ഇരുപത്തൊന്നാം നൂറ്റാണ്ട് നിർമിതബുദ്ധിയുടെ കാലമാണെന്ന ആഘോഷം ഉയരുകയാണ് . മനുഷ്യര്‍ക്ക് ചെയ്യാന്‍ കഴിയുന്ന എല്ലാ ബൗദ്ധിക പ്രവര്‍ത്തനങ്ങളും, ലേഖനമെഴുത്തും കവിതയെഴുത്തും കഥയെഴുത്തും എല്ലാം നിർമിതബുദ്ധിക്ക് ചെയ്യാന്‍ കഴിയും എന്ന് ചാറ്റ് ജിപിടി പോലുള്ള സോഫ്റ്റ്‌വെയറുകളിലൂടെ സ്ഥാപിക്കപ്പെടുന്നു. ബുദ്ധിമുട്ടുള്ള പ്രവര്‍ത്തനങ്ങളെല്ലാം ഇത്തരത്തില്‍ യന്ത്രവല്‍ക്കരിക്കുന്നത് മനുഷ്യരുടെ അധ്വാനഭാരത്തെ ലഘൂകരിക്കുന്നതായി കാണുന്നവരുണ്ട്. അതിനോടൊപ്പം മനുഷ്യരാശിയുടെ നേരെയുള്ള ഏറ്റവും വലിയ വെല്ലുവിളിയായി വിലയിരുത്തുന്നവരുമുണ്ട്. സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ നിർമിതബുദ്ധിയുടെ വളർച്ച മനുഷ്യരാശിയുടെ അന്ത്യത്തിലേക്ക് വരെ നയിച്ചേക്കാം എന്ന് ഭയപ്പെടുന്നവരാണ്.
ഒരര്‍ത്ഥത്തില്‍ നിർമിതബുദ്ധിയുടെ വളർച്ച ശാസ്ത്ര ഗവേഷണത്തിന്റെ സ്വാഭാവികഫലമാണ്. വിവരങ്ങള്‍ സംഭരിക്കാനും ഒാർമിക്കാനുമുള്ള കഴിവും ഗണിതശാസ്ത്ര പാടവവും മനുഷ്യരുടെ ബുദ്ധിശക്തിയുടെ വികാസത്തിന്റെ തെളിവുകളായി ആദ്യകാലം മുതല്‍ തന്നെ കരുതിയിരുന്നു. ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയോടെ, ദേകാര്‍ത്തെ, ലൈബ്നിട്സ്, ന്യൂട്ടന്‍ എന്നിവർ ഇതേ വിവരശേഖരണത്തെയും അത് അപഗ്രഥിക്കുന്നതില്‍ പ്രദര്‍ശിപ്പിക്കുന്ന യുക്തിപരതയെയും ബുദ്ധിശക്തിയുടെ ലക്ഷണമായി വ്യാഖ്യാനിച്ചു. ഫലപ്രദമായ ആശയവിനിമയശേഷി ബുദ്ധിശക്തിയുടെ ലക്ഷണമാണ്. പ്രപഞ്ചത്തിലെ വ്യത്യസ്ത ഊർജരൂപങ്ങളെ നമുക്ക് യന്ത്രങ്ങള്‍ വഴി നിയന്ത്രിച്ചുപയോഗിക്കാന്‍ സാധിക്കും എങ്കില്‍ നമ്മുടെ വിനിമയരൂപങ്ങളെയും ഉപയോഗിക്കാന്‍ സാധിക്കും. ടെലഗ്രാഫും റെഡിയോയും ഇത്തരം അന്വേഷണങ്ങളുടെ ഫലമാണ്. വിനിമയത്തെ ഇത്തരത്തില്‍ നിയന്ത്രിക്കാമെങ്കില്‍ വിനിമയത്തിന് ആധാരമായ ചിന്താശക്തിയെ എന്തുകൊണ്ട് നിയന്ത്രിച്ചുകൂടാ? ഉദാഹരണത്തിന്, രഹസ്യകോഡ് വഴി ആശയവിനിമയം നടത്തുമ്പോള്‍ അവര്‍ എന്ത് പറയുന്നു എന്ന് കണ്ടുപിടിക്കാന്‍ ആ കോഡ് തകര്‍ക്കേണ്ടിവരും. ആ കോഡ് നിര്‍മിക്കുന്നതിനുപയോഗിക്കുന്ന പ്രവര്‍ത്തനരീതി എന്തെന്നറിഞ്ഞാലാണ് അത് വായിച്ചെടുക്കാന്‍ കഴിയുക, ആരുടെയും വിനിമയരീതികളെ ലളിതമായ ഗണിതശാസ്ത്ര സംജ്ഞകളിലേക്ക് ലഘൂകരിക്കാന്‍ കഴിഞ്ഞാല്‍ ( ഉദാഹരണത്തിന് 0,1 എന്നിവയുടെ നിരവധി രീതികളിലുള്ള തുടര്‍ച്ചകള്‍) നമുക്ക് ഏതു കോഡിനെയും വായിച്ചെടുക്കാം. ഇതിന്റെ അടിസ്ഥാനത്തില്‍ ചോദ്യോത്തരങ്ങള്‍ അടക്കം ഏതു വിധത്തിലുള്ള ആശയവിനിമയവും നടത്താം . അതിനുള്ള യന്ത്രം വികസിപ്പിച്ചെടുക്കാം.
ഇരുപതാം നൂറ്റാണ്ടിലെ ധൈഷണിക പ്രതിഭകളില്‍ ഉന്നതസ്ഥാനീയനായി കരുതപ്പെടുന്ന അലന്‍ ടൂറിങ്ങിന്റെ യന്ത്രം ഈ ആശയത്തിന്റെ ഉല്പന്നമാണ്. തുടര്‍ന്നു നിരവധി ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും ചേര്‍ന്നാണ് ഈ ആശയത്തെ പ്രാവർത്തികമാക്കിയത്. അടിസ്ഥാനപരമായി ഒരു ഗണിതശാസ്ത്രക്രിയയുടെ സ്വഭാവം ഇതിനുണ്ടാകും. ഒരു പ്രശ്നം പരിഹരിക്കുക, ഒരു ലക്ഷ്യം നിര്‍ണയിച്ച് അത് നേടിയെടുക്കുക എന്നതാണ് ഗണിത ശാസ്ത്രക്രിയയുടെ സ്വഭാവം. ലക്ഷ്യം എന്തുമാകാം. ക്വാണ്ടം ഗുരുത്വാകര്‍ഷണത്തിന്റെ സ്വഭാവം, മനുഷ്യന്റെ അടുത്ത പരിണാമ ദശ, മാലിന്യരഹിതമായ നഗരജീവിതത്തിന്റെ ഒരു മാതൃക, നോബല്‍ സമ്മാനാര്‍ഹമാകാന്‍ സാധ്യതയുള്ള ഒരു സാഹിത്യകൃതിയുടെ രചന, അങ്ങിനെ എന്തുമാകാം. വേണ്ടത് ഇത്തരം ഒരു ദൗത്യത്തെ ലക്ഷ്യത്തില്‍ എത്തിക്കുന്നതിന് ആവശ്യമുള്ള ഒരു വിവരസഞ്ചയം( ഡേറ്റ) ആണ്. അതിനോടൊപ്പം വിവിധഘട്ടങ്ങള്‍ കൃത്യമായി നിര്‍ണയിക്കപ്പെട്ട ഫലപ്രദമായ ഒരു പ്രവര്‍ത്തന രീതിയാണ്( അല്‍ഗോരിതം). ഈ വിവര സഞ്ചയവും പ്രവര്‍ത്തനരീതിയും ചേരുമ്പോള്‍ കണ്‍ കണ്ടെത്താവുന്ന നിരവധി മറ്റു വസ്തുതകളും വഴിയില്‍ ഉണ്ടാകാം . ( ഒരു കമ്പ്യൂട്ടര്‍ ഗെയിം കളിച്ചിട്ടുള്ളവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാകും). അപ്പോള്‍ വ്യത്യസ്ത നിലയിലുള്ള മറ്റു അറിവുകളും നേടാന്‍ ഒരു വഴിത്താരയിലൂടെ സാധ്യമാകും. ഒരു പ്രവർത്തനരീതിക്ക് അല്ലെങ്കില്‍ അല്‍ഗോരിതത്തിനു ഒരു പ്രത്യേക ദൗത്യം നിർവഹിക്കാന്‍ കഴിയുന്നതു കൊണ്ട് അത്തരത്തിലുള്ള നിരവധി പ്രവര്‍ത്തനമേഖലകള്‍ (ആപ്ലിക്കേഷനുകള്‍) അടങ്ങിയ ഒരു സിസ്റ്റത്തിനു മനുഷ്യബുദ്ധിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കാന്‍ കഴിയും.
