Monday, November 25, 2024

ad

Homeനിരീക്ഷണംകടലും കടൽ വിഭവങ്ങളും തീറെഴുതുമ്പോൾ

കടലും കടൽ വിഭവങ്ങളും തീറെഴുതുമ്പോൾ

എസ് ശര്‍മ

2023 ലെ ഭേദഗതി വരുത്തിയ വിജ്ഞാപനം
കടലിനും 
കടല്‍ത്തീരങ്ങള്‍ക്കുമുള്ള 
മരണമണി
ന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖല (Exclusive Economic Zone) യില്‍ ഉള്‍പ്പെട്ട തീരക്കടല്‍ (Territorial Water), കോണ്ടിനെന്റല്‍ ഷെല്‍ഫ് എന്നീ പ്രദേശങ്ങളിലെ ധാതു സമ്പത്തുകളുടെ വികസനവും നിയന്ത്രണവും നിയമം (Offshore Area Mineral Development & Regulation Act 2002 (OAMDR2002) ഇന്ത്യന്‍ പാര്‍ലമെന്റ് നിയമമാക്കി. 15.01.2010 ലെ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വഴി 2006 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പില്‍വന്നു. കേന്ദ്ര സര്‍ക്കാര്‍ 2021 ല്‍ പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്ന ‘‘നീല സമ്പദ് വ്യവസ്ഥ” യുടെ ഒരു സുപ്രധാന മേഖലയാണ് ഇന്ത്യയുടെ കടലിന്റെ അടിത്തട്ടിലെ അജൈവ സമ്പദ് ഖനനവും വില്‍പ്പനയും. ഇതിനായി നിയോഗിച്ച കേന്ദ്ര ഭൗമ മന്ത്രാലയം മുന്‍ സെക്രട്ടറി അദ്ധ്യക്ഷനായ സമിതി കേരളമുള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ തീരദേശ സംസ്ഥാനങ്ങളില്‍ ഖനധാതുക്കള്‍, ലോഹമണല്‍ എന്നിവയുടെ വന്‍ നിക്ഷേപം തീരക്കടലില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 100 മീറ്റര്‍ ആഴം വരെയുള്ള പ്രദേശങ്ങളില്‍ കാണുന്ന കരിമണലില്‍ (പ്ലേസര്‍ മിനറല്‍) ഇല്‍മനൈറ്റ്, മോണോസൈറ്റ്, റൂടൈല്‍, ഗാര്‍നൈറ്റ്, സില്‍ക്കോണ്‍, സിൽമനൈറ്റ്, മാഗ്നൈറ്റ് എന്നിവ ഉയര്‍ന്ന നിരക്കില്‍ അടങ്ങിയിട്ടുണ്ട്. ഏകദേശം 1.8 കോടി തൂക്കം വരുന്ന ഇവയുടെ മൂല്യം അന്താരാഷ്ട്ര വിപണികളില്‍ 12,000 കോടി ഡോളറാണെന്ന് കണക്കാക്കിയിട്ടുണ്ട് . മേല്‍വിവരിച്ച ധാതുക്കള്‍ ഖനനം ചെയ്ത് രാജ്യത്തിന് സാമ്പത്തിക നേട്ടം കൈവരിക്കുക എന്ന നീല സമ്പദ് വ്യവസ്ഥയുടെ പ്രഖ്യാപിത ലക്ഷ്യം യാഥാർഥ്യമാക്കുക എന്നതാണ്. 2023 ലെ OAMDR നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നത്. 2002 ലെ OAMDR നിയമം അനുസരിച്ച് കടല്‍ ധാതുഖനനത്തിനും മണല്‍ ഖനനത്തിനും സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു മാത്രമായി അനുമതി നല്‍കിവരുന്നു. നേരെമറിച്ച്, നീല സമ്പദ് വ്യവസ്ഥകള്‍ക്കനുസൃതമായി തീരക്കടല്‍, പുറംകടല്‍ പ്രദേശങ്ങളില്‍ നിന്ന് ധാതുഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറുക, ഇതുവഴി നീലസമ്പദ് വ്യവസ്ഥയ്ക്കനുസരിച്ച് നേരിട്ടുള്ള വിദേശ നിക്ഷേപം (Foreign Direct Investment, FDI) കടല്‍ ധാതു ഖനന മേഖലയില്‍ നടപ്പിലാക്കുക എന്നീ മറച്ചുവെക്കപ്പെട്ട അജൻഡകൾ നടപ്പിലാക്കുക എന്നതും നിയമഭേദഗതിയിലൂടെ ലക്ഷ്യമിടുന്നു.

