നിർമത ബുദ്ധിയെക്കുറിച്ച് മലയാളത്തിൽ ആദ്യം ലേഖനമെഴുതിയത് 1960-കളിൽ പ്രൊഫ. വി.കെ. ദാമോദരൻ ആണ്. പിന്നീടങ്ങോട്ട് കുറെയേറെ ലേഖനങ്ങൾ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിർമ്മിതബുദ്ധിയെക്കുറിച്ച് ഈ ലേഖകൻ മൂന്നു പതിറ്റാണ്ടിനു മുൻപും അതിനെത്തുടർന്നും എഴുതിയ ലേഖനങ്ങളിലെ തിരഞ്ഞെടുത്ത ചിന്തകൾ പുതിയ വികാസങ്ങളുടെ വെളിച്ചത്തിൽ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയാണ് ഈ ലേഖനത്തിൽ.വിജ്ഞാനകൈരളിയിൽ 1995 -ൽ പ്രസിദ്ധീകരിച്ച ലേഖനവും 2008 -ൽ ‘ഗൂഗോളവൽക്കരണം’ എന്ന ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയ ലേഖനവുമാണ് പുനഃപരിശോധനയ്ക്കു തെരഞ്ഞെടുത്തിട്ടുള്ളത്. (മുൻ ലേഖനത്തിലെ വരികൾ ഇറ്റാലിക്സിൽ നൽകിയിരിക്കുന്നു).
1. നിർമിതബുദ്ധി (AI)യിലെ കൃത്രിമത്വം
യഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള വ്യതിചലനമാണല്ലോ കൃത്രിമത്വം. ഒരു കടലാസുപൂവ് യഥാര്‍ത്ഥ പൂവിന്റെ അനുകരണമാണ്. അതുപോലെ ഒരു വൈദ്യുത വിളക്കിന്റെ പ്രകാശം പ്രകൃതിദത്തമായ സൂര്യപ്രകാശമല്ലാത്തതിനാല്‍ ഒരു കൃത്രിമത്വം ഉളവാക്കുന്നു. എന്നാല്‍ മേല്‍പറഞ്ഞ കൃത്രിമത്വം രണ്ടും ഉളവാക്കുന്നു, രണ്ടും രണ്ടു തരത്തിലാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കടലാസുപൂവിനു മണമോ ഗുണമോ ഉണ്ടാവില്ല. കാഴ്ചയില്‍ മാത്രമാണ് സാമ്യം. എന്നാല്‍ സൂര്യപ്രകാശം തമസ്സിനെ അകറ്റുന്ന അതേധര്‍മ്മം വൈദ്യുത വിളക്കിന്റെ പ്രകാശത്തിലൂടെയും നിര്‍വ്വഹിക്കപ്പെടുന്നു. ഈ വൈദ്യുത വിളക്കില്‍ അധിഷ്ഠിതമായ കൃത്രിമത്വം തന്നെയാണ് കമ്പ്യൂട്ടറിന്റെ കൃത്രിമ ബുദ്ധിയിലും നാം പരമമായി കൈവരിക്കാനുദ്ദേശിക്കുന്നത്. സമീപഭാവിയില്‍ ഇതൊരു മരീചികയായി അവശേഷിക്കാമെങ്കിലും കടലാസു പൂവിന്റെ കൃത്രിമത്വത്തോളമെങ്കിലും കമ്പ്യൂട്ടറിലേക്കു ബുദ്ധിപകരാന്‍ കഴിഞ്ഞാല്‍ മനുഷ്യസമൂഹത്തിന് ഇതൊരു ‘‘ഫ്യൂച്ചര്‍ ഷോക്ക്” തന്നെയാവും. ഈ ഫ്യൂച്ചര്‍ ഷോക്കിന് നാം തയ്യാറാകേണ്ടിയിരിക്കുന്നു.
1950 കളില്‍ ഗണിതശാസ്ത്രജ്ഞനായ അലന്‍ എം ട്യൂറിങ് തന്റെ പ്രസിദ്ധിയാര്‍ജിച്ച ‘ട്യൂറിങ് ടെസ്റ്റി’ലൂടെ നിർമ്മിത ബുദ്ധിക്ക് പ്രായോഗികമായൊരു നിര്‍വ്വചനം കണ്ടെത്തി. ഒരു യന്ത്രത്തിന് ബുദ്ധിയുണ്ടെന്ന ധാരണ ഉളവാക്കിയാല്‍ അതിന് ബുദ്ധിയുള്ളതായി പരിഗണിക്കാമെന്നതാണ് ഈ ടെസ്റ്റിന്റെ അടിസ്ഥാനതത്വം. ‘‘ഒരു ഭ്രാന്തനും ഞാനും തമ്മിലുള്ള വ്യത്യാസം എനിക്കു ഭ്രാന്തില്ല എന്നതു മാത്രമാണെന്ന്” ലോകപ്രശസ്ത ചിത്രകാരനായ സാല്‍വഡോര്‍ ദാലിയുടെ പ്രസ്താവ്യത്തിന്റെ താത്വിക സാദൃശ്യം ഇവിടെ ശ്രദ്ധേയമാണ്. ഒരു GIGO (Garbage in Garbage Out – കമ്പ്യൂട്ടറിന് ബുദ്ധിപരമായി ഒന്നും ചെയ്യാനില്ല എന്നു സൂചിപ്പിക്കുന്ന വിശേഷണം) യന്ത്രത്തെ ബുദ്ധിയുള്ളതായി അവതരിപ്പിക്കാനുള്ള ശ്രമം ഈ നിര്‍വചനത്തിലൂടെ ന്യായീകരിക്കപ്പെടുന്നു. ഒരു യന്ത്രത്തിന് ബുദ്ധിയുണ്ടെന്ന ധാരണയുളവാക്കിയാല്‍ അതിന്റെ യാഥാര്‍ത്ഥ്യം തെളിയിക്കേണ്ടത് താത്വികമായൊരു അഭ്യാസം മാത്രമാണ്, ഒരുപക്ഷേ സമീപഭാവിയിലെങ്കിലും.
നിർമ്മിതബുദ്ധിയെക്കുറിച്ച് മുകളിൽ ചേർത്തിരിക്കുന്ന വിലയിരുത്തൽ ഏറെക്കുറെ അതേപടിതന്നെ ഇന്നും അംഗീകരിക്കാവുന്നതാണ്, ‘ഫ്യൂച്ചർ ഷോക്ക്’ ചരിത്രമായി മാറിയിരിക്കുന്നു എന്നുമാത്രം പുതുതായി വിലയിരുത്താം. ഡ്രൈവറില്ലാത്ത കാറുകളും സംഭാഷണം നടത്താൻ കഴിവുള്ള Chat GPT പോലുള്ള സംവിധാനങ്ങളും മുഖവും ശബ്ദവും തിരിച്ചറിയാൻ കഴിയുന്ന ആപ്പുകളും പൗരത്വംവരെ ലഭിച്ച സോഫിയ പോലുള്ള റോബോട്ടുകളും അരങ്ങു വാഴുന്ന കാലത്ത് നിർമ്മിതബുദ്ധി (AI) സാധാരണമായി മാറിയിരിക്കുന്നു.
ബോണ്‍സ്റ്റയില്‍ എന്ന കമ്പ്യൂട്ടർ വിദഗ്ധൻ 1995ല്‍ ഒരു പ്രാവര്‍ത്തിക ചെസ് പ്രോഗ്രാം വികസിപ്പിച്ചെടുത്തു. 1995-ല്‍ അന്തര്‍ദേശീയ ചെസ് ഫെഡറേഷന്റെ റേറ്റിങ് നേടിയ ‘ഡീപ്‌തോട്ട്’ എന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാം വരെ ഈ ഗവേഷണം എത്തിയിരിക്കുന്നു. സെക്കന്‍ഡില്‍ 72,000 ചെസ്സ് ബോര്‍ഡ് സ്ഥാനങ്ങളെ അപഗ്രഥിക്കാന്‍ കഴിയുന്ന ഡീപ്‌തോട്ടിന് ലോക ചെസ് ചാമ്പ്യനായ ഗാരി കാസ്പറോവിനോട് അടിയറവു പറയേണ്ടിവന്നെങ്കിലും പിന്നീട് ഇത് ഒരു ഗ്രാന്റ് മാസ്റ്ററെ തോല്പിച്ചുവെന്നറിയുമ്പോള്‍ കൃത്രിമ ബുദ്ധിയുടെ വികാസം പുരോഗമിക്കുകയാണെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും.
