Friday, April 19, 2024

ad

Homeരാജ്യങ്ങളിലൂടെസുഡാനിൽ ആഭ്യന്തരയുദ്ധം

സുഡാനിൽ ആഭ്യന്തരയുദ്ധം

ആര്യ ജിനദേവൻ

സുഡാനിൽ മൂന്നുവർഷത്തോളമായി നീണ്ടുനിൽക്കുന്ന സൈനിക അട്ടിമറിയുടെ ഭാഗമായി ഏപ്രിൽ 15ന് സുരക്ഷാ സേനകൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ 180 പേർ മൃഗീയമായി കൊല്ലപ്പെട്ടു; 1800 പേർക്ക് പരിക്കേറ്റു. സുഡാനിലെ പാരാമിലിറ്ററി സേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും (ആർഎസ്‌എഫ്‌) സുഡാനീസ് ആമ്ഡ് ഫോഴ്സും (എസ്‌എഎഫ്‌) തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. ഇരു സേനകളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്ന സുഡാനീസ് ആമ്ഡ് ഫോഴ്സിന്റെ ഹെഡ്‌കാർടേഴ്‌സും അതിന്റെ പ്രധാന കേന്ദ്രങ്ങളും പശ്ചാത്തലസൗകര്യ സംവിധാനങ്ങളും പിടിച്ചെടുക്കുന്നതിന് റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് ശക്തമായ കയ്യേറ്റം നടത്തിയ സുഡാനിന്റെ തലസ്ഥാനമായ കാർതോം നഗരത്തിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായത്.

30 വർഷത്തോളമായി സുഡാനിൽ സ്വേച്ഛാധിപത്യ ഭരണം നടത്തിയിരുന്ന ഒമർ അൽ ബഷീർ എന്ന ഏകാധിപതിയെ അധികാരത്തിൽനിന്നിറക്കുന്നതിനുവേണ്ടി 2018 ൽ നടന്ന ഡിസംബർ വിപ്ലവത്തെ തുടർന്ന് ഏപ്രിൽ 2019 നു നടന്ന ബഹുജനപ്രക്ഷോഭം ഒടുവിൽ ഒമർ അൽ ബഷീറിനെ അധികാരത്തിന്റെ ശീതളച്ഛായയിൽ നിന്ന് താഴെഇറക്കി; എന്നാൽ വിപ്ലവം അവസാനിച്ചില്ല. അധികാരത്തിൽനിന്ന് പടിയിറങ്ങേണ്ടിവന്ന ബഷീറിന്റെ വിശ്വസ്തരായ പട്ടാള ജനറൽമാർ ചേർന്ന് രാജ്യത്ത് സൈനിക അട്ടിമറി നടത്തുകയായിരുന്നു. അതിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ 2019 ജൂൺ മൂന്നിന് കൂട്ടക്കൊല നടത്തിയാണ് അട്ടിമറിസംഘം പ്രതികരിച്ചത്. പിന്നീട് വിവിധ വലതുപക്ഷ പാർട്ടികളുമായി ചേർന്ന് രൂപംകൊടുത്ത ഫോഴ്സ് ഓഫ് ഫ്രീഡം ആൻഡ് ചേഞ്ച് ഫോഴ്‌സസ് (FFC) എന്ന കൂട്ടുമുന്നണിയോട് ചേർന്ന് രൂപംകൊടുത്ത സൈനിക കൂട്ടുകക്ഷി സർക്കാർ ഓഗസ്റ്റ് 2019 നു നിലവിൽവന്നു. എന്നാൽ പിന്നീട് ഈ സൈനികശക്തികളായ ആർഎസ്എഫും എസ്എഎഫും തമ്മിൽ അധികാരത്തിനുവേണ്ടി പരസ്പര ഏറ്റുമുട്ടലിലേക്ക് നീങ്ങുകയായിരുന്നു.

സുഡാനീസ് ആർമ്ഡ് ഫോഴ്‌സസ് തലവൻ അബ്ദുൽ ഫത്താ അൽ-ബുർഹാനും റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ്‌ തലവൻ ഹെമേത്തിയും

