Saturday, June 22, 2024

ad

Homeസംസ്കാരംകെ പി തോമസും കോവിഡ് കാലത്തെ വിഹ്വലതകളും

കെ പി തോമസും കോവിഡ് കാലത്തെ വിഹ്വലതകളും

ഡോ. ടി എം തോമസ്‌ ഐസക്‌

1970കളുടെ തുടക്കത്തിൽ വയനാടൻ ചുരമിറങ്ങി എറണാകുളം മഹാരാജാസ് കോളേജിൽ തത്വശാസ്ത്ര പഠിതാവായി ചേരുമ്പോൾ ചിത്രകലയെക്കുറിച്ച് സന്ദേഹങ്ങൾ മാത്രമേ അയാളുടെ കൈവശം ഉണ്ടായിരുന്നുള്ളൂ. മഹാരാജാസിലെ കലാതല്പരരായ സഹപാഠികളിൽ നിന്നാണ് അയാൾ ചിത്രകലയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്.


അന്തർസർവ്വകലാശാല പ്രദർശനത്തിലൊക്കെ സമ്മാനാർഹനായി എങ്കിലും തന്നിലെ സന്ദേഹം ധൂരീകരിക്കപ്പെടുന്നത് 1974ൽ കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാർഡിന് “മാനന്തവാടിയൻ രൂപങ്ങൾ” എന്ന തന്റെ ചിത്രം തിരഞ്ഞെടുക്കപ്പെടുന്നതിലൂടെയാണ്. കറുപ്പിലും വെളുപ്പിലും മാത്രമായി രൂപപ്പെടുത്തിയ ഈ ചിത്രത്തിൽ മനുഷ്യാസ്തിത്വത്തിന്റെ വിഹ്വലതകൾ വിതുമ്പി നിൽക്കുന്നു. 70-കളുടെ ആദ്യം മലയാള സാഹിത്യത്തെയും കലയേയും ഏറെ സ്വാധീനിച്ച അസ്തിത്വ വേവലാതികൾ മാനന്തവാടിയൻ രൂപങ്ങൾ എന്ന സീരീസിൽ ദർശിക്കാവുന്നതാണ്.


അക്കാലത്ത് കാനായി കുഞ്ഞിരാമൻ ജിസിഡിഎ ആസ്ഥാനത്തിനു മുന്നിൽ തന്റെ പ്രശസ്തമായ “മുക്കോല പെരുമാൾ” എന്ന ശില്പ സമുച്ചയം ചെയ്യുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സായാഹ്ന സദസിലെ അംഗങ്ങളായിരുന്നു ഞങ്ങൾ എല്ലാവരും. കെ.പി. തോമസിലെ പ്രതിഭയെ ആദ്യം അംഗീകരിച്ച പ്രമുഖരിൽ ഒരാൾ കാനായി ആയിരുന്നു. “തോമസ് വാസനകൊണ്ട് തന്നെ കലാകാരനാണ്” മാനന്തവാടിയിലെ ആദിവാസികളുടെ വിഹ്വലതയെക്കുറിച്ചുള്ള പരാമർശം അദ്ദേഹത്തിന്റേതായിരുന്നു.


തത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദം ഉയർന്ന നിലയിൽ നേടിയെങ്കിലും ഒരു ബാങ്ക് ഉദ്യോഗസ്ഥനായി ഭവിക്കുക എന്നതായിരുന്നു തോമസിന്റെ വിധി. എന്നാൽ ബാങ്കിലെ ജോലികൾക്കിടയിലും തോമസ് കലയോടുള്ള തന്റെ ആമുഖ്യം വെടിഞ്ഞിരുന്നില്ല. ബാങ്കിനുള്ളിൽ ധാരാളമായി ഉപേക്ഷിക്കപ്പെടുന്ന ഡോട്ട്മാട്രിക്സ് പ്രിന്ററുകളിലും പോസ്റ്റൽ കവറുകളിലും ഒക്കെയായി ലഭ്യമായ ബോൾപോയിന്റ് പേനകൾ ഉപയോഗിച്ച് തന്റെ കലാതല്പരതകൾ ആർജ്ജവത്തോടെ ബാങ്കിലെ ഇടവേളകളിൽ ചെയ്തു പോന്നു. പിൽക്കാലത്ത് ഇത്തരത്തിൽ ട്രാഷ് റീസൈക്കിളിംഗ് തോമസിന്റെ ചിത്രരചനയുടെ മുഖമുദ്രയാവുന്നുണ്ട്.

ബാങ്കിൽ ആയിരിക്കെത്തന്നെ ലളിതകലാ അക്കാദമിയുടെ അടക്കം പല പ്രദർശനങ്ങളിലും ക്യാമ്പുകളിലും തോമസ് പങ്കെടുത്തിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി, മുംബെ, ബാംഗ്ലൂർ കൂടാതെ കേരളത്തിൽ അങ്ങോളമിങ്ങോളം മിക്ക ഗ്യാലറികളിലും തോമസ് ഏകംഗ പ്രദർശനം നടത്തിയിട്ടുണ്ട്.ഏകവർണ്ണമായ തുടക്കക്കാലം വർണ്ണനിബിഡമായ മദ്ധ്യകാലം, മിനിമലിസത്തിന്റേതായ ഒരു സമകാലീനകാലം എന്നിങ്ങനെ വേണമെങ്കിൽ തോമസിന്റെ ചിത്രങ്ങളെ കാലഗണന ചെയ്യാവുന്നതാണ്.