ഇന്ന് ചെസ്സ് എന്ന വെല്ലുവിളി മറികടന്നു ചെസ്സിനേക്കാൾ പരശ്ശതം സങ്കീർണ്ണമായ ചൈനീസ് ഗെയിമായ ‘ഗോ’ ആണ് AI യുടെ വെല്ലുവിളി. ‘ആൽഫാഗോ’ എന്ന AI പ്രോഗ്രാം ഈ തലത്തിൽ നേട്ടങ്ങൾ കൊയ്‌തുകൊണ്ട് മുന്നേറുകയാണ്. ചെസ്സ് കളിയിൽ Alpha Zero, Stockfish എന്നീ പ്രോഗ്രാമുകളാണ് ഇന്ന് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്തിരിക്കുന്നത്. Stockfish നെ Alphago തോൽപ്പിച്ചു എന്നതും കൗതുകകരം.
2. ന്യൂറല്‍ കമ്പ്യൂട്ടറുകള്‍
1980കളുടെ അവസാനം വിപണിയില്‍ ലഭ്യമായിത്തുടങ്ങിയ ‘ന്യൂറല്‍ നെറ്റുകള്‍’ കമ്പ്യൂട്ടര്‍ ഗവേഷണത്തിലെ ഒരു വിപ്ലവത്തെ പ്രതിനിധീകരിക്കുന്നു. ചില പ്രശ്‌നങ്ങളും അവയുടെ ഉത്തരങ്ങളും കമ്പ്യൂട്ടറിന് വ്യക്തമാക്കിക്കൊടുത്തശേഷം സമാനമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ അതിനെ പ്രാപ്തമാക്കാനുള്ള ചുവടുവയ്പാണിത്. വളരെയധികം വിവരങ്ങള്‍ സമാന്തരമായി ചിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്നതാണ് ന്യൂറല്‍ കമ്പ്യൂട്ടറുകളുടെ ഒരു പ്രത്യേകത. തലച്ചോറിലെ ന്യൂറോണുകളെയാണല്ലോ ന്യൂറല്‍ കമ്പ്യൂട്ടറുകള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. തലച്ചോറിലെ ഓരോ ന്യൂറോണും കോടാനുകോടി മറ്റു ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പറയപ്പെടുന്നു. പൂര്‍ണ്ണമായും അന്യോന്യം ബന്ധിപ്പിച്ച അനേകം ‘പ്രോസസറുകള്‍’ കൊണ്ട് ഇവയെ ഒരു ന്യൂറല്‍ കമ്പ്യൂട്ടറില്‍ പ്രതിനിധീകരിപ്പിക്കേണ്ടതിനും ഓരോ വെയിറ്റ് നിര്‍വചിക്കപ്പെടേണ്ടിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള കഴിവാണ് ഇതിന്റെ ഏറ്റവും ആകര്‍ഷണീയമായ സ്വഭാവവിശേഷം. പെന്‍സ്‌പെട്രോണ്‍ ആണ് ഇത്തരത്തില്‍ അറിയപ്പെടുന്ന ഏറ്റവും ആദ്യത്തെ നെറ്റ്‌വര്‍ക്ക്. ടൈപ്പ് ചെയ്ത അക്ഷരങ്ങള്‍ തിരിച്ചറിയാനാണ് ഇതുപയോഗിച്ചിരുന്നത്.
പരാമർശിച്ച പെർസപ്ട്രോൺ ഇപ്പോഴും ആധുനിക ന്യൂറൽ നെറ്റ്‌വർക്കുകളിൽ അടങ്ങിയിരിക്കുന്നു എന്നത് കൗതുകകരമാണ്. y=Wx എന്ന ലളിത സമവാക്യം മാത്രമാണ് പെർസപ്ട്രോണുകൾക്ക് പിന്നിൽ. അവയുടെ കൂടെ അതുപോലെ ലളിതമായ കോൺവല്യൂഷൻ എന്ന പ്രക്രിയകൂടി ചേർത്താണ് കോൺവല്യൂഷൻ ന്യൂറൽ നെറ്റ് വർക്കുകൾ (CNN അഥവാ ConvNet) പ്രവർത്തിക്കുന്നത്. അൽഗോരിഥങ്ങളിലെ തുടർച്ചയായ മെച്ചപ്പെടുത്തലുകളും കമ്പ്യൂട്ടറുകളുടെ ശേഷി വർദ്ധനയും മൊബൈൽ ഫോണുകളിലൂടെ ചിത്രങ്ങളും വീഡിയോയും മറ്റും ലളിതമായി ശേഖരിക്കാൻ സാധിക്കുന്നതും ഈ രംഗത്ത് മികച്ച വികസനം സാധ്യമാക്കി. ഉദാഹരണങ്ങൾ നൽകിയാൽ എന്തും പഠിച്ചെടുക്കാം എന്ന വിശ്വാസം ഇപ്പോൾ പ്രബലമാണ്. മെഷീൻ ലേണിങ് എന്ന പദത്തോടൊപ്പം ഡീപ് ലേണിങ് എന്ന പദം കൂടി പ്രചാരത്തിലായിരിക്കുന്നു. കോൺവല്യൂഷൻ എന്ന പ്രക്രിയയിലൂടെ നഗ്നനേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത വിവരങ്ങൾ കാണാൻ സാധിക്കുന്ന ഒരു ദിവ്യദൃഷ്ടിയുമായാണ് ഇന്ന് AI പ്രവർത്തിക്കുന്നത്.
വിവിധ ലക്ഷ്യങ്ങള്‍ സഫലീകരിക്കുന്നതിനും പൊതുവായ പ്രശ്‌നപരിഹാരത്തിനുമായുള്ള ഇന്നത്തെ കമ്പ്യൂട്ടറുകളുടെ കാര്യക്ഷമത പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തമായൊരു ന്യൂറല്‍ കമ്പ്യൂട്ടറിന്റെ ആവിര്‍ഭാവമാകണം നമ്മുടെ സ്വപ്നം.
ഈ സ്വപ്നം 2011 ൽ AlexaNet എന്ന കോൺവല്യൂഷൻ ന്യൂറൽ നെറ്റ്‌വർക്ക് (CNN) വികസിപ്പിച്ചെടുത്തതോടെ യാഥാർത്ഥ്യമായി. അക്ഷരങ്ങളും അക്കങ്ങളും ഒക്കെ തിരിച്ചറിയുന്നത് കുട്ടിക്കളിയായി മാറിയിരിക്കുന്നു. മുഖം തിരിച്ചറിയുന്നതും അങ്ങനെതന്നെ. മുഖം നോക്കി മനസ്സുവായിക്കുന്ന വികാരഅപഗ്രഥനം വരെ സാധാരണമായിരിക്കുന്നു. ഒരു ചിത്രം നൽകിയാൽ അതിലെ എല്ലാ വസ്തുക്കളെയും തിരിച്ചറിഞ്ഞ് ഓരോന്നിനെയും ചതുരങ്ങളിലാക്കി വിശദീകരണം നൽകുന്ന DenseCap (Dense Captioning) ഉം സാധാരണംതന്നെ.
