Thursday, April 25, 2024

ad

Homeപല രാജ്യങ്ങള്‍ പല കമ്യൂണിസ്റ്റു പാര്‍ടികള്‍അലന്ദെ ഭരണം 
അട്ടിമറിക്കപ്പെടുന്നു

അലന്ദെ ഭരണം 
അട്ടിമറിക്കപ്പെടുന്നു

എം എ ബേബി

‘‘യഹോവ ഭൂമിയെ
അനകോൺഡ കോപ്പറിനും കൊക്കോകോള കമ്പനിക്കും
ഫോർഡ് മോട്ടേഴ്സിനും മറ്റ് ദേവഗണങ്ങൾക്കുമായി
വീതിച്ചു പൊതിഞ്ഞുകൊടുത്തു.
അമേരിക്കയിലെ മൃദുലമായ കടിത്തടം
എന്റെ നാടിന്റെ രസനിർഭരമായ മധ്യതീരം
യുണെെറ്റഡ് ഫ്രൂട്ട് കമ്പനി അവർക്കായി സൂക്ഷിച്ചു.
ആ ഭൂവിഭാഗങ്ങളെ അത്
‘ബനാന റിപ്പബ്ലിക്കുകൾ’ എന്ന് ജ്ഞാനസ്നാനം ചെയ്തു.
ഉറങ്ങുന്ന പരേതാത്മാക്കൾക്ക് മുകളിൽ
അത് അതിന്റെ കോമാളി നാടകം അരങ്ങേറി,
സ്വയം ഭരണങ്ങൾ നിറുത്തലാക്കി
സീസറിന്റെ കിരീടങ്ങൾ സമ്മാനിച്ചു.’’

ഇരുപതാം നൂറ്റാണ്ടിലെ ലാറ്റിനമേരിക്കൻ അവസ്ഥയെക്കുറിച്ച് വിശ്വമഹാകവി പാബ്ലൊ നെരൂദ എഴുതിയ വരികളാണിത്. അമേരിക്കൻ ഐക്യനാടുകൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ട ലാറ്റിനമേരിക്കയുടെ ദുരവസ്ഥയാണ് മഹാകവി ഈ വരികളിൽ രേഖപ്പെടുത്തിയിരിക്കുന്നത്– ലാറ്റിനമേരിക്കയുടെ ഇതിഹാസമെന്നറിയപ്പെടുന്ന ‘‘കാന്റോസ് ജനറൽ’’ എന്ന മഹാകാവ്യത്തിൽ. ചിലി ലോകത്തിനു നൽകിയ ഈ മഹാപ്രതിഭ തന്റെ നാടിന്റെ മാത്രമല്ല, ഭൂഖണ്ഡത്തിന്റെയാകെ ദുരവസ്ഥയിലേക്കാണ് അതിമനോഹരമായ ഈ കാവ്യത്തിലൂടെ വിരൽചൂണ്ടുന്നത്.

അമേരിക്ക ആസ്ഥാനമായ ഭീമൻ ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ കൊള്ളലാഭമടിക്കലിനെതിരെ ചെറുവിരലെങ്കിലും അനക്കാൻ തയ്യാറാകുന്ന ഒരു ഭരണത്തെയും അമേരിക്കയും കോർപറേറ്റ് ഭീമന്മാരും വച്ചുവാഴിക്കില്ല. ലാറ്റിനമേരിക്കയിലെ രാജ്യങ്ങളിൽ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നത്, ആ രാജ്യങ്ങൾക്കുമേൽ പിടിമുറുക്കി കൊള്ളയടിക്കുന്ന കോർപറേറ്റ് ഭീമന്മാരെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴാണ്. ചിലിയിൽ 1973 ൽ സാൽവദോർ അലന്ദെയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഭരണത്തെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കിയതും ഇതേ കാരണത്താലാണ്. മാത്രമല്ല, ചിലിയിൽ അലന്ദെയുടെ ഗവൺമെന്റ് സോഷ്യലിസത്തിലേക്കുള്ള സമാധാനപരമായ പാത എന്ന ആശയം യാഥാർഥ്യമാക്കാൻ ശ്രമിച്ചത് അമേരിക്കയുടെയും ആഗോളമൂലധനശക്തികളുടെയാകെയും ഉറക്കം കെടുത്തിയിരുന്നു.

