Friday, May 3, 2024

ad

Homeമുഖപ്രസംഗംക്രമസമാധാനനില തകർന്ന യുപി

ക്രമസമാധാനനില തകർന്ന യുപി

ലുപ്പം കൊണ്ടു മാത്രമല്ല ഉത്തർപ്രദേശ് ഇന്ത്യയിലെ ശ്രദ്ധേയമായ സംസ്ഥാനമായത്. ലോക്സഭയിലേക്ക് 80 അംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനം. അത്രയും ജില്ലകളുണ്ട്. പി വി നരസിംഹറാവു ഒഴിച്ച് കോൺഗ്രസിന്റെ പ്രധാനമന്ത്രിമാരെല്ലാം യുപിക്കാരായിരുന്നു. എന്നാൽ ഇപ്പോൾ ആ പ്രൗഢിയൊന്നും യുപിയ്ക്കില്ല. യുപി മറ്റൊരു തരത്തിലും (കു) പ്രസിദ്ധമാണ്. ജമീന്ദാർമാരുടെ കേന്ദ്രമായിരുന്നു അത്. കൊല്ലിനുും കൊലയ്ക്കുമുള്ള അധികാരം സ്വയം കയ്യാളിയവർ. ജമീന്ദാരി വ്യവസ്ഥ അവസാനിപ്പിച്ചിട്ടും അതിനുകീഴിൽ അത്തരം അതിക്രമങ്ങൾ നടത്തിയിരുന്നവർ ജനാധിപത്യ വ്യവസ്ഥയിലും വാഴ്ച തുടർന്നു. ഇത്തരം അക്രമി സംഘങ്ങളുടെ തലപ്പത്തുള്ളവർ പാർലമെന്റ് അംഗങ്ങളായി. ചിലർ മന്ത്രിമാരുമായി.

ക്രിമിനൽ പശ്ചാത്തലമുള്ളവരും രാഷ്ട്രീയത്തിലേക്കു ഇടയ്ക്കു പ്രവേശിച്ചിരുന്നവരുമായിരുന്നു അടുത്ത ദിവസം ഉത്തർപ്രദേശിലെ പ്രയാഗ്–രാജിൽ അർധരാത്രിയിൽ പൊലീസിന്റെ സാന്നിധ്യത്തിൽ വെടിവെച്ചു കൊല്ലപ്പെട്ട ആതിഖ് അഹമ്മദും സഹോദരൻ അഷ്റഫും. നരേന്ദ്രമോദിയുടെ കേന്ദ്ര സർക്കാരിനു കീഴിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ ബിജെപി മന്ത്രിസഭ തുടർച്ചയായി ഭരണത്തിലിരുന്നിട്ടും ഉത്തർപ്രദേശിൽ ഇപ്പോഴും ഗുണ്ടാരാജ് അല്ലെങ്കിൽ തോക്ക് രാഷ്ട്രീയം നിർബാധം തുടരുന്നു എന്നതിനു തെളിവാണ് പൊലീസ് സംഘത്തിന്റെ സാന്നിധ്യത്തിൽ ഈ സഹോദരന്മാർ വെടിവെച്ച് കൊന്നത്. യുപിയിൽ മുസ്ലീം വിരോധം രൂക്ഷമാണ് ഏറെ ക്കാലമായി. ആർഎസ്എസ് – ബിജെപി അവിടെ വളരുന്നതിനു അതും കാരണമായിരിക്കാം. പിന്നീട് അവിടെ മുസ്ലീം വിരോധത്തെ ഉൗതിക്കത്തിക്കുന്നതിൽ സംഘപരിവാരശക്തികളുടെ വലിയ സംഭാവന ഉണ്ട്.

