Thursday, October 31, 2024

ad

Homeനാടകം"തീണ്ടാരിച്ചോര നനച്ചൊരു താവഴികൾ ഓർമ്മയിലുണ്ടോ?‌ ആരാരതിൽ മുങ്ങാതുള്ളൂ ആരാരതിൽ നീന്താതുള്ളൂ..."

“തീണ്ടാരിച്ചോര നനച്ചൊരു താവഴികൾ ഓർമ്മയിലുണ്ടോ?‌ ആരാരതിൽ മുങ്ങാതുള്ളൂ ആരാരതിൽ നീന്താതുള്ളൂ…”

ബഷീർ മണക്കാട്

1929ൽ യോഗക്ഷേമ സഭയുടെ 22-ാം വാർഷികത്തിലാണ് വി.ടിയുടെ “അടുക്കളയിൽ നിന്നരങ്ങത്തേക്ക് ” എന്ന ധീരകാഹളം കേരളത്തിൽ ആദ്യമായി മുഴക്കംസൃഷ്ടിച്ചത്. യാഥാസ്ഥിതികത്വത്തിന്റെ നടുമുറ്റത്തേക്ക് എറിഞ്ഞ ആദ്യ ബോംബായിരുന്നത്.തുടർന്ന് സ്ത്രീ അനുഭവിച്ച മഹാദുരിതങ്ങൾ ആവിഷ്കരിച്ച എം.ആർ.ബിയുടെ “മറക്കുടക്കുള്ളിലെ മഹാനരകം’ പിറന്നു. 1939-ൽ സ്ത്രീക്ക് നിലനിൽപ്പിന്റെ ബലത്തിന് വിദ്യാഭ്യാസം അനിവാര്യമാണെന്ന സന്ദേശം ഉയർത്തി പ്രേംജിയുടെ “ഋതുമതി’ എന്ന നാടകം അരങ്ങിലെത്തി. തുടർന്നാണ് 1948-ൽ വിദ്യാഭ്യാസവും തൊഴിലും നേടുക എന്ന ലക്ഷ്യത്തോടെ സ്ത്രീകളുടെ ആദ്യത്തെ നാടകക്കൂട്ടായ്മ ” തൊഴിൽ കേന്ദ്രത്തിലേക്ക് ‘ എന്ന നാടകം അരങ്ങിലെത്തുന്നത്..വി.ടി ധീരകാഹളം മുഴക്കിയ അതേ പെരുമനത്തുവെച്ചാണ് അരങ്ങത്തേക്ക് വന്ന അടുക്കളക്കാരികൾ”തൊഴിൽ കേന്ദ്രത്തിലേക്ക് ‘ എന്നുറക്കെ വിളിച്ചു പറഞ്ഞത്.യോഗക്ഷേമ സഭയുടെ ചേർപ്പ് സമ്മേളനത്തിൽ അരങ്ങിലെത്തിച്ച പെണ്ണനുഭവങ്ങളുടെ അതിമഹത്തായ ആവിഷ്‌കാരമായിരുന്നത്.

അന്ന് നാടകം കാണാൻ അന്തർജനങ്ങൾക്ക് അനുവാദമുണ്ടായിരുന്നില്ല. പൂമുഖത്തിനപ്പുറത്തും വരാന്തയിലുമൊക്കെ ചൂടിക്കയർ വലിച്ചുകെട്ടി രണ്ടുമുണ്ട് ചേർന്ന ‘ശീല’കൾ ഞാത്തിയിട്ട് അതിന്റെ മറവിലാണ് സ്ത്രീകൾ നാടകം കണ്ടിരുന്നത്. ആ മറവിലൂടെ അവർ നോക്കിക്കണ്ടത് അവരുടെ നരകജീവിതമായിരുന്നു.അത് കണ്ട് പലരും തേങ്ങിക്കരഞ്ഞു.


ഇന്ന് ഈ മറകളൊന്നുമില്ലാതെ സ്വതന്ത്രമായി നാടകങ്ങൾ കാണാം. അഭിനയിക്കാം, ആസ്വദിക്കാം. പക്ഷേ, അന്നത്തെ പോരാട്ടത്തിന്റെ പൂർണനേട്ടം ഇന്നും ലഭിച്ചിട്ടില്ല എന്നതാണ് സത്യം .സ്ത്രീകളെ ഇന്നും തീണ്ടാരിപ്പാടകലെ നിർത്തിയിരിക്കുകയാണ്.പെണ്ണുടലുകളെ ഭോഗവസ്തുവായും, വിൽപ്പനച്ചരക്കുകളായും കാണുന്ന ആണധികാര പ്രവണത വർധിച്ചുവരുന്നു. ജാതീയമായ അടയാളങ്ങളും മതചിഹ്നങ്ങളും വിലക്കുകളും കൂടുതൽ കരുത്തോടെ തിരിച്ചു വന്നിരിക്കുന്നു. സ്ത്രീകൾക്ക് നേരെയുള്ള നിയന്ത്രണങ്ങളും ശാസനകളും പെരുകുന്നു. സമത്വം ഒരു വനരോദനമായി തന്നെ നിലകൊള്ളുന്നു.

