Thursday, November 21, 2024

ad

Homeപുസ്തകം‘പാടവരമ്പത്ത്‌’: ഹൃദ്യമായ ഗ്രാമീണകഥകൾ

‘പാടവരമ്പത്ത്‌’: ഹൃദ്യമായ ഗ്രാമീണകഥകൾ

മുഹമ്മ രവീന്ദ്രനാഥ്‌

രു ഗ്രാമീണ കർഷക കുടുംബാംഗമെന്ന നിലയിലും ജനങ്ങളുമായി അടുത്ത്‌ ബന്ധപ്പെട്ട്‌ ദീർഘകാലം പ്രവർത്തിച്ച ഒരു സർക്കാർ ജീവനക്കാരനെന്ന നിലയിലും കലാസാംസ്‌കാരിക പ്രവർത്തകനെന്ന നിലയിലും ധാരാളം ജീവിതാനുഭവങ്ങളുള്ള ഒരെഴുത്തുകാരനാണ്‌ അലിയാർ മാക്കിയിൽ. ‘പൂക്കാതിരിക്കാനെനിക്കാവതില്ലേ’ എന്ന്‌ കവിതയിലെ കണിക്കൊന്ന പറഞ്ഞതുപോലെ ഹൃദയത്തിൽ തട്ടിയ അനുഭവങ്ങൾ അദ്ദേഹത്തെക്കൊണ്ട്‌ എഴുതിപ്പിച്ച കഥകളാണ്‌ ‘പാടവരമ്പത്ത്‌’ എന്ന കൃതി. ഇതിലുള്ള ഇരുപത്തിരണ്ടു കഥകളിൽ ഏറിയകൂറും ഗ്രന്ഥകാരന്റെ സ്വന്തം അനുഭവങ്ങളിൽനിന്നു മാത്രം ഉളവായവയാണെന്ന്‌ വായനയിലൂടെ നമുക്ക്‌ ബോധ്യപ്പെടും. പ്രഭാത്‌ ബുക്ക് ഹൗസാണ്‌ ഈ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.

കഥാസമാഹാരത്തിന്റെ പേരിന്‌ ആസ്‌പദമായ കഥയാണ്‌ ‘പാടവരമ്പത്ത്‌’. 1989ൽ പാലക്കാട്‌ ജില്ലയിലെ പാലത്തുംപാറയിലെ ചന്ദനക്കുട മഹോത്സവത്തിന്‌ നാടകാവതരണത്തിനു പോയതായിരുന്നു കഥാകാരൻ. കൊയ്‌തൊഴിഞ്ഞ വിശാലമായ പാടത്തായിരുന്നു സ്‌റ്റേജ്‌. ചന്ദനക്കുടത്തിന്റെ സെക്രട്ടറിയെ തിരക്കിയപ്പോൾ വന്നതാകട്ടെ കാവിയുടുത്ത്‌ നെറ്റിയിൽ ചന്ദനം വാരിപ്പൂശിയ അംബുജാക്ഷൻ! കഥാകൃത്തിനു സംശയമായി. പ്രോഗ്രാം നോട്ടീസ്‌ വാങ്ങി നോക്കിയപ്പോൾ ‘കുന്പളക്കോട്‌ മഹാശിവരാത്രി, സുന്ദരീ പരിണയം ബാലേ കെ അബൂബേക്കർ സെക്രട്ടറി’ എന്നൊക്കെയാണ്‌ കണ്ടത്‌. സ്ഥലംമാറിപ്പോയെന്നു പറഞ്ഞ്‌ തിരികെ പോകാനൊരുങ്ങിയ കഥാകൃത്തിനെ നോട്ടീസിന്റെ മറുവശം അംബുജാക്ഷൻ കാണിച്ചുകൊടുത്തു. അത്‌ പള്ളിനേർച്ചയുടേതായിരുന്നു. മലയാള കലാഭവന്റെ നാടകത്തിന്റെ വിവരങ്ങളും അലിയാർ മാക്കിയിലിന്റെ ഫോട്ടോയും കെ അംബുജാക്ഷൻ സെക്രട്ടറിയെന്നും ഒക്കെയുണ്ട്‌. മഹാശിവരാത്രി ആഘോഷത്തിന്റെ സെക്രട്ടറി കെ അബൂബക്കർ! രണ്ടു പരിപാടികൾക്കും കൂടി ഒരേയൊരു വേദിയും ഒരേയൊരു നോട്ടീസും! കൊള്ളാമല്ലോ കാര്യം!