യുപി പൊലീസ് കൊള്ളയും കൊലയും മറ്റു ക്രിമിനൽ കുറ്റങ്ങളും തടയുന്നതിനല്ല, അവ നടത്തുന്നവർക്ക് സംരക്ഷണം നൽകുന്നതിനാണ് മുൻഗണന നൽകുന്നത്. ആ പൊലീസ് സംവിധാനത്തെ നവീകരിച്ച് ജനരക്ഷയ്ക്കുള്ളതാക്കി മാറ്റുന്നതിനു കോൺഗ്രസ്സോ ബിജെപിയോ നയിച്ച ഒരു സർക്കാരും ശ്രമിച്ചിട്ടില്ല. ആതിഖ് യുപി രാഷ്ട്രീയത്തിൽ സ്വതന്ത്രൻ എന്ന നിലയിലും സമാജ് വാദി പാർട്ടി നേതൃത്വത്തിന്റെ കയ്യാളെന്ന നിലയിലും പ്രവർത്തിച്ചയാളാണ്.

ആതിഖിന്റെയും അഷ്റഫിന്റെയും കൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു എന്നു വേണം കരുതാൻ. അർധരാത്രിയാണ് സംഭവം നടക്കുന്നത്. ഒരു വലിയ പൊലീസ് സംഘത്തിന്റെ വലയത്തിലായിരുന്നു ആതിഖും അഷ്റഫും. സംഭവസ്ഥലത്ത് രാവേറെ ചെന്ന സമയത്തും ധാരാളം മാധ്യമ പ്രവർത്തകർ ടിവി ക്യാമറകളുമായി ഉണ്ടായിരുന്നു. അതിനാൽ അവരുടെ കൊലപാതക രംഗം നിരവധി മാധ്യമ പ്രവർത്തകർ ഒപ്പിയെടുത്തു. പൊലീസിനെയും അവരുടെ ഇന്റലിജൻസ് സംവിധാനത്തെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഘാതകസംഘം അവരുടെ കൃത്യം വിജയകരമായി നിർവഹിച്ചത്. തങ്ങൾ ഏതുസമയത്തും ആക്രമിക്കപ്പെടാം എന്ന തിരിച്ചറിവ് ആതിഖ് – അഷ്റഫ് സഹോദരന്മാർക്ക് ഉണ്ടായിരുന്നു. അത് അവർ ആവർത്തിച്ചു പറയുകയും ചെയ്തിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ സംവിധാനങ്ങളൊന്നും പൊലീസ് ഒരുക്കിയിരുന്നില്ല. പൊലീസും കൊലയാളികളും ഒത്തുകളിച്ചതായുള്ള സംശയം ബലപ്പെടുത്തുന്നതാണിത്.

ആതിഖും അഷ്‌റഫും കൊല്ലപ്പെടുന്നതിനുമുമ്പുള്ള ദിവസങ്ങളിൽ ഗുജറാത്തിലെ ജയിലിലായിരുന്നു. യുപിയിലെ ഉമേഷ്‌പാൽ എന്ന മറ്റൊരു ഗുണ്ടയുടെ കൊലയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നടത്താനാണ്‌ ആതിഖിനെയും സഹോദരനെയും യുപിയിലേക്ക്‌ കൊണ്ടുപോയത്‌. അങ്ങനെ കൊണ്ടുപോകുമ്പോൾ തനിക്ക്‌ ജീവഹാനി ഉണ്ടായേക്കാം എന്ന ആശങ്ക ആതിഖിനു ഉണ്ടായിരുന്നു.

ആതിഖിന്റെ ഏറ്റവും ഇളയ മകനെ ഏതാനും ദിവസം മുമ്പ്‌ ഒരു കേസുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടൽ എന്ന പേരിൽ പൊലീസ്‌ വകവരുത്തിയിരുന്നു. ആതിഖിനെയും കുടുംബത്തെയും യുപിയിലെ പൊലീസുകാർക്കും ന്യായാധിപർക്കും പോലും ഭയമായിരുന്നു എന്നാണ്‌ വാർത്തകൾ. ആതിഖുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യുന്നതിനു പല ന്യായാധിപന്മാരും തയ്യാറായിരുന്നില്ല എന്നു റിപ്പോർട്ട്‌ ചെയ്‌തുകണ്ടു. ആ വ്യക്തിയെ ഏതു തരത്തിലാണ്‌ യുപിയിലെ ഉദ്യോഗസ്ഥ സംവിധാനം, അതിലെ നീതിന്യായപാലന വിഭാഗം വിശേഷിച്ചും, കാര്യങ്ങൾ വീക്ഷിക്കുകയും കെെകാര്യം ചെയ്‌തിരുന്നത്‌ എന്നു വെളിവാക്കുന്നതാണ്‌ ഈ വാർത്തകൾ.

ഈ സംഭവപരമ്പര വെളിവാക്കുന്നത്‌ യുപി പൊലീസ്‌ സംവിധാനം സമ്പൂർണ പരാജയമാണ് എന്നാണ്‌. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഇപ്പോഴത്തെ യുപിയുടെ പൂർവരൂപമായ യുണെെറ്റഡ്‌ പ്രോവിൻസിലെ പൊലീസ്‌ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംവിധാനത്തെക്കുറിച്ച്‌ കഴിഞ്ഞ ഏഴു പതിറ്റാണ്ടിനുള്ളിൽ പലരും–- ഉദ്യോഗസ്ഥ മേധാവികളും രാഷ്‌ട്രീയപ്രവർത്തകരും മാധ്യമപ്രതിനിധികളും ഉൾപ്പെടെ എഴുതിയിട്ടുണ്ട്‌. അത്യന്തം ജീർണിച്ച ഒരു ഫ്യൂഡൽ സംവിധാനത്തിന്റെ ഭാഗമായി നിലനിന്ന ഒരു ക്രമസമാധാന പാലന വിഭാഗത്തിന്റെ അവശിഷ്ടം എന്ന രീതിയിലാണ്‌ യുപിയിൽ ഇപ്പോഴും പൊലീസും കോടതിയും അടങ്ങുന്ന ക്രമസമാധാന പാലന സംവിധാനം. അതിനെ ശരിവയ്‌ക്കുന്നതാണ്‌ ആതിഖ്‌–-അഷ്‌റഫ്‌ സഹോദരങ്ങളുടെ ഇതുവരെയുള്ള ക്രിമിനൽ ജീവിതവും ഇപ്പോൾ അവർക്കു നേരിടേണ്ടി വന്ന ക്രൂരമായ അന്ത്യവും.

ഇത്തരം സംഭവങ്ങൾ തടയുന്നതിനു ആവശ്യമായ പരിഷ്‌കാരങ്ങൾ ക്രമസമാധാന പാലനത്തിൽ വരുത്തേണ്ടതുണ്ട്‌ എന്നതിനെ കുറിച്ച്‌ റിപ്പോർട്ട്‌ നൽകാൻ യുപി സർക്കാർ ഒരു മൂന്നംഗ കമ്മീഷനെ നിയമിച്ചിട്ടുണ്ട്‌. തൊലിപ്പുറമേയുള്ള പരിഷ്‌കാരം കൊണ്ടൊന്നും യുപിയെ ബാധിച്ചിട്ടുള്ള അക്രമാസക്തിയെ നിയന്ത്രിക്കാൻ കഴിയില്ല. ബിജെപിക്കോ യോഗി ആദിത്യനാഥ്‌ സർക്കാരിനോ പ്രശ്‌നത്തെ അതിന്റെ സമഗ്രതയിൽ വിലയിരുത്താനും ഫലപ്രദമായ ഭരണ–-സാമൂഹ്യപരിഷ്‌കാരങ്ങൾ നടപ്പാക്കാനും കഴിയില്ല. അവർ പിന്തുടരുന്നതുതന്നെ പ്രതിലോമകരവും അക്രമാസക്തവുമായ ആശയമാണ് എന്നതാണിതിന് കാരണം. അതിന്റെ ദുരന്തഫലമാണ് യുപിയിൽ ഇപ്പോൾ നടന്ന സംഭവം. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

18 − 3 =

Most Popular