Friday, April 26, 2024

ad

Homeഇവർ നയിച്ചവർസുശീലാ ഗോപാലന്‍: ധീരയായ വനിതാ സംഘാടകയും ട്രേഡ് യൂണിയനിസ്റ്റും

സുശീലാ ഗോപാലന്‍: ധീരയായ വനിതാ സംഘാടകയും ട്രേഡ് യൂണിയനിസ്റ്റും

ഗിരീഷ് ചേനപ്പാടി

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിന്റെയും സമുന്നത നേതാക്കളിലൊരാളായിരുന്ന സുശീലാ ഗോപാലന്‍ വനിതാ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവുകൂടിയാണ്. സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ പ്രസിഡന്റ്, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരവെയാണ് 2001 ഡിസംബര്‍ 19ന് അന്തരിച്ചത്. 1996‐2001 കാലയളവില്‍ വ്യവസായ മന്ത്രിയായിരുന്ന സുശീല വളരെ പ്രഗല്‍ഭയായ ഭരണാധികാരി എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പ്രാവശ്യം അമ്പലപ്പുഴ പാർലമെന്റ്‌ മണ്ഡലത്തിലും ഒരു തവണ ആലപ്പുഴ പാര്‍ലമെന്റു മണ്ഡലത്തെയും ഒരു തവണ ചിറയിന്‍കീഴിനെയും പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ച അവര്‍ ഒന്നര പതിറ്റാണ്ടു കാലം പാവപ്പെട്ട ജനവിഭാഗങ്ങളുടെയും അരികുവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ ലോക്‌സഭിലവതരിപ്പിച്ച് രാജ്യത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റി. പല സമരങ്ങളുടെയും പാര്‍ലമെന്റിലെ വക്താവായി അവര്‍ മാറുന്ന കാഴ്ച മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൃശൂര്‍ പഴവില്‍ കണ്ണോളില്‍ വീട്ടില്‍ വേലുക്കുട്ടി തണ്ടാരുടെയും മുഹമ്മ ചീരപ്പന്‍ ചിറയില്‍ മാധവിയമ്മയുടെയും നാലുമക്കളില്‍ ഇളയകുട്ടിയായി 1929 ഡിസംബര്‍ 29 ന് ആണ് സുശീല ജനിച്ചത്. ആദ്യകാലങ്ങളില്‍ വേലുക്കുട്ടിþമാധവിയമ്മ ദമ്പതികളുടെ ജീവിതത്തില്‍ കാര്യമായ അസ്വാരസ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ക്രമേണ ആ ദാമ്പത്തികബന്ധം ശിഥിലമാകുകയും ഇരുവരും വേര്‍പിരിയുകയുമായിരുന്നു. അതോടെ മാധവിയമ്മയും മക്കളും മാധവിയമ്മയുടെ വീടായ മുഹമ്മയിലെ ചീരപ്പന്‍ ചിറയില്‍എത്തുകയായിരുന്നു. അന്ന് സുശീല കൈക്കുഞ്ഞായിരുന്നു_ഏഴുമാസം പ്രായം.

ചേര്‍ത്തല താലൂക്കിലെ ആദ്യകാല തൊഴിലാളി നേതാവ് സി കെ കരുണാകര പരണിക്കരുടെ സഹോദരിയാണ് മാധവിയമ്മ. സമ്പത്തും പ്രതാപവും കൊണ്ട് സമ്പന്നമായിരുന്ന ചീരപ്പന്‍ചിറ വീട് കമ്യൂണിസ്റ്റ് –തൊഴിലാളി പ്രസ്ഥാനങ്ങളുടെ പ്രധാന പ്രവര്‍ത്തനകേന്ദ്രങ്ങളിലൊന്നായിരുന്നു. സമുന്നത നേതാക്കളുള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒളിവുസങ്കേതവുമായിരുന്നു ആ വീട്.
അമ്മാവന്റെ പരിലാളനയില്‍ വളര്‍ന്ന സുശീല കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും തൊഴിലാളി വര്‍ഗ പോരാട്ടങ്ങളെയും കുട്ടിക്കാലം മുതലേ അറിഞ്ഞാണ് വളര്‍ന്നത്.
സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലം മുതലേ അമ്മാവനൊപ്പം തൊഴിലാളി യോഗങ്ങളില്‍ സുശീല പങ്കെടുത്തുവന്നു. പാര്‍ട്ടി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രേരണയാല്‍ ആ കുട്ടി, യോഗങ്ങളില്‍ ആവേശത്തോടെ പ്രസംഗിച്ചു.