3. ബയോ കമ്പ്യൂട്ടറുകള്‍
പ്രോട്ടീന്‍, എന്‍സൈമുകള്‍, ഡി.എന്‍.എ എന്നിവയില്‍ നിന്ന് പാകപ്പെടുത്തിയെടുക്കാമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിപ്ലവകരമായ മറ്റൊരു ഭാവിസ്വപ്നമാണ് ബയോ ചിപ്പും അവയുപയോഗിച്ച് നിര്‍മ്മിക്കാവുന്ന ബയോ കമ്പ്യൂട്ടറുകളും. പ്രത്യുല്പാദനശേഷിയുള്ള കമ്പ്യൂട്ടറുകള്‍ എന്ന തികച്ചും അയഥാര്‍ത്ഥ്യമായിത്തോന്നുന്ന സംഭവ വികാസങ്ങളെക്കുറിച്ചുവരെ ശാസ്ത്രജ്ഞര്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. വളരെ ലളിതമായൊരു ബയോ കമ്പ്യൂട്ടര്‍ സംവിധാനംപോലും ഇന്നു നിലവിലില്ലായെന്നത് ഒരു സത്യം മാത്രമാണ്. ബയോ കമ്പ്യൂട്ടറിന്റെ മാതൃകയില്‍ രൂപകൽപന ചെയ്യുന്ന ഒരു ബയോ-റോബോട്ടായിരിക്കും ഭാവിയില്‍ കമ്പ്യൂട്ടര്‍ ശാസ്ത്രം മനുഷ്യസമൂഹത്തിന് സംഭാവന ചെയ്യുന്ന ഒരു അത്ഭുതയന്ത്രം. ഒരു സാധാരണ മനുഷ്യനെപ്പോലെ ഭക്ഷണം കഴിച്ച് അതില്‍നിന്ന് ഊര്‍ജ്ജം സംഭരിക്കുകയും കായികാദ്ധ്വാനത്തിന് മനുഷ്യന്റെ എല്ലാ കഴിവുകളും സ്വായത്തമാക്കി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മനുഷ്യന്റെ സന്തതസഹചാരിയായിരിക്കും ഭാവിയിലെ ബയോ റോബോര്‍ട്ട്.
ഈ മേഖല മൂന്നുപതിറ്റാണ്ടിന് മുൻപ് എങ്ങനെ നിന്നിരുന്നു അതുപോലെതന്നെ തുടരുന്നു. Traveling SalesMan problem എന്ന സമസ്യയുടെ പരിമിതമായ ഒരു രൂപത്തെ RNA തന്മാത്രകൾ ഉപയോഗിച്ച് ടെസ്റ്റ് ടൂബിനുള്ളിൽ വെച്ച് പരിഹരിച്ചു എന്ന കൗതുകത്തിൽ നിന്ന് മുന്നോട്ടുപോകാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടില്ല.
4. നാച്വറല്‍ ലാംഗ്വേജ് പ്രോസസിങ് –
സ്വാഭാവിക ഭാഷ മനസ്സിലാക്കല്‍
സ്വാഭാവികഭാഷയുടെ വിശാലമായൊരു വിശകലനത്തില്‍ നിന്നാണ് ഭാഷ അനുകരണം ചെയ്യുന്ന കമ്പ്യൂട്ടറിലേക്കുള്ള പ്രയാണം ആരംഭിക്കേണ്ടത്. ഭാഷാശാസ്ത്രത്തിന്റെയും അഭിനവഗണിതത്തിന്റെയും എപ്പിസ്റ്റമോളജിയുടെയും ഒക്കെ സഹായം ഒരു കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന് ഇവിടെ ആവശ്യം വരും. ഉദാഹരണമായി കാവ്യാസ്വാദകന്‍ ഒരു കവിത ആസ്വദിക്കുന്നതിനു പിന്നിലെ അനന്തമായ രഹസ്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ അത് നമുക്കൊരു കമ്പ്യൂട്ടറിലേക്ക് പകര്‍ത്താന്‍ സാധിക്കുകയുള്ളൂ.
മുകളിൽ സൂചിപ്പിച്ചിട്ടുള്ള സമീപനംതന്നെ AI രംഗം ഉപേക്ഷിച്ചു കഴിഞ്ഞു. ഭാഷയുടെ ഘടനയും വ്യാകരണവുമൊക്കെ പ്രോഗ്രാം ചെയ്ത് ഭാഷാ സിദ്ധി കമ്പ്യൂട്ടറിന് നൽകുക എന്ന രീതിയ്ക്ക് പകരം അനേകം ഉദാഹരണ പാഠങ്ങളിൽ നിന്നും ഭാഷ വൈവിധ്യവും പഠിച്ചെടുക്കുക എന്നതാണ് പുതിയ സമീപനം. Chat GPT പോലുള്ള സംവിധാനങ്ങൾ അത്തരം statistical model ആണ് ഉപയോഗിക്കുന്നത്. മുതിർന്ന ഒരു വ്യക്തി ഒരു പുതുഭാഷ പഠിക്കുന്ന രീതിയിൽ നിന്നു മാറി ഒരു പിഞ്ചുകുഞ്ഞ് മാതൃഭാഷ പഠിക്കുന്ന രീതിയിലേക്ക് കമ്പ്യൂട്ടർ മാറിയിരിക്കുന്നു എന്നു ചുരുക്കം.
നിലവിലുള്ള ഗവേഷണ പരീക്ഷണങ്ങളൊന്നും തന്നെ ഈ രംഗത്ത് അധികമൊന്നും വെളിച്ചം വീശിയിട്ടുമില്ല. ഒരു കൊച്ചു കവിതപോലും ആസ്വദിക്കാന്‍ ഇന്നത്തെ സംവിധാനം പര്യാപ്തമല്ല തന്നെ:
‘‘കുഞ്ഞിയുറുമ്പുണ്ടൊരാനത്തലയോള-
മാനത്തലയപ്പോളെത്രത്തോളം
ആനത്തലയൊരു കുന്നോളം
എന്നാകിലാനയോ
ആനയിബ്ഭൂമിയോളം
ആനയിബ്ഭൂമിയോളം പോരാമെന്നാകില്‍
ഭൂമിയോ
ഭൂമിയക്കുഞ്ഞിയുറുമ്പിന്റെ കണ്ണിനോളം”
ഒരു കമ്പ്യൂട്ടര്‍ മുകളില്‍ കുറിച്ച കുഞ്ഞുണ്ണി കവിതയെ യാന്ത്രികമായി അപഗ്രഥിച്ചാല്‍ ഒരു സെമാന്റിക് ലൂപ് കണ്ടെത്തുന്നതിലാവും ചെന്നെത്തുക (ഈ കവിതയിലൂടെ കുഞ്ഞിയുറുമ്പും അതിന്റെ കണ്ണും തുല്യമാണെന്ന നിഗമനത്തിലെത്തുമ്പോള്‍ ഇതില്‍ അലയടിക്കുന്ന ഭാവനയെ അപഗ്രഥിക്കാനാവാത്ത കമ്പ്യൂട്ടര്‍ ആശയക്കുഴപ്പത്തിലാകുന്നുവെന്നു സാരം).
ഈ കവിത (വാക്കുകൾ പിരിച്ച ശേഷം) ChatGPT യ്ക്ക് നൽകി “മലയാളത്തിലെ ശ്രദ്ധേയനായ കവി കുഞ്ഞുണ്ണി മാഷിന്റെ വരികളാണിവ . ഈ കവിത ഇഷ്ടപ്പെട്ടോ? എന്തുകൊണ്ട് ?” എന്നു ചോദിച്ചപ്പോൾ അത്ര മികച്ചതല്ലെങ്കിലും മറുപടി പറയാൻ ChatGPT തയ്യാറായി. ChatGPT നിരന്തരം പഠിച്ച് മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്നുകൂടി ഈ അവസരത്തിൽ ഓർക്കണം.
ChatGPT: ഞാൻ ഈ കവിത ഇഷ്ടപ്പെടുന്നു. കവിത പ്രശ്നങ്ങൾക്ക് വഴി നൽകുന്നു, കുഞ്ഞുണ്ണി മാഷ് എന്ന കവിയുടെ പേരില്‍ പ്രസിദ്ധപ്പെട്ടതായിരിക്കുകയും ചെയ്യുന്നു. ഇത് ഒരു കാര്യക്ഷേത്രത്തില്‍ ചർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്ന ഉദാഹരണമായിരിക്കുകയും ചെയ്യുന്നു.
അഞ്ചുവയസ്സുള്ള ഒരു കുട്ടിക്ക് പറഞ്ഞുകൊടുക്കുന്ന മുത്തശ്ശിക്കഥപോലും ഒരു കമ്പ്യൂട്ടറിന് അനന്തമായ വിശകലനത്തിലൂടെ ആസ്വദിക്കാന്‍ സാധിച്ചില്ലെന്നു വരാം. സാള്‍കൃപ്‌കേ കുട്ടികള്‍ക്കായി പറയുന്നൊരു കഥയില്‍ മായാലോകത്തിലെ എല്ലാ ഗുണങ്ങളും ചേര്‍ന്ന ഒരു രാജാവിനെക്കുറിച്ച് പറയുന്നു. ഏറ്റവും പൊക്കം കൂടിയ വ്യക്തിയും പൊക്കം കുറഞ്ഞ വ്യക്തിയും ഈ രാജാവാണ്. അതുപോലെ ഏറ്റവും സുന്ദരനും ഏറ്റവും വിരൂപനും ഈ രാജാവു തന്നെ. ഇതും കമ്പ്യൂട്ടറിന് ഒരു സെമാന്റിക് ലൂപ് മാത്രമാണ്. തമാശയും ഗൗരവവും തിരിച്ചറിയാന്‍ ഇന്നത്തെ നിലയില്‍ കമ്പ്യൂട്ടറിന് കഴിയില്ല എന്നു വ്യക്തമാണ്.
