Thursday, April 25, 2024

ad

Homeവിശകലനംപുൽവാമ സംഭവം ആസൂത്രിതം

പുൽവാമ സംഭവം ആസൂത്രിതം

സി പി നാരായണൻ

ബിജെപി നുണക്കഥകളിലൂടെയും ദുർവ്യാഖ്യാനങ്ങളിലൂടെയും കെട്ടിപ്പൊക്കിയിരിക്കുന്ന തീവ്രഹിന്ദു നിലപാടുകൾ ഉള്ള രാഷ്‌ട്രീയ കക്ഷിയാണെന്നു തെളിയിക്കുന്ന വസ്‌തുതകൾ അതിന്റെ നേതാക്കൾ തന്നെ ഓരോന്നായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു നേടാൻ കഴിഞ്ഞ വിജയം വലിയ അളവോളം കള്ളപ്രചരണത്തിൻമേൽ കെട്ടിപ്പൊക്കിയതാണെന്ന് എന്നു രണ്ടു പതിറ്റാണ്ടായി ബിജെപി നേതാവും മുൻ കാശ്‌മീർ ഗവർണറുമായ സത്യപാൽ മാലിക്ക്‌, ‘ദി വയർ’ എന്ന മാധ്യമത്തിനു അനുവദിച്ച അഭിമുഖ സംഭാഷണത്തിൽ വെളിപ്പെടുത്തിയിരിക്കുന്നു.

2019 ഏപ്രിൽ‐മെയ്‌ മാസങ്ങളിലാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. ആ ഫെബ്രുവരി 14നാണ്‌ ജമ്മുവിൽ നിന്നു ശ്രീനഗറിലേക്കു പോകുകയായിരുന്ന സിആർപിഎഫ് ജവാന്മാരുടെ വാഹന വ്യൂഹത്തിനിടയിലേക്ക്‌ സ്‌ഫോടകവസ്‌തുക്കൾ നിറച്ച ഒരു വാഹനം ഒരു ഇടറോഡിൽനിന്നും ഇടിച്ചു കയറ്റി വൻസ്‌ഫോടനം ഉണ്ടാക്കിയത്‌. 75 വണ്ടികളിലായി ഏതാണ്ട്‌ 2500 ജവാന്മാരാണ്‌ ഉണ്ടായിരുന്നത്‌. അവരെ പാകിസ്‌താൻ അതിർത്തിയോട്‌ ചേർന്നുള്ള റോഡുവഴി കൊണ്ടുപോകുന്നത്‌ സുരക്ഷിതമല്ലെന്നു സിആർപിഎഫ്‌ നേതൃത്വം കേന്ദ്ര ആഭ്യന്തരമന്ത്രിയെ അറിയിച്ചിരുന്നു. അതിനാൽ അവരെ കൊണ്ടുപോകുന്നതിനായി അഞ്ചു വിമാനങ്ങൾ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. അത്‌ നിഷേധിക്കപ്പെട്ടതിനെതുടർന്നാണ്‌ റോഡു വഴി അവർക്ക്‌ യാത്ര ചെയ്യേണ്ടിവന്നത്‌. 40 ജവാന്മാരുടെ മരണത്തിനും നിരവധി പേർക്കു പരിക്കേൽക്കുന്നതിനും ഇടയാക്കിയ സംഭവം അങ്ങനെ ഉണ്ടായതാണ്‌. ഒഴിവാക്കാമായിരുന്ന ഒരു സുരക്ഷാ വീഴ്‌ചയായിരുന്നു അത്‌. ഇക്കാര്യം ജമ്മു-കാശ്‌മീർ ഗവർണർ എന്ന നിലയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചപ്പോൾ മിണ്ടിപ്പോകരുത് എന്ന താക്കീതാണ് തനിക്ക് അന്നു ലഭിച്ചത് എന്നാണ് മാലിക്ക് വെളിപ്പെടുത്തിയത്.