എന്താണ് നിര്‍മിത ബുദ്ധി?
നിര്‍മിത ബുദ്ധി മനുഷ്യബുദ്ധിയുടെ തനി പകര്‍പ്പല്ല. അത് പ്രപഞ്ച ഘടനയും അതിനെ പഠിക്കാന്‍ മനുഷ്യര്‍ തന്നെ കണ്ടെത്തിയ ഗണിതശാസ്ത്ര ഉപാധികളും ഉപയോഗിച്ച് നിര്‍മിക്കപ്പെട്ട ഒരു യന്ത്രമാണ് അല്ലെങ്കില്‍ യന്ത്രസമുച്ചയമാണ്. അത് പ്രവര്‍ത്തിക്കുന്നത് ഭൗതികശാസ്ത്ര വിധി പ്രകാരമാണ്. ജീവശാസ്ത്ര പരിഗണനകള്‍ക്ക് അനുസരിച്ചല്ല. ഒരു ജീവിയുടെ പരിമിതികള്‍ അതിനില്ല. അതുകൊണ്ട് അതിനെ ഏല്‍പ്പിച്ച ദൗത്യം ഒരു ജീവിയേക്കാള്‍ ലക്ഷക്കണക്കിനു മടങ്ങ് വേഗത്തില്‍ ചെയ്തു തീര്‍ക്കാന്‍ അതിനു കഴിയും. മനുഷ്യര്‍ക്ക് ബുദ്ധിമുട്ടും മടുപ്പും ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിർമിതബുദ്ധിയെ എല്പിക്കുന്നതില്‍ അത്ഭുതമില്ല. പക്ഷേ ഒരു ജൈവമനുഷ്യന് പകരം വെക്കാന്‍ നിർമിതബുദ്ധിക്ക് സാധിക്കും എന്ന അവകാശവാദങ്ങള്‍ പരിശോധിക്കേണ്ടതാണ്.
നിർമിതബുദ്ധിയുടെ രൂപീകരണത്തെക്കുറിച്ച് മൂന്നു തരത്തിലുള്ള നിലപാടുകള്‍ ഇതിനകം വളര്‍ന്നു വന്നിട്ടുണ്ട്. ഒന്ന് ഗണിതശാസ്ത്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണ്. പ്രപഞ്ചത്തിന്റെ ചലന തത്വങ്ങള്‍ നിര്‍ണയിക്കുന്നതിന് ഗണിതശാസ്ത്രത്തിന്റെ പ്രത്യേകിച്ച് കാൽകുലസ്സിന്റെയും റിയല്‍ അനാലിസിസിന്റെയും പ്രാധാന്യം ഇന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞു . ഇവയാണ് കമ്പ്യൂട്ടറിന്റെ ഗണിതത്തിന്റെയും അടിത്തറ എന്നതുകൊണ്ടുതന്നെ പ്രപഞ്ചത്തിന്റെ ചലനരീതികളെ തല്സ്വരൂപത്തില്‍ ആവര്‍ത്തിക്കാന്‍ കംപ്യൂട്ടറുകള്‍ക്ക് കഴിയും എന്ന് വരുന്നു. അതുകൊണ്ട് പ്രപഞ്ചത്തിന്റെ ചലനങ്ങളെ കൃത്യമായി പകര്‍ത്തുന്ന ജ്ഞാനയന്ത്രങ്ങളായി നിർമിതബുദ്ധിയെ കണക്കാക്കാം. അതാണല്ലോ മനുഷ്യരുടെ ബുദ്ധിക്കു സാധിക്കണം എന്ന് നാം പ്രതീക്ഷിക്കുന്നത്.
രണ്ടാമത് ഭാഷാപരമായ സമീപനമാണ്. ചോംസ്കിയുടെ ജൈവഭാഷ ( generic language) സമീപനത്തെ നിര്‍മിത ബുദ്ധി വിദഗ്ധര്‍ വന്‍തോതില്‍ ആശ്രയിക്കുന്നുണ്ട് .പരിസ്ഥിതിയോടും മറ്റു മനുഷ്യരോടും ജീവജാലങ്ങളോടും പ്രതിഭാസങ്ങളോടുമുള്ള മനുഷ്യരുടെ പ്രതികരണങ്ങളില്‍ നിന്നാണ് പേച്ചുകള്‍ രൂപപ്പെടുന്നത്. സദൃശമായ സാഹചര്യങ്ങളില്‍ അവ വീണ്ടും ആവര്‍ത്തിക്കുകയും സ്ഥിരമാകുകയും ചെയ്യുമ്പോഴാണ് ഭാഷാഭേദങ്ങള്‍ ഉണ്ടാകുന്നത്. അതുകൊണ്ട് ഏതൊരു ഭാഷാരൂപത്തെയും ഡിജിറ്റല്‍ ആയി വിശ്ലേഷണം ചെയ്ത് പുനർനിര്‍മിക്കാം. ഭാഷകള്‍ മനുഷ്യരുടെ ചിന്തയുടെയും സര്‍ഗാത്മകതയുടേയും പ്രകടനങ്ങള്‍ ആയതു കൊണ്ട് അവ മുഴുവനും നിർമിതബുദ്ധിയിലൂടെ പ്രകാശിപ്പിക്കാം.
മൂന്നാമത് നാഡീശാസ്ത്രപരമായ ശൃംഖലകള്‍ ആണ്. മനുഷ്യമസ്തിഷ്കം കോടിക്കണക്കിനു നാഡികളുടെ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ശൃംഖലയാണ്. ഈ ശ്രുംഖലയുടെ പ്രവര്‍ത്തനം കൊണ്ടാണ് മനുഷ്യരുടെ ആശയാവിഷ്കാരങ്ങള്‍ എല്ലാം നടക്കുന്നത്. പ്രതിഭാസങ്ങളെമനസ്സിലാക്കി ആശയങ്ങള്‍ രൂപീകരിക്കുകയും അവയെ പ്രയോഗത്തില്‍ കൊണ്ടുവരുകയും ചെയ്യുമ്പോള്‍ ഈ ശൃംഖലകളുടെ സങ്കീര്‍ണമായ പ്രവര്‍ത്തനം പ്രധാനപങ്കു വഹിക്കുന്നു. നമ്മുടെ ബോധമണ്ഡലത്തിന്റെ അസ്തിവാരവും അവ തന്നെയാണ്. ഡിജിറ്റല്‍ നെറ്റ് വര്‍കുകളിലൂടെ നാം നാഡീവ്യൂഹത്തിന്റെ സങ്കീർണ പ്രവർത്തനത്തേയാണ് പുനർസൃഷ്ടിക്കുന്നത്.
