Saturday, April 20, 2024

ad

Homeമാധ്യമ നുണകള്‍കുത്തിത്തിരിപ്പുകൾ

കുത്തിത്തിരിപ്പുകൾ

ഗൗരി

ഴതോർന്നാലും മരം പെയ്യും; അത് പെയ്തുകൊണ്ടേയിരിക്കും. ലോകായുക്തയ‍്ക്കെതിരായ യുഡിഎഫിന്റെയും മനോരമാദികളുടെയും ഉറഞ്ഞുതള്ളൽ അത്തരമൊരു പെയ്ത്താണ്. തങ്ങൾ പറയുന്നതായിരിക്കണം ‘നാട്ടിലെ’ നിയമം എന്നാണ് വലതുപക്ഷ രാഷ്ട്രീയക്കാരും അവരുടെ മാധ്യമങ്ങളും സദാമൊഴിഞ്ഞുകൊണ്ടിരിക്കുന്നത്– അത്തരമൊരവസ്ഥയുടെ അർഥം അവിടെ കാട്ടുനീതി ആയിരിക്കുമെന്നാണ്.

ദുരിതാശ്വാസനിധി ‘വകമാറ്റി’ എന്ന കേസിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത വിധിയെഴുതും എന്ന് പ്രചരിപ്പിക്കുകയും ഒരടിസ്ഥാനവുമില്ലാതെ അങ്ങനെതന്നെ സംഭവിക്കുമെന്ന് പകൽക്കിനാവ് കാണുകയും അങ്ങനെ സംഭവിക്കണമെന്ന് മോഹിക്കുകയും ചെയ്തിരുന്ന മനോരമാദികളും സതീശാദികളും നിരാശയിലാണ്. കേസ് ഫുൾബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാൻ തീരുമാനിച്ചതോടെ ഇക്കൂട്ടരാകെ കുറേ നേരത്തേയ്ക്ക് എന്തു പറയണമെന്നറിയാതെ സ്-തംഭിച്ചു പോയിരുന്നു. പിന്നീടാണ് ലോകായുക്തയെ കടന്നാക്രമിച്ചുകൊണ്ട് രംഗത്തിറങ്ങിയത്. തങ്ങളുടെ ഇംഗിതത്തിനൊത്ത് വിധി പറഞ്ഞില്ലെങ്കിൽ അത് ലോകായുക്തയാണെങ്കിലും സെഷൻസാണെങ്കിലും ഹെെക്കോടതിയോ സുപ്രീംകോടതിയോ ആണെങ്കിലും പോലും വലതുപക്ഷം ആ ജഡ്-ജിമാരെ ആക്രമിക്കും, തെരുവ് വിചാരണ നടത്തും; കല്ലെറിയും– ഇങ്ങനെ എന്തും ചെയ്യും. അതാണ് നാമിവിടെ കാണുന്ന ഉറഞ്ഞുതുള്ളലുകളുടെ അർഥം.

ലോകായുക്തയ്ക്കെതിരായ തെരുവു വിചാരണയോടും പതിയിരുന്നാക്രമണത്തോടും പ്രതികരിച്ച ലോകായുക്തയുടെ പ്രസ്താവനയെ മനോരമ തീർത്തും നെഗറ്റീവായാണ് അവതരിപ്പിച്ചത്. 12–ാം തീയതിയിലെ മനോരമയുടെ ഒന്നാം പേജിൽ ‘‘പരാതിക്കാരനെതിരെ ‘പേപ്പട്ടി’ പ്രയോഗവുമായി ലോകായുക്ത’’ എന്നാണ് നൽകിയിരിക്കുന്ന തലക്കെട്ട്! മനോരമേടെ കുഞ്ചുക്കുറുപ്പ് ലോകായുക്തയെ ‘‘ഓടിച്ചിട്ടു കടിക്കുന്നു’’ മുണ്ട്.

