ജപ്പാൻ പാർലമെന്റായ ഡയറ്റിലെ (Diet) ഉന്നത സഭയായ ഹൗസ് ഓഫ് കൗൺസിലേഴ്സിൽ (കൗൺസിലർമാരുടെ സഭ) മാർച്ച് 29ന് ജപ്പാൻ കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് സ്വവർഗ്ഗ വിവാഹം നിയമപരമാക്കാനുള്ള ബില്ല് സമർപ്പിച്ചു. ആൺ-പെൺ ഭേദത്തിനപ്പുറം ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ് ക്വീർ എന്നിങ്ങനെ ലിംഗപരമായ വൈവിധ്യങ്ങൾ ഉണ്ട് എന്ന് ലോകത്താകെ സ്ഥാപിക്കപ്പെട്ടുകഴിഞ്ഞ സാഹചര്യത്തിൽ വൈവിധ്യങ്ങളെ അംഗീകരിക്കുവാനും ഉൾക്കൊള്ളുവാനും രാജ്യം തയ്യാറാകണമെന്ന് ജപ്പാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. അതിന് ലിംഗപരമായ വൈവിധ്യങ്ങൾക്ക് നിയമപരമായ സാധ്യതകൾ നൽകേണ്ടത് ഏറ്റവും അനിവാര്യമാണെന്നും ജപ്പാൻ കമ്യൂണിസ്റ്റ് പാർട്ടി അവകാശപ്പെട്ടു. ഈ ബില്ല് നടപ്പാക്കുകയാണെങ്കിൽ, എതിർലിംഗ വിവാഹത്തിനൊപ്പം സ്വവർഗ വിവാഹങ്ങളെയും നിയമപരമാക്കുകയും “ഭാര്യ”- “ഭർത്താവ്” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളെ നിയമസംഹിതകളിൽ നിന്ന് നീക്കംചെയ്ത് പകരം “വിവാഹ പങ്കാളികൾ” എന്നാക്കുകയും ചെയ്യും. ജപ്പാൻ കമ്മ്യൂണിസ്റ്റ് കൗണ്സിലർമാരായ നിഹി സോഹെയി, ഖുറാബയാഷി ആക്കിക്കോ, ഇതൊ ഗാകൂ എന്നിവർ ചേർന്ന് നിർദിഷ്ട ബില്ല് സഭയുടെ സെക്രട്ടറി ജനറലിന് കൈമാറി.
ബില്ല് സമർപ്പിച്ചശേഷം സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ സർവേയിൽ പ്രതികരിക്കാൻ തയ്യാറായ 70 ശതമാനം പേരും അതിനെ അനുകൂലിക്കുകയും കൂടുതൽ മുൻസിപ്പാലിറ്റികൾ വ്യത്യസ്ത രീതിയിലുള്ള സ്വവർഗ്ഗ പങ്കാളിത്ത സംവിധാനത്തെ അവതരിപ്പിക്കുകയും ചെയ്തുവരുന്നുണ്ട് എന്ന് നിഹി ചൂണ്ടിക്കാണിച്ചു. ജപ്പാനിൽ എൽജിബിടിക്യു വിന്റെ അവകാശങ്ങളെ സംബന്ധിച്ച പൊതുധാരണയിൽ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്; അതുകൊണ്ടുതന്നെ, സ്വവർഗ്ഗ വിവാഹത്തെ നിയമപരമായി അംഗീകരിക്കേണ്ടത് ഡയറ്റിന്റെ അടിയന്തരകടമയാണ് എന്ന് നിഹി പറഞ്ഞു. രാജ്യത്ത് ഭരണം കയ്യാളുന്ന ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പിന്തുടരുന്ന പുരുഷാധിപത്യപരവും സാമ്പ്രദായികവുമായ “കുടുംബമൂല്യങ്ങൾ” വിവാഹ തുല്യതയുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിന് തുരങ്കംവയ്ക്കുന്നു എന്നും കാലഹരണപ്പെട്ട ഈ “കുടുംബമൂല്യങ്ങൾ” ഉപേക്ഷിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും സന്തോഷത്തിനുവേണ്ടി ഗവൺമെന്റ് നിലകൊള്ളണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യപ്പെട്ടു. ♦