ജനുവരി 19ന് തുടക്കംകുറിച്ച, മൂന്നുമാസമായി ഫ്രാൻസിൽ ആളിക്കത്തി കൊണ്ടിരിക്കുന്ന പെൻഷൻ സമരം ഏപ്രിൽ 14 ഓടുകൂടി മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ജനുവരി 19നാണ് ഫ്രഞ്ച് പ്രസിഡന്റായ ഇമ്മാനുവൽ മക്രോണ് പെൻഷൻ പ്രായം 62ൽ നിന്ന് 64 ആക്കിക്കൊണ്ടും മറ്റു പെൻഷൻ ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കികൊണ്ടും ജനവിരുദ്ധമായ പെൻഷൻ പരിഷ്കരണം മുന്നോട്ടുവച്ചത്. ഫ്രഞ്ച് നിയമനിർമ്മാണ സഭയായ നാഷണൽ അസംബ്ലിയിൽ വോട്ടെടുപ്പിന് വെച്ചുകഴിഞ്ഞാൽ ഈ ബില്ല് തള്ളിപ്പോകും എന്നറിയാവുന്ന മക്രോൺ ഭരണഘടനയിലെ 49(3) വകുപ്പുപ്രകാരം ബില്ല് വോട്ടെടുപ്പിന് വെയ്ക്കാതെ ഭരണഘടന കൗൺസിലിന് വീടുകയായിരുന്നു. ഏപ്രിൽ 13ന് മുൻപ് രാഷ്ട്രീയക്കാരായിരുന്ന മുതലാളിത്താനുകൂല ഗൂഢസംഘം നേതൃത്വത്തിലിരിക്കുന്ന ഭരണഘടനാ കൗൺസിൽ മക്രോണിന്റെ പെൻഷൻ പരിഷ്കരണത്തിന് അംഗീകാരം നൽകി. വളരെ ചുരുക്കം തീരെ ചെറിയ ചില എതിർപ്പുകൾ മാത്രമാണ് ഭരണഘടന കൗൺസിൽ മുന്നോട്ടുവച്ചത് അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്ന് ഉറപ്പാണ്. ഈ വിഷയത്തിൽ ഒരു ജനകീയ ഹിതപരിശോധന നടത്തണമെന്ന അപേക്ഷകളും ഭരണഘടനാ ബെഞ്ച് തള്ളിക്കളഞ്ഞു. അങ്ങനെ ഏപ്രിൽ 14ന് ഭരണഘടന കൗൺസിൽ ജനവിരുദ്ധമായ ഈ കൊള്ളയ്ക്ക് അംഗീകാരം കൊടുത്തുകൊണ്ട് തുല്യം ചാർത്തി. ഏപ്രിൽ 15ന് പ്രസിഡൻറ് മക്രോൺ തൊഴിലാളികളുടെ പെൻഷൻ വെട്ടി ചുരുക്കുന്ന ഈ ജനവിരുദ്ധമായ പെൻഷൻ പരിഷ്കരണ ബില്ലിൽ ഒപ്പു വയ്ക്കുകയും ചെയ്തു.
ഈ പരിഷ്കരണത്തിനെതിരായി ജനുവരി 19 മുതലിങ്ങോട്ട് ഫ്രാൻസിൽ നടന്നുവരുന്ന ദേശവ്യാപക പ്രക്ഷോഭങ്ങളുടെയും പണിമുടക്കുകളുടെയും പന്ത്രണ്ടാമത്തെ ദിവസമായിരുന്നു ഏപ്രിൽ 13. ഭരണഘടന കൗൺസിൽ ബില്ലിന് അംഗീകാരം നൽകി എന്നറിഞ്ഞപ്പോൾതന്നെ ലക്ഷകണക്കിന് തൊഴിലാളികളും വിദ്യാർത്ഥികളും യുവാക്കളും തെരുവിൽ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളാണ് നടത്തിയത്. “നീതിരഹിതവും നിഷ്ഠൂരവുമായ ഈ നിയമ”ത്തിനെതിരായ ജനകീയ പോരാട്ടം തുടരുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഫ്രാൻസിലെ ജനങ്ങൾ രാജ്യത്തെ പ്രധാന നഗരകേന്ദ്രങ്ങളിലെല്ലാംതന്നെ പ്രകടനങ്ങൾ നടത്തി. ബില്ലിന് അംഗീകാരം നൽകികൊണ്ടുള്ള ഭരണഘടന കൗൺസിലിന്റെ പ്രഖ്യാപനം വന്ന് മണിക്കൂറുകൾക്കുള്ളിലായിരുന്നു ഫ്രാൻസിന്റെ തെരുവുകൾ പൊരുതുന്ന ജനങ്ങളെക്കൊണ്ട് നിറഞ്ഞത്. ബില്ലിന് അംഗീകാരം നൽകിയതുവഴി ഭരണഘടന ബെഞ്ച് കോടിക്കണക്കിന് ഫ്രഞ്ച് തൊഴിലാളികളെയും യുവാക്കളെയും വിദ്യാർത്ഥികളെയും കർഷകരെയും പുരോഗമന സമൂഹത്തെയുമാകെ കൈവെടിയുകയാണ് ചെയ്തത്. ഫ്രാൻസിലെ ഇടതുപക്ഷ ട്രേഡ് യൂണിയൻ കൂട്ടായ്മയായ ജനറൽ കോൺഫെഡറേഷൻ ഓഫ് ലേബർ (CGT) ഏപ്രിൽ അവസാനത്തോടുകൂടി ശക്തമായ പ്രക്ഷോഭ പരിപാടികൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഈ വർഷത്തെ മെയ്ദിനം, അതുകൊണ്ടുതന്നെ, ഫ്രാൻസിൽ പ്രതീകാത്മക പ്രകടനങ്ങൾക്കപ്പുറം ശക്തമായ ജനകീയ പ്രക്ഷോഭം ആയി മാറുമെന്ന് ഉറപ്പാണ്.