ചുരുക്കത്തില്‍, ജൈവപരിണാമത്തിന്റെ ഫലമായി മനുഷ്യരില്‍ വളര്‍ന്നു വന്ന എല്ലാ കഴിവുകളും നിർമിതബുദ്ധി വഴി ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു എന്നതാണ് അവകാശവാദം. ചാറ്റ് ജിപിടിയും തത്തുല്യമായ മറ്റ് ആപ്ലിക്കേഷനുകളും കഴിഞ്ഞ ഏതാനും മാസങ്ങളിലായി നിർമിക്കപ്പെട്ടതോടെ സര്‍ഗാത്മക മനുഷ്യപ്രവര്‍ത്തനങ്ങള്‍ അടക്കം നിർമിതബുദ്ധിക്ക് ചെയ്യാന്‍ കഴിയും എന്നും വാദിക്കപ്പെടുന്നു. സൈബര്‍ ഓര്‍ഗാനിസത്തിന് (സയ്ബോർഗ് എന്ന് ചുരുക്കെഴുത്ത്) ആധിപത്യം ലഭിക്കുന്നതോടെ സാധാരണ മനുഷ്യവംശത്തിന് പ്രസക്തിയില്ലാതെ ആകും. മനുഷ്യരുടെ ജനിതകപ്രവർത്തനങ്ങളെയും സാങ്കേതികവിദ്യകള്‍ നിര്‍ണയിക്കാന്‍ തുടങ്ങുന്നതോടെ പുതിയ അല്‍ഗോരിതങ്ങള്‍ക്കനുസരിച്ചു രൂപപ്പെടുന്ന ജീവജാലങ്ങളുടെയും മനുഷ്യരുടെയും പ്രസക്തിയേറും. അൽദൗസ് ഹക്സിലി എഴുതിയ ധീരനൂതനലോകത്തിന്റെ മറ്റൊരു രൂപം.
സാധ്യതകളും പരിമിതിയും
ഈ പുതിയ സാങ്കേതിക സ്വര്‍ഗരാജ്യത്തിന്റെ രണ്ടു വശങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഇതിലെ ചില വശങ്ങള്‍ ഇപ്പോള്‍ തന്നെ വസ്തുതകള്‍ ആണ്. ഉദാഹരണത്തിന് വിദ്യാഭ്യാസം. കൃത്യമായ ഡേറ്റ സമാഹരിക്കുകയും ആവശ്യമായ പ്രവര്‍ത്തനരീതികള്‍ സൃഷ്ടിക്കുകയും ചെയ്‌താല്‍ ആര്‍ക്കും വിദ്യാഭ്യാസത്തിനു മേല്‍ നിയന്ത്രണം സ്ഥാപിക്കാം. ഏറ്റവുമധികം ഡേറ്റ സമാഹരിച്ച വന്‍ കമ്പനികള്‍ക്ക് വിദ്യാഭ്യാസരംഗത്ത് ഇടപെടാം. ആരോഗ്യം, സാമൂഹ്യസേവനം, ഫിനാന്‍സ് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ മേഖലകളിലും ഉള്ള ഉപഭോക്തൃ സേവനപ്രവർത്തനങ്ങളില്‍ മുഴുവന്‍ സാങ്കേതിക ഇടപെടല്‍ വ്യാപകമാണ്. ഇവിടെ ഒരിടത്തുപോലും ഡേറ്റയുടെ സമാഹാരത്തിന്റെയോ വിനിമയത്തിന്റെയോ നിയന്ത്രണം ജനങ്ങളുടെ കയ്യിലല്ല. ഇതിനുവേണ്ടി സൃഷ്ടിക്കുന്ന പ്ലാറ്റ്ഫോമുകളുടെമേല്‍ അതതു രാഷ്ട്രങ്ങളുടെ ഭരണകൂടങ്ങള്‍ക്ക് പോലും നിയന്ത്രണമില്ല. ഡേറ്റയുടെയും അൽഗോരിതങ്ങളുടെയുംമേല്‍ നിയന്ത്രണം ആർക്കാണോ അവരാണ് നിർമിതബുദ്ധിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുക. അവര്‍ നിർണയിക്കുന്ന ചട്ടക്കൂടിനകത്തു മാത്രമാണ് ഏതൊരു ഉപഭോക്താവിനും നിർമിതബുദ്ധിയെ പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ നിയന്ത്രണം ഏതാനും കോർപറേഷനുകളുടെ പക്കല്‍ മാത്രമാണ്. ജനങ്ങള്‍ക്കുള്ള ഡേറ്റയുടെ ലഭ്യതപോലും നിയന്ത്രിക്കുന്നത് അവര്‍ മാത്രമാണ്. നിർമിതബുദ്ധിയുടെ ഏറ്റവും വലിയ ഉപഭോക്താക്കളും കോർപ്പറേറ്റുകള്‍ ആണ്. ഡാറ്റയുടെ മേലുള്ള നിയന്ത്രണം ഏതാനും ഭീമന്‍ കുത്തകകളെ സമാന്തര ഭരണകൂടങ്ങള്‍ എന്ന നിലയിലേക്ക് വളർത്തിക്കൊണ്ടുവരുന്നുണ്ട് . ജനങ്ങളെ സംബന്ധിച്ച ഡേറ്റമൈനിംഗ് ഉപഭോക്തൃ ശീലങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കാനും അതുവഴി ലോക ഉത്പാദന മേഖലയുടെ മുകളില്‍ തന്നെ ആധിപത്യം സ്ഥാപിക്കാനും ഏതാനും കോർപറേറ്റുകളെക്കൊണ്ട് സാധിക്കുന്നു.
നിർമിതബുദ്ധി എന്നത് ബുദ്ധിയല്ല, ഒരു സാങ്കേതികവിദ്യ ആണ്. ഇതുവരെ നിര്‍മിക്കപ്പെട്ട എല്ലാ സാങ്കേതികവിദ്യകളും മനുഷ്യശരീരമോ ബുദ്ധിയോ നിര്‍വഹിക്കേണ്ട ഏതെങ്കിലും പ്രവര്‍ത്തനത്തെ ഭൗതികവസ്തുക്കള്‍ കൊണ്ട് ചിട്ടപ്പെടുത്തുകയാണ് ചെയ്തത്. അതിനുവേണ്ടി തനിക്കു ചുറ്റുമുള്ള വസ്തുക്കളെയും ഊർജരൂപങ്ങളെയും മനുഷ്യന്‍ പ്രയോജനപ്പെടുത്തി. മനുഷ്യനാവശ്യമുള്ള , മനുഷ്യരുടെ അവയവങ്ങള്‍ക്ക് പകരം ഉപയോഗിക്കാവുന്ന പുതിയ സംവിധാനങ്ങള്‍ സൃഷ്ടിച്ചു. കൈകള്‍ക്ക് പകരം മഴുവും കൈക്കോട്ടും ഉപയോഗിച്ചതും കാലുകള്‍ക്ക് പകരം ചക്രം ഉപയോഗിച്ചതും പല്ലുകൊണ്ട് കടിച്ച് പറിക്കുന്നതിനു പകരം ചുട്ടെടുത്തും വേവിച്ചും തിന്നാന്‍ പഠിച്ചതും ഇതിന്റെ ഭാഗമാണ് . മനുഷ്യരുടെ ആദ്യത്തെ നിർമിതബുദ്ധി പാപ്പിറസ് ചുരുളുകളിലും താളിയോലകളിലും രേഖപ്പെടുത്തിയ ഗ്രന്ഥങ്ങള്‍ ആണ്. അവയാണ് അടുത്തകാലം വരെ നമ്മുടെ ബിഗ്‌ഡേറ്റ. ചക്രത്തില്‍ വണ്ടിയോടിച്ചു എന്നതുകൊണ്ട് നാം നമ്മുടെ നടത്തമോ ഓട്ടമോ നിര്‍ത്തിയില്ല. പുസ്തകങ്ങള്‍ ഉണ്ടായതുകൊണ്ട് നമ്മുടെ വായ്മൊഴി വഴക്കങ്ങള്‍ അവസാനിപ്പിച്ചില്ല. നിരവധി ആയുധങ്ങളും ഉപകരണങ്ങളും ഉണ്ടായിട്ടും നമ്മുടെ കൈകള്‍ ഉപയോഗശൂന്യമായില്ല.ജൈവശരീരത്തോടൊപ്പം ഒരു അജൈവശരീരമായി ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിച്ചു എന്നു മാത്രം.