1. ഇന്ത്യയുടെ തീരക്കടല്‍–
പുറംകടല്‍ പ്രദേശത്തെ 
ധാതു നിക്ഷേപം
മൂന്ന് വശങ്ങളും കടലുകളാൽ ചുറ്റപ്പെട്ട ഒന്‍പത് തീരദേശ സംസ്ഥാനങ്ങള്‍, നാല് കേന്ദ്രഭരണ പ്രദേശങ്ങള്‍, 1382 ദ്വീപ സമൂഹങ്ങള്‍ എന്നിവയടങ്ങിയ 7517 കി.മീ. ദൈര്‍ഘ്യമുള്ള ഇന്ത്യയുടെ കടല്‍ത്തീരത്തോട് ചേര്‍ന്നുകിടക്കുന്ന 23 ലക്ഷം ച.കി.മീ. വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖല (Exclusive Economic Zone)യുടെ കടലിന്റെ അടിത്തട്ടും, ജലനിരപ്പിലെയും സമ്പത്തിന്റെ പൂര്‍ണ്ണ അധികാരം ഇന്ത്യക്കാണ്. ഈ പ്രദേശത്തെ തീരക്കടലിന്റെ അടിത്തട്ടില്‍ കാണുന്ന അജൈവ സമ്പത്തില്‍ പ്രധാനമായും ധാതുക്കള്‍, ഖനലോഹങ്ങള്‍, ചുണ്ണാമ്പ് കലര്‍ന്ന ചെളി, നിര്‍മ്മാണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മണല്‍, എന്നിവയുടെ ഖനനമാണ് മുഖ്യമായും OAMDR 2023 നിയമഭേദഗതി ലക്ഷ്യമിടുന്നത്. തീരക്കടലിലും പുറംകടലിലുമായി ഏകദേശം 7.9 കോടി വരുന്ന ഘനലോഹങ്ങള്‍, 1,53,996 ദശലക്ഷം ടണ്‍ ചുണ്ണാമ്പ് കലര്‍ന്ന ചെളി, 7.45 കോടി ടണ്‍ നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള മണൽ എന്നിവയുടെ സമ്പത്ത് നിര്‍ണ്ണയിച്ചിട്ടുണ്ട്. കേരളത്തിന്റെ തീരക്കടലില്‍ വന്‍നിക്ഷേപമായ പ്ലേസര്‍ ധാതുക്കളില്‍ ഇല്‍മനൈറ്റ്, റൂട്ടൈൽ എന്നിവയുടെ നിക്ഷേപം യഥാക്രമം 14.57 കോടി ടണ്ണും 84.1 ലക്ഷം ടണ്ണുമാണ്. കൂടാതെ സിര്‍ക്കോണ്‍ (7.83 ദശലക്ഷം), ഗാര്‍നൈറ്റ് (0.19 ദശലക്ഷം), സാലിമറൈറ്റ് (0.70) എന്നിവയുടെയും ശേഖരമുണ്ട്.

2. ഭേദഗതി വരുത്തിയ
2023 OAMDR കരട് നിയമത്തില്‍ 
വരുത്തിയ പ്രധാന മാറ്റങ്ങള്‍
1. തീരക്കടല്‍–പുറംകടല്‍ പ്രദേശത്തെ ധാതുഖനനം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കാന്‍ രണ്ട് പ്രാവശ്യം കേന്ദ്രസര്‍ക്കാര്‍ മുമ്പ് നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. എന്നാൽ കുത്തകകളെ തുണയ്ക്കാനുള്ള നീക്കത്തിൽനിന്ന് മോദി സർക്കാർ പിന്മാറാൻ തയ്യാറല്ല എന്നതിന്റെ തെളിവ് OAMDR 2023 കരട് നിയമ ഭേദഗതി.

2. ഭേദഗതി വരുത്തിയ കരട് നിയമ പ്രകാരം കടലിലെ അറ്റോമിക മിനറല്‍സ് ഒഴികെയുള്ള ധാതുഖനനത്തിന് വേണ്ടിയുള്ള പാട്ട ലേലത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കും ഭേദഗതി ചെയ്ത കരട് നിയമപ്രകാരം സ്വകാര്യ കമ്പനികള്‍ക്കും പങ്കെടുത്ത് ഖനനത്തിനാവശ്യമായ ലൈസന്‍സ് നേടാവുന്നതാണ്.