ചിലിയിലെ ഇടതുപക്ഷം കടന്നുവന്ന വഴികൾ
ചിലിയിൽ ഇടതുപക്ഷ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി ഗവൺമെന്റുകൾ 1930കളിൽ തന്നെ അധികാരത്തിലെത്തിയിരുന്നു. 1938ൽ കമ്യൂണിസ്റ്റുപാർട്ടിയും സോഷ്യലിസ്റ്റു പാർട്ടിയും മറ്റു ചില ലിബറൽ പെറ്റിബൂർഷ്വാ പാർട്ടികൾക്കൊപ്പം ചേർന്ന് പോപ്പുലർ ഫ്രണ്ട് എന്ന തിരഞ്ഞെടുപ്പ് സഖ്യം രൂപീകരിച്ച് അധികാരത്തിലെത്തി. റാഡിക്കൽ പാർട്ടിയുടെ നേതാവ് പെദ്രോ അഗിറെ തേർദ (Pedro Aguirre Cerda) ആയിരുന്നു ആ കൂട്ടുകെട്ടിന്റെ ഭാഗമായി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1932ൽ പട്ടാള കലാപത്തിലൂടെ സോഷ്യലിസ്റ്റ് റിപ്പബ്ലിക് പ്രഖ്യാപിച്ച കേണൽ മർമദുക്കെ ഗ്രോവായിരുന്നു എല്ലാ ഇടതുപക്ഷ പുരോഗമന ശക്തികളെയും ഏകോപിപ്പിച്ച് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കാൻ നേതൃത്വം നൽകിയത്. പെദ്രോ അഗിറെയുടെ മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായി പ്രവർത്തിച്ചത് മെഡിക്കൽ ബിരുദധാരിയായിരുന്ന സാൽവദോർ അലന്ദെ ആയിരുന്നു. കമ്യൂണിസ്റ്റുകാരനായിരുന്ന മഹാകവി പാബ്ലൊ നെരൂദ പാരീസിലെ പ്രവാസി കാര്യങ്ങൾക്കായുള്ള സ്പെഷ്യൽ കോൺസുലായും നിയോഗിക്കപ്പെട്ടിരുന്നു. നെരൂദയെയും ഗബ്രിയേല മിസ്ട്രാളിനെയും (Gabriela Mistral) പോലെയുള്ള സാഹിത്യപ്രതിഭകൾ പോപ്പുലർ ഫ്രണ്ടിനെ അധികാരത്തിലെത്തിച്ചതിൽ വലിയ പങ്ക് വഹിച്ചിരുന്നു. രാജ്യത്ത് നിരവധി ജനാധിപത്യ പരിഷ്കാരങ്ങൾക്കൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ സേവന മേഖലകളിലും വലിയ ഇടപെടലുകൾ നടത്തുകയുണ്ടായി.


റാഡിക്കൽ പാർട്ടിയുടെ നേതൃത്വത്തിൽ തുടർന്നുവന്ന രണ്ട് പോപ്പുലർ ഫ്രണ്ട് ഭരണകാലത്തും കമ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് പാർട്ടിയും ആ കൂട്ടുകെട്ടിൽ പങ്കാളികളായിരുന്നു. എന്നാൽ 1948ൽ മൂന്നാമത്തെ പോപ്പുലർ ഫ്രണ്ട് ഭരണകാലത്ത് പ്രസിഡന്റായിരുന്ന ഗബ്രിയേൽ ഗോൺസാലെസ് വിദേല (Gabriel Gomzalez Videla) ഇടതുപക്ഷത്തെ ഒപ്പംനിന്ന്‌ ചതിക്കുകയാണുണ്ടായത്‌. മൂലധന ശക്തികളുടെ താൽപ്പര്യത്തിനു വഴങ്ങി അയാൾ കമ്യൂണിസ്‌റ്റു പാർട്ടിയെ നിരോധിച്ചു. തുടർന്ന് ഇടതുപക്ഷ പാർട്ടികളാകെ ഒളിവിൽ പോകാൻ നിർബന്ധിതമായി. 1973 നുശേഷമുണ്ടായ പിനോഷെയുടെ ഭരണകാലത്തിനു സമാനമായ ഒരു സാഹചര്യമായിരുന്നു അന്ന്‌ ചിലിയിൽ നിലവിൽ വന്നത്‌–- സിവിലിയൻ വേഷത്തിലായിരുന്നുവെന്നു മാത്രം! വിദേലയുടെ ഭരണകാലത്ത്‌ നിരവധി ഉശിരൻ ഇടതുപക്ഷ പ്രവർത്തകർ, കമ്യൂണിസ്‌റ്റുകാർ ക്രൂരമർദനങ്ങൾക്കിരയാവുകയും ഒട്ടേറെപ്പേർ കൊല്ലപ്പെടുകയുമുണ്ടായി. 1950കളിലാകെ ചിലിയിൽ വലതുപക്ഷത്തിന്റെ ആധിപത്യമായിരുന്നു.