നിർമിതബുദ്ധി മറ്റു സാങ്കേതികവിദ്യകളെപോലെ ഭൗതിക പ്രതിഭാസങ്ങളെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. അവ ജൈവപ്രക്രിയകളെപോലെ പ്രവര്‍ത്തിക്കുന്നതും ഈ പ്രതിഭാസങ്ങളെ ഉപയോഗിച്ചു മാത്രമാണ്. അതിനാവശ്യമായ ധൈഷണിക നിക്ഷേപങ്ങള്‍ മുഴുവനും നടത്തുന്നത് മനുഷ്യരാണ്. അതായത്, മനുഷ്യരുടെ ബൗദ്ധികപരിമിതികള്‍ക്കപ്പുറം കടക്കാന്‍ നിർമിതബുദ്ധിക്ക് സാധിക്കുകയില്ല. ഒരു അല്‍ ഗോരിതത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ച് പുതിയ കണ്ടെത്തലുകള്‍ നടക്കുന്നതായുള്ള അവകാശവാദങ്ങള്‍ ഉണ്ട്. അവ മുമ്പ് സൂചിപ്പിച്ചത് അൽഗോരിതത്തില്‍ ഉള്‍പ്പെട്ട സാധ്യതകളാണ്. ഒരു രാസപരീക്ഷണത്തിന്റെ വ്യത്യസ്തസാധ്യതകള്‍ ഉപയോഗിച്ച് വ്യത്യസ്ത സംയുക്തങ്ങള്‍ നിര്‍മിക്കുന്നത് പോലെയാണത്. ഇവയില്‍ ചിലത് രോഗനിവാരണത്തിനടക്കം പല മേഖലകളിലും ഉപയോഗിക്കപ്പെട്ടിട്ടുള്ളതും നമുക്കറിയാം. ശാസ്ത്ര പരീക്ഷണ ങ്ങളുടെ ഇത്തരം സാധ്യതകള്‍ യാന്ത്രികമായി പുനരാവിഷ്കരിക്കുകയാണ് നിർമിതബുദ്ധി ചെയ്യുന്നത്. ഇതുകൊണ്ട് മനുഷ്യര്‍ സ്വന്തം അന്വേഷണങ്ങളും പരീക്ഷണങ്ങളും അവസാനിപ്പിച്ച് എല്ലാം നിര്‍മിത ബുദ്ധിയെ ഏല്‍പ്പിക്കണം എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല.
നിർമിതബുദ്ധിക്ക്
മനുഷ്യബുദ്ധിയെ കീഴടക്കാനാവുമോ?
നിർമിതബുദ്ധിക്ക് സാധാരണബുദ്ധിയെ കീഴടക്കാന്‍ കഴിയും എന്നതിന്റെ നല്ലൊരു ഉദാഹരണമായാണ് ഡീപ് ബ്ലു എന്ന കമ്പ്യൂട്ടര്‍ ലോകചെസ്സ് ചാമ്പ്യന്‍ ആയിരുന്ന ഗാരി കാസ്പറോവിനെ കീഴടക്കിയത്. നിർമിതബുദ്ധിയും മനുഷ്യബുദ്ധിയും തമ്മിലുള്ള അടിസ്ഥാന അന്തരത്തെയും അത് സൂചിപ്പിച്ചു. കാസ്പറോവ് ഒരു മനുഷ്യനാണ്. അദ്ദേഹത്തിന് ചെസ്സ് കളിയിലുള്ള പ്രാവീണ്യം അദ്ദേഹത്തിന്റെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്ന് മാത്രമാണ്. കൃത്യമായ ചെസ്സ് അല്‍ഗോരിതം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറിന്റെ മുഖ്യദൗത്യവും ധര്‍മവും അതുതന്നെയാണ്. ചാറ്റ് ജിപിടിയോ തത്തുല്യമായ ഒരു ആപ്ലിക്കേഷനോ ഉപയോഗിച്ച് ഉദാത്തമായ ഒരു രചനയോ കലാസൃഷ്ടിയോ സാധ്യമായേക്കാം. ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ഫലപ്രാപ്തിയില്‍ എത്തിക്കാനുള്ള അതിന്റെ ധര്‍മം നിര്‍വഹിക്കുക മാത്രമാണ് അത് ചെയ്യുന്നത്. കലാകാരന്റെയും രചയിതാവിന്റെയും ജീവിതം ആ സൃഷ്ടിയില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അതേസമയം ഡേറ്റയുടെ പരിമിതികള്‍ക്കും മുൻവിധികള്‍ക്കും അപ്പുറം പോകാന്‍ ഒരു കമ്പ്യൂട്ടറിനും കഴിയുകയില്ല. ഇന്നത്തെ സമൂഹത്തിന്റെയും പ്രോഗ്രാമറിന്റെയും വര്‍ഗപരമോ മതപരമോ ലിംഗപദവിപരമോ ആയ മുന്‍വിധികള്‍ ഡേറ്റയില്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ അത് രചനയിലും വരും. അത് തിരുത്താന്‍ മനുഷ്യര്‍ക്കുള്ള കഴിവ് കമ്പ്യൂട്ടറിന് ഉണ്ടാകില്ല. വേഗതയിലും കൃത്യതയിലും ലക്ഷ്യനിര്‍ണയമനുസരിച്ച് ചില പരിഹാരങ്ങളിലും കണ്ടെത്തലുകളിലും ഡിജിറ്റല്‍ പ്രക്രിയ മനുഷ്യരേക്കാള്‍ ശേഷി പ്രദര്‍ശിപ്പിക്കാം. സര്‍ഗാത്മകതയിലും യുക്തിപരതയിലും മനുഷ്യബുദ്ധിക്കുള്ള അയവും വൈവിധ്യവും ഒരു യന്ത്രത്തിന് ഉണ്ടാകുകയില്ല.
ഇതിന്റെ കാരണം വ്യക്തമാണ്. ഒരു യന്ത്രം അജൈവമാണ്. സ്വതന്ത്രമായ ഒരു പ്രകൃതി പ്രതിഭാസമല്ല. നിര്‍മിക്കുന്ന ആളുടെ ലക്ഷ്യനിർണയത്തിനു അനുസരിച്ചാണ് അത് പ്രവര്‍ത്തിക്കുക. നിർമിതബുദ്ധിയുടെ അവസ്ഥയും വ്യത്യസ്തമല്ല. നിർമിതബുദ്ധിയുടെ നിർമാണപ്രക്രിയ സങ്കീര്‍ണമാണ്. അതിനാവശ്യമായ ഡേറ്റയുടെ സമാഹരണവും അൽഗോരിതം ചിട്ടപ്പെടുത്തലും ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്നത് മൂലധനശക്തികള്‍ക്ക് ആണ്. അതിനെ ഉപയോഗിക്കാനുള്ള കഴിവ് മാത്രമാണ് മറ്റുള്ളവര്‍ നേടുന്നത്. അതായത്, മൂലധനനിയന്ത്രിതമായ മറ്റു സാങ്കേതികവിദ്യകളില്‍ നിന്ന് ഒരു വ്യത്യാസവും നിർമിതബുദ്ധിക്കില്ല. ഇത് പ്രവർത്തിപ്പിക്കാനായി മനുഷ്യരുടെ വികാരവിചാരങ്ങളും സ്വകാര്യതകള്‍ പോലും ഡേറ്റ ആയി മാറുന്നതോടെ ഒരു മൂലധന ഉല്പന്നത്തിന്റെ വിഭവങ്ങളായി മനുഷ്യരാശി മുഴുവന്‍ മാറുന്ന അവസ്ഥയും ഉണ്ടാകുന്നു. ഇതുവരെയുള്ള സാങ്കേതികവിദ്യകള്‍ നമ്മളാണ് ഉപയോഗിച്ചതെങ്കില്‍ ഒരു സാങ്കേതികവിദ്യ സ്വന്തം പ്രവര്‍ത്തനത്തിന് നമ്മെ ഉപയോഗിക്കാന്‍ തുടങ്ങുന്നു.