ഐതിഹാസികമായ പുന്നപ്ര‐വയലാര്‍ സമരം നന്നത് സുശീല ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ്. പുന്നപ്ര – വയലാര്‍ സമരത്തെ തുടര്‍ന്ന് പൊലീസ് ആ പ്രദേശത്താകെ ഭീകരമായ തേര്‍വാഴ്ചാണ് നടത്തിയത്. മുഹമ്മയില്‍ താമസിക്കാനോ വിദ്യാഭ്യാസം തുടരാനോ സാധിക്കാത്ത അവസ്ഥയായി സുശീലയ്ക്ക്. അതിനെ തുടര്‍ന്ന് ചീരപ്പന്‍ ചിറക്കാരുടെ കുടുംബവീടായ കായംകുളത്തേക്ക് സുശീലയും വീട്ടുകാരും മാറിത്താമസിച്ചു.

ഒമ്പതാം ക്ലാസ് പാസ്സായിക്കഴിഞ്ഞിരുന്ന സുശീല കായംകുളം ബോയ്സ് ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ ചേര്‍ന്നു. പേരുകൊണ്ട് ബോയ്സ് ഹൈസ്കൂളായിരുന്നെങ്കിലും പെണ്‍കുട്ടികള്‍ക്കും അഡ്മിഷന്‍ അവിടെ ലഭിച്ചിരുന്നു. പെണ്‍കുട്ടികള്‍ എണ്ണത്തില്‍ വളരെ കുറവായിരുന്നു. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്ന കാലവുമല്ലായിരുന്നല്ലോ അത്.

വിദ്യാര്‍ത്ഥി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം അന്ന് വളരെ സജീവമായിരുന്നു. കായംകുളം ഹൈസ്കൂളില്‍ വിവിധ ആശയഗതിക്കാരായ വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസിലെ അംഗങ്ങളായിരുന്നു. സുശീലയും വളരെ വേഗം ആ സംഘടനയില്‍ അംഗമാകുകയും അതിന്റെ സജീവ പ്രവര്‍ത്തകയായി മാറുകയും ചെയ്തു. സര്‍ സിപി രാമസ്വാമി അയ്യരുടെ സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരെ തിരുവിതാംകൂറിലാകമാനം അതിശക്തമായി അലയടിക്കുന്ന സമയമായിരുന്നു അത്. കായംകുളം സ്കൂളിലെ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആ പ്രക്ഷോഭത്തിന്റെ ഭാഗമായി മാറി. അവര്‍ പഠിപ്പുമുടക്കി ജാഥ നടത്തി. അടുത്ത സ്കൂളുകളിലേക്ക് മാര്‍ച്ചു ചെയ്യുകയും ചെയ്തു.

വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം സുശീലയും സുഹൃത്ത് സ്റ്റെല്ലയും പഠിപ്പുമുടക്കി ജാഥയില്‍ അണിചേര്‍ന്നു. സുശീല സ്‌കൂളിൽ നിന്നു പുറത്താക്കപ്പെട്ടു. തുടർന്ന്‌ ബന്ധുക്കളാകെ സുശീലയ്ക്കും കുടുംബത്തിനും എതിരെ തിരിഞ്ഞു. സുശീലയെ അടക്കിനിര്‍ത്തണമെന്നാവശ്യപ്പെട്ട് അവര്‍ മാധവിയമ്മയെ ശകാരിച്ചു തുടങ്ങി. സങ്കടപ്പെട്ട മാധവിയമ്മയെ സമാധാനിപ്പിക്കാന്‍ സുശീല പരമാവധി ശ്രമിച്ചു.