ദേശസാൽക്കരണം: മുഖ്യ അജൻഡ
1961നുശേഷം സ്ഥിതിഗതികൾ മെല്ലെ മാറാൻ തുടങ്ങി; ക്യൂബൻ വിപ്ലവം വിജയിച്ചതിന്റെ സ്വാധീനമായിരുന്നു ചിലിയൻ രാഷ്‌ട്രീയത്തിലും പ്രതിഫലിച്ചത്‌. ഈ കാലത്ത്‌ ചിലിയിൽ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ രാഷ്‌ട്രീയ–-സാമൂഹിക–-സാമ്പത്തികപ്രശ്‌നങ്ങൾ ഉന്നയിച്ചിട്ടുള്ള നിരവധി പോരാട്ടങ്ങൾ നടന്നു. എന്നാൽ ഈ പോരാട്ടങ്ങളുടെ രാഷ്‌ട്രീയ നേട്ടം കൊയ്‌തത്‌ ക്രിസ്‌ത്യൻ ഡെമോക്രാറ്റിക്‌ പാർട്ടിയായിരുന്നു. ചിലിയൻ സമൂഹത്തിൽ, പ്രത്യേകിച്ചും നാട്ടിൻപുറങ്ങളിലുണ്ടായ ജനകീയ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ 1964ൽ ക്രിസ്‌ത്യൻ ഡെമൊക്രാറ്റിക്‌ പാർട്ടിയിലെ എഡ്വാർഡൊ ഫ്രയ്‌ മൊണ്ടാൽവ (Eduardo Frei montalva) പ്രസിഡന്റായി. ഭൂപരിഷ്കരണം ഉൾപ്പെടെയുള്ള സാമൂഹിക–രാഷ്ട്രീയ പരിഷ്കാരങ്ങൾ ഏറ്റെടുക്കാൻ ഇടതുപക്ഷ നേതൃത്വത്തിൽ നടന്ന ജനകീയപോരാട്ടങ്ങൾ ഈ ഗവൺമെന്റിനെ നിർബന്ധിതമാക്കി. പരിമിതമായ ഈ പരിഷ്കാരങ്ങൾപോലും കുത്തക കോർപറേറ്റുകളെയും അവയുടെ സംരക്ഷകരായ അമേരിക്കൻ സാമ്രാജ്യത്വത്തെയും പ്രകോപിപ്പിച്ചു. രാജ്യത്ത് വർധിച്ചുവരുന്ന ഇടതുപക്ഷ സ്വാധീനം ക്യൂബയ്ക്കു പിന്നാലെ ചിലിയെയും സോഷ്യലിസത്തിലേക്ക് നീക്കുമോയെന്ന ഭയമാണ് അവരെ ഭരിച്ചത്.

എഡ്വാർഡൊ ഫ്രയ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് സോഷ്യലിസ്റ്റ് പാർട്ടി നേതാവും ഫ്രന്റ് ഫോർ പോപ്പുലർ ആക്ഷൻ എന്ന മുന്നണിയുടെ സ്ഥാനാർഥിയുമായ സാൽവദോർ അലന്ദെയെ പരാജയപ്പെടുത്തിയായിരുന്നു. ഇതിനുമുൻപ് 1952ലും 1958ലും അലന്ദെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു. തന്റെ ശവകുടീരത്തിൽ ‘‘ചിലിയുടെ അടുത്ത പ്രസിഡന്റ് ഇവിടെ ശയിക്കുന്നു’’ എന്ന് കൊത്തിവയ്ക്കുമെന്നായിരുന്നു അലന്ദെ ഓരോ പരാജയം സംഭവിക്കുമ്പോഴും തമാശരൂപേണ പറഞ്ഞിരുന്നത്. എന്നാൽ 1970ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകതന്നെ ചെയ്തു.

അനാകോണ്ട കോപ്പറും കെന്നിക്കോട്ടും (രണ്ടും അമേരിക്ക ആസ്ഥാനമായുള്ള കമ്പനികൾ തന്നെ) ആയിരുന്നു ചിലിയിലെ ചെമ്പ് ഖനനത്തിൽ ഏർപ്പെട്ടിരുന്ന കുത്തകകൾ. ചെമ്പ് ഖനികളുടെ ദേശസാൽക്കരണം സംബന്ധിച്ച് ഫ്രയ് ഗവൺമെന്റ് അനാക്കോണ്ട കോപ്പറുമായി ചില അനുരഞ്ജന ചർച്ചകൾ നടത്തി. ഇത് ഇടതുപക്ഷത്തിന്റെ മാത്രമല്ല ക്രിസ്ത്യൻ ഡമോക്രാറ്റുകളിൽനിന്നുതന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പ് ക്ഷണിച്ചുവരുത്തി. ഈ പശ്ചാത്തലത്തിൽ 1970ൽ നടന്ന തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം സ്വാഭാവികമായും ദേശസാൽക്കരണമായി.

