Saturday, April 27, 2024

ad

Homeചിത്രകലകലയും ചിന്തയും

കലയും ചിന്തയും

കാരയ്‌ക്കാമണ്ഡപം വിജയകുമാർ

ചിത്രത്തേയും ശിൽപത്തേയും അതത്‌ മാധ്യമങ്ങളിലൂടെ മെരുക്കിയെടുത്ത്‌ പാരമ്പര്യത്തേയും സംസ്‌കാരത്തേയും സമർത്ഥമായി ഉപയോഗപ്പെടുത്തിക്കൊണ്ട്‌ പുതിയ കാഴ്‌ചകളും ചിന്തയും നിർമ്മിച്ചെടുക്കുകയും അത്‌ ആസ്വാദകർക്ക്‌ മുന്നിൽ അവതരിപ്പിക്കുകയുമാണ്‌ നമ്മുടെ വിഖ്യാതരായ ചിത്ര‐ശിൽപ്പകാരർ ചെയ്‌തുവന്നത്‌. കലയോടുള്ള പ്രതിബദ്ധതയോടൊപ്പം കാലത്തെ അടയാളപ്പെടുത്തുന്ന നവീനമായ സൗന്ദര്യശാഖകൾ കൂടി ഇഴചേർത്തുകൊണ്ടാണ്‌ സമകാലീന കലാകാരർ അവരുടെ രചനകൾ ആവിഷ്‌കരിക്കുന്നത്‌. ലോകശ്രദ്ധ ആകർഷിക്കുന്നത്‌.


തിരുവനന്തപുരം നഗരത്തിൽ ഇക്കഴിഞ്ഞ ദിനങ്ങളിൽ ചിത്രപ്രദർശനങ്ങൾ നിരവധി നടക്കുകയാണ്‌. അതിൽ കൂടുതലും പങ്കെടുക്കുന്നത്‌ വനിതകളാണെന്ന പ്രത്യേകതയുമുണ്ട്‌. വേറിട്ട പ്രദർശനമായത്‌ കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ കാർട്ടൂൺ അക്കാദമി വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ ഗ്യാലറിയിൽ സംഘടിപ്പിച്ച കാർട്ടൂൺ പ്രദർശനമായിരുന്നു. മധു ഓമല്ലൂർ, ജി ഹരി, വാമനപുരം മണി, പ്രതാപൻ പുളിമാത്ത്‌, സ്വാതി ജയകുമാർ, എ സതീഷ്‌, വട്ടപ്പറമ്പിൽ കൃഷ്‌ണകുമാർ, സതീഷ്‌ കോന്നി, ജ്യോതിഷ്‌, രാധാബാബു തുടങ്ങിയ പത്തുപേരുടെ ആനുകാലിക പ്രസക്തമായ കാർട്ടൂണുകളാണ്‌ ഇവിടെ പ്രദർശിപ്പിച്ചത്‌. രാഷ്‌ട്രീയം നിറയുന്ന സമകാലിക വിഷയങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുകയോ പ്രതിരോധമാക്കുകയോ ആണ്‌ നമ്മുടെ കാർട്ടൂണിസ്റ്റുകൾ.

