Tuesday, April 23, 2024

ad

Homeലേഖനങ്ങൾഫാസിസവും സംഘപരിവാറിന്റെ തീവ്രദേശീയതയും

ഫാസിസവും സംഘപരിവാറിന്റെ തീവ്രദേശീയതയും

കെ എ വേണുഗോപാലൻ

സിപിഐഎമ്മിന്റെ പാർട്ടി പരിപാടിയിൽ ഭാരതീയ ജനതാ പാർട്ടിയെ വിലയിരുത്തിയിട്ടുള്ളത് താഴെപ്പറയും പ്രകാരമാണ്. “പിളർപ്പുണ്ടാക്കുന്നതും വർഗീയവുമായ പരിപാടിയോടു കൂടിയ പിന്തിരിപ്പൻ പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി, മറ്റു മതങ്ങളോടുള്ള വെറുപ്പും അസഹിഷ്ണുതയും തീവ്രദേശീയതയുടേതായ സങ്കുചിതവാദവും ആണ് അതിന്റെ പിന്തിരിപ്പൻ ഉള്ളടക്കത്തിന്റെ അടിസ്ഥാനം. ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയംസേവക സംഘം മാർഗനിർദ്ദേശം നൽകുകയും മേധാവിത്വം വഹിക്കുകയും ചെയ്യുന്നതിനാൽ ബിജെപി സാധാരണ ബൂർഷ്വാ പാർട്ടി അല്ല.’ (പാർട്ടി പരിപാടി, ഖണ്ഡിക 7-14)തീവ്രദേശീയതയുടേതായ സങ്കുചിത വാദം ഉല്പാദിപ്പിക്കുന്നതിൽ യുദ്ധത്തിന് വലിയ പങ്കു വഹിക്കാനാവും എന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് ഇൻറർനാഷണൽ ഫാസിസത്തെ നിർവചിച്ചത് അതിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പതിമൂന്നാം പ്ലീനത്തിലാണ്. “ഫൈനാൻസ് മൂലധനക്കാരിൽ വച്ച് ഏറ്റവും പിന്തിരിപ്പനും അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും ഭീകരവും ആയ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം’ എന്നാണ് ഫാസിസത്തിന് കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ നൽകിയ നിർവചനം.

ഈ ഉദ്ധരണികൾ രണ്ടിലും ഫാസിസവും സങ്കുചിത ദേശീയ വാദവും തമ്മിലുള്ള ബന്ധം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വേണം 2019 ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന പുൽവാമ ഭീകരാക്രമണത്തെയും പിന്നീട് നടന്ന ഇന്ത്യ-‐പാക് ആക്രമണങ്ങളെയും കാണാൻ. സങ്കുചിത ദേശീയത വളർത്തുന്നതിൽ യുദ്ധങ്ങൾക്കും സൈനികർക്കുമൊക്കെ വലിയ പങ്കു നിർവഹിക്കാനാകുമെന്ന് ഫാസിസ്റ്റ് ആചാര്യനായ മുസ്സോളിനി തന്നെ തെളിയിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഒന്നാം ലോകയുദ്ധകാലത്ത് 5,750,000പുരുഷന്മാരാണ് നിർബന്ധിത സൈനിക സേവനത്തിന് ഇരയാക്കപ്പെട്ടത്.അതിൽ 6 ലക്ഷം പേർ കൊല്ലപ്പെടുകയും 7 ലക്ഷം പേർ വികലാംഗരാക്കപ്പെടുകയും ചെയ്തു.സൈനിക സേവനത്തിലൂടെ കഠിന ഹൃദയരായി തീർന്ന മുൻ സൈനികരുടെ ഒരു തലമുറ തന്നെ അവിടെ രൂപപ്പെട്ടു. ഇവർ സങ്കുചിതമായ ദേശസ്നേഹത്താൽ വിജ്രംഭിതരായ മനസ്സോടുകൂടിയവരായിരുന്നു. ഇവരാണ് 1919 ൽ രൂപം കൊണ്ട മുസോളിനിയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ഫാസിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറയായി മാറുന്നത്.

