐ ടി ജോലികൾ ഇവിടേക്ക് ഔട്സോഴ്സ് ചെയ്യപ്പെടുന്നതിന് അടിസ്ഥാനം .ഇന്ത്യയിലെ ജോസഫ് 50000 രൂപ പ്രതിമാസ ശമ്പളത്തിൽ സന്തോഷത്തോടെ ജോലി ചെയ്യാൻ തയാറാണെന്നിരിക്കെ ഇംഗ്ലണ്ടിലെയോ അമേരിക്കയിലെയോ ജോസഫിന് 5 -– 6 ലക്ഷം കൊടുക്കേണ്ടി വരും .പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ ഈ രാജ്യങ്ങൾ തമ്മിലുള്ള അന്തരമാണ് ഇതിന്റെ പ്രധാന കാരണം .ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 2700 യു എസ് ഡോളറായിരിക്കെ യു കെയിൽ 47000 വും അമേരിക്കയിൽ 65000 വും ആണെന്നോർക്കുക .

സോഫ്റ്റ്‌വെയർ നിർമാണ മേഖലയിലെ വിവിധ ‘ജോലികളിൽ – പ്രോഗ്രാമിങ് , ടെസ്റ്റിംഗ് , ഡോക്കുമെന്റേഷൻ തുടങ്ങി – നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷൻ പ്രയോഗത്തിൽ വന്നാൽ ഇവിടേയ്ക്ക് ജോലികൾ ഔട്ട്സോഴ്സ് ചെയ്യപ്പെടുന്നതിന്റെ ആവശ്യകത ഗണ്യമായി കുറയും . വളരെ കൃത്യമായി നിർവചിക്കാനും യാന്ത്രികമായി ആവർത്തിച്ചു ചെയ്യാനും പറ്റിയ കോഡിങ് പോലുള്ള പണികൾ പലതും മനുഷ്യൻ ചെയ്യുന്നതിനേക്കാൾ കൃത്യമായി നിർവഹിക്കാൻ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനുകൾക്ക് സാധിക്കും . ഇതിനകംതന്നെ പല കമ്പനികളും ഇതുപയോഗപ്പെടുത്തുന്നുണ്ട് . സോഫ്റ്റ‍് വെയർ ടെസ്റ്റിങ് പോലുള്ള പണികൾ മുൻപേ തന്നെ ഓട്ടോമേറ്റ് ചെയ്യപ്പെട്ടതാണ്. മനുഷ്യഭാഷ കൈകാര്യം ചെയ്യാൻ വൈദഗ്‌ധ്യം നേടിയ ചാറ്റ് ജി പി ടി പോലെയുള്ള ആപ്ലക്കേഷനുകൾ ടെക്സ്റ്റ് അടിസ്ഥാനമാക്കിയ പണികൾ അനായാസം ചെയ്യുന്ന ഈ കാലത്ത് ഡോക്കുമെന്റേഷൻ പോലുള്ള പണികൾ ചെയ്യാൻ ഒരു തൊഴിലാളിയുടെ നേരിട്ടിടപെടൽ ആവശ്യമില്ല .

100 പേർ ജോലി ചെയുന്ന ഒരു സോഫ്റ്റ്–വെയർ കമ്പനിയിൽ ശരാശരി 60 പേരും ഏതെങ്കിലും പ്രോഗ്രാമിങ് ഭാഷ ഉപയോഗിച്ച് കോഡിങ്ങിൽ ഏർപ്പെട്ടിരിക്കുന്നവരായിരിക്കും . ടെസ്റ്റിങ്ങും ഡോക്കുമെന്റേഷനും ചെയ്യുന്നവർ 10 – 15 പേർ വരും, ബാക്കിയുള്ളവർ മാനേജേരിയൽ അഡ്മിനിസ്‌ട്രേറ്റീവ് മാർക്കറ്റിങ് പണികൾ ചെയ്യുന്നവരും .