മാലിക്ക് ഇപ്പോഴും ബിജെപിക്കാരനാണ്. അന്നത്തെ (2019ലെ) തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയും ബിജെപിയും പുൽവാമാ ദുരന്തത്തെ തിരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കിയിരുന്നു. പാക്കിസ്താനിൽനിന്നാണ് സിആർപിഎഫ് വ്യൂഹത്തെ ആക്രമിക്കാൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കൾ സംഭവ സ്ഥലത്ത് എത്തിച്ചത് എന്നായിരുന്നു പ്രചരണം. പിന്നീട് ഈ സംഭവത്തിനുത്തരവാദികൾ എന്നു സർക്കാർ ആരോപിച്ച ഒരു സംഘത്തിനെതിരെ പ്രത്യാക്രമണം നടത്തി പാക്ക് അക്രമികളെ വക വരുത്തിയതായി പ്രധാനമന്ത്രി മോദിയും സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും അവകാശപ്പെട്ടു. രാജ്യത്തെ രക്ഷിച്ച ‘പരാക്രമീയായ’ പ്രധാനമന്ത്രി മോദിക്കും പാർട്ടിക്കും വോട്ടു ചെയ്യുക എന്നായിരുന്നു ബിജെപിയുടെ 2019ലെ തിരഞ്ഞെടുപ്പു പ്രചരണത്തിലെ മുഖ്യ മുദ്രാവാക്യങ്ങളിൽ ഒന്ന്.

സത്യപാൽ മാലിക്ക് ഏതെങ്കിലും ഒരു സാധാരണ നേതാവോ ഗവർണറോ ആയിരുന്നില്ല. മോദി സർക്കാർ ജമ്മു–കാശ്മീരിലേക്ക് പ്രത്യേകം നിയോഗിച്ച ഗവർണറായിരുന്നു മാലിക്ക്. അദ്ദേഹം ഗവർണറായിരിക്കെ ആണ് ജമ്മു–കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മുവും കാശ്മീരുമാക്കി മാറ്റിയത്. അപ്പോഴാണ് ആ സംസ്ഥാനത്തിനു പതിറ്റാണ്ടുകളായി പ്രത്യേക പരിഗണന നൽകിയിരുന്ന ഭരണഘടനയിലെ 370–ാം അനുച്ഛേദം റദ്ദാക്കപ്പെട്ടത്.

തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വിദേശാക്രമണത്തിൽനിന്നും ആഭ്യന്തരശത്രുക്കളുടെ ഇടപെടലിൽനിന്നും തക്കസമയത്ത് ഇടപെട്ട് രാജ്യത്തെ വിശേഷിച്ച് കാശ്മീരിനെ രക്ഷിച്ച ദേശാഭിമാനിയും ധീര പോരാളിയുമായി മോദിയെയും അതിന് അദ്ദേഹത്തെ പ്രാപ്തമാക്കിയ പാർട്ടിയായ ബിജെപിയെയും ജനങ്ങൾക്കിടയിൽ ഉയർത്തിക്കാട്ടുകയായിരുന്നു ഈ കെട്ടുകാഴ്ചയുടെ ലക്ഷ്യമെന്നു സത്യപാൽ മാലിക്ക് പറയാതെ പറഞ്ഞിരിക്കുകയാണ്. ഭരണകക്ഷിയുടെ അംഗമായി തുടരുകയും നിർണായക വേളയിൽ ഉത്തരവാദപ്പെട്ട സ്ഥാനം വഹിച്ച് ദൗത്യം നിർവഹിക്കുകയും ചെയ്ത ആളുമാണെന്ന വിശേഷണം സത്യപാൽ മാലിക്കിനു ഇപ്പോഴുമുണ്ട്.