കൂത്ത്‌, തുള്ളൽ, പാഠകം തുടങ്ങിയ ആദ്യകാല സാഹിത്യങ്ങൾ തന്നെ രംഗാവതരണത്തിലൂടെയാണ്‌ തുടക്കമിടുന്നത്‌. ചിരിയുതിർക്കാനുതകുന്ന നർമ്മത്തെ സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കുകയാണ്‌ നമ്മുടെ എഴുത്തുകാരും കലാകാരും. എല്ലാ കലാമേഖലകളിലും ഹാസ്യത്തിന്റെ ശക്തി ഏറിയും കുറഞ്ഞും നമുക്ക്‌ അനുഭവവേദ്യമാകുന്നുണ്ട്‌. സംഭവങ്ങൾ, സംഭാഷണശകലങ്ങൾ, വ്യക്തിഭാവങ്ങൾ എന്നിവയിലൂടെ ഫലിതം രൂപംകൊള്ളുമെങ്കിലും നർമ്മത്തിന്‌ ഭാവനയുമായി അടുത്ത ബന്ധമാണുള്ളത്‌. വായിച്ച വാർത്തയിൽ നിന്നോ കണ്ട കാഴ്‌ചയിൽനിന്നോ കിട്ടുന്ന കാര്യങ്ങൾ ഭാവനയുമായി ഇഴചേരുമ്പോൾ ഹാസ്യത്തിന്‌ പുതിയ ഭാവം കൈവരുന്നു. ഒപ്പം ബാഹ്യമായ ആസ്വാദനത്തിനപ്പുറം ചിന്തോദ്ദീപകമായ കാർട്ടൂണുകളും ഉണ്ടാവുന്നു. ചിരിക്കാനുള്ള മാധ്യമം എന്നതുപോലെ തന്നെ ആശയവിനിമയത്തിനുള്ള സാധ്യതകൂടിയാണ്‌ കാർട്ടൂണുകൾ. വാക്കുകളേക്കാൾ വരകളാണ്‌ കാർട്ടൂണുകളിൽ ശക്തിയോടെ സംസാരിക്കുന്നത്‌. സർഗസിദ്ധിയും കരവിരുതും ഹാസ്യാത്മകതയും സാംസ്‌കാരിക, രാഷ്‌ട്രീയ, സാമൂഹ്യരംഗങ്ങളിലെ അറിവും നല്ല കാർട്ടൂണുകൾക്ക്‌ അനിവാര്യ ഘടകങ്ങളാകുന്നു. ഭാഷയുടേയും ദേശത്തിന്റെയും അതിർവരമ്പുകൾക്കപ്പുറമുള്ള വീക്ഷണവും സമീപനവും മികച്ച കാർട്ടൂണുകൾക്കുണ്ടാകണം.

1918ൽ വിദൂഷകൻ മാസികയിൽ പ്രസിദ്ധീകരിച്ച ‘മഹാക്ഷാമദേവത’യാണ്‌ മലയാളത്തിലെ ആദ്യ കാർട്ടൂണായി പരിഗണിക്കുന്നത്‌. കേരളത്തിലെ ആദ്യകാല കാർട്ടൂണിസ്റ്റുകളും എഴുത്തുകാരുമായ സഞ്‌ജയൻ, ഇവി, വേളൂർ കൃഷ്‌ണൻകുട്ടി, സുകുമാർ, കെ എസ്‌ പിള്ള, അരവിന്ദൻ, യേശുദാസൻ, റ്റോംസ്‌, പി വി കൃഷ്‌ണൻ തുടങ്ങി നിരവധി കാർട്ടൂണിസ്റ്റുകളിലൂടെയാണ്‌ പിന്നീട്‌ കാർട്ടൂണുകൾക്ക്‌ പുതിയൊരു അവതരണാനുഭവം ഉണ്ടായത്‌. അതിന്റെ തുടർച്ചകൂടിയാണ്‌ കേരള കാർട്ടൂൺ അക്കാദമി 2023 ഏപ്രിൽ 16 മുതൽ ഒരാഴ്‌ച സംഘടിപ്പിച്ച കാർട്ടൂൺ പ്രദർശനം.

ചുരുങ്ങിയ വരകളിലൂടെ തന്റെ ചുറ്റുപാടുകളെയും രാഷ്‌ട്രീയത്തേയും നർമബോധത്തോടെ വരിച്ചിടുന്ന രചനാകൗശലം പ്രദർശനത്തിലെ കാർട്ടൂണുകളിലും കാരിക്കേച്ചറുകളിലും തെളിയുന്നു. വായനയെ, കാഴ്‌ചയെ പ്രകോപിപ്പിക്കുന്നതും കാഴ്‌ചാനുഭവങ്ങളിലൂടെ സ്വാംശീകാരിക്കപ്പെടുന്നതുമായ ഈ കാർട്ടൂൺ പ്രദർശനം ഉദ്‌ഘാടനം ചെയ്‌തത്‌ മുൻ ചീഫ്‌ സെക്രട്ടറിയും കവിയുമായ കെ ജയകുമാറാണ്‌. ജനാധിപത്യത്തെ നിഷ്‌കാസനം ചെയ്യുന്ന നമ്മുടെ രാജ്യത്തെ രാഷ്‌ട്രീയ ചുറ്റുപാടുകളെ ഇനിയും കൂടുതൽ ക്രിയാത്മകമായും ശക്തമായും കാർട്ടൂണിസ്റ്റുകൾ പ്രതിഫലിപ്പിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twenty − fourteen =

Most Popular