ഈ പശ്ചാത്തലത്തിലാണ് പെണ്ണുണർവിന്റെ മാറ്റംപാട്ടായ കൊല്ലം പ്രകാശ് കലാകേന്ദ്രത്തിലെ വനിതകൾ അരങ്ങിലെത്തിച്ച “തീണ്ടാരിപ്പച്ച ‘എന്ന നാടകം പ്രസക്തമാകുന്നത്. എമിൽ മാധവിയുടെ രചനയ്ക്ക് ശ്രീജിത്ത് രമണൻ സാക്ഷാത്കാരം നിർവഹിച്ച അപൂർവസുന്ദരമായ ദൃശ്യാനുഭവം പകരുന്ന ഈ നാടകം സംസാരിക്കുന്നത് സ്ത്രീകളുടെ ഭാഷയും പേറുന്നത് സ്ത്രീ മനസ്സുമാണ്. തികച്ചും വ്യത്യസ്തമായ ഈ സ്ത്രീപക്ഷ നാടകത്തിൽ സ്ത്രീകളുടെ ചലനവും വികാരങ്ങളുമാണ് മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നത്. ഒപ്പം സ്ത്രീയുടെ മനസ്സും ശരീരവും ഒന്നാകുന്ന അപൂർവ്വനിമിഷങ്ങളിലേക്കും നാടകം നമ്മെ കൊണ്ടെത്തിക്കുന്നു.ഇത് സ്ത്രീകൾ അവരുടെ സ്വാതന്ത്ര്യത്തിനായി നടത്തുന്ന പോരാട്ടമാണ്.

ആൾക്കൂട്ടനടുവിൽ നടക്കുന്ന അതിമനോഹരമായ നാട്ടുകല പോലെ പ്രേക്ഷക മധ്യത്തിലെ തീണ്ടാരി വൃത്തത്തിനുള്ളിലാണ് നാടകം അരങ്ങേറുന്നത്. ആ വൃത്തത്തിനുള്ളിൽ അവർ അവരുടെ ഓർമ്മകൾ, ദുഃസ്വപ്നങ്ങൾ, അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. അതിനുള്ളിൽ അവർ രക്ഷയ്ക്കായ് ഇഴയുന്നു. ആ ഇഴച്ചിലിൽ അനുഭവത്തിന്റെ തീച്ചൂടിൽ പാറുന്ന തീപ്പൊരികൾ . ആട്ടവും പാട്ടും പറച്ചിലുമായി അവർ അവരുടെ തീക്ഷ്ണാനുഭവങ്ങൾ ലോകത്തോടു വിളിച്ചുപറയുന്നു. അവരുടെ ഓരോ ചലനവും സൗന്ദര്യവും ഊർജ്ജമുള്ള മനോഹര കാഴ്ചകളായി മാറുന്നു. അരങ്ങു വിടുമ്പോൾ അവർ നമുക്കായി നൽകുന്ന ചുവന്ന റോസാപ്പൂ ഹൃദയച്ചെപ്പിൽ വാടാതെ ഒപ്പമുണ്ടാകും. അത്രമാത്രം സുന്ദരമാണ് ഈ നാടകം.

അപൂർവസുന്ദരമായ ദൃശ്യാനുഭവങ്ങളിലൂടെ പെണ്ണുടലിന്റെ കരുത്ത് പകരാനും, നീറ്റലുണർത്തുന്ന ഓർമ്മയായി ഉള്ളിൽ തട്ടുംവിധം രംഗാവിഷ്കകരണം നടത്താനും കഴിഞ്ഞു. കഥാപാത്രങ്ങൾ കളിവൃത്തത്തിനുള്ളിൽ സമ്പൂർണമായ ഒരു നാടകാനുഭവം പകർന്നുകൊണ്ട് ചലിക്കുന്ന കാഴ്ചയാണ് ഈ നാടകത്തിലുടനീളം കാണുവാൻ കഴിഞ്ഞത്.

അരങ്ങിലെ പെൺകരുത്തിന്റെ ഈ നേർസാക്ഷ്യം സാക്ഷാത്കരിച്ച ശ്രീജിത്ത് രമണന്റെ സംവിധാനമിടുക്ക് എടുത്തുപറയേണ്ടതുതന്നെ. അഭിനേത്രികൾക്ക് ഊർജ്ജം പകരുന്ന പരിശീലനം നൽകി കഥാപാത്രങ്ങൾക്ക് ജീവനുള്ള ആവിഷ്കരണം നല്കുന്നതിലും നാടക സന്ദർഭങ്ങളെ ഭാവതീവ്രമായി അവതരിപ്പിക്കുന്നതിലും സംവിധായകന്റെ മിടുക്ക് വിജയം കണ്ടിരിക്കുന്നു. അഭിനേത്രികളെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. രംഗസംവിധാനവും, നാട്ടുസംഗീതവും എല്ലാം മികവുറ്റതാണ്.

കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികൾ പിന്നിട്ടുവെങ്കിലും തുടർന്നും വേദികൾ ലഭിക്കട്ടെ.ഈ നാടകം ഏറെ ചർച്ചാവിഷയമാകട്ടെ. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

10 + twenty =

Most Popular