3. ഖനന കരാര്‍ കാലാവധി പുതുക്കുന്ന വ്യവസ്ഥയ്ക്ക് പകരം കരാര്‍ കാലാവധി 50 വര്‍ഷമായി നീട്ടാന്‍ വ്യവസ്ഥ ചെയ്യുന്നു. 50 നീണ്ട വര്‍ഷം സ്വകാര്യ കമ്പനികളുടെ മേല്‍നോട്ടത്തില്‍ ഖനനം നടത്തുന്ന കടല്‍ മേഖലകള്‍ മൃതപ്രായമായ അവസ്ഥയിലേക്ക് മാറും എന്നതില്‍ തര്‍ക്കമില്ല. കടല്‍ മേഖലകള്‍ 3.43 ച.കി.മീ. വിസ്തൃതിയുള്ള ബ്ലോക്കുകളാക്കി 50 വര്‍ഷത്തേക്ക് ഒരു വ്യക്തിക്കോ സ്വകാര്യ കമ്പനികള്‍ക്കോ പാട്ടത്തിന് നല്‍കുമ്പോള്‍ ഇത്തരം പ്രദേശങ്ങള്‍ മത്സ്യതത്തൊഴിലാളികള്‍ക്ക് അന്യമാകുന്നു. മത്സ്യബന്ധനം തടസ്സപ്പെടുന്നു. ഉപജീവനമാര്‍ഗ്ഗം താറുമാറാകുന്നു. 154 ച.കി.മീ. പ്രദേശം വരെ ഒരു വ്യക്തിക്കോ കമ്പനിക്കോ കൈവശം വെക്കാന്‍ ഭേഗദതി വരുത്തിയ കരട് നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.

3. OAMDR – Act 2023 ഭേദഗതി അന്തര്‍ദേശീയ ഉടമ്പടികള്‍ക്ക് വിരുദ്ധം
1982 ലെ ഐക്യരാഷ്ട്ര സഭയുടെ United Nations Law of the Sea (UNCLOS) ഉള്‍പ്പെട്ട അംഗരാജ്യങ്ങള്‍ Article 208, 214 എന്നിവ പ്രകാരം തങ്ങളുടെ അധീനതയിലുള്ള കടല്‍ പ്രദേശത്ത് മലിനീകരണം തടയാനും ജൈവ സമ്പത്ത് സംരക്ഷിക്കാനും പരിപാലിക്കാനും ബാധ്യസ്ഥമാണ്. കൂടാതെ, രാജ്യങ്ങളുടെ കടല്‍ പരിധി പ്രദേശങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മൂലം അയല്‍ രാജ്യങ്ങളിലെ സമുദ്ര പരിധിക്കുള്ളില്‍ മലിനീകരണം ഉണ്ടാകാതിരിക്കാനും ഉത്തരവാദപ്പെട്ടിരിക്കുന്നു. ഇതിന്റെ ഭാഗമായി കടലിന്റെ അടിത്തട്ടില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കാനും തടയാനും യോജിച്ച നിയമങ്ങളും ചട്ടങ്ങളും അംഗരാജ്യങ്ങള്‍ ഉണ്ടാക്കേണ്ടതാണ്. UNCLOS 1982 കരാറില്‍ ഒപ്പുവച്ചിട്ടുള്ള ഇന്ത്യ, UNCLOS കരാറില്‍ വിരുദ്ധമായി ഖനനം മൂലം കടല്‍ മലിനീകരണം തടയാന്‍ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കാതെ, ഖനനവുമായി മുന്നോട്ടുപോകുന്നത് ശരിയായ നടപടിയല്ല. ഇത് കരാറിന്റെ സ്പഷ്ടമായ ലംഘനമാണ്. കടല്‍ മലിനീകരണം തടയാനും ജൈവ സമ്പത്ത് സംരക്ഷിക്കാനും ഉള്ള നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കി കടലിനെയും ജീവജാലങ്ങളെയും സംരക്ഷിച്ചു മാത്രമേ ഖനനവുമായി ഇന്ത്യ ഈ വിഷയത്തില്‍ മുന്നോട്ട് പോകാന്‍ പാടുള്ളൂ.