ഇതേ രാഷ്ട്രീയപാർട്ടിയും അതിന്റെ നേതാവായ നരേന്ദ്രമോദിയും ആണ് 2002ൽ ഗുജറാത്തിൽ വർഗീയകലാപം അഴിച്ചുവിടുന്നതിനും ആയിരക്കണക്കിനാളുകളുടെ മരണത്തിനും ഗുരുതരമായ പരിക്കിനും ആൾക്കൂട്ട കലാപങ്ങൾക്കും ഇടയാക്കിയത് എന്ന വസ്തുത ബിബിസി പോലുള്ള ലോക പ്രസിദ്ധമായ വിദേശമാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ പേരിൽ ആ മാധ്യമത്തിനുനേരെ മോദി സർക്കാർ പ്രതികാരനടപടികൾ കെെക്കൊണ്ടുവരുന്നതും നാം കണ്ടുകൊണ്ടിരിക്കയാണ്.
സത്യപാൽ മാലിക്ക് പുറത്തുവിട്ട വസ്തുതകളുടെ പ്രാധാന്യം എന്താണ്? നിർമിത ബുദ്ധിയുടെ കാലമാണിത്. ശാസ്ത്ര –സാങ്കേതിക രംഗത്ത് മാനവരാശിയുടെ കുതിച്ചു കയറ്റത്തിന്റെ മറ്റൊരു തെളിവാണ് അത്. നിർമിത ബുദ്ധി മാത്രമല്ല, തങ്ങളുടെ സ്വകാര്യനേട്ടത്തിനായി നിർമിത സംഭവങ്ങളും തെളിവുകളും ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിൽ അധികാരത്തുടർച്ച ഉറപ്പാക്കുന്ന സങ്കുചിതവും നികൃഷ്ടവുമായ സംഭവ പരമ്പര അഴിച്ചുവിട്ട് ജനപിന്തുണ കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിക്കുന്ന നേതാക്കളാണ് ആർഎസ്എസ്– ബിജെപിയെ നയിക്കുന്നത്. ഇക്കാര്യം സത്യപാൽ മാലിക്ക് എന്ന മോദിയുടെ വിശ്വസ്തനായ ബിജെപി നേതാവിന്റെ അഭിമുഖത്തിലൂടെ വെളിപ്പെട്ടിരിക്കുകയാണ്.

ബിജെപി നേതാവായ സത്യപാൽ മാലിക്ക് അവർക്കു മുമ്പാകെയും ജനങ്ങൾക്കും മുമ്പാകെ പുൽവാമാ സംഭവത്തിന്റെ യഥാർഥ വിവരണത്തിലൂടെ വെളിവാക്കിയിരിക്കുന്നത് ബിജെപിക്കും അതിന്റെ നേതൃത്വത്തിനും ഒരു സത്യസന്ധതയും മൂല്യബോധവും ജനങ്ങളോട് പ്രതിബദ്ധതയും ഇല്ലെന്നാണ്. മോദി സർക്കാരിന് ഏറ്റവും വലിയ പരിഗണന ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷിതത്വവും പുരോഗതിയുമാണ് എന്ന പ്രതീതി സൃഷ്ടിക്കാനാണ് അവർ നിരന്തരം ശ്രദ്ധിച്ചുപോന്നത്. അതിനുവേണ്ടി പുൽവാമയിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും സിആർപിഎഫ് ഭടന്മാരുടെ സുരക്ഷയ്-ക്ക് വേണ്ട നടപടികൾ കെെക്കൊള്ളാതെ അവരെ ബലിയാടുകളാക്കി മാറ്റുകയായിരുന്നു. നാലുവർഷങ്ങൾക്കുശേഷം തനിക്ക് നേരിട്ടു ബോധ്യമുള്ള ആ സത്യം തുറന്നു പറയാൻ അന്നത്തെ കാശ്മീർ ഗവർണറും ബിജെപി നേതാവുമായ സത്യപാൽ മാലിക്കിനെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഒരു കാര്യം എത്രയോ തവണയായി തെളിഞ്ഞതാണ്. എത്ര മൂടിവയ്ക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചാലും, അവർ അറിയാതെ ആ സത്യം പുറത്തുവരും. സംഭവസമയത്ത് മോദിയും അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും അന്ന് ഗവർണറുടെ വായ് അടപ്പിച്ചു. ഇപ്പോൾ സത്യം അദ്ദേഹത്തിൽ നിന്നു മറ്റൊരു വഴിയിലൂടെ പുറത്തു വന്നിരിക്കുന്നു. ഒരു സത്യത്തെയും ഏറെക്കാലം മൂടിവയ്ക്കാനാവില്ലല്ലോ.