മനുഷ്യര്‍ക്ക് ആവശ്യമായ എല്ലാവസ്തുക്കളുടെയും ഉത്പാദനം മുതല്‍ വിതരണവും ഉപഭോഗവും വരെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും നിര്‍വഹണം ഏറ്റെടുക്കാന്‍ നിർമിതബുദ്ധിക്ക് കഴിയും എന്ന വാദവും ശരിയാണ്. മനുഷ്യരുടെ ആവശ്യങ്ങള്‍ ആര് നിര്‍ണയിക്കും എന്നതിന്റെ അടിസ്ഥാനത്തിലാകും നിർമിതബുദ്ധിയുടെ പ്രവര്‍ത്തനവും. ആദിമ ഘട്ടങ്ങളിലൊഴികെ മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ സ്വയമേവ നിറവേറ്റുന്ന സമൂഹങ്ങള്‍ നമുക്ക് ഉണ്ടായിട്ടില്ല. സ്വത്തുടമകളും കുടുംബതലവന്മാരും ഭരണകൂടവും വ്യാപാരികളും ഒക്കെയാണ് മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ എങ്ങിനെ നിറവേറ്റും എന്ന് തീരുമാനിച്ചിരുന്നത്. ഇപ്പോള്‍ ഭൂരിഭാഗം സമൂഹങ്ങളിലും മൂലധനമാണ് ഇക്കാര്യം തീരുമാനിക്കുന്നത്. ചില സമൂഹങ്ങളില്‍ ഭരണകൂടത്തിനും പങ്കാളിത്തമുണ്ട്. നിർമിതബുദ്ധിയെ ചലിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വവും അവര്‍ക്കു തന്നെയാകും. നിർമിതബുദ്ധി വഴി മൂലധനം നമ്മുടെ നീത്യജീവിതാവശ്യങ്ങള്‍ മാത്രമല്ല, സര്‍ഗത്മകതയെയും വൈകാരികജീവിതത്തെയും വരെ നിര്‍ണയിക്കുന്ന അവസ്ഥ ഇപ്പോള്‍ തന്നെ വളര്‍ന്നുവന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവിതരീതിയെക്കുറിച്ചുള്ള തീരുമാനങ്ങളെ പോലും നിര്‍ണയിക്കുന്ന അവസ്ഥയിലേക്ക് മൂലധനം വളരുന്നതോടെ അതിനുള്ള പ്രധാന ഉപാധിയായി നിർമിതബുദ്ധി മാറുകയാണ്. ഓരോ മനുഷ്യനെയും കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈവശംവെക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ സന്തോഷങ്ങളെയും വേവലാതികളെയും സ്വാധീനിക്കുകയും ചെയ്യുന്ന മേല്‍നോട്ടക്കാരായി മാറാനും നിർമിതബുദ്ധിക്കും അതുവഴി മൂലധനത്തിനും കഴിയുന്നു.
ഗുണദോഷങ്ങൾ
സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന്റെ ഗുണദോഷങ്ങള്‍ അവ ആരുപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും . മഴുവും ഉളിയും കൈക്കോട്ടും വരെ ആരാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് സ്വഭാവം മാറാറുണ്ട്. വാഹനങ്ങള്‍ ജനങ്ങളെ അതിവേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കും , അവരുടെ മരണത്തിനും കാരണമാകാം. മൂലധനത്തിന്റെ അടിസ്ഥാന ലക്ഷ്യം ലാഭമാണ്. ലാഭം പരമാവധി ഉണ്ടാക്കാനുള്ള അല്‍ഗോരിതങ്ങള്‍ ഉപയോഗിച്ചാണ് നിർമിതബുദ്ധിയെ പ്രവര്‍ത്തിപ്പിക്കുക. അതിന്റെ പ്രവര്‍ത്തനംകൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാകുക എന്നത് ലാഭസാധ്യതയെക്കൂടി ആശ്രയിച്ചിരിക്കും. എത്രമാത്രം യുക്തിസഹമായി നിര്‍മിക്കപ്പെട്ട അല്‍ഗോരിതമായാലും ഇത്തരത്തിലുള്ള ബാഹ്യമായ ഘടകത്തിന് നിർണായകസ്വഭാവം ലഭിക്കുന്നതോടെ അതിന്റെ ധൈഷണികതലത്തിലും പ്രയോഗതലത്തിലും ഉള്ള മേന്മ ഇല്ലാതാകുകയാണ്. അധികാരസ്ഥാനങ്ങളുടെ നിയന്ത്രണം ഇല്ലെങ്കില്‍ മനുഷ്യബുദ്ധി അവര്‍ക്കുതന്നെ ഉപയോഗിക്കാന്‍ കഴിയുന്നുണ്ട്. മനുഷ്യരാശിയെ നിലനിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും അതാണ്. ഈ കഴിവ് മുഴുവനും ഏതാനും കോർപറേറ്റ് മുതലാളിമാരെയും അവരുടെ സാങ്കേതികസംഘങ്ങളെയും ഏല്പിച്ചു കൊടുത്താല്‍ മനുഷ്യവികാസത്തിനു വേണ്ടി സ്വന്തം ബുദ്ധി സ്വയം ഉപയോഗിക്കാനുള്ള കഴിവുപോലും മൂലധന താല്പര്യങ്ങള്‍ക്ക് വില്‍ക്കുന്ന സ്ഥിതിയാണുണ്ടാകുക. ആന്ത്രോപ്പോസീന്‍ എന്നൊക്കെ ചിലര്‍ വിളിക്കുന്ന ഇന്നത്തെ യുഗം കാപിറ്റലോസീന്‍ ആയി പൂര്‍ണമായി മാറുകയും ചെയ്യും.