UNCLOS 2023 ഉടമ്പടി പ്രകാരം കരയില്‍ നിന്ന് 22 കി.മീ. ദൂരം വരെയുള്ള കടല്‍ തീരപ്രദേശങ്ങളുമായി (Territorial Waters) വേര്‍തിരിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ ജൈവþഅജൈവ സമ്പത്തിന്റെ ഉല്‍പ്പാദനം, പരിപാലനം, ഉപയോഗം എന്നിവയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അതാത് സംസ്ഥാനങ്ങള്‍ക്കാണ്. നേരെമറിച്ച് ഭേദഗതി ചെയ്ത 2023 DAMDR കരട് നിയമമനുസരിച്ച് ഈ അവകാശങ്ങള്‍ കേന്ദ്രം കവര്‍ന്നെടുത്തു. ഇത് അന്താരാഷ്ട്ര ഉടമ്പടി കരാറിന്റെ രണ്ടാമത്തെ ലംഘനമാണ്.

3. ഖനനം മൂലം സമുദ്രജീവികള്‍ നേരിടുന്ന ആഘാതങ്ങളില്‍ നിന്നും സംരക്ഷിക്കുവാന്‍ നാളിതുവരെ ഇന്ത്യ നിയമനിര്‍മ്മാണം ഒന്നും തന്നെ നടത്തിയിട്ടില്ല. ആവാസ വ്യവസ്ഥ നേരിടുന്ന വിവിധ പ്രത്യാഘാതങ്ങള്‍ മൂലം അടിത്തട്ടിലെയും ജലപ്പരപ്പിലെയും ജീവജാലങ്ങളുടെ വൈവിധ്യത്തിലും അളവിലും കുറവ് സംഭവിക്കാം. കൂടാതെ അപൂര്‍വ ജീവജാലങ്ങള്‍ക്ക് വംശനാശം സംഭവിക്കാം. 1992 ല്‍ റിയോ–ഡി–ജനീറയില്‍ ഐക്യരാഷ്ട്രസഭയുടെ Convention on Bio diverty കരാര്‍ അനുസരിച്ച് 160 ല്‍പ്പരം അംഗരാജ്യങ്ങള്‍ അവരുടെ ജൈവ സമ്പത്ത് സംരക്ഷിച്ച് സുസ്ഥിരമായി ഉപയോഗം നടത്തി ജനിതക സമ്പത്തില്‍ നിന്നും ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ മാനവരാശിയുടെ ഉന്നമനത്തിനായി തുല്യമായി വിഭജിക്കണം എന്ന് അനുശാസിക്കുന്ന കരാറില്‍ ഇന്ത്യയും ഒപ്പുവച്ച രാജ്യമാണ്. 2014 നയോഗ (Nayoga) പ്രോട്ടോക്കോള്‍ പ്രകാരം ഈ കരാര്‍ പ്രാബല്യത്തില്‍ വന്നു. ഖനനം മൂലമുണ്ടാകുന്ന കടല്‍ ജൈവ വൈവിധ്യത്തിന്റെ നശീകരണം 1991 ലെ ജൈവ വൈവിധ്യ ഉടമ്പടിക്ക് വിരുദ്ധമാണ്. അതിനാല്‍ ധാര്‍മ്മികതയുടെ പേരില്‍ രാജ്യം കടല്‍ മണല്‍ ഖനനത്തില്‍ നിന്നും പിന്മാറേണ്ടതാണ്.