പെദ്രോ അഗിറെ, ലൂയിസ് എമിലിയോ റെക്കാബറൻ, കാർലോസ് പ്രാറ്റ്സ്


1970ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

1970ൽ അലന്ദെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത് പോപ്പുലർ യൂണിറ്റി (യൂണിഡാഡ് പോപ്പുലർ –യുപി) സ്ഥാനാർഥിയായാണ്. ചിലിയിലെ ചെറുതും വലുതുമായ എല്ലാ ഇടതുപക്ഷ പാർട്ടികളും ഗ്രൂപ്പുകളും –കമ്യൂണിസ്റ്റു പാർട്ടി, സോഷ്യലിസ്റ്റ് പാർട്ടി, റാഡിക്കൽ പാർട്ടി, പാർട്ടി ഓഫ് റാഡിക്കൽ ലെഫ്റ്റ്, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, MAPU (മാപു) ഇടതുപക്ഷ ക്രിസ്ത്യൻ ഗ്രൂപ്പുകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഇടതുപക്ഷ മുന്നണിയായിരുന്നു പോപ്പുലർ യൂണിറ്റി.

പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ മൂന്ന് സ്ഥാനാർഥികളാണുണ്ടായിരുന്നത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ റാഡൊമിറൊ തോമിക്കും (Radomiro Tomic) നാഷണൽ പാർട്ടിയുടെ യാഥാസ്ഥിതികനായ മുൻപ്രസിഡന്റ് ഹോർഗെ അലെസ്സാന്ദി (Jorge Alessandri)യുമായിരുന്നു മറ്റു സ്ഥാനാർഥികൾ. 1970 സെപ്തംബർ 4ന് നടന്ന വോട്ടെടുപ്പിൽ അലന്ദെ 36.2% വോട്ട് ലഭിച്ച് ഒന്നാം സ്ഥാനത്തെത്തി; രണ്ടാം സ്ഥാനത്ത് 34.9 ശതമാനം വോട്ടുനേടിയ അലെസ്സാന്ദ്രിയമായിരുന്നു; മൂന്നാം സ്ഥാനം നിലവിലെ ഭരണകക്ഷിയായ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി റാഡൊമിറൊ തോമിക്കായിരുന്നു– 27.8% വോട്ട്. ഈ തിരഞ്ഞെടുപ്പിൽ അലന്ദെ തിരഞ്ഞെടുക്കപ്പെടാതിരിക്കാൻ അമേരിക്ക കോടിക്കണക്കിന് ഡോളറാണ് അന്ന് ഒഴുക്കിയത്. അതിൽ നല്ലൊരു പങ്കും ലഭിച്ചത് മാധ്യമങ്ങൾക്കാണ്– അലന്ദെയ്ക്കും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം സംഘടിപ്പിക്കാൻ (1965ലെ തിരഞ്ഞെടുപ്പിലും അലന്ദെയുടെ പരാജയം ഉറപ്പാക്കാൻ അമേരിക്ക ഇതേപോലെ പണമൊഴുക്കിയിരുന്നു). അമേരിക്കയുടെ ശ്രമങ്ങൾക്ക് ചില ചലനമൊക്കെ ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. എന്നിട്ടും അലന്ദെയ്ക്ക് മൂന്നിലൊന്നിലേറെ വോട്ടുനേടാൻ കഴിഞ്ഞു; പക്ഷേ വലതുപക്ഷ സ്ഥാനാർഥി (നാഷണൽ പാർട്ടി) അലെസ്സാന്ദ്രിയും അലന്ദെയുടെ തൊട്ടുപിന്നിൽ ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ എത്തിയിട്ടുണ്ടായിരുന്നു.