ഈ ഉദാഹരണവും ChatGPT യുടെ മുന്നിൽ അവതരിപ്പിച്ച് പരീക്ഷിച്ചു: “മായാ ലോകത്തിൽ എല്ലാ ഗുണങ്ങളും ചേർന്ന ഒരു രാജാവുണ്ടായിരുന്നു. ഏറ്റവും ഉയരം കൂടിയവനും ഏറ്റവും ഉയരം കുറഞ്ഞവനും രാജാവ് തന്നെ. അതുപോലെ ഏറ്റവും കഴിവുള്ളവനും ഏറ്റവും കഴിവുകുറഞ്ഞവനും രാജാവ് തന്നെ.മാത്രമല്ല ഏറ്റവും സുന്ദരനും ഏറ്റവും വിരൂപനും രാജാവ് തന്നെ’. ഇത് ഒരു കഥയുടെ ആദ്യമാണ്. ഇത് വായിച്ച് എന്തു മനസ്സിലായെന്ന് പറയാമോ?
ChatGPT: ഈ കഥയിൽ പറയുന്ന രാജാവ് ഒരു സൂക്ഷ്മമായ സന്ദർഭത്തിൽ ജീവിക്കുന്നതായി തോന്നുന്നു. അവൻ ലോകത്തിലെ എല്ലാ ഗുണങ്ങളും കൂടിയുള്ള ഒരു വ്യക്തിയായിരുന്നു, സുന്ദരവും വിരൂപവുമായിരുന്നു അവൻ. കാരണം ഒരു വ്യക്തിയുടെ സത്തയും കഴിവുകളും അവന്റെ ശരീരരൂപവും പ്രകൃതിയുടെ സന്ദർഭത്തിൽ നിർമ്മിക്കുന്നു. ഇത് മനുഷ്യന്റെ സാമൂഹികവും ഭൗതികവുമായ പരിസ്ഥിതികളുടെ ഒരു പ്രതിഫലനമായി തോന്നുന്നു.
ChatGPT യുടെ ശേഷി മലയാളത്തിനേക്കാൾ ഇംഗ്ലീഷിലാണെന്നതിൽ അതിന്റെ ഒരു ഉദാഹരണം കൂടി ചേർക്കുന്നു. Write a summary about the poem “The Road Not Taken’ എന്നതിന്റെ പ്രതികരണം ഇതാ:
“The Road Not Taken” is a poem by Robert Frost that describes a speaker’s journey through a wood and his decision to choose between two paths. The speaker reflects on the choices he has made in his life and how they have led him to where he is. The poem explores themes of decision-making, regret, and the unknown future. The poem is divided into four stanzas, each consisting of five lines. The rhyme scheme is ABAAB, and there is a consistent use of iambic tetrameter. The speaker begins by describing the wood and the two paths that diverge from it. He admits that he cannot take both paths and that he has to make a choice. The speaker spends a lot of time pondering which path to take, but eventually, he chooses the less -traveled path. He admits that it made all the difference in his life, but he also acknowledges that he may never have the opportunity to travel down the other path again. The poem concludes with the famous lines, “Two roads diverged in a wood, and I— / I took the one less traveled by, / And that has made all the difference.” The poem is often misinterpreted as a celebration of individualism and nonconformity. However, the poem suggests that every choice has consequences, and it is impossible to know what might have happened if we had taken a different path. The poem is a reflection on the choices we make in life and how they shape our future. It is a reminder that we must take responsibility for our choices and that we cannot go back and change them”.
യാന്ത്രികമായ നിയമങ്ങളിലൂടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്താനാവില്ലെന്ന് അസന്ദിഗ്ധമായി പറയാന്‍ മുകളില്‍ സൂചിപ്പിച്ച ഉദാഹരണങ്ങളിലൂടെ നാം നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. കലാ സാഹിത്യ രംഗങ്ങളിലേക്ക് കമ്പ്യൂട്ടറുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയുമോ എന്ന ചോദ്യവും ഈ പ്രസ്താവത്തില്‍ ഉടക്കിനില്‍ക്കുകയാണ്. എന്നാല്‍ ഇതിന് ഉത്തരവാദി കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞന്‍ മാത്രമല്ല, മറിച്ച് നൂറ്റാണ്ടുകളായി മനുഷ്യമനസ്സിന്റെ സര്‍ഗ്ഗാത്മകതയെക്കുറിച്ചുള്ള രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ കഴിയാത്ത തത്വജ്ഞാനിയും മനഃശാസ്ത്രജ്ഞനും വരെയാണെന്ന് പറയേണ്ടിയിരിക്കുന്നു.
നാം കണ്ട ChatGPT ഉദാഹരണങ്ങളിലൂടെ മേൽപ്പറഞ്ഞ നിഗമനം പുനഃപരിശോധിക്കേണ്ടതാണെന്ന് വ്യക്തമാണല്ലോ.
യാന്ത്രിക നിയമങ്ങളിലൂടെയല്ല ഉദാഹരണങ്ങളിലൂടെയാണ് പഠിക്കുന്നത് എന്നത് കാരണം ഈ രംഗം തികച്ചും വ്യത്യസ്ത നിലയിലാണ് ഇപ്പോൾ വികസിച്ചു വന്നിരിക്കുന്നത്.
കമ്പ്യൂട്ടർ അധിഷ്ഠിത തർജ്ജമ ശൈശവദശയിലാണ്. പരിപൂര്‍ണ്ണ വിജയത്തിന് ഏറെ വര്‍ഷങ്ങള്‍തന്നെ കാത്തിരിക്കേണ്ടി വന്നേക്കാം. നിഘണ്ടു നോക്കി പകരം വാക്കു കണ്ടുപിടിച്ച് ക്രമത്തിലാക്കുക വഴി ഭാഷാവിവര്‍ത്തനത്തിനു ശ്രമിച്ച ഒരു സംവിധാനത്തില്‍ The spirit is willing but the flesh is weak എന്ന വരി ഭാഷാന്തരീകരണത്തിലൂടെ ‘‘മദ്യം നല്ലതാണെങ്കിലും മാംസം ദുഷിച്ചതാണെ”ന്നു മാറിയെന്നു പറഞ്ഞാല്‍ത്തന്നെ മുകളില്‍ സൂചിപ്പിച്ച അപൂര്‍ണ്ണതയുടെ ആഴം ഏറെക്കുറെ വ്യക്തമാകുമല്ലോ.
കമ്പ്യൂട്ടർ തർജ്ജമയും മൂന്നു പതിറ്റാണ്ടിനു മുന്നിലെ ശൈശവ ദിശയിൽ നിന്ന് ഏറെമുന്നേറി എന്നു കാണാം. മുകളിൽ സൂചിപ്പിച്ച വിവർത്തനം Google Translate തർജ്ജമ ചെയ്തത് ‘ആത്മാവ് സന്നദ്ധമാണെങ്കിലും ജഡം ബലഹീനമാണ്’, എന്നാണ്. വീണ്ടും ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുമ്പോൾ ശരിയായ ഉത്തരം ലഭിക്കുകയും ചെയ്യുന്നു: The spirit is willing but the flesh is weak.
Google Translate ന്റെ മറ്റുചില പ്രകടനങ്ങൾ കൂടി ചുവടെ ചേർക്കുന്നു. കവിത തർജ്ജമയിൽ നഷ്ടപ്പെടുന്ന ഒന്നാണെന്ന തത്വം അനുസരിച്ചു കൊണ്ടാണ് ആദ്യ മൂന്നുദാഹരണങ്ങളും നിലകൊള്ളുന്നത്. നാലാമത്തേതാകട്ടെ ഇതര മേഖലയിലെ Google Translate ന്റെ കഴിവ് വിളിച്ചറിയിക്കുകയും ചെയ്യുന്നു.