ഒരു സാങ്കേതികവിദ്യയെ, വിനാശകരമായ സാധ്യത ഉള്ളതായാലും ആ ഒരൊറ്റക്കാരണത്താല്‍ എതിര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. പ്രകൃതി പ്രതിഭാസങ്ങളില്‍ സൃഷ്ടിപരമെന്നതുപോലെ വിനാശകരമായ സാധ്യതകളും ഉണ്ട്. അവയെ ഉപയോഗിക്കുകയാണ് മനുഷ്യര്‍ ഇതു വരെ ചെയ്തുപോന്നത്. നിലനില്‍പ്പിനും നാശത്തിനുംവേണ്ടി മനുഷ്യര്‍ ഈ സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇതിന്റെ ഫലമായി സൃഷ്ടി, സംഹാരം, നന്മ, തിന്മ, ഗുണം, ദോഷം എന്നിങ്ങനെ മനുഷ്യരുടെ പ്രവര്‍ത്തികളെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും മനുഷ്യര്‍ നടത്തിയിട്ടുണ്ട്. മനുഷ്യരാശിയുടെ വികാസത്തില്‍ ഇത്തരം ധാരണകളും വിലയിരുത്തലുകളും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സത്യാന്വേഷണം മുതലായ സങ്കല്പങ്ങളും ഇതിന്റെ ഭാഗമാണ്. സാങ്കേതികവിദ്യകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ചർചകളും അവ മനുഷ്യര്‍ക്ക് നല്‍കുന്ന ആത്യന്തികമായ ഗുണ ദോഷങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. എന്നാല്‍ നിർമിതബുദ്ധി നിയന്ത്രിക്കുന്ന ലോകത്തില്‍ ഈ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. നിർമിതബുദ്ധിയുടെ അൽഗോരിതത്തില്‍ ലക്ഷ്യവും ലക്ഷ്യം നേടുന്നതിനുള്ള വഴികളുമേ ഉള്ളൂ. അതിന്റെ വ്യത്യസ്തസാധ്യതകളില്‍ ഗുണദോഷങ്ങള്‍ ഉണ്ടാകും. അത് വേണമോ വേണ്ടയോ എന്നത് നിങ്ങളുടെ യുക്തിപരമായ തീരുമാനമാണ്. വ്യത്യസ്തസാധ്യതകള്‍ ഉപയോഗിക്കുന്നതും നിങ്ങളുടെ ഒരു ഓപ്ഷന്‍ ആണ്. ഈ സാധ്യതകള്‍ മുഴുവനും ഒരു നിശ്ചിതവിലയ്ക്ക് മൂലധനം നിങ്ങള്‍ക്ക് ലഭ്യമാക്കുന്നു. അത് സ്വീകരിച്ചാല്‍ അതിന്റെ ഗുണദോഷങ്ങൾ മുഴുവന്‍ നിങ്ങളുടെ ബാധ്യതയാണ്. അവിടെ മൂലധനശക്തികളെ പഴി പറഞ്ഞിട്ട് കാര്യമില്ല. ഉല്പന്നം നിങ്ങളുടെ കൈവശമാണ്. അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളെല്ലാം ഉല്പന്നം ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ ഒപ്പിടുന്ന കരാറില്‍ പറഞ്ഞിട്ടുണ്ട്, അവ നിങ്ങള്‍ അംഗീകരിച്ചതു കൊണ്ടാണ് ഡൗണ്‍ലോഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിച്ചത്. അപ്പോള്‍ നിർമിതബുദ്ധി ചെയ്യുന്ന കര്‍മങ്ങള്‍ക്ക് അത് സ്വീകരിച്ച നിങ്ങള്‍ തന്നെയാണ് ഉത്തരവാദി. ചുരുക്കത്തില്‍, നിർമിതബുദ്ധി എന്ത് ചെയ്താലും ഉത്തരവാദി കൈവശം വെയ്ക്കുന്ന വ്യക്തിയാണ് എന്നു വരുന്നു.
ഈ ആശയം പല കമ്പനികളും ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്. നിർമിതബുദ്ധിയുടെ ഗുണഭോക്താക്കളിലും അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റിംഗ്, ഗതാഗതം, ആശയവിനിമയം മുതലായ മേഖലകളിലും തൊഴിലാളികളും ഉപഭോക്താക്കളും പങ്കാളികളാണ്. നിങ്ങള്‍ ഉപയോഗിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ട് ഉത്തരവാദിത്വം നിങ്ങള്‍ക്ക് വരുകയാണ്. അതേസമയം നിങ്ങളെ ഏല്‍പ്പിക്കുന്ന നിര്‍വഹണ ചുമതല ഒഴികെ കമ്പനിയുടെ പ്രവര്‍ത്തനം എങ്ങിനെയെന്നു പോലും നിങ്ങള്‍ അറിയണമെന്നില്ല. സംരംഭത്തിന്റെ ഗുണദോഷങ്ങളെപ്പറ്റി വിലപേശാന്‍ നിയമപരമായി നിങ്ങള്‍ക്ക് അര്‍ഹതയില്ല. മറുവശത്ത് ഉൽപ്പന്നത്തെകുറിച്ച് നടന്ന ആദ്യചര്‍ച്ചകളില്‍ തന്നെ നിങ്ങളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്പനിയുടെ കൈവശം എത്തിക്കഴിഞ്ഞു. നിങ്ങളുടെ എല്ലാ ഡേറ്റയും കാണാനുള്ള അവകാശവും അവര്‍ക്ക് കൊടുത്തു. നിങ്ങളുടെ എല്ലാ ചലനങ്ങളും സ്വകാര്യചിന്തകള്‍ പോലും വീക്ഷിക്കാനുള്ള സൗകര്യവും അവര്‍ക്ക് നല്‍കി. പിന്നെ വിലപേശല്‍ ഇല്ല. ഗുണദോഷ വിശ്ലേഷണം സാധ്യമല്ല. നിങ്ങളുടെ ലക്ഷ്യവും വഴിയും തെരഞ്ഞെടുത്തത് കൊണ്ട് ശേഷിച്ചത് നിർമിതബുദ്ധി ചെയ്തുകൊള്ളും. നിങ്ങള്‍ക്ക് ഈ വഴി ഉപേക്ഷിക്കാം എന്നല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഇല്ല.
നിർമിതബുദ്ധിയെക്കുറിച്ചുള്ള ഇത്തരം നിലപാട് ഏകപക്ഷീയമാണെന്ന് തോന്നാം. മനുഷ്യബുദ്ധിക്ക് അസാധ്യമായ നിരവധി കാര്യങ്ങള്‍ നിർമിതബുദ്ധി ചെയ്യുന്നില്ലേ? കൂടുതല്‍ വേഗതയിലും കൃത്യതയിലും കാര്യങ്ങള്‍ ചെയ്യുന്നത് മനുഷ്യര്‍ക്ക് ഉപകാരപ്രദമല്ലേ? കമ്പ്യൂട്ടര്‍ യുഗത്തിന്റെ ആദ്യഘട്ടത്തില്‍ ഇതുപോലുള്ള വാദങ്ങള്‍ കമ്പ്യൂട്ടറിനെതിരെ ഉയര്‍ന്നു വന്നിരുന്നു. അതുകൊണ്ട് മനുഷ്യരാശിയുടെ പുരോഗതി അവസാനിച്ചില്ല. പുതിയ സാധ്യതകള്‍ വളര്‍ന്നു വരുകയാണ് ചെയ്തത്. കേവലം എങ്ങനെ ദുരന്തവാദി ആയിട്ടു കാര്യമില്ല. പുതിയ സാധ്യതകളെ എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് പരിശോധിക്കുകയാണ് വേണ്ടത് എന്ന് വാദിക്കുന്നവര്‍ ധാരാളമാണ്.