അഗസ്തോ പിനോഷെ

ഈ സാഹചര്യത്തിൽ ഭരണഘടനപ്രകാരം തീരുമാനമെടുക്കാനുള്ള അധികാരം ചിലിയൻ പാർലമെന്റിന് (കോൺഗ്രസ്) വന്നുചേർന്നു. 1970 ഒക്ടോബർ 24നായിരുന്നു കോൺഗ്രസ് തീർപ്പുനൽകിയത്. അമേരിക്കയിലെ നിക്സൺ ഗവൺമെന്റോ ചിലിയിൽ അപ്പോൾ അധികാരത്തിലിരുന്ന ഗവൺമെന്റോ അനാകോൺഡയെയും (Anaconda) ഇന്റർനാഷണൽ ടെലഫോൺ ആന്റ് ടെലഗ്രാഫിനെയും കെന്നിക്കോട്ടിനെയും (Kennicott) പോലെയുള്ള അമേരിക്കൻ കമ്പനികളോ കമ്യൂണിസ്റ്റ് അനുഭാവമുണ്ടായിരുന്ന, സോഷ്യലിസ്റ്റ് നേതാവായ അലന്ദെ പ്രസിഡന്റാകാൻ ആഗ്രഹിച്ചിരുന്നില്ല. അലന്ദെയുടെ വിജയം ഒഴിവാക്കുന്നതിന് എന്തെല്ലാം ചെയ്യണമെന്ന് തീരുമാനിക്കുവാനായി അമേരിക്കയുടെ നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ രഹസ്യനീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ഹെൻട്രി കിസിങ്ങറുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന 40 കമ്മിറ്റി നിരവധി യോഗങ്ങൾ ചേർന്നു. ചിലിയൻ പാർലമെന്റിനെ സ്വാധീനിക്കാൻ സർവ സംവിധാനങ്ങളും ഇറങ്ങി; പുറമെ പട്ടാളത്തെ സ്വാധീനിച്ച് ഭരണം പിടിച്ചെടുക്കാനുള്ള നീക്കങ്ങളും നടത്തി; എന്നാൽ ചിലിയിലെ പട്ടാളം ഇക്കാര്യത്തിൽ ആ അവസരത്തിൽ രണ്ടഭിപ്രായക്കാരായിരുന്നു. അട്ടിമറിനീക്കത്തെ എതിർത്തിരുന്ന ജനറൽ റെനെ ഷ്നഡെറിനെ (Rene Schneider) തട്ടിക്കൊണ്ടുപോകാൻപോലും ശ്രമമുണ്ടായി. ഈ നീക്കത്തിനിടയിൽ അദ്ദേഹത്തിനു വെടിയേൽക്കുകയുണ്ടായി.

അങ്ങനെ അവർ അദ്ദേഹത്തെ വധിച്ച് തങ്ങളുടെ വഴിയിലെ പ്രധാനപ്പെട്ട ഒരു തടസ്സം നീക്കം ചെയ്തു. സെെന്യം രാഷ്ട്രീയ ലക്ഷ്യത്തോടെ ഭരണത്തിൽ ഇടപെടുന്നതിനെ എതിർക്കുന്നു, അച്ചടക്കമുണ്ടായിരുന്ന ഈ സേനാധിപനെ വധിച്ചത് സിഐഎയുടെ ആസൂത്രിത നീക്കമായിരുന്നു. തികഞ്ഞ ജനാധിപത്യവാദിയും റിപ്പബ്ലിക്കനുമായിരുന്നു ജനറൽ റെനെഷ്നീവർ. അദ്ദേഹത്തെ വധിച്ചിട്ടായാലും നീക്കം ചെയ്യേണ്ടത് സിഐഎയുടെ ഒരാവശ്യമായിരുന്നു. അദ്ദേഹത്തെ സ്വാധീനിക്കാൻ നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് വധിച്ചത്. രണ്ടിലേറെ വധശ്രമം പരാജയപ്പെട്ട ശേഷമാണ് ഒടുവിൽ ലക്ഷ്യം കണ്ടത്. കാർലോസ് പ്രാറ്റായിരുന്നു അദ്ദേഹത്തെതുടർന്ന് സെെനിക മേധാവിയായത്. അദ്ദേഹവും ഷ്നീഡറെ പോലെ ഭരണഘടന പ്രകാരം കാര്യങ്ങൾ നടക്കണമെന്ന വാദക്കാരനായിരുന്നു. ജനറൽ പ്രാറ്റിനെ തൽസ്ഥാനത്തുനിന്ന് നീക്കാൻ 1973 ആഗസ്തിലെ പ്രതിപക്ഷ കലാപത്തെ തുടർന്ന് അലന്ദെ നിർബന്ധിതനായി. അങ്ങനെയാണ് സിഐഎയ്ക്കു വേണ്ടപ്പെട്ട സെെനികോദ്യോഗസ്ഥനായ ജനറൽ അഗസ്-തോ പിനോഷെ സെെനികമേധാവിയായത്. ലക്ഷ്യം നേടാൻ സിഐഎ ഏതു ഹീനമാർഗവും സ്വീകരിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സോഷ്യലിസത്തിലേക്കൊരു പാത
ഒക്ടോബർ 24ന് ചിലിയൻ ജനപ്രതിനിധി സഭ വൻഭൂരിപക്ഷത്തിൽ അലന്ദെയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. പോപ്പുലർ യൂണിറ്റിയിലെ അംഗങ്ങൾക്കൊപ്പം ക്രിസ്ത്യൻ ഡെമോക്രാറ്റുകളും അലന്ദെയ്ക്കനുകൂലമായി വോട്ടുചെയ്തു. 1970 നവംബർ മൂന്നിന് അലന്ദെ പ്രസിഡന്റായി അധികാരമേറ്റു.

