Thursday, April 25, 2024

ad

Homeജൻഡർഹിന്ദുത്വ ഇന്ത്യയിലെ സ്ത്രീകൾ

ഹിന്ദുത്വ ഇന്ത്യയിലെ സ്ത്രീകൾ

കവിത ഇന്ദുലേഖ

തങ്ങൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നതും സമൂഹത്തിൽ ഇടപെട്ടിരിക്കുന്നതും എല്ലായ്പ്പോഴും സ്ത്രീവിരുദ്ധമായിട്ടാണ്. മത തത്ത്വങ്ങൾ ക്രോഡീകരിക്കപ്പെട്ട കാലഘട്ടങ്ങളിൽ സാമൂഹ്യവ്യവസ്ഥ പുരുഷ കേന്ദ്രീകൃതമായി മാറിക്കഴിഞ്ഞു എന്നതാവണം അതിനു കാരണം. ഒരു സമൂഹത്തിന്റെ പുരോഗമനോന്മുഖതയെ വിലയിരുത്തുന്നതിനുള്ള ഏറ്റവും പ്രത്യക്ഷ മാപകം ആ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതനിലവാരമാണ്. മതത്തിന് മേൽക്കൈയുള്ള ഭരണകൂടങ്ങൾക്കു കീഴിലാണ് സ്ത്രീ ഏറ്റവും അടിച്ചമർത്തലുകൾക്ക് വിധേയയാകുന്നത് . യൂറോപ്പിലെ ഭരണകൂടങ്ങളാകെ കത്തോലിക്കാ സഭയുടെ അധികാരത്തിന് കീഴിലായിരുന്ന കാലഘട്ടത്തിൽ സ്വതന്ത്ര ചിന്തയുള്ള സ്ത്രീകളെ ‘witch hunt’ എന്ന പേരിൽ ഉന്മൂലനം ചെയ്തു. ഗണിതശാസ്ത്രജ്ഞയായ ഹൈപേഷ്യ പോലും മതപീഡകരാൽ വധിക്കപ്പെട്ടു. കലകളോ അറിവോ ആർജിക്കുന്നതിനോ വിനിമയം ചെയ്യുന്നതിനോ ഉള്ള ഒരവസരവും സ്ത്രീയ്ക്ക് പ്രാപ്യമായിരുന്നില്ല.

സമകാലിക ചരിത്രത്തിൽ ഇതിന് ദൃഷ്ടാന്തമായി ഇസ്ലാമിക് സ്റ്റേറ്റ്, ബോക്കോ ഹറാം, താലിബാൻ എന്നീ തീവ്രവാദ ഗ്രൂപ്പുകൾക്ക് കീഴിലെ സ്ത്രീയവസ്ഥകൾ ഉണ്ട്. വിദ്യാഭ്യാസം ആഗ്രഹിച്ച മലാല യൂസഫ സായ് മുതൽ ശരിയാം വിധം പർദ്ദ ധരിക്കാത്തതിന് ഇറാനിലെ സദാചാര പോലീസിനാൽ അറസ്റ്റു ചെയ്യപ്പെടുകയും കസ്റ്റഡിയിൽ കൊല്ലപ്പെടുകയും ചെയ്ത മഹസ ആമിനി വരെയുള്ളവരുടെ അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. വിദ്യാഭ്യാസം, വസ്ത്രം, സഞ്ചാരം, തൊഴിൽ, സദാചാരം എന്നിവയെയൊക്കെ സംബന്ധിച്ച് മതം നിശ്ചയിക്കുന്ന നിയന്ത്രണങ്ങൾക്കപ്പുറം കടക്കുന്നത് ഇത്തരം സമൂഹങ്ങളിൽ അനുവദനീയമല്ല.

മതാധിഷ്ഠിത ഭരണകൂടങ്ങളുടെ സ്ത്രീസമീപനങ്ങളെക്കുറിച്ച് പറയുമ്പോൾ ഇന്ത്യ അത്രയധികം കടന്നുവരാറില്ല. സാമ്പത്തിക സാഹചര്യങ്ങൾ മെച്ചമായ കുടുംബങ്ങളിലെ സ്ത്രീകൾ ജാതി മത ഭേദമന്യേ മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നു, മെച്ചപ്പട്ട ജീവിത സാഹചര്യങ്ങളിലേയ്ക്ക് കുടിയേറുന്നു. ദരിദ്ര സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്ന ഭൂരിഭാഗം വരുന്ന ഇന്ത്യാക്കാരെ സംബന്ധിച്ചിടത്തോളം ലിംഗഭേദമന്യേ അവരുടെ സാധ്യതകൾ പരിമിതമാണ്. എന്നാൽ അവർ തളച്ചിടപ്പെട്ട ദരിദ്ര സാഹചര്യങ്ങളുടെ സൃഷ്ടിയിൽ ജാതിയും മതവും ചെലുത്തിയ സ്വാധീനം അധികം വിശകലന വിധേയമാക്കപ്പെട്ടിട്ടുമില്ല. മതേതര ഇന്ത്യയെ ഹിന്ദുത്വ ഇന്ത്യയാക്കി മാറ്റാനുള്ള ശ്രമങ്ങൾ തീവ്രവേഗതയിൽ നടക്കുന്നുണ്ട്. അത്തരമൊരു ഭീഷണിയെ അഭിമുഖീകരിക്കുമ്പോൾ മറ്റ് മതാധിഷ്ഠിത സമൂഹങ്ങളിലെ പോലെ ഇന്ത്യൻ സ്ത്രീ സമൂഹം മത കാർക്കശ്യം അനുഭവിച്ചിട്ടുണ്ടോ? , തീവ്ര വർഗ്ഗീയതയ്ക്ക് പ്രാമുഖ്യമുള്ള ഒരു രാഷ്ട്രത്തിന്റെ സ്ഥാപനത്തിനായുള്ള ശ്രമങ്ങളിൽ സ്ത്രീകൾ എത്രമാത്രം പങ്കാളികളാകുന്നുണ്ട്?, തീവ്രഹിന്ദുത്വ രാഷ്ട്രത്തിൽ സ്ത്രീകൾക്ക് എന്ത് പദവിയാണ് ഉണ്ടാവുക? ; ഈ ചോദ്യങ്ങൾക്ക് ഒപ്പം പ്രധാനമാണ് ഇന്ത്യ എന്ന മതേതര രാഷ്ട്രത്തെ നിലനിർത്താനുള്ള പോരാട്ടങ്ങളിൽ സ്ത്രീകളുണ്ടോ എന്നതും.