പുതിയ സാങ്കേതികവിദ്യകള്‍ എല്ലാം ജനവിരുദ്ധമാണെന്ന ധാരണയില്ല . സാങ്കേതികവിദ്യകള്‍ മനുഷ്യനിർമിതികള്‍ ആണ്. മനുഷ്യരുടെ ജൈവമായ പ്രവർത്തനസാധ്യതകളെ പ്രകൃതിപ്രതിഭാസങ്ങള്‍ ഉപയോഗിച്ച് ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അവയില്‍ വിവിധപോരായ്മകള്‍ കണ്ടേക്കാമെങ്കിലും ആത്യന്തികമായി അവയ്ക്ക് ജനവിരുദ്ധസ്വഭാവമില്ല. അവയെ ജനവിരുദ്ധമായി ഉപയോഗിക്കുന്നത് മനുഷ്യവിഭാഗങ്ങള്‍ തന്നെയാണ്, അതായത് വര്‍ഗങ്ങള്‍ ആണ്. ഒരു ആദര്‍ശ ജനാധിപത്യ സമൂഹത്തില്‍ മാത്രമാണ് അറിവിന്റെയും സാങ്കേതികവിദ്യകളുടേയും മേലുള്ള അവകാശങ്ങള്‍ ജനങ്ങളില്‍ പൂര്‍ണമായി നിക്ഷിപ്തമാകുന്നത്. വര്‍ഗസമൂഹങ്ങളില്‍ സ്ഥിതി വ്യത്യസ്തമാണ്. ചക്രവർത്തിമാരുടെയും രാജാക്കന്മാരുടെയും വാഴ്ചക്കാലത്ത് അറിവിന്റെയും സാങ്കേതികവിദ്യകളുടേയും നിയന്ത്രണം അവരുടെയും പ്രഭുക്കന്മാരുടെയും പുരോഹിതരുടെയും കയ്യിലാണ്. മുതലാളിത്തത്തില്‍ അത് മുതലാളിമാരുടെയും അവരുടെ നിയന്ത്രണത്തിലുള്ള വിദഗ്ധരുടെയും കയ്യിലാണ്. സാങ്കേതികവിദ്യകള്‍ രൂപപ്പെടുന്നത് തൊഴിലെടുക്കുന്നവരില്‍ നിന്നാണ്. എന്നാല്‍ സമ്പത്തും അധികാരവും ഉപയോഗിച്ച് ഉടമകള്‍ ഇതിനു മേല്‍ അവകാശങ്ങള്‍ സ്ഥാപിക്കുന്നു എന്നുമാത്രം. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഉത്പാദനം നടത്തുന്ന തൊഴിലാളിക്ക് അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചു വിമര്‍ശിക്കാനുള്ള അവകാശമില്ല. അത് വിദഗ്ധരുടെ കുത്തകയാണ്. ജനാധിപത്യസമൂഹങ്ങളില്‍ പോലും ജനങ്ങള്‍ക്ക് സാങ്കേതികവിദ്യകളുടെ പ്രയോഗത്തില്‍വരുന്ന പോരായ്മകളെ കുറിച്ച് പറയാന്‍ അവകാശമില്ല. ഈ ഘടകം തന്നെയാണ് വർഗാധിപത്യത്തെ നിര്‍ണയിക്കുന്നത്.
നിർമിതബുദ്ധിയുടെ പ്രയോഗത്തില്‍ ഈ സ്ഥിതിവിശേഷം ഒരു പടികൂടി പിന്നിടുന്നു.ഏതാനും കോർപ്പറേറ്റുകളും അവരുടെ വിദഗ്ദ്ധരും ചേര്‍ന്നാണ് നിർമിതബുദ്ധിയുടെ എല്ലാ അല്‍ഗോരിതങ്ങളും തയ്യാറാക്കിയിരിക്കുന്നത്. അവരുടെ നിര്‍ദേശങ്ങളെ പിന്തുടരേണ്ട ചുമതല മാത്രമേ ഉപഭോക്താക്കള്‍ക്ക് ഉള്ളൂ. ഇവ ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെയും ബാധ്യതകളെയും സൂചിപ്പിക്കുന്ന ഒരു കരാര്‍ ആദ്യംതന്നെ അംഗീകരിക്കണം. അതോടെ പിന്നീട് വിലപേശാനുള്ള എല്ലാ സാധ്യതകളും നിയമപരമായി ഉപഭോക്താവിനും ഉപയോഗിക്കുന്ന ആളിനും നഷ്ടപ്പെടുന്നു.വ്യക്തിപരമായോ സംഘം ചേര്‍ന്നോ ഉള്ള ഒരു വിലപേശലിനും ഇവിടെ സൗകര്യമില്ല. നിർമിതബുദ്ധിയുടെ ലക്ഷ്യനിര്‍ണയത്തിലും അതിനനുസരിച്ചു രൂപംകൊള്ളുന്ന പുതിയ കണ്ടെത്തലുകളിലും ഒതുങ്ങിനില്‍ക്കുകയല്ലാതെ വേറെ വഴികളില്ല. ഇതിന്റെ ഭാഗമായി കരാറില്‍ ഏര്‍പെടുന്ന വ്യക്തിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും സ്വകാര്യതകള്‍ പോലും നിർമിതബുദ്ധിയുടേയും അതുവഴി കോർപ്പറേറ്റുകളുടെയും കൈവശം എത്തുന്നുണ്ട്. ഇവ മറ്റു കോർപ്പറേറ്റുകള്‍ക്ക് കൈമാറുകയും അതുവഴി വ്യത്യസ്ത ഉപഭോഗശൃംഖലകളുടെ നിയന്ത്രണത്തിലേക്ക് ഈ വ്യക്തി വഴുതിവീഴുകയും ചെയ്യുന്നു. സ്വന്തം ജൈവശരീരവും വികാരവിചാരങ്ങളും ഉപഭോഗവസ്തുക്കളായി മാറുകയാണ് .
നിർമിതബുദ്ധിയും
കോർപ്പറേറ്റ് മുതലാളിത്തവും
ഡിജിറ്റല്‍ കരാറുകള്‍ക്ക് ഒരു സൗകര്യം കൂടിയുണ്ട്. നിർമിതബുദ്ധി വഴി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടെയും ഉത്തരവാദിത്വം ഗുണഭോക്താവിനാണ്. കോർപ്പറേറ്റുകള്‍ ഇവിടെ വിവരദായകര്‍ ആണ്. അതുകൊണ്ട് എന്തുചെയ്യുന്നു എന്നതിന്റെ ഉത്തരവാദിത്വം ചെയ്യുന്ന ആളുകള്‍ക്കാണ്. ഓണ്‍ലൈന്‍ വ്യാപാരത്തിലും ഗതാഗത-വിനിമയശൃംഖലകളിലും തൊഴിലാളികള്‍ പങ്കാളികളാണ്. അവര്‍ എത്ര മണിക്കൂര്‍ എത്രമാത്രം തൊഴില്‍ ചെയ്യുന്നു എന്നതനുസരിച്ചാണ് അവരുടെ വേതനം നിശ്ചയിക്കുക. സാധാരണ ഫാക്ടറികളിലെ തൊഴില്‍സമയസങ്കല്പം അവര്‍ക്ക് ബാധകമല്ല. അവര്‍ തൊഴില്‍ ചെയ്യാതിരുന്നാല്‍ വരുമാനം നഷ്ടപ്പെടും; പങ്കാളിത്തത്തില്‍ നിന്ന് പുറത്ത് പോവുകയും ചെയ്യും. മറ്റ് വിഭവങ്ങളോ തൊഴിലുകളോ ലഭ്യമല്ലാത്തതുകൊണ്ടും സ്വന്തമായി സ്റ്റാര്‍ട്ട് അപ്പുകള്‍ തുടങ്ങുന്നവര്‍ക്കും വന്‍ ഭീമന്മാരോടു പിടിച്ചുനില്‍ക്കാനുള്ള പ്രയാസംകൊണ്ടും ഏതെങ്കിലും വിധത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ അവരും നിര്‍ബന്ധിതരാകും. ഇതു ഡിജിറ്റല്‍ വിദഗ്ദ്ധര്‍ക്കും ബാധകമാണ്. പുതിയ അൽഗോരിതങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കിലും അത് വാണിജ്യവല്‍ക്കരിക്കാന്‍ കഴിയാത്തതുകൊണ്ട് വന്‍ കോർപറേറ്റുകള്‍ക്കുതന്നെ വിൽക്കേണ്ടിവരും. ചുരുക്കത്തില്‍ മൂലധനത്തിന്റെ പ്രവര്‍ത്തനശൈലി തന്നെയാണ് നിർമിതബുദ്ധിയുടെ പ്രചാരത്തെയും നിര്‍ണയിക്കുക.