ഫ്രഞ്ച് ജനതയുടെ നാലിൽ മൂന്നു ഭാഗവും ഇതിനെതിരായി അണിനിരന്ന ദിവസമായിരുന്നു ജനുവരി 19ലെ പണിമുടക്ക്. 1968 മെയ്യിലെ പൊതുപണിമുടക്കിനു ശേഷം ഫ്രാൻസിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച പണിമുടക്കായി അത് മാറി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും എതിർത്തിട്ടും തെരുവിലിറങ്ങിയിട്ടും ചെറുത്തുനിൽപ്പുയർത്തിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് കുത്സിത മാർഗ്ഗങ്ങൾവഴി മക്രോണ് ഈ ബില്ല് ഒപ്പുവെച്ചത് വെളിപ്പെടുത്തുന്നത് ഫ്രാൻസിലെ ഭരണകൂടത്തിന്റെ വർഗ്ഗസ്വഭാവമാണ്. തൊഴിലാളികൾക്കുമേൽ മുതലാളിത്ത പ്രമാണികളുടെ നഗ്നമായ സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കുന്ന തീവ്ര വലതുപക്ഷ ഭരണകൂടമാണ് ഫ്രാൻസിൽ അധികാരത്തിലുള്ളത് എന്ന് സ്പഷ്ടമാക്കപ്പെട്ടിരിക്കുന്നു. തൊഴിലാളികൾക്ക് പെൻഷൻ നൽകേണ്ട പ്രായത്തിൽ രണ്ടുവർഷം നീട്ടികിട്ടുക മാത്രമല്ല തൊഴിലാളിയിൽ നിന്ന് പെൻഷൻ സ്‌കീമിലേക്കുള്ള വിഹിതം 43 വർഷത്തേക്ക് ഊറ്റാൻ ആവും എന്നതുമാണ് മക്രോണിന്റെ പെൻഷൻ പരിഷ്കരണ ബില്ലിന്റെ പ്രത്യേകത. പ്രതിഷേധിക്കുന്ന ജനങ്ങളെ തന്റെ പോലീസിനെ ഉപയോഗിച്ച് ക്രൂരമായി ആക്രമിച് അടിച്ചമർത്തുന്ന മക്രോൺ രാജ്യത്ത് നടപ്പാക്കുന്നത് മുതലാളിത്ത സ്വേച്ഛാധിപത്യമാണ്. ഫ്രാൻസിലെ മുതലാളിത്ത എലൈറ്റുകളുടെ പോക്കറ്റിലേക്കും മക്രോണിന്റെ യൂറോപ്യൻ വാർ എക്കണോമിയിലേക്കും കോടിക്കണക്കിന് യൂറോകൾ കുന്നു കൂട്ടുന്നതിനുള്ള നയങ്ങളാണ് മക്രോൺ രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്നത്. ഇപ്പോൾ ജനവിരുദ്ധമായി വെട്ടിച്ചുരുക്കൽ ബില്ല് മക്രോൺ ഔദ്യോഗികമായി ഒപ്പുവെച്ചു എന്നത് ബില്ലിനെതിരായോ മക്രോണിനെതിരായോ ഉള്ള തൊഴിലാളികളുടെ പോരാട്ടം അവസാനിപ്പിക്കുന്നില്ല. ഫ്രഞ്ച് ജനത നടത്തുന്നത് രാജ്യത്തെ മുതലാളിത്ത ഭരണകൂടത്തിനെതിരായ രാഷ്ട്രീയ സമരമാണ്. ജനങ്ങൾക്കുമേൽ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുന്ന ഈ ബില്ല് ജനാധിപത്യത്തിന്റെ പുറംപൂച്ചുപോലും കാണിക്കാതെ തികച്ചും അന്യായമായ നിയമനിർമ്മാണങ്ങൾ നടത്തിക്കൊണ്ട് പ്രാബല്യത്തിൽ കൊണ്ടുവരുകവഴി ജനസാമാന്യത്തെയാകെ ദ്രോഹിക്കുന്ന ഗവൺമെന്റിതിരായി വരുംനാളുകളിൽ ശക്തമായ സമരകാഹളങ്ങൾ ഫ്രാൻസിൽ മുഴങ്ങുമെന്നുറപ്പാണ്. ♦