1. സ്വർണ ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ! സ്വർഗ്ഗ സീമകൾ ഉമ്മവെയ്ക്കുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ: I wish I had a dream of golden rain! If the sky was a dream that ummed the boundaries of me!
2. ഒരു വട്ടം കൂടിയെന്നോർമകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം, തിരുമുറ്റത്തൊരു കോണിൽ നിൽക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാൻ മോഹം: Once again, the reeds are grazing, The desire to reach the courtyard, Oranelli standing in a corner of the courtyard, Desire to reach the tree
3. രാത്രി മഴ പെയ്തു തോര്‍ന്ന നേരം, കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം, ഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതം ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം, കാതരയായൊരു പക്ഷിയെന്‍ ജാലക, വാതിലിന്‍ ചാരേ ചിലച്ച നേരം: When it rained at night, When the warm breeze blows, His music is dripping and dripping Time spread in hearts, A bird like a bird is a window, There was a knock on the door
4. താത്വികമായ ഒരു അവലോകനമാണു ഞാൻ ഉദ്ദേശിക്കുന്നത്. ഒന്ന്, വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിൽ ആയിരുന്നെങ്കിലും, അവർക്കിടയിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാൻ. ഒന്ന്, ബൂർഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്നം.: I mean a philosophical overview. First, although separatists and reactionaries were prima facie estranged, it must be assumed that the interplay between them was active. First, the bourgeoisie was also well placed. That is how the election went against us. That’s the problem. ഇത് വീണ്ടും മലയാളത്തിലേക്ക് തർജ്ജമ ചെയ്തപ്പോൾ, ഞാൻ ഉദ്ദേശിക്കുന്നത് ഒരു ദാർശനിക അവലോകനമാണ്. ഒന്നാമതായി, വിഘടനവാദികളും പിന്തിരിപ്പന്മാരും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും, അവർ തമ്മിലുള്ള പരസ്പരബന്ധം സജീവമായിരുന്നു എന്ന് വേണം കരുതാൻ. ആദ്യം, ബൂർഷ്വാസിയും നല്ല നിലയിലായിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുപ്പ് നമുക്ക് എതിരായത്. അതാണ് പ്രശ്നം.
ഭാവി വികസനത്തിന്റെ ദിശ നിര്‍ണ്ണയിക്കാനുതകുന്ന കൃത്രിമ ബുദ്ധി ഗവേഷണത്തിലെ ഒരു പ്രധാന ശാഖയാണ് സംസാരം മനസ്സിലാക്കാനും അതു സമന്വയിപ്പിക്കാനുമുള്ള കമ്പ്യൂട്ടറിനെക്കുറിച്ചുള്ള പഠനം. സംസാരത്തിലടങ്ങിയ വിവരം ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാനാകാത്തൊരു കമ്പ്യൂട്ടറിനെ ‘ബുദ്ധിമാ’നെന്ന് പറയാനാവില്ല. എങ്കിലും കുറെ വ്യക്തികളുടെ കുറച്ചു വാക്കുകളില്‍ ഒതുങ്ങിനില്‍ക്കുന്ന സംസാരം മാത്രം മനസ്സിലാക്കാന്‍ കഴിയുന്നൊരു ലഘുസമ്പ്രദായം ഇതിനകം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നുള്ളത് ആശയ്ക്ക് വക നല്‍കുന്നു. സംസാരം മനസ്സിലാക്കാനും സമന്വയിപ്പിക്കാനുമുള്ള കഴിവ് ആധുനിക തലമുറയിലെ കമ്പ്യൂട്ടറിലൂടെ പൂര്‍ണ്ണ രൂപത്തില്‍ പ്രാവര്‍ത്തികമായാല്‍ അത് ഇന്നുള്ള കീബോര്‍ഡ് സമ്പ്രദായത്തിനെ കാലഹരണപ്പെടുത്തും.
സംസാരം മനസ്സിലാക്കാനുള്ള ശ്രമം തുടക്കം മുതൽ തന്നെ പ്രതീക്ഷ തന്നിരുന്ന AI രംഗമാണ്. ഈ രംഗത്തും മെഷീൻ ലേണിങ് പ്രയോഗിച്ചപ്പോൾ മികച്ച വിജയമാണ് കരസ്ഥമാക്കാനായിരിക്കുന്നത്. Siri, Alexa എന്നീ ആപ്പുകളിലൂടെ ഈ സാങ്കേതികവിദ്യ ഇന്ന് ഏവർക്കും പരിചിതമാണ്. ടെലിവിഷനിലൂടെ NetFlix ഉം youtube ഉം മറ്റു മാധ്യമ സേവനങ്ങളും ഉപയോഗിക്കുവാൻ സെർച്ചു ചെയ്യാനായി ശബ്ദം വഴി നിർദ്ദേശം നൽകുന്നതും ഏവർക്കും പരിചിതമാണ്. സംസാരിച്ചാൽ അത് അക്ഷരമാക്കി മാറ്റുന്ന ആപ്പുകളും മൊബൈൽ ഫോണുകളിൽ സുലഭം.
കമ്പ്യൂട്ടര്‍ വീക്ഷണം പ്രാവര്‍ത്തികമാക്കുന്നതിന്, വീക്ഷിക്കേണ്ടുന്ന വസ്തുവിനെ കേന്ദ്രീകരിച്ചുള്ള ചിത്രം ഒപ്പിയെടുക്കാന്‍ കഴിയുന്ന സൂക്ഷ്മ സംവേദനക്ഷമതയുള്ള ക്യാമറകള്‍ സങ്കീര്‍ണ്ണ സാങ്കേതിക നിയന്ത്രണമുള്ള യന്ത്രങ്ങളുമായി ഘടിപ്പിച്ച് കമ്പ്യൂട്ടറിന്റെ നേത്രങ്ങളായി ഉപയോഗിക്കേണ്ടി വരും. എന്നാല്‍ മനുഷ്യനേത്രത്തിന്റെ എല്ലാ ഗുണങ്ങളും പ്രത്യേകതകളുമുള്‍ക്കൊള്ളുന്നൊരു കമ്പ്യൂട്ടര്‍ നേത്രത്തിന്റെ രൂപകൽപന തികച്ചും ദുര്‍ഘടം പിടിച്ചതായിരിക്കുമെന്നത് തര്‍ക്കമറ്റൊരു സംഗതിയാണ്.
കമ്പ്യൂട്ടർ വിഷൻ, ഇമേജ് പ്രോസസിങ് എന്നീ മേഖലകളിൽ മനുഷ്യ നേത്രത്തിനോട് കിടപിടിക്കുക മാത്രമല്ല, മനുഷ്യ നേത്രത്തിനില്ലാത്ത കഴിവുകൾ കൂടി ഇന്ന് സാധ്യമായിരിക്കുകയാണ്. ചിത്രങ്ങളിൽ അന്തർലീനമായിരിക്കുന്ന (നഗ്നനേത്രങ്ങൾക്ക് കാണാനാകാത്ത) അടയാളങ്ങൾ (Deep Feature) കണ്ടെത്താൻ കമ്പ്യൂട്ടറുകൾക്കാകുന്നതുകൊണ്ടാണ് Deep Learning സംവിധാനങ്ങൾ നിലവിൽ വന്നത്. മൊബൈൽ ഫോണിൽ നോക്കിയാലുടൻ അതിന്റെ ഉടമയുടെ മുഖം തിരിച്ചറിഞ്ഞ് ഫോൺ തുറക്കുന്ന FaceID ആപ്പ് തുടങ്ങി, കാണുന്നതെന്തും തിരിച്ചറിയുന്ന ഗൂഗിൾ ലെൻസും മുഖം നോക്കി മനോനില ഊഹിക്കാൻ കഴിയുന്ന (Sentiment Analysis) ആപ്പും, വയസ്സും, വംശവും, ലൈംഗിക സ്വത്വവും വരെ ഊഹിക്കാൻ കഴിയുന്ന പ്രോഗ്രാമുകളും വഴി ഈ രംഗം വമ്പൻ നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്. ഇവയ്ക്കെല്ലാം പുറമെ ഒരു ചിത്രത്തിലെ എല്ലാ വസ്തുക്കളെയും തിരിച്ചറിയുന്ന Dense Captioning സുസാധ്യമായിരിക്കുന്നു.