ചിലിയുമായുള്ള ബന്ധം തുടരുമെന്നും എന്നാൽ മുൻ ഗവൺമെന്റുകളുമായുണ്ടായിരുന്നതുപോലെ അത് അത്ര ഊഷ്മളമാകില്ലെന്നുമായിരുന്നു അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ പ്രതികരണം. മാത്രമല്ല ചിലിക്ക് നൽകിയിരുന്ന ധനസഹായവും വായ്പകളും പരിമിതപ്പെടുത്തി. അലന്ദെ ഭരണത്തിൽ ചിലി സോഷ്യലിസത്തിലേക്ക് നീങ്ങുമെന്ന് ഭയന്ന അമേരിക്കൻ ഭരണവർഗം അത് തടയാൻ തുടക്കം മുതൽതന്നെ പദ്ധതികൾ ആസൂത്രണം ചെയ്തുതുടങ്ങി. ചിലിയിൽ 1930കളിലും 1940കളിലും അധികാരത്തിൽവന്ന ഇടതുപക്ഷ ഗവൺമെന്റുകളിൽ നിന്ന് വ്യത്യസ്തമായി സോഷ്യലിസം സ്ഥാപിക്കലാണ് ലക്ഷ്യമെന്ന് പോപ്പുലർ യൂണിറ്റി (യുപി) തിരഞ്ഞെടുപ്പ് വേളയിൽതന്നെ പ്രഖ്യാപിച്ചിരുന്നു. അതാണ് മൂലധന ശക്തികളെ അങ്കലാപ്പിലാക്കിയത്.

അലന്ദെയുടെ ഗവൺമെന്റിന്റെ നീക്കങ്ങളും ആ ലക്ഷ്യം മുന്നിൽവച്ചായിരുന്നു; അതിവേഗത്തിലുമായിരുന്നു. 1970 ഡിസംബർ 21ന് അലന്ദെ ചിലിയൻ ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള നിർദേശം പാർലമെന്റിനു മുന്നിൽ വച്ചു–മെെനിങ് കമ്പനികൾ ദേശസാൽക്കരിക്കുന്നതിന് ഗവൺമെന്റിനെ അധികാരപ്പെടുത്തുന്നതായിരുന്നു ആ ഭരണഘടന ഭേദഗതി. 1971 ജൂലെെ 11ന് ദേശസാൽക്കരണത്തിനായുള്ള ഭേദഗതി പാർലമെന്റ് അംഗീകരിച്ചു. ഇത്തരത്തിലൊരു ഭരണഘടനാ ഭേദഗതിതന്നെ ലാറ്റിനമേരിക്കയിലെന്നല്ല ലോകത്തുതന്നെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽവന്ന ഒരു ഗവൺമെന്റ് അംഗീകരിക്കുന്നത് ആദ്യമായിരുന്നു. ‘‘അമിത ലാഭമെടുക്കുന്ന കമ്പനികൾ ഏറ്റെടുക്കൽ’ എന്ന ഭരണഘടന ഭേദഗതിയിലെ പദപ്രയോഗം തന്നെ ശ്രദ്ധേയമായിരുന്നു.

കമ്പോള വിലയുടെ നിശ്ചിത ശതമാനമെങ്കിലും നൽകാതെ അമേരിക്കൻ കമ്പനികളെന്നല്ല, ഒരു കമ്പനിയും സാധാരണഗതിയിൽ ദേശസാൽക്കരിക്കാറില്ലായിരുന്നു. അതിൽനിന്നു വ്യത്യസ്തമായി ചിലിയിലെ ഖനികൾ ദേശസാൽക്കരിച്ചത് അമേരിക്കൻ കമ്പനികൾക്ക് നാമമാത്രമായ തുക നൽകിയോ ഒരു തുകയും കൊടുക്കാതെയോ ആണ്. ഖനികൾ ഏറ്റെടുത്തതിനു പുറമെ അമേരിക്കൻ കമ്പനിയായ ഐടിടി ഭൂരിഭാഗവും കയ്യടക്കിവച്ചിരുന്ന ചിലിയിലെ ടെലഫോൺ വ്യവസായവും അലന്ദെ ഗവൺമെന്റ് പൂർണമായി ഏറ്റെടുത്തു.