ഇനി ഇടതുപക്ഷം ജുഡീഷ്യറിയിൽ നിന്നുണ്ടാകുന്ന നീതിരഹിതമായ തീർപ്പുകളെ വിമർശിക്കുകയോ പ്രതിഷേധിക്കുകയോ ചെയ്താലോ? അപ്പോൾ ഇതേ മാധ്യമതമ്പ്രാക്കളും വലതുപക്ഷ വേതാളങ്ങളും ഒറ്റക്കെട്ടായി കൊണ്ടിളകും. മുൻപ‍് സംസ്ഥാന നിയമസഭ ഏകകണ്ഠമായി പാസാക്കിയ സ്വാശ്രയനിയമം പരിഗണിക്കുകയും നിയമം നടപ്പാക്കുന്നതിനെതിരെ വിധിയെഴുതുകയും ചെയ്ത കേരള ഹെെക്കോടതി ചീഫ് ജസ്റ്റിസ് വി കെ ബാലി ആ വിധി പ്രസ്താവിച്ച് നേരെ പോയി സ്വാശ്രയ മാനേജ്മെന്റുകളുടെ ഗസ്റ്റ് ഹൗസിൽ അവരുടെ ആഥിത്യം സ്വീകരിക്കുകയും കൊച്ചിക്കായലിൽ മാനേജർമാർക്കൊപ്പം ബോട്ടിങ് നടത്തി അർമാദിക്കുകയും ചെയ്തപ്പോൾ അതിനെ ചോദ്യം ചെയ്യുകയും പ്രതിഷേധസൂചകമായി ആ ജഡ്-ജിക്ക് പ്രതീകാത്മക നാടുകടത്തൽ വിധിച്ച വിദ്യാർഥി സംഘടനാ പ്രവർത്തകർക്കുനേരെ വർഷങ്ങൾക്കുശേഷവും കുരച്ചു ചാടുന്ന ദേഹങ്ങളാണ് ഇപ്പോൾ പ്ലേറ്റു മാറ്റിപ്പിടിക്കുന്നത്. ലോകായുക്ത മുഖ്യമന്ത്രിയുടെ ഇഫ്ത്താർ വിരുന്നിൽ പങ്കെടുത്തുപോലും!

12–ാം തീയതിയിലെ മനോരമയുടെ മുഖപ്രസംഗവും നേർക്കാഴ്ച പേജിലെ സ്റ്റോറിയും കൂടി നോക്കീറ്റാവാം മുന്നോട്ടുപോക്ക്. ‘‘അവഗണിക്കപ്പെട്ടല്ല പടിയിറങ്ങേണ്ടത്. ആശാപ്രവർത്തകർ ആനുകൂല്യങ്ങളില്ലാതെ വിരമിക്കാൻ ഇടവരുത്തരുത്’’ നേർക്കാഴ്ച പേജിൽ (11–ാം പേജ‍്) ‘‘ആശ സേവന മാനദണ്ഡം. അവധി, വേതനം പരിഷ്കരിച്ചില്ല. ആശാപ്രവർത്തകർക്ക് ആശ്വാസമേകാതെ സ്റ്റേറ്റ്മെന്റിങ് ഗ്രൂപ്പും’’. സംസ്ഥാന സർക്കാരിനുമേൽ കുറ്റം ചുമത്താനും വിവിധ വിഭാഗങ്ങളെ എൽഡിഎഫിനെതിരെ ഇളക്കിവിടാനും മനോരമ എങ്ങനെയെല്ലാം കുത്തിത്തിരിപ്പുകൾക്ക് തയ്യാറാകുന്നുവെന്നതിന്റെ മകുടോദാഹരണമാണ് ഈ മുഖപ്രസംഗവും റിപ്പോർട്ടും. ആശമാർ കേരളത്തിൽ മാത്രമുള്ള വിഭാഗമല്ല. ദേശീയ ആരോഗ്യമിഷന്റെ ഭാഗമായി രൂപീകരിക്കപ്പെട്ട ഒരു വിഭാഗം തൊഴിലാളികളാണ്. എന്നാൽ ഈ വിഭാഗത്തെ തൊഴിലാളികളോ ജീവനക്കാരോ ആയി അംഗീകരിക്കാൻ കേന്ദ്ര സർക്കാർ ഇന്നേവരെ തയ്യാറായിട്ടില്ല. ‘‘സന്നദ്ധസേവനം’’ ചെയ്യുന്നവർ എന്നൊക്കെയാണ് കേന്ദ്ര സർക്കാർ വ്യാഖ്യാനം. ഇത് ആശമാരുടെ കാര്യത്തിൽ മാത്രമല്ല, വിവിധ സ്കീമുകളുമായി (ദേശീയ ഉച്ച ഭക്ഷണ പരിപാടി പോലുള്ളവ) ബന്ധപ്പെട്ട തൊഴിലാളികളെയെല്ലാം ഈ ഗണത്തിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. അവർക്കു നൽകുന്ന തുച്ഛമായ തുകയെ ശമ്പളമെന്നോ കൂലിയെന്നോ പറയാൻ പോലും കേന്ദ്ര സർക്കാർ ഇതേ വരെ തയ്യാറായിട്ടില്ല. എന്നാൽ ഇതൊന്നും മനോരമ മുഖപ്രസംഗത്തിലെ 11–ാംതീയതി ഒന്നാം പേജിലും 12ന് നേർക്കാഴ്ച പേജിലും നൽകീറ്റുള്ള റിപ്പോർട്ടുകളിലും വ്യകതമാക്കീറ്റില്ല.