ജാവ പോലെ വളരെ പോപ്പുലർ ആയ ഒരു പ്രോഗ്രാമിങ് ഭാഷയിൽ ഒരു പ്രത്യേക കാര്യം നടത്താനാവശ്യമായ ഒരു പ്രോഗ്രാം എഴുതാൻ പറഞ്ഞാൽ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഏതൊരു ആപ്ലിക്കേഷനും അത് നിസ്സാരമായി ചെയ്തുതരും. ഇന്ത്യയിലേക്ക് ഔട്ട്സോഴ്സ് ചെയ്യപ്പെടുന്ന സോഫ്റ്റ്–വെയർ പണികളിൽ നല്ലൊരു പങ്ക് താഴ്ന്ന നിലവാരത്തിലുള്ള , ബുദ്ധിപൂർവം ആലോചിച്ച് കോഡെഴുതേണ്ട ആവശ്യമില്ലാത്ത പണികളാണ് .സോഫ്റ്റ്–വെയർ ഡെവലപ്മെന്റ് പ്രോസസ്സിലെ ഡിസൈൻ ,ആർക്കിടെക്ടിങ് തുടങ്ങിയ സങ്കീർണതകൾ ഏതാണ്ട് മുഴുവനും ആദ്യഘട്ടത്തിൽതന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും . അങ്ങിനെ തയ്യാറാക്കപ്പെട്ട ഡോക്കുമെന്റേഷൻ നോക്കി സോഫ്റ്റ്–വെയർ ഡവലപ്മെന്റ് നടത്തുന്നവരാണ് മഹാഭൂരിപക്ഷം ഐ ടി തൊഴിലാളികളും .നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ യന്തിരന്മാർ പരമ്പരാഗത ഐ ടി തൊഴിലാളികൾക്ക് ഭീഷണിയാകാൻ അധികകാലം വേണ്ടിവരില്ല . സൃഷ്ടി സ്രഷ്ടാവിനെ വിഴുങ്ങുന്നതിലേക്കാണ് ഐ ടി രംഗത്തെ നിർമിത ബുദ്ധിയുടെ സ്ഥിതി പോകുന്നത് .

സമാനമായ കാര്യങ്ങൾ പല തൊഴിൽ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട് .ലഭ്യമായ ഡാറ്റ നോക്കി ഫിനാൻഷ്യൽ വിശകലനങ്ങൾ നടത്തുക , ലാബ് റിപ്പോർട്ടുകൾ അനലൈസ് ചെയുക , തൊഴിലാളികളുടെ പെർഫോമൻസ് നോക്കി കൂലി തിട്ടപ്പെടുത്തുക , ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തിൽ തൊഴിലാളികളെ വിവിധ വിഭാഗങ്ങളാക്കുക എന്നിവയൊക്കെ ഇതിനകം തന്നെ മനുഷ്യൻ നിർമിച്ച യന്ത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു (സ്വയം ഓടുന്ന വാഹനങ്ങൾ നിർമിച്ചെടുക്കാൻ ഇന്ന് വൻകിട കമ്പനികൾ ചെലവഴിക്കുന്ന ഗവേഷണ മൂലധനത്തിന്റെ അളവ് ഭീമമാണ്.)

ഓട്ടോമേഷൻ വ്യാപകമായതോടെ ,മനുഷ്യൻ നേരിട്ട് ചെയ്യുന്ന മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ പണികൾ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട് . വലിയൊരു വിഭാഗം തൊഴിലാളികൾ നമ്മുടെ ഐ ടി പാർക്കുകളിൽ ഈ മേഖലയിൽ വൻതോതിൽ ജോലികളിൽ ഏർപ്പെട്ടിരുന്നു.

മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വെറ്റ്‌ ഷോപ്പുകളിൽ(sweat shops)** തുച്ഛമായ വേതനത്തിന് എല്ലുമുറിയെ പണിയെടുക്കാൻ മടിയില്ലാത്തവരുടെ തൊഴിൽ സേനയാണ് വികസിത രാജ്യങ്ങളിലെ അഭിവൃദ്ധിയെ ഇന്ന് നിലനിർത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന് . ഫ്യൂഡൽ അർദ്ധ ഫ്യൂഡൽ സാഹചര്യങ്ങളിലെ കൊടിയ ചൂഷണത്തിൽ നിന്നും രക്ഷപ്പെടാൻ, വൻതോതിൽ വളർന്നു വരുന്ന മഹാനഗരങ്ങൾക്കാവശ്യമായ തൊഴിൽ ശക്തി പ്രദാനം ചെയ്ത അവിടങ്ങളിലേക്കു കുടിയേറിയ ദരിദ്രനാരായണന്മാർക്കും അത് ഒരു പരിധിവരെയെങ്കിലും ഗുണകരമായിരുന്നു . എന്നാൽ ആ സാഹചര്യത്തെ മാറ്റിമറിച്ച് ,അവികസിത രാജ്യങ്ങളിലെ വില കുറഞ്ഞ തൊഴിൽ ശക്തിയെ ആശ്രയിക്കാതെ തന്നെ ആഗോള മൂലധനത്തിന് മുൻപോട്ടു പോകാനുള്ള വാതായനങ്ങളാണ് ഇന്ന് തുറക്കപ്പെടുന്നത് .