മതസൗഹാർദ്ദത്തിന്റെ പ്രതീകമായ ഈ നോട്ടീസ്‌ പല വേദികളിലും കാണിച്ച്‌ അലിയാർ പ്രസംഗിച്ചു നടന്നു. പിന്നീട്‌ 1990കളുടെ അവസാനകാലത്ത്‌ ഒരു യാത്രയ്‌ക്കിടയിൽ ആ പ്രദേശത്തുകൂടി കന്നുപോവുകയായിരുന്നു അദ്ദേഹം. വർഷങ്ങൾക്കു മുന്പ്‌ നാടകം അവതരിപ്പിച്ച പാടത്തിനടുത്ത്‌ കാർ നിർത്തി. അടുത്തുകണ്ട ചായക്കടയിലിരുന്നവരോടായി ‘‘ചന്ദനക്കുടവും മഹാശിവരാത്രിയും ആഘോഷിക്കുന്നത്‌ ഈ വയലിലല്ലേ?’’ എന്നു ചോദിച്ചു. ആരും മിണ്ടുന്നില്ല. ഒടുവിൽ കടക്കാരൻ പറഞ്ഞു. ‘‘ചന്ദനക്കുടമുണ്ട്‌, പാട്ടും നാടകവും ഇല്ല. ചുമ്മാ ഉപദേശം മാത്രം! ‘ശിവരാത്രി ഭംഗിയായി നടക്കുന്നു; വയലിലല്ല, ക്ഷേത്രമുറ്റത്ത്‌.’’

കഥാകൃത്തിന്റെ മനസ്സ്‌ അസ്വസ്ഥമായി. നവോത്ഥാന കാലഘട്ടത്തിലെ മൂല്യങ്ങളിൽനിന്ന്‌ മതേതര കാഴ്‌ചപ്പാടുകളിൽനിന്ന്‌ നമ്മുടെ നാട്‌ പിന്നാക്കംപോകുന്ന ദുഃഖകരമായ ചരിത്രസത്യത്തിലേക്ക്‌ വിരൽചൂണ്ടുകയാണ്‌ ഈ കഥയിലൂടെ ഗ്രന്ഥകാരൻ.

ഇതുപോലെ വായനക്കാരനെ ഇരുത്തി ചിന്തിപ്പിക്കുന്നവയാണ്‌ ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളും എന്നുതന്നെ പറയാം. മതനിരപേക്ഷത, സഹജീവികളോടുള്ള സ്‌നേഹം, കാർഷികവൃത്തിയോടുള്ള പ്രതിപത്തി, പ്രകൃതിസ്‌നേഹം തുടങ്ങിയ പുരോഗമനപരമായ കാഴ്‌ചപ്പാടുകളോട്‌ കഥാകൃത്തിനുള്ള ഗാഢബന്ധം പല കഥകളിലൂടെയും വെളിപ്പെടുന്നുണ്ട്‌. ‘‘എസ്‌ കെ പൊറ്റക്കാട്‌ കഥയെഴുതുകയായിരുന്നില്ല, പറയുകയായിരുന്നു. നാട്ടിൻപുറമാണ്‌ അദ്ദേഹത്തിന്റെ ഒട്ടുമിക്ക കഥകളുടെയും പശ്ചാത്തലം. ഈ ധാരയിലാണ്‌ അലിയാർ മാക്കിയിലിന്റെ കഥകൾ’’. ഗ്രന്ഥത്തിന്റെ അവതാരികയിൽ ഷിഹാബുദീൻ പൊയ്‌ത്തുംകടവ്‌ പ്രസ്‌താവിച്ചിരിക്കുന്നത്‌ നൂറുശതമാനം ശരിതന്നെ. ചുരുക്കത്തിൽ ‘പാടവരന്പത്ത്‌’ എന്ന ഈ കൃതി നമ്മുടെ ചെറുകഥാ സാഹിത്യത്തിന്‌ ഒരു മുതൽക്കൂട്ടുതന്നെ എന്നു പറയാം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

three × five =

Most Popular