4.ഖനന രീതികളും പാരിസ്ഥിതിക പ്രശ്നങ്ങളും
വിവിധതരം സാങ്കേതിക വിദ്യകള്‍ കടല്‍ ധാതുഖനനത്തിന് വേണ്ടി ഇന്ന് ഉപയോഗിച്ചുവരുന്നു. ഇതില്‍ പ്രധാനമായും ബക്കറ്റ് ലാഡര്‍ ഡ്രെഡ്ജര്‍, ഹൈഡ്രോളിക് ഡ്രെഡ്ജര്‍, Anchor suction drudger, Tailor suction drudger എന്നിവയാണ്. ശക്തിയേറിയ Centri fugal pump (സെന്‍ട്രിഫ്യൂഗല്‍ പമ്പ്) ഉപയോഗിച്ച് സമുദ്ര അടിത്തട്ടിലെ വസ്തുക്കള്‍ ഒന്നടങ്കം 1 മീറ്റര്‍ വ്യാസമുള്ള പൈപ്പ് വഴി ഡ്രഡ്ജര്‍ ലെ കടല്‍ ജലം നിറച്ച സംഭരണിയിലേക്ക് നിക്ഷേപിക്കുന്നു. ഖനനം മൂലം അടിത്തട്ടില്‍ 25 മീറ്റര്‍ ആഴത്തിലും 200 മീറ്റര്‍ വ്യാസത്തിലും കുഴികള്‍ രൂപപ്പെടുന്നു. സംഭരണിയില്‍ നിക്ഷേപിച്ച അടിത്തട്ടിലെ വസ്തുക്കളെ വേര്‍തിരിച്ച് കടയല്‍ പ്രക്രിയയിലൂടെ ധാതുക്കളെ വേര്‍തിരിച്ചുമാറ്റി, പല പ്രാവശ്യം കഴുകി വൃത്തിയാക്കി സംഭരിക്കുകയും അനാവശ്യമായ പാഴ്–വസ്തുക്കളും ചെളിയും വെള്ളവും കലര്‍ന്ന മിശ്രിതം കടലിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നതുവഴി ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ പൊടിപടലം വര്‍ദ്ധിക്കുന്നു. ഇവ ജീവജാലങ്ങള്‍ക്കും ആവാസവ്യവസ്ഥയ്ക്കും വന്‍ഭീഷണിയായി മാറുന്നു.

5. ഖനനം മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാത പ്രശ്നങ്ങള്‍
ഭൗതിക മാറ്റങ്ങളും വ്യതിയാനങ്ങളും
ഖനനം മൂലം കടലിന്റെ അടിത്തട്ടിലെ ഭൂമിക്ക് രൂപാന്തരം സംഭവിക്കും. ഇതുമൂലം കടല്‍ പ്രക്ഷുബബ്ധമാകുന്നു. ജലത്തില്‍ ചെളിയുടെ അംശം ക്രമാതീതമായി വര്‍ദ്ധിക്കുന്നു. തിരമാലകളുടെ (waves) ഒഴിക്കിന്റെയും ദിശയില്‍ മാറ്റം വരുന്നു. ഇതിന്റെ ആഘാതം മൂലം കടല്‍ത്തീരം ഖനനംചെയ്ത കടലിലെ അടിത്തട്ടിലെ ചെളിയുടെ കടയല്‍ പ്രക്രിയ വഴി കടലിലേക്ക് നിക്ഷേപിക്കാനും ചെളിയും വെള്ളവും അടിങ്ങിയ സ്ളറി മാലിന്യം (Slury Waste) സമുദ്ര ആവാസ വ്യവസ്ഥയ്ക്കും ജീവജാലങ്ങള്‍ക്കും വന്‍ ഭീഷണിയായി മാറുന്നു. ഇതുമൂലമുണ്ടാകുന്ന പൊടിപടലം (Plums) മാസങ്ങളോളം ഖനനം ചെയ്ത പ്രദേശങ്ങളിലും മറ്റ് മേഖലകളിലേക്കും വ്യാപിക്കുന്നു. പ്രാദേശികമായി നിലനില്‍ക്കുന്ന ജലഗതിശക്തി (Hydrodynamics) അനുസരിച്ച് കടല്‍ പ്രക്ഷുബബ്ധതയും പൊടിപടലവും അയല്‍ പ്രദേശങ്ങളെയും ബാധിക്കുന്നു. തീരക്കടലിലെ മണല്‍ ഖനനം വഴി തീരപോഷണത്തിന് തീരക്കടലില്‍ കരുതലായ മണല്‍ ശേഖരം ഇല്ലാതാകുന്നു. ഈ സാഹചര്യം ഗുരുതരമായ കടലാക്രമണത്തിനും തീരശോഷണത്തിനും ഇടവരുത്തുന്നു.

