ഏപ്രിൽ 18ന് പഞ്ചാബിൽ നടന്ന ട്രെയിൻ തടയൽ സമരംമൂലം ഇരുപതോളം ട്രെയിനുകൾ റദ്ദാക്കാൻ റെയിൽവേ അധികൃതർ നിർബന്ധിതരായി. കാലംതെറ്റി പെയ്‌ത മഴമൂലം സംഭവിച്ച കൃഷിനാശത്തിനുള്ള പരിഹാരമായി ഗോതമ്പ് പതിരിന്റെയും മുറിഞ്ഞുപോയ ഗോതമ്പിന്റെയും വില ആറു ശതമാനത്തിലധികം വെട്ടിക്കുറയ്‌ക്കുമെന്ന ഇന്ത്യാ ഗവൺമെന്റിന്റെ പ്രഖ്യാപനത്തിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് പഞ്ചാബിലെ കർഷകർ ട്രെയിൻ തടഞ്ഞത്. സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളിലായി വിവിധയിടങ്ങളിൽ റെയിൽപാളങ്ങളിൽ കർഷകർ കുത്തിയിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോതമ്പിന്റെ സംഭരണ വിലയിലാണ് ഇങ്ങനെ വെട്ടിക്കുറവു വരുത്തിയത്.
കർഷകർ ട്രെയിൻ തടഞ്ഞതുമൂലം സംസ്ഥാനത്തെ ട്രെയിൻ യാത്രക്കാർക്ക് ഒട്ടേറെ അസൗകര്യങ്ങൾ ഉണ്ടായി. ഇരുപതോളം ട്രെയിനുകൾ റദ്ദാക്കിയതിനു പുറമെ പല ട്രെയിനുകളും ഷെഡ്യൂൾ പ്രകാരം എത്തേണ്ട സ്ഥാനത്ത് എത്തുന്നതിനു മുമ്പേ യാത്ര അവസാനിപ്പിക്കാനും നിർബന്ധിതമായി.
ഗോതമ്പിന്റെ സംഭരണവില വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോടൊപ്പം മഴക്കെടുതിമൂലം കൃഷിനാശം സംഭവിച്ച കർഷകർക്കെല്ലാം ഏക്കറിന് 50000 രൂപ നൽകണമെന്നും കർഷകർ ആവശ്യപ്പെട്ടു. സർക്കാർ പ്രഖ്യാപിച്ച 15000 രൂപയെന്ന നഷ്ടപരിഹാരത്തുക തികച്ചും അപര്യാപ്‌തമാണ്. സമരത്തെത്തുടർന്ന് കേന്ദ്രനയത്തിനു വിരുദ്ധമായി പഞ്ചാബിലെ എഎപി ഗവൺമെന്റ് സംഭരണവില വെട്ടിക്കുറയ്‌ക്കില്ലെന്നും നഷ്ടപരിഹാരത്തുക വർധിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. ♦