കമ്പ്യൂട്ടറുകള്‍ക്ക് കണക്കുകൂട്ടലുകള്‍ നടത്താനും ഡേറ്റ കൈകാര്യം ചെയ്യാനുമൊക്കെ വൈദഗ്ധ്യമുണ്ടെന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ കമ്പ്യൂട്ടറുകള്‍ക്ക് സര്‍ഗ്ഗശേഷി നടത്താന്‍ സാധിക്കുമോ എന്ന ചോദ്യത്തിന്റെ ഉത്തരം അത്രയുംതന്നെ വ്യക്തമല്ല. കഥയെഴുതുവാനും സംഗീതം രചിക്കുവാനും ചിത്രങ്ങള്‍ വരയ്ക്കുവാനും ഫലിതം ഉതിര്‍ക്കുവാനും കമ്പ്യൂട്ടര്‍ നടത്തിയ ശ്രമങ്ങളിലൂടെ നമുക്കൊന്നു കണ്ണോടിക്കാം. ജപ്പാനില്‍ പ്രചാരത്തിലുള്ള മൂന്നുവരി കവിതകളായ ‘ഹായ്ക്കു’ നിരന്തരം ഉതിര്‍ക്കുന്ന ഒരു സൈറ്റാണ്. http://everypoet.com.haiku. ഏതാനും കമ്പ്യൂട്ടര്‍ മൂവരി കവിതകള്‍ നമുക്കു നോക്കാം.
Mocking bird rambles
rambles rogue shrieking
bumbling meager bland
Dark laughable clouds
rejoice, dire methodical
fires cojoling brown
ഈ കവിതകള്‍ കമ്പ്യൂട്ടറുകളെഴുതിയതാണെന്നറിഞ്ഞുകൊണ്ട് അഭിപ്രായത്തിനായി കവികളുടെ മുന്നില്‍ നിരത്തിയാല്‍ ഇവ മിക്കപ്പോഴും പൊട്ടക്കവിതകളായി വളരെ പെട്ടെന്ന് മുദ്രകത്തപ്പെട്ടേയ്ക്കാം. എന്നാല്‍ അത്തരമൊരു മുന്‍വിധിയ്ക്ക് ഇടനല്‍കാതെ അവതരിപ്പിച്ചാല്‍ ഇതില്‍ ചില വരികളിലെങ്കിലും കവിത്വം ആരോപിക്കപ്പെട്ടേക്കാം. ഹൈസ്കൂൾ കുട്ടികള്‍ എഴുതിയ കവിതകളുമായി ഇടകലര്‍ത്തി നല്‍കിയാലും ഇതുതന്നെയാണ് അവസ്ഥ എന്ന് പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ പ്രസക്തമായൊരു ചോദ്യം ഉയരുന്നു. കമ്പ്യൂട്ടര്‍ സൃഷ്ടിച്ച വരികളില്‍ കവിത്വം ആരോപിക്കപ്പെട്ടാലും കമ്പ്യൂട്ടറില്‍ കവിത്വം ആരോപിക്കാനുള്ള ന്യായം കാണുന്നില്ല. കവിത രചിക്കുമ്പോള്‍ കമ്പ്യൂട്ടറിന് അതിനെക്കുറിച്ച് എന്തെങ്കിലും ബോധമോ ഉദ്ദേശ്യമോ ഉണ്ടായിരുന്നതായി കരുതാനാവില്ല. അത്തരമൊരു ലോകവിജ്ഞാനം കമ്പ്യൂട്ടറുകള്‍ക്കില്ലല്ലോ.
കമ്പ്യൂട്ടറുകൾക്ക് സർഗ്ഗശേഷി ആകുമോ എന്നു മൂന്നുപതിറ്റാണ്ടിനിപ്പുറം ചോദിച്ചാൽ അതേ എന്നാണ് അസന്ദിഗ്ധമായ ഉത്തരം. Generative AI എന്ന മേഖല ഉദയം ചെയ്തതതാണിതിന് കാരണം. ഗാന്ധിജിയെക്കുറിച്ച് ഒരു കവിത രചിക്കൂ എന്നു പറഞ്ഞാൽ ChatGPT നിമിഷനേരം കൊണ്ട് നമ്മെ അത്ഭുതസ്തബ്ദരാക്കുന്നു: അന്ത്യ പ്രാസത്തോടെ രചിച്ച വരികൾ ഇതാ:
മലയാളത്തിലും ChatGPT കവിതകൾ എഴുതാൻ പ്രാപ്തമാണ്. അവ ഇംഗ്ലീഷിനെ അപേക്ഷിച്ചു തീരെ പിന്നിലാണ് എന്നുമാത്രം.
ELIZA എന്ന മനഃശാസ്ത്രജ്ഞപ്രോഗ്രാം കമ്പ്യൂട്ടറിന് മനുഷ്യസഹജമായ ആശയവിനിമയം നടത്താന്‍ കഴിയുമെന്നു വിശ്വാസം ജനിപ്പിച്ച ആദ്യകാല സംവിധാനങ്ങളിലൊന്നാണ്. മുന്നിലെത്തുന്ന വ്യക്തി ടൈപ്പു ചെയ്യുന്ന വരികളിലെ പ്രധാന വാക്കുകള്‍ കണ്ടെത്തി അതിന് പൊതുവില്‍ ഉചിതമായ ഒരു പ്രതികരണം മെമ്മറിയില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്നതിൽ നിന്നെടുത്ത് യാന്ത്രികമായി പ്രദര്‍ശിപ്പിക്കുക മാത്രമാണ് ELIZA ചെയ്തിരുന്നത്. എന്നാല്‍ യഥാര്‍ത്ഥ മനഃശാസ്ത്രജ്ഞനെക്കാള്‍ ചില രോഗികള്‍ക്ക് ELIZA യോട് അടുപ്പം തോന്നിയെന്നാണ് അനുഭവം. അമ്മയുമായി പിണങ്ങി മാനസിക പിരിമുറുക്കം അനുഭവിച്ച വ്യക്തി ELIZA യുമായി ആശയവിനിമയം നടത്തിയപ്പോള്‍ തുടക്കത്തില്‍ ELIZA വളരെ പൊതുവായ പ്രതികരണങ്ങള്‍ (”I See”, ”OK, Continue”) എന്നൊക്കെ നല്‍കിക്കൊണ്ടിരുന്നെങ്കിലും Mother എന്ന വാക്ക് ആ വ്യക്തി നിരന്തരം പരാമര്‍ശിച്ചപ്പോള്‍ ”Tell me more about your mother” എന്ന് പ്രതികരിച്ച ELIZA അനുകമ്പ പ്രകടിപ്പിച്ചതായി അയാള്‍ക്ക് അനുഭവപ്പെട്ടതില്‍ അത്ഭുതപ്പെടാനുണ്ടോ? ELIZA യുടെ പ്രവര്‍ത്തനത്തിനു സമാനമായി പ്രവര്‍ത്തിക്കുന്ന ഒരു പ്രോഗ്രാം ഈ ലേഖകന്‍ തയ്യാറാക്കി തിരുവനന്തപുരത്തു കേരള സര്‍വ്വകലാശാല 1998-ല്‍ നടത്തിയ ശാസ്ത്ര ഉത്സവത്തില്‍ പ്രദര്‍ശിപ്പിച്ചപ്പോഴത്തെ അനുഭവം രസകരമായിരുന്നു. കമ്പ്യൂട്ടറും സന്ദര്‍ശകനുമായുള്ള സംഭാഷണം ശ്രദ്ധിക്കൂ.
വ്യക്തി : Hello
കമ്പ്യൂട്ടർ : Hello, How are your? Did you enjoy the exhibition
വ്യക്തി : I did not like the exhibition
കമ്പ്യൂട്ടർ : Tell me why you did not like the exhibition
വ്യക്തി : I am more interested in politics
കമ്പ്യൂട്ടർ : I do not wish to discuss politics
വ്യക്തി : Do you like Nayanar or Karunakaran?
കമ്പ്യൂട്ടർ : I do not wish to discuss poltics
വ്യക്തി : Have you ever been in love?
കമ്പ്യൂട്ടർ : I am a machine, I have never experienced love.
വ്യക്തി : Bye.