ഉത്പാദന ശക്തികള്‍ എന്ന നിലയില്‍ തൊഴിലാളികള്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധിയുണ്ട്, നിർമിതബുദ്ധി കേന്ദ്രീകരിക്കുന്നത് പ്രവര്‍ത്തനത്തിന്റെ കാര്യക്ഷമതയിലും പ്രയോജനത്തിലുമാണ്. ഒരു പ്രവര്‍ത്തനത്തെ ലക്ഷ്യത്തിലെത്തിക്കുന്നതിന് ഡേറ്റക്കുള്ള പ്രയോജനമാണ്( function) ഒരു അൽഗോരിതത്തിന്റെ കാതല്‍. അവിടെയാണ് നവചേഷ്ടാവാദികളുടെ ആധാരഗ്രന്ഥം ആയ ബ്ലൂമിന്റെ ടാക്സോണോമിയുടെ (സൃഷ്ടിക്കുക, വിലയിരുത്തുക, അപഗ്രഥിക്കുക, നടപ്പിലാക്കുക,മനസിലാക്കുക, ഓര്‍മിക്കുക ) പ്രസക്തി. നിർമിതബുദ്ധിയുടെ മാത്രമല്ല, ആധുനികവിദ്യാഭ്യാസത്തേയും ചിട്ടപ്പെടുത്തുന്ന ഈ പ്രവര്‍ത്തനത്തില്‍ നടപ്പിലാക്കിയതിന് ശേഷം പുനരവലോകനം ചെയ്യുക, തുടര്‍ന്നു നടപ്പിലാക്കുന്നതിനെക്കുറിച്ചു തീരുമാനമെടുക്കുക, ഒരു രീതി ഉപേക്ഷിച്ചു മറ്റു രീതികള്‍ സ്വീകരിക്കുക എന്നീ ക്രിയകളില്ല . ഉത്പന്നത്തിന് മാത്രമേ പ്രസക്തിയുള്ളൂ, പ്രക്രിയക്കില്ല. അറിവിന്റെ വൈവിധ്യവല്കരണവും ജനാധിപത്യവൽകരണവും സംഭവിക്കുന്നത് പ്രക്രിയകളിലൂടെയാണ്. മുന്‍കൂട്ടി ചിട്ടപ്പെടുത്തിയ, ബുദ്ധി ഉപയോഗിച്ചു നടത്തുന്ന കണ്ടെത്തലുകള്‍ മാത്രമായി വൈവിധ്യം ചുരുങ്ങുന്നതോടെ ജ്ഞാനോല്പാദനത്തിന്റെ മുഴുവൻ നിയന്ത്രണവും കോർപറേറ്റുകളുടെ കൈവശം വരുകയാണ്.
നിർമിതബുദ്ധി അടക്കം ഏതു സാങ്കേതികവിദ്യയും സമൂഹ്യാവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗിക്കാനും ആവശ്യമില്ലെങ്കില്‍ വേണ്ടെന്നു വെക്കാനും ഉള്ള അവകാശം ജനങ്ങള്‍ക്കുള്ള സമൂഹത്തിലാണ് ഉത്പാദന ശക്തികളുടെ വികാസം പൂര്‍ണരൂപത്തില്‍ ഉണ്ടാകുക. വര്‍ഗസമൂഹത്തിലും ഉത്പാദന ശക്തികളുടെ വികാസം ഉണ്ടാകും. അതിന്റെ നിയന്ത്രണം സ്വത്തുടമവര്‍ഗങ്ങളുടേയും അവര്‍ നയിക്കുന്ന ഭരണകൂടങ്ങളുടെയും കൈപ്പിടിയില്‍ ഒതുങ്ങിനില്‍ക്കും എന്നാണ് ചരിത്രം നമ്മെ പഠിപ്പിക്കുന്നത്. ഇത് സൃഷ്ടിക്കുന്ന അന്യവല്‍ക്കരണമാണ് ദൈവത്തിന്റെയും രാജാവിന്റെയും പ്രഭുവിന്റെയും മുമ്പില്‍ യാചിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്; അദ്ധ്വാനശക്തി കൈയാളുന്നവര്‍ സ്വന്തം അധ്വാനം വില്‍ക്കുന്നത് . ജനങ്ങളുടെ ബുദ്ധിയും വിവരവും അപഹരിച്ചു നിർമിതബുദ്ധി സൃഷ്ടിക്കപ്പെടുമ്പോള്‍ ഈ അന്യവല്കരണം അതിന്റെ പാരമ്യത്തിലെത്തുകയാണ്.
ഇതല്ലാതെ മറ്റു മാര്‍ഗമൊന്നും തല്‍ക്കാലം മുന്നോട്ടു വെക്കാനില്ലാത്ത അവസ്ഥയിലേക്കും മൂലധനം എത്തിയിരിക്കുന്നു. രണ്ടു സിലിക്കന്‍വാലി ബാങ്കുകള്‍ കൂടി തകര്‍ന്നതോടെ മൂലധനപ്രതിസന്ധി കൂടുതല്‍ രൂക്ഷമായിരിക്കുന്നു. ധനസാമ്രാജ്യത്വത്തിന് പകരം ബിഗ് ഡേറ്റ സാമ്രാജ്യത്വമാണ് മൂലധനത്തിന് മുമ്പിലുള്ള പോംവഴി . ജനങ്ങളുടെ നിത്യജീവിതത്തെ കൊള്ളയടിച്ച് അതില്‍നിന്നുള്ള ഉൽപ്പന്നങ്ങളെ അവര്‍ക്കുതന്നെ വില്‍ക്കുക എന്ന പഴയ കൊളോണിയല്‍ തന്ത്രമാണ് ആവർത്തിക്കപ്പെടുന്നത്. ഇതോടെ മൂലധനാധിപത്യം മനുഷ്യരാശിയുടെ ജൈവവികസനത്തിനുതന്നെ വെല്ലുവിളി ഉയര്‍ത്തുകയാണ്.
ഇതിന്റെ ദുരന്തം വെറും ഭാവനാകല്പിതമല്ല. മനുഷ്യര്‍ ജൈവപരിണാമത്തിന്റെ സന്തതികള്‍ ആണ്. ജൈവ അവസ്ഥകളുടെ ഭാവിയും പരിണാമത്തിനു വിധേയമാണ്. ജീവനെ സംബന്ധിച്ച യാഥാര്‍ത്ഥ്യവും അതാണ്. നിർമിതബുദ്ധിയില്‍ നിന്ന് നിര്‍മിത അവയവങ്ങളും നിർമിതശരീരവും നിർമിതജനിതകഘടനയും എല്ലാം സാധ്യമാണ്. അതിനുള്ള പരീക്ഷണങ്ങളും നടക്കുന്നുണ്ട്. രോഗനിവാരണമാണ് പരീക്ഷണങ്ങളുടെ ലക്ഷ്യമായി പറയുന്നതെങ്കിലും ചിരഞ്ജീവിയാകാനുള്ള മനുഷ്യരുടെ അഭിലാഷങ്ങളും പരീക്ഷണങ്ങളിലേക്ക് നയിക്കാം. സ്വാഭാവികപരിണാമത്തില്‍ നിന്ന് മാറി അജൈവദശയില്‍നിന്ന് ജൈവതുല്യരായ സ്വത്വങ്ങളെ സൃഷ്ടിക്കാനുള്ള ശ്രമം വിജയിച്ചെന്നു വരാം. ഇത്തരം അജൈവപരിണാമത്തെ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനക്ഷമമായ ശരീരങ്ങളുടെ പുതിയ അടിമകമ്പോളങ്ങളും ചിരഞ്ജീവികളെ ഉത്പാദിപ്പിക്കാനുള്ള രാസപദാര്‍ത്ഥങ്ങളുടെയും അവയവങ്ങളുടെയും കമ്പോളങ്ങളും സൃഷ്ടിക്കാന്‍ മൂലധനം മടിക്കുകയില്ല. മനുഷ്യരാശിയുടെ ഭാവിയിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും അത്. ♦