ഭാവശുദ്ധിയിൽ തളച്ചിടപ്പെട്ട ഭാരത സ്ത്രീകൾ
പൗരാണിക ഭാരതത്തെക്കുറിച്ചുള്ള വായനകൾ ബഹുമാന്യവും പൂജനീയവുമായ ഒരു സ്ഥാനം സ്ത്രീക്ക് ഇവിടെ ഉണ്ടായിരുന്നു എന്ന പ്രതീതിയാണ് പൊതുവിൽ ജനിപ്പിക്കുന്നത്. അവരിൽ വിദുഷികൾ ഉണ്ടായിരുന്നു. രാജ കഥകളിൽ സ്ത്രീ കഥാപാത്രങ്ങൾക്കും ഇടമുണ്ടായിരുന്നു.
‘യത്ര നാര്യസ്തു പൂജ്യന്തേ,
രമന്തേ തത്ര ദേവതാ:’ – എന്ന മട്ടിൽ ബഹുമാനം ലഭിച്ചിരുന്നു. എന്നാൽ ഈ ബഹുമാനങ്ങൾ ഒക്കെ ലഭിച്ചിരുന്നത്
‘പിതാ രക്ഷതി കൗമാരേ
ഭർത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാർദ്ധക്യേ’ – എന്നിങ്ങനെ തന്റെ സ്വാതന്ത്ര്യത്തെ കാലാകാലങ്ങളിൽ സൂക്ഷിപ്പുകാരെ ഏൽപ്പിച്ചിരുന്ന കുലസ്ത്രീകൾക്ക് മാത്രമാണെന്ന് മാത്രം. സ്ത്രീകൾ അന്ന് അനുഭവിച്ചിരുന്ന മെച്ചപ്പെട്ട പദവിക്ക് ഉദാഹരണങ്ങളായി പലപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്ന ഗാർഗിയും മൈത്രേയിയുമൊക്കെ അപൂർവ്വങ്ങളിൽ അപൂർവ്വമായിരുന്നു. രാജകൊട്ടാരങ്ങളിലെ ദാസിവേഷമണിഞ്ഞ് കഥകൾക്ക് വർണ്ണം ചാലിച്ചവർ, കൊട്ടാരങ്ങളിലെ അടിമപ്പെണ്ണുങ്ങൾ, വർണ്ണ വ്യവസ്ഥയിൽ താഴേത്തട്ടിൽ നിന്ന സ്ത്രീകൾ മുതലായവരുടെ ജീവിതങ്ങൾ എവിടെയും രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അന്നത്തെ കാലഘട്ടത്തെ ഏതെങ്കിലുമൊക്കെ രീതിയിൽ മനസ്സിലാക്കാനുതകുന്ന സംസ്കൃത നാടകങ്ങളിൽ (ഉന്നത കുലജാതരായ) പുരുഷ കഥാപാത്രങ്ങൾ വിജ്ഞാന ഭാഷയായ സംസ്കൃതം സംസാരിച്ചപ്പോൾ ഉന്നതകുലജാതരായാൽ പോലും സ്ത്രീ കഥാപാത്രങ്ങൾ ബ്രാഹ്മണ ഇതര കഥാപാത്രങ്ങളെ പോലെ സംസാരഭാഷയായ പ്രാകൃത് ആണ് സംസാരിച്ചത്. ഭഗവത്ഗീതയിൽ മോക്ഷം ലഭിക്കാൻ യോഗ്യതയില്ലാത്ത നീചയോനിയിൽ പിറന്ന വിഭാഗത്തിലാണ് സ്ത്രീയേയും (വൈശ്യരും ശൂദ്രരുമാണ് മറ്റ് വിഭാഗങ്ങൾ) ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീയെ ദേവിയായി ആരാധിക്കുമ്പോഴും സാധാരണക്കാരായ സ്ത്രീകൾക്ക് സമൂഹത്തിൽ ഒരു സ്ഥാനവും ലഭിച്ചില്ല.

പാശ്ചാത്യ ലോകത്ത് ചിന്തിക്കുകയും ചോദ്യം ചോദിക്കുകയും ചെയ്യുന്ന സ്ത്രീക്കായിരുന്നു അഗ്നികുണ്ഡങ്ങൾ ശിക്ഷയായി നൽകിയത്. എന്നാൽ ഭാരതത്തിൽ പാതിവ്രത്യത്തിനുള്ള ‘ശിക്ഷ’ ആയിരുന്നു സതിയനുഷ്ഠാനം. അങ്ങേയറ്റം നിഷ്ഠുരമായ ഒരു ആചാരത്തെ പരിപാവനതയിൽ പൊതിഞ്ഞു. സ്ത്രീയെ ഭർത്താവിന്റെ സ്വത്തിൽ നിന്നും മാറ്റിനിർത്തുന്നതിനുള്ള ആചാരമായിരുന്നിരിക്കണം സതിയനുഷ്ഠാനം. വേദകാലഘട്ടത്തിൽ ഭർത്താവ് മരണപ്പെടുമ്പോൾ അയാൾക്കായുള്ള ചിതയിൽ ഭാര്യ അല്പസമയം കിടക്കുകയും അവിടെ നിന്നും എഴുന്നേറ്റു വരുന്ന സ്ത്രീയെ ഭർത്താവിന്റെ സഹോദരൻ വിവാഹം ചെയ്യുകയും ചെയ്യുന്ന ‘നിയോഗം’ എന്ന രീതിയാണ് ഉണ്ടായിരുന്നത്.

ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായായാണ് കണക്കാക്കി പോരുന്നതെങ്കിലും ഹിന്ദു ചക്രവർത്തി എന്ന് കൃത്യമായി പറയാവുന്ന ഒരേയൊരു ചക്രവർത്തി ഗുപ്ത കാലഘട്ടത്തിലെ വിക്രമാദിത്യൻ ആണ്. ഏകദേശം 320 CE മുതൽ 550 CE വരെയുള്ള ഗുപ്ത കാലഘട്ടം പിൽക്കാലത്ത് ഹൈന്ദവം എന്ന് വിശേഷിപ്പിക്കപ്പെട്ട മതത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ഈ കാലഘട്ടത്തിലാണ് രാമായണവും മഹാഭാരതവും ഏറെക്കുറെ ഇന്ന് കാണപ്പെടുന്ന രീതിയിൽ ക്രോഡീകരിക്കപ്പെടുന്നത്. ഗുപ്ത കാലഘട്ടത്തിലും അതിനു ശേഷവുമാണ് സതി നരഹത്യാ രൂപത്തിൽ അരങ്ങേറിത്തുടങ്ങുന്നതും വ്യാപകമാകുന്നതും. പിന്നീട് രജപുത്ര കാലഘട്ടത്തിലാണ് പാതിവ്രത്യം, കുലീനത, ദേശസ്നേഹം എന്നിങ്ങനെയുള്ള ശബളിമകൾ ഈ അനുഷ്ഠാനത്തിന് പൊലിമ നൽകുന്നത്. മുസ്ലീംരാജാക്കൻമാരുടെ ആക്രമണവുമായി ബന്ധപ്പെട്ടാണ് സതി അനുഷ്ഠാനത്തിന്റെ കഥകൾ ഏറെയുള്ളതെങ്കിലും കണക്കുകൾ കാണിക്കുന്നത് മുഗൾ ഭരണത്തിനു മുൻപുള്ള കാലഘട്ടത്തിലാണ് സതി അനുഷ്‌ഠാനം കൂടുതലായി അരങ്ങറിയത് എന്നാണ്.