കമ്പ്യൂട്ടർ : Oh, are you going? Bye
കുസൃതി ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കമ്പ്യൂട്ടര്‍ നല്‍കിയിരുന്നു. ചോദിച്ച എല്ലാ ചോദ്യങ്ങളും കമ്പ്യൂട്ടര്‍ രേഖപ്പെടുത്തിക്കൊണ്ടിരുന്നു. അതു പരിശോധിച്ച് എല്ലാ ദിവസവും പ്രോഗ്രാമില്‍ മാറ്റം വരുത്തിയിരുന്നു.
മുകളിൽ സൂചിപ്പിച്ച തരം സംഭാഷണം നടത്തുന്ന സംവിധാനങ്ങൾ ചാറ്റ്ബോട്ട് എന്നാണ് അറിയപ്പെടുന്നത്. ChatGPT ഒരു Chat Bot കൂടിയാണ്. 1998 ൽ കമ്പ്യൂട്ടറിനോട് ചോദിച്ച ചില ചോദ്യങ്ങൾ ഉൾപ്പെടെ ChatGPT യോട് ചോദിച്ചപ്പോഴത്തെ പ്രതികരണം കാണൂ:
Human: Hello
ChatGPT: Hello! How can I assist you today?
Human: I am more interested in politics
ChatGPT: Sure, what would you like to know or discuss about politics?
Human: Do you like Nayanar or Karunakaran?
ChatGPT: As an AI language model, I do not have personal preferences or feelings towards any political figure, including Nayanar or Karunakaran. I am designed to provide unbiased and factual information, analyze data, and answer questions to the best of my ability. Is there something specific you would like to know about either of them or their political careers?
Human: Have you ever in love?
ChatGPT: As an artificial intelligence language model, I don’t have emotions or personal experiences, so I cannot fall in love or experience any kind of feelings. My purpose is to assist users in generating natural language responses to their queries based on the information provided to me.
Human: Tell me your favorite Malayalam song and why is it your favorite
ChatGPT: As an AI language model, I don’t have personal preferences or emotions, so I don’t have a favorite Malayalam song. However, I can suggest some popular Malayalam songs that are widely loved by people.Some of the most popular Malayalam songs include “Jimikki Kammal” from the movie “Velipadinte Pusthakam,” “Aethu Kari Raavilum” from the movie “Bangalore Days,” “Malare” from the movie “Premam,” “Oru Adaar Love” from the movie “Oru Adaar Love,” and “Poomuthole” from the movie “Joseph.” These songs have become popular for different reasons such as catchy tunes, meaningful lyrics, or emotional appeal.
Human: Bye
ChatGPT: Goodbye! Don’t hesitate to reach out if you have any more questions in the future.
മിക്കവരും കമ്പ്യൂട്ടറിന്റെ പ്രതികരണം ആസ്വദിക്കുകയും അത് അര്‍ത്ഥവത്തായി സംഭാഷണം നടത്തുന്നുവെന്ന് വിശ്വസിക്കുകയും ചെയ്‌തെങ്കിലും ചില മിടുക്കന്മാരും മിടുക്കികളും കള്ളി വെളിച്ചത്തുകൊണ്ടുവന്നു. ഏറെനേരം സംഭാഷണം നടത്തിയാല്‍ ആവര്‍ത്തിച്ചുള്ള മറുപടികള്‍ പ്രത്യക്ഷപ്പെടുന്നതാണ് ഇവര്‍ ആദ്യം ശ്രദ്ധിച്ചത്. കൂടാതെ അര്‍ത്ഥശൂന്യമായ ചോദ്യങ്ങള്‍ക്ക് അര്‍ത്ഥവത്തായ പ്രതികരണങ്ങളും അവര്‍ ശ്രദ്ധിച്ചു. ഉദാഹരണം.
വ്യക്തി : apple kill run man a the why 100 you so why
കമ്പ്യൂട്ടർ : I like apples, an apple a day keeps the doctor away
ChatGPT ഇക്കാര്യങ്ങളിലൊക്കെ ബഹുദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ആവർത്തനവിരസതയുണ്ടാക്കുന്ന സംഭാഷണമല്ല ChatGPT യുടേത്. അസംബന്ധ വാചകത്തോട് ChatGPT യുടെ മറുപടി ശ്രദ്ധിക്കൂ :
Human: Apple kill run man a the why 100 you so why
ChatGPT: I’m sorry, but I don’t understand your question. The sentence you’ve provided appears to be nonsensical and lacks proper grammar, making it difficult to provide a meaningful response. Can you please clarify your question or provide more context?
ഒരുപക്ഷേ കവിതകളിലും കലകളിലുമല്ല, ചിത്രകലയിലാണ് കമ്പ്യൂട്ടറുകള്‍ മനുഷ്യനെ ഏറ്റവുമധികം വിസ്മയിപ്പിച്ചിട്ടുള്ളത്. AARON എന്ന ചിത്രം രചിയ്ക്കുന്ന കമ്പ്യൂട്ടർ സംവിധാനം അത് രൂപകല്പന ചെയ്ത റയ്മണ്ട് കൂര്‍സ്‌വെലിനെയും ഹാരോള്‍ഡ്‌കോഹനെയും വരെ അത്ഭുത സ്തബ്ധരാക്കിയിട്ടുണ്ട്. AARON ന്റെ അടിസ്ഥാന ചട്ടക്കൂട് നല്‍കിയ അതിന്റെ സൃഷ്ടാക്കള്‍ സ്വപ്നത്തില്‍പോലും കാണാത്ത ചിത്രങ്ങളായിരുന്നു AARON വരച്ചുകൂട്ടിയത്.
ചിത്രം വരയ്ക്കുന്ന കാര്യത്തിലും നിർമ്മിതബുദ്ധി എത്രയോ മുന്നോട്ടു പോയിരിക്കുന്നു. AARON-നെ അപ്രസക്തമാക്കിക്കൊണ്ട് DALL-E പോലുള്ള ചിത്രം വരയ്ക്കാൻ കഴിവുള്ള പ്രോഗ്രാമുകൾ ഇന്നും സുലഭമാണ്. ‘മഹാത്മാഗാന്ധി Google സെർച്ച് ചെയ്യുന്നു’ എന്ന ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടപ്പോൾ DALLE വരച്ച ചിത്രങ്ങളാണ് ചുവടെ കാണുന്നത്. Deep Dreaming പ്രോഗ്രാമുകളാകട്ടെ ചിത്രങ്ങളിൽ സ്വപ്നതുല്യമായ വിസ്മയഭാവങ്ങൾ ചാലിക്കുന്നു .
മഹാത്മാ ഗാന്ധി Google സെർച്ച് ചെയ്യുന്നു എന്നു പരാമർശിച്ച പശ്ചാത്തലത്തിൽ അദ്ദേഹം ഗൂഗിളിനെ എങ്ങനെ കാണുമായിരിക്കാം എന്ന കൗതുകത്തിന് ChatGPT നൽകിയ പ്രതികരണം കൂടി നോക്കാം.
Gandhi would likely have applauded Google’s efforts to provide easy access to information and knowledge. He was an advocate of truth, and Google makes it easy to find facts and to share information with others. Gandhi would have likely seen Google as a tool that could help people come together, share ideas, and make informed decisions. He would have been impressed with Google’s ability to bridge geographic and cultural divides and to bring people together in meaningful ways.
ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിനും അവ അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കുന്നതിനും കഴിവുള്ള പ്രോഗ്രാമുകള്‍; അദ്ധ്യായനം, പരീക്ഷ നടത്തല്‍, മൂല്യനിര്‍ണ്ണയം എന്നീ മേഖലകളില്‍ ബുദ്ധിപരമായി ഇടപെടാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍; പ്രോഗ്രാമുകള്‍ തയ്യാറാക്കാന്‍ കഴിയുന്ന പ്രോഗ്രാമുകളുടെ ഉത്ഭവം; കൃത്രിമമായി കണ്ടുപിടുത്തങ്ങള്‍ നടത്തുന്ന ബുദ്ധിരാക്ഷസപ്രോഗ്രാമുകള്‍; വിധിന്യായം നിഷ്–പക്ഷമാക്കാന്‍ കഴിയുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളും സംവിധാനങ്ങളും, നയരൂപീകരണം, പൊതുഭരണം എന്നീ രംഗങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന വിദഗ്ധ പ്രോഗ്രാമുകള്‍.