മനോരമ പറയുന്ന 62–ാം വയസ്സിലെ വിരമിക്കൽ സംബന്ധിച്ച ഉത്തരവുപോലും ദേശീയ ആരോഗ്യമിഷന്റെ പഠനഗ്രൂപ്പ് തയ്യാറാക്കിയ മാർഗനിർദേശം അംഗീകരിച്ചുകൊണ്ടുള്ളതാണ്. പ്രതിമാസ ആനുകൂല്യങ്ങൾപോലും ആശമാർക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേന്ദ്രം നൽകുന്നതിനേക്കാൾ കൂടുതൽ കേരളത്തിൽ നൽകുന്നതായാണ് അറിയുന്നത്. ആശമാർ ഉൾപ്പെടെയുള്ള സ്കീം തൊഴിലാളികളെ സ്ഥിരം ജീവനക്കാരായി അംഗീകരിച്ച് അതനുസരിച്ചുള്ള ആനുകൂല്യങ്ങളും അവകാശങ്ങളും നൽകണമെന്ന അഭിപ്രായമാണ് ഇടതുപക്ഷം ദേശീയാടിസ്ഥാനത്തിൽ മുന്നോട്ടുവയ്ക്കുന്നത്. അങ്ങനെ തീരുമാനിച്ച് സംസ്ഥാനങ്ങൾക്ക് വിഹിതം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതാണ് ആശമാർ ഉൾപ്പെടെയുള്ള സ്കീം തൊഴിലാളികളുടെ ദുരിതങ്ങൾക്ക് കാരണം. ആ വസ്തുതകൾക്കു നേരെ കണ്ണടച്ചിട്ടാണ് മനോരമയുടെ മുതലക്കണ്ണീരൊഴുക്കൽ. അല്ലെങ്കിലും മനോരമ തൊഴിലാളിപക്ഷം പിടിക്കുന്നതായി നടിക്കുന്നത് ഇടതുപക്ഷ ഭരണകാലത്ത് മാത്രമാണല്ലോ.

13–ാം തീയതി 9–ാം പേജിൽ (നേർക്കാഴ്ച) നൽകീറ്റുള്ള ഒരു ‘വാർത്താശകലം’ നോക്കാം. ‘‘പ്രതിപക്ഷ ഐക്യം: രാഹുൽ ചർച്ച തുടങ്ങി. നിതീഷ്, തേജസ്വി എന്നിവരുമായി ഖർഗെയുടെ വസതിയിൽ കൂടിക്കാഴ്ച.’’ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ വച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി തേജ്വസി യാദവും രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയാണ് പ്രതിപക്ഷ ഐക്യത്തിനുള്ള രാഹുലിന്റെ ചർച്ചയായി മനോരമ അവതരിപ്പിക്കുന്നത്. യാഥാർഥ്യമോ? ബിഹാർ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ബിജെപിയെ ചെറുക്കാൻ പ്രതിപക്ഷ ഐക്യം ഉണ്ടാക്കുന്നതു സംബന്ധിച്ചു ഡൽഹിയിൽ വിവിധ കക്ഷി നേതാക്കളുമായി ചർച്ച നടത്തി. അതിൽ കോൺഗ്രസ് നേതൃത്വവും ഉൾപ്പെടുന്നു. അപ്പോൾ പ്രതിപക്ഷ ഐക്യചർച്ച തുടങ്ങിയത് രാഹുൽഗാന്ധിയോ നിതീഷ് കുമാറോ? നിതീഷിന്റെ ദൗത്യത്തെ രാഹുലിന്റെ ദൗത്യമാക്കി മാറ്റിപ്പിടിക്കുകയാണ് മനോരമ. 14–ാം തീയതി മനോരമയ്ക്കുതന്നെ ഈ കാര്യം സമ്മതിക്കേണ്ടി വന്നു. 14ന് 11–ാം പേജിൽ നൽകിയ വാർത്തയുടെ തലക്കെട്ട് ഇങ്ങനെ : ‘‘പ്രതിപക്ഷ ഐക്യം: നിതീഷ് കിങ് മേക്കർ റോളിലേക്ക്.’’