കായംകുളം സ്കൂളില്‍ നിന്നും പുറത്താക്കപ്പെട്ട സുശീലയ്ക്ക് ആശ്രയമായത് ആലപ്പുഴ എസ്ഡിപി ഹൈസ്കൂളാണ്. അവിടെ നിന്ന് സ്കൂള്‍ ഫൈനല്‍ സുശീല പാസായി. തിരുവിതാംകൂറില്‍ പഠനം തുടരുന്നതിനോട് ബന്ധുക്കള്‍ക്ക് എതിര്‍പ്പായിരുന്നു. കാരണം തിരുവിതാംകൂറില്‍ തുടര്‍ന്നാല്‍ സുശീല വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ പങ്കുചേരും. അത് തങ്ങള്‍ക്കും ദോഷകരമാകുമെന്ന് ബന്ധുക്കള്‍ തീര്‍ച്ചപ്പെടുത്തി.

അങ്ങനെ തൃശൂര്‍ സെന്റ് മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനിയായി സുശീല മാറി. അവിടെ വൈഡബ്ല്യൂസിഎ യില്‍ ആയിരുന്നു താമസം. അവിടെയായിരുന്നപ്പോള്‍ അമ്പലത്തില്‍ പോകാനെന്നു പറഞ്ഞ് പുറത്തിറങ്ങിയിരുന്ന സുശീലയും കൂട്ടുകാരികളും ബുക്‌ സ്റ്റാളുകളില്‍ പോയി കമ്യൂണിസ്റ്റ് സാഹിത്യവും മറ്റും വാങ്ങി വായിക്കും. അവ പരമാവധിയാളുകളെക്കൊണ്ട് വായിപ്പിക്കും.

വൈഡബ്ല്യുസിഎയില്‍ പേന നന്നാക്കാന്‍ വന്നിരുന്ന ജോണിയെന്നയാളുവഴി സുശീലയും കൂട്ടുകാരികളും പാര്‍ട്ടിയുമായി ബന്ധപ്പെട്ടു. ലഘുലേഖയും മറ്റും ജോണി കൃത്യമായി സുശീലയ്ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. നേതാക്കളുടെ കത്തുകളും കൈമാറിയിരുന്നത് ജോണിയായിരുന്നു. അന്നു ജയിലില്‍ കഴിഞ്ഞിരുന്ന എകെജി തനിക്ക് കത്തുകള്‍ അയച്ചിരുന്ന കാര്യം അനുസ്മരിച്ചുകൊണ്ട് സുശീല എഴുതിയിട്ടുണ്ട്. വിദ്യാര്‍ത്ഥി വിരുദ്ധമായ കോളേജ് അധികൃതരുടെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധിക്കുകയും വിദ്യാര്‍ത്ഥികളെ അംണിനിരത്തുകയും ചെയ്തതിന്റെ പേരില്‍ സുശീല കോളേജ്‌ അധികൃതരുടെ നോട്ടപ്പുള്ളിയായി. എ കെ ജിയുമായുള്ള കത്തിപടപാടുകളും എ കെ ജിയെ ജയിലിൽ സന്ദർശിച്ചതും കൂടിയായപ്പോൾ കോളേജിൽനിന്ന്‌ അവർ താമസിയാതെ പുറത്താക്കപ്പെട്ടു.

കൊല്ലം എസ്എന്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. ഇന്റര്‍വ്യൂ ചെയ്ത ആര്‍ ശങ്കറിന് ആളെ മനസ്സിലായത് അഡ്മിഷന്‍ നല്‍കിയതിനു ശേഷമാണ്. ഉടന്‍ തന്നെ പ്രവേശനം റദ്ദാക്കിക്കൊണ്ട് ശങ്കര്‍ ഉത്തരവിട്ടു.

പ്രവേശനം ഒരിടത്തും ലഭിക്കാതെ വിഷമിക്കേണ്ട അവസ്ഥ സുശീലയ്ക്കു വന്നില്ല. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ അവര്‍ക്ക് ഇന്റര്‍മീഡിയറ്റിന് അഡ്മിഷന്‍ ലഭിച്ചു. പ്രിന്‍സിപ്പലിനു സുശീല എന്ന വിദ്യാര്‍ത്ഥിനിയോട് നല്ല മതിപ്പായിരുന്നു.

