Sunday, April 28, 2024

ad

Homeരാജ്യങ്ങളിലൂടെഅമേരിക്കൻ ചെറുപ്പക്കാർ ക്യൂബയിലേക്ക്

അമേരിക്കൻ ചെറുപ്പക്കാർ ക്യൂബയിലേക്ക്

ആര്യ ജിനദേവൻ

2023ലെ സാർവദേശീയ തൊഴിലാളിവർഗ്ഗ ദിനത്തിൽ അമേരിക്കയിലൂടനീളമുള്ള വിവിധ തൃണമൂലതല സംഘടനകളിൽ നിന്നും 150 ചെറുപ്പക്കാർ ക്യൂബയിലേക്ക് പോകുന്നു.ക്യൂബയിലെ മെയ് ഒന്നിന്റെ ആഘോഷത്തിന്റെ ഭാഗമാകാൻ പോകുന്ന ഈ ബ്രിഗേഡ് ഇന്റർനാഷണൽ പീപ്പിൾസ് അസംബ്ലി കഴിഞ്ഞവർഷം സംഘടിപ്പിച്ച മെയ്ദിന ബ്രിഗേഡിന്റെ മാതൃകയാണ് പിന്തുടരുന്നത്. ബ്ലാക്ക് മെൻ ബിൽഡ്, പാർട്ടി ഫോർ സോഷ്യലിസം ആൻഡ് ലിബറേഷൻ, BYP100, പലസ്തീനിയൻ യൂത്ത് മൂവ്മെന്റ്, പീപ്പിൾസ് ഫോറം, ബ്ലാക്ക് ലൈവ്സ് മാറ്റർ, ഗ്രാസ്റൂട്ട്സ് തുടങ്ങിയ സംഘടനകളാണ് ക്യൂബയിലേക്ക് ചെറുപ്പക്കാരായ നേതാക്കളെ അയക്കുന്നത്. ഐക്യദാർഢ്യ പ്രവർത്തനത്തിലും പൊതുവിദ്യാഭ്യാസത്തിലും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹവാനയിലെ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ മെമ്മോറിയൽ സെന്റർ ആണ് ഈ സന്ദർശനത്തിന് ആതിഥേയത്വം വഹിക്കുന്നത്.


ബാത്തിസ്റ്റയുടെ സ്വേച്ഛാധിപത്യ വാഴ്ച്ചയ്ക്ക് അന്ത്യംകുറിച്ച് 1959ൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ ക്യൂബയിൽ സോഷ്യലിസ്റ്റ് ഭരണക്രമം സ്ഥാപിച്ച അന്നുമുതൽ അമേരിക്കയുടെ കടുത്ത ഉപരോധവും നിരന്തര കടന്നാക്രമണങ്ങളും ഉപജാപ പ്രവർത്തനങ്ങളും നേരിടുകയാണ് ആ രാജ്യം. നിരന്തര ജാഗ്രതകൊണ്ടും ജനകീയ ചെറുത്തുനിൽപ്പുയർത്തിയും അമേരിക്ക എന്ന സാമ്രാജ്യത്വ ശക്തിയുടെ ഈ കടന്നാക്രമണങ്ങളെയാകെ ചെറുക്കുന്ന ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണകൂടം തങ്ങളുടെ രാജ്യത്ത് എല്ലാവർക്കും തുല്യതയും നീതിയും ഉറപ്പാക്കുന്ന സമത്വസുന്ദരമായ ഒരു ലോകം കെട്ടിപ്പടുത്തു വരികയാണ്. ദശകങ്ങളായി ക്യൂബയ്ക്കുമേൽ അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തിന്, ആ രാജ്യത്തിന്മേൽ അമേരിക്ക ചെലുത്തുന്ന തികച്ചും അന്യായമായ കടന്നുകയറ്റത്തിന് ഇപ്പോൾ അമേരിക്കയിലെ വലിയൊരു വിഭാഗം ജനങ്ങൾതന്നെ എതിരായിരിക്കുന്നു. അവർ ക്യൂബയോട് കൂടുതൽ യോജിക്കുകയും ചായ്‌വ്‌ കാണിക്കുകയും ചെയ്യുന്നു. ദശകങ്ങളായി ഒരു കൊച്ചു രാജ്യം ലോകസാമ്രാജ്യത്വ ശക്തിയുടെ ആക്രമണങ്ങൾക്കെതിരെ നിരന്തര ചെറുത്തുനിൽപ്പ് ഉയർത്തിക്കൊണ്ട് പിടിച്ചുനിൽക്കുന്നത് അമേരിക്കൻ ജനത കണ്ടു തുടങ്ങിയിരിക്കുന്നു. 1997ൽ ക്യൂബയെ അനുകൂലിക്കുന്ന അമേരിക്കൻ ജനതയുടെ 10 ശതമാനം ആയിരുന്നെങ്കിൽ 2023ൽ അത് 42% ആയിരിക്കുന്നു. അതിൽ ചെറുപ്പക്കാർ പ്രത്യേകിച്ച് ക്യൂബയ്ക്കെതിരായി അമേരിക്ക ഏർപ്പെടുത്തിയിട്ടുള്ള ഉപരോധത്തെ ശക്തമായി എതിർക്കുന്നവരാണ്.