13ന്റെ മനോരമയിലെ 16–ാം പേജിലെ ഒരു റിപ്പോർട്ടു കൂടി നോക്കാം. ‘‘സ്ഫോടനത്തിൽ യുവാവിന്റെ കെെപ്പത്തികൾ തകർന്നു; ബോംബു നിർമാണത്തിനിടെയാണെന്നു നിഗമനം’’ ഈ യുവാവാരാ? ബിജെപി പ്രവർത്തകനായ വിഷ്ണുവാണ് ആ യുവാവെന്ന് ‘‘പൊലീസ് പറയുന്നു’’വെന്ന് മനോരമേടെ റിപ്പോർട്ടിനുള്ളിൽ വായിക്കാം. ഏതെങ്കിലുമൊരു ഇടതുപക്ഷ അനുഭാവിക്കാണ് ഇത്തരമൊരപകടം സംഭവിച്ചതെങ്കിലോ? മനോരമ ഇങ്ങനെയായിരിക്കുമോ വാർത്ത നൽകുന്നത്. അപ്പോൾ തലവാചകത്തിന്റെ ശെെലിതന്നെ മാറും. ‘‘സിപിഐ എം അനുഭാവി’’ മാർക്സിസ്റ്റ് നേതാവായി മാറും. ഒന്നാം പേജിലെ ലീഡ് വാർത്തയായി അതു മാറും. ഇവിടെ ബോംബു നിർമിച്ചത് ബിജെപിക്കാരനായതുകൊണ്ട് പരമാവധി ചുരുക്കി ഞെരുക്കി യാദൃച്ഛിക സംഭവമാക്കി അവതരിപ്പിക്കുകയാണ് മനോരമ. ഇതാണ് മനോരമയുടെ നിഷ്പക്ഷതയുടെ തനിനിറം.