ചീരപ്പന്‍ചിറയിലെ കുട്ടിക്ക് എസ്എന്‍ കോളേജില്‍ പ്രവേശനം നിഷേധിച്ച സംഭവം നാട്ടില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. എസ്എന്‍ഡിപി ശാഖകൾ പലതും അതിനെതിരെ പ്രതിഷേധ പ്രമേയങ്ങള്‍ പാസാക്കി. ആര്‍ ശങ്കറിനെ, ശാഖകള്‍ നേരിട്ട് വിമര്‍ശിക്കുന്ന അവസ്ഥയിൽ കാര്യങ്ങളെത്തി. ഇതേക്കുറിച്ച് പത്രങ്ങളില്‍ റിപ്പോര്‍ട്ടു വരുകയും ചെയ്തു. എസ്എന്‍ കോളേജില്‍ പ്രവേശനം നിഷേധിക്കപ്പെട്ട സുശീലയാണ് വിമന്‍സ് കോളേജില്‍ ചേര്‍ന്നത് എന്ന് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള കോളേജ് അധികൃതര്‍ അറിഞ്ഞത് അപ്പോഴാണ്.

1948–50 കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം വിദ്യാര്‍ത്ഥി ഫെഡറേഷനും നിരോധിക്കപ്പെട്ടു. അപ്പോഴേക്കും വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സജീവപ്രവര്‍ത്തകയായി സുശീല മാറി. വിദ്യാഭ്യാസ അവകാശ സംരക്ഷണസമിതി എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ബാനറിലായി അതിനെ തുടര്‍ന്ന് പുരോഗമന ആശയക്കാരായ വിദ്യാര്‍ത്ഥികളുടെ പ്രവര്‍ത്തനം. സുശീലയും അതിന്റെ സജീവ പ്രവര്‍ത്തകയായി.

ഇന്റര്‍മീഡിയറ്റിന് സയന്‍സ് ഗ്രൂപ്പില്‍ മികച്ച വിജയമാണ് സുശീല നേടിയത്. വിമന്‍സ് കോളേജില്‍ തന്നെ ഡിഗ്രിക്ക് അപേക്ഷ നല്‍കിയെങ്കിലും പ്രവേശനം നല്‍കാന്‍ കോളേജ് അധികൃതര്‍ കൂട്ടാക്കിയില്ല. കേരളത്തില്‍ ഒരു കോളേജിലും വിദ്യാര്‍ത്ഥി നേതാവായ സുശീലയ്ക്ക് പ്രവേശനം ലഭിക്കില്ല എന്ന അവസ്ഥയാണ് ഉണ്ടായത്.

വളരെ കഷ്ടപ്പെട്ടതിനുശേഷം ആലപ്പുഴ എസ്ഡി കോളേജില്‍ സുശീലയ്ക്ക് സീറ്റു ലഭിച്ചു. സയന്‍സ് പഠിച്ച സുശീലയ്ക്ക് എക്കണോമിക്സിലാണ് പ്രവേശനം ലഭിച്ചത്. പൊതു പ്രവര്‍ത്തനങ്ങള്‍ക്കൊന്നും ഇറങ്ങരുതെന്ന താക്കീതോടെയാണ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കിയത്.

സുശീലയ്ക്ക് കോളേജില്‍ പ്രവേശനം ലഭിച്ചത് വിദ്യാഭ്യാസം വര്‍ഷം ആരംഭിച്ച് കുറേ കഴിഞ്ഞാണ്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് അപ്പോഴേക്കും പടിവാതില്‍ക്കലെത്തിയിരുന്നു. വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതിയും വിദ്യാര്‍ത്ഥി കോണ്‍ഗ്രസും തമ്മിലാണ് കടുത്ത മത്സരം. സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ ഹോസ്റ്റലില്‍ നിന്നു പുറത്താക്കുമെന്ന അധികൃതരുടെ ഉഗ്രഭീഷണി ഒരു വശത്ത്, തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന ആവേശം മറുഭാഗത്ത്. ഒടുവില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുക എന്ന അദമ്യമായ ആഗ്രഹം തന്നെ വിജയിച്ചു. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ ആവേശത്തോടെ അവര്‍ പങ്കെടുത്തു. ഒരു തിരഞ്ഞെടുപ്പു യോഗത്തില്‍ സുശീല പ്രസംഗിച്ചതറിഞ്ഞ അധികൃതര്‍ അവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. പിന്നീട് മുഹമ്മയിലെ വീട്ടിലേക്ക് സുശീലയ്ക്ക് താമസം മാറ്റേണ്ടി വന്നു. കോളേജിലേക്കുള്ള വരവും വീട്ടിലേക്കുള്ള പോക്കും പ്രയാസമേറിയതായിരുന്നെങ്കിലും സംഘടനാ പ്രവര്‍ത്തനം സജീവമായി മുന്നോട്ടു കൊണ്ടുപോകാന്‍ സുശീലയ്ക്കു സാധിച്ചു.