നിർമ്മിതബുദ്ധിയുടെ പ്രയോഗങ്ങൾ എന്തായിരിക്കാം എന്നുള്ള മൂന്നു പതിറ്റാണ്ടിനു മുന്നിലെ പ്രവചനമാണ് മുകളിൽ നൽകിയിരിക്കുന്നത്. ഇതിൽ ഒട്ടേറെ കാര്യങ്ങൾ യാഥാർത്ഥ്യമായിരിക്കുന്നു. കൂടാതെ മറ്റെത്രയോ മേഖലകളിൽ AI തേരോട്ടം നടത്തിക്കഴിഞ്ഞിരിക്കുന്നു. Spam ഇമെയിൽ തിരിച്ചറിയുക, വ്യാകരണപ്പിശക് തിരുത്തുക (Grammarly), വാഹനം ഓടിക്കുന്നാൾ വഴി പറഞ്ഞു തരിക (Google Maps), ഡ്രൈവറില്ലാതെ ഓടുന്ന കാർ (വെയ്‌മോ), ഓൺലൈൻ ഷോപ്പിംഗ് നടത്തുമ്പോഴും NetFlixൽ സിനിമ കാണുമ്പോഴും നമുക്ക് തെരഞ്ഞെടുക്കാൻ സഹായിക്കുന്ന റെക്കമെന്റേഷനുകൾ, കാൻസർ സെല്ലുകളെ തിരിച്ചറിയുന്ന പ്രോഗ്രാമുകൾ, ബുദ്ധിപൂർവ്വം പ്രവർത്തിക്കുന്ന സുരക്ഷാ ക്യാമറകൾ (സീറ്റ് ബെൽറ്റ് തിരിച്ചറിയുന്ന ട്രാഫിക്ക് ക്യാമറകൾ ഉൾപ്പെടെ) IOT സെൻസറുകളുപയോഗിച്ച് സ്മാർട്ട് ഫാമിങ് സാധ്യമാക്കുന്ന സംവിധാനങ്ങൾ, ഗെയിം കളിക്കുന്ന അൽഫാഗോ പോലുള്ള പ്രോഗ്രാമുകൾ, പ്രോട്ടീൻ ഫോൾടിങ് എന്ന ശാസ്ത്ര സമസ്യ പരിഹരിച്ച ആൽഫാ ഫോൾഡ് പ്രോഗ്രാം, അവ്യക്ത ചിത്രങ്ങളെ പുനർസൃഷ്ടിക്കുന്ന ഗൂഗിൾ Brain, ലോകഭാഷകൾ അന്യോന്യം തർജ്ജമ ചെയ്യുന്ന അനേകം സംവിധാനങ്ങൾ എന്നിങ്ങനെ മുൻ പ്രവചനങ്ങളെ നിഷ്പ്രഭമാക്കുന്ന AI ലോകമാണ് ഇന്ന് നാം കാണുന്നത്.
മേല്‍ സൂചിപ്പിച്ച ഹ്രസ്വമായ വിവരണങ്ങളില്‍നിന്ന് കമ്പ്യൂട്ടര്‍ ശാസ്ത്രത്തിന്റെ വികാസം മനുഷ്യസമൂഹത്തിന്റെ ഭാവിയുടെ മുഖച്ഛായതന്നെ നിര്‍ണ്ണയിക്കുമെന്ന് നിസ്സംശയം മനസ്സിലാക്കാം. ഏതൊരു സാങ്കേതിക വിദ്യയ്ക്കും ക്രിയാത്മകവും വിനാശാകരവുമായ മുഖങ്ങളുണ്ട്. അവയിലേതാണ് മുന്‍കൈ നേടുക എന്നത് കാത്തിരുന്ന് കാണാനേ സാധിക്കൂ.
പ്രശ്‌നങ്ങളെ അപഗ്രഥിക്കാനും പരിഹരിക്കാനുമുള്ള മനുഷ്യന്റെ കഴിവിനു പിന്നിലെ രഹസ്യങ്ങളുടെ വാതില്‍ ഒട്ടുമുക്കാലും ഇന്നും അടഞ്ഞുതന്നെ കിടക്കുകയാണ്. മനുഷ്യന്റെ ഈ കഴിവ് കമ്പ്യൂട്ടറിലേക്ക് പകര്‍ത്താന്‍ മനസ്സിന്റെ വളരെ പ്രാകൃതമായൊരു മാതൃകയാണ് ഇന്ന് അവലംബിച്ചു പോരുന്നത്. ഓരോ സന്ദര്‍ഭങ്ങളിലും പ്രാവര്‍ത്തികമാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതു നിയമങ്ങളിലധിഷ്ഠിതമായ ഈ മാതൃകയിലെ നിയമങ്ങളുപയോഗിച്ച് ഒരു പ്രത്യേക പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താമെന്നതാണ് ഇതിന്റെ സവിശേഷത. മനുഷ്യ മനസ്സിന്റെ പ്രവര്‍ത്തനം ഇങ്ങനെ തന്നെയാണോയെന്നത് വളരെയധികം വാദപ്രതിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഒരു ചോദ്യമാണ്.
നിർമ്മിത ബുദ്ധിയുടെ രംഗം ഉണ്ടാക്കിയേക്കാവുന്ന മുകളിൽ സൂചിപ്പിക്കുന്ന വിനാശകരമായ മുഖം ഇന്ന് നാം അഭിമുഖീകരിച്ചു തുടങ്ങിയിരിക്കുന്നു, Deep fake ന്റെ കാലം സംജാതമായിരിക്കുന്നു. മനസ്സിലിരുപ്പ് മുഖത്തുനിന്നും വായിച്ചെടുക്കുന്ന ക്യാമറകൾ പ്രതിനിധീകരിക്കുന്നത് ഒരു മനുഷ്യന്റെയും സമ്പൂർണ്ണ റിപ്പബ്ലിക്കായ മനസ്സിലേക്കുള്ള കടന്നു കയറ്റമാണ്. മനസ്സറിയുന്ന യന്ത്രങ്ങൾ’ ഏകാധിപത്യ രാജ്യങ്ങളിൽ ഭിന്നസ്വരങ്ങളെ മനസ്സിനുള്ളിൽപോലും അനുവദിക്കാതിരിക്കാൻ പരിശോധന നടത്താവുന്ന യന്ത്രമായി മാറിക്കഴിഞ്ഞു. അമേരിക്കയിലെ ചില സംസ്ഥാനങ്ങളിൽ പൊതു സ്ഥലങ്ങളിൽ ഫേസ് ഡിറ്റക്ഷൻ ക്യാമറകൾ നിരോധിച്ചിട്ടുണ്ട്. ഒരേസമയം ഒരു സത്യാനന്തര കാലഘട്ടത്തെ സൃഷ്ടിക്കുന്നതിനു സഹായിക്കുകയും, സത്യത്തെ മനസ്സുകളിൽ നിന്നും ചികഞ്ഞെടുത്തു പരിശോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന AI വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സാങ്കേതികവിദ്യയാണെന്ന കാര്യത്തിൽ സംശയമില്ല.
അന്തിമവാക്ക് AI തന്നെ പറയട്ടെ. എന്താണ് A.Iയുടെ ഭാവി? Chat GPT പറയുന്നു:
മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ്, കമ്പ്യൂട്ടർ വിഷൻ എന്നിവയിലെ തുടർച്ചയായ പുരോഗതികളാൽ നിർമ്മിതബുദ്ധിയുടെ ഭാവി വിശേഷിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യ സംരക്ഷണം, ഗതാഗതം, ധനകാര്യം തുടങ്ങിയ വ്യവസായങ്ങളിൽ വിപ്ലവം സൃഷ്ടിക്കുന്നത് AI തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. കൂടാതെ സ്വയംഭരണ വാഹനങ്ങൾ, വെർച്വൽ അസിസ്റ്റന്റുകൾ എന്നിവ പോലുള്ള പുതിയ സാങ്കേതികവിദ്യകളുടെ വികസനത്തിന് സംഭാവന നൽകുകയും ചെയ്യും. എന്നിരുന്നാലും, നിർമ്മിതബുദ്ധിയുടെ ധാർമ്മികവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെ ചുറ്റിപ്പറ്റിയുള്ള ആശങ്കകളും ഉണ്ട്: തൊഴിൽ ഇല്ലാതാകൽ, പക്ഷപാതം എന്നിവ പോലെ. അവ ശ്രദ്ധാപൂർവ്വം പരിഗണിക്കുകയും അഭിസംബോധന ചെയ്യുകയും വേണം. ♦