കേരളത്തില്‍ നടത്തിവരുന്ന തീരക്കടല്‍ മണല്‍ ഖനനം മൂലം ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴയിലെ പല പഞ്ചായത്തുകളും ശോഷിച്ചുവരുന്നു. കൂടാതെ വിഴിഞ്ഞം, ശംഖുമുഖം, കായംകുളം എന്നീ തീരപ്രദേശങ്ങളും ഖനനം മൂലം ഗുരുതരമായ തീരശോഷണം നേരിട്ടുവരുന്ന പ്രദേശങ്ങളാണ്. തീരക്കടല്‍ പ്രദേശത്തെ പ്രകൃതിദത്തമായി രൂപാന്തരപ്പെടുന്ന മണല്‍തിട്ടകള്‍ നേരിടുന്ന നാശംമൂലം തിരമാലകളുടെ വക്രീകരണത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുക വഴി കൂറ്റന്‍ തിരമാലകള്‍ തീരം വിഴുങ്ങുന്ന അവസ്ഥ സംജാതമാകും. സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത് കേരളം പരിസ്ഥിതി ദുര്‍ബലമായ ആവാസവ്യവസ്ഥയുള്ള പ്രദേശമെന്നാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഈയിടെ പ്രസിദ്ധീകരിച്ച സ്ഥിതിവിരക്കണക്കനുസരിച്ച് കേരളത്തിന്റെ മൊത്തം 590 കി.മീ. നീളമുള്ള കടല്‍ തീരങ്ങളില്‍ 275 കി.മീ. (46.4%) പ്രദേശം കടലെടുപ്പ് നേരിടുക വഴി തീരം നഷ്ടപ്പെട്ടു കഴിഞ്ഞു. സമീപകാലത്ത് പ്രസിദ്ധീകരിച്ച ഐ.പി.സി.സി. റിപ്പോര്‍ട്ട് പ്രകാരം കാലാവസ്ഥ വ്യതിയാനം മൂലം 2030 ഓടെ 11. സെ.മീ. കടല്‍ നിരപ്പ് വര്‍ദ്ധന ഉണ്ടാകുകയും അത് 2100 ഓടുകൂടി 70 സെ.മീ. ആയി വര്‍ദ്ധിക്കുകയും ചെയ്യും. കേരളത്തിലെ ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം, എറണാകുളം പ്രദേശങ്ങള്‍ സമുദ്ര നിരപ്പ് വര്‍ദ്ധന ഭീഷണി നേരിടുന്ന ജില്ലകളാണ്. ഈ പശ്ചാത്തലത്തില്‍ തീരശോഷണത്തിനും കടല്‍ നിരപ്പ് വര്‍ദ്ധനയ്ക്കും ത്വരിതശക്തിയായി പ്രവര്‍ത്തിക്കുന്ന തീരക്കടല്‍ പുറം കടല്‍ മണല്‍ ഖനനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറി. കേരളത്തിന്റെ തീരത്തെയും തീരദേശ ജനതയെയും സംരക്ഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതുണ്ട്.

6. കടല്‍ ജീവികളും 
തീരദേശവാസികളും 
നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍
I. മത്സ്യമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍
a) കടല്‍ മണല്‍ ഖനനം വഴി ഏറ്റവും കൂടുതല്‍ ആഘാതങ്ങള്‍ ഉണ്ടാക്കുന്നത് മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യമേഖലയ്ക്കുമാണ്.

b) കേരളത്തില്‍ കടല്‍ മത്സ്യ സമ്പത്തിനെ ആശ്രയിച്ച് മത്സ്യ ബന്ധനത്തിലും അനുബന്ധ മേഖലയിലുമുള്ള 10 ലക്ഷം ആളുകള്‍ ഉപജീവനം നടത്തിവരുന്നു. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ, ഭക്ഷ്യ സുരക്ഷ, തൊഴില്‍ സുരക്ഷ എന്നിവ യിൽ മത്സ്യമേഖല പ്രധാന പങ്കാണ് വഹിക്കുന്നത്.

c) സ്വതന്ത്രമായി മത്സ്യബന്ധനം നടത്തിവരുന്ന തീരക്കടല്‍, പുറംകടല്‍ പൊതുപ്രദേശങ്ങള്‍ എന്നിവ കുത്തകകളുടെ സ്വത്തായി മാറും. ഇവിടെ നിന്നും മത്സ്യത്തൊഴിലാളികളെ അവർ പുറന്തള്ളും.

d) ലോക സമുദ്രങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഉത്പ്പാദനക്ഷമതയുള്ള കേരളത്തിന്റെ തീരക്കടല്‍ ഏറ്റവും അറിയപ്പെടുന്ന മത്സ്യബന്ധന മേഖലകളാണ്. ചാള, അയല, കൂന്തൾ, കണവ, ചെമ്മീന്‍, അടിത്തട്ടിലെ മത്സ്യങ്ങളായ കിളിമീന്‍, വറ്റ, ആവോലി എന്നിവയില്‍ മുന്‍പന്തിയിലാണ് കേര ളം. പ്രതിവര്‍ഷം 6000 കോടി രൂപ വിദേശ നാണയമായി 13 ലക്ഷം ടണ്‍ sea food കയറ്റുമതിയിലൂടെ കേരളം സമ്പാദിക്കുന്നു. മത്സ്യ ഉപയോഗത്തില്‍ ഇന്ത്യയുടെ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനം കേരളത്തിനാണ്. (21 kg/person)