എന്തെല്ലാം ദുർവ്യാഖ്യാനത്തിലൂടെയാണ്, മറ്റ് അടവുകൾ പ്രയോഗിച്ചാണ് ആ സത്യവും അതിനെ തങ്ങൾ മൂടിവെച്ചെന്ന വസ്തുതയും മറച്ചുപിടിക്കാനോ ജനങ്ങളെക്കൊണ്ട് അതെല്ലാം അവഗണിപ്പിക്കാനോ, മോദി യും കൂട്ടരും ശ്രമിക്കുക എന്ന് അറിയില്ല. പക്ഷേ , ഒരു കാര്യം അസന്ദിഗ്ധമായി തെളിഞ്ഞിരിക്കയാണ്: അധികാരം നിലനിർത്തുന്നതിനുവേണ്ടി ഏത് വസ്തുതയും മൂടി വയ്ക്കാനും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കാനും ഒരു മടിയുമില്ലാത്ത രാഷ്ട്രീയ സംഘടനയാണ് ആർഎസ്എസും അത് സൃഷ്ടിച്ച രാഷ്ട്രീയകക്ഷിയായ ബിജെപിയും. അതിനു വേണ്ടി രാജ്യത്തെ പ്രതിരോധിക്കുന്ന നമ്മുടെ സേനകളുടെ പ്രശസ്തിയും അവയുടെ സംഘടനാ ഭദ്രതയും സേനാംഗങ്ങളുടെ ജീവനും വരെ ബലി കഴിക്കുന്നതിന് ഒരു മനസ്സാക്ഷിക്കുത്തും ഇല്ലാത്ത കൂട്ടരാണ് ബിജെപി എന്ന രാഷ്ട്രീയപാർട്ടി. അവർക്കു പ്രധാനം അവരുടെ നിലനിൽപ്പാണ്, അധികാരപദവികൾ നിലനിർത്തലാണ്. ആ ലക്ഷ്യം കെെവരിക്കുന്നതിനുവേണ്ടി അവർ എന്തും ചെയ്യും; ആരെയും ബലികഴിക്കും.

2019ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം അത്ര ഉറപ്പായിരുന്നില്ല. അത് ഉറപ്പാക്കുന്നതിന് ജനങ്ങളുടെ ദേശാഭിമാന ബോധത്തെയും ദേശസുരക്ഷയിലുള്ള താൽപ്പര്യത്തെയും മുതലെടുക്കുന്നതിനു വേണ്ടിയാണ് പുൽവാമയിൽ നാൽപത് സിആർപിഎഫ് ജവാന്മാരുടെ ജീവൻ അവർ ബലികൊടുത്തത്. ഉത്തരവാദിത്ത ബോധമുണ്ടായിരുന്നു പ്രധാനമന്ത്രി മോദിക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കുമെങ്കിൽ, സേനാംഗങ്ങളുടെ ജീവൽ സംരക്ഷിക്കുക അവർക്കു പ്രധാനമായിരുന്നെങ്കിൽ, 2500 സിആർപിഎഫ് ജവാന്മാരുടെ വാഹനവ്യൂഹത്തെ വേണ്ടത്ര സുരക്ഷാ സംവിധാനം ഏർപ്പെടുത്താതെ അതുവഴി പറഞ്ഞുവിടുകയില്ലായിരുന്നു. അന്നു മോദിക്കും സഹപ്രവർത്തകർക്കും ആവശ്യം അവരെ ബലി കഴിക്കുകയായിരുന്നു. അതിന്റെ പേരിൽ പാക്കിസ്-താനെതിരെ പരാക്രമങ്ങൾ നടത്തുന്നതായി കാട്ടിക്കൂട്ടി ജനങ്ങളുടെ വോട്ട് പിടിക്കുകയാണ് മോദി ചെയ്തത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × 4 =

Most Popular