ആരോഗ്യമേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങളുടെ പ്രധാന കാരണം ശക്തമായ പൊതു ആരോഗ്യസംവിധാനങ്ങളുടെ സാന്നിധ്യമാണ്. ആരോഗ്യമേഖലയുടെ പരിപൂർണ്ണമായി സ്വകാര്യവൽക്കരണമെന്ന വലതുപക്ഷ ആശയത്തെ ഇടതുപക്ഷം ശക്തമായി ചെറുത്തുനിന്നതിന്റെ ഫലമായാണ് നമ്മുടെ പൊതു ആരോഗ്യസംവിധാനങ്ങൾ ലോകത്തിനു മുന്നിൽ കേരളത്തിന്റെ അഭിമാനമായി മാറിയത്. സാധാരണക്കാർക്ക് സൗജന്യമായി മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് ജനങ്ങൾക്ക് നൽകിയ ഉറപ്പ് വളരെ മികച്ച രീതിയിൽ പാലിക്കാൻകഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ആദ്യ ദിനങ്ങൾ മുതൽക്കു തന്നെ സാധിച്ചിട്ടുണ്ട്.
ഈ സർക്കാരും ആ പ്രവർത്തനങ്ങളെ കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നോട്ടു കൊണ്ടുപോവുകയാണ്. അതിന്റെ ഭാഗമായി ‘ആർദ്രം’ പദ്ധതിയിലുൾപ്പെടുത്തി 50 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെക്കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ നടന്നുവരുന്ന ഈ വേളയിൽത്തന്നെ അവയുടെ ഉദ്ഘാടനം നടത്തുവാൻ സാധിച്ചു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്.
വികസന പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും ഗുണഫലങ്ങള്‍ അടിസ്ഥാനതലം വരെ ലഭ്യമാക്കുകയും അങ്ങനെ നാടിന്റെ മുന്നേറ്റത്തിന് കരുത്തു പകരുകയും ചെയ്യുക എന്നതാണ് രണ്ടാം വാര്‍ഷിക ഘട്ടത്തിലെ 100 ദിന കര്‍മ്മപരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ലൈഫ് മിഷന്‍ മുഖേന വീടുകള്‍ നൽകുന്നുണ്ട്, പട്ടയങ്ങള്‍ ലഭ്യമാക്കുന്നുണ്ട്, ഡിജിറ്റൽ സാക്ഷരത പദ്ധതി നടപ്പാക്കിവരുന്നുണ്ട്, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളുണ്ട്. ആ ജനകീയ പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും.
ഏറ്റവും അടിസ്ഥാനതലത്തിൽ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍. അതുകൊണ്ടുതന്നെ പൗരന്റെ ആരോഗ്യം ഉറപ്പുവരുത്തുന്നതിൽ അവയ്ക്കുള്ള പങ്ക് വളരെ വലുതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഈ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ടാണ് നവീന സജ്ജീകരണങ്ങള്‍ ഒരുക്കി അവയെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ആര്‍ദ്രം മിഷനാണ് ഇതിന് മേൽനോട്ടം വഹിക്കുന്നത്.
ആശുപത്രികളെ രോഗീസൗഹൃദമാക്കുകയും ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് 2016-ൽ ആര്‍ദ്രം മിഷന്‍ രൂപീകരിച്ചത്. മിഷന്റെ ചിട്ടയായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് നമ്മുടെ മെഡിക്കൽ കോളേജുകള്‍ മുതൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ന്നു. കേരളത്തിലെ ആരോഗ്യമേഖല ആഗോളശ്രദ്ധ പിടിച്ചുപറ്റി. ഇത്തരം മുന്നേറ്റങ്ങള്‍ നടത്തുമ്പോള്‍ തന്നെ അതിന്റെ ഗുണഫലങ്ങള്‍ അടിസ്ഥാനതലം വരെ എത്തിച്ചേരണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്.
പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ടവ ഉള്‍പ്പെടെ 630 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഇതിനകം കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ന്നിരിക്കുകയാണ്. ഇതിൽ 104 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേര്‍ഡ് ലഭിച്ചു. ശേഷിക്കുന്നവയ്ക്കുകൂടി ഈ അംഗീകാരം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കിവരികയാണ്.