e) 41 നദികളില്‍ കണ്ടുവരുന്ന ജൈവ നിക്ഷേപം പ്ലറക്കറൻ, ജന്തു പ്ലറക്കന്‍ butchers (കടലിലെ അടിത്തട്ടില്‍ കാണുന്ന ജീവികള്‍) എന്നിവയാക്കി മത്സ്യത്തിന്റെ ആഹാരമാക്കി മാറ്റി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഉയര്‍ന്ന നിരക്കില്‍ മത്സ്യ സമ്പത്തിന്റെ ഉല്‍പ്പാദനം നിലനിര്‍ത്തുന്നു.

കടല്‍ മണല്‍ ഖനനം വഴി 
സംഭവിക്കുന്നത്
1). സമുദ്രത്തിന്റെ അടിത്തട്ടിലെ കോടിക്കണക്കിന് ചെറുജീവികള്‍ നശിക്കുക വഴി അടിത്തട്ടില്‍ വസിക്കുന്ന മത്സ്യ-–ചെമ്മീന്‍–കൂന്തൾ ജീവികളുടെ ആഹാരം ഇല്ലാതാകുന്നു. ഇതുമൂലം പ്രധാന ചെമ്മീന്‍ സമ്പത്തുകള്‍ ശോഷിക്കും.

2). ഖനനം വഴി ഉണ്ടാകുന്ന രാസ ഭൗതിക മാറ്റങ്ങള്‍ മൂലം മത്സ്യങ്ങളുടെയും മുട്ട ലാര്‍വകളുയുടെം ആവാസ കേന്ദ്രം നശിക്കും. ഇതുമൂലം ക്രമേണ ഇല്ലാതാകും. മത്സ്യസമ്പത്ത് ക്ഷയിക്കും.

3)ഖനനം മൂലം ഉണ്ടാകുന്ന കടല്‍ കലക്കലും പൊടിപടലത്തിന്റെ വര്‍ദ്ധനവും കാരണം ജൈവ സംശ്ലേഷണം കുറയും മത്സ്യോല്‍പ്പാദന ശേഷിയില്‍ വന്‍ ഇടിവ് നേരിടും.

4) ഖനനം മൂലം മത്സ്യബന്ധനം തടസ്സപ്പെടും. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് 50 വര്‍ഷത്തെ പാട്ടക്കരാര്‍ നല്‍കിയ കടല്‍ ബ്ലോക്കുകളില്‍ നിന്നും മത്സ്യത്തൊഴിലാളികള്‍ പുറന്തള്ളപ്പെടും. ഈ കരാറില്‍ ഇന്ത്യയും ഒപ്പുവച്ചിട്ടുണ്ട്.

5) കേരളത്തിന്റെ തീരപ്രദേശം പുറംകടലിലും ലോകമാകെ അറിയപ്പെടുന്ന മത്സ്യസങ്കേതങ്ങളായ കൊല്ലം ബാങ്ക്, കന്യാകുമാരിക്ക് തെക്കായി സ്ഥിതി ചെയ്യുന്ന badge bank യമിസ ചേറുവ ബാങ്ക്, പൊന്നാനി ബാങ്ക്, ആലപ്പുഴ, പുറക്കാട്, നാട്ടിക, ചാകര പ്രദേശങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നതിലൂടെ മത്സ്യസമ്പത്തിന്റെ വന്‍ശോഷണം നേരിടുക വഴി മത്സ്യത്തൊഴിലാളികള്‍ പ്രതിസന്ധിയിലാകും.

6) ഖനനത്തിന്റെ ഭാഗമായി നടക്കുന്ന കടല്‍ കടയല്‍ പ്രക്രിയ മൂലമുണ്ടാകുന്ന കലക്കം മൂലം കടല്‍ ജലത്തിന്റെ പ്രക്ഷുബ്ധത വര്‍ദ്ധിക്കാം. ധാതുക്കളില്‍ നിന്നും വമിക്കുന്ന മലിന പദാര്‍ത്ഥങ്ങള്‍ മൂലം കടല്‍ ജലത്തിന്റെ രാസഘടനയില്‍ മാലിന്യ വസ്തുക്കളുടെ സാന്ദ്രത വര്‍ദ്ധിക്കാം. ഇതുമൂലം തീരദേശവാസികള്‍ക്കും മത്സ്യം കഴിക്കുന്ന വ്യക്തികൾക്കും വിവിധ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയാകും.