സതി മാത്രമല്ല, ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ബാല്യ വിവാഹം, വിധവകളുടെ ജീവിത ദുരിതം, ദേവദാസി സമ്പ്രദായം എന്നിങ്ങനെ നിരവധി സ്ത്രീ വിരുദ്ധ ആചാരങ്ങളുണ്ടായിരുന്നു. എത്ര അനീതി നേരിട്ടാലും ആണധികാരങ്ങൾക്ക് കീഴ്പ്പെട്ട് നിൽക്കുന്നവർ ആരാധ്യരായി (സീതയെപ്പോലെ). വാർപ്പ് മാതൃകകളിൽ ഒതുങ്ങാത്ത മഹാഭാരതത്തിലെ കഥാപാത്രങ്ങൾക്ക് സീതയുടെ പരിപാവനത ഇല്ല. സദാചാര ഭ്രംശം സംഭവിച്ചവർക്ക് (അഹല്യയേയും രേണുകയേയും പോലെ ഉള്ളവർക്ക്) തക്കതായ ശിക്ഷ ലഭിച്ചു. എപ്പോഴെങ്കിലുമൊക്കെ ആണധികാരങ്ങളെ ചോദ്യം ചെയ്യാൻ ഒരുമ്പെട്ടവരൊക്കെ താടകയും പൂതനയും ശൂർപ്പണകയും അടങ്ങുന്ന രാക്ഷസക്കൂട്ടങ്ങളായി.

വിചാരധാര സ്ത്രീകളോട് പറയുന്നത്
മതേതര ഇന്ത്യയെ ഹിന്ദുമതരാഷ്ട്രമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ആർ എസ് എസ്. അതിന്റെ സ്ഥാപകനായ ഡോക്ടർ കേശവ് ബല്‍റാം ഹെഗ്ഡേവാറിനു ശേഷം 1940 മുതൽ 1973 വരെ ആർഎസ്എസിന്റെ തലവനായിരുന്ന മാധവ് സദാശിവ് ഗോൾവൾക്കറുടെ വിവിധ കാലഘട്ടങ്ങളിലെ പ്രസംഗങ്ങൾ ക്രോഡീകരിച്ച് 1966 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ് വിചാരധാര. അതിൽ ‘Call to the Motherhood’ എന്ന അദ്ധ്യായത്തിൽ ഏഴ് പേജുകളിലായി ഇന്ത്യയിലെ സ്ത്രീകൾക്കുള്ള മാർഗ്ഗരേഖ ഗോൾവൾക്കർ വയ്ക്കുന്നുണ്ട്. പുതിയ തലമുറയെ ശരിയായ സംസ്കാരത്തോടെ (കടമയോടുള്ള സമർപ്പണം, സഹനശക്തി, ദേശസ്നേഹം, സാമൂഹ്യ സേവന സന്നദ്ധത) വളർത്തിയെടുക്കുക എന്നതാണ് മാതാവിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതല. തന്റെ ബാല്യകാലത്ത് പ്രഭാതങ്ങളിൽ അമ്മയുടെ മന്ത്രോച്ചാരണം കേട്ട് ഉണർന്നിരുന്നത് തന്റെ വ്യക്തിത്വ രൂപീകരണത്തെ ഏതുവിധം പരിപോഷിപ്പിച്ചു എന്ന് ഗോൾവൾക്കർ ഓർക്കുന്നുണ്ട്. ഈ വിധം ഒരു സാംസ്കാരിക അന്തരീക്ഷത്തിൽ വളരാത്ത കുട്ടികൾ വളരെ എളുപ്പത്തിൽ ക്രിസ്ത്യൻ മതപ്രചാരണ തന്ത്രങ്ങളിൽ വീണുപോകും എന്നും ഉദാഹരണസഹിതം ഗോൾവൾക്കർ പറയുന്നു.

ഒന്നാം ലോകമഹായുദ്ധകാലത്ത് യുദ്ധമുഖത്തേക്ക് പോകാൻ ഇഷ്ടമില്ലാതിരുന്ന ഒരു വ്യക്തി സ്ത്രീ വേഷം ധരിച്ച് ഒളിച്ചു കഴിയുന്നു. അധികൃതർ അയാളെ കണ്ടെത്തി യുദ്ധമുഖത്ത് എത്തിച്ച് യൂണിഫോം ധരിപ്പിച്ച ശേഷം ചോദിക്കുന്നു- ഇനി നിങ്ങൾക്ക് തിരിച്ചു പോകണം എന്നുണ്ടോ. വേണ്ട, അയാൾക്ക് യുദ്ധമുഖത്തേക്കാണ് പോകേണ്ടിയിരുന്നത്. നോക്കൂ, (സ്ത്രീയുടെ) വസ്ത്രമാണ് സമീപനത്തിലെ ആ വ്യത്യാസം മുഴുവൻ ഉണ്ടാക്കിയത്- ഗോൾവൾക്കർ പറയുന്നു.

വിദ്യാഭ്യാസമുള്ള സ്ത്രീകൾ അവരുടെ സമയവും ഊർജ്ജവും ഗോസിപ്പ് പരത്തുന്ന ക്ലബ്ബുകളിൽ ചെലവഴിക്കുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം ആവശ്യമാണ്. എന്നാൽ അക്ഷരമാല പഠിക്കുന്ന വിദ്യാഭ്യാസത്തിന് രണ്ടാം സ്ഥാനമേ ഉള്ളൂ. ശരിയായ സംസ്കാരം വളർത്തുന്ന, ധർമ്മത്തിൽ വിശ്വാസം ജനിപ്പിക്കുന്ന, നമ്മുടെ ചരിത്രത്തെ ഓർത്ത് അഭിമാനിക്കുന്ന വിദ്യാഭ്യാസമാണ് സ്ത്രീക്ക് ലഭ്യമാകേണ്ട യഥാർത്ഥ വിദ്യാഭ്യാസം. ഏറ്റവും അവസാനമായി സാവിത്രിയുടെ ഉദാഹരണമാണ് പിന്തുടരാനായി സ്ത്രീകൾക്ക് മുന്നിൽ ഗോൾവൾക്കർ വയ്ക്കുന്നത്.