17–ാം തീയതി മനോരമയുടെ ഒന്നാം പേജിൽ നൽകീറ്റുള്ള ഒരു വാർത്തയിലേക്ക് നമുക്കൊന്ന് നോക്കാം. ‘‘കശ്മീർ മുൻഗവർണർ സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തൽ: ‘പുൽവാമയിലേത് കേന്ദ്ര വീഴ്ച; മിണ്ടരുതെന്ന് മോദി പറഞ്ഞു.’ സിആർപിഎഫ് അംഗങ്ങൾക്കു യാത്രയ്ക്ക്, വിമാനം നിഷേധിച്ചു; റോഡിൽ സുരക്ഷ ഉറപ്പാക്കിയില്ല. 2019ലെ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഉപയോഗിച്ചു.’’ ഇത് ആ ദിവസത്തെ ടോപ്പ് ഐറ്റമായി വരേണ്ടതായിരുന്നു. എന്നാൽ യുപിയിൽ പൊലീസ് നോക്കിനിൽക്കെ മുൻ എംപിയും സഹോദരനും വെടിവച്ച് കൊല്ലപ്പെട്ട സംഭവം ഒന്നാം സ്ഥാനത്ത് ഇടംപിടിക്കേണ്ടി വന്നതുകൊണ്ടുമാത്രം അപ്രാധാനമാക്കപ്പെട്ടു എന്ന് കരുതാനുമാവില്ല. കാരണം ‘‘ഇരട്ടക്കൊല’’യുടെ വാർത്തയോടു ചേർന്നു തന്നെ ആരും ശ്രദ്ധിക്കത്തക്കവിധം മനോരമ ‘‘കോലാറിൽ സ്വർണം വാരാൻ രാഹുൽഷോ’’ എന്ന ഐറ്റം ഫോട്ടോ സഹിതം ഗംഭീരമായി നൽകിയിട്ടുണ്ട്. മോദി വിശ്വസ്തനെന്നറിയപ്പെട്ടിരുന്ന സത്യപാൽ മാലിക്കിന്റെ വെളിപ്പെടുത്തലിന് ‘‘രാഹുൽ ഷോ’’യെക്കാൾ പതിന്മടങ്ങ് പ്രാധാന്യമുണ്ട്. നാഴികയ്ക്ക് നാൽപ്പത് വട്ടം രാജ്യസ്നേഹം പറയുന്ന, 2019ൽ, കൊല്ലപ്പെട്ട സെെനികരുടെ ചോരയുടെ കണക്കുപറഞ്ഞ് വോട്ടുപിടിച്ച് അധികാരത്തിൽ വന്ന മോദി നടത്തിയ കൊടുംചതിയുടെ വാർത്ത മോദി ഇൻസെെഡറുടെ വെളിപ്പെടുത്തലായി വരുമ്പോൾ വൻപ്രാധാന്യമാണ് ഉണ്ടാകേണ്ടത്. എന്നാൽ ‘‘രാഹുൽ ഷോ’’യുടെ ഐറ്റം നൽകി കോൺഗ്രസുകാരുടെ കണ്ണിൽപൊടിയിടുന്ന മനോരമ മറുവശത്ത് തങ്ങൾ യഥാർഥത്തിൽ മോദിക്കൊപ്പമെന്ന് ഭംഗ്യന്തരേണ പറഞ്ഞു വയ്ക്കുകയാണ് ഈ വാർത്താവതരണത്തിലൂടെ. ശരിക്കും കാലടി ഗോപിയുടെ നാടകത്തിലെ (ഏഴ് രാത്രികൾ) പാഷാണം വർക്കിയെയാണ് നമ്മെ ഓർമിപ്പിക്കുന്നത്.

വാർത്താവതരണത്തിലെ വെള്ളംചേർക്കൽ മാത്രമല്ല, മോദിയെ വെള്ളപൂശാനുള്ള അലിബി ഉണ്ടാക്കാൻ ചാടിപ്പുറപ്പെടുന്നുമുണ്ട് മനോരമ. അതും അതിവേഗം, ബഹുദൂരം! 17നു തന്നെ മനോരമയുടെ ഒമ്പതാം പേജ് ഐറ്റം (നേർക്കാഴ്ച പേജ‍്) നമുക്കൊന്നു വായിച്ചുനോക്കാം. ‘‘സത്യപാൽ പറഞ്ഞതിൽ സത്യമെത്ര?’’ എന്ന ശീർഷകത്തിൽ ആർ പ്രസന്നന്റെ പ്രത്യേക റൈറ്റപ്പുതന്നെ മോദിക്കും ബിജെപിക്കും സാക്ഷ്യം പറയാാനായിട്ട് നൽകീറ്റുണ്ട്. എന്നാൽ പ്രസന്നന്റെ അലിബിയിലെ മെയിൻപോയിന്റ് തന്നെ ദുർബലമാണ്. അതായത് അത്യാധുനിക കമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ വലിയൊരു വിദഗ്ധസംഘം സദാ ഒപ്പമുള്ള മോദി എന്തിന് ഫോണിന് റെയ്ഞ്ച് തേടി വഴിവക്കിലെ ധാബയിൽ പോകണം എന്നാണ് മനോരമക്കാരന്റെ ചോദ്യം. റെയ്ഞ്ചില്ലാത്തോണ്ട് ധാബയിൽ പോയാണ് മോദി തന്റെ ഫോൺ അറ്റൻഡ് ചെയ്തതെന്ന സത്യപാലിന്റെ വാക്കുകൾക്കുള്ള മറുവാക്യമായാണ് മനോരമ ഇത് പറഞ്ഞത്. എന്നാൽ തള്ളിന്റെ കാര്യത്തിൽ അപാരമിടുക്കനാണ് മോദിയെന്ന കാര്യം മനോരമ വിദഗ്ധൻ മറന്നുപോയെന്ന് തോന്നുന്നു.