ഭൂപരിഷ്കരണത്തിനു പുറമെ ആരോഗ്യപരിചരണ രംഗം, വിദ്യാഭ്യാസരംഗം, കാർഷികമേഖല എന്നിവയിലും അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരാനുള്ള നടപടികൾക്കും അലന്ദെ തുടക്കം കുറിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കൃഷിക്കളങ്ങളുടെയും ബിസിനസ് സംരംഭങ്ങളുടെയും ശതമാനത്തിൽ ഹ്രസ്വകാലം കൊണ്ടുതന്നെ വർധനവ് വരുത്തി. രാജ്യത്താകെ തൊഴിലാളികളുടെയും ജീവനക്കാരുടെയും വേതനത്തിൽ വർധനവ് വരുത്തി. അങ്ങനെ വ്യത്യസ്ത വിഭാഗങ്ങൾക്ക് മാറ്റങ്ങൾ വിജയകരമായി നടക്കുന്നതായി വ്യക്തമായി. കൂലിയിൽ വർധന വന്നത് ഉപഭോഗത്തിനുള്ള താൽപ്പര്യം ജനങ്ങളിൽ വർധിപ്പിച്ചു. തൽ-ഫലമായി വേണ്ടത്ര സാധനങ്ങൾ ലഭ്യമാക്കാൻ സർക്കാരിന് കൂടുതൽ ഇറക്കുമതി ആവശ്യമായി വന്നു. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ചെമ്പിന്റെ വില കുത്തനെ ഇടിഞ്ഞു. അമേരിക്കൻ കുത്തകകളുടെ ഇടപെടലിനെ തുടർന്നാണിതുണ്ടായത്. തന്മൂലം രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിൽ വലിയ ഇടിവുണ്ടായി. ഇത് അടവുശിഷ്ട പ്രതിസന്ധിക്കിടയാക്കി. വിദേശ വായ്പകളും സഹായധനവും അമേരിക്കൻ ഇടപെടൽ മൂലം ഗണ്യമായി കുറഞ്ഞതോടെ ഈ പ്രതിസന്ധി കൂടുതൽ രൂക്ഷമായി.

അട്ടിമറിക്കാൻ തയ്യാറായി സിഐഎ
ഇത് 1971–1973 കാലത്ത് പ്രതിഷേധ പ്രകടനങ്ങളും പണിമുടക്കുകളും ഉയർന്നുവരുന്നതിനിടയാക്കി. 1972 ഒക്ടോബറിൽ ഗവൺമെന്റിനെ മുട്ടുകുത്തിക്കുക എന്ന ലക്ഷ്യം വച്ചുള്ള പണിമുടക്കുകൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും ചിലി ആദ്യമായി സാക്ഷ്യം വഹിച്ചു. ചിലിയൻ സമൂഹത്തിലെ സമ്പന്ന വിഭാഗങ്ങളാണ് ഇതിൽ സജീവമായി അണിനിരന്നത്. അമേരിക്കൻ പ്രസിഡന്റ് നിക്-സനിൽ നിന്ന് പരസ്യമായ പിന്തുണയും ഈ സമരങ്ങൾക്ക് ലഭിച്ചു. ട്രക്കുടമകൾ നടത്തിയ പണിമുടക്കിന് സിഐഎ 20 ലക്ഷം ഡോളറാണ് സഹായധനമായി എത്തിച്ചുകൊടുത്തത്. 40,000 ഡ്രൈവർമാരും 56,000 വാഹനങ്ങളുമുള്ള 165 കമ്പനികളാണ് ട്രക്കുടമകളുടെ കോൺഫെഡറേഷനിൽ ഉൾപ്പെട്ടിരുന്നത്. ചെറുകിട ബിനിനസ്സുകാരും ഒരു വിഭാഗം പ്രൊഫഷണലുകളും ചില വിദ്യാർഥി വിഭാഗങ്ങളും ട്രക്കുടമകൾക്കൊപ്പം അണിനിരന്നു. ഈ പണിമുടക്കിലൂടെ ഗവൺമെന്റിനെ പുറത്താക്കാമെന്ന പ്രതീക്ഷയായിരുന്നു ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കുണ്ടായിരുന്നത്. പക്ഷേ 24 ദിവസം നീണ്ടുനിന്ന പണിമുടക്കുകൊണ്ടും ലക്ഷ്യം നേടാനായില്ല.

എന്നാൽ ഇക്കാലത്ത് അലന്ദെ ഗവൺമെന്റിനുള്ള ജനപിന്തുണ, പാർലമെന്റിലേക്കും മുനിസിപ്പാലിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ 40 ശതമാനത്തിലേറെയായി വർധിച്ചു. ഇത് പ്രതിലോമ ശക്തികളെ അങ്കലാപ്പിലാക്കി. അതിന്റെ പ്രതിഫലനം സർക്കാരിനുള്ള പാർലമെന്ററി പിന്തുണ പിൻവലിക്കലിൽ കണ്ടു. അലന്ദെ തിരഞ്ഞെടുക്കപ്പെട്ടത് ക്രിസ്ത്യൻ ഡെമോക്രാറ്റുകൾ കൂടി പാർലമെന്റിൽ വോട്ടു ചെയ്തുകൊണ്ടാണ്. എന്നാൽ ഈ ഘട്ടമായപ്പോൾ അവർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. മിതവാദികളായ റാഡിക്കൽ ലെഫ്റ്റ് പാർട്ടി ദേശസാൽക്കരണം സംബന്ധിച്ച തർക്കവിഷയങ്ങളിൽ അനുരഞ്ജനമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അതേ തുടർന്ന് റാഡിക്കൽ ലെഫ്റ്റും മുന്നണി വിട്ടു. അവർക്ക് സെനറ്റിൽ 5 അംഗങ്ങളും പ്രതിനിധി സഭയിൽ 7 അംഗങ്ങളുമുണ്ടായിരുന്നു.