നിർമിത ബുദ്ധിയിലെ 
മൂലധന താല്പര്യങ്ങൾ

ഇന്ന് നിർമിതബുദ്ധിയുടെ മേഖലയിൽ പ്രവർത്തിക്കുന്ന പ്രധാന കമ്പനികൾ ലോകത്തെ ഏതാനും പ്രമുഖ ഐ ടി സ്ഥാപനങ്ങൾ തന്നെയാണ്. ആമസോൺ ,മൈക്രോസോഫ്റ്റ് ,ഗൂഗിൾ ,ഐ ബി എം.തുടങ്ങിയവയാണത‍്. ആഗോളതലത്തിലുള്ള വിവര ശേഖരം, അതും സമസ്ത മേഖലയെയും കുറിച്ച് , കൈവശമാക്കിക്കൊണ്ടു മാത്രമേ നിർമിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനുകൾക്ക് പ്രവർത്തിക്കാനാവൂ . ഇതിനാവശ്യമായ മൂലധനച്ചെലവും ,ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം മാത്രമേ അവയെ ഉപയോഗപ്പെടുത്തി ലാഭം കൊയ്യാനാവൂ എന്നതും ചെറിയ കമ്പനികളുടെ വാതിൽ ഇവിടെ അടയ്ക്കുന്നു . ഈ മേഖലയിൽ ദീർഘകാലമായി പ്രവർത്തിച്ചു വന്നിരുന്ന ചെറിയ കമ്പനികളെ വിഴുങ്ങുക കൂടി ചെയ്തുകൊണ്ടാണ് ഈ ഭീമൻ സ്ഥാപനങ്ങളുടെ മുന്നോട്ടുപോക്ക് . ചാറ്റ് ജി പി ടി നിർമിച്ച ഓപ്പൺ എ ഐ (OpenAI) എന്ന കമ്പനിയെ മൈക്രോസോഫ്റ്റ് വാങ്ങിയത് നോക്കുക .

നിർമിത ബുദ്ധിയുടെ മേഖലയിലെ ഓരോ പുതിയ ചുവടുവെയ്പ്പും ഈ വൻകിട കമ്പനികളുടെ മൂലധന താല്പര്യങ്ങൾക്കനുസരിച്ചായിരിക്കും എന്നതിൽ തർക്കമില്ല . ‘ലാഭം കൂടുതൽ ലാഭം’ എന്നതുമാത്രമാണല്ലോ മുതലാളിത്ത വ്യവസ്ഥയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് . മാർക്സിന്റെ ഭാഷയിൽ പറഞ്ഞാൽ 300 ശതമാനം ലാഭം കൂടുതൽ കിട്ടുമെങ്കിൽ മൂലധനം അതിന്റെ ഉടമയെത്തന്നെ കഴുവിലേറ്റും.*** തൊഴിലാളികളുടെ നഷ്ടപ്പെടുന്ന തൊഴിലോ ,നിർമിത ബുദ്ധിയുടെ സാമൂഹിക സാധ്യതകളോ ഒന്നുംതന്നെ അതിന്റെ പരിഗണനാ വിഷയങ്ങളായിരിക്കില്ല . ഇന്ന് സാങ്കേതികവിദ്യയുടെ വികാസത്തെ നിയന്ത്രിക്കുന്നത് മൂലധനത്തിന്റെ ലാഭേച്ഛ മാത്രമാണ് എന്നത് വലിയൊരു പരിമിതിയാണ് . ആദ്യഘട്ടത്തിൽ സൗജന്യമായി ലഭ്യമാക്കിയിരുന്ന പല സോഫ്റ്റ്–വെയർ സംവിധാനങ്ങളും പിൽക്കാലത്ത് കൊള്ളലാഭമെടുക്കുന്ന മേഖലകളായി മാറ്റുന്ന പ്രവണത പലപ്പോഴും കണ്ടുവരുന്നുണ്ട് . ഇന്ന് നമ്മുടെയൊക്കെ മൊബൈലിലും കംപ്യൂട്ടറിലുമൊക്കെ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന ചാറ്റ് ജി പി ടി പോലും അധികം വൈകാതെ പൂർണമായും pay and use സംവിധാനത്തിലേക്ക് മാറിയാൽ അത്ഭുതപ്പെടേണ്ടതില്ല .

