സൊമാറ്റോയുടെ പലവ്യജ്ഞനങ്ങൾ ഉപഭോക്താക്കളുടെ വീടുകളിൽ എത്തിച്ചുകൊടുക്കുന്ന പ്ലാറ്റ്ഫോമാണ് ബ്ലിങ്കിറ്റ് . 2022ലാണ് 55 കോടി ഡോളർ നൽകി ബ്ലിങ്കിറ്റിനെ സൊമാറ്റൊ വാങ്ങിയത്. ബ്ലിങ്കിറ്റ് ജീവനക്കാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും വെട്ടിക്കുറച്ച് ലാഭം പെരുപ്പിക്കാനാണ് തുടക്കംമുതൽ സൊമാറ്റൊ നീക്കം നടത്തിയത്. അതിനെതിരെ ബ്ലിങ്കിറ്റിന്റെ വിവിധ വിതരണകേന്ദ്രങ്ങളിൽ‐ കൊൽക്കത്ത, ഹൈദരാബാദ്, പുനെ, ന്യൂഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. എന്നാൽ പ്രതിഷേധങ്ങൾ ചെവിക്കൊള്ളാതെ ഏപ്രിൽ 10ന് അർധരാത്രി മുതൽ ബ്ലിങ്കിറ്റിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചുകൊണ്ട് ഉത്തരവിറക്കി.
ഓരോ ഡെലിവറിക്കും 50 രൂപ നിരക്കുണ്ടായിരുന്നത് 15 രൂപയായി കുറച്ചു. പുറമെ യാത്രചെയ്യുന്ന ദൂരത്തിനനുസരിച്ച് ബേസ് പെയ്‌മെന്റും ഇൻസെന്റീവും നൽകിയിരുന്നത് ബേസ് പെയ്‌മെന്റ് നിർത്തലാക്കുകയും യാത്രാദൂരം കണക്കിലെടുത്ത് ഒമ്പതുരൂപ മുതൽ 12 രൂപവരെ നൽകുന്ന രീതിയും കൊണ്ടുവന്നു. ഇത് പരമാവധി 15 രൂപയ്‌ക്കപ്പുറമാവില്ല. 12 മണിക്കൂർ വരെയാണ് ഡെലിവറി ജീവനക്കാർ ഓരോ ദിവസവും പണിയെടുക്കുന്നത്. എന്നാൽ കടുത്ത വിലക്കയറ്റം നിലനിൽക്കുമ്പോൾ ജീവനക്കാരുടെ ശമ്പളം 50 ശതമാനത്തിലേറെ കുറവ് വരുത്തുന്നത് അവർക്ക് കഷ്ടിച്ച് നിത്യച്ചെലവുകൾ നിർവഹിക്കാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥ സംജാതമാക്കും. നേരത്തെ ലഭിച്ചിരുന്ന തുകതന്നെ കുടുംബം പുലർത്താൻ പര്യാപ്‌തമായതായിരുന്നില്ല.
ശമ്പളം വെട്ടിക്കുറച്ചതിനെതിരെ ഗുഡ്‌ഗാവിലെ (ന്യൂഡൽഹി) ബ്ലിങ്കിറ്റിന്റെ സെന്ററിലെ 2500 ഓളം ജീവനക്കാർ പണിമുടക്കി. തൊളിലാളികൾ തങ്ങളുടെ പരാതികൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഹരിയാന ലേബർ കമ്മിഷണറെ സമീപിച്ചെങ്കിലും അദ്ദേഹം തന്റെ നിസ്സഹായത വെളിപ്പെടുത്തി. കാരണം സൊമാറ്റൊയും സ്വിഗ്ഗിയും പോലെയുള്ള ഗിഗ് സ്ഥാപനങ്ങൾ അവയ്‌ക്കു കീഴിൽ പണിയെടുക്കുന്നവരെ തൊഴിലാളികളായി കണക്കാക്കുന്നില്ല. കമ്പനികളെ സംബന്ധിച്ച് അവർ പങ്കാളികളാണ് (Partners). അതുകൊണ്ട് ലേബർ ഡിപ്പാർട്ട്‌മെന്റിന് ഇടപെടാനാവില്ല. പങ്കാളികൾ തമ്മിലുള്ള തർക്കത്തിൽ ലേബർ ഡിപ്പാർട്ട്‌മെന്റിന് എന്തുകാര്യം?
എങ്കിലും ഹരിയാന ലേബർ കമ്മിഷണർ ഏപ്രിൽ 15ന് മാനേജ്‌മെന്റിന്റെയും തൊഴിലാളികളുടെയും യോഗം വിളിച്ചു. എന്നാൽ 15നും 17നുമായി അഞ്ച് മണിക്കൂറിലേറെ ചർച്ചചെയ്‌തിട്ടും കമ്പനി മാനേജ്‌മെന്റിന്റെ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുമൂലം അനുരഞ്‌ജനം സാധ്യമായില്ല. അതുകൊണ്ടുതന്നെ പണിമുടക്ക് ഇപ്പോഴും തുടരുകയാണ്. ♦