കേരളത്തിന്റെ ആരോഗ്യമേഖലയുടെ മുന്നേറ്റത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. വികസന രംഗത്ത് കൂടുതൽ ജനോന്മുഖമായ ഇടപെടലുകള്‍ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ അധികാരവികേന്ദ്രീകരണം കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം. അതിന്റെ ഫലമായാണ് നമ്മുടെ ആശുപത്രികളും രോഗപ്രതിരോധ സംവിധാനങ്ങളും മികച്ച നിലവാരത്തിലേക്കുയര്‍ന്നത്. കോവിഡ് മഹാമാരി രൂക്ഷമായ ഘട്ടത്തിൽ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കാന്‍ നമുക്കു സഹായകരമായത് ആരോഗ്യമേഖലയിലെ ഈ വികേന്ദ്രീകൃത മാതൃക തന്നെയാണ്. ഈ മാതൃകയ്ക്ക് കൂടുതൽ കരുത്തു പകര്‍ന്ന് മുന്നോട്ടു പോകാന്‍ നമുക്കു കഴിയണം.
മികച്ച ആരോഗ്യകേന്ദ്രങ്ങള്‍ ഉണ്ടായതുകൊണ്ടോ എല്ലാവര്‍ക്കും മികച്ച ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കിയതുകൊണ്ടോ മാത്രം ആരോഗ്യമേഖലയിലെ മുന്നേറ്റം സാധ്യമാകണമെന്നില്ല. അതിന് ബഹുമുഖമായ ഇടപെടലുകള്‍ ആവശ്യമാണ്. രോഗാതുരത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക, രോഗനിര്‍ണ്ണയം കൃത്യമായി നടത്തുക, മെഡിക്കൽ ഗവേഷണ മേഖലയുടെ വികസനം ഉറപ്പാക്കുക അങ്ങനെ നിരവധി ഘടകങ്ങള്‍ ചേരുമ്പോഴേ ആരോഗ്യമുള്ള ജനത എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളൂ. ആ കാഴ്ചപ്പാടോടെയാണ് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കേണ്ടത്.
സമൂഹത്തിലെ രോഗാതുരത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി വരുന്ന വാര്‍ഷിക പരിശോധനാ പദ്ധതി ആ ലക്ഷ്യം മുൻനിർത്തി നടത്തിവരുന്ന പ്രവർത്തനങ്ങളിൽ ഒന്നാണ്. ജീവിതശൈലീ രോഗങ്ങള്‍ കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്. 30 വയസ്സിനു മുകളിലുള്ള എല്ലാ വ്യക്തികളെയും വര്‍ഷത്തിൽ ഒരിക്കലെങ്കിലും സ്ക്രീന്‍ ചെയ്യാനുള്ള സംവിധാനം ഇതുവഴി ഒരുങ്ങും. രക്തസമ്മര്‍ദ്ദം, പ്രമേഹം, കാന്‍സര്‍ എന്നിവ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനാവും. ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചുള്ള ഒരു പ്രത്യേക രജിസ്ട്രി തന്നെ തയ്യാറാക്കും. വാര്‍ഷിക പരിശോധനാ പദ്ധതി പ്രകാരം എഴുപത് ലക്ഷത്തിലധികം ആളുകളെ ഇതിനോടകം സ്ക്രീന്‍ ചെയ്തിട്ടുണ്ട്.
കാന്‍സറിനെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും കാന്‍സര്‍ രോഗം ചികിത്സിക്കുന്നതിനുള്ള സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിനുമുള്ള സുപ്രധാന ഇടപെടലാണ് കാന്‍സര്‍ കണ്‍ട്രോള്‍ സ്ട്രാറ്റജി. ഏതെങ്കിലും തരത്തിൽ കാന്‍സര്‍ രോഗം സംശയിക്കുന്ന ആര്‍ക്കും ഏറ്റവുമടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിൽ രോഗനിര്‍ണ്ണയം നടത്താനുള്ള സാഹചര്യങ്ങള്‍ ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങളിൽ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് വഹിക്കാനുള്ള പങ്ക് വളരെ വലുതാണ്.
എല്ലാ ജില്ലകളിലും കീമോതെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നൽകിവരുന്നുണ്ട്. ജില്ലാ കാന്‍സര്‍ കെയര്‍ പദ്ധതി ഇതിനോടകം തന്നെ 24 ആശുപത്രികളിൽ ആരംഭിക്കാനായി. റീജയണൽ കാന്‍സര്‍ സെന്ററിൽ നൽകി വരുന്ന ചികിത്സയുടെ തുടര്‍ചികിത്സ ഇവിടങ്ങളിൽ നിന്നും ലഭ്യമാക്കാവുന്നതാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനു കീഴിൽ വരുന്ന 13 മെഡിക്കൽ കോളേജ് ആശുപത്രികളിൽ ആന്റി കാൻസര്‍ മരുന്നുകള്‍ വിതരണം ചെയ്തു വരുന്നു.