സാങ്കേതികവിദ്യയുടെ വ്യാപനവും തൊഴിൽ മേഖലകളിലെ വിന്യാസവും ആരുടെ താല്പര്യങ്ങൾ അനുസരിച്ചാവണം? – മൂലധനത്തിന്റെയോ , തൊഴിലാളികളുടെയോ – എന്നതാണ് പ്രസക്തമായ ചോദ്യം . സാമൂഹിക വികാസത്തിന് സാങ്കേതികവിദ്യയുടെ വളർച്ച അനിവാര്യമാണ് . മനുഷ്യചരിത്രം തന്നെ ഉല്പാദനോപകരണങ്ങളുടെ വളർച്ചയുടെയും വികാസത്തിന്റെയും ചരിത്രമാണ് . എന്നാൽ ഇത് വൻതോതിലുള്ള തൊഴിൽ നഷ്ടങ്ങളിലേക്ക് നയിക്കുന്നതാവരുത് .വികസനം മുകൾത്തട്ടിൽ നിന്ന് താഴേക്ക് കിനിഞ്ഞിറങ്ങി വരുന്ന ഒന്നല്ല എന്ന ചരിത്രപാഠം നമ്മുടെ മുന്നിലുണ്ട് . സാങ്കേതിക അതിനിർണയ വാദമാണ് മറ്റൊരു അപകടം .പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് പലപ്പോഴും വലിയ ഹൈപ്പ് സൃഷ്ടിക്കാറുണ്ട്. ആ തരംഗത്തിൽ അതിന്റെ സാമൂഹിക സാമ്പത്തിക വിവക്ഷകൾ പലതും സൗകര്യപൂർവം വിസ്മരിക്കപ്പെടും . നിർമിത ബുദ്ധിയുടെ ഈ പുതിയ തരംഗവും സമാനമായ ഒന്നാണ് ♦ 

* ബ്രിട്ടനിലെ നെയ്ത്തുശാലകൾ യന്ത്രവൽക്കരിക്കുന്നതിനെതിരെ പ്രക്ഷോഭം നടത്തിയ പരമ്പരാഗത നെയ്ത്തുകാരും കൈവേലക്കാരുമാണ് ലുഡ്‌ഡിറ്റ്സ് എന്നറിയപ്പെടുന്നത്. 1779 ൽ നെയ്ത്തുയന്ത്രങ്ങൾ തകർത്ത നെഡ് ലുഡ്‌ഡ് ന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രക്ഷോഭകർ ഈ പേരിൽ അറിയപ്പെടുന്നത്.
**വളരെ തുച്ഛമായ വേതനത്തിന്, മോശം തൊഴിൽ സാഹചര്യങ്ങളിൽ, വളരെക്കൂടുതൽ സമയം പണിയെടുക്കേണ്ടി വരുന്ന ഫാക്ടറികളെയും വർക്ക്ഷോപ്പുകളെയുമാണ് സ്വെറ്റ്‌ ഷോപ്പുകൾ എന്ന് പറയുന്നത് .ലണ്ടൻ ,ന്യൂയോർക്ക് തുടങ്ങിയ വൻ നഗരങ്ങളിൽ വ്യവസായവൽക്കരണത്തിന്റെ ആദ്യനാളുകളിൽ പണിയെടുത്തിരുന്ന കുടിയേറ്റക്കാരുമായി ബന്ധപ്പെട്ടാണ് ഈ പദം പ്രയോഗത്തിൽ വരുന്നത് . ആയിരക്കണക്കിനാളുകൾ കുറഞ്ഞ വേതനത്തിന് പണിയെടുക്കുന്ന വികസ്വര രാജ്യങ്ങളിലെ തൊഴിൽ കേന്ദ്രങ്ങൾ ഇന്ന് ഈ പേരിൽ അറിയപ്പെടുന്നു .
*** Capital eschews no profit, or very small profit, just as nature abhors a vacuum. With adequate profit, capital is very bold. A certain 10 percent will ensure its employment anywhere; 20 percent certain will produce eagerness; 50 percent, positive audacity; 100 percent will make it ready to trample on all human laws; 300 percent, and there is not a crime at which it will scruple, nor a risk it will not run, even to the chance of its owner being hanged.
(ടി ജെ ഡണ്ണിന്റെ കൃതിയിൽനിന്ന് കാറൽ മാർക്സ് മൂലധനത്തിന്റെ ഒന്നാം വോള്യത്തിൽ ഉദ്ധരിച്ചത്)

 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 − three =

Most Popular