പ്രതിപക്ഷത്തെ തീവ്ര വലതുപക്ഷമായ നാഷണൽ പാർട്ടിക്കൊപ്പം ക്രിസ്ത്യൻ ഡെമോക്രാറ്റുകളും റാഡിക്കൽ ലെഫ്റ്റും ചേർന്നതോടെ പ്രതിനിധി സഭയിൽ അവർക്ക് ഭൂരിപക്ഷമായി. 1973 ആഗസ്ത് 22ന് പ്രതിനിധി സഭ പാസ്സാക്കിയ പ്രമേയത്തിൽ അലന്ദെ ഗവൺമെന്റ് ഭരണഘടനാ ലംഘനമാണ് നടത്തുന്നതെന്നും അവർ സ്വയം അധികാരമൊഴിഞ്ഞില്ലെങ്കിൽ പട്ടാളം ഭരണമേറ്റെടുത്ത് ഭരണഘടനയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ഈ പ്രമേയത്തെ സർക്കാർ പാടെ നിരാകരിച്ചു.

ചിലിയുടെ ഭരണഘടനയിലെ ചില വകുപ്പുകൾപ്രകാരം ഭരണഘടനാ ഭേദഗതി ആവശ്യമില്ലാത്ത കാര്യങ്ങളിൽ പാർലമെന്ററി ചർച്ചയും വോട്ടെടുപ്പും കൂടാതെ തന്നെ പ്രസിഡന്റിന് ഉത്തരവിടാൻ കഴിയും. ആ വ്യവസ്ഥകൾ അനുസരിച്ചാണ് അലന്ദെ നിരവധി പരിഷ്കരണ നടപടികളും ക്ഷേമപദ്ധതികളും ഏറ്റെടുത്ത് നടപ്പാക്കിയത്. നിലവിലെ ഭരണഘടന ഉപയോഗിച്ചുതന്നെ, കൂട്ടത്തിൽ ചില ഭരണഘടനാ ഭേദഗതികളിലൂടെയും സോഷ്യലിസത്തിലേക്കു നീങ്ങാനുള്ള ശ്രമമാണ് അലന്ദെ സർക്കാർ നടത്തിയത്. ബൂർഷ്വാ ഡെമോക്രസിയുടെ പരിമിതിയും പരിധിയും മറികടക്കാനാണ് അലന്ദെ ശ്രമിച്ചത്.

ഈ നീക്കം മൂലധനശക്തികളെ, പ്രത്യേകിച്ച് ബഹുരാഷ്ട്ര കോർപറേഷനുകളെയും അമേരിക്കൻ സാമ്രാജ്യത്വത്തെയും അലോസരപ്പെടുത്തി. 85 ലക്ഷം ഡോളറാണ് അമേരിക്ക ഇക്കാലയളവിൽ ചിലിയിലെ സർക്കാരിനെതിരെയുള്ള പ്രചരണത്തിനും അട്ടിമറി നീക്കങ്ങൾക്കുമായി ചെലവഴിച്ചത്. അതും ഫലം കാണാതായപ്പോൾ ഇരിക്കപ്പൊറുതിയില്ലാതായ അനാക്കോണ്ട കോപ്പറും ഫോർഡ് മോട്ടേഴ്സും നാഷണൽ സിറ്റിബാങ്കും ഐടിടിയും ബാങ്ക് ഓഫ് അമേരിക്കയും ചേർന്ന് ഉടൻ പട്ടാള അട്ടിമറിയിലൂടെ അലന്ദെ സർക്കാരിനെ പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി വില്യം റോജേഴ്സിന് നിവേദനം നൽകി. അതിനായി അവ തന്നെ നേരിട്ട് പണംമുടക്കി രംഗത്തിറങ്ങുമെന്ന പ്രഖ്യാപനവും നടത്തി. ഈ പശ്ചാത്തലത്തിലാണ് ഒടുവിൽ സെെനികമേധാവിയായ ജനറൽ അഗസ്-തൊ പിനോഷെയുടെ നേതൃത്വത്തിൽ സിഐഎ പദ്ധതി പ്രകാരം 1973 സെപ്തംബർ 11ന് സെെനിക അട്ടിമറി നടന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =

Most Popular