ആ വര്‍ഷത്തെ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി പരാജയപ്പെട്ടെങ്കിലും തൊട്ടടുത്ത വര്‍ഷം ആ സംഘടനയ്ക്ക് മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചു.

എകെജി‐സുശീല വിവാഹം
1949ല്‍ സുശീല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഹമ്മ സെല്ലില്‍ അംഗമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ട ആ സമയത്ത് അതിസാഹസികമായാണ് അവര്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയത്. വിദ്യാര്‍ത്ഥിനിയായിരുന്ന കാലം മുതല്‍ എകെജിയുമായുള്ള സുശീലയുടെ അടുപ്പം വിവാഹത്തില്‍ കലാശിച്ചു. 1952 സെപ്തംബര്‍ 10 ന് ആലപ്പുഴ യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു എകെജിയുടെയും സുശീലയുടെയും വിവാഹം. കെസി ജോര്‍ജ്, ടിവി തോമസ്, എവി കുഞ്ഞമ്പു തുടങ്ങിയ കമ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചുവന്ന മാലകള്‍ പരസ്പരം കഴുത്തില്‍ അംിയിക്കല്‍ മാത്രമായി വിവാഹച്ചടങ്ങ് പരിമിതപ്പെടുത്തി. അവിടെ കൂടിയ പാര്‍ട്ടിപ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും ഫണ്ട് സ്വരൂപിച്ച് ചേര്‍ത്തല പ്രദേശത്തെ ക്ഷാമബാധിതരായ ജനങ്ങള്‍ക്ക് നല്‍കി. അങ്ങനെ എകെജിയുടെയും സുശീലയുടെയും വിവാഹച്ചടങ്ങും ജനസേവന വേദിയായി മാറി.

വിവാഹം കഴിഞ്ഞയുടന്‍ ആ ദമ്പതികള്‍ നേരെ പോയത് ക്ഷാമബാധിതരായ ജനങ്ങളെ കാണുന്നതിനും ആശ്വാസ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനുമാണ്. തുടര്‍ന്നുള്ള ദാമ്പത്യബന്ധം തൊഴിലാളി വര്‍ഗ വിമോചന പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളാക്കി സുശീലയെ മാറ്റിത്തീര്‍ത്തു. സ്വന്തം ആരോഗ്യത്തെയും ജീവനെത്തന്നെയും അവഗണിച്ചുകൊണ്ട് സമരപഥങ്ങളിലേക്കെടുത്തു ചാടിയിരുന്ന എകെജിക്ക് ശക്തിയും കരുതലും പ്രചോദനവുമായി സുശീല നിലകൊണ്ടു. എകെജി തന്നെ അതേക്കുറിച്ച് വികാരതീവ്രതയോടെ ഇങ്ങനെ എഴുതി:

“വളരെക്കാലമായി ഞാന്‍ ആഗ്രഹിച്ചതുപോലെ എന്റെ സുഖദുഃഖങ്ങളും പ്രവര്‍ത്തനങ്ങളും പങ്കിടാന്‍ തയ്യാറുള്ള ഒരാള്‍ എന്റെ ജീവിത സഖാവായിത്തീര്‍ന്നു. ഒമ്പതുവര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് ഞങ്ങളുടെ ജീവിതത്തില്‍ മാധുര്യം കൂട്ടി. സുശീല എന്റെ കുടുംബവുമായി എങ്ങനെ യോജിച്ചുപോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ അവര്‍ക്ക് എന്റെ കുടുംബവുമായി ഇണങ്ങിച്ചേരാനും എന്റെ വൃദ്ധമാതാവിന്റെ കണ്ണിലുണ്ണിയാവാനും കഴിഞ്ഞു. ഇതെനിക്ക് ആശ്വാസമായിരുന്നു. അവര്‍ക്ക് എന്റെ സഹോദരന്റെ കുടുംബവുമായും ഒത്തുപോകാന്‍ കഴിഞ്ഞു. സുശീല എന്റെ ഭാര്യ മാത്രമല്ല പാര്‍ട്ടിയിലെ സഖാവുകൂടിയാണ്. ഭാര്യാഭര്‍ത്താക്കന്മാര്‍ രണ്ടുപേരും മുഴുവന്‍ സമയ പാര്‍ട്ടിപ്രവര്‍ത്തകരാകുന്നത് സന്തോഷകരവും എന്നാല്‍ ബുദ്ധിമുട്ടു നിറഞ്ഞതുമാണ്. ഞങ്ങളുടെ പുത്രി ലൈലയാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചത്. സുശീലയുടെ അമ്മയും സരോജിനി (സുശീലയുടെ ജ്യേഷ്ഠസഹോദരി)യും കൂടിയാണ് യഥാര്‍ത്ഥത്തില്‍ അവളെ വളര്‍ത്തിയത്.