കേരള സമൂഹം ഏറെ പ്രാധാന്യത്തോടെ കാണേണ്ട ഒന്നാണ് സാംക്രമിക രോഗങ്ങളുടെ വ്യാപനം. പരിസ്ഥിതി നശീകരണവും മലിനീകരണവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ ഇതിന് കാരണമായിത്തീരുന്നുണ്ട്. അവ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് നടപ്പാക്കുന്നുണ്ട്. അതോടൊപ്പം തന്നെ സാംക്രമിക രോഗങ്ങളെ ഫലപ്രദമായി തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ 10 കിടക്കകള്‍ വീതമെങ്കിലുമുള്ള ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുകയാണ്. മെഡിക്കൽ കോളേജുകളിൽ ഐസൊലേഷന്‍ ബ്ലോക്കുകളും ഉണ്ടാകും.
ആകെയുള്ള 140 നിയോജക മണ്ഡലങ്ങളിൽ 83 ഇടത്ത് നിര്‍മ്മാണം ആരംഭിച്ചു. 10 സ്ഥലങ്ങളിൽ നിര്‍മ്മാണം പൂര്‍ത്തിയാക്കാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. അതുപോലെതന്നെ രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും നമ്മള്‍ നേതൃത്വം നൽകിവരികയാണ്. മലേറിയ, മന്ത്, കാലാ അസര്‍, ക്ഷയരോഗം, മീസിൽസ്, റുബെല്ല എന്നിവയെ നിവാരണം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.
ചികിത്സാസൗകര്യങ്ങളും രോഗനിര്‍ണ്ണയ സൗകര്യങ്ങളും ഒരുക്കുന്നതോടൊപ്പം തന്നെ ഏറെ പ്രധാന്യമുള്ളതാണ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത്. കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 42 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറര ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് ചികിത്സാസഹായം നൽകാന്‍ കഴിഞ്ഞു.
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയിൽ ഉള്‍പ്പെട്ടിരിക്കുന്ന 21 ലക്ഷത്തോളം കുടുംബങ്ങള്‍ക്കു മാത്രമാണ് കേന്ദ്രസഹായം ലഭ്യമാക്കുന്നത്. ഇതിനായി 138 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കുന്നത്. എന്നാൽ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,630 കോടി രൂപയാണ്. അതായത്, പദ്ധതിയുടെ 90 ശതമാനത്തിലധികം ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത് എന്നര്‍ത്ഥം.
വികസന പദ്ധതികളും ക്ഷേമ പദ്ധതികളും സംയോജിപ്പിച്ചുകൊണ്ട് ഒരു നവകേരളം സൃഷ്ടിക്കുക എന്നതാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ ലക്ഷ്യം. ആരോഗ്യരംഗത്താകട്ടെ മറ്റേതൊരു ഇന്ത്യന്‍ സംസ്ഥാനത്തേക്കാളും ഏറെ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം. ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം, ഏറ്റവും മികച്ച രീതിയിൽ പ്രതിരോധ കുത്തിവെയ്പ് നൽകുന്ന സംസ്ഥാനം, നാഷണൽ ഫാമിലി ഹെൽത്ത് സര്‍വെയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങള്‍ കൈവരിക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.
ഈ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് സംസ്ഥാനത്തിന് അര്‍ഹമായ നികുതിവിഹിതം പോലും വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയുണ്ടായി. അത്തരം പ്രതിസന്ധികളിൽ തളര്‍ന്ന് ആരോഗ്യമേഖലയിലെ പ്രവര്‍ത്തനങ്ങളിൽ നിന്നും പിന്‍വാങ്ങുന്ന നയമല്ല സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടുതൽ മികവിലേക്ക് ആരോഗ്യമേഖലയെ നയിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയാണ്.
2016 ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 665 കോടി രൂപയായിരുന്നെങ്കിൽ ഇപ്പോഴത് 2,828 കോടി രൂപയിലെത്തിനിൽക്കുന്നു. നാലിരട്ടിയിലധികം വര്‍ദ്ധന. വര്‍ത്തമാനകാല പ്രതിസന്ധികളെ നേരിട്ടുകൊണ്ടുതന്നെ വരുംകാലത്തെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ ഏറ്റെടുക്കുക തന്നെ ചെയ്യും എന്ന് അടിവരയിട്ടുറപ്പിക്കുന്നതാണ് ഈ കണക്കുകള്‍. ശക്തമായ പൊതുആരോഗ്യ സംവിധാനം ജനങ്ങളുടെ അവകാശമാണ്. അത് ഉറപ്പുവരുത്തുന്നതിനായി ദൃഢനിശ്ചയത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ മുന്നോട്ടു പോകും. ♦