7) ഖനനം മൂലം പോഷകങ്ങള്‍ വര്‍ദ്ധിക്കുക വഴി ഹാനികരമായ അധിനിവേശ ജീവജാലങ്ങള്‍ വര്‍ദ്ധിക്കും. ഖനന പ്രദേശങ്ങളിലെ ശബ്ദ മലിനീകരണം മൂലം മത്സ്യമടങ്ങുന്ന ജീവജാലങ്ങള്‍ ഖനന പ്രദേശങ്ങളില്‍ നിന്ന് പ്രയാണം ചെയ്യുന്നു.

മണല്‍ ഖനനം മൂലം കടല്‍ത്തീരം നഷ്ടപ്പെടുന്ന 
തീരദേശവാസികളുടെ വാസസ്ഥലവും 
തൊഴില്‍ പ്രദേശവും നഷ്ടപ്പെടുന്നു
1. കടല്‍ മണല്‍ ഖനനം നടക്കുന്ന രാജ്യങ്ങളില്‍ കടല്ത്തീരം കടലാക്രമണത്തിനും തീരശോഷണത്തിനും ഇടയാക്കുന്നു. കടല്‍ത്തീരം നഷ്ടപ്പെടുന്നു.

2. തീരദേശ ദുരന്തങ്ങളുടെ ഫ്രീക്ക്വന്‍സിക്ക് ശക്തി വര്‍ദ്ധിക്കുന്നു. കടല്‍ തീരം വ്യപകമായി നഷ്ടപ്പടുന്നു.

3. കടല്‍ത്തീങ്ങളില്‍ നിന്ന് മണ്‍കൂനകള്‍ അപ്രത്യക്ഷമാകുന്നു. മണല്‍ സംഭരണികള്‍ ഇല്ലാതാകുന്നതോടെ തീരം നിലനിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടാകും.

4. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും വാസസ്ഥലങ്ങളും വീടും സ്വത്തും നിരന്തരം നഷ്ടപ്പെടുന്ന അവസ്ഥ ഉണ്ടാകും. ശക്തമായ കടലാക്രമണം മൂലം തീരദേശവാസികളുടെ ജീവന്‍ നഷ്ടപ്പെടുന്നു.

5. തീരം നഷ്ടപ്പെടുന്നതുകാരണം വിനോദ സഞ്ചാരം ക്രമേണ ഇല്ലാതാകും. ഇതുവഴി സംസ്ഥാനത്തിന് വന്‍ സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. തീരദേശ റോഡുകള്‍ നിരന്തരം തകരുന്നതു കാരണം സഞ്ചാരം തടസ്സപ്പെടുന്നു.

6. മത്സ്യബന്ധനാവശ്യങ്ങള്‍ക്കുള്ള വള്ളം കയറ്റിവയ്ക്കുക, മീന്‍ ഉണക്കുക, വല നെയ്യുക മുതലായവയ്ക്ക് തീരം നഷ്ടമാകുക വഴി തൊഴിലാളികള്‍ക്ക് കൂടുതല്‍ ക്ലേശവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന അവസ്ഥ ഉണ്ടാകും. ഇതുമൂലം മത്സ്യ ബന്ധനം തടസ്സപ്പെടും.

7. തീരത്തെ സംരക്ഷിക്കുന്ന മണ്‍കൂനകളും തീരവും നഷ്ടമാകുന്നതോടെ പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകും. പ്രത്യേകിച്ച് ശക്തമായ കാറ്റിന്റെയും കൂറ്റന്‍ തിരമാലകളുടെയും ദുരന്തങ്ങളില്‍പ്പെട്ട് മത്സ്യത്തൊഴിലാളികള്‍ മരണപ്പെടുകയും വാസസ്ഥലങ്ങള്‍ ഇല്ലാതാകുകയും ചെയ്യും.

ഖനനം മൂലം കടല്‍ത്തീരം നഷ്ടമാകുന്നത് ഒരു ആഗോള പ്രതിഭാസമായി മാറിയിട്ടുള്ള മൊറോക്കോ, കരീബിയന്‍ ദ്വീപ സമൂഹങ്ങള്‍, നെതർലാൻഡ് എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. 

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

one × one =

Most Popular