മാർച്ച് 6 മുതൽ 12 വരെ മട്ടാഞ്ചേരി നിർവാണ ആർട്ട് കളക്ടീവിൽ തോമസ് “പകർച്ചവ്യാധി കാലത്തെ അസ്തിത്വം” എന്നൊരു പ്രദർശനം നടത്തിയിരുന്നു. കോവിഡ് കാലത്ത് വരച്ച ചിത്രങ്ങളായിരുന്നു അവ. സാധാരണ ഇത്തരമൊരു പ്രദർശനത്തിൽ ഒരുപക്ഷേ പ്രതീക്ഷിക്കുക മുഖംമൂടി അണിഞ്ഞ ആരോഗ്യ പ്രവർത്തകരെയും ജനങ്ങളെയും ആയിരിക്കും. പക്ഷേ, തോമസിന്റെ പ്രദർശനത്തിൽ അത്തരം ചിഹ്നങ്ങൾ ഇല്ല. പ്രതിസന്ധിയുടെ വ്യഥ ആവാഹിക്കാനാണ് ചിത്രങ്ങളിലൂടെ ശ്രമിക്കുന്നത്.


വലിയ ക്യാൻവാസുകൾ ഇപ്പോഴും ഇല്ല. വരകൾക്ക് പ്രാധാന്യമുള്ള ചെറുപെയിന്റിംഗുകളാണ്. കോവിഡിന്റെ ഭയപ്പാടും ഒറ്റപ്പെടലും എല്ലാം പല ചിത്രങ്ങളിലും കാണാം. ഒരു ചിത്രത്തിൽ ഒരു സെൽഫ് പോട്രയിറ്റ് തോമസ് തന്നെ.


ഞങ്ങളുടെയെല്ലാം ഗുരുനാഥൻ സാനുമാഷാണ് പ്രദർശനത്തിനു തിരികൊളുത്തിയത്. പാതിവഴി അദ്ദേഹത്തിന്റെ കൈപിടിച്ചത് മഹാനടൻ മമ്മൂട്ടി ആയിരുന്നു. പിന്നെ അവസാന തിരികളിൽ ഞാനും. മമ്മൂട്ടി വളരെ റിലാക്സ്ഡ് ആയിരുന്നു. അതുകൊണ്ട് മഹാരാജാസ് കാലത്തെക്കുറിച്ച് നർമ്മത്തിൽ പൊതിഞ്ഞ് നന്നായി സംസാരിച്ചു. ഒത്തിരി ചിരിക്കുള്ള സന്ദർഭങ്ങളുണ്ടായിരുന്നു.


മഹാരാജാസ് കോളേജിലെ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷനാണ് പ്രദർശനത്തിനു മുൻകൈയെടുത്തത്. അക്കാലത്ത് കോളേജിൽ പഠിച്ചിരുന്ന ഒട്ടേറെ പ്രമുഖർ സന്നിഹിതരായിരുന്നു.

ആഴത്തിലുള്ള സാമൂഹ്യബോധത്തിൽ ഊന്നിയവയാണ് തോമസിന്റെ ചിത്രങ്ങൾ. മനുഷ്യാവസ്ഥയുടെ വിഹ്വലതകൾ, സ്ത്രീകളും (‘സൂര്യനെല്ലി, Nun in Anguish, Madonna of Shaheen Bagh’), ദളിതരും (‘കരിത്തണ്ടൻ’) അനുഭവിക്കുന്ന അതിക്രമങ്ങൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.


പുതിയ പ്രദർശനത്തിലെ ചിത്രങ്ങൾ പഴയ പലതുംപോലെ നമ്മളെ ഞെട്ടിക്കുന്നില്ല. പക്ഷേ നമ്മളെക്കൊണ്ടു ചിന്തിപ്പിക്കും. “വെറുതേ കണ്ണോടിച്ചു പോകാനുള്ളതല്ല കെ.പി. തോമസിന്റെ ചിത്രങ്ങൾ. ദ്രഷ്ടാവിന്റെ പ്രജ്ഞയെ ഉണർത്തുകയും സൂക്ഷ്മ പഠനത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ്.” എന്ന് ഒരിക്കൽ ചിന്ത രവീന്ദ്രൻ പറയുകയുണ്ടായി. ജാഡകളോ കച്ചവട താല്പര്യങ്ങളോ ഇല്ലാതെ തോമസ് തന്റെ കലാ സപര്യ ആറു പതിറ്റാണ്ടായി തുടരുന്നു. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

sixteen − 8 =

Most Popular