പീപ്പിൾസ് ഫോറത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ മനോളൊ ദെ ലോസ് സാന്റോസ് യുവ നേതാക്കളുടെ ക്യൂബൻ സന്ദർശനത്തെകുറിച്ച് ഇങ്ങനെ പറയുന്നു, “അമേരിക്കയിലെ യുവ നേതാക്കൾ എന്ന നിലയിൽ അമേരിക്കയുടെ ക്രൂരമായ ഉപരോധങ്ങൾക്കും വിശ്വസിക്കത്തക്കതായി യാതൊരു കാരണവുമില്ലാതെ ഭീകരതയുടെ സ്റ്റേറ്റ് സ്പോൺസർ പട്ടികയിൽ ചേർക്കപ്പെട്ടു കിടക്കുകയും ചെയ്യുന്ന ക്യൂബയുടെ ജനങ്ങളോടൊപ്പം പഠിക്കുവാനും പരസ്പരം കൈമാറുവാനും കെട്ടിപ്പടുക്കുവാനും ഞങ്ങൾ ഉറച്ചു നിൽക്കേണ്ടതുണ്ട്”. ആക്രമണോത്സുകമായ വിദേശനയത്തെ പിന്തള്ളി ഈ പ്രതിനിധി സംഘം ക്യൂബയുടെയും അമേരിക്കയുടെയും ജനങ്ങൾ തമ്മിൽ ഐക്യദാർഢ്യത്തിന്റെ ചരിത്രപരമായ കെട്ടുകൾ പുതുക്കിപ്പണിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിലോമകാരികളായ അമേരിക്കയിലെ നിയമനിർമ്മാതാക്കൾ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സ്റ്റേറ്റ് സ്പോൺസേർസ് ഓഫ് ടെററിസം പട്ടികയിൽ ക്യൂബയുടെ പേര് വീണ്ടും വീണ്ടും ഉറപ്പിക്കുവാൻ ശ്രമിക്കുമ്പോൾ, അമേരിക്കയിലെ ജനങ്ങൾക്ക് ക്യൂബയെ സംബന്ധിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്. ക്യൂബയിലേക്ക് യാത്രപോകുന്ന യുവ നേതാക്കളിൽ ഒട്ടധികം പേരും തിരിച്ച് തങ്ങളുടെ മാതൃരാജ്യത്ത്‌ എത്തുമ്പോൾ ക്യൂബയ്ക്കെതിരായി അമേരിക്ക ഏർപ്പെടുത്തുന്ന ഉപരോധത്തിനെതിരായി പോരാടുന്നതിനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ്. ♦

ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

twelve + seven =

Most Popular