‘‘എന്റെ ഇന്നത്തെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സുശീല എന്നെ വളരെയധികം സഹായിക്കുന്നു. അവരുടെ സഹായമില്ലെങ്കില്‍ ഞാന്‍ ഇന്ന് ചെയ്യുന്നിടത്തോളം പ്രവൃത്തകള്‍ ചെയ്യാന്‍ എനിക്കൊരിക്കലും സാധ്യമാവുകയില്ല. എന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ അവര്‍ക്ക് വലിയ പങ്കുണ്ട്. അവര്‍ ഒരു പാര്‍ട്ടി സഖാവെന്ന നിലയില്‍ കര്‍ത്തവ്യപൂര്‍വം എന്നെ പരിരക്ഷിക്കുന്നു. അതോടൊപ്പം പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയിലുള്ള തന്റെ ജോലിയും വിട്ടുവീഴ്ചയില്ലാതെ നിര്‍വഹിക്കുന്നു.” (എന്റെ ജീവിതകഥ –എകെജി)

1977 മാര്‍ച്ച് 22ല്‍ എകെജി അന്ത്യശ്വാസം വലിക്കുന്നതുവരെയും അവര്‍ തമ്മിലുള്ള പാരസ്പര്യം എകെജി സാക്ഷ്യപ്പെടുത്തിയതുപോലെയായിരുന്നു.

1958 ല്‍ മോസ്കോയില്‍ ചേര്‍ന്ന ലോകസമാധാന വനിതാ സമ്മേളനത്തില്‍ സുശീല പങ്കെടുത്തതോടെ വനിതാ നേതാവെന്ന നിലയില്‍ വലിയ ശ്രദ്ധനേടാന്‍ അവര്‍ക്കു സാധിച്ചു.

1959ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കൗണ്‍സിലിലേക്ക് സുശീല തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം തന്നെ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തില്‍ സംസ്ഥാന കൗണ്‍സിലിലേക്കും സംസ്ഥാന എക്സിക്യൂട്ടിവിലേക്കും സുശീല തിരഞ്ഞെടുക്കപ്പെട്ടു. 25 അംഗം എക്സിക്യൂട്ടീവിലെ ഒരേ ഒരു വനിതയും അവര്‍ ആയിരുന്നു.

എകെജിയുടെ സമരജീവിതത്തിലെ തിളങ്ങുന്ന അധ്യായമാണല്ലോ 1961 ല്‍ നടന്ന ഐതിഹാസികമായ അമരാവതി സത്യാഗ്രഹം. എകെജിയുടെ ആരോഗ്യനില അങ്ങേയറ്റം വഷളായ സമയമായിരുന്നു അത്. സുശീലയുടെ സാന്നിധ്യവും പരിചരണവും സമരം വിജയിപ്പിക്കുന്നതില്‍ മാത്രമല്ല ജീവൻ നനിലനിർത്തുന്നതിലും എകെജിയെ വളരെയേറെ സഹായിച്ചു എന്നു പറയുന്നതില്‍ തെല്ലും അതിശയോക്തിയില്ല.

1964ലെ ഭക്ഷ്യസമരത്തില്‍ എകെജിക്കൊപ്പം സുശീലയും സജീവമായി പങ്കെടുത്തു. മകള്‍ ലൈലയുള്‍പ്പെടെ മൂന്നുപേരും ജയിലിലടയ്ക്കപ്പെട്ടു.