2019 ഫെബ്രുവരി 14നാണ് പഴയ ജമ്മു-കശ്മീർ സംസ്ഥാനത്തെ പുൽവാമയിൽ സൈന്യത്തിനെതിരായ ഭീകരാക്രമണം നടക്കുന്നത്. സൈനികരേയും വഹിച്ചുകൊണ്ട് കോൺവോയ് അടിസ്ഥാനത്തിൽ സഞ്ചരിച്ചു കൊണ്ടിരുന്ന സൈനികർക്കെതിരായാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ 40 സി ആർ പി എഫ് ഭടന്മാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു. തുടർന്ന് ഇന്ത്യ‐പാക് അതിർത്തിയിൽ സംഘട്ടനങ്ങളും പാകിസ്ഥാനിൽ വ്യോമാക്രമണവുമൊക്കെ ഇന്ത്യ നടത്തി. ഇന്ത്യൻ സൈനികർ മരിക്കാനിടയായത് ഇന്ത്യൻ ഭരണകൂടത്തിന്റെ അശ്രദ്ധകൊണ്ടായിരുന്നുവെന്നാണ് അന്നത്തെ ജമ്മു കശ്മീർ ഗവർണറായ സത്യപാൽമാലിക് ഇപ്പോൾ വെളിപ്പെടുത്തിയത്. താനിക്കാര്യം പ്രധാനമന്ത്രിയോട് സൂചിപ്പിച്ചപ്പോൾ പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

പുൽവാമയിൽ സൈനികരെ കൂട്ടക്കൊലയ്ക്ക് വിട്ടുകൊടുത്തതിനുശേഷം കൊലചെയ്യപ്പെട്ട സൈനികരുടെ ഫോട്ടോ ഉപയോഗിച്ച് 2019ൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ന് ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ചുകൊണ്ട് അന്ന് മോദി ആവശ്യപ്പെട്ടത് ഇതായിരുന്നു: ” വ്യോമാക്രമണം നടത്തിയവർക്കായി നിങ്ങളുടെ സമ്മതിദാനാവകാശം സമർപ്പിക്കാൻ നിങ്ങൾ തയ്യാറാവണം. പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തിയ വീര സൈനികർക്കാണ് നിങ്ങൾ ആദ്യമായി സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടത്. പുൽവാമയിലെ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചവർക്കാണ് നിങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തേണ്ടത് ’ എന്നാണ് മോദി അന്ന് പ്രസംഗിച്ചത്.

എയർക്രാഫ്റ്റുകൾ വിട്ടുനൽകണമെന്ന സൈന്യത്തിന്റെ ആവശ്യം നിരാകരിച്ച് 40 സൈനികരെ കൊലയ്‌ക്കു കൊടുത്തവർ തന്നെ പാകിസ്ഥാനിൽ വ്യോമാക്രമണം നടത്തുകയും അത് സർക്കാരിന്റെ തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയ ഗവർണറോട് ‘മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ‘ ഭീഷണിപ്പെടുത്തുകയും ചെയ്‌ത പ്രധാനമന്ത്രിയാണ് മോദി.

പുൽവാമ സംഭവം നടക്കുമ്പോൾ ജിം കോർബറ്റ് നാഷണൽ പാർക്കിൽ ഉല്ലസിച്ചു നടക്കുകയായിരുന്നു ഈ ഭരണാധികാരി.

ഇന്നിപ്പോൾ സ്വന്തം പാർട്ടിയിൽപ്പെട്ടയാൾ തന്നെ സത്യം വിളിച്ചു പറഞ്ഞപ്പോൾ പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ വെടിവെച്ച് കൊല്ലിച്ച് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണവർ ചെയ്യുന്നത്.
ആർ എസ് എസിന്റെ മാർഗദർശിയായിരുന്ന മൂഞ്ചെയുടെ മാർഗദർശിയായിരുന്നു മുസ്സോളിനി. കൊല്ലപ്പെട്ട സൈനികർ സങ്കുചിത ദേശീയവാദം ആളിക്കത്തിക്കുന്നതിനുള്ള ഉപകരണമാണെന്ന് മുസോളിനിയ്‌ക്കറിയാമായിരുന്നു. മുസോളിനിയുടെ ജീവിതം പഠിച്ച ആർഎസ്എസും അത് പഠിച്ചു വച്ചിട്ടുണ്ട്. അത് പ്രാവർത്തികമാക്കാനാണ് അവർ ഇന്ത്യയിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

13 − ten =

Most Popular