പക്ഷേ, സത്യപാലിനു പിന്നാലെ സംഭവം നടന്നപ്പോഴത്തെ കരസേനാ മേധാവിയും ഇതേ ആരോപണം ഉന്നയിക്കുമ്പോൾ മനോരമ ലേഖകൻ പേരില്ലാത്തൊരു മുൻ സെെനികോദ്യോഗസ്ഥനെ ഉദ്ധരിച്ച് മോദിയെ ന്യായീകരിക്കാൻ ശ്രമിച്ചത് അമ്പേ പൊളിയുന്നു. സിആർപിഎഫ് ഭടന്മാരെ വേണ്ടത്ര സുരക്ഷ ഉറപ്പാക്കാതെ അതിർത്തി മേഖലയിൽ റോഡ് മാർഗം കൊണ്ടുപോകരുതെന്ന നിർദേശമാണ് സെെനികമേധാവി നൽകിയത്. ഈ ആവശ്യത്തിന് ഹെലികോപ്ടർ വിട്ടുകൊടുക്കണ്ട എന്നു തീരുമാനിച്ചത് മോദി തന്നെയല്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. മാത്രമല്ല, പുൽവാമ സംഭവത്തിനു തൊട്ടുപിന്നാലെ അതിർത്തി സുരക്ഷയുടെ ചുമതല വഹിച്ചിരുന്ന ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെ ഭീകരപ്രവർത്തകർക്കൊപ്പം പിടികൂടിയതും ഇതിനൊപ്പം ചേർത്തുവായിക്കണം. ഇയാൾക്ക് മോദി ഉൾപ്പെടെയുള്ള ബിജെപി ഉന്നതരുമായി ഉറ്റബന്ധം ഉണ്ടായിരുന്ന കാര്യവും അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടതാണ്.

മാത്രമോ? ഒരു ട്രക്കുനിറയെ സ്ഫോടകവസ്തുക്കളുമായി പത്തു പന്ത്രണ്ടു ദിവസം കാശ്മീരിലാകെ ചുറ്റിക്കറങ്ങിയശേഷമാണ് ഭീകരർ സിആർപിഎഫുകാരുടെ വാഹനത്തെ കണ്ടെത്തി ഇടിച്ചുകയറ്റിയത്. കാശ്മീർപോലെ ഇത്രയേറെ സുരക്ഷാപ്രശ്നങ്ങളുള്ള ഒരു പ്രദേശത്ത് പന്ത്രണ്ടോളം ദിവസം ഭീകരർ സ്ഫോടക വസ്തുക്കളുമായി ചുറ്റിക്കറങ്ങിയെന്നതുതന്നെ രാജ്യസുരക്ഷയിൽ താൽപ്പര്യമുള്ളവരെയാകെ ഞെട്ടിക്കുന്നതാണ്.

സത്യപാൽ മാലിക്കും സെെനികമേധാവിയും പറഞ്ഞത് നിസ്സാരമായി തള്ളിക്കളയാനാവില്ല. കാരണം മോദിയുടെ 2019 ലെ വിജയം പുൽവാമയെയും സർജിക്കൽ സ‍്ട്രൈക്കിനെയും ക്വാട്ട് ചെയ്ത് നേടിയതാണല്ലോ. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മോദിക്ക് തികച്ചും എതിരായിരുന്നു പൊതുവികാരം. അത് മാറ്റിമറിക്കാൻ സൃഷ്ടിക്കപ്പെട്ടതാണ് പുൽവാമ എന്ന ധ്വനിയാണ് സത്യപാലും സെെനികമേധാവിയും നൽകുന്നത്. അത് അക്ഷരംപ്രതി ശരിയുമാണ്. മോദിയുടെ ട്രാക്ക് റിക്കാർഡും അതാണല്ലോ. ഗോധ്രയിൽ ട്രെയിനിൽ സ്ഫോടനം നടത്തി ഗുജറാത്തിൽ വംശഹത്യക്ക് അരങ്ങൊരുക്കിയ മോദിയും ഡോവലും ഇതും ഇതിലപ്പുറവും ചെയ്യും. നമ്മുടെ മനോരമാദി മുഖ്യധാരക്കാർ അത് മൂടിവയ്ക്കാൻ പെടാപ്പാട് പെടുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =

Most Popular