1965ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിലില്‍ കിടന്നുകൊണ്ടായിരുന്നല്ലോ സിപിഐ എം നേതാക്കള്‍ മത്സരിച്ചത്. ജയിലിൽ കിടന്നുകൊണ്ട്‌ അമ്പലപ്പുഴ നിയോജക മണ്ഡലത്തില്‍ നിന്ന് സുശീലാ ഗോപാലന്‍ നല്ല ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

1967ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയെ പ്രതിനിധീകരിച്ചത് സുശീലയായിരുന്നു. (ആലപ്പുഴയുള്‍പ്പെട്ട പ്രദേശം അന്ന്‌ അമ്പലപ്പുഴ പാര്‍ലമെന്റ് മണ്ഡലമായിരുന്നു). ജനങ്ങളുടെ പ്രശ്നങ്ങളും വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളും പഠിച്ച് അവതരിപ്പിക്കുന്നതില്‍ അസാധാരണമായ പ്രാഗല്‍ഭ്യമാണ് അവര്‍ പ്രദര്‍ശിപ്പിച്ചത്. 1980 ല്‍ ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ തകര്‍പ്പന്‍ വിജയമാണ് അവര്‍ ആലപ്പുഴയില്‍ നേടിയത്. 1991ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചിറയിന്‍കീഴ് മണ്ഡലത്തില്‍ നിന്ന് അട്ടിമറി വിജയമാണ് അവര്‍ നേടിയത്.

സുശീല കോട്ടില്ലാ വക്കീലായപ്പോള്‍
1971 ല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ രൂപീകരിക്കപ്പെട്ട കാലം മുതല്‍ മരണം വരെ അതിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു സുശീല. കുട്ടിക്കാലം മുതല്‍ കയര്‍ തൊഴിലാളികളുടെ ജീവിതത്തിലെ ദുരിതങ്ങള്‍ കണ്ടുവളര്‍ന്ന സുശീല, അവരുടെ പ്രശ്നങ്ങള്‍ വളരെ പ്രഗല്‍ഭമായി പാര്‍ലമെന്റിലും മറ്റു വേദികളിലും ഉന്നയിച്ചു. കയര്‍ ബോര്‍ഡിലെ എംപിമാരുടെ പ്രതിനിധിയായും അവര്‍ പ്രവര്‍ത്തിച്ചു. കയര്‍ ബോര്‍ഡംഗമായ സുശീല, സ്വകാര്യ മുതലാളിമാരുടെ താല്പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ തൊഴിലാളി താല്പര്യം ഉയര്‍ത്തിപ്പിടിച്ച് ഉജ്വല പോരാട്ടം തന്നെ നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും ശ്രദ്ധയില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ നിരന്തരം കൊണ്ടുവരുന്നതില്‍ സുശീല വിജയിച്ചു.

കയര്‍ തൊഴിലാളികള്‍ 1970 കളുടെ ആരംഭം സംസ്ഥാനമൊട്ടാകെ നടത്തിയ ജാഥയുടെ വിജയത്തിന് എകെജിക്കൊപ്പം കേരളമൊട്ടാകെ സുശീല ഓടിനടന്നു പ്രവര്‍ത്തിച്ചു. കയര്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വളരെ പ്രഗല്‍ഭമായി സുശീല കോടതിയില്‍ വാദിച്ച കാര്യം ആനത്തലവട്ടം ആനന്ദന്‍ ഇങ്ങനെ അനുസ്മരിക്കുന്നു:

“1994ല്‍ തൊണ്ട് വില നിയന്ത്രണ ഉത്തരവ് യുഡിഎഫ് ഗവണ്‍മെന്റ് റദ്ദ് ചെയ്തു. കയര്‍ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന്റെ ആദ്യപടിയായി കയറ്റുമതിക്കാരുടെയും തൊണ്ടുവ്യാപാരികളുടെയും താല്‍പര്യ സംരക്ഷണാര്‍ത്ഥമാണ് സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചത്. അതിനെ ഹൈക്കോടതിയില്‍ ചോദ്യംചെയ്യാന്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ തീരുമാനിച്ചു. ഹൈക്കോടതിക്കു മുന്നില്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ പ്രകടനം നടത്തി ചീഫ് ജസ്റ്റിസിന് നിവേദനം നല്‍കി. ആ നിവേദനം റിട്ട്‌ ഹര്‍ജിയായി കോടതി പരിഗണിച്ചു. കയര്‍ വര്‍ക്കേഴ്സ് സെന്ററിനുവേണ്ടി കോടതിയില്‍ വാദിക്കാന്‍ പ്രസിഡന്റായ സുശീല കോട്ടില്ലാ വക്കീലായി കോടതിയിലെത്തി. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരടക്കം കോടതിമുറി തിങ്ങിനിറഞ്ഞു. നിയമം സാമൂഹ്യനന്മയ്ക്കാകണമെന്ന കാഴ്ചപ്പാടോടെ സുശീല ഉയര്‍ത്തിയ വാദങ്ങള്‍ അഭിഭാഷകരുടെ പ്രശംസ പിടിച്ചുപറ്റി. ഹൈക്കോടതിയിലെ പ്രധാന അഭിഭാഷകരൊക്കെ സഖാവിനെ അഭിനന്ദിക്കുന്നത് കാണാന്‍ കഴിഞ്ഞു.”

1996ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട സുശീല നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. സാമൂഹികക്ഷേവും പരമ്പരാഗത വ്യവസായവും കൈകാര്യം ചെയ്തത് അവര്‍ തന്നെയായിരുന്നു. നിസ്വവര്‍ഗത്തിന് പരമാവധി ആശ്വാസമെത്തിക്കുന്നതിലാണ് അവര്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കശുവണ്ടി തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ കുറഞ്ഞത് 200 ദിവസമെങ്കിലും തൊഴിലുറപ്പു വരുത്താന്‍ അവര്‍ക്കു കഴിഞ്ഞു. കൈത്തറി സംഘങ്ങള്‍ പലതും പുനരുദ്ധരിക്കാന്‍ അവര്‍ മുന്‍കൈയെടുത്തു. കയര്‍, കൈത്തറി മേഖലകള്‍ക്ക് പരമാവധി റിബേറ്റ് സൗകര്യം അനുവദിച്ചു.

50 വയസ്സു കഴിഞ്ഞ അവിവാഹിതകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ സുശീല മുന്‍കൈ എടുത്തു. അനാഥ കുഞ്ഞുങ്ങളുടെ രക്ഷയ്ക്ക് ബേബി ബാഗ് സംവിധാനം ഏര്‍പ്പെടുത്തി. അനാഥാലയങ്ങളുടെ നില മെച്ചപ്പെടുത്തി. മന്ത്രിയെന്ന നിലയില്‍ ഒട്ടനവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരവെയാണ് അര്‍ബുദരോഗം അവരെ പിടികൂടിയത്.

ജനാധിപത്യ മഹിളാ അസോസിയേഷന്‍ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായകമായ പങ്കാണ് സുശീലാ ഗോപാലനുണ്ടായിരുന്നത്. 1968ല്‍ കേരള മഹിളാ ഫെഡറേഷന്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ അതിന്റെ നേതൃനിരയില്‍ സുശീലയുണ്ടായിരുന്നു. 1980ല്‍ ആണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ രൂപീകരിക്കപ്പെട്ടത്. അന്നുമുതല്‍ മരണംവരെ ആ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു സുശീലാ ഗോപാലന്‍.

നിസ്വവര്‍ഗത്തിനുവേണ്ടി എന്നും വീറോടെ പോരാടിയ എകെജിയുടെ എല്ലാ അര്‍ത്ഥത്തിലുമുള്ള ജീവിതസഖാവായിരുന്നു താനെന്ന് സുശീല സ്വജീവിതം കൊണ്ട് തെളിയിച്ചു. ♦

കടപ്പാട്:
കേരള കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ പ്രസിദ്ധീകരിച്ച സുശീലാ ഗോപാലന്‍ സ്മരണിക
എന്റെ ജീവിതകഥ: എ കെ ഗോപാലന്‍
സുശീലാ ഗോപാലൻ: ജീവിതകഥ‐ ഡോ. ടി ഗീനാകുമാരി

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

fourteen − three =

Most Popular