ഇരു സേനകളും തമ്മിൽ അധികാരത്തിനുവേണ്ടി നടത്തുന്ന സൈനികമായ ഏറ്റുമുട്ടലുകൾക്കും കലാപങ്ങൾക്കുമിടയിൽപെട്ടു നട്ടംതിരിയുന്നത് രാജ്യത്തെ സാധാരണക്കാരായ ജനങ്ങളാണ്. ഇപ്പോൾതന്നെ വെള്ളവും വൈദ്യുതിയും ഇല്ലാതെ മൂന്ന് ദിവസമായി നഗരങ്ങളിലെ ജനങ്ങൾ വീടുകൾക്കുള്ളിൽ അടച്ചിരിക്കുകയാണ്. എസ്എഎഫിന്റെ ഹെഡ് ക്വാർട്ടേഴ്സ് പിടിച്ചെടുക്കാനുള്ള ആർഎസ്എഫിന്റെ ആക്രമണത്തിനിടയിൽ ആശുപത്രികളും പൊതുസ്ഥാപനങ്ങളും ആകെ തകർക്കപ്പെട്ടിരിക്കുകയാണ്. ഇരുകക്ഷികളോടും ആരോഗ്യ സുരക്ഷാസൗകര്യങ്ങൾക്കു നേരെ ആക്രമണം നടത്തരുത് എന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അതിനു വിരുദ്ധമായ സംഭവങ്ങളാണ് നടക്കുന്നത് എന്നും കാർത്തോമിലെ ആശുപത്രികളും ആരോഗ്യസുരക്ഷാ സ്ഥാപനങ്ങളും പീരങ്കികളുടെയും തോക്കുകളുടെയും ആക്രമണങ്ങൾക്കിരയാവുകയാണ് എന്ന് സുഡാൻ ഡോക്ടർസ് യൂണിയൻ തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അൽ-ഷാബ് ടീച്ചിംഗ് ഹോസ്പിറ്റലിൽ നടത്തിയ ബോംബാക്രമണത്തിന്റെ ഭാഗമായി ആശുപത്രിയിലെ എല്ലാ പ്രവർത്തനങ്ങളും തകരാറിലാവുകയും നിർത്തി വയ്ക്കപ്പെടുകയും ചെയ്തിരിക്കുകയാണ്. ഇത്തരത്തിൽ ആശുപത്രികളും മറ്റു പൊതു സ്ഥാപനങ്ങളുമാകെ ആക്രമിക്കപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

അതേസമയം ഡിസംബർ വിപ്ലവത്തിന്റെ ശക്തികൾ നടത്തുന്ന, എസ്‌എഎഫ്‌ മുഖ്യൻ ആയ ബുർഹാന്റെയും ആർഎസ്എഫ് തലവനായ ഹെമേതിയുടെയും കയ്യിൽ നിന്ന് അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള പോരാട്ടം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ, 2019 ജൂൺ മൂന്നിന് അധികാരം സിവിൽ അതോറിറ്റിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സൈനിക അട്ടിമറിക്കെതിരായി നടത്തിയ പ്രകടനത്തെ ആർഎസ്എഫ് നേരിട്ടത് കൂട്ടക്കൊലകൾ നടത്തിയാണ്. അന്ന് കൊല്ലപ്പെട്ടത് 100 പ്രക്ഷോഭകാരികൾ ആണ്. എന്നിട്ടും പിന്മാറാതെ ഇപ്പോഴും വിപ്ലവത്തിന്റെ ശക്തികൾ സമര രംഗത്ത് ഉറച്ചു നിൽക്കുന്നത് അട്ടിമറി സംഘത്തിന് രാജ്യത്തെ ഭരിച്ചുമുടിക്കുവാൻ തടസ്സമായിരിക്കുകയാണ്. സൈനിക അട്ടിമറിക്കെതിരെയുള്ള സുഡാനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ജനാധിപത്യ അനുകൂല പ്രസ്ഥാനങ്ങളുടെ സമരോത്സുകമായ ആഹ്വാനങ്ങൾ കൂടുതൽ കൂടുതൽ ഉച്ചത്തിൽ മുഴങ്ങുമ്പോൾ സംഘത്തിന് രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും സമ്മർദ്ദം ഏറി വരികയാണ്. ഇതിന്റെ ഭാഗമായി ബുർഹാനും ഹെമേതിയും വലതുപക്ഷ ശക്തികളുമായി ചർച്ചയിൽ ഏർപ്പെടുകയും ഇടക്കാല സഖ്യങ്ങൾ രൂപീകരിക്കുകയും ചെയ്തുവരുന്നുണ്ട്. എന്നാൽ രാജ്യത്തെ ജനങ്ങളുടെ ജീവിതം നരകതുല്യമാക്കികൊണ്ട് ഇരു സൈനികശക്തികളും ചേർന്ന് വലതുപക്ഷത്തെ കൂട്ടുപിടിച്ചുകൊണ്ട് നടത്തുന്ന സൈനിക അട്ടിമറിക്കെതിരെ രാജ്യത്തെ ജനങ്ങൾ പൊരുതുകതന്നെ ചെയ്യും എന്നാണ് ജനാധിപത്യ അനുകൂല പ്രസ്ഥാനം തുടർച്ചയായി ആഹ്വാനം ചെയ്‌തുകൊണ്ടിരിക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

two + 17 =

Most Popular