ഗോൾവൾക്കറുടെ വിചാരങ്ങൾ പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള കാലഘട്ടം ഏതാണ് എന്നത് നാം ഓർക്കണം. 1940 മുതൽ 1966 വരെയുള്ള കാലഘട്ടം. 1906ൽ ജനിച്ച ഗോൾവൾക്കർക്ക് അന്നും ഇന്ത്യൻ സ്ത്രീകൾക്ക് ഭീഷണിയായിരുന്ന സതി അനുഷ്ഠാനം, വിധവാ സമ്പ്രദായം, ബാല്യവിവാഹം, സ്ത്രീധന സമ്പദായം, പെൺശിശു ഹത്യ എന്നിവയെ കുറിച്ചോ, ആധുനിക വിദ്യാഭ്യാസം സ്ത്രീകൾക്ക് ലഭിക്കേണ്ടതിനെക്കുറിച്ചോ, സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സ്ത്രീകൾ വഹിക്കേണ്ട രാഷ്ട്രീയമായ പങ്കിനെക്കുറിച്ചോ യാതൊന്നും പറയാനില്ല. ഗോൾവൾക്കർക്ക് മുന്നിൽ സരോജിനി നായിഡുവിനേയും അരുണാ ആസഫ് അലിയേയും പോലെ സ്വാതന്ത്ര്യസമര പ്രവർത്തകരും വിജയലക്ഷ്മി പണ്ഡിറ്റിനെപ്പോലെ ഭരണനിപുണരും ദാക്ഷായണി വേലായുധനേയും അമ്മുസ്വാമിനാഥനേയും പോലെ ആധുനിക ഇന്ത്യയ്ക്കുള്ള ഭരണഘടന തയ്യാറാക്കുന്നതിൽ പങ്കാളികളായവരും ഉണ്ടായിരുന്നു. പക്ഷേ ഇന്ത്യൻ സ്ത്രീകൾക്ക് മുന്നിൽ ഉദാഹരണമായി നിർത്താൻ ആ ആർഎസ്എസുകാരന് ഉണ്ടായിരുന്നത് ഭക്തിയും സമർപ്പണവും കൊണ്ട് ഭർത്താവിന്റെ മരണത്തെ തോൽപ്പിച്ച സാവിത്രി എന്ന കൽപ്പിത കഥാപാത്രമാണ്. ശരിയാം വിധം കുട്ടികളെ വളർത്തുക എന്നതിനപ്പുറം സാമൂഹികമോ രാഷ്ട്രീയമോ ആയ ഒരു പ്രാധാന്യവും വിചാരധാര സ്ത്രീകൾക്കു കല്പിക്കുന്നില്ല.

നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നെങ്കിലും ഹൈന്ദവം എന്ന് വിളിക്കപ്പെട്ട ഒരു പൊതുസംസ്ക്കാരം ഏറിയും കുറഞ്ഞും പങ്കുവച്ചവരാണ് ഇന്ത്യാക്കാർ. എന്നാൽ മതാധിഷ്ഠിതമായ ഒരു ഭരണകൂടം പടുത്തുയർത്താനുള്ള ശ്രമങ്ങൾ സ്വാതന്ത്യ ശേഷമാണ് സജീവമാകുന്നത്. ഏതെങ്കിലും തരത്തിൽ മൂല്യമര്‍ഹിക്കുന്ന വിചാരങ്ങൾ ഉൾക്കൊള്ളുന്നതു കൊണ്ടല്ല വിചാരധാരയെക്കുറിച്ച് പറഞ്ഞു പോകുന്നത്. തീവ്ര ഹിന്ദുത്വവാദികൾ പടുത്തുയർത്താൻ പരിശ്രമിക്കുന്ന ഹിന്ദുത്വ ഇന്ത്യയിലെ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്ന് വിചാരധാര ആയിരിക്കും എന്നതുകൊണ്ടാണ് ഹിന്ദുത്വ ഇന്ത്യയിലെ സ്ത്രീകളെക്കുറിച്ച് പറയുമ്പോൾ അത് പറയേണ്ടി വരുന്നത്.

സ്ത്രീകളും വർഗ്ഗീയ രാഷ്ട്രീയത്തിലേയ്ക്ക്
തീവ്ര ഹിന്ദുത്വ ശക്തികൾ രാഷ്ട്രീയ രൂപം സ്വീകരിക്കുകയും ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപെടാൻ തുടങ്ങുകയും ചെയ്യുന്ന ആദ്യ കാലഘട്ടങ്ങളിൽ സ്ത്രീകൾക്ക് ആ സംഘടനയിൽ വലിയ പങ്കൊന്നും ഉണ്ടായിരുന്നില്ല. 1974ൽ ‘ഠീംമൃറെ ഋൂൗമഹശേ്യ’ എന്ന പേരിൽ പുറത്തുവന്ന റിപ്പോർട്ട് ഇന്ത്യൻ സ്ത്രീകളുടെ സാമൂഹിക പദവി സംബന്ധിച്ച വിലയിരുത്തലുകൾ പുറത്തുവിടുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സ്ത്രീകളുടെ സാമൂഹിക പദവിക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നത് സംബന്ധിച്ച് സജീവമായ ധാരാളം സംവാദങ്ങൾ തുടർന്നുണ്ടാകുന്നു. സ്വാതന്ത്ര്യശേഷമുള്ള ഇന്ത്യൻ പരാധീനതകൾ കോൺഗ്രസ് പാർട്ടിയുടെ ചുമലിൽ വയ്ക്കാമെങ്കിലും വളർച്ച ആഗ്രഹിക്കുന്ന ഒരു രാഷ്ട്രീയ കക്ഷിക്കും സ്ത്രീകളെ അഭിസംബോധന ചെയ്യാതെ ഇനി മുന്നോട്ടു പോകാനാവില്ല എന്നു വരുന്നു. മാത്രമല്ല ആ കാലമായപ്പോഴേക്കും കോൺഗ്രസിനെ നയിക്കുന്നതാകട്ടെ ഇന്ദിരാഗാന്ധി എന്ന ശക്തയായ വനിതയും.

അടിയന്തരാവസ്ഥയ്ക്കും തുടർന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങൾക്കും ശേഷം 1980 ൽ ഭാരതീയ ജനസംഘ് ബി ജെ പി എന്ന പുതിയ രാഷ്ട്രീയ രൂപത്തിലേയ്ക്ക് മാറുന്നു. പുതിയ സാഹചര്യങ്ങളുടെ കൂടി സമ്മർദ്ദം കൊണ്ട് 1980 ല്‍ തന്നെ ബി ജെ പി യുടെ വനിതാ വിഭാഗമായി മഹിളാമോർച്ച രൂപീകരിക്കപ്പെടുന്നതോടെയാണ് സംഘപരിവാർ ഇടങ്ങളിൽ സ്ത്രീകൾക്ക് ഇരിപ്പിടം കിട്ടിത്തുടങ്ങുന്നത്. മഹിളാമോർച്ചയുടെ രൂപീകരണത്തിനു മുൻപുതന്നെ അതേ വർഷം ആദ്യം നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ, വിജയിച്ചാൽ സ്തീകൾക്കും കുട്ടികൾക്കും മാത്രമായി ഒരു വകുപ്പ് രൂപീകരിക്കും എന്ന വാഗ്ദാനവും ബി ജെ പി വയ്ക്കുന്നുണ്ട്. ജനസംഘ് മുന്നോട്ടു വച്ച സ്ത്രീ വീക്ഷണത്തിൽ നിന്നുമുള്ള കൃത്യമായ വ്യതിചലനമായിരുന്നു അത്. 1980 ല്‍ ബിജെപിയുടെ ആദ്യ എക്സിക്യൂട്ടീവിൽ അഞ്ച് വനിതകൾ (ആകെയുള്ളത് 106 പേർ) മാത്രമാണ് ഉള്ളത്. മഹിളാമോർച്ചയുടെ രൂപീകരണശേഷവും വനിതകളെ കാര്യമായി ആകർഷിക്കാൻ 80 കളിൽ ഹിന്ദുത്വ ശക്തികൾക്ക് കഴിഞ്ഞിരുന്നില്ല. അവർ മുന്നോട്ടുവച്ച രാഷ്ട്രീയത്തിൽ മഹാരാഷ്ട്രാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കപ്പുറം സ്ത്രീ സമൂഹത്തിന്റെ പ്രശ്നങ്ങൾ വന്നതും ഇല്ല. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വെറും രണ്ട് സീറ്റിലേക്ക് ഒതുങ്ങിപ്പോയതിനെക്കുറിച്ച് പാർട്ടി അന്വേഷണം നടത്തി. സംഘടനയുടെ വനിതാ വിഭാഗത്തിന്റെ മോശം പ്രകടനത്തെക്കുറിച്ചും ഈ വിഷയത്തിൽ സംഘടന കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതിനെക്കുറിച്ചും റിപ്പോർട്ടിൽ പറയുന്നു. വനിതാ സമ്മതിദായകരെ ഹിന്ദുത്വ രാഷ്ട്രീയത്തിലേയ്ക്ക് കൂടുതലായി ആകർഷിക്കേണ്ടതുണ്ട്. മാത്രമല്ല വനിതകളെ നേതൃത്വത്തിൽ കൂടുതലായി കൊണ്ടുവരേണ്ടതുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

1985നു ശേഷമുള്ള മറ്റ് ചില സാമൂഹിക സാഹചര്യങ്ങളും ഹിന്ദുത്വ രാഷ്ട്രീയത്തിനെ പരോക്ഷമായി സഹായിക്കുന്നുണ്ട്. 1987-‐88 കാലഘട്ടത്തിൽ രാമാനന്ദ് സാഗറിന്റെ രാമായണം സീരിയലും 1988-1990 കാലഘട്ടത്തിൽ ബി ആർ ചോപ്രയുടെ മഹാഭാരതം സീരിയലും ഇന്ത്യൻ സമൂഹത്തെ, പ്രത്യേകിച്ച് മധ്യവർഗ്ഗത്തെ, ഒന്നാകെ പിടിച്ചിരുത്തുന്നു. അതുവരെ ഇന്ത്യയിൽ ഇതിഹാസങ്ങൾക്കും നിരവധി പാഠങ്ങളുണ്ടായിരുന്നു. രാമായണത്തിന്റെ ആ ബഹുസ്വരതയെ മറവിയിലാഴ്ത്തി ഭക്തിപരതയുടെ നിറക്കാഴ്ച അവരിൽ നിറയ്ക്കുന്നു. രാമായണത്തിലെ ബിംബങ്ങൾ കുറച്ചു കൂടി സജീവമായി സമൂഹത്തിൽ നിറയുന്നു.

ഈ ഒരു സാമൂഹ്യസാഹചര്യത്തിലാണ് 1990 സെപ്റ്റംബറിൽ എൽ കെ അദ്വാനിയുടെ രഥയാത്രകൾ അരങ്ങേറുന്നത്. ആത്യന്തികമായി രാമന്റെ ജന്മസ്ഥലം തിരികെ നേടുന്നതിനുള്ള ആ യാത്രകളിൽ പുരുഷന്മാർ എന്നപോലെ സ്ത്രീകളും വൻതോതിൽ പങ്കെടുത്തു. നേതൃത്വത്തിലും സ്ത്രീസാന്നിധ്യം പ്രകടമായിരുന്നു. ഉമാഭാരതിയേയും സാധ്വി ഋത്വംബരയേയും പോലുള്ള സന്ന്യാസിനീ വേഷധാരികൾ വിചാരധാര മുന്നോട്ടുവച്ച മന്ത്രോച്ചാരണങ്ങൾക്കു പകരം വ്യാപക വിദ്രോഹം വിധിച്ച വിദ്വേഷ പ്രസംഗങ്ങൾ നടത്തി. 1990 ഡിസംബർ 1991 ജനുവരി മാസങ്ങളിലായി അയോധ്യയിൽ നടന്ന സത്യഗ്രഹത്തിൽ അമ്പതിനായിരത്തിൽപരം വനിതാ കർസേവികമാർ പങ്കെടുത്തു. മഹിളാമോർച്ചയ്ക്ക് പുറമേ വിഎച്ച്പിക്കു കീഴിലുള്ള മാതൃശക്തി, ദുർഗ്ഗാവാഹിനി, ആർഎസ്എസിന്റെ കീഴിലുള്ള രാഷ്ട്ര സേവിക സമിതി എന്നീ വനിതാ സംഘടനകളും ജനശ്രദ്ധയിലേക്ക് വന്നു. സാമൂഹികമായ ഇത്തരം പരീക്ഷണങ്ങൾക്കൊപ്പം 1990 കളുടെ മധ്യത്തോടെ തിരഞ്ഞെടുപ്പ് രംഗത്തും സ്ത്രീകളെ കൂടുതലായി പരീക്ഷിക്കാൻ സംഘപരിവാർ ശക്തികൾ തയ്യാറായി. എങ്കിൽ പോലും 2009 വരെ ബിജെപിക്കുള്ള സ്ത്രീപിന്തുണയിൽ വലിയ വർദ്ധനവൊന്നും കാണാനുണ്ടായിരുന്നില്ല.

2007ൽ തന്റെ രണ്ടാം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ തന്നെ നരേന്ദ്ര ദാമോദർ ദാസ് മോദി കൃത്യമായും സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യുവാൻ ആരംഭിച്ചു. മോദി ധാരാളമായി മഹിളാ സമ്മേളനങ്ങളിൽ (27 ൽ പരം) പങ്കെടുത്തു. സ്ത്രീകളിൽ സംഘരാഷ്ട്രീയം എത്തിക്കുന്നത് കുടുംബത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് നയിക്കുന്നതിനുള്ള ആദ്യപടിയാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിച്ചു. പ്രസംഗങ്ങളിൽ കൃത്യമായും സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്തു തുടങ്ങി.

2009 ഓടെയാണ് ബിജെപി വോട്ടുകളിലുള്ള സ്ത്രീ വോട്ടുവിഹിതം വർദ്ധിക്കാൻ തുടങ്ങുന്നത്. തുടർന്ന് 2014 ലും 2019 ലും ഇത് ഏറ്റവും വലിയ വർദ്ധനവിൽ എത്തി. 2009 നു ശേഷമുള്ള കാലഘട്ടത്തിൽ ദേശീയ നേതൃത്വത്തിലേക്ക് കടന്നുവന്ന നരേന്ദ്ര ദാമോദർദാസ് മോദിയിലൂടെ സംഘപരിവാർ ഇന്ത്യൻ സ്ത്രീകൾക്ക് ഒരു ആദർശ ബിംബം നൽകി. 56 ഇഞ്ച് നെഞ്ചളവിന്റെ പ്രഖ്യാപനത്തിലൂടെ ആൺവീര്യത്തോടുള്ള അനുപമാരാധനയായി രാഷ്ട്രീയത്തിലെ ആൺ ബിംബ സ്ഥാപനത്തിനാണ് കൃത്യമായും സ്ത്രീ സമൂഹം വഴിപ്പെട്ടത്. 2007 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആരംഭിച്ച ഈ പ്രതിഷ്ഠാ സ്ഥാപനം അമ്മക്കൂറുള്ള മകനായി, കുടുംബം പരിത്യജിച്ച് രാജ്യം വരിച്ച ത്യാഗിയായി, ഊട്ടിയുറപ്പിക്കുന്ന ബാല്യകാല കഥകളിലെ അത്ഭുതാവതാരമായി, ആളില്ലാ ഗുഹകളിൽ തപം ചെയ്യുന്ന നിർമ്മമനായി, മഞ്ഞണിഞ്ഞ മലമുകളിലും സൈനികന്റെ ആത്മവീര്യം ഊതിക്കത്തിക്കുന്ന ദേശസ്നേഹിയായി ഇപ്പോഴും വളർന്നുകൊണ്ടേയിരിക്കുന്നു. ഗുജറാത്ത് വർഗ്ഗീയ കലാപങ്ങൾ കാരണം വിദേശരാജ്യങ്ങൾ സംശയദൃഷ്ടിയോടെ നോക്കിയിരുന്ന മോദിയുടെ പ്രതിച്ഛായ വീണ്ടെടുക്കുന്നതിൽ സ്ത്രീകൾ നൽകിയ ഈ അംഗീകാരം സഹായിച്ചിട്ടുണ്ട്. ഇതേ കാലഘട്ടത്തിൽ തന്നെ പാർട്ടിയിൽ സ്ത്രീകൾക്ക് കൂടുതൽ അവസരങ്ങൾ നൽകി. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ സ്ത്രീ പങ്കാളിത്തം വർദ്ധിപ്പിക്കാൻ ഭരണമുള്ള ഇടങ്ങളിൽ സർക്കാർതലത്തിലും ഇടപെടൽ നടത്തി. ആദർശ ഹൈന്ദവ വിശ്വാസങ്ങളിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് പോലീസിലും സൈന്യത്തിലും അടക്കം എല്ലാ മേഖലകളിലേക്കും ഉള്ള സ്ത്രീകളുടെ കടന്നുവരവിനെ പ്രോത്സാഹിപ്പിക്കുംവിധം പ്രവർത്തിച്ചു.

സംഘപരിവാർ നടത്തുന്ന തീവ്ര വർഗീയ പ്രചാരണ പ്രവർത്തനങ്ങളിലും സ്ത്രീകൾക്ക് സജീവ പങ്കാളിത്തം ഉണ്ട്. നേരത്തെ സൂചിപ്പിച്ചതുപോലെ രഥയാത്രകളിൽ തുടങ്ങി ബാബറി മസ്ജിദിന്റെ തകർക്കലിലെത്തുന്ന തീവ്ര ഹിന്ദുത്വ വർഗീയതയുടെ ഏറ്റവും വലിയ വിജയ പോരാട്ടത്തിൽ ഉമാഭാരതിയേയും സാധ്വി ഋത്വംബരയേയും പോലുള്ളവരുടെ ഇടപെടൽ വളരെ പ്രധാനമായിരുന്നു. 2008 ൽ മഹാരാഷ്ട്രയിലെ മലേഗാവിൽ നടന്ന സ്ഫോടനക്കേസിലെ പ്രധാന പ്രതികളിൽ ഒരാൾ ഒരു സന്യാസിനിയാണ്, ഇപ്പോഴത്തെ പാർലമെൻറ് അംഗം പ്രഗ്യാസിങ് ഠാക്കൂർ. ഈ സ്ഫോടനത്തിനു പുറമേ മറ്റു ചില സ്ഫോടനങ്ങളിലും ഇവർക്ക് പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിനിടയിൽ അരങ്ങേറിയ നരോദ പാട്യ കൂട്ടക്കൊലയുടെ പേരിൽ 2012ൽ 28 വർഷം ശിക്ഷിക്കപ്പെടുകയും 2018ൽ കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത ഡോ മായ കോട്നാനി ഗുജറാത്ത് സർക്കാരിലെ മുൻ മന്ത്രിയാണ്. 2019 ൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ ഗാന്ധി ചിത്രത്തിൽ വെടിയുതിർത്ത് ആഘോഷിച്ചു വാർത്തകളിൽ ഇടംപിടിച്ച ഹിന്ദു മഹാസഭയുടെ നാഷണൽ സെക്രട്ടറി പൂജാ ശകുൻ പാണ്ഡെ വർഗീയ ഹിന്ദുത്വത്തിന്റെ മറ്റൊരു തീവ്ര പ്രയോക്താവാണ്.

നിരവധിയായ ഇത്തരം ഉദാഹരണങ്ങൾക്ക് പുറമേ തീവ്ര വർഗീയതയുടെ ആശയങ്ങളോട് ഒരു സമൂഹം എന്ന നിലയിൽ സ്ത്രീകളുടെ പൊരുത്തപ്പെടലും വിശകലനം ചെയ്യപ്പെടേണ്ടതാണ്. സംഘപരിവാർ ശക്തികൾക്ക് ഇനിയും രാഷ്ട്രീയനേട്ടം കൊയ്യാൻ കഴിയാത്ത കേരളം തന്നെയാണ് അത്തരമൊരു പരിശോധനയ്ക്ക് അനുയോജ്യം. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനുള്ള കോടതിവിധിയെ തുടർന്ന് അന്നുവരെ കണ്ടിട്ടില്ലാത്ത മത വർഗീയ ധ്രുവീകരണമാണ് കേരളത്തിൽ സംഭവിച്ചത്. സാമൂഹിക മുന്നേറ്റങ്ങളിലെ പങ്കാളിത്തം കൊണ്ടും വിദ്യാഭ്യാസ നിലവാരം കൊണ്ടും ഇന്ത്യയിൽ തന്നെ ഏറ്റവും പുരോഗമന സ്വഭാവം പുലർത്തുന്ന കേരള സ്ത്രീകൾ ആ ഒരു സംഭവത്തോടെ പഠിച്ചതും ആർജ്ജിച്ചതും മറക്കുകയും പെട്ടെന്ന് ആചാരസംരക്ഷക വേഷം അണിയുകയും ചെയ്തു. കേരള വനിതകളുടെ യുക്തിയാധിഷ്ഠിത നിലപാടുകളെ സംബന്ധിച്ച് അന്നുവരെയുള്ള ധാരണകളെ തിരുത്തിക്കുറിച്ച സംഭവമായി ഇത്. ആർഎസ്എസിന് ഏറ്റവും അധികം ശാഖകളുള്ള കേരളത്തിൽ ഇപ്പോൾ വനിതകൾക്കുള്ള ദുർഗ്ഗാവാഹിനിയും പ്രത്യക്ഷമായിത്തന്നെ പ്രകോപന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ഇതിനൊക്കെ പുറമേ ആചാരാനുഷ്ഠാനങ്ങളിലേക്കും കാലഹരണപ്പെട്ടതെന്ന് നാം കരുതിയ അന്ധവിശ്വാസങ്ങളിലേക്കും നാണമേതുമില്ലാത്ത ഒരു തിരിച്ചുപോകും കേരള സമൂഹം നടത്തുന്നുണ്ട്. ഇതേമാറ്റങ്ങൾ ഇന്ത്യയൊട്ടാകെ തന്നെ നടക്കുന്നുണ്ട്. വർഗ്ഗീയമായ ചേരിതിരിവുകൾക്കൊപ്പം പങ്കുചേരാനും തങ്ങളുടെ പങ്കാളിത്തത്താൽ തന്നെ അത്തരം സംഭവങ്ങൾക്ക് ന്യായീകരണം നൽകാനും സ്ത്രീകൾ മുന്നോട്ടു വരുന്നു.

വർഗ്ഗീയ ഇന്ത്യയിൽ സ്ത്രീകൾ ഭയക്കേണ്ടത്
അധികാരത്തിലും അംഗീകാരത്തിലും പുരുഷനൊപ്പം പരിഗണന കിട്ടുന്നുണ്ടെങ്കിൽ ഹിന്ദുത്വ ഇന്ത്യയിൽ സ്ത്രീയ്ക്ക് ഭയപ്പെടാൻ എന്തെങ്കിലുമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരു ഭാഗത്ത് രാജ്യത്ത് രാഷ്ട്രീയമായ മേൽക്കോയ്മ നേടിയെടുക്കുന്നതിന്റെ ഭാഗമായി സ്ത്രീകളെ കൂടുതലായി പരിഗണിക്കുന്നതായി ഭാവിക്കുന്നുണ്ടെങ്കിലും വിചാരധാര മുന്നോട്ടുവച്ച ഉത്തമ സ്ത്രീ മാതൃക സംഘപരിവാർ ഉപേക്ഷിച്ചിട്ടൊന്നുമില്ല. കൃത്യമായ ഇടവേളകളിൽ അതേക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ സംഘ നേതാക്കളിൽ നിന്നും ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ കടമ വീട്ടകം സംരക്ഷിക്കലും ഭർത്താവിനെ നോക്കലും ആണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് തന്നെ നിരവധി തവണ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. ഇതിനേക്കാൾ ജുഗുപ്സാവഹമായതും ബലാത്സംഗ ഭീതി പരത്തുന്നതുമായ നിരവധി വിദ്വേഷ പ്രസംഗങ്ങളാണ് ഹിന്ദു സംഘടന നേതാക്കളിൽ നിന്നും പലപ്പോഴായി (ഏറ്റവും പ്രധാനമായും പൗരത്വ ബില്ലിനെതിരെ പ്രതിഷേധങ്ങൾ ഉയർന്ന സമയത്ത്) ഉണ്ടായിട്ടുള്ളത്. ഇതേക്കുറിച്ച് വനിതാ സംഘടനകൾ പ്രധാനമന്ത്രിക്ക് നേരിട്ടുതന്നെ പരാതി നൽകി. 2012ലെ നിർഭയ സംഭവം ഹിന്ദുത്വ ശക്തികളെ അധികാരത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ അധികാരം കിട്ടിയശേഷം, ബലാൽക്കാരങ്ങൾ നടക്കുന്നത് സ്ത്രീയുടെ വസ്ത്രധാരണം കൊണ്ടാണെന്നും ബലാൽക്കാരിയുടെ കാലിൽ വീണ് അപേക്ഷിക്കുകയാണ് സ്ത്രീകൾ ചെയ്യേണ്ടതെന്നുമുള്ള മട്ടിൽ മ്ലേച്ഛമായ പ്രസ്താവനകളാണ് ഉത്തരവാദപ്പെട്ടവരിൽ നിന്നും ഉണ്ടായിട്ടുള്ളത്.

സംഘപരിവാർ ശക്തികളുടെ ഇന്ത്യയിൽ എല്ലാ സ്ത്രീകൾക്കും തുല്യ പദവിയുണ്ടോ എന്ന പ്രശ്നവും ഉണ്ട്. ഇന്ത്യയിൽ ഹിന്ദു വർഗീയ ശക്തികൾ രാഷ്ട്രീയമായി പിടിമുറുക്കിയ ശേഷം നടന്ന ദളിത്/മുസ്ലീം പെൺകുട്ടികളുടെ ബലാൽസംഗം/കൊലപാതക കണക്കുകൾ അതിന് ഉത്തരം തരും. നിഷ്ഠുരമായി നടന്ന കത്വ, ഉന്നാവ ബലാൽസംഗങ്ങൾ മറക്കാറായിട്ടില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്നതും അല്ലാത്തതുമായി ദളിത്/മുസ്ലീം സ്ത്രീകൾക്കുമേൽ ദിവസേന യെന്നോണം അതിക്രമങ്ങൾ ഉണ്ടാകുന്നു. റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പോലും ഇരയ്ക്കുമേൽ കൂടുതൽ അതിക്രമങ്ങൾ അരങ്ങേറുന്നു. ഉന്നാവ കേസിൽ ഉൾപ്പെട്ട പെൺകുട്ടി ഏതുവിധം പിന്തുടർന്ന് വേട്ടയാടപ്പെട്ടു! പ്രതികൾ ശിക്ഷിക്കപ്പെട്ട ബിൽക്കിസ് ബാനു കേസിൽ ആത്യന്തികമായി എന്ത് സംഭവിച്ചു. നീതി നടപ്പിലാക്കേണ്ടവർ തന്നെ ‘സംസ്കാരസമ്പന്നരായ’ കുറ്റവാളികൾ തെറ്റു ചെയ്യാൻ സാധ്യതയില്ലെന്ന് പറഞ്ഞ്‌ കുറ്റവിമുക്തരാക്കപ്പെടുകയും ഏറ്റവും ബഹുമാന്യരായി പൊതുസമൂഹത്തിൽ അവർ മടങ്ങിച്ചെല്ലുകയും ചെയ്യുന്നു. ഇഹ്സാൻ ജാഫ്രിയുടെ വിധവ സാക്കിയ ജാഫ്രിക്ക് നേരിടേണ്ടിവന്നത് പച്ചയായ നീതി നിഷേധമായിരുന്നു. ഖാപ് പഞ്ചായത്തുകൾ അധികാര ശക്തിയായി വളരുന്നു. ദുരഭിമാനക്കൊലകൾ ന്യായീകരിക്കപ്പെടുന്നു.

രാജ്യം വർഗീയമായി ധ്രുവീകരിക്കപ്പെടുമ്പോൾ ഭരണകൂടം മാത്രമല്ല നീതിന്യായ സംവിധാനവും മാധ്യമങ്ങളും എല്ലാം ആ ധ്രുവീകരണത്തിന്റെ ഭാഗമാകും. അങ്ങനെ ഉണ്ടാകുന്ന പുകമറയിൽ നിർദോഷം എന്ന് പ്രത്യക്ഷത്തിൽ കരുതാവുന്ന പല ഇരട്ടത്താപ്പ് നയങ്ങളും നടപ്പിൽ വരുത്തുകയും ചെയ്യും. 1923 തുടങ്ങി തുർക്കിയിൽ അധികാരമേറ്റ അറ്റാത്തൂർക്ക് ഭരണകൂടം ആദ്യ പ്രസിഡൻറ് മുസ്തഫ കമാൽ പാഷയുടെ നേതൃത്വത്തിൽ രാജ്യത്തെ ആധുനിക മതേതര രാഷ്ട്രം ആക്കുന്ന നിരവധി നടപടികൾ സ്വീകരിച്ചു. ചേർന്നുകിടക്കുന്ന യൂറോപ്പ്യൻ രാജ്യങ്ങളുടെ, പ്രത്യേകിച്ച് ജർമനിയുടെ, സ്വാധീനം മൂലം ഈ നയങ്ങളോട് അനുകൂലമായാണ് തുടക്കത്തിൽ ജനങ്ങളും പ്രതികരിച്ചത്. എന്നാൽ പാശ്ചാത്യവത്ക്കരണത്തിന്റെ വേഗത വർദ്ധിപ്പിച്ച സാഹചര്യത്തിൽ അന്നുവരെ പുരോഗമന കാഴ്ചപ്പാട് പുലർത്തിയിരുന്ന പൗരസമൂഹം പെട്ടെന്ന് പിൻനടത്തം ആരംഭിച്ചു. ഓർഹൻ പാമുക്കിന്റെ മഞ്ഞ് എന്ന നോവൽ ഈ ഒരു രാഷ്ട്രീയ സാഹചര്യം ഭംഗിയായി വരച്ചിടുന്നു. ഭരണകൂടം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിക്കുന്നതോടെ അന്നുവരെ മതേതര ജീവിതം നയിച്ചിരുന്നവരും ഹിജാബ് ധരിക്കാതിരുന്നവരും ആ നിരോധനത്തെ വ്യക്തിസ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂട കയ്യേറ്റമായി വ്യാഖ്യാനിക്കുകയും മതമൗലികതയിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്നു.

സമാനമായ അവസ്ഥയാണ് കർണാടകത്തിലെ ഹിജാബ് നിരോധനത്തിലും നാം കണ്ടത്. വ്യക്തിസ്വാതന്ത്ര്യത്തിനുമേൽ അധികാരം നടത്തുന്ന ഇത്തരം ബലപ്രയോഗങ്ങൾ മറ്റുതരം മൗലികവാദങ്ങളെയാണ് വളർത്തുന്നത്. മുത്തലാഖ് നിയമത്തെ ഇഴകീറി പരിശോധിച്ചാലും ഇതാണ് അവസ്ഥ.

ഹിന്ദുത്വത്തിന്റെ എതിർ സ്വരങ്ങൾ
ഇന്ത്യയുടെ ബഹുസ്വരതയെയും മതേതര പാരമ്പര്യത്തെയും കവച്ചു വച്ചുകൊണ്ട് തീവ്ര ഹിന്ദുത്വം ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരുകൾ ആഴ്ത്തിയിട്ടുണ്ടെന്നുള്ളത് അവഗണിക്കാനാവാത്ത വസ്തുതയാണ്. ഹിന്ദുത്വത്തിനെതിരെയുള്ള എതിർസ്വരങ്ങളിൽ സ്ത്രീകളുടെ ശബ്ദവും ഉണ്ട്. അത് തീരെ നേർത്തതുമല്ല. ഇന്ത്യയിലെ ഭയക്കേണ്ട ബുദ്ധിജീവികളെ കണ്ടെത്തി തീവ്ര ഹിന്ദുത്വം വധശിക്ഷ നടപ്പിലാക്കിയപ്പോൾ അതിൽ ഒരാൾ സ്ത്രീയായിരുന്നു, ഗൗരി ലങ്കേഷ്. കൊന്നൊടുക്കാൻ കഴിയാത്തവരെ അർബൻ നക്സലുകളെന്ന് പേരിട്ട് വേട്ടയാടിയപ്പോൾ അതിലും സ്ത്രീകൾ ഉണ്ടായിരുന്നു. “കാക്കമാര് പെൺകുട്ടികളെ തട്ടിയെടുക്കാതിരിക്കാൻ” കുല സ്ത്രീകൾ ആചാര സംരക്ഷണം നടത്തുമ്പോൾ ഉശിരുള്ള പെൺകുട്ടികൾ ജെ എൻ യു അടക്കമുള്ള കലാലയങ്ങളിൽ കാവിനയങ്ങൾക്കെതിരായ പ്രതിഷേധ പോരാട്ടം തീർത്തു. പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങളിൽ സ്ത്രീകൾ വലിയ തോതിൽ പങ്കെടുത്തു. കങ്കണ റാവത്തിനെ പോലുള്ളവർ സംഘപരിവാർ കാലാളാകുമ്പോൾ ദീപിക പദുക്കോണും സ്വരാ ഭാസ്കറുമൊക്കെ പ്രതിഷേധത്തിന്റെ പുരോഗമന മുഖങ്ങളായി. തീവ്രഹിന്ദുത്വം ചവറ്റുകൊട്ടയിൽ എറിയാൻ ശ്രമിക്കുന്ന ചരിത്രത്തെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നവരിൽ റൊമില ഥാപ്പർ ഉണ്ട്. കലയും കലാപവുമായി മല്ലിക സാരാഭായ് ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ധൈര്യമുള്ള മനുഷ്യരിൽ ഒരാളായ ടീസ്ത സെതൽവാദ് സംഘപരിവാർ ഏറ്റവും ഭയക്കുന്നവരിൽ ഒരാളാണ്. വർഗ്ഗീയ ശക്തികൾ എത്ര ഭീഷണി മുഴക്കിയാലും ആശയയുദ്ധം നിർത്താത്ത മറ്റൊരാൾ അരുന്ധതി റോയ് ആണ്.

സ്ത്രീക്ക് അർഹമായ അന്തസ്സും അംഗീകാരവും സമജീവി എന്ന പരിഗണനയോടെ അനുഭവിക്കാൻ കഴിയുന്ന ലിംഗനീതി ലോകത്തൊരിടത്തും സ്ഥാപിതമായിട്ടില്ല. മതം അധികാരം കയ്യാളുന്ന ഇടങ്ങളിൽ കേവലം വളർത്തുമൃഗങ്ങൾക്കൊപ്പമാണ് അവളുടെ സ്ഥാനം. മനുഷ്യൻ മനുഷ്യനോട് ചെയ്യുന്ന എല്ലാ അനീതികളേയും കർമ്മം, മുജ്ജന്മ പാപം എന്നിവയാൽ ന്യായീകരിക്കുന്ന തീവ്രഹൈന്ദവതയ്ക്ക് രാഷ്ട്രീയ അധികാരത്തിലേയ്ക്കുള്ള ചവിട്ടുപടികൾ മാത്രമാണ് സ്ത്രീ സമൂഹം. കണ്ടതും കേട്ടതും നിർദ്ധാരണം ചെയ്യപ്പെട്ടതുമായ ഈ തിരിച്ചറിവിലേയ്ക്ക് ഇന്ത്യൻ സ്ത്രീകൾ എത്തിച്ചേരുന്നതിന്റെ വേഗതയെക്കൂടി ആശ്രയിച്ചിരിക്കുന്നു മതേതര ഇന്ത്യയുടെ നിലനിൽപ്പ്.♦

സഹായക ഗ്രന്ഥങ്ങൾ
The Past As Present – Romila Thapar
The New BJP – Nalin Mehta

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

eighteen + 14 =

Most Popular