Thursday, April 25, 2024

ad

Homeപുസ്തകംഅറിയപ്പെടാത്ത വിപ്ലവകാരികൾ

അറിയപ്പെടാത്ത വിപ്ലവകാരികൾ

അഡ്വ. എൻ ഗണപതി കൃഷ്ണൻ

റിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്വാതന്ത്ര്യ സമരപോരാളികളുടെ വിയർപ്പിന്റെയും ത്യാഗത്തിന്റെയും പരിണതഫലമാണ് ഭാരതത്തിന്റെ സ്വാതന്ത്ര്യം. അറിയപ്പെടുന്നവരുടെ ചരിത്രം മാത്രം നമ്മൾ പഠിക്കുമ്പോൾ ഇന്ത്യയിലെമ്പാടും ചിതറിക്കിടക്കുന്ന സാധാരണക്കാരുടെ അസാധാരണ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമായ ഏതാനും ചില വ്യക്തിത്വങ്ങളെ പ്രശസ്ത പത്രപ്രവർത്തകനായ പി.സായ്നാഥ് “The Last Heroes Foot Soldiers of Indian Freedom” m പുസ്തകത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. അവരിൽ പലർക്കും സ്മാരകങ്ങളില്ല. സ്വാതന്ത്ര്യസമര പെൻഷൻ പോലും പലർക്കും ലഭിക്കുന്നില്ല. ബോധപൂർവം അതു വേണ്ടന്നുവച്ചവരുമുണ്ട്. മഹാത്മാഗാന്ധിയുടെ പ്രശസ്തമായ ഒരു വാചകം ഈ പുസ്തകത്തിന്റെ ആമുഖത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ‘‘ലോകത്തിലുള്ള എല്ലാ വിപ്ലവങ്ങളുടെയും കാരണക്കാർ’’ വലിയ മനുഷ്യരാണെന്നു കാണുന്നു. എന്നാൽ സത്യസന്ധമായി നോക്കുമ്പോൾ ജനങ്ങളാണ് പ്രധാന കാരണക്കാർ. “ഈയൊരു കാഴ്ചപ്പാട് പുസ്തകത്തിലുടനീളം കാണാൻ കഴിയും. സ്വാതന്ത്ര്യസമരപെൻഷൻ വാങ്ങുന്നവരുടെ സർക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർ വെറും 23,000 പേരെയുള്ളൂ. എന്നാൽ അതിലും എത്രയോ അധികം ആളുകൾ ഈ സമരങ്ങളിലെല്ലാം പങ്കെടുത്തിട്ടുണ്ട്. അതിൽ ആദിവാസികളുണ്ട്. ദളിതരുണ്ട്, പിന്നോക്കക്കാരുണ്ട്, മുസ്ലീമുകളുണ്ട്, ഹിന്ദുക്കളും സിക്കുകാരുമെല്ലാമുണ്ട്.

മഹാരാഷ്ട്രയിലെ സാംഗ്ലിയിലെ ഹൗസാഭായി 1943‐-46 കാലഘട്ടത്തിൽ വിപ്ലവസംഘമായ ടൂഫാൻ സേനയിൽ പ്രവർത്തിച്ചുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ സായുധപോരാട്ടം തന്നെ നടത്തിയിട്ടുണ്ട്. ഏകദേശം 600 ഗ്രാമങ്ങളുടെ നിയന്ത്രണം ഇവരുടെ കയ്യിലായിരുന്നു. ജയിലിൽ പോകാതെ ഒളിവു ജീവിതം നയിച്ച ഇവരുടെ പോരാട്ടത്തെ സർക്കാർ പോലും പിന്നീട് അംഗീകരിച്ചിരുന്നില്ല. ഈയിടെ നടന്ന കർഷക സമരത്തെ ഇവർ അനുകൂലിച്ചിരുന്നു. ഒഡിഷയിലെ ആദിവാസി വനിതയായ ദേവാത്തി ദേവിസബർ 1930 ൽ നടന്ന ഒഡീഷയിലെ സാലിഹയിലെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടത്തിൽ തോക്കിനെ ലാത്തി കൊണ്ട് നേരിട്ടു. പിന്നീട് ഇവരുടെ പേർ സാലിഹനായി മാറി. പുരി ജഗന്നാഥ ക്ഷേത്രത്തിലെ സമരങ്ങളിലും ഇവർ പങ്കാളിയായിരുന്നു. ആദിവാസി ക്ഷേത്രപ്രവേശനദൈവമായ ജഗന്നാഥനെ പിന്നീട് മേൽജാതിക്കാർ കയ്യടക്കുകയായിരുന്നല്ലോ. സാലിഹന്റെ കുടുംബം ഇപ്പോഴും സാമ്പത്തികമായി പിന്നോക്ക നിലയിൽ തന്നെ നിൽക്കുന്നു. നേതാജിയുടെ എൻ.ഐ.എ.യിൽ പ്രവർത്തിച്ച് ലക്ഷ്മി പാണ്ടയുടെ ജീവിതത്തെപ്പറ്റിയും ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ഒഡീഷയിലെ കോരാപുട് ജില്ലയിൽ വീട്ടുജോലിക്കാരിയായി ഒരു ചെറിയ വീട്ടിൽ യാതൊരു പെൻഷനുമില്ലാതെ ഇവർ ജീവിക്കുന്നു.

ചന്ദ്രശേഖർ ആസാദിനെ നേരിട്ടു കണ്ട വിപ്ലവകാരിയായ അജ്മീറിലെ ശോഭാറാം ഗൊൻ എന്ന ദളിത് യുവാവിന്റെ വിപ്ലവപ്രവർത്തനത്തിന്റെ ചരിത്രവും ഈ പുസ്തകത്തിലുണ്ട്.

സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഒറ്റപ്പെട്ട ഒട്ടനവധി പോരാട്ടങ്ങൾ ഇന്ത്യയിലെമ്പാടും നടന്നിട്ടുണ്ട്. അതിലെല്ലാം കമ്മ്യൂണിസ്റ്റുകാർ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ജയിലിൽ സ്വാതന്ത്ര്യം ആഘോഷിക്കുകയും പതാക ഉയർത്തുകയും ചെയ്ത സഖാവ് എ.കെ.ജി.യെ നമുക്ക് മറക്കുവാൻ കഴിയില്ല. തെലങ്കാന സമരനായകൻ നരസിംഹ റെഡ്ഡിയുടെ സഹോദരി മല്ലു സ്വരാജ്യം. തെലങ്കാന സമരത്തിൽ പങ്കെടുക്കുകയും ജൻമിത്വത്തിനെതിരെ പോരാടുകയും ചെയ്തിരുന്നു. ജനാധിപത്യ മഹിളാ അസോസ്സിയേഷന്റെ സ്ഥാപക നേതാവായിരുന്നു. തന്റെ അവസാനകാലത്ത് ടെക്കികളോട് ലാപ്‌ടോപ്പും മൊബൈലുമെല്ലാം ചൂഷണത്തിനെതിരായുള്ള ആയുധങ്ങളായി പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ടു. സഖാവ് എ.കെ.ജി.യോടൊപ്പം വെല്ലൂർ ജയിലിലുണ്ടായിരുന്ന നരസിംഹാലു ശങ്കരയ്യയുടെ സമരജീവിതവുമെല്ലാം തമിഴ്നാട്ടിലായിരുന്നു. പതിനേഴാം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയംഗമാകുകയും പിന്നീട് നിരന്തരം ജയിൽവാസമനുഭവിക്കുകയും ചെയ്ത ശങ്കരയ്യ ഇന്നു ജീവിച്ചിരിപ്പുള്ള കമ്മ്യൂണിസ്റ്റ് ഇതിഹാസമാണ്. അതുപോലെ വളരെ ചെറുപ്പത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയംഗമായ തമിഴ്നാട് തൂത്തുക്കുടി സ്വദേശി നല്ലകണ്ണിന്റെ ജീവിതാനുഭവങ്ങൾ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു. തമിഴ്നാട്ടിലെ കാർഷികപ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു സഖാവ് നല്ലകണ്ണ്.

സ്വാതന്ത്ര്യസമരകാലത്ത് ഗദ്ദർ പാർട്ടിയിൽ പ്രവർത്തിച്ച വിപ്ലവകാരിയായ ഭഗവത് സിംഗ് ജഗ്ഗിയാൻ പിന്നീട് സി.പി.എമ്മിലേക്ക് വരുകയുണ്ടായി.

“തെരഞ്ഞെടുപ്പിൽ ജയിക്കുന്നതല്ല ജനാധിപത്യം. സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക അതിലും പ്രധാനമാണ്. കർണാടകയിലെ സ്വാതന്ത്ര്യസമരപോരാളിയും പത്രപ്രവർത്തകനുമായ ദ്വരസ്വാമിയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. തന്റെ 102-ാം വയസ്സിൽ പൗരത്വ നിയമസമരത്തിൽ പങ്കെടുക്കുകയും നരേന്ദ്രമോദിയെ നിരന്തരം വിമർശിക്കുന്നതു കൊണ്ട് ബി.ജെ.പി.ക്കാർ ദേശദ്രോഹിയെന്നു മുദ്രകുത്തി വീട് ആക്രമിക്കുകയും ചെയ്തു.

സ്വാതന്ത്ര്യസമരകാലത്തെ ലഹള നേരിട്ടു കണ്ട ഭഗത് സിംഗ് ജഗ്ഗിയാന്റെ ഒരഭിപ്രായം ശ്രദ്ധേയമാണ്. 1947-ൽ രണ്ടു തരത്തിലുള്ള ആളുകളുണ്ടായിരുന്നു. ഒരു വിഭാഗം മുസ്ലീംങ്ങളെ കൊല്ലുന്നവരും മറ്റൊരു വിഭാഗം അവരെ രക്ഷപ്പെടുത്തുന്നവരും. രണ്ടാമതു പറഞ്ഞ വിഭാഗത്തിലാണ് അദ്ദേഹം പ്രവർത്തിച്ചത്. ഇതുപോലെയുള്ള പ്രവർത്തനം തന്നെയാണ് ബാജി മുഹമ്മദ് എന്ന ഒഡീഷയുടെ സ്വാതന്ത്ര്യസമരപോരാളിയും ചെയ്തത്. അയോദ്ധ്യാ സംഭവത്തിൽ സമാധാനം സ്ഥാപിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയിരുന്നു.

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ തുടർച്ചയെന്നോണം നിരവധി സമരപോരാട്ടങ്ങൾ ഇന്ത്യയിലെമ്പാടും നടന്നിട്ടുണ്ട്. 1913‐-15 കാലത്തെ ഗദ്ദർസമരം, 1933-‐34 കാലത്തെ പാവിപ്ലവം, തെലങ്കാന സമരം എന്നിങ്ങനെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി പോരാട്ടങ്ങൾ നടന്നിട്ടുണ്ട്. സായിനാഥിന്റെ നിരീക്ഷണത്തിൽ അവയിൽ ഭൂരിഭാഗവും ഗ്രാമപ്രദേശങ്ങളിലാണ് തുടക്കം കുറിക്കുന്നത്. നഗരങ്ങളിലുള്ളവർ മിക്കവരും ബ്രിട്ടീഷനുകൂലനിലപാടാണ് ആദ്യകാലങ്ങളിൽ സ്വീകരിച്ചത്.

മഹാരാഷ്ട്രയിലെ റാംപൂർ ഗ്രാമത്തിൽ സ്വാതന്ത്ര്യസമരത്തിനായി ഒളി പ്രവർത്തനം നടത്തിയ തൂഫാൻ സേനയ്ക്കു വേണ്ടി തന്റെ സൈക്കിളിൽ തപാൽ സേവനം നടത്തിയ ഗണപതി യാദവ്, ബംഗാളിലെ പുരുലിയ എന്ന പിന്നോക്ക മേഖലയിൽ നിന്നും വന്നവരായ വൈദ്യനാഥ് മഹാതോ, തെലുമഹാത്തോ, ലോക്കി മഹായോ എന്നിവരുടെ ബ്രിട്ടീഷ് വിരുദ്ധപോരാട്ടം നേരിട്ടു കണ്ട ബബാനി മഹാത്തോ എന്ന കുടുംബിനിയുടെ ആവേശം നിറഞ്ഞ വാക്കുകൾ ശ്രദ്ധേയം തന്നെ. ഇവരിൽ മിക്കവരും ഗാന്ധിയൻ ജീവിതമാതൃക സ്വീകരിച്ചു കൊണ്ട് ഇടതുപക്ഷ വിപ്ലവകാരികളെപ്പോലെ പ്രവർത്തിച്ചിരുന്നു. ദളിത്‌ വംശജരായ ഇവരുടെ സംഭാവനകളൊന്നും അറിയപ്പെട്ടതേയില്ല. ഇതുപോലെ അറിയപ്പെടാത്ത എത്രയോ പേർ സ്വാതന്ത്ര്യസമര ചരിത്രത്തിൽ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഗ്രാമങ്ങളിൽ നിരന്തരം യാത്ര ചെയ്ത് കർഷകരുടെ പ്രശ്നങ്ങൾ ജനശ്രദ്ധയിലേക്ക് കൊണ്ടുവന്ന പത്രപ്രവർത്തകനാണ് പി.സായ്നാഥ്. 26 വർഷം മുമ്പ് “Everybody loves a Good drought” എന്ന പുസ്തകം എഴുതിയിട്ടുണ്ട്. ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യ എന്നീ മാധ്യമങ്ങളിൽ വന്നിട്ടുള്ള ലേഖനങ്ങൾ ക്രോഡീകരിച്ചാണ് ഇങ്ങനെയൊരു പുസ്തകം സായ്നാഥ് എഴുതിയത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രം വിശാലമായൊരു ഭൂമികയാണ്. അതിൽ വ്യത്യസ്തധാരകളുണ്ട്. എന്നാൽ ബി.ജെ.പി.യുടെ പഴയ രൂപങ്ങളായ ഹിന്ദു മഹാസഭയും ജനസംഘവുമൊന്നും ഈ ചരിത്രത്തിൽ വരുന്നതേയില്ല. ശോഭാറാം അഗർവാൾ എന്ന സ്വാതന്ത്ര്യ സമര സേനാനി ഇങ്ങനെ രേഖപ്പെടുത്തുന്നു. “അവരുടെ ഒരു വിരൽ പോലും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ മുറിഞ്ഞിട്ടില്ല. അങ്ങനെയുള്ളവർക്ക് എന്തു ചരിത്രമാണ് ഉണ്ടാവുക.” അതുകൊണ്ടാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ എണ്ണൂറുവർഷം പിന്നിലേക്കു വലിച്ചുകൊണ്ടു പോകാൻ അവർ ശ്രമിക്കുന്നത്. ആസാദി കി അമൃത് മഹോത്സവത്തിന്റെ കേന്ദ്രസർക്കാർ വെബ്സൈറ്റിൽ സ്വാതന്ത്ര്യസമരസേനാനികളുടെ വാക്കുകളോ ഫോട്ടോയോ ഒന്നും ചേർത്തിട്ടില്ല. സ്വാതന്ത്ര്യസമരകാലത്ത് ജനിച്ചിട്ടില്ലാത്ത നരേന്ദ്രമോദിയുടെ വലിയ ഫോട്ടോ അതിൽ ചേർത്തിട്ടുണ്ട്. അതാണ് പുതിയ ചരിത്രരചന.

സ്വാതന്ത്ര്യസമരത്തിന്റെ യാതൊരു പാരമ്പര്യവുമില്ലാത്തവർ ഇന്ന് ഇന്ത്യയെ ഭരിക്കുകയും ചരിത്രത്തെ വളച്ചൊടിച്ച് അപനിർമ്മിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ശരിയായ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ വീണ്ടെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ അടിയന്തിരകർത്തവ്യമാണ്. ഈ പുസ്തകം അതിനു നമ്മെ സഹായിക